കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക്

15 രൂപയ്ക്കും 25 ഉം രൂപയ്ക്കും ഫാര്‍മസികളില്‍ വില്‍ക്കുന്ന മാസ്കുകളാണ് രണ്ട് രൂപയ്ക്ക് വിറ്റത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുകയോ വില്‍ക്കാതെ പൂഴ്ത്തി വയ്ക്കുകയോ അല്ലല്ലോ വേണ്ടത്.

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഐസോലേഷന്‍ വാര്‍ഡിലോ ഒബ്സര്‍വേഷന്‍ വാര്‍ഡിലോ ആള് കുറവുണ്ടേല്‍ അറിയിച്ചാല്‍ വരാന്‍ തയ്യാറായി നില്‍ക്കുന്ന നഴ്സുമാര്‍.

കൊറോണ ലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകാന്‍ ആംബുലന്‍സോ അവര്‍ കഴിയുന്ന ആശുപത്രിയിലേക്ക് പോകാന്‍ വാഹനമോ നല്‍കാന്‍ തയാറാണെന്ന് അറിയിക്കുന്ന ഡ്രൈവര്‍മാര്‍.  പ്രളയത്തെ നേരിട്ട അതേ മനസ്സോടെ ഒരുമിച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍ ഇനി ഈ രണ്ടു പേരും കൂടി.

കാസര്‍ഗോഡുകാരനായ പി കെ തസ്ലീമും മലപ്പുറം സ്വദേശിയായ എം വി നദീമും. കൊറോണ ഭീതിയില്‍ മാസ്കുകള്‍ക്ക് വില കുതിച്ചുയര്‍ന്നപ്പോള്‍ ലാഭമെടുക്കാതെ, വില കുറച്ചു മാസ്കുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ മുന്നോട്ടുവന്നവരാണ് ഈ ചെറുപ്പക്കാര്‍.

ഇവരുടെ കൊച്ചിന്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനത്തില്‍ മാസ്ക് ഒന്നിന് വെറും രണ്ട് രൂപയ്ക്കാണ് വില്‍ക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 5,000 മാസ്കുകളാണ് വിറ്റു പോയത്. എറണാകുളം പച്ചാളത്ത് ലൂര്‍ദ് ആശുപത്രിക്ക് മുന്നിലാണ് ഇവരുടെ സ്ഥാപനം.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

സാധാരണക്കാര്‍ക്കും രോഗികള്‍ക്കും മാത്രമല്ല ആശുപത്രിയിലേക്കും ഇവര്‍ ആ വിലയ്ക്ക് തന്നെ മാസ്കുകള്‍ നല്‍കി.

നദീമും തസ്ലീമും

“ഞങ്ങള്‍ രണ്ട് ദിവസം മുന്‍പാണ് മാസ്കുകള്‍ക്ക് വില കുറച്ചു വിറ്റത്,” കൊച്ചിന്‍ സര്‍ജിക്കല്‍സിന്‍റെ പാര്‍ട്ണര്‍മാരിലൊരാളായ തസ്ലീം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“മാസ്കുകള്‍ പൂഴ്ത്തിവയ്ക്കുകയും വില കൂട്ടി വില്‍ക്കുകയുമൊക്കെ ചെയ്യുന്നവെന്ന വാര്‍ത്തകളൊക്കെ കേട്ടിരുന്നു. ഫാര്‍മസികളില്‍ പരിശോധനയും നടത്തിയിരുന്നല്ലോ.

“ആ സമയത്ത് ഐസോലേഷന്‍ വാര്‍ഡിലുള്ളവര്‍ക്കും കൊറോണ സംശയിക്കുന്നവര്‍ക്കുമൊക്കെ മാസ്ക് കിട്ടാനില്ലായിരുന്നു. ആ സാഹചര്യത്തിലാണ് മാസ്ക് വില കുറച്ചു വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.


ഹോള്‍‍സെയില്‍ ഷോപ്പില്‍ നിന്നു എട്ടു രൂപയ്ക്കും ഒമ്പത് രൂപയ്ക്കും വാങ്ങിച്ച മാസ്കുകളാണ് രണ്ട് രൂപയ്ക്ക് വിറ്റത്.


“15 രൂപയ്ക്കും 25 ഉം രൂപയ്ക്കും ഫാര്‍മസികളില്‍ വില്‍ക്കുന്ന മാസ്കുകളാണ് രണ്ട് രൂപയ്ക്ക് വിറ്റത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുകയോ വില്‍ക്കാതെ പൂഴ്ത്തി വയ്ക്കുകയോ അല്ലല്ലോ വേണ്ടത്. ആളുകള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്നു തോന്നി.

“രണ്ട് രൂപയ്ക്ക് ഞങ്ങള് മാസ്ക് വില്‍ക്കുന്നത് കണ്ടിട്ട് മറ്റുള്ളവര്‍ക്കും വില കുറച്ചു വില്‍ക്കണമെന്നു തോന്നിയാല്‍ നല്ലതല്ലേ. ആര്‍ക്കും മാസ്ക് കിട്ടാത്ത ഒരു അവസ്ഥയും ഉണ്ടാകില്ലല്ലോ. എല്ലാവര്‍ക്കും ഉപകാരപ്പെടുമെന്ന തോന്നലില്‍ തന്നെയാണ് വില കുറച്ചു വിറ്റത്.

“ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങളെക്കൊണ്ടു സാധിക്കുന്ന പോലെ ഒരു സഹായം ചെയ്തൂവെന്നേയുള്ളൂ,” അദ്ദേഹം പറയുന്നു.

സൗജന്യമായി മാസ്ക് വിതരണം ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ട് എന്ന് തസ്ലീം കൂട്ടിച്ചേര്‍ക്കുന്നു

“കാശൊന്നും ഇല്ല മാസ്കിനെന്നു കേട്ടാല്‍ ആവശ്യക്കാര്‍ മാത്രമല്ല ആവശ്യമില്ലെങ്കിലും ഫ്രീയല്ലേ വാങ്ങിയേക്കാം എന്നു കരുതുന്നവരും വരും. അതൊരു വലിയ ആള്‍ക്കൂട്ടമാകും. തിരക്കാകും, ബഹളമാകും. വെറുതേ കിട്ടിയതു ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നു തോന്നി.


ഇതുകൂടി വായിക്കാം: ‘വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന്‍ തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ


“മാത്രമല്ല നമ്മള്‍ മാത്രം സൗജന്യമായി വില്‍ക്കുകയാണെങ്കില്‍ മറ്റു ഫാര്‍മസി ഉടമകളെയും അതു ബാധിക്കുമല്ലോ. ഞങ്ങളുടെ അസോസിയേഷനിലും അതൊരു പ്രശ്നമാകും. അതുകൊണ്ടാണ് വില കുറച്ചു വില്‍ക്കാന്‍ തീരുമാനിച്ചത്.” തസ്ലീം വ്യക്തമാക്കി.

“കൊറോണ ഇല്ലാത്ത സാഹചര്യത്തില്‍ മാസ്കിന് വലിയ വിലയൊന്നും ഇല്ല. ഹോള്‍ സെയില്‍ വിപണിയില്‍ രണ്ട് രൂപയ്ക്ക് താഴെ മാത്രമേ മാസ്കുകള്‍ക്ക് വിലയുണ്ടാകുമായിരുന്നുള്ളൂ.” കൊച്ചിന്‍ സര്‍ജിക്കല്‍സിന്‍റെ മറ്റൊരു പാര്‍ട്ണറായ നദീം പറയുന്നു.

“റ്റു-പ്ലേ മാസ്കും ത്രീ-പ്ലേ മാസ്കുമൊക്കെയുണ്ട്. ത്രീ-പ്ലേ മാസ്കിന്‍റെ മധ്യഭാഗത്ത് ഒരു ഫില്‍ട്ടര്‍ കൂടിയുണ്ടാകും. കെട്ടി വയ്ക്കാവുന്നതും ചെവിയുടെ വശങ്ങളിലേക്ക് കയറ്റി വയ്ക്കാവുന്ന ഇലാസ്റ്റിക് മാസ്കുമൊക്കെയുണ്ട്.

“രണ്ടു രൂപയില്‍ താഴെയാണ് (മുന്‍പ്) ഇതിനെല്ലാം മൊത്ത വിപണിയില്‍ വില. കടകളില്‍ അഞ്ചു രൂപയ്ക്ക് കിട്ടുമായിരുന്നു. പക്ഷേ ഇപ്പോ സാഹചര്യം സാധാരണ പോലെ അല്ലല്ലോ. ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് മാസ്കുകള്‍ വേണ്ടി വന്നതോടെയാണ് വില കൂടിയത്.


മാസ്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ സാധാരണ മാസ്കുകള്‍ക്ക് ഡിമാന്‍റ് കൂടി, അങ്ങനെ വിലയും.


“കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന നിര്‍ദേശമൊക്കെ വന്നതോടെയാണ് മാസ്കിന്‍റെ വില പതിവിലും കൂടിയതായി പുറത്തറിയുന്നത്. അതോടെ സര്‍ക്കാരും നടപടി തുടങ്ങി.

“കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഒരു ദിവസം മൂന്നും നാലും മാസ്കുകള്‍ മാറ്റിമാറ്റി വയ്ക്കേണ്ടി വരും. അങ്ങനെയുള്ളവര്‍ക്ക് മാസ്ക് കിട്ടാതെ വന്നതും, പത്തനംതിട്ടയിലൊക്കെ മാസ്കിന് 30 രൂപയൊക്കെ വന്നതോടെയാണ് ‌ഞങ്ങള്‍ വില കുറച്ചു മാസ്കുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.

നമ്മളെ കൊണ്ടു പറ്റുന്നത് ഞങ്ങള്‍ ചെയ്തു അത്രേയുള്ളൂ.” നദീം പറഞ്ഞു.

കടയിലുണ്ടായിരുന്ന 5,000 മാസ്കുകളില്‍ 4,500 മാസ്കുകളാണ് രണ്ട് രൂപയ്ക്ക് വില്‍ക്കാന്‍ തസ്ലീമും നദീമും തീരുമാനിച്ചിരുന്നത്. 500 മാസ്കുകള്‍ ആശുപത്രിയിലേക്കും ഫാര്‍മസിയിലുള്ളവര്‍ക്കുമൊക്കെ കൊടുക്കാമെന്നു കരുതിയാണ് വച്ചത്.

പക്ഷേ ആ മാസ്കുകളും അവര്‍ രണ്ടു രൂപയ്ക്ക് വിറ്റു. അങ്ങനെ 5,000 മാസ്കുകളും വിറ്റു.

“രണ്ട് ദിവസത്തിന് ശേഷം ഏതാനും മാസ്കുകള്‍ കൂടി രണ്ടു രൂപയ്ക്ക് വിറ്റു. പെട്ടെന്നു ഈ സൗകര്യം അവസാനിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന തോന്നലിലാണ്. മൂന്നാമത്തെ ദിവസം ഈ വിലയ്ക്ക് മാസ്കുകള്‍ വിറ്റത്.” തസ്ലീം തുടരുന്നു.

“കഴിഞ്ഞ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രണ്ട് രൂപയ്ക്ക് മാസ്ക് വിറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പേ മാസ്കുകള്‍ പൂര്‍ണമായും തീര്‍ന്നു. രണ്ട് രൂപയ്ക്ക് മാസ്ക് കിട്ടുമെന്നറിഞ്ഞ് ആളുകള്‍ എത്തിത്തുടങ്ങിയതോടെ, ഒരാള്‍ക്ക് അഞ്ച് മാസ്ക് മാത്രമേ നല്‍കൂവെന്ന നിബന്ധന വച്ചു.

“അങ്ങനെ വന്നപ്പോ ഒരാള്‍ക്കൊപ്പം നാലഞ്ച് ആള്‍ക്കാര്‍ കൂടെ വരാന്‍ തുടങ്ങി. ഇതരസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളൊക്കെ ഇല്ലേ. അവരും മാസ്ക് വാങ്ങാനെത്തിയിരുന്നു.

ഇങ്ങനെയൊരു ചെറിയ തിരക്കും ബഹളവും പ്രശ്നങ്ങളുമൊക്കെയുണ്ടായി.

“പറ്റുന്നവര്‍ക്കൊക്കെ കൊടുത്തൂ. അത്ര തന്നെ. അങ്ങനെയൊരു സാഹചര്യമല്ലേ. ആരോടും തരില്ലെന്നു പറയാനൊന്നും പറ്റില്ലല്ലോ. സ്റ്റോക്ക് തീര്‍ന്ന ശേഷം ഇനി പുതിയ മാസ്കുകള്‍ എടുത്തു വില കുറച്ചു വില്‍ക്കാന്‍ തത്ക്കാലം ശ്രമിക്കുന്നില്ല,” തസ്ലീം കൂട്ടിച്ചേര്‍ത്തു.

സര്‍ജിക്കല്‍ മേഖലയില്‍  11 വര്‍ഷത്തെ  പരിചയമുള്ളയാളാണ് തസ്ലീം. 2013-ലാണ് ഫാര്‍മസി ആരംഭിച്ചത്. വിദേശത്തായിരുന്ന നദീം നാട്ടിലെത്തിയ ശേഷമാണ് ഫാര്‍മസിയുടെ പാര്‍ട്ണറായി തസ്ലീമിനൊപ്പം ചേര്‍ന്നത്.

“ഞങ്ങള്‍ അടുത്ത കൂട്ടുകാരാണ്. 11 വര്‍ഷം മുന്‍പ് സഹമുറിയന്‍മാരായിരുന്നു. ആ സൗഹൃദമാണ് ഇപ്പോഴും ഒരുമിച്ചു നിറുത്തുന്നത്. പച്ചാളത്ത് തന്നെയാണ് താമസിക്കുന്നത്. ഭാര്യ ഫിസിയോതെറാപ്പിസ്റ്റ് ഫാത്തിമ്മ.”

കുഴിവേലിപ്പടിയിലാണ് നദീം താമസിക്കുന്നത്. ഷഹനയാണ് ഭാര്യ. വീട്ടുകാരുടെ പിന്തുണയും ഇങ്ങനെയൊരു പ്രവര്‍ത്തിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തസ്ലീമും നദീമും പറഞ്ഞു.


ഇതുകൂടി വായിക്കാം:കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം