കലാപങ്ങള്‍ എങ്ങനെ നിയന്ത്രിക്കണം? മുംബൈ നിന്നുകത്തിയപ്പോഴും തൊട്ടടുത്ത് നിരന്തര സംഘര്‍ഷങ്ങളുടെ ദുഷ്‌പേരുള്ള നഗരത്തില്‍ തീപ്പൊരി വീഴാതെ കാത്ത പൊലീസ് ഓഫീസര്‍ സംസാരിക്കുന്നു

അക്രമത്തില്‍ പങ്കെടുത്തവരില്‍ അധികം പേരും ചെറുപ്പം മുതല്‍ തന്നെ അന്യസമുദായക്കാരെ ശത്രുതയോടെയും സംശയത്തോടെയും കാണാന്‍ പഠിപ്പിക്കപ്പെട്ടവരായിരുന്നു.

മുംബൈയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ വടക്കുകിഴക്കാണ് വ്യവസായ മേഖലയായ ഭിവണ്ടി നഗരം. 1980-കളുടെ അവസാനം വരെ നിരന്തരമായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലും കലാപങ്ങളിലും ഒരുപാട് ദുരിതമനുഭവിച്ച പ്രദേശം.

1965, 1968, 1970, 1984 എന്നീ വര്‍ഷങ്ങളില്‍ വലിയ കലാപങ്ങള്‍ ഇവിടെ നടന്നു. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിന് പുറമെ ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ സംഘര്‍ഷങ്ങളിലും ജീവനും സ്വത്തും സ്വസ്ഥതയും നഷ്ടപ്പെട്ട ജനത. 1984-ല്‍ നടന്ന കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കേണ്ടി വന്നു.

കലാപകാരികളെയും തീവെപ്പുകാരെയും കണ്ടുപിടിക്കാനും ശിക്ഷിക്കാനും പൊലീസും ജുഡീഷ്യറിയും അമ്പേ പരാജയപ്പെട്ടു. 1984-ലെ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് 962 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസുകള്‍ പരിഗണിക്കാന്‍ ഒരു പ്രത്യേക കോടതിയെ നിയോഗിച്ചു. അത് 16 മാസം പ്രവര്‍ത്തിച്ചു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം: Karnival.com

1988-ല്‍ ഭിവണ്ടിയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (ഡി സി പി) ആയി നിയമിക്കപ്പെട്ട സുരേഷ് ഖോപഡെ അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പ്രതികളാക്കപ്പെട്ട 962 പേരില്‍ 961 പേരെയും കോടതി വെറുതെ വിട്ടു. ഒരാളുടെ കുറ്റം മാത്രമാണ് തെളിഞ്ഞത്. അയാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും 2,000 രൂപ പിഴയും വിധിച്ചു. അപ്പീല്‍ പോയ അയാളും ഒടുവില്‍ ശിക്ഷ കൂടാതെ പുറത്തിറങ്ങി.

സുരേഷ് ഖോപഡെ

എണ്‍പതുകളില്‍ മൂര്‍ധന്യത്തിലെത്തിയ വര്‍ഗ്ഗീയ ധ്രുവീകരണം അതേപോലെ തുടരുന്നത് അനുവദിക്കാനാവില്ലെന്ന് സുരേഷ് ഖോപഡെ മനസ്സിലുറപ്പിച്ചു.

അങ്ങനെയാണ് കമ്യൂണിറ്റി പൊലീസിങ്ങിനായി മൊഹല്ല കമ്മിറ്റികള്‍ (അയല്‍ക്കൂട്ടങ്ങള്‍) എന്ന ആശയം അദ്ദേഹം പരീക്ഷിക്കുന്നത്. 1988-ലാണ് അത്.  പൊലീസിന്‍റെ മുന്‍കൈയ്യില്‍ അങ്ങനെയൊരു സാമൂഹ്യപരീക്ഷണം ആദ്യത്തേതായിരുന്നു.

ആ പരീക്ഷണത്തിന്‍റെ ശരിക്കുമുള്ള വിജയം മനസ്സിലായത് 1992-93 കാലത്ത് മുംബൈ കത്തിയമര്‍ന്നപ്പോഴാണ്. മഹാനഗരത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഭിവണ്ടി ശാന്തമായിരുന്നു. ഒരാള്‍ക്ക് പോലും ജീവഹാനി ഉണ്ടായില്ല!

1993-ല്‍ പ്രസിഡണ്ടിന്‍റെ ഗാലന്‍റ്റി മെഡല്‍ നല്‍കി ഖോപഡെയെ രാജ്യം ആദരിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനുമായി ദ് ബെറ്റര്‍ ഇന്‍ഡ്യ കഴിഞ്ഞ ആഴ്ച സംസാരിച്ചു.

പൂനെയില്‍ ജനിച്ചുവളര്‍ന്ന ഖോപഡെ അഗ്രികള്‍ച്ചറല്‍ സയന്‍സ് ബിരുദധാരിയാണ്. അതിന് ശേഷം മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായി 1978-ല്‍ സംസ്ഥാന പൊലീസില്‍ പ്രവേശിച്ചു.

ആദ്യത്തെ പോസ്റ്റിങ്ങ് റായ്ഗഡ് ജില്ലയിലെ പന്‍വേല്‍ എന്ന സ്ഥലത്തെ ഡി വൈ എസ് പി ആയിട്ടായിരുന്നു. അവിടെ വെച്ച് പ്രദേശത്ത് ഭീതി പടര്‍ത്തിയിരുന്ന രണ്ട് കൊള്ളക്കാരുമായി ഭീകരമായ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായി. അതില്‍ നെഞ്ചിലും കാലിലും തുടയിലും അദ്ദേഹത്തിന് വെടിയുണ്ടയേറ്റു.  എങ്കിലും രണ്ട് കൊള്ളക്കാരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

സുരേഷ് ഖോപഡെ

അതിന് ശേഷം അദ്ദേഹത്തിന് ഡി സി പി ആയി പ്രൊമോഷന്‍ കിട്ടുകയും സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ഇന്‍റെലിജെന്‍സ് വിങ്ങില്‍ നിയമിക്കുകയും ചെയ്തു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേക ദൗത്യം.

“വര്‍ഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യമിതാണ്. കലാപങ്ങളില്‍ പൊലീസ് തീകെടുത്തുന്ന ജോലി മാത്രമാണ് ചെയ്യുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടുവെന്ന വാര്‍ത്ത കിട്ടുമ്പോള്‍ അ്‌ങ്ങോട്ട് പോവുക, കലാപകാരികളെ പിരിച്ചുവിടാന്‍ ലാത്തിയോ തോക്കോ, കണ്ണീര്‍വാതകമോ മറ്റ് മാര്‍ഗ്ഗങ്ങളോ ഉപയോഗിക്കുക, അറസ്റ്റ് ചെയ്യുക. അതിന് ശേഷം അന്വേഷണം, ചാര്‍ജ്ജ് ഷീറ്റുകള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസുകാര്‍ മടങ്ങുന്നു. അതല്ലാതെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ മുന്‍കൂട്ടി തടയാനുള്ള ഒരു കാര്യവും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. കലാപങ്ങള്‍ വ്യാപിക്കുന്നത് തടയുക മാത്രമാണ് അവരുടെ ജോലി,” അദ്ദേഹം പറയുന്നു.

ഖോപഡെയെ ഭിവണ്ടിയില്‍ ഡി സി പി ആയി നിയമിക്കുന്ന കാലത്ത് ഒട്ടുമിക്ക ഓഫീസര്‍മാരും അവിടേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരായിരുന്നു. കാരണം, വര്‍ഗ്ഗീയ കലാപങ്ങളിലൂടെ പ്രദേശത്തിന് കിട്ടിയ കുപ്രസിദ്ധി തന്നെ.


അവിടെ ചാര്‍ജ്ജ് എടുത്ത് അധികം വൈകാതെ തന്നെ 1984-ലെ കലാപവുമായി ബന്ധപ്പെട്ട കേസ് ഡയറികളെടുത്ത് പരിശോധിച്ചു.


“കേസ് ഡയറികള്‍ വിശദമായി പഠിച്ചശേഷം കലാപത്തിന്‍റെ ഇരകളായ ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും വീടുകളില്‍ ഞാന്‍ പോയി. അവരുടെയെല്ലാം ഹൃദയം മരവിപ്പിക്കുന്ന കഥകള്‍ കേട്ടു. ഉറ്റവരെ നഷ്ടപ്പെട്ട കലാപത്തിന്‍റെ വേദന മുഴുവന്‍ അവര്‍ പങ്കുവെച്ചു. എന്തുകൊണ്ടാണ് അവരെയെല്ലാം ലക്ഷ്യം വെച്ചതെന്നും കൊല ചെയ്തതെന്നും അറിയാനായിരുന്നു ഞാന്‍ ശ്രമിച്ചത്.

മൊഹല്ലയുടെ ആദരം (കടപ്പാട്: Youtube)

“കലാപത്തിന് ശേഷം രാഷ്ട്രീയക്കാര്‍ അതിന് പിന്നിലെ ‘വിദേശ കരങ്ങളെ’ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. മുംബൈയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത് നഗരത്തില്‍ നിന്നുള്ള കുറ്റവാളികള്‍ കൂട്ടമായി ഭിവണ്ടിയിലെത്തി നാശം വിതച്ചുവെന്നാണ്. എന്നാല്‍ കേസ് ഡയറികളും ഇരകളുടെ ബന്ധുക്കളും മറ്റൊരു കഥയാണ് പറഞ്ഞത്. കൊല ചെയ്തവര്‍ പ്രദേശവാസികളോ അയല്‍ക്കാരോ തന്നെയായിരുന്നുവെന്നും കലാപത്തിന് പിന്നില്‍ ആ നാട്ടിലുള്ളവര്‍ തന്നെയായിരുന്നുവെന്നും അവര്‍ ഉറപ്പിച്ചുപറഞ്ഞു.”

കലാപക്കേസുകളില്‍ പ്രതികളായിരുന്ന 243 പേരെക്കുറിച്ച് അദ്ദേഹം പഠിച്ചു. അതില്‍ 3.8% പേര്‍ക്ക് മാത്രമേ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവരെല്ലാം സാധാരണ മനുഷ്യരായിരുന്നു.

അദ്ദേഹം അവരുടെ സാമ്പത്തിക പശ്ചാത്തലം കൂടി മനസ്സിലാക്കാന്‍ ശ്രമിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ 95 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരായിരുന്നു. കലാപത്തില്‍ പങ്കെടുത്ത് കൊലനടത്തിയെന്ന് ആരോപിക്കപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടവരില്‍ 63% പേരും അതേ സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നും വന്നവര്‍ തന്നെ.

അക്രമത്തില്‍ പങ്കെടുത്തവരില്‍ അധികം പേരും ചെറുപ്പം മുതല്‍ തന്നെ അന്യസമുദായക്കാരെ ശത്രുതയോടെയും സംശയത്തോടെയും കാണാന്‍ പഠിപ്പിക്കപ്പെട്ടവരായിരുന്നു.

“ഈ വിവരങ്ങളാണ് ഒരേ പ്രദേശത്ത് താമസിക്കുന്ന പല വിഭാഗം ജനങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനുമുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ പ്രേരിപ്പിച്ചത്,” ഖോപഡെ വിശദമാക്കുന്നു.

1988-ല്‍ പൊലീസിന്‍റെ പിന്തുണയോടെ പ്രദേശത്ത് 70 മൊഹല്ല കമ്മിറ്റികള്‍ രൂപീകരിച്ചു. കമ്മിറ്റികളില്‍ അതത് പ്രദേശങ്ങളില്‍ നിന്നുള്ള ഹിന്ദു-മുസ്ലീം സമുദായങ്ങളില്‍ പെട്ട 50 പേര്‍ വീതമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ വന്നിരുന്നു. അവരില്‍ ടാക്‌സി ഡ്രൈവര്‍മാര്‍, റിക്ഷ വലിക്കുന്നവര്‍, നെയ്ത്തുകാര്‍, കൃഷിക്കാര്‍, ഡോക്റ്റര്‍മാര്‍, അധ്യാപകര്‍ തുടങ്ങി ജീവിതത്തിന്‍റെ പല തുറകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മൊഹല്ല കമ്മിറ്റി യോഗം (കടപ്പാട്: Youtube)

തികഞ്ഞ വര്‍ഗ്ഗീയവാദികള്‍, 84-ലെ കലാപത്തില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരെ മാത്രം മാറ്റിനിര്‍ത്തി. കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നത് (എല്ലായ്‌പ്പോഴും) ഹെഡ് കോണ്‍സ്റ്റബിളോ അതിന് താഴെ റാങ്കുള്ളവരോ ആയ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. അവരാണ് ഓരോ പ്രദേശത്തും മൊഹല്ല കമ്മിറ്റികള്‍ രണ്ടാഴ്ച കൂടുമ്പോള്‍ വിളിച്ചുകൂട്ടാന്‍ ചുമതലപ്പെട്ടിരുന്നത്. ഏതെങ്കിലും പൊതുസ്ഥലത്തായിരിക്കും മീറ്റിങ്ങുകള്‍.

ഇത്തരം യോഗങ്ങളില്‍ പ്രദേശവാസികള്‍ അവര്‍ നേരിടുന്ന എന്ത് പ്രശ്‌നവും തുറന്നു സംസാരിച്ചു. വികസനപ്രശ്‌നങ്ങള്‍ മുതല്‍ വര്‍ഗ്ഗീയ വാദികളുണ്ടാക്കുന്ന പ്രശ്‌നങ്ങളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ചര്‍ച്ചയ്ക്കുവന്നു.

“ചെറിയ പരാതികളും കേസുകളുമെല്ലാം മൊഹല്ല കമ്മിറ്റികളില്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികളില്‍ 95 ശതമാനവും ചെറിയ തര്‍ക്കങ്ങളും മറ്റുമായിരിക്കും–വെള്ളം പങ്കുവെക്കുന്നതിലെ തര്‍ക്കങ്ങള്‍, കുട്ടികളെച്ചൊല്ലിയുള്ള വഴക്കുകള്‍, സ്വത്ത്-അതിരുതര്‍ക്കങ്ങള്‍ അങ്ങനെയങ്ങനെ. എന്നാല്‍ ഇത്തരം ചെറിയ തര്‍ക്കങ്ങളാണ് പല വലിയ കുറ്റകൃത്യങ്ങള്‍ക്കും വഴിവെക്കുക.”

തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ പല വലിയ കുറ്റകൃത്യങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദഹം കൂട്ടിച്ചേര്‍ക്കുന്നു.

അതുമാത്രമല്ല, മുനിസിപ്പാലിറ്റിയില്‍ നിന്നും നടത്തിക്കിട്ടേണ്ട പല കാര്യങ്ങള്‍ക്കും നാട്ടുകാരെ പൊലീസ് സഹായിച്ചു. ഒപ്പം പ്രദേശങ്ങളിലെ അടിസ്ഥാനപരമായ വികസനപ്രശ്‌നങ്ങളിലും ഇടപെടലുകളുണ്ടായി. ഇതിനൊക്കെപ്പുറമെ മൊഹല്ല  കമ്മിറ്റികളിലൂടെ പല വിഭാഗങ്ങളിലുള്ള ജനങ്ങള്‍ തമ്മില്‍ ഒരൈക്യവും പരസ്പരസഹകരണവുമൊക്കെ ഉണ്ടായി.

രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ഖോപടെ ചൂണ്ടിക്കാണിക്കുന്നു:
“ഒന്ന് റാം ലാലും അബ്ദുല്ലയും അടുത്തിരിക്കാന്‍ തുടങ്ങിയെന്നും തെറ്റിദ്ധാരണകള്‍ മറന്ന് ചങ്ങാത്തത്തിലായി എന്നതുമാണ്. അബ്ദുല്ലയ്ക്ക് അഞ്ച് ഭാര്യമാരും വീടുനിറയെ കുട്ടികളുമുണ്ടെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് റാംലാല്‍ മനസ്സിലാക്കി. തന്നെപ്പോലെ തന്നെ ഒരു ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബമാണ് അബ്ദുല്ലയുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്‍ഡ്യയിലുള്ള മുസ്ലീംകളേയെല്ലാം തുരത്തണമെന്ന് ആഗ്രഹിക്കുന്ന ആളല്ല രാംലാല്‍ എന്ന് അബ്ദുല്ലയും തിരിച്ചറിഞ്ഞു. രണ്ടുപേരും കുടുംബം പോറ്റാനും വെള്ളത്തിന്‍റെയും കറന്‍റിന്‍റെയും ബില്ലടയ്ക്കാനുമൊക്കെ പാടുപെടുന്നവര്‍ തന്നെയാണെന്ന് അവര്‍ പരസ്പരം മനസ്സിലാക്കി.”

ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു.

മൊഹല്ല കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനാവുന്ന പൊലീസുകാരന്‍ അതത് പ്രദേശങ്ങളിലെ പലതരത്തില്‍ പെട്ട മനുഷ്യരുമായി അടുത്ത ചങ്ങാത്തത്തിലായി. ഇത് ഇന്‍റെലിജന്‍സ് വിവരശേഖരണത്തില്‍ വലിയ സഹായമായി. ആളുകള്‍ സ്വമേധയാ പൊലീസിന് വിവരങ്ങള്‍ കൈമാറാന്‍ തുടങ്ങി.

പ്രദേശത്തെ വിവാഹങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമൊക്കെ ഈ പൊലീസുകാരനെ ജനങ്ങള്‍ ക്ഷണിക്കാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം അവരുടെ ഒരാളായി മാറി.

ഡി സി പി ഖോപഡെയ്ക്ക് 1992-ല്‍ ഭിവണ്ഡിയില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി. പിന്നീട് വന്ന ഗുലാബ് റാവു പോളും അദ്ദേഹം തുടങ്ങിവെച്ച പദ്ധതി തുടര്‍ന്നു.


മുംബൈയില്‍ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ ഭിവണ്ടിയിലെ മൊഹല്ല കമ്മിറ്റികള്‍ ഒത്തുകൂടി. പ്രദേശത്ത് ഒരുതരി തീ വീഴാതിരിക്കാന്‍ അവര്‍ ജാഗരൂകരായി.


മൊഹല്ല കമ്മിറ്റി അധ്യക്ഷനായ കോണ്‍സ്റ്റബിളിന്‍റെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തും ശക്തമായ പട്രോളിങ്ങ് തുടര്‍ന്നു.

പ്രശ്‌നമുണ്ടാവാനുള്ള സാധ്യത, ആയുധങ്ങള്‍ സംഭരിക്കുന്നവര്‍, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നിവരെക്കുറിച്ചെല്ലാം പൊലീസിന് അപ്പപ്പോള്‍ വിവരം കിട്ടിക്കൊണ്ടിരുന്നു.

മൊഹല്ല കമ്മിറ്റി യോഗത്തില്‍ സംസാരിക്കുന്ന ഖോപഡെ (കടപ്പാട്: Youtube)

“പുറത്ത് എന്തുവേണമെങ്കിലും സംഭവിക്കട്ടെ ഞങ്ങളുടെ ചുറ്റുവട്ടത്ത് ഒരു പ്രശ്‌നവും ഉണ്ടാകാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു മൊഹല്ല കമ്മിറ്റികള്‍. ഒന്നോ രണ്ടോ പ്രദേശത്ത് ചെറിയ കയ്യേറ്റങ്ങളുണ്ടായതൊഴിച്ചാല്‍ ഭിവണ്ടി ശാന്തമായി തുടര്‍ന്നു. അതേ സമയം അധികം ദൂരെയല്ലാതെ മുംബൈ നഗരം കത്തുകയായിരുന്നു. ആയിരങ്ങള്‍ കൊല്ലപ്പെട്ടു, സ്വത്തും ഉപജീവനമാര്‍ഗ്ഗങ്ങളും നശിപ്പിക്കപ്പെട്ടു,” ഖോപടെ ഓര്‍ക്കുന്നു.

ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച കര്‍സേവയ്ക്ക് മുന്‍പ് തന്നെ പ്രശ്‌നസാധ്യത കണക്കിലെടുത്ത് പൊലീസ് നടപടികള്‍ സ്വീകരിക്കുകയും മൊഹല്ല കമ്മിറ്റികളെ ജാഗ്രതയോടെ നിര്‍ത്തുകയും ചെയ്തു. എന്‍ സി സി കാഡറ്റുകളെക്കൂടി ഉള്‍പ്പെടുത്തി പൊലീസ് റൂട്ട് മാര്‍ച്ച് നയിച്ചു. സമാധാനയോഗങ്ങളും കൂടിച്ചേരലുകളും നടത്തി.

ഡിസംബര്‍ ആറ് ആയപ്പോഴേക്കും ഭിവണ്ടി എന്തുവന്നാലും പ്രകോപിതരാവാതിരിക്കാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഒരു പൊലീസ് പിക്കറ്റ് വാഹനത്തിന് നേരെ മൂന്ന് ചെറുപ്പക്കാര്‍ കല്ലെറിഞ്ഞതില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരുക്ക് പറ്റിയതല്ലാതെ മറ്റൊന്നും അവിടെ സംഭവിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മൊഹല്ല കമ്മിറ്റികള്‍ പിന്നീട് പല പേരുകളില്‍ ഇന്‍ഡ്യയിലൂടനീളം വിജയകരമായി പരീക്ഷിക്കപ്പെട്ടു.

“ഭിവണ്ടി പരീക്ഷണം സമാധാനവും സമുദായ ഐക്യവും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നില്ല. അത് പൊലീസ് സംവിധാനത്തെ മൊത്തത്തില്‍ മാറ്റുന്നതിനുള്ള ഒരു ശ്രമം കൂടിയായിരുന്നു. കോണ്‍സ്റ്റബിളുമാര്‍ക്ക് തീരുമാനമെടുക്കുന്നതിന് കൂടുതല്‍ അധികാരം നല്‍കുകയും അവര്‍ക്ക് ജനങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാവുകയും ചെയ്തു. കോണ്‍സ്റ്റബിളുമാരെ ശാക്തീകരിക്കുകയാണ് വേണ്ടത്, കാരണം അവരാണ് സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്,” ഖോപടെ പറഞ്ഞു.

ഭിവണ്ടിയിലെ വിജയത്തിന് ശേഷം മൊഹല്ല കമ്മിറ്റി പരീക്ഷണത്തെക്കുറിച്ച് സുരേഷ് ഖോപടെ മറാത്തിയില്‍ ഒരു പുസ്തകം എഴുതി. അത് പിന്നീട് ‘Why Mumbai Burned…And Bhiwandi Did Not’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.


ഇതുകൂടി വായിക്കാം: പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം