കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരന്‍: “തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”

മരണമുനമ്പില്‍ നിന്ന് തിരിച്ചുകിട്ടിയ ഈ ജീവിതം നല്ല കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാണ് നജീബ് തീരുമാനിച്ചത്.

നാടിനും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരെ ആള്‍ക്കാര് അറിയും. കാഞ്ഞിരപ്പിള്ളിക്കാരന്‍ നജീബിന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

ടൂറിസ്റ്റ് ബസ് ‍‍ഡ്രൈവറായിരുന്നു. പിന്നീട് 12 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക ഡ്രൈവര്‍. ഇതവസാനിച്ചപ്പോഴാണ് ഗള്‍ഫിലേക്ക് പോകുന്നത്. സൗദി, ഒമാന്‍, ബഹ്റിന്‍ ഇവിടെയൊക്കെ ഡ്രൈവറായി ജോലി ചെയ്തു.

പിന്നീട് നാട്ടിലെത്തി വീണ്ടും ഡ്രൈവിങ്ങിലേക്ക്. രണ്ട് വര്‍ഷം മുന്‍പാണ് മീന്‍ ബിസിനസിലേക്കെത്തുന്നത്.

ചേട്ടന് അസുഖം വന്നതോടെ അദ്ദേഹം നോക്കിനടത്തിയിരുന്ന മീനിന്‍റെ മൊത്തക്കച്ചവടം നജീബ് ഏറ്റെടുക്കുകയായിരുന്നു. .


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

ഇതോടൊപ്പം നാട്ടുകാര്‍ക്ക് തന്നെക്കൊണ്ടാവുന്ന പോലെ സഹായങ്ങള്‍ ചെയ്യാന്‍ നജീബ് എന്നും മുന്നിലുണ്ടായിരുന്നു. വേനല്‍ക്കാലത്ത് സൗജന്യ കുടിവെള്ള വിതരണം കാന്‍സര്‍ രോഗികള്‍ക്കും നിര്‍ധനര്‍ക്കും ഭക്ഷണം… അങ്ങനെയങ്ങനെ.

ഏതുനേരത്തും നാട്ടിലെ എന്താവശ്യത്തിനും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകും നജീബ്.

നജീബ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍

ഇങ്ങനെയൊക്കെ കാഞ്ഞിരപ്പള്ളിക്കാരുടെ സ്വന്തക്കാരനാണ് ചാലക്കുടി നജീബ് എന്നറിയപ്പെടുന്ന അമ്പഴത്തിനാല്‍ വീട്ടില്‍ നജീബ്. കൊറോണക്കാലത്തും  നജീബ് മടിച്ചുനിന്നില്ല. (ചാലക്കുടിയില്‍ നിന്നു കോട്ടയത്തേക്ക് വന്നവരാണ് നജീബിന്‍റെ പൂര്‍വ്വികര്‍. അങ്ങനെയാണ് ചാലക്കുടി എന്ന പേര് കിട്ടുന്നത്.)

വൈറസ് പടരാതിരിക്കാന്‍ നാട്ടിലെങ്ങും വെള്ളവും ഹാന്‍ഡ് വാഷ് ലോഷനും വച്ചു, ബസുകളും ബസ് സ്റ്റാന്‍റും നിരത്തുമൊക്കെ അണുനാശിനി തളിച്ചു.

കാഞ്ഞിരപ്പള്ളി ടൗണിലൂടെ പോകുന്ന വാഹനങ്ങളൊക്കെ സൗജന്യമായി കഴുകി അണുമുക്തമാക്കിയിരിക്കുകയാണിപ്പോള്‍.

“ഈ കൊറോണക്കാലത്ത് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നു, ഈ രോഗത്തില്‍ നിന്നു നാടിനെ രക്ഷിക്കേണ്ടത് എന്‍റെ കൂടി കടമയല്ലേ..,” നജീബ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.


ഇങ്ങനെയൊക്കെ ചെയ്യുന്നതിന് ഞാന്‍ ആരുടെയും കൈയില്‍ നിന്നു പണം വാങ്ങാറില്ല.


“സാധുക്കളെ സഹായിക്കുന്നതും നാടിന് പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതുമൊക്കെ എനിക്ക് വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണിങ്ങനെയൊക്കെ ചെയ്യുന്നത്. ഇതൊന്നും പബ്ലിസ്റ്റിക്ക് വേണ്ടി കാണിച്ചു കൂട്ടുന്നതുമല്ല.

“ഇങ്ങനെയൊക്കെ ഓരോന്ന് ചെയ്യാനും ഒരു കാരണമുണ്ട്. ഇതെന്‍റെ രണ്ടാം ജീവിതമാണ്. മരിച്ചു പോകുമെന്നു ഡോക്റ്റര്‍മാരും നാട്ടുകാരുമൊക്കെ കരുതിയ അപകടത്തില്‍ നിന്നു തിരികെ ജീവിതത്തിലേക്കെത്തിയിട്ട് കുറേ വര്‍ഷമൊന്നുമായിട്ടില്ല.

“രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഈ ജീവിതം ദൈവത്തിന്‍റെ ഔദാര്യമാണ്. തിരികെ കിട്ടിയ ജീവിതം നല്ല കാര്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണിപ്പോള്‍.”

ആ അപകടത്തെക്കുറിച്ച് പറയും മുന്‍പേ ഈ ദുരിത കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാം..

“കഴിഞ്ഞ വര്‍ഷം 300 ലോഡ് വെള്ളം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു. വേനല്‍ക്കാലമാകുമ്പോ ഈ പരിസരങ്ങളില്‍ ജലക്ഷാമം വരാറുണ്ട്. അങ്ങനെയാണ് വെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

“വെള്ളം എടുക്കുന്നതിന് വീട്ടില്‍ തന്നെ ഒരു കിണര്‍ കുത്തിയിട്ടുണ്ട്.  വെള്ളം വിതരണം ചെയ്യുന്നതിനുള്ള വണ്ടിയും ടാങ്കുകളും സ്വന്തമായി വാങ്ങി വച്ചിട്ടുമുണ്ട്.

“വേനല്‍ ശക്തമാകുകയല്ലേ. ഇത്തവണയും നാട്ടുകാര്‍ക്ക് വെള്ളം വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിരിക്കുകയായിരുന്നു.

“ആ സമയത്തല്ലേ നാടിനെയാകെ ബാധിക്കുന്നൊരു വിപത്ത് വന്നു പെട്ടത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കൈകള്‍ കഴുകുകയാണല്ലോ ഏറ്റവും നല്ല മാര്‍ഗം. അങ്ങനെയാണ് വഴിയോരത്ത് കൈ കഴുകാനുള്ള സൗകര്യങ്ങളൊരുക്കിയത്.”

വെള്ളം വിതരണം ചെയ്യുന്നതിനായി വാങ്ങി വച്ചിരിക്കുന്ന വാട്ടര്‍ ടാങ്കുകള്‍ വഴിയോരത്ത് സ്ഥാപിച്ച് ലിക്വിഡ് സോപ്പും വെച്ചുകൊടുത്ത് യാത്രക്കാര്‍ക്ക് കൈകഴുകാനുള്ള സംവിധാനം ഒരുക്കി.

കാഞ്ഞിരപ്പിള്ളി ടൗണിലും പേട്ടക്കവലയിലും ബസ് സ്റ്റാന്‍റ് പരിസരങ്ങളിലുമൊക്കെയായിരുന്നു ഈ സേവനം. ഓട്ടോയില്‍ വെള്ളം നിറച്ച ടാങ്ക് വച്ചതിന് ശേഷം, കല്യാണവീടുകളിലൊക്കെ ഉപയോഗിക്കുന്ന പൈപ്പും അതില്‍ പിടിപ്പിച്ചു, അദ്ദേഹം പറയുന്നു. 1000 ലിറ്റര്‍ ടാങ്കാണ് വെള്ളം നിറച്ചു വച്ചത്.

“പക്ഷേ, മൂന്നു ദിവസം മാത്രമേ ഈ കൈകഴുകല്‍ സംവിധാനം വച്ചുള്ളൂ. മൂന്നാമത്തെ ദിവസം ആരൊക്കെയോ ലോഷനൊക്കെ അടിച്ചു മാറ്റി കൊണ്ടുപോയി. അതോടെ അവസാനിപ്പിച്ചു. ഒരു സ്ഥലത്ത് 600 ലിറ്റര്‍ വെള്ളവും മറ്റൊരിടത്ത് 500 ലിറ്റര്‍ വെള്ളവും നാട്ടുകാര് കൈകഴുകാന്‍ ഉപയോഗിച്ചിരുന്നു.”

കൈകഴുകാനുള്ള സംവിധാനം

ഇതിനു ശേഷമാണ്  നജീബ് അണുനാശിനി തളിക്കല്‍ ആരംഭിച്ചത്. ബ്ലീച്ചിങ് പൗഡര്‍ കലക്കിയെടുത്ത വെള്ളത്തിന്‍റെ തെളിനീരിലേക്ക് ഡെറ്റോളും പുല്‍ത്തൈലവും ഒരുമിച്ച് ചേര്‍ത്തു കലക്കിയെടുത്തു. ഈ വെള്ളമാണ് റോഡുകളിലും കടകളുടെ പരിസരത്തും ബസ് സ്റ്റാന്‍ഡിലും ബസിനുള്ളിലുമൊക്കെ തളിച്ചത്.

“ആര്‍ക്കും ഒരു ബുദ്ധിമുട്ട് വരാതെയാണ് തളിച്ചത്. ഈ വെള്ളം തളിക്കുന്നത് കൊണ്ട് സമീപത്ത് നില്‍ക്കുന്നവര്‍ക്ക് ഒരു തുമ്മല്‍ പോലും വന്നിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സാറിനോട് ചോദിച്ചു മനസിലാക്കിയാണ് ഇതൊക്കെ വെള്ളത്തില്‍ കലര്‍ത്തിയത്,” നജീബ് വിശദമാക്കുന്നു.

ഈ തളിക്കുന്നതിനിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. നാട്ടുകാരോടും ബസ് ജീവനക്കാരോടുമൊക്കെ കോവിഡ് 19-നെക്കുറിച്ചും പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും കൈള്‍ ശുദ്ധിയാക്കുന്നതിനെക്കുറിച്ചുമൊക്കെ ഒരു രണ്ട് മിനിറ്റ് നേരം സംസാരിക്കും.

“അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ശ്രമിച്ചു. ഇതിനൊപ്പം എന്‍റെ കാറില്‍ ബോധവത്ക്കരണ ലഘുലേഖകള്‍ ഒട്ടിച്ചിട്ടുണ്ട്.

ബോധവത്ക്കരണത്തിനിടെ

“കഴിഞ്ഞ ദിവസം വാഹനങ്ങളും നിരത്തുമൊക്കെ കഴുകുകയും ചെയ്തു. ആപെയില്‍ 500 ലിറ്റര്‍ ടാങ്കില്‍ വെള്ളം നിറച്ചു, വണ്ടി കഴുകുന്ന ബോഷിന്‍റെ മെഷീന്‍ എന്‍റെ പക്കലുണ്ട്.


ഇതുകൂടി വായിക്കാം:കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍


“മരുന്നു കലക്കിയെ ടാങ്കിലെ വെള്ളവുമായി മെഷീന്‍ ബന്ധിപ്പിച്ച് നിരത്തും വാഹനങ്ങളും കഴുകി. ഇത്രയും വെള്ളവും ഉള്ളത് കൊണ്ട് കുറേ വാഹനങ്ങള്‍ വൃത്തിയാക്കാന്‍ സാധിച്ചു. കാറും ബൈക്കുമൊക്കെയായി വണ്ടികള്‍ മാത്രമല്ല കഴുകിയത്. കടകളുടെ നിരത്തും ചുമരുകളുമൊക്കെ കഴുകി വൃത്തിയാക്കി.”

കൊറോണ വൈറസ് ബാധ അവസാനിക്കുന്നതു വരെ ഇതൊക്കെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇതെന്‍റെ രണ്ടാമത്തെ ജീവിതമാണ്, ദൈവത്തിന്‍റെ ഔദാര്യമാണ് ഈ ജീവിതമെന്നു പറഞ്ഞതിന് കാരണം ഒരു അപകടമാണ്.” നജീബ് ആ കഥയിലേക്ക് കടക്കുന്നു.

വെള്ളം വിതരണം ചെയ്യുന്നു

ഒരു വര്‍ഷം മുന്‍പ് ലോറിക്കിടയില്‍പ്പെട്ടു പോയതാണ്. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ വച്ചായിരുന്നു സംഭവം.

“മാര്‍ക്കറ്റില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് സമീപം നില്‍ക്കുകയായിരുന്നു. മറ്റൊരു ലോറി റിവേഴ്സ് എടുത്തുവന്നപ്പോ ഇടിക്കുകയായിരുന്നു. ഈ രണ്ട് ലോറിക്കും ഇടയില്‍പ്പെട്ടു പോയതാണ്.

“പിന്നെ എട്ടുമാസം കാരിത്താസ് ആശുപത്രിയില്‍ ഒരേ കിടപ്പായിരുന്നു. കിടന്ന കിടപ്പ് തന്നെ. അത്ര വലിയ അപകടമായിരുന്നു. ഇപ്പോ അസുഖമൊക്കെ പൂര്‍ണമായും ഭേദമായി. പക്ഷേ ഇപ്പോഴും അടിവയറ്റില്‍ പ്ലേറ്റ് ഇട്ടിരിക്കുകയാണ്. അതിന്‍റെ പ്രയാസമൊന്നും ഇല്ല.

“ഒരു കുഴപ്പവുമില്ല. എനിക്കിപ്പോ മരത്തില്‍ കയറാനോ ഓടാനോ ചാടാനോ ഒന്നും ഒരു ബുദ്ധിമുട്ടും ഇല്ല. എന്നെ ചികിത്സ ഡോക്റ്റര്‍ ഇപ്പോ കണ്ടാലും അദ്ദേഹത്തിന്‍റെ കണ്ണ് നിറയും. ഇത്രയും ക്രിറ്റിക്കല്‍ സ്റ്റേജില്‍ വന്നൊരു രോഗി രക്ഷപ്പെട്ടത് തന്‍റെ ജീവിതത്തില് ആദ്യമാണെന്നാ അദ്ദേഹം പറയുന്നത്.” നജീബ് ഒരിക്കല്‍ കൂടി ദൈവത്തിന് നന്ദി പറഞ്ഞു.

മരണമുനമ്പില്‍ നിന്ന് തിരിച്ചുകിട്ടിയ ഈ ജീവിതം നല്ല കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാണ് നജീബ് തീരുമാനിച്ചത്.

“ഭാര്യയും മക്കളും ഈ പ്രവര്‍ത്തനങ്ങളിലൊക്കെ പിന്തുണയോടെ കൂടെയുണ്ട്,” നജീബ് പറഞ്ഞു.

ബീനയാണ് ഭാര്യ. മക്കള്‍ മുഹമ്മദ് നാസിഹും മുഹമ്മദ് ബിലാലും.

“കൊറോണക്കാലത്തെ ഈ സഹായങ്ങളെക്കുറിച്ച് അറിഞ്ഞ് ഒരുപാട് പേര്‍ വിളിച്ചിരുന്നു. ഗള്‍ഫില്‍ നിന്നൊക്കെ പലരും വിളിച്ചു സഹായിക്കാമെന്നും പറഞ്ഞു, പൈസ തരാമെന്നും വാട്ടര്‍ ടാങ്ക് വാങ്ങി തരാമെന്നുമൊക്കെ പറഞ്ഞു.

“പക്ഷേ ആരുടെയും സഹായം തത്ക്കാലം സ്വീകരിക്കുന്നില്ല. എന്നെങ്കിലും എന്നെക്കൊണ്ട് ഇതൊന്നും ചെയ്യാന്‍ പറ്റാതെ വന്നാല്‍ മാത്രമേ സഹായം സ്വീകരിക്കൂ. ഇതെന്‍റെ സന്തോഷമാണ്. പിന്നെ കൊറോണ തീരും വരെ ഞാനിവിടെ നിരത്തും വാഹനങ്ങളുമൊക്കെ എന്നും കഴുകി വൃത്തിയാക്കും,” ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നു നജീബ് വ്യക്തമാക്കി.


ഇതുകൂടി വായിക്കാം:ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം