പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിലെ എല്ലാ സ്വപ്‌നങ്ങളും കുഴിവെട്ടിമൂടിയതുപോലെ തോന്നി യാസ്മിന്.
‘സ്‌കൂളില്‍പ്പോകുന്ന പെണ്‍കുട്ടികളെ നോക്കി ഞാന്‍ കൊതിയോടെ നിന്നിട്ടുണ്ട്,’ എന്ന് യാസ്മിന്.
വീട്ടിലെ അന്നത്തെ അവസ്ഥയില്‍ അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല.
ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന്‍ ഒരു വിപ്ലവത്തിന്‍റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍.
“ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍. ദീര്‍ഘ നിശ്വാസങ്ങളും ദൈവത്തോടുള്ള പ്രാര്‍ത്ഥനകളും മാത്രമായിരുന്നു ആശ്വാസം. വീട്ടിലെ അടുക്കളയില്‍ മാത്രമായി ഒതുങ്ങിയ ജീവിതം. ഒരിക്കലും കരകയറുമെന്ന് തോന്നിയിരുന്നില്ല. സ്‌കൂളിലോ നാട്ടിലോ ഒരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നിട്ടില്ലാത്ത, കാര്യമായ വികസനം ഇന്നും കടന്നു വന്നിട്ടില്ലാത്ത ഒരു കുഗ്രാമത്തിലെ പെണ്‍കുട്ടിക്ക് എന്ത് പ്രതീക്ഷിക്കാന്‍…,” ഇത് പറയുമ്പോള്‍ യാസ്മിന്‍റെ ശബ്ദമിടറി.
ഇതുകൂടി വായിക്കാം: ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍
എന്നാല്‍ ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന്‍ ഒരു വിപ്ലവത്തിന്‍റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍. മലപ്പുറത്തെ തെന്നല എന്ന ഗ്രാമം ഇന്ന് അറിയപ്പെടുന്നതു തന്നെ യാസ്മിന്‍റെയും അവര്‍ മുന്നില്‍ നിന്നുനയിച്ച അഞ്ഞൂറിലധികം സ്ത്രീകളുടെയും പേരിലാണ്.
വര്‍ഷങ്ങളോളം തരിശായി കിടന്ന പാടങ്ങളില്‍ ആ സ്ത്രീകള്‍ വീണ്ടും നെല്ലുവിതച്ചു. വിഷം തളിയ്ക്കാതെ വിളയിച്ചെടുത്ത തെന്നല അരി ഇന്ന് കേരളം മുഴുവന്‍ അറിയും. തെന്നലയിലെ സ്ത്രീമുന്നേറ്റം പഠിക്കാന്‍ വിദേശങ്ങളില്‍ നിന്നും ആളുകളെത്തുന്നു. ആ മുല്ലപ്പൂവിപ്ലവത്തിന്‍റെ മുഖമാണ് യാസ്മിന്‍.
പിന്നെ പ്രശ്നങ്ങള്‍ക്ക് മേല്‍ പ്രശ്‌നങ്ങള്‍. തങ്ങളുടെ കാര്യം പറയാന്‍ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാളുണ്ടെന്ന തോന്നലില്‍ ആളുകള്‍ ഒഴുകിയെത്തി
2006 ല്‍ കുടുംബശ്രീ അയല്‍ക്കൂട്ടം രൂപികരിച്ചപ്പോള്‍ കൂട്ടത്തില്‍ അത്യാവശ്യം എഴുത്തും വായനയും അറിയുന്നയാളെന്ന നിലയില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് തന്‍റെ ജീവിതം മാറ്റിമറിച്ചതെന്ന് യാസ്മിന്‍ പറയുന്നു.
ഇതുകൂടി വായിക്കാം: കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്‍റ് ഭൂമി
നാലു വര്‍ഷത്തോളം മറ്റു വിഷയങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല. ദരിദ്രമായ ചുറ്റുപാടുകളിലെ ഒട്ടേറെ കഥന കഥകള്‍ കേട്ട് മനസ് നീറിയപ്പോഴാണ് 2010ല്‍ ആദ്യമായി മറ്റുള്ളവരുടെ പ്രശ്‌നങ്ങളുടെ പരിഹാരം തേടി വീട് വിട്ടിറങ്ങുന്നത്. പിന്നെ പ്രശ്നങ്ങള്‍ക്ക് മേല്‍ പ്രശ്‌നങ്ങള്‍. തങ്ങളുടെ കാര്യം പറയാന്‍ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാളുണ്ടെന്ന തോന്നലില്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ താന്‍ തിരക്കുള്ള പൊതുപ്രവര്‍ത്തകയായി മാറിയെന്ന് യാസ്മിന്‍ പറയുന്നു.
ആ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2011 ല്‍ സി ഡി എസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് 28 വയസ്സായിരുന്നു. യാസ്മിന്‍ എന്ന കനല്‍ത്തരി അപ്പോഴാണ് ഉള്ളിലെ തീ തിരിച്ചറിഞ്ഞത്. പാതി മുറിഞ്ഞുപോയ സ്വന്തം പഠനം മുഴുമിപ്പിക്കലായിരുന്നു ആദ്യ പടി. ഒപ്പം തന്നെപോലെ പഠനം സ്വപ്നമായ ഒരുകൂട്ടം സ്ത്രീകളെയും സാക്ഷരതാ മിഷന്‍റെ 4,7,10 ക്ലാസുകളിലെ അതുല്യം തുല്യതാ പരീക്ഷയെഴുതിച്ചു. ഇത് നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നുവെന്ന് യാസ്മിന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
ഒരു വരുമാനവുമില്ലാത്ത സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം എന്ന ചിന്തയില്‍ നിന്നാണ് കൃഷിയെന്ന ആശയം മുള പൊട്ടുന്നത്.
അന്ന് കളിയാക്കിച്ചിരിച്ചവര്‍ പിന്നീട് ഒരു അത്ഭുതജീവിയെ എന്ന പോലെ എന്നെ നോക്കുന്നത് കണ്ടിട്ടുണ്ട്..
മുസ്ലിം കുടുംബത്തിലെ പെണ്ണുങ്ങള്‍ പാടത്തും പറമ്പിലും പണിക്കിറങ്ങുന്നുവെന്ന വാര്‍ത്ത പലരുടെയും കുരു പൊട്ടിച്ചു. നഷ്ടവും പണിക്ക് ആളെ കിട്ടാത്തതും കാരണം പാടശേഖരങ്ങളില്‍ കൃഷി അവസാനിപ്പിച്ചവര്‍ കളിയാക്കി ചിരിച്ചു. അവരൊക്കെ ഒരു അത്ഭുത ജീവിയെന്ന പോലെ പിന്നീട് തന്നെ നോക്കുന്നത് കണ്ടിട്ടുണ്ടെന്ന് യാസ്മിന്‍ ചിരിയോടെ പറയുന്നു.
എങ്ങനെ അല്‍ഭുതപ്പെടാതിരിക്കും. അഞ്ഞൂറ് സ്ത്രീകളെക്കൂട്ടി പാട്ടത്തിനെടുത്ത പാടത്തും പറമ്പിലും യാസ്മിന്‍ വിളയിച്ചത് ആരും വിസ്മയിച്ചുപോവുന്ന വിജയം. ഒരു കാര്‍ഷിക ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു ആദ്യപടി. കാര്‍ഷിക ഗ്രാമമായിരുന്ന തെന്നല ഗള്‍ഫ് കുടിയേറ്റ കാലത്തോടെ കാര്‍ഷിക സംസ്‌കൃതി മറന്നു. ഇതിനെ തിരിച്ചുപിടിക്കാനാണ് യാസ്മിന്‍ ശ്രമിച്ചത്. സ്ത്രീകളെ കോര്‍ത്തിണക്കി തെന്നല അഗ്രോ പ്രൊഡ്യുസര്‍ കമ്പനിക്ക് രൂപം നല്‍കി. തെന്നല റൈസ് എന്ന പേരില്‍ അവിടെ ഉല്‍പാദിപ്പിക്കുന്ന നെല്ല് വിപണിയിലെത്തിച്ചു. വിഷബാധയില്ലാത്ത അരിയും അരിയുല്‍പ്പന്നങ്ങളും എത്രവിലകൊടുത്തും വാങ്ങാന്‍ ജനം തയ്യാറായി.
തരിശിട്ട പാടങ്ങള്‍ ഒന്നാകെ കതിരണിഞ്ഞതോടെ ആദ്യം പുച്ഛിച്ചവരെല്ലാം പിന്നാലെ കൂടി. മറക്കേല്‍പാടം, വാളക്കുളം, എരഞ്ഞിപ്പാടം തരിശായി കിടന്ന ഈ മണ്ണെല്ലാം പൊന്നായി. മരച്ചീനിയും വാഴയും വെറ്റിലയും ചേനയും വീട്ടുപറമ്പുകളിലും കൃഷിയിറക്കി. തൊണ്ണൂറ്റിനാലാം സ്ഥാനത്തു നിന്നും തെന്നല ഗ്രാമത്തെ ജില്ലയിലെ കുടുംബശ്രീക്കൂട്ടായ്മകളില്‍ ഒന്നാമതെത്തിക്കാന്‍ യാസ്മിനു വേണ്ടി വന്നത് വെറും ഒരു വര്‍ഷം.
തരിശ് പാടങ്ങളില്‍ 126 ഏക്കറിലായിരുന്നു കൃഷി. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി അറിയുന്നവരും അല്ലാത്തവരുമായ സ്ത്രീകളെല്ലാം അണി ചേര്‍ന്നു. 2012 ല്‍ ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരിച്ചു. 2015 സെപ്തംബറിലാണ് തെന്നല അഗ്രോസ് പ്രൊഡ്യുസര്‍ കമ്പനി നിലവില്‍ വന്നത്. നബാര്‍ഡിന്‍റെയടക്കം സഹായത്തോടെയാണ് പ്രവര്‍ത്തനം. 500പേരുടെ ആയിരം രൂപയായിരുന്നു മൂലധനം. വിത്തും വളവും കൃഷിഭവന്‍ വഴി ലഭ്യമാക്കി.
നിലവില്‍ 108 ടണ്‍ നെല്ല് അഞ്ചു ഗോഡൗണുകളിലായുണ്ടെങ്കിലും, ആവശ്യക്കാരെത്തുന്ന മുറയ്ക്കു മാത്രമാണ് അതെടുത്ത് അരിയാക്കി പായ്ക്കു ചെയ്യുന്നത്.
മാര്‍ക്കറ്റ് വിലയേക്കാള്‍ അധികം നല്‍കി അംഗങ്ങളില്‍ നിന്നും നെല്ല് വാങ്ങും. ജൈവകൃഷി ആയതിനാല്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. നെല്ല് പുറത്തെ വിപണിയില്‍ വിറ്റാല്‍ കര്‍ഷകര്‍ക്കു ലഭിക്കുക കിലോയ്ക്ക് പതിനാറു രൂപ മാത്രമാണ്. ഈ സ്ഥാനത്താണ് കമ്പനി 21 രൂപയ്ക്ക് നെല്ലു വാങ്ങിക്കുന്നത്. മട്ടയരി, തവിടുള്ള അരി, ഉണങ്ങലരി, അരിപ്പൊടി, അവില്‍ എന്നിങ്ങനെ ഒന്‍പത് ഉല്‍പന്നങ്ങളാണ് കമ്പനി നിലവില്‍ വിപണിയിലെത്തിക്കുന്നത്. ഐശ്വര്യ, ജ്യോതി, ഉമ, നവര എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.’
കീടനാശിനികള്‍ ചേര്‍ക്കാതെയും ജൈവവളമുപയോഗിച്ചും ഇവര്‍ വിളയിക്കുന്ന നെല്ലിന് ഇപ്പോള്‍ സ്ഥിരം ഉപഭോക്താക്കളുമുണ്ട്.
ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍
അരി ഏറെനാള്‍ കേടുകൂടാതെയിരിക്കാന്‍ രാസമിശ്രിതങ്ങള്‍ ചേര്‍ക്കുന്ന പതിവില്ലാത്തതിനാല്‍ ആവശ്യത്തിനനുസരിച്ച് മാത്രമേ കമ്പനി നെല്ല് അരിയാക്കുകയുള്ളൂ. നിലവില്‍ 108 ടണ്‍ നെല്ല് അഞ്ചു ഗോഡൗണുകളിലായുണ്ടെങ്കിലും, ആവശ്യക്കാരെത്തുന്ന മുറയ്ക്കു മാത്രമാണ് അതെടുത്ത് അരിയാക്കി പായ്ക്കു ചെയ്യുന്നത്. സാധാരണ അരി പോലെ അധികകാലം പ്രാണിശല്യമില്ലാതെ തെന്നല അരി ഇരിക്കില്ലെന്ന് കമ്പനിയുടെ സിഇഒ ആയി കുടുംബശ്രീ നിയോഗിച്ച ജയേഷ്‌കുമാര്‍ വിശദീകരിക്കുന്നു്. സ്ഥിരം ഉപഭോക്താക്കള്‍ക്കു വേണ്ടിയും മേളകളില്‍ എത്തിക്കുന്നതിനും മാത്രമേ നിലവില്‍ തെന്നല അരി ഉത്പാദിപ്പിക്കുന്നുള്ളൂ.
മലപ്പുറം ജില്ലയിലെ തെന്നല എന്ന പിന്നാക്ക പഞ്ചായത്തിനെ മികച്ച കര്‍ഷക ഗ്രാമങ്ങളുടെ പട്ടികയില്‍ അടയാളപ്പെടുത്തുകയായിരുന്നു തെന്നല റൈസ്. സ്ത്രീകളുടെ മാത്രം കൂട്ടായ്മയില്‍ ഒരു ഗ്രാമത്തിലെ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചു പിടിക്കുകയും, വീടിനു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഒരു കൂട്ടം വീട്ടമ്മമാരെ വാണിജ്യ മേഖലയിലേക്കിറക്കുകയും ചെയ്തു, യാസ്മിന്‍റെ പരിശ്രമം. കൃഷിയിലേക്ക് തിരിയാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എന്തു ചെയ്യണമെന്ന യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് യാസ്മിന്‍ പറയുന്നു. പതിയെ എല്ലാം പഠിച്ചെടുത്തു.
കമ്പനിയുടെ ഖ്യാതി കടല്‍ കടന്നെങ്കിലും ഈ വനിതാ സംരംഭത്തിന്‍റെ പരിമിതികള്‍ തീര്‍ന്നിട്ടില്ല.
കര്‍ഷകരില്‍ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്, മാനേജിംഗ് ഡയറക്ടര്‍ യാസ്മിന്‍. ചെയര്‍പേഴ്‌സണ്‍ ഹാജറ എന്നിവരടങ്ങുന്നതാണ് നിലവില്‍ തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് എന്ന സ്ഥാപനം.
കമ്പനിയുടെ ഖ്യാതി കടല്‍ കടന്നെങ്കിലും ഈ വനിതാ സംരംഭത്തിന്‍റെ പരിമിതികള്‍ തീര്‍ന്നിട്ടില്ല. നിലവില്‍ തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സിന് ഒരു ഓഫീസില്ല. പാക്കിംഗിനും മറ്റുമായി ഉണ്ടായിരുന്ന കെട്ടിടം ഹൈവേ വികസനത്തില്‍ നഷ്ടമായതോടെ, സിഇഒയുടെ വീട്ടിലെ ഒരു മുറിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. പായ്ക്കിംഗും ചര്‍ച്ചകളും കണക്കെഴുത്തും എല്ലാം ഇവിടെ നിന്നു തന്നെ.
ഓണവിപണി മുന്നില്‍ക്കണ്ട് അരിയാക്കി മാറ്റിയ നെല്ല് വാടകയ്‌ക്കെടുത്ത ഗോഡൗണുകളില്‍ ഇപ്പോഴുമുണ്ട്. പ്രളയം വന്നതോടെ വിപണിയില്ലാതാവുകയും അരിയടക്കം എല്ലാ ഉല്‍പന്നങ്ങളും വലിയ തോതില്‍ ബാക്കിവരികയുമായിരുന്നു. ഈ അരി അരിപ്പൊടിയായും പുട്ടുപൊടിയായും മാറ്റി വില്‍പനയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. തവിടടങ്ങുന്ന പുട്ടുപൊടിക്ക് ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നു തന്നെയാണ് ഇവരുടെ കണക്കുകൂട്ടല്‍. ഉത്പന്നങ്ങള്‍ക്കായി ഒരു സ്ഥിരം വിപണനകേന്ദ്രം ഒരുക്കുക എന്നതും ഇവരുടെ ആഗ്രഹമാണ്.
യാസ്മിന്‍ എന്ന വ്യക്തിയില്ലെങ്കില്‍ ഇല്ലാതായിപ്പോകുന്ന കുറേയധികം പേരുടെ സ്വപ്നങ്ങളുണ്ട്.
ഇറാഖില്‍ നിന്നു വരെ വിദ്യാര്‍ത്ഥികളും മറ്റുമെത്തി പഠനം നടത്തുന്ന തങ്ങളുടെ കമ്പനിയില്‍, കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാനുള്ള എളുപ്പത്തിനായെങ്കിലും സ്വന്തമായി പ്രൊസസിംഗ് യൂണിറ്റ് വേണമെന്ന ആഗ്രഹം ചെയര്‍പേഴ്‌സണ്‍ ഹാജറയും പങ്കുവയ്ക്കുന്നു.
പുതിയ സീസണിലെ നെല്ല് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളോടെ കൊയ്യാനാകും. അവിലും ഡ്രൈ ഫ്രൂട്ട്‌സും അടങ്ങുന്ന കോണ്‍ഫ്‌ളേക്‌സ് പോലെ കഴിക്കാവുന്ന പുതിയ ഉല്‍പ്പന്നമുണ്ടാക്കാനാണ് പദ്ധതിയിടുന്നതെന്ന് യാസ്മിന്‍ വെളിപ്പെടുത്തി.
യാസ്മിന്‍ എന്ന വ്യക്തിയില്ലെങ്കിലും തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് നടക്കും എന്ന നിലയിലേക്ക് അവരെത്തിച്ചിട്ടുണ്ട്. പക്ഷേ, യാസ്മിന്‍ എന്ന വ്യക്തിയില്ലെങ്കില്‍ ഇല്ലാതായിപ്പോകുന്ന കുറേയധികം പേരുടെ സ്വപ്നങ്ങളുണ്ട്.
പാട്ടത്തിനെടുത്ത അഞ്ചേക്കറില്‍ രാവിലെ ആറുമണിക്ക് തുടങ്ങുന്ന കൃഷിപ്പണി ഉച്ചയോടെ അവസാനിപ്പിച്ച് യാസ്മിന്‍ തന്നെക്കാത്തിരിക്കുന്ന 36 കുട്ടികളെത്തേടി പാഞ്ഞെത്തും. ഇപ്പോള്‍ ഈ കുട്ടികളാണ് യാസ്മിന്‍റെ ശ്രദ്ധമുഴുവന്‍.
കുടുംബശ്രീ പ്രവര്‍ത്തനത്തിനിടയില്‍ മനസ്സില്‍ കണ്ണീരുവീഴ്ത്തിയ കാഴ്ചകളില്‍ ഒന്നായിരുന്നു ഭിന്നശേഷിക്കാരായ കുട്ടികളും അവരെ പോറ്റാനായി പാടുപെടുന്ന അവരുടെ മാതാപിതാക്കളും. തെന്നല പഞ്ചായത്തില്‍ മാത്രം ഇരുന്നൂറ്റി എണ്‍പത്തിയഞ്ചു പേര്‍. ആ അറിവ് വലിയൊരു ഞെട്ടലായിരുന്നു. ഇങ്ങനെയുള്ള രണ്ടും മൂന്നും കുട്ടികളുള്ള വീടുകള്‍ പോലുമുണ്ട്.
കുറഞ്ഞത് 36,000 രൂപയാണ് ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പിന് മാസം യാസ്മിന് ചെലവ്. പലരില്‍ നിന്നും കടം വാങ്ങിയും നെല്ല് വിളഞ്ഞാല്‍ പകരം നല്‍കാമെന്നുമൊക്കെ പറഞ്ഞുമാണ് യാസ്മിന്‍ വായ്പ വാങ്ങുന്നത്.
ഇതു തിരിച്ചറിഞ്ഞാണ് യാസ്മിന്‍ ഈ കുട്ടികള്‍ക്കായി സ്‌കൂള്‍–ബ്ലൂംസ്–ആരംഭിക്കുന്നത്. പകല്‍ സമയം കുട്ടികളെ നോക്കാനൊരിടമൊരുക്കിയാല്‍ അമ്മമാര്‍ക്കും സ്വസ്ഥമായി ജോലിക്കു പോകാമല്ലോ എന്ന ചിന്തയായിരുന്നു പിന്നില്‍.
തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് എന്ന സ്ഥാപനത്തെ മികച്ച കൈകളില്‍ത്തന്നെ ഏല്‍പ്പിച്ച ശേഷം യാസ്മിന്‍ പതിയെ പിന്‍വാങ്ങുന്നത് ഈ കുട്ടികളുടെയടുത്തേക്കാണ്. പലയിടത്തു നിന്നുമുള്ള അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ക്കു വേണ്ടി യാസ്മിനെ സമീപിക്കുന്നുമുണ്ട്.
കുറഞ്ഞത് 36,000 രൂപയാണ് ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പിന് മാസം യാസ്മിന് ചെലവ്. പലരില്‍ നിന്നും കടം വാങ്ങിയും നെല്ല് വിളഞ്ഞാല്‍ പകരം നല്‍കാമെന്നുമൊക്കെ പറഞ്ഞുമാണ് യാസ്മിന്‍ വായ്പ വാങ്ങുന്നത്. രണ്ടറ്റവും കൂട്ടിമുട്ടുന്നില്ല. പക്ഷേ ലക്ഷങ്ങളുടെ കടക്കാരിയായപ്പോഴും ഇല്ലായ്മകള്‍ പറയാന്‍ യാസ്മിന്‍ തയ്യാറല്ല. തന്‍റെ കുഞ്ഞുങ്ങളുടെ അന്നം ദൈവം മുടക്കില്ലെന്നാണ് ചോദിക്കുന്നവരോടൊപ്പം യാസ്മിന്‍ പറയുന്നത്.
തന്‍റെ കൃഷിയില്‍ നിന്നുള്ള വരുമാനമെല്ലാം ഭിന്നശേഷിക്കാരായ കുട്ടികളെ പോറ്റുന്നതിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. കുടുംബശ്രീ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ സി കെ ഹേമലതയുടെ ഭാഷയില്‍ പറഞ്ഞാല്‍ സേവനത്തിന് സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച ഇതുപോലൊരു യുവതിയെ ഇക്കാലത്ത് കാണുക പ്രയാസം.
ആശ്രയ പദ്ധതിയില്‍ വീട് ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കായി യാസ്മിന്‍ കണ്ടെത്തിയ പദ്ധതിയായിരുന്നു സ്പര്‍ശം. കക്കൂസ് നിര്‍മ്മാണം, ചികിത്സാധനസഹായം, സര്‍ക്കാര്‍സഹായം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനായി സേവാശ്രീ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി, ഓണത്തിന് പൂകൃഷി, പച്ചക്കറി കൃഷി തുടങ്ങീ ഒന്‍പതോളം ഉല്‍പന്നങ്ങള്‍.
ഭിന്നശേഷിക്കാരായ തന്‍റെ 36 മക്കളെ സ്വയം പര്യാപ്തതയിലെത്തിക്കണം. അവരെ തൊഴില്‍ പഠിപ്പിച്ച് അവരുടെതായ ഒരു ഉല്‍പ്പന്നം പുറത്തിറക്കലാണ് അടുത്ത ലക്ഷ്യം
ആരുടെയും സഹായമില്ലാതെ ഭിന്നശേഷിക്കാരായ തന്‍റെ 36 മക്കളെ സ്വയം പര്യാപ്തതയിലെത്തിക്കണം. അവരെ തൊഴില്‍ പഠിപ്പിച്ച് അവരുടെതായ ഒരു ഉല്‍പ്പന്നം പുറത്തിറക്കലാണ് അടുത്ത ലക്ഷ്യമെന്ന് പറയുമ്പോള്‍ യാസ്മിന്‍റെ മുഖത്ത് വിരിയുന്നത് നിശ്ചയദാര്‍ഢ്യത്തിന്‍റെ കരുത്ത്.
ഗ്രാമത്തിലെ അവസ്ഥ വച്ച് നോക്കുമ്പോള്‍ കുട്ടികളെ രാത്രി കൂടി സംരക്ഷിക്കേണ്ട ഷെല്‍ട്ടര്‍ ആവശ്യമാണ്. ഭുമിയുണ്ടെങ്കില്‍ കെട്ടിടം വച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതില്‍ തന്‍റെ കുട്ടികളുടെതായി ഒരു വിപണന കേന്ദ്രം തുറക്കണം. അവര്‍ക്കായി സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കണം, പറഞ്ഞു നിര്‍ത്തുമ്പോള്‍ യാസ്മിന്‍റെ കണ്ണുകളില്‍ നിറയെ പ്രതീക്ഷയും ആത്മവിശ്വാസവും. ആ ശബ്ദത്തില്‍ ഇടര്‍ച്ചയേയില്ല.
സ്വകാര്യമായ ചില ആഗ്രഹങ്ങള്‍ കൂടിയുണ്ട്, യാസ്മിന്. പത്താംക്ലാസ്സില്‍ നിലച്ചുപോയ പഠനം സാക്ഷരതാ മിഷന്‍റെ സഹായത്തോടെ തുടര്‍ന്നു. പത്താംക്ലാസ്സും പ്ലസ്ടു തുല്യതാ പരീക്ഷയും പാസ്സായി. ഇനിയും പഠിക്കണം, ഡിഗ്രിയും ഡോക്ടറേറ്റും നേടണം. പി എച്ച് ഡി ക്കുള്ള പഠന വിഷയവും യാസ്മിന്‍റെ മനസ്സില്‍ വ്യക്തമായുണ്ട്–ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠനവിധേയമാക്കുന്ന ഒരു പ്രബന്ധം.
ധീരയായ ആ മകള്‍ക്ക് പിന്തുണയായി പിതാവ് അരിമ്പ്ര അലവിയും മാതാവ് പൈനാട്ട് കദീജയും കൂടെയുണ്ട്, ഒപ്പം ഒരു ഗ്രാമം മുഴുവനും.