1,000 കിലോമീറ്റര്‍ റേഞ്ച്, 30-40% വിലയും കുറയും! ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം പുതിയ കണ്ടുപിടുത്തവുമായി ഇന്‍ഡ്യന്‍ കമ്പനി

ലോഗ് 9 മെറ്റീരിയല്‍സ് എന്ന കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത അലുമിനിയം ഫ്യുവല്‍ സെല്ലുകള്‍ (എ എഫ് സി) ഒരു ശരാശരി ലിഥിയം അയോണ്‍ ബാറ്ററിയേക്കാള്‍ അഞ്ച് മടങ്ങ് റേഞ്ച് നല്‍കും. ഇത് 30 ശതമാനും വില കുറഞ്ഞതാണ്. മാത്രമല്ല, ഇടയ്ക്കിടയ്ക്ക് ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യവുമില്ല.

ലക്ട്രിക് വാഹനത്തിലേക്ക് മാറിയാലോ എന്നാലോചിക്കുമ്പോഴേ മനസ്സില്‍ വരുന്ന ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. അതില്‍ പ്രധാനം ബാറ്ററി റേഞ്ചിനെപ്പറ്റിയും സര്‍വീസിനെപ്പറ്റിയുമുള്ള ആശങ്കകളാണ്.

ചാര്‍ജ്ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ എന്തുചെയ്യും? ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം നഗരങ്ങളില്‍ പോലും കുറവല്ലേ!?

ബാറ്ററിയുടെ റേഞ്ച് മാത്രമല്ല വിലയും പ്രശ്നമാണ്.  ഇതിന് പുറമെയാണ് ലിഥിയം അയോണ്‍, ലിഥിയം ഫെറോ ഫോസ്ഫേറ്റ്, ലെഡ് ആസിഡ് ബാറ്ററികള്‍ എന്നിവ കാലാവധി കഴിഞ്ഞ ശേഷം ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍.

ബെംഗളുരുവില്‍ നിന്നുള്ള നാനോ  ടെക്നോളജി കമ്പനി ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.


വീട്ടിലെ വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം. സന്ദര്‍ശിക്കൂ: Karnival.com

ലോഗ് 9 മെറ്റീരിയല്‍സ് എന്ന കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത അലുമിനിയം ഫ്യുവല്‍ സെല്ലുകള്‍ (എ എഫ് സി) ഒരു ശരാശരി ലിഥിയം അയോണ്‍ ബാറ്ററിയേക്കാള്‍ അഞ്ച് മടങ്ങ് റേഞ്ച് നല്‍കും. ഇത് 30 ശതമാനം വില കുറഞ്ഞതാണ്. മാത്രമല്ല, ഇടയ്ക്കിടയ്ക്ക് ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യവുമില്ല.

ലോഗ് 9-ന്‍റെ (ഇടത്തുനിന്ന്) അക്ഷയ് സിംഘാള്‍, പങ്കജ് ശര്‍മ്മ, കാര്‍ത്തിക് ഹലേജാ

“ലിഥിയം അയോണ്‍ ബാറ്ററിയും എ എഫ് സിയും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തേത് ഒരു സ്റ്റോറേജ് സംവിധാനമാണ് എന്നതാണ്. രണ്ടാമത്തേത് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന സംവിധാനം ആണ് എന്നതാണ്. നമ്മള്‍ സാധാരണ ഇന്ധനം നിറയ്ക്കുന്നത് തീരാറാവുന്നതിന് മിനിറ്റുകള്‍ മുമ്പ് മാത്രമാണല്ലോ. അങ്ങനെയുള്ള സാധാരണ വാഹന ഉടമകളെക്കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ളതാണ് എ എഫ് സി,” ലോഗ്  9 മെറ്റീരിയല്‍സിന്‍റെ സ്ഥാപകന്‍ അക്ഷയ്  സിംഘാള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ലിഥിയം അയോണ്‍ ബാറ്ററികളുടെ പരമാവധി റേഞ്ച് 250 കിലോമീറ്ററാണ്. എന്നാല്‍ എ എഫ് സിയുടെ റേഞ്ച് 1,000 കിലോമീറ്ററിന് മുകളില്‍ പോകും. ഇത് 2,000 കിലോമീറ്റിന് മുകളിലെത്തിക്കാനാണ് ഞങ്ങളുടെ ശ്രമം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞങ്ങളുടെ അലുമിനിയം ഫ്യുവല്‍ സെല്ലിന്‍റെ മധ്യത്തില്‍ അലുമിനിയം കസെറ്റും അതിന്‍റെ ഇരുവശങ്ങളിലും ഗ്രാഫീന്‍ മെംബ്രെയ്നുകളുമാണ്. ഈ മെംബ്രെയ്നുകള്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ പുറത്തുനിര്‍ത്തി ഓക്സിജനെ അകത്ത് കടത്തുന്നു. ഊര്‍ജ്ജം  വേണ്ട സമയത്ത് ജലം ഒഴുകിവന്ന് ഓക്സിജനുമായി ചേരുന്നു. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന രാസപ്രവര്‍ത്തനത്തില്‍ അലുമിനിയം അലുമിനിയം ഹൈഡ്രോക്സൈഡാവുകയും  ഊര്‍ജ്ജം  ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് വാഹനമോടിക്കാനും വീടുകളിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താം,” അക്ഷയ് ഈ വീഡിയോയില്‍ പറയുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കാറില്‍ ഇത് ഘടിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെന്നും ലോഗ് 9-ഓഫീസിന്‍റെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളും എ എഫ് സി ഉപയോഗിച്ചാണ് നിറവേറ്റുന്നതെന്നും അക്ഷയ് പറയുന്നു.

“കാറിലാണെങ്കില്‍ 1,000 കിലോമീറ്റര്‍ ഓടിക്കഴിയുമ്പോള്‍ അലുമിനിയം കസ്സെറ്റുകള്‍ അലിഞ്ഞ് ഇല്ലാതാവും. നിങ്ങള്‍ക്ക് തന്നെ പുതിയ കസ്സെറ്റുകള്‍ മാറ്റിയിട്ട് യാത്ര തുടരാം. ടേപ്പ് റെക്കോഡറില്‍ പുതിയ കസ്സെറ്റ് ഇടുന്ന അത്രയും എളുപ്പത്തില്‍ ഇത് ചെയ്യാം. ഈ കസ്സെറ്റുകള്‍ എല്ലാ പെട്രോള്‍ പമ്പുകളിലും കിട്ടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി പെട്രോള്‍-ഡീസല്‍ വിതരണക്കാരുമായി സംസാരിച്ച് വരികയാണ് ഞങ്ങള്‍,” അക്ഷയ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

എ എഫ് സി ബാറ്ററി ഘടിപ്പിച്ച കാര്‍

ഇതിനൊക്കെ പുറമെ പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ്ജസ്രോതസ്സ് കൂടിയാണിത്. എ എഫ് സി-യില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന അലുമിനിയം ഹൈഡ്രോക്സൈഡ് തിരിച്ച് അലുമിനിയം ആക്കി മാറ്റാം, അതും സുസ്ഥിര ഊര്‍ജ്ജം ഉപയോഗിച്ചുതന്നെ. മാത്രമല്ല, അലുമിനിയം പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്യാവുന്നതുമാണ്.

“‍പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച്  ഞങ്ങള്‍ അലുമിനിയം ഉണ്ടാക്കുന്നു. അത് ഫ്യുവല്‍ സെല്ലിലേക്ക് പോകുന്നു. അത് അലുമിനിയം ഓക്സൈഡായി മാറുന്നു. ഇത് വീണ്ടും അലുമിനിയമായി മാറ്റുകയും ചെയ്യാം,” അക്ഷയ് വിശദമാക്കുന്നു.

പക്ഷേ, അവരെങ്ങനെ ഈയൊരു സാങ്കേതിക വിദ്യയിലേക്ക് എത്തി?

അടിസ്ഥാനപരമായി ലോഗ് 9 ഒരു ഗ്രാഫീന്‍ നിര്‍മ്മാണ കമ്പനിയാണ്. 2017 അവസാനത്തോടെ ഗ്രാഫീന്‍ കൊണ്ട്  ലിഥിയം, ലെഡ് ആസിഡ് ബാറ്ററികളുടെ  പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയുമോ എന്ന ആലോചന നടത്തി. ബാറ്ററികളുടെ പ്രവര്‍ത്തനത്തില്‍  ചെറിയൊരു പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും ചാര്‍ജ്ജിങ്ങുമായി ബന്ധപ്പെട്ട പല സാങ്കേതിക പ്രശ്നങ്ങളും കീറാമുട്ടിയായി നിന്നു.

ഇതിന് പുറമെ, മറ്റൊരു കാര്യം അവര്‍ മനസ്സിലാക്കി. ലിഥിയം അയോണ്‍, ലെഡ് ആസിഡ് ബാറ്റെറികള്‍ക്കായി ഇന്‍ഡ്യ ഇപ്പോള്‍ ചൈനയെയാണ് ആശ്രയിക്കുന്നത് എന്ന്. 2030-ഓടെ ഇന്‍ഡ്യ വ്യാപകമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണെങ്കില്‍ അത് ചൈനയുമായുള്ള വ്യാപാരക്കമ്മി ഇനിയും കൂട്ടുകയേ ഉള്ളൂ.

ഇപ്പോള്‍ ഇന്‍ഡ്യ എണ്ണയ്ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന പോലെ ഇലക്ട്രിക് വെഹിക്കിള്‍ കാലത്ത് ലിഥിയം അയോണ്‍ ബാറ്ററിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും.

ഇവിടെ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചുതന്നെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും പുനരുപയോഗം ചെയ്യാവുന്നതുമായ ഒരു പരിഹാരമാണ് ലോഗ് 9 തേടിയത്.

അത് അത്ര എളുപ്പമുള്ള ഒരു യാത്രയായിരുന്നില്ല.

“ഗ്രാഫീന്‍ രംഗത്തുള്ള ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി വെല്ലുവിളികളെയെല്ലാം നേരിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 18 മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ചെയ്യുന്ന ഒരു പ്രോട്ടോടൈപ്പ് ഞങ്ങള്‍ ഉണ്ടാക്കി. ഇത്തരത്തിലൊന്നുണ്ടാക്കാന്‍ ഇസ്രായേലിലെ ഫിനെര്‍ജി എട്ട് വര്‍ഷമെടുത്തിരുന്നു. എ എഫ് സി പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തുടനീളം ചാര്‍ജ്ജിങ് സംവിധാനം സ്ഥാപിക്കേണ്ട ആവശ്യവും വരുന്നില്ല,” അക്ഷയ് പറയുന്നു.

ലിഥിയം അയോണ്‍ ബാറ്ററികളേക്കാള്‍ 30-40 ശതമാനം വിലക്കുറവായിരിക്കും ലോഗ് 9 സെല്ലുകള്‍ക്ക് എന്നാണ് കമ്പനി പറയുന്നത്.  അഞ്ച് മടങ്ങ് റേഞ്ച് നല്‍കുന്നുവെന്നതും നിര്‍മ്മാണത്തിനായി വൈദ്യുതി ഉപഭോഗം കുറവാണ് എന്നതും മാത്രമല്ല ഇതിന്‍റെ പ്രത്യേകത.

ഈ ബാറ്ററിയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വളരെ ലളിതമാണ് എന്നതും കൂടിയാണ്–അലുമിനിയം, വെള്ളം (ഇലക്ട്രോലൈറ്റ്), ഗ്രാഫീന്‍ (ഗ്രാഫൈറ്റില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്.)  ഇവയെല്ലാം എളുപ്പത്തില്‍ കിട്ടുന്നതും വില കുറവുമാണ്. ബാറ്ററി സിസ്റ്റത്തിന്‍റെ ഡിസൈനും വളരെ ലളിതം. അതുകൊണ്ട് സങ്കീര്‍ണ്ണമായ ഫാക്ടറി പ്രക്രിയയൊന്നും വേണ്ട ഇതുല്‍പാദിപ്പിക്കാന്‍.

ഇലക്ട്രിക് വാഹനങ്ങളില്‍ എ എഫ് സി പോലുള്ള മെറ്റല്‍-എയര്‍ ബാറ്ററികള്‍ ആഗോളതലത്തില്‍ വേറെയും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  ഇസ്രായേല്‍ കമ്പനിയായ ഫിനെര്‍ജി (Phinergy) യും ടെസ്ലയുമൊക്കെ ഇത്തരം ബാറ്ററികളില്‍ ഗവേഷണം നടത്തുന്നുണ്ട്. എന്നാല്‍ ബാറ്ററികളിലുപയോഗിക്കുന്ന ലോഹം അലിഞ്ഞ് ഇല്ലാതാവുന്നതിന്‍റെ തോത് വളരെക്കൂടുതലാണ് എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി.

ഗ്രാഫീന്‍ മെംബ്രെയ്ന്‍ ഉപയോഗിക്കുക വഴി ഈ ശോഷണത്തോത് കുറയ്ക്കാന്‍ ലോഗ് 9-ന് കഴിഞ്ഞു എന്നുവേണം കരുതാന്‍. “ഈ മെംബ്രെയ്ന്‍ പുറത്തേക്ക് ലീക്ക് ചെയ്യുന്ന വെള്ളം തടഞ്ഞുനിര്‍ത്തുന്നു. അതേസമയം ഓക്സിജനെ സെല്ലിനകത്തേക്ക് തടസ്സമില്ലാതെ കടത്തിവിടുകയും ചെയ്യുന്നു. എന്നാല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ അകത്തേക്ക്  കടത്തുന്നുമില്ല,” അക്ഷയ് വ്യക്തമാക്കുന്നു.

പല നിര്‍മ്മാണ കമ്പനികളുമായും ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ലോഗ് 9 പറയുന്നു. നാലുമാസം കഴിയുന്നതോടെ ലൈവ് ട്രയല്‍ തുടങ്ങും. എ എഫ് സികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അക്ഷയ് പറയുന്നു.

എ എഫ് സി ജനകീയമാക്കാന്‍ പല മാര്‍ഗ്ഗങ്ങളും കമ്പനി ആലോചിക്കുന്നുണ്ട്. അലുമിനിയം നിര്‍മ്മാതാക്കളുമായും ഇന്ധനവിതരണക്കാരുമായുമൊക്കെ സഹകരിച്ചുവേണം അതിനൊരു വഴി കണ്ടെത്താനെന്ന് കമ്പനി മനസ്സിലാക്കുന്നു.

“ഇപ്പോഴുള്ള പെട്രോള്‍-ഡീസല്‍-സി എന്‍ ജി പമ്പുകളുടെ ശൃംഖലയിലൂടെ അലുമിനിയം കസ്സെറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എ എഫ് സി ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ തുടക്കത്തില്‍ ഞങ്ങള്‍ ഈ ബാറ്ററികള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് പവര്‍ ജനറേറ്ററുകളിലാണ്.  ടെലികോം ടവറുകള്‍ പോലുള്ളവയുടെ ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം എ എഫ് സി ഉപയോഗിക്കാം,”  അക്ഷയ് പറയുന്നു.

ലോഗ് 9-ന്‍റെ പദ്ധതികള്‍ വിജയിക്കുകയാണെങ്കില്‍ അത് സുസ്ഥിര ഊര്‍ജ്ജരംഗത്ത് രാജ്യത്ത് പുതിയൊരു ഉണര്‍വ്വ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.


ഇതുകൂടി വായിക്കാം : 3 മാസം കൊണ്ട് 178 ജലാശയങ്ങള്‍ക്ക് ജീവന്‍ കൊടുത്ത് ഒരു പ്രദേശത്തെ വറുതിയില്‍ നിന്ന് രക്ഷിച്ച കലക്റ്റര്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം