“നിങ്ങളെന്തിനാണ് എപ്പോഴും ഡെന്‍ഡ്രൈറ്റ് മണപ്പിക്കുന്നത്?” മൊയ്‌ത്രേയി ആ കുട്ടികളോട് ചോദിച്ചു. ഏഴിനും 11-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അവര്‍.
കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഷെറോഫൂലി റെയില്‍വേ ജങ്ഷനിലാണ് മൊയ്‌ത്രേയി അവരെ കണ്ടത്.
ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com
“അത് മണപ്പിച്ചോണ്ടിരുന്നാല്‍ വിശപ്പ് തോന്നില്ല, തണുപ്പും,” അവരിലൊരാള്‍ പറഞ്ഞു. “പിന്നെ, ഉറക്കം വരുന്നപോലെ തോന്നും. ഉറക്കംവന്നാല്‍ പിന്നെ വയറ് കത്തുന്നത് അറിയില്ല. ഭക്ഷണം വാങ്ങിക്കഴിക്കുന്നതിനേക്കാള്‍ ചെലവും കുറവാണ്. ഭിക്ഷയെടുത്താല്‍ മൂന്ന് നേരം ഭക്ഷണത്തിനുള്ള പണമൊന്നും കിട്ടില്ല ദീദീ.”
അത് കേട്ട് മൊയ്‌ത്രേയിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സങ്കടമല്ല, ദേഷ്യമായിരുന്നു അവള്‍ക്ക്.
റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ജീവിക്കുന്ന ഈ കുട്ടികള്‍ ചിരിക്കാറില്ല. മിക്കവര്‍ക്കും മാതാപിതാക്കളില്‍ ഒരാളെങ്കിലും നഷ്ടപ്പെട്ടതാണ്. ചിലര്‍ക്ക് രണ്ടുപേരുമില്ല. മാതാപിതാക്കള്‍ ഉള്ളവര്‍ക്കാണെങ്കില്‍ പോലും അവരെ ശ്രദ്ധിക്കാനൊന്നും സാഹചര്യമുള്ളവരല്ല. ദാരിദ്ര്യമാണ് എവിടെയും. ഭക്ഷണം വല്ലപ്പോഴും മാത്രം.
ഡെന്‍ഡ്രൈറ്റുള്ളതുകൊണ്ട് ആ കുട്ടികള്‍ വിശപ്പറിയുന്നില്ല.
ഹാര്‍ഡ് വെയര്‍ ഷോപ്പുകളിലും മറ്റും വ്യാപകമായി കിട്ടുന്ന ഒരു പശയാണ് ഡെന്‍ഡ്രൈറ്റ്. ചെറിയ പ്ലാസ്റ്റിക് ട്യൂബുകളില്‍ അഞ്ചു രൂപയ്ക്കും ഇത് കിട്ടും. ട്രെയിനുകളില്‍ ഭിക്ഷയെടുക്കുന്നവരും ആക്രിപെറുക്കിനടക്കുന്നവരുമായ കുട്ടികള്‍ക്കിടയില്‍ ഈ പശയ്ക്ക് ഏറെ പ്രചാരമുണ്ട്.
ആ പശയിലടങ്ങിയിരിക്കുന്ന ടോള്യുയിന്‍ അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ മണക്കുമ്പോള്‍ ഉന്മാദാവസ്ഥയുണ്ടാക്കുന്നു. ഉപയോഗിക്കുന്നവര്‍ വിശപ്പും തണുപ്പുമൊക്കെ ഒരു പരിധിവരെ മറക്കുകയും ചെയ്യും. മുതിര്‍ന്നവരില്‍ നിന്നാണ് കുട്ടികള്‍ ഈ ശീലങ്ങളൊക്കെ പഠിക്കുന്നത്. ഇതിന് അടിമകളായിക്കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ മാരകമായ ലഹരികളിലേക്കാവും യാത്ര.
രാത്രിയായാല്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഈ കുട്ടികള്‍ താമസിക്കുന്ന സ്ഥലം ചുവന്ന തെരുവാകും. അടുത്തുള്ള വേശ്യാലയങ്ങളിലേക്ക് ഈ കുട്ടികളില്‍ പലരേയും പിമ്പുകള്‍ കൊണ്ടുപോകും. ചിലപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും തന്നെയാകും ഇടനിലക്കാര്‍.
ലൈംഗിക അടിമകളായി 200-ഉം 300-ഉം രൂപയ്ക്ക് ഇവര്‍ രാത്രികളില്‍ വില്‍ക്കപ്പെടും. ഇതില്‍ പലര്‍ക്കും വെറും 11 വയസ്സേ ആയിട്ടുള്ളൂ…
അവരെ കണ്ടാലറിയാം, നിഷ്‌കളങ്കത വറ്റിയ അവരുടെ ശൂന്യമായ കണ്ണുകളിലേക്ക് നോക്കിയാലറിയാം, അവര്‍ ഓരോ ദിവസവും കടന്നുപോകുന്ന ദുരിതങ്ങളും സഹനവും.
ഈ കുട്ടികളെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് മൊയ്‌ത്രേയി. മഹാ ജീബന്‍ എന്ന സര്‍ക്കാരിതര സംഘടനയില്‍ നാല് വര്‍ഷം മുന്‍പ് ചേര്‍ന്നതോടെയാണ് അവര്‍ ഈ പ്രദേശത്തെ കുട്ടികളുടെ അടുത്തേക്കെത്തുന്നത്.
മൊയ്‌ത്രേയി ബാനര്‍ജി ജനിച്ചതും വളര്‍ന്നതും പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ദക്ഷിണേശ്വര്‍ പ്രദേശത്താണ്. അര്‍നാബ് ബാനര്‍ജിയുമായുള്ള വിവാഹത്തിന് ശേഷമാണ് അദ്ദേഹത്തോടൊപ്പം കൊല്‍ക്കത്തയിലെ കൃഷ്ണ നഗറിലേക്ക് താമസം മാറ്റുന്നത്.
മഹാ ജീബനില്‍ ചേരുന്നതിന് ഒമ്പത് വര്‍ഷം മുന്‍പ് തന്നെ മൊയ്‌ത്രേയീ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
മകന്‍ നീലാബുവിന്‍റെ ജനനത്തോടെ മൊയ്‌ത്രേയി ജോലി ഉപേക്ഷിച്ചു.
“ചന്തയില്‍ പോകുമ്പോള്‍ തെരുവിലെ കുട്ടികളെ കാണുമ്പോഴെല്ലാം എനിക്ക് വിഷമമാവും. അവരുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എനിക്ക് അതിനുള്ള സാമ്പത്തിക സ്ഥിതിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
“പലപ്പോഴും വീടുതോറും നടന്ന് പഴയതെങ്കിലും ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍, ബാഗുകള്‍, പുതപ്പുകള്‍ ഒക്കെയും ശേഖരിച്ച് കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു. ഫോട്ടോയെടുത്ത് ഗ്രൂപ്പില്‍ പോസ്റ്റുചെയ്യും. ആ കുട്ടികളുടെ മുഖത്തെ പുഞ്ചിരി ഗ്രൂപ്പിലെല്ലാവരുടെ മനസ്സിലും വലിയ മാറ്റങ്ങളുണ്ടാക്കി. ചിലപ്പോളെനിക്ക് വീടുനിറച്ചും സാധനങ്ങള്‍ ശേഖരിക്കാന്‍ കഴിയുമായിരുന്നു,” മൊയ്‌ത്രേയി ദ് ബെററ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
ചുറ്റുമള്ളവരില്‍ നിന്നും തെരുവിലെ മനുഷ്യരില്‍ നിന്നും കേട്ട നല്ലവാക്കുകള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ മൊയ്‌ത്രേയിക്ക് പ്രചോദനമായി.
അവര്‍ ഒറ്റയ്ക്ക് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷം മുന്‍പ് ശുഭദീപ് മുഖര്‍ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. മഹാ ജീബന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് മുഖര്‍ജി. ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും മനസ്സുമുള്ളവരെയാണ് ശുഭദീപ് തേടിക്കൊണ്ടിരുന്നത്.
“എനിക്ക് പണത്തില്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. എനിക്ക് സംതൃപ്തി തരുന്ന എന്തെങ്കിലും ചെയ്യണമെന്ന് മാത്രമേയുള്ളൂ. എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാ ജീബന്‍ വലിയ പിന്തുണയാണ് നല്‍കിയത്,” മൊയ്‌ത്രേയി പറയുന്നു.
ശുഭദീപ് മുഖര്‍ജിയോടൊപ്പം ഷേറോഫൂലിയിലേക്ക് നടത്തിയ സന്ദര്‍ശനം മൊയ്‌ത്രേയിയെ വല്ലാതെ ഉലച്ചുകളഞ്ഞു. അവിടെയുള്ള കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും സാഹചര്യമില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ അടുത്തുള്ള ഒരു റെസ്റ്റോറെന്‍റുമായി സംസാരിച്ചു. ആ കുട്ടികള്‍ക്ക് എല്ലാ ദിവസവും ഒരു നേരം സൗജന്യഭക്ഷണം ഏര്‍പ്പാടാക്കിയിട്ടാണ് മടങ്ങിയത്.
“ട്രെയിനില്‍ ഭിക്ഷയെടുത്താല്‍ പത്തോ ഇരുപതോ രൂപ മാത്രമേ കിട്ടാറുള്ളൂ എന്ന് ആ കുട്ടികള്‍ എന്നോട് പറഞ്ഞു. അതുവെച്ച് വല്ല ബിസ്‌കറ്റോ ചെറിയ കേക്കോ മറ്റോ അവര്‍ വാങ്ങിക്കഴിക്കും. വിശപ്പ് അപ്പോഴും മാറില്ല. കുറച്ചുകഴിയുമ്പോള്‍ വയറ് കത്താന്‍ തുടങ്ങും. അപ്പോള്‍ വീണ്ടും ഡെന്‍ഡ്രൈറ്റ് മണപ്പിക്കാന്‍ തുടങ്ങും… ഒരു പ്ലേറ്റ് ചോറിന് 30 രൂപയാവും..,” മൊയ്‌ത്രേയി പറഞ്ഞു.
ആ കുട്ടികളെ വായിക്കാനും എഴുതാനും പഠിപ്പിക്കുകയെന്നതായിരുന്നു മൊയ്‌ത്രേയിയുടെ അടുത്ത ലക്ഷ്യം. മറ്റൊരു ടീച്ചറെയും കൂട്ടി അവര്‍ക്ക് ക്ലാസ്സെടുക്കാന്‍ തുടങ്ങി. വായിക്കാനും എഴുതാനും വരയ്ക്കാനും മറ്റുമാണ് പഠിപ്പിച്ചത്. ഇന്‍റെറാക്റ്റീവ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയും പഠിപ്പിച്ചു. ഒപ്പം ലഹരിവസ്തുക്കള്‍ക്കെതിരെ ബോധവല്‍ക്കരണവും. അങ്ങനെ പഠിച്ച പല കുട്ടികളും പിന്നീട് പ്രദേശത്തെ ഗവണ്‍മെന്‍റ് സ്‌കൂളില്‍ പോയിത്തുടങ്ങി. അവിടെ അവര്‍ക്ക് യൂനിഫോമും പുസ്തകങ്ങളും കിട്ടിയിരുന്നു.
പകല്‍ സമയം പഠനവും മറ്റുമായി കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞുവെങ്കിലും രാത്രികളില്‍ അവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് മൊയ്‌ത്രേയിക്ക് എപ്പോഴും ആവലാതിയായിരുന്നു. നേരമിരുട്ടിയാല്‍ കുട്ടികള്‍ വീണ്ടും ലഹരിയിലേക്കു പോകുമോ…? റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഇരുണ്ട ഭാഗങ്ങളിലും ഓവര്‍ബ്രിഡ്ജിനടിയിലെ ദുരൂഹമായ ഇടങ്ങളിലും ഗോഡൗണുകളിലും മറ്റും ഈ കുട്ടികളില്‍ പലരും പലവിധത്തിലുള്ള പീഢനങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. അത് അവരെ വേദനിപ്പിച്ചു.
സര്‍ക്കാരും സന്നദ്ധ സംഘടനകളും നടത്തുന്ന അഭയകേന്ദ്രങ്ങളിലേക്ക് കുട്ടികളെ മാറ്റിയാലോ എന്ന ആലോചനയാണ് ആദ്യമുണ്ടായത്. എന്നാല്‍ പല കുട്ടികളും അതിന് അര്‍ഹരായിരുന്നില്ല. കാരണം അവര്‍ക്ക് മാതാപിതാക്കളും കുടുംബവുമൊക്കെ ഉണ്ടായിരുന്നു.
എങ്കിലും കുറേ പരിശ്രമത്തിന് ശേഷം കുറച്ചുകുട്ടികളെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗീകരിച്ച ചില്‍ഡ്രെന്‍സ് ഹോമുകളിലും ആക്കി. കൂട്ടത്തില്‍ മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളെ എസ് ഒ എസ് ചില്‍ഡ്രെന്‍സ് വില്ലേജിലാക്കി. മാതാപിതാക്കളുടെ പിന്തുണയോ സാമീപ്യമോ ഇല്ലാത്ത കുട്ടികളെ സഹായിക്കുന്ന ലോകത്തെ ഏറ്റവും വലിയ എന്‍ ജി ഓ ആണിത്.
“തുടക്കത്തില്‍ എസ് ഒ എസ് ചില്‍ഡ്രെന്‍സ് വില്ലേജ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ താമസിക്കാന്‍ അവര്‍ക്ക് വലിയ ആവേശമായിരുന്നു. എന്നാല്‍ അധികം താമസിയാതെ അവര്‍ തിരിച്ച് റെയില്‍വേ ജങ്ഷനിലെത്തി. കാരണം, അവരുടെ കൂട്ടുകാര്‍ അവരെ പിന്തിരിപ്പിച്ചു, ഡെന്‍ഡ്രൈറ്റ് നല്‍കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു…അങ്ങനെയങ്ങനെ പല കാരണങ്ങള്‍. പിന്നെ വളരെ പാടുപെട്ടാണ് അവരെ അവിടെ വീണ്ടുമെത്തിച്ചത്.”
രണ്ടു പെണ്‍കുട്ടികളും ഡെന്‍ഡ്രൈറ്റിന് അടിമകളായിരുന്നു. അതുകൊണ്ട് അവരെ പ്രവേശിപ്പിക്കാന്‍ എസ് ഒ എസ് വില്ലേജ് അധികൃതര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മൊയ്‌ത്രേയി സ്വന്തം ഗാരന്‍റിയില്‍ അവരെ പ്രവേശിപ്പിക്കുകയായിരുന്നു.
“രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എസ് ഒ എസ് അധികൃതര്‍ വിളിച്ചു. ആ പെണ്‍കുട്ടികള്‍ വളരെ മോശം അവസ്ഥയിലാണെന്നും അവര്‍ക്ക് ഡി-അഡിക്ഷന്‍ സേവനം ആവശ്യമുണ്ടെന്നും പറഞ്ഞു.
“ഡെന്‍ഡ്രൈറ്റ് മണപ്പിക്കാന്‍ കിട്ടാതായതോടെ അവര്‍ രണ്ടുപേരും ഭ്രാന്തമായ ഒരു അവസ്ഥയിലായി. കിട്ടിയതൊക്കെ മണപ്പിക്കാന്‍ തുടങ്ങി–പെന്‍സിലും ചോക്കും എന്തിന് ചെരുപ്പുകള്‍ വരെ മണത്തുനോക്കുന്ന സ്ഥിതി. അവരുടെ പെരുമാറ്റം അവിടെയുള്ള മറ്റുകുട്ടികളെ പ്രയാസത്തിലാ്ക്കി.
“എനിക്ക് വലിയ വിഷമമായി. മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ അനുമതി വാങ്ങി ആ കുട്ടികളെ ബോധ് ഫൗണ്ടേഷന്‍റെ ഡി-അഡിക്ഷന്‍ സെന്‍റെറിലാക്കി.”
രണ്ടുമാസത്തെ കൗണ്‍സലിങ്ങിനും ചികിത്സയ്ക്കും ശേഷം കുട്ടികള്‍ വലിയ തോതില്‍ മാറി. അവര്‍ എസ് ഓ എസിലേക്ക് തിരിച്ചെത്തി.
“കുറെക്കാലം കഴിഞ്ഞ് വീണ്ടും കണ്ടപ്പോള്‍ എനിക്കവരെ തിരിച്ചറിയാനായില്ല. അവര്‍ നല്ല ഉടുപ്പൊക്കെയിട്ട്, മുടിയൊക്കെ എണ്ണയിട്ട് കോതി… അവരുടെ മുഖത്ത് തിളക്കം തിരിച്ചെത്തിയിരുന്നു. അവര്‍ ഇംഗ്ലീഷിലൊക്കെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. അവരിപ്പോള്‍ സന്തോഷവതികളാണ്, പഠിക്കാനും പോകുന്നുണ്ട്.”
ആ കുട്ടികളെ രക്ഷിക്കാനായത് മൊയ്‌ത്രേയിക്ക് വലിയ ആത്മവിശ്വാസം നല്‍കി. ഹൂഗ്ലിയിലെ ചൈല്‍ഡ് ലൈനുമായി കൂടുതല്‍ അടുത്തു. അവരുമായി ചേര്‍ന്ന് ബാലവിവാഹം അടക്കം പലതരം ചൂഷണങ്ങള്‍ അനുഭവിക്കുന്ന 40-ലധികം കുട്ടികളെ രക്ഷിച്ച് അഭയകേന്ദ്രങ്ങളിലാക്കി.
മഹാ ജീബന്‍റെ കീഴില്‍ ബര്‍ധമാന്‍ ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തിലെ പാവങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
“ഗ്രാമത്തിന് വെളിയില്‍ അടിസ്ഥാന സൗകര്യങ്ങളോ വീടുകളോ ഇല്ലാതെ ജീവിക്കുന്ന ഒരു ചെറിയ സമുദായം ഉണ്ടായിരുന്നു. അവരുടെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ടായിരുന്നു.”
നാടോടിവിഭാഗത്തില്‍ പെട്ട അവരിലെ പുരുഷന്‍മാര്‍ ചെവിക്കായം വൃത്തിയാക്കിക്കൊടുത്താണ് ജീവിച്ചുകൊണ്ടിരുന്നത്.
“ഒരു ദിവസം അവര്‍ക്ക് 40 രൂപ കിട്ടിയാലായി. ആ തുക കൊണ്ട് അയാള്‍ക്ക് എന്തു ചെയ്യാനാകും? ഭക്ഷണം വാങ്ങാനോ കുട്ടികളെപ്പോറ്റാനോ അതുകൊണ്ട് കഴിയില്ല. അവര്‍ മദ്യത്തിലും ലഹരിയിലും അഭയം തേടും. കുട്ടികള്‍ അതിന്‍റെ ദുരന്തം അനുഭവിക്കുകയും ചെയ്യും.
“അവിടെ ഒരിക്കല്‍ പോയപ്പോള്‍ ഒരു കുട്ടി മണ്ണുവാരിത്തിന്നുന്നത് കണ്ടു. അവര്‍ കാട്ടിലകളും മറ്റും തിന്നുമായിരുന്നു. അവരുടെ ശരീരം മെലിഞ്ഞ് വിളര്‍ത്താണ് ഇരുന്നിരുന്നത്. എല്ലും തോലുമായ ശരീരവും ഉന്തിയ വയറും…,” മൊയ്‌ത്രേയി ഓര്‍ക്കുന്നു.
ആഴ്ചച്ചന്തയ്ക്കായി കച്ചവടക്കാര്‍ കെട്ടുന്ന താല്‍ക്കാലിക കൂടാരങ്ങളില്‍ രാത്രിയാവുമ്പോള്‍ അ്‌വര്‍ കയറിക്കിടക്കും. അതല്ലെങ്കില്‍ വലിയ പാലത്തിനടിയിലോ വഴിയരികിലോ ആയിരിക്കും കിടപ്പ്.
“പലപ്പോഴും രണ്ട് കല്ലുവെച്ച് അടുപ്പുകൂട്ടി കലത്തില്‍ വെള്ളവും കുറെ ഇലകളും പറിച്ചിട്ട് അവര്‍ പാചകം ചെയ്യുന്നത് കാണാം. പ്രദേശത്തെ ചിക്കന്‍ ഷോപ്പില്‍ നിന്ന് വലിച്ചെറിയുന്ന അവശിഷ്ടങ്ങളും ചിലപ്പോള്‍ അതിലിട്ട് തിളപ്പിക്കും… മനുഷ്യര്‍ ഇക്കാലത്തും ഇങ്ങനെയൊക്കെ ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു,” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന പദ്ധതിയുമായാണ് മഹാ ജീബന്‍ സംഘം അവിടെയെത്തിയത്. എന്നാല്‍ ജനം സംശയാലുക്കളായി. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ യോഗം വിളിച്ചാണ് അവരെ ഒരു വിധത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.
പഞ്ചായത്തിലെ വെറുതെ കിടന്നിരുന്ന ഭൂമിയില്‍ മുളകൊണ്ട് താല്‍ക്കാലിക വീടുകളുണ്ടാക്കി 7 കുടുംബങ്ങളെ മാറ്റി. ഓരോന്നിനും 20,000 രൂപ ചെലവുവന്നു. സുമനസ്സുകളുടെയും വാട്ട്‌സാപ്പ്-ഫേസ്ബുക്ക് സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് ഇതിനായുള്ള പണം കണ്ടെത്തിയത്.
മൊയ്‌ത്രേയിയുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് ഈ വീടുകളിലേക്ക് സോളാര്‍ വിളക്കുകള്‍ നല്‍കി.
ആ കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കുകയും കുട്ടികള്‍ക്ക് മൂന്ന് നേരം പോഷകാഹാരം നല്‍കുകയും ചെയ്യുന്നുണ്ട് മഹാ ജീബന്‍. ഒപ്പം കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. എല്ലാ കുട്ടികളെയും സ്‌കൂളില്‍ ചേര്‍ത്തു.
ഏഴ് അധ്യാപകര്‍ അടങ്ങുന്ന പത്തുപേരടങ്ങുന്ന സംഘവുമായാണ് മൊയ്‌ത്രേയിയും മഹാ ജീബനും പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 110 കുട്ടികളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. നൂറുകണക്കിന് കുട്ടികളിലേക്ക് എത്താനുള്ള ശ്രമത്തിലാണവര്‍.
അതിനുവേണ്ടി സാമ്പത്തിക സമാഹരണം നടത്തുകയാണവര്‍ ഇപ്പോള്‍. സംഘടനയുടെ കീഴില്‍ സ്വന്തമായി അഭയകേന്ദ്രം തുടങ്ങുകയാണ് മറ്റൊരു ലക്ഷ്യം.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.