പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന തൊടുപുഴ വാഴക്കുളത്തെ കൈതച്ചക്കയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടോ.
അവിടെനിന്ന് പല നാടുകളിലേക്ക് നല്ല ഒന്നാംതരം കൈതച്ചക്ക കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ അതിന്‍റെ കാമ്പ് തുരന്നെടുത്തതിന് ശേഷം പുറംതോട് മാത്രം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരാളുണ്ട്.
കൈതച്ചക്ക മാത്രമല്ല ഓറഞ്ച്, നാരങ്ങ, കൊക്കോ ഇവയുടെയൊക്കെ പുറംതോടും ചിരട്ടയും കയറ്റി അയക്കുന്നുണ്ട് എറണാകുളം ചെങ്ങമനാടിനടുത്ത അത്താണിയില്‍ ചന്ദ്രിക നിവാസില്‍ മനോജ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്പെയിനില്‍ നിന്നെത്തിയ സായിപ്പിന്‍റെ വാക്കു കേട്ടാണ് മനോജും കൂട്ടുകാരനും കൂടി ചിരട്ട കച്ചവടത്തിനിറങ്ങുന്നത്. ചിരട്ടകള്‍ കയറ്റുമതി ചെയ്യുന്നു എന്നുകേട്ട് അമ്പരന്നവരൊക്കെ ഇപ്പോ മനോജിന്‍റെ വിജയം കണ്ട് അത്ഭുതപ്പെടുകയാണ്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
കഴിഞ്ഞ 27 വര്‍ഷമായി മനോജ് ഈ രംഗത്തുണ്ട്.
നെടുമ്പാശ്ശേരിയിലെ ചെറിയൊരു ഷെഡില്‍ ചിരട്ടക്കപ്പുകളുണ്ടാക്കിയാണ് മനോജ് തുടങ്ങുന്നത്.
പ്ലാസ്റ്റിക്കിന് പകരമായി പ്രകൃതിദത്ത കപ്പുകള്‍ നിര്‍മിച്ചു തുടങ്ങിയതിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് മനോജ് പറയുന്നു.
“ശ്രീശങ്കര കോളെജില്‍ നിന്നു ബികോം കഴിഞ്ഞു. എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാഗ്രഹിച്ച് നടക്കുകയാണ്. ആ സമയത്താണ് സ്പെയിനില്‍ നിന്നുള്ള സേവ്യര്‍ എന്നയാളെ പരിചയപ്പെടുന്നത്. അദ്ദേഹത്തിലൂടെയാണ് ഈ ബിസിനസിലേക്കെത്തുന്നത്.
ഡിഗ്രി കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ് ബിസിനസിലേക്കെത്തുന്നതും സ്വന്തമായി സ്ഥാപനം ആരംഭിക്കുന്നതും.
“ആ ഒന്നര വര്‍ഷക്കാലം ഞാനും എന്‍റെയൊരു കൂട്ടുകാരനും ഷെയര്‍ ബ്രോക്കറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ബിസിനസ് തുടങ്ങുന്നതും ഞങ്ങള്‍ ഒരുമിച്ചാണ്.
“മാര്‍ക്കറ്റ് താഴ്ന്ന് ജോലി ഇല്ലാത്ത സാഹചര്യത്തിലാണ് ബിസിനസ് ചെയ്യാനൊരു ആഗ്രഹം തോന്നുന്നത്. കുടുംബത്തില്‍ എല്ലാവരും പല പല ഓഫീസ് ജോലികളാണ് ചെയ്യുന്നത്.”
മനോജിന്‍റെ അച്ഛന്‍ ശ്രീശങ്കര കോളെജില്‍ സൂപ്രണ്ടും അമ്മ സ്കൂള്‍ ടീച്ചറുമായിരുന്നു. ബിസിനസ് പാരമ്പര്യം ഒന്നുമില്ലാത്ത കുടുംബം.
“1992-ലെ ബാഴ്സിലോണ ഒളിപിംകിസ് വേദിയില്‍ പ്ലാസ്റ്റിക് ഐസ്ക്രീം കപ്പുകള്‍ ഒഴിവാക്കി ചിരട്ടക്കപ്പുകളാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അതിന് വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് സേവ്യര്‍ ഇന്ത്യയിലേക്ക് വരുന്നതും ഞങ്ങളെ പരിചയപ്പെടുന്നതും.
“അങ്ങനെയാണ് ഈ ബിസിനസിനെക്കുറിച്ച് അറിയുന്നത്. ആ ഒളിപിംക്സ് നാളില്‍ കുറച്ചൊക്കെ ചിരട്ട നല്‍കാനായി. പക്ഷേ അവര്‍ കൂടുതലും ഇന്തോനേഷ്യയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നൊക്കെയാണ് ചിരട്ട വാങ്ങിയത്.
“പക്ഷേ ഞങ്ങള്‍ ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. കൈയിലുള്ളതും സ്വര്‍ണം പണയം വച്ചുമൊക്കെ കുറച്ചു പണം കണ്ടെത്തി. പക്ഷേ അതുപോരല്ലോ. അങ്ങനെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കാന്‍ തീരുമാനിച്ചു.”
എന്നാല്‍ ചിരട്ടക്കപ്പ് കയറ്റുമതി എന്ന് കേട്ടപ്പോള്‍ ബാങ്കുകള്‍ മുഖം തിരിച്ചു. ഒരു ലക്ഷം രൂപയുടെ ഓവര്‍ഡ്രാഫ്റ്റിനായി കയറിയിറങ്ങാത്ത ബാങ്കുകളില്ലെന്ന് മനോജ് പറയുന്നു.
“സ്റ്റേറ്റ് ബാങ്ക് അടക്കം ആരും അനുകൂലമായി സഹകരിച്ചില്ല. ഒടുവില്‍ യൂണിയന്‍ ബാങ്ക് ഞങ്ങള്‍ക്ക് ഓ.ഡി അനുവദിച്ചു. ഒരു ഡോക്യൂമെന്‍റ്സും ഇല്ലാതെ അന്നത്തെ മാനെജറുടെ സ്വന്തം റിസ്ക്കിലാണ് പണം നല്‍കിയത്.”
ഒരു വാടക ഷെഡ്ഡിലായിരുന്നു തുടക്കം. പിന്നീട് കാലടിയില്‍ നിന്നു എയര്‍പോര്‍ട്ടിലേക്ക് പോകുന്ന റൂട്ടില്‍ സ്വന്തമായി കുറച്ചു സ്ഥലം വാങ്ങിച്ചു.
“1993-ലാണത്. 34 സെന്‍റ് ഭൂമിയാണ് വാങ്ങിയത്. വിമാനത്താവളമൊക്കെ വരും മുന്‍പേയാണ്. പിന്നീട് എയര്‍പോര്‍ട്ട് വന്നതോടെ ആ സ്ഥലത്ത് നിന്ന് ബിസിനസ് മാറ്റേണ്ടി വന്നു.
“കാലടി മാണിക്യമംഗലത്ത് ഞാനൊരു മൂന്നേക്കര്‍ സ്ഥലം വാങ്ങിച്ചു. ഇന്നും ഇവിടെ തന്നെയാണ് ഫാക്റ്ററി. നെക്സസ് ഫ്രോസണ്‍ ഫ്രൂട്ട് കണ്ടെയ്നേഴ്സ് എന്നാണ് കമ്പനിയുടെ പേര്.
“ഇതിനിടയില്‍ കൂട്ടുകാരന്‍ ബിസിനസില്‍ നിന്നു പിന്‍മാറി. ആള്‍ക്ക് സ്വന്തമായി ബിസിനസ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു. ഇപ്പോഴും അവന്‍ ചിരട്ട കപ്പ് ബിസിനസ് ചെയ്യുന്നുണ്ട്,” മനോജ് പറഞ്ഞു.
തുടക്കത്തില്‍ വലിയ ഓര്‍ഡര്‍ ഒന്നും കിട്ടിയിരുന്നില്ലെന്ന് മനോജ് പറയുന്നു.
“ഇന്നത്തെപ്പോലെ അല്ലല്ലോ. അന്നൊക്കെ ഓര്‍ഡറുകളെക്കുറിച്ചും മറ്റുമൊക്കെ സംസാരിക്കുന്നത് ഫോണിലൂടെയും ഫാക്സിലൂടെയുമൊക്കെയാണ്. അതിന്‍റെ പരിമിതികളൊക്കെയുണ്ടായിരുന്നു. ഇന്ന് എല്ലാം വിരല്‍ തുമ്പില്‍ കിട്ടുമല്ലോ.
“പരിമിതികളെയൊക്കെ അവഗണിച്ച് ബിസിനസുമായി മുന്നോട്ട് പോയി. അധികം വൈകാതെ ചിരട്ടക്കപ്പുകള്‍ക്ക് യൂറോപ്പില്‍ ഇടം കിട്ടി. ഫാക്റ്ററി വര്‍ഷം മുഴുവന്‍ സജീവമാകേണ്ട സാഹചര്യമായി.
പിന്നീട് കൊക്കോ, പൈനാപ്പിള്‍, ഓറഞ്ച്, പപ്പായ, നരാങ്ങ എന്നിവയുടെ പുറംതോടും ഐസ്ക്രീം കപ്പുകളാക്കി വിദേശത്തേക്ക് അയച്ചു തുടങ്ങി.
2006-ലാണ് പഴങ്ങളുടെ പുറംതോട് ഉപയോഗിച്ച് ഐസ്ക്രീം കപ്പുണ്ടാക്കി തുടങ്ങുന്നത്. തേങ്ങയും അതിന് പറ്റിയ പഴങ്ങളും കണ്ടെത്തുകയെന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം വിശദമാക്കുന്നു.
എല്ലാ തേങ്ങയും പഴങ്ങളും ഐസ്ക്രീം കപ്പുണ്ടാക്കാന്‍ ഉപയോഗിക്കാനാകില്ല എന്നതാണ് പ്രശ്നം. അളവ് കൃത്യമായിരിക്കണം. അതൊക്കെ സുലഭമായി കിട്ടുകയും വേണം.
“നല്ല തേങ്ങ തന്നെ വേണം. കപ്പുണ്ടാക്കാന്‍ ആവശ്യമായ ആകൃതിയിലും വലിപ്പത്തിലും വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. മെഷീനില്‍ തേങ്ങ വെട്ടിയെടുത്ത ശേഷം ഉണക്കാന്‍ വയ്ക്കും. കൊപ്ര വില്‍ക്കും, ചിരട്ട നമ്മളെടുക്കും.
“ഒരു കിലോ തേങ്ങയ്ക്ക് 42 രൂപയൊക്കെയാണ് വില. തേങ്ങ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. ഇന്ന് മാത്രമല്ല പണ്ടും ചിരട്ട കിട്ടാന്‍ ബുദ്ധിമുട്ടാണ്. ചിരട്ട മാത്രമല്ല പഴങ്ങളും. നീളവും വീതിയുമൊക്കെ നോക്കി വേണമല്ലോ തേങ്ങയും പൈനാപ്പിളും ഓറഞ്ചും നാരങ്ങയുമൊക്കെ വാങ്ങേണ്ടത്.
“100 എണ്ണം തെരഞ്ഞെടുത്താല്‍ ചിലപ്പോ അതില്‍ ഏഴോ എട്ടോ എണ്ണം കൃത്യമായി അളവിനുള്ളത് കിട്ടൂ. തേങ്ങയ്ക്ക് വേണ്ടി തിരുവനന്തപരും മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കാം: തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്‍പന്നം ലോകശ്രദ്ധയിലേക്ക്
“ഓരോ ഉള്‍ഗ്രാമങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇപ്പോ തമിഴ്നാട്ടില്‍ നിന്നാണ് തേങ്ങ കൊണ്ടുവരുന്നത്. കേരത്തിന്‍റെ നാടാണ് കേരളമെന്നൊക്കെ പറയാമെങ്കിലും വ്യവസായിക അടിസ്ഥാനത്തില്‍ തേങ്ങ കിട്ടാനില്ല. വലിയ തെങ്ങിന്‍ തോപ്പുകള്‍ ഇല്ലാതായി.
“പഴങ്ങളുടെ കപ്പുണ്ടാക്കാനും നല്ല ചെലവാണ്. ഫ്രൂട്ട്സ് കുറഞ്ഞത് ഒരു കിലോയ്ക്ക് 25 രൂപ കുറഞ്ഞത് കൊടുക്കണം. ഏതു പഴമാണെങ്കിലും. വില ഇതിലും കൂടുതലായിരിക്കും. സീസണ്‍ ആണെങ്കില്‍ മാത്രമല്ല ഇത്രയും കുറഞ്ഞ രൂപയ്ക്ക് പഴങ്ങള്‍ കിട്ടൂ. 750 ഗ്രാം തൂക്കമെങ്കിലും വേണം. എന്നാല്‍ മാത്രമേ നല്ല കപ്പുണ്ടാക്കാന്‍ സാധിക്കൂ.”
പൈനാപ്പിള്‍ വാഴക്കുളത്ത് നിന്നാണ് എടുക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ മാണിക്യമംഗലത്തെ സ്ഥാപനത്തില്‍ വെച്ചാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്.
ഐസ്ക്രീം കപ്പുകളുണ്ടാക്കുന്നതിനൊപ്പം ഐസക്രീം നിര്‍മ്മാണ രംഗത്തേക്കും മനോജ് എത്തി. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഐസ്ക്രീം നിര്‍മ്മാണം തുടങ്ങാന്‍ കാരണം.
“ആ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ ഫാക്റ്ററിയിലും കുറച്ചു ഫ്രൂട്ട് കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്യാനാകാതെ ബാക്കി വന്നു. ലോണുണ്ട്, ജീവനക്കാര്‍ ശമ്പളം കൊടുക്കണം അങ്ങനെ കുറേ കാര്യങ്ങളുമുണ്ട്.
വെറുതേ കിടക്കുന്ന ഫ്രൂട്ട് കണ്ടെയ്നറുകള്‍ കളയേണ്ടല്ലോ. ഐസ്ക്രീം ഉണ്ടാക്കിയാല്‍ ഈ കണ്ടെയ്നറുകളിലാക്കി വില്‍ക്കുകയും ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു,” മനോജ് പറഞ്ഞു.
ഐസ്ക്രീം വലിയ ലാഭമുള്ള ബിസിനസ് ഒന്നുമല്ല. കയറ്റുമതി ചെയ്യുന്ന ഫ്രൂട്ട്സ് കപ്പില്‍ തന്നെയാണ് ഇവിടെ ഐസ്ക്രീമുണ്ടാക്കി വില്‍ക്കുന്നത്.
പൈനാപ്പിള്‍ കപ്പില്‍ പൈനാപ്പിള്‍ ഐസ്ക്രീം, ഓറഞ്ച് കപ്പില്‍ ഓറഞ്ച് ഐസ്ക്രീം, കോക്കോയില്‍ ചോക്ലേറ്റ് ഐസ്ക്രീം ഇങ്ങനെയാണ് വില്‍പ്പന. ഐസ്ക്രീം നിര്‍മ്മാണം ചെലവേറിയതാണ്. പിന്നെ ഫ്രൂട്ട് കപ്പിന്‍റെ വില കൂടി നോക്കുമ്പോള്‍ ലാഭമൊന്നുമില്ല എന്ന് മനോജ്.
“ഫ്രൂട്ട് കണ്ടെയ്നറാണ് എന്ന പേരില്‍ വില കൂട്ടി വിറ്റാല്‍ നഷ്ടമാകും. കയറ്റുമതിയൊന്നുമില്ല, ഐസ്ക്രീം ഇവിടെ തന്നെയാണ് വില്‍ക്കുന്നത്.”
യൂറോപ്പിലേക്ക് ഐസ്ക്രീം കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതിയുണ്ടെങ്കിലും അവിടത്തെ നിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് പിന്നെയും പണച്ചെലവുണ്ട്. അതുകൊണ്ട് ആ പദ്ധതി തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
“80 തൊഴിലാളികളുണ്ട്. കൂട്ടത്തില്‍ ഏറെയും സ്ത്രീകളാണ്. അതിഥി തൊഴിലാളികള്‍ 12 പേരുണ്ട്, പത്ത് വര്‍ഷത്തിലേറെയായി ഇവര്‍ കമ്പനിക്ക് ഒപ്പമുണ്ട്.
“സൂപ്പര്‍വൈസര്‍മാരായി പത്തോളം പേരുണ്ട്. ഇവരും പത്തുപതിനഞ്ച് വര്‍ഷമായി എനിക്കൊപ്പമുള്ളവരാണ്. ബാക്കി എല്ലാം സമീപ പ്രദേശങ്ങളിലുള്ള സ്ത്രീകളാണ്.
“പഴങ്ങളുടെ ഉള്ളില്‍ നിന്ന് പള്‍പ് എടുത്തു മാറ്റിയ ശേഷം ഐസ്ക്രീം കപ്പുകളാക്കുകയാണ് ചെയ്യുന്നത്. മൈനസ് 20 ഡിഗ്രിയില്‍ സൂക്ഷിച്ചാല്‍ ഈ പഴക്കപ്പുകള്‍ രണ്ട് വര്‍ഷം വരെ കേടുകൂടാതെയിരിക്കും.
“പൈനാപ്പിളിന്‍റെയും ഓറഞ്ചിന്‍റെയുമൊക്കെ പള്‍പ്പ് ജ്യൂസും ജാമും ഉണ്ടാക്കുന്നവര്‍ക്ക് വില്‍ക്കും. വലിയ ലാഭമൊന്നും ഇല്ല. പക്ഷേ ആ പള്‍പ്പ് പാഴാക്കി കളയേണ്ടി വരുന്നില്ല. കമ്പനിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം കൊടുക്കാനുള്ളതൊക്കെ ഇതിലൂടെ കിട്ടും,” അദ്ദേഹം പറയുന്നു.
ചിരട്ടയുടെയും ഓറഞ്ചിന്‍റെയും പൈനാപ്പിളിന്‍റെയുമൊക്കെ വലിപ്പം അനുസരിച്ചാണ് വില ഈടാക്കുന്നത്. ചിരട്ട 3-4 രൂപയ്ക്കാണ് കൊടുക്കുന്നത്. ഫ്രൂട്ടസ്ന്‍റേത് 70 എംഎല്‍ കപ്പ് ആണെങ്കില്‍ ആറു രൂപയ്ക്ക് കൊടുക്കും പൈനാപ്പിള്‍ 100 എംഎല്‍ ആണെങ്കില്‍ ആറു രൂപയാണ്. പക്ഷേ ഇതു 300 എംഎല്‍ ആണെങ്കില്‍ 25 രൂപ വരും.
പൂര്‍ണമായും ചിരട്ട-പഴം ഐസ്ക്രീം കപ്പുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇന്‍ഡ്യയില്‍ ഈ കപ്പുകള്‍ ഉപയോഗിക്കുന്നത് വളരെ കുറവാണ്. ഇവിടെ നിന്ന് അയക്കുന്ന കപ്പുകള്‍ യൂറോപ്പിലെ ഏതെങ്കിലും സ്റ്റോറില്‍ സ്റ്റോക്ക് ചെയ്യും. ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ്.
“മൂന്നു ലക്ഷം ചിരട്ട, പൈനാപ്പിള്‍ ഷെല്‍ അമ്പതിനായിരം, ഓറഞ്ചിന്‍റെ കപ്പുകള്‍ ഒരു ലക്ഷം… ഏതാണ്ട് ഇത്രയും എണ്ണമാണ് കയറ്റുമതി (വര്‍ഷത്തില്‍) ചെയ്യുന്നത്. ഇത്രയും എണ്ണം ഐസ്ക്രീം കപ്പുകള്‍ ഒരു ടീമിന് വേണ്ടി വരില്ലല്ലോ. നേരിട്ടുള്ള വില്‍പ്പന കുറവാണ്.
“ബിസിനസ് ആരംഭിച്ച കാലം പോലെയല്ലല്ലോ. ഇപ്പോ എല്ലാം നാട്ടിലിരുന്നു തന്നെ തീരുമാനിക്കാം. മാര്‍ക്കറ്റിങ്ങ് കാര്യങ്ങളൊക്കെ ഇവിടെയിരുന്നു നിയന്ത്രിക്കാം,” മനോജ് പറയുന്നു.
പെരിയാറിനോട് ചേര്‍ന്നാണ് മനോഡിന്‍റെ ഫാക്റ്ററി. പുഴയും ഫാക്റ്ററിയും തമ്മില്‍ ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ. 2018-ലെ പ്രളയത്തില്‍ ഫാക്റ്ററി പൂര്‍ണമായും വെള്ളം കയറി നശിച്ചിരുന്നു.
പ്രളയത്തില്‍ 16 അടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഫാക്റ്ററി പൂര്‍ണമായും വെള്ളത്തില്‍ കിടന്നത് മൂന്നു ദിവസമാണ്. കഴിഞ്ഞവര്‍ഷവും വെള്ളം കയറിയെങ്കിലും അത്ര വലിയ നാശനഷ്ടങ്ങളുണ്ടാക്കിയില്ല.
“പിന്നെ വീണ്ടും എല്ലാം നന്നാക്കിയെടുത്തു. പൂര്‍ണമായും നവീകരിച്ചെന്നു പറയാനാകില്ല,” മനോജ് തുടരുന്നു. “ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ ബിസിനസ് അവസാനിപ്പിച്ചാലോ എന്നു പോലും ചിന്തിച്ചു. പക്ഷേ കമ്പനി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്,” മനോജ് പ്രതീക്ഷയോടെ പറഞ്ഞു.
പ്രതിസന്ധികളിലൊക്കെ പിന്തുണയായി കുടുംബം ഒപ്പം തന്നെയുണ്ട്. നെക്സസ് ഫ്രോസണ്‍ ഫ്രൂട്ട് കണ്ടെയ്നേഴ്സ് കമ്പനിയുടെ ഡയറക്റ്റര്‍മാരിലൊരാളാണ് ഭാര്യ ജാസ്മിന്‍. എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയായ ശരതും പത്താം ക്ലാസുകാരി സൂര്യയുമാണ് മക്കള്‍.
ഇതുകൂടി വായിക്കാം:‘പേപ്പര്‍ പ്ലേറ്റെല്ലാം പേപ്പറല്ല’: കരിമ്പിന്‍ പള്‍പ് കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത പ്ലേറ്റുകളും പ്രകൃതിസൗഹൃദ വസ്തുക്കളുമായി ജൂനി റോയ്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.