മക്കളുടെ വിജയം രാജ്യം ആഘോഷിച്ചപ്പോള്‍ പര്‍വീണ്‍ അക്തര്‍ അവര്‍ക്ക് പുറകില്‍ അമിതമായ ആഹ്ളാദമില്ലാതെ ഒതുങ്ങി നിന്നു; നിശ്ശബ്ദയായിരുന്നെങ്കിലും ആ അമ്മ ആഴത്തില്‍ സന്തോഷിച്ചു, അതിലേറെ അഭിമാനിച്ചു.
“എന്‍റെ കുട്ടികള്‍ നന്നായി വരുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും കാണുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല,” പര്‍വീണ്‍ പറഞ്ഞു.
മക്കള്‍ ഡോ. രഹാന ബഷീറിനെയും അമീര്‍ ബഷീറിനെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആ അമ്മ തന്നെ. രെഹാന ഇപ്പോള്‍ ഐ എ എസ് ഓഫീസറാണ്, അമീര്‍ ഇന്‍ഡ്യന്‍ റെവന്യൂ സര്‍വീസിലും.
അവരെ അവിടെയെത്തിച്ചതിന് പിന്നില്‍ ആ അമ്മയുടെ കഷ്ടപ്പാടുകള്‍ ഏറെയുണ്ട്.
അമ്മയില്‍ നിന്നാണ് ക്ഷമയുടേയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പാഠങ്ങള്‍ പഠിച്ചതെന്ന് മക്കള്‍ തുറന്നുപറയും. കാരണം, ജീവിതത്തില്‍ ഒരുപാട് തിരിച്ചടികളും പ്രയാസങ്ങളും കരുത്തോടെ നേരിട്ടാണ് പര്‍വീണ്‍ മക്കളെ വളര്‍ത്തിയത്.
ദ് ബെറ്റര്‍ ഇന്‍ഡ്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പര്‍വീണ്‍ അക്തര്‍ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളെപ്പറ്റി പറയുന്നു.
“വിവാഹത്തിന് മുന്‍പ് തന്നെ, 1985-ല്‍, എന്‍റെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍ പൂഞ്ചില്‍ നിന്ന് ജമ്മുവിലേക്ക് മാറി. മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയായിരുന്നു ആ മാറ്റം. സ്റ്റേറ്റ് ഫോറെസ്റ്റ് കോര്‍പറേഷനില്‍ മോട്ടോര്‍ മെക്കാനിക്കായി ജോലിക്ക് കയറി. പത്ത് വര്‍ഷത്തിലധികം എല്ലാം സന്തോഷകരമായിരുന്നു. ഞങ്ങള്‍ക്ക് പരാതികളേ ഇല്ലായിരുന്നു,” പര്‍വീണ്‍ പറയുന്നു.
കൃഷി വകുപ്പില്‍ ഹെഡ് അസിസ്റ്റന്‍റായി പര്‍വീണും ജോലി ചെയ്യുന്നുണ്ടായിരുന്നു.
രണ്ടാമത്തെ കുട്ടി (അമീര്‍) ജനിച്ചുകഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞിരുന്നില്ല, അപ്പോഴാണ് ഭര്‍ത്താവിന് അസുഖം ബാധിച്ചത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ആയിരുന്നു അദ്ദേഹത്തിന്. ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ഈ രോഗം.
രോഗം തുടക്കത്തില്‍ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
“വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്തിക്കൊണ്ടുപോകുന്നതിന് പോലും ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി. മൂന്ന് കുട്ടികളും രോഗബാധിതനായ ഭര്‍ത്താവും… സാമ്പത്തികമായും മാനസികമായും ശാരീരികമായുമൊക്കെ ഏറെ പ്രശ്‌നങ്ങള്‍ നേരിട്ട കാലമായിരുന്നു അത്,” പര്‍വീണ്‍ ഓര്‍ക്കുന്നു.
ജോലിയുണ്ടായിരുന്നെങ്കിലും ഭര്‍ത്താവിന്‍റെ മരുന്നും മക്കളുടെ പഠനവും ഒക്കെയായി ചെലവുകള്‍ താങ്ങാനാതെ കുടുംബം കടുത്ത പ്രതിസന്ധിയിലായി.
“ഹോസ്പിറ്റലും മറ്റുമായി ഞാനെപ്പോഴും തിരക്കായിരിക്കും. അപ്പോഴൊക്കെ രെഹാനയായിരിക്കും അമീറിനെയുമൊക്കെ നോക്കുന്നത്. അങ്ങനെ അവര്‍ തമ്മില്‍ വളരെ ആഴത്തിലുള്ള അടുപ്പമുണ്ടായി… പിന്നെ, ഞങ്ങളുടെ ജീവിതത്തിലെ വേദനയും പ്രശ്‌നങ്ങളും അവരെ നല്ല പക്വതയും സഹാനുഭൂതിയും ഉള്ളവരാക്കി മാറ്റിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” ജനങ്ങളുടെ വേദന മനസ്സിലാക്കാനും അവരോട് അനുതാപത്തോടെ പെരുമാറാനും മക്കളെ പ്രേരിപ്പിക്കുന്നതും വീട്ടില്‍ അവര്‍ കടന്നുപോയ കഷ്ടപ്പാടുകളായിരുന്നുവെന്ന് പര്‍വീണ്‍.
2006 സെപ്തംബറില്‍ പിതാവ് മുഹമ്മദ് മരണമടഞ്ഞു. അന്ന് രെഹാനയ്ക്ക് 14-ഉം അമീറിന് 13-ഉം വയസ്സായിരുന്നു.
“ഞങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനായി ഞാനെടുത്ത ലോണുകള്‍ പോലും തിരിച്ചടയ്ക്കുന്നതിന് ബുദ്ധിമുട്ടായി. മുതിര്‍ന്നപ്പോള്‍ അമീറിന് ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT)യിലും ജമ്മുവിലെ ഒരു എന്‍ജിനീയറിങ് കോളെജിലും ഒരേ സമയം അഡ്മിഷന്‍ കിട്ടി.”
അകലെ ശ്രീനഗറില്‍ പോയി പഠിക്കുന്നത് വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കൂട്ടുകയേയുള്ളൂ എന്ന് സ്വയം മനസ്സിലാക്കിയ അമീര്‍ ജമ്മുവില്‍ തന്നെയുള്ള എന്‍ജിനീയറിങ്ങ് കോളെജ് തെരഞ്ഞെടുത്തു. എന്‍ ഐ ടിയില്‍ കിട്ടിയ സീറ്റ് കളഞ്ഞ് നാട്ടിലെ എന്‍ജിനീയറിങ്ങ് കോളെജ് തെരഞ്ഞെടുക്കുക എന്നത് അമീറിനെ സംബന്ധിച്ച വലിയ വിഷമകരമായ തീരുമാനമായിരുന്നുവെന്ന് പര്‍വീണ്‍ ഓര്‍ക്കുന്നു.
“കോളെജില്‍ പഠിക്കുമ്പോള്‍ തന്നെ കുറച്ച് കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് അവന്‍ എന്നെ സഹായിക്കുമായിരുന്നു,” പര്‍വീണ്‍ പറഞ്ഞു.
“സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കണമെന്നും ജനങ്ങളെ സഹായിക്കണമെന്നും അമീറിന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് യു പി എസ് സി പരീക്ഷയ്ക്ക് ശ്രമിക്കാന്‍ തീരുമാനിക്കുന്നത്.”
ചെറുപ്പത്തില്‍ അമീര്‍ അമ്മൂമ്മയുടെ വീട്ടില്‍ ഇടയ്‌ക്കൊക്കെ പോകുമായിരുന്നു. നിരന്തരം ഷെല്ലിങ്ങും വെടിവെപ്പുമൊക്കെ നടക്കുന്ന സ്ഥലമായിരുന്നു അത്. അവിടെയുള്ള ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് അവന്‍റെ മനസ്സ് വേദനിക്കുമായിരുന്നു. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ള ആഗ്രഹം കൂടിയുണ്ട് അമീര്‍ ബഷീറിന്‍റെ സിവില്‍ സര്‍വീസ് മോഹങ്ങള്‍ക്ക് പിന്നില്‍.
2017-ല്‍ അമീര്‍ ബഷീര്‍ യു പി എസ് സി കടമ്പ കടന്ന് ഇന്‍ഡ്യന്‍ റെവെന്യൂ സര്‍വീസില്‍ കയറി.
അമ്മയുടെ അഭിമാനം
പര്‍വീണിന്‍റെ മൂത്ത മകള്‍ ഡോ.രെഹാന ജീവിതത്തിന്‍റെ പരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടും അറിഞ്ഞും തന്നെയാണ് വളര്‍ന്നത്. ജമ്മു മെഡിക്കല്‍ കോളെജിലെ പഠനകാലത്തും ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടു.
“2017-ല്‍ അവള്‍ സിവില്‍ സര്‍വീസിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. അടുത്ത വര്‍ഷം വീണ്ടും എഴുതി. ദേശീയ തലത്തില്‍ 187-ാം റാങ്കോടെ സെലക്ഷന്‍ കിട്ടി.”
യു പി എസ് സി പരീക്ഷ പാസ്സാവുന്ന
പൂഞ്ചില്‍ നിന്നുള്ള ആദ്യത്തെ വനിതയായി ഡോ. രെഹാന, അവിടെ നിന്നുള്ള ആദ്യത്തെ ഐ എ സ് ഉദ്യോഗസ്ഥയും.
“ഞങ്ങളുടെ പ്രദേശത്തുനിന്നുള്ള ഒരുപാട് കുട്ടികള്‍ക്ക് പ്രചോദനമായി മക്കളുടെ വിജയം. ഒരുപാട് പേര്‍ അവരില്‍ നിന്ന് പ്രചോദനം നേടുന്നു. ഒരമ്മയ്ക്ക് ആഹ്ലാദിക്കാനും അഭിമാനിക്കാനും ഇതിലപ്പുറം എന്ത് വേണം?” പര്‍വീണിന്‍റെ കണ്ണുകളില്‍ തിളക്കം.
ജീവിതമാണ് ഏറ്റവും കര്‍ശനക്കാരിയായ അധ്യാപിക. ക്ഷമയോടെ, ശ്രദ്ധയോടെ പഠിക്കുന്നവര്‍ക്ക് പാഠങ്ങള്‍ പിന്നീട് പ്രയോജനപ്പെടും.
കടന്നുപോന്ന കഷ്ടപ്പാടുകളുടെയും വേദനകളുടെയും മുന്നില്‍ പതറാതെ, ശാന്തയായി ആ അമ്മ ജീവിതത്തെ സ്വീകരിച്ചു. അവരുടെ മക്കള്‍ അതിന്‍റെ തിളക്കം ഏറ്റുവാങ്ങി.
ഇതുകൂടി വായിക്കാം: ലഡാക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാജാവിനെത്തേടി സഹോദരന്‍ നടത്തിയ 60 വര്‍ഷത്തെ അന്വേഷണത്തിന്‍റെ കഥ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.