ഡിറ്റെര്‍ജെന്‍റ് കേരളത്തിന്‍റെ ‘ക്ലൈംബിങ്ങ്’ ഫിഷിനെയും വെറുതെ വിടുന്നില്ലെന്ന് പഠനം: ജലാശയങ്ങളെ ശ്വാസം മുട്ടിക്കുന്നതില്‍ നമ്മുടെ വീടുകള്‍ക്കും പങ്കുണ്ട്

എവിടെ കൊണ്ടുപോയി ഇട്ടാലും ജീവിക്കുന്ന കരിപ്പിടിയെപ്പോലും ഡിറ്റെര്‍ജെന്‍റുകള്‍ ദോഷകരമായി ബാധിക്കുന്നുവെന്ന് ദിവ്യ എസ് രാജന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

നാട്ടിലെ പാടത്തും കുളത്തിലും തിമിര്‍ത്തും ചൂണ്ടയും വലയുമെറിഞ്ഞും നടന്നവര്‍ക്ക് സുപരിചിതമായ മീനാണ് കരിപ്പിടി.

പല നാട്ടിലും പല പേരുകളിലാണ് ഈ മീന്‍ അറിയപ്പെടുന്നത്. കല്ലട, കല്ലത്തി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളന്‍, കൈതക്കോര, കരികണ്ണി…അങ്ങനെ പല പേരുകള്‍.

പിടിച്ച് വെള്ളത്തിന് വെളിയിലിട്ടാലും എട്ട് മണിക്കൂറോളം ജീവിക്കാന്‍ കഴിയുന്ന മീനാണ് കരിപ്പിടി. ശാസ്ത്രനാമം Anabas testundineus എന്നാണ്. ഇംഗ്ലീഷില്‍ പൊതുവെ climbing gourami എന്നാണ് പറയുന്നത്. ബോട്ടില്‍ ‘ചാടിക്കയറി’ ദൂരേക്ക് സഞ്ചരിക്കാന്‍ കഴിയുന്നതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു പേര് വന്നത്.

ഈ മത്സ്യം ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലുമുണ്ട്.

കരിപ്പിടി

ഏത് പ്രതികൂല സാഹചര്യങ്ങളും അതിജീവിക്കുന്ന കരിപ്പിടിക്കും ഭീഷണിയുയര്‍ന്നിരിക്കുന്നു, മറ്റൊന്നുമല്ല നമ്മള്‍ പുഴകളിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുക്കിവിടുന്ന ഡിറ്റെര്‍ജെന്‍റുകള്‍!

ഏകദേശം മുപ്പത് ലക്ഷം ടണ്‍ (2.88 ദശലക്ഷം) ഫോസ്‌ഫേറ്റാണ് ഡിറ്റര്‍ജെന്‍റുകളിലൂടെ ഇന്‍ഡ്യയില്‍ മാത്രം വര്‍ഷവും പുറംതള്ളുന്നത്. മനുഷ്യപ്രവര്‍ത്തികളിലൂടെ ഫോസ്‌ഫെറസ് മലിനീകരണം നടത്തുന്ന കാര്യത്തില്‍ ഇന്‍ഡ്യാക്കാര്‍ ലോകത്ത് രണ്ടാമതാണ് നില്‍ക്കുന്നത്.

ഫോസ്‌ഫേറ്റുകള്‍ വെള്ളത്തില്‍ ചില തരം ആല്‍ഗെകളുടെ വളര്‍ച്ച വേഗത്തിലാക്കുന്നു, ഇത് കായലുകളുടെയും കുളങ്ങളുടെയും ജലസ്രോതസ്സുകളുടെയും മരണത്തില്‍ എത്തുകയും ചെയ്യുന്നു. കരിപ്പിടി അടക്കമുള്ള നാടന്‍ മത്സ്യങ്ങളെയും ബാധിക്കുന്നു.

എവിടെ കൊണ്ടുപോയി ഇട്ടാലും ജീവിക്കുന്ന കരിപ്പിടിയെപ്പോലും ഡിറ്റെര്‍ജെന്‍റുകള്‍ ദോഷകരമായി ബാധിക്കുന്നുവെന്ന് ദിവ്യ എസ് രാജന്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

“അനാബാസ് ഏത് പ്രതികൂല സാഹചര്യത്തിലും അതിജീവിക്കുന്നതാണ്. ഈ മീനിന് പോലും ഡിറ്റെര്‍ജെന്‍റുകള്‍ പ്രശ്‌നമാകുന്നുവെങ്കില്‍ മറ്റ് മീനുകളുടെയും ജലസസ്യങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ,” ദിവ്യ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ജന്തുശാസ്ത്രത്തില്‍ പി എച്ച് ഡി നേടിയ ദിവ്യയുടെ മിക്ക പഠനങ്ങളും ജലജീവികളെക്കുറിച്ചാണ്. 2015-ലാണ് ദിവ്യ കരിപ്പിടികളില്‍ ഡിറ്റെര്‍ജെന്‍റുകളുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി പഠിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഡിറ്റെര്‍ജെന്‍റുകളില്‍ ഒന്ന് ലയിപ്പിച്ച വെള്ളത്തില്‍ കരിപ്പിടിയെ ഇട്ടാണ് പഠനം നടത്തിയത്. വെള്ളത്തിലെ ഡിറ്റെര്‍ജെന്‍റിന്‍റെ അളവ് 50 PPM (parts per million) മുതല്‍ 200 PPM വരെ ഉയര്‍ത്തി. പിന്നീട് വെള്ളത്തില്‍ ലയിച്ചിട്ടുള്ള ഓക്‌സിജന്‍ എത്രമാത്രം മീന്‍ ഉപയോഗിച്ചു എന്നതിന്‍റെ അളവെടുത്തു.

വെള്ളത്തില്‍ ഡിറ്റെര്‍ജെന്‍റിന്‍റെ അളവ് കൂടുന്നതിനനുസരിച്ച് മീന്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടുവെന്ന് പഠനം പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ പോലും ജീവിക്കുന്ന ഈ മത്സ്യങ്ങള്‍ക്ക് ഡിറ്റെര്‍ജെന്‍റുകള്‍ മാരകമാണെന്ന് നിഗമനത്തിലാണ് പഠനം എത്തിച്ചേര്‍ന്നത്.

മീനുകള്‍ക്ക് ദോഷകരമാവുന്നുവെന്ന് മാത്രമല്ല, ജലത്തില്‍ യൂട്രോഫിക്കേഷന്‍ എന്ന പ്രതിഭാസത്തിനും ഫോസ്‌ഫേറ്റുകള്‍ കാരണമാകുമെന്ന് ദിവ്യ പറയുന്നു.

യൂട്രോഫിക്കേഷന്‍ എന്നാല്‍ ജലത്തില്‍ പോഷണങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ്. പലപ്പോഴും ഇത് കൃത്രിമമായി സംഭവിക്കുന്നതാണ്. ഇത് വെള്ളത്തിലെ സസ്യങ്ങളുടെയും ആല്‍ഗെകളുടെയും വളര്‍ച്ച ത്വരിതഗതിയിലാക്കുകയും ജലാശയങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഫോസ്‌ഫേറ്റ് വളമായി കൃഷിക്കും ഉപയോഗിക്കുന്നുണ്ട്. അളവില്‍ കൂടുതല്‍ ഉപയോഗിക്കുകയും അത് ജലാശയങ്ങളിലെത്തുകയും ചെയ്യുമ്പോള്‍ ജലസസ്യങ്ങള്‍ തഴച്ചുവളരുന്നു.

ബെംഗളുരുവിലെ തടാകങ്ങളുടെ ശോഷണം സംബന്ധിച്ച് പഠനം നടത്തിയ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകരും ഫോസ്‌ഫേറ്റ് ഡിറ്റെര്‍ജെന്‍റുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് പറഞ്ഞത്.

കേരളത്തിലും ബെംഗളുരുവിലും മാത്രമല്ല രാജ്യം മുഴുവനും ജലാശയങ്ങളെ ശ്വാസംമുട്ടിക്കുന്നതില്‍ ഡിറ്റെര്‍ജെന്‍റുകള്‍ക്ക് പങ്കുണ്ട്. നമ്മളുപയോഗിക്കുന്ന ഡിറ്റെര്‍ജെന്‍റുകള്‍ മാത്രം വര്‍ഷവും 1.46 ലക്ഷം ടണ്‍ ഫോസ്‌ഫേറ്റാണ് ജലസ്രോതസ്സുകളില്‍ തള്ളുന്നതെന്നാണ് ഒരു കണക്ക്.

ഇതിനെന്താണ് പരിഹാരം

ആദ്യം വേണ്ടത് നമ്മള്‍ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുക്കുക എന്നതാണ്. ജലസ്രോതസ്സുകളിലേക്ക് ഒഴുക്കുമ്പോള്‍ പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഡിറ്റെര്‍ജെന്‍റുകള്‍ ഉപയോഗിക്കുക എന്നതാണ് അതിലൊന്ന്.

കൃഷിയും ഫോസ്‌ഫേറ്റ് മലിനീകരണത്തിന് കാരണമാകുന്നുണ്ടെങ്കിലും ലോകമെമ്പാടുമുള്ള കണക്കുകള്‍ കാണിക്കുന്നത് ഏറ്റവും കൂടുതല്‍ സംഭാവന വീടുകളില്‍ നിന്നുള്ളതുതന്നെയാണ് എന്നാണ് (54%). കൃഷിയില്‍ നിന്ന് 38 ശതമാനവും വ്യവസായങ്ങളില്‍ നിന്ന് 8 ശതമാനവും. ഫോസ്‌ഫേറ്റ് മലിനീകരണം ജലാശയങ്ങളില്‍ ഒരുപാട് ‘ഡെഡ് സോണ്‍സ്’ (ജീവനില്ലാത്ത ഇടങ്ങള്‍) ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലിനപ്പെട്ടുപോയ ഇടങ്ങള്‍ വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. കൃത്രിമ രാസവസ്തുക്കളുടെ വലിയ നിര തന്നെ കവറിന് പുറകില്‍ പ്രദര്‍ശിപ്പിക്കുന്ന ഡിറ്റെര്‍ജെന്‍റുകള്‍ക്ക് പകരം സസ്യജന്യമായ വസ്തുക്കള്‍ കൊണ്ടുനിര്‍മ്മിക്കുന്നവയിലേക്ക് മാറാനുള്ള സമയമായി. അത്തരം ഉല്‍പന്നങ്ങള്‍ ജലാശയങ്ങളേയും പ്രകൃതിയേയും കൂടുതല്‍ മലിനമാവാതെ നിലനിര്‍ത്തും.

അങ്ങനെയുള്ള ഡിറ്റര്‍ജെന്‍റുകള്‍ കൊണ്ട് തുണികള്‍ കഴുകിയതിന് ശേഷം വരുന്ന വെള്ളം വാഷിങ് മെഷീനില്‍ നിന്ന് നേരിട്ട് ചെടികള്‍ക്ക് ചുവട്ടിലേക്ക് തുറന്നുവിടുകയും ചെയ്യാം.

അത്തരം ഡിറ്റെര്‍ജെന്‍റ് ഇവിടെയുണ്ട്.
പ്രകൃതിയോട് നമുക്കുള്ള ഉത്തരവാദിത്വം നിറവേറ്റാം. പ്രകൃതിക്ക് ദോഷമേല്‍പിക്കാത്ത ഡിറ്റെര്‍ജെന്‍റുകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം