നൗഷാദ് (ഇടത്) ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നു.

‘കൊറോണ ഒഴിഞ്ഞുപോകും വരെ വാടക വേണ്ട’: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും തണലായി നൗഷാദ്

അഞ്ച് വ്യാപാരസ്ഥാപനങ്ങളുടെയും മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളുടെയും വാടകയാണ് ഇത്തരത്തില്‍ ഒഴിവാക്കിയത്.

ന്നോ രണ്ടോ കൈ അകലമല്ല, പരസ്പരം കാണാതെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ മഹാമാരിക്കാലത്ത് ജനങ്ങള്‍ വീടുകളില്‍ കഴിയുമ്പോഴും ഹൃദയം കൊണ്ട് സമൂഹത്തെ കീഴടക്കുന്നവര്‍ ഒരുപാടുണ്ട്.
സ്വന്തം കഴിവിനനുസരിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന ഒരുപാട് സാധാരണ മനുഷ്യര്‍.

അതാണ് ഭാവിയിലേക്കുള്ള പ്രതീക്ഷ.

കോവിഡ്-19 വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പേ കേരളത്തില്‍ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങാതായിരുന്നല്ലോ. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തേക്കിറങ്ങാതായി.

ചെറുകിട മേഖലയിലും നിര്‍മ്മാണമേഖലയിലും ഉള്ള തൊഴിലാളികളെ അടക്കം  ഈ പ്രതിസന്ധി വല്ലാതെ തളര്‍ത്തി. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വന്ന് വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരെ ലോക്ക്ഡൗണ്‍ വല്ലാതെ ബാധിച്ചു. ട്രെയിന്‍ സര്‍വ്വീസ് നിലച്ചതോടെ നാട്ടിലേക്കുള്ള അവരുടെ യാത്രയും മുടങ്ങി. ഇവിടെയെത്തിച്ച കരാറുകാര്‍ പലരും അവരെ കൈയ്യൊഴിഞ്ഞു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

ഇതോടെ താമസത്തിനും ഭക്ഷണത്തിനും അവര്‍ പ്രയാസപ്പെട്ടു. ഈ കഷ്ടകാലത്ത് അവരെ സഹായിക്കാന്‍ കുറച്ചുപേരെങ്കിലും മുന്നോട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

ആലപ്പുഴ അമ്പലപ്പുഴയിലെ പല്ലനയില്‍ നിന്നാണ് സന്തോഷം നല്‍കുന്ന ഈ വാര്‍ത്ത.

നൗഷാദ് (ഇടത്) ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നു.

ബിസിനസുകാരനായ നൗഷാദ് തന്‍റെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഈ പ്രതിസന്ധിയെല്ലാം ഒഴിയുന്നതുവരെ വാടക വാങ്ങേണ്ട എന്ന് തീരുമാനിച്ചു.

മാസം വാടക ഇനത്തില്‍ കിട്ടികൊണ്ടിരുന്ന വലിയ തുകയാണ് നൗഷാദ് വേണ്ടന്നു വെക്കുന്നത്. ഇതറിഞ്ഞ് സുഹൃത്ത് വഴി നൗഷാദിന്‍റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു.

വിളിച്ചപ്പോള്‍ അദ്ദേഹം കുറച്ച് തിരക്കിലായിരുന്നു. ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്നവര്‍ക്കായി തയ്യാറാക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങള്‍ നല്‍കുകയായിരുന്നു. അതെല്ലാം കഴിഞ്ഞ് വീണ്ടും വിളിച്ചു. ദീര്‍ഘമായി സംസാരിച്ചു.

”ഈ കൊറോണക്കാലം തുടങ്ങുന്നതിനു മുന്‍പാണ് സൗദിയില്‍ നിന്ന് ഞാന്‍ നാട്ടിലെത്തുന്നത്. ബിസിനസ് ഉള്ളതുകൊണ്ട് നാട്ടിലും സൗദിയിലും നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ്. പക്ഷെ, ഇത്തവണ നാട്ടില്‍ വന്ന ശേഷം തിരികെ പോകേണ്ട സമയമായപ്പോഴേക്കും രാജ്യാന്തര വിമാന സര്‍വ്വീസുകളെല്ലാം നിന്നു. അങ്ങനെയാണ് ഞാന്‍ നാട്ടിലായി പോകുന്നത്,” നൗഷാദ് സംസാരിച്ചുതുടങ്ങി.

“അങ്ങനെ ഈ കൊറോണയുടെ വ്യാപ്തിയും തൊഴില്‍ നഷ്ടവുമൊക്കെ പലയിടത്തുനിന്നായി വാര്‍ത്തകളില്‍ നിറഞ്ഞുവരുന്ന ദിവസങ്ങളിലാണ് എന്‍റെ കെട്ടിടത്തില്‍ വാടകയ്ക്കു കഴിയുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ കുറിച്ച് ആലോചിക്കുന്നത്. ഇവിടെ താമസിക്കുന്ന മുപ്പതോളം ഇതരസംസ്ഥാനക്കാര്‍ക്കും തൊഴില്‍ നഷ്ടം വരും. അവര്‍ക്ക് ഭക്ഷണത്തിനോ താമസത്തിനോ പണമില്ലാതാകും.”

കുടുംബങ്ങള്‍ക്ക് പത്ത് ദിവസത്തേക്കുള്ള ഭക്ഷണക്കിറ്റ് വിതരണം

അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് അവരോട് വാടക നല്‍കേണ്ടെന്ന് പറയുന്നത്.

“ഈ ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് നിങ്ങളുടെ തൊഴിലൊക്കെ ഒന്നു ശരിയായ ശേഷം മാത്രം വാടക നല്‍കിയാല്‍ മതിയെന്ന് ഞാനവരോട് പറഞ്ഞു. ഇവര്‍ മാത്രമല്ല മലയാളികളായ ചിലരും എന്‍റെ കെട്ടിടത്തില്‍ വാടകയ്ക്കു മുറിയെടുത്തിട്ടുണ്ട്. പക്ഷെ തൊഴിലാളികളുടെ വാടക ഒഴിവാക്കിയ കാര്യം ഞാന്‍ അവരോട് പറഞ്ഞിരുന്നില്ല. മാസാവസാനവും ആദ്യവുമൊക്കെയായി വാടക തരാന്‍ അവിടെ വര്‍ക് ഷോപ്പ് നടത്തുന്നയാള്‍ എന്‍റെ അരികിലെത്തുന്നത്.

“അദ്ദേഹത്തോടും ഞാന്‍ പറഞ്ഞു. ഇത്തവണ എനിക്ക് വാടക വേണ്ട. അദ്ദേഹമോര്‍ത്തു, മലയാളിയായതു കൊണ്ടും സുഹൃത്തായതുകൊണ്ടും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തന്‍റെ വാടക മാത്രം ഒഴിവാക്കുന്നതാണെന്ന്. പക്ഷെ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. താങ്കളുടെ മാത്രമല്ല എന്‍റെ കെട്ടിടത്തില്‍ നിന്ന് ഈ കൊറോണക്കാലത്തു നിന്ന് രക്ഷപെടും വരെ ആരോടും വാങ്ങുന്നില്ലെന്ന്.

“അങ്ങനെ അദ്ദേഹമാണ് ഈ വാര്‍ത്ത പുറത്തു പറയുന്നത്,” നൗഷാദ് പറഞ്ഞു.

അഞ്ച് വ്യാപാരസ്ഥാപനങ്ങളുടെയും മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളുടെയും വാടകയാണ് ഇത്തരത്തില്‍ ഒഴിവാക്കിയത്.

അതുമാത്രമല്ല, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലാളികളുടെ ഭക്ഷണത്തിനുള്ള സൗകര്യവും നൗഷാദ് ഒരുക്കി നല്‍കി. പല്ലനയില്‍ നൗഷാദിന്‍റെ വീടിനു സമീപത്തുള്ള നാല്പതോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പത്തു ദിവസത്തേക്കുള്ള അരിയും പലവ്യജ്ഞനങ്ങളും ഒരു കിറ്റിലാക്കി നല്കി. കൂടാതെ പഞ്ചായത്തുമായി ചേര്‍ന്ന് ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള സാധനങ്ങളും വാങ്ങി നല്‍കി.

അങ്ങനെയിരിക്കുമ്പോഴാണ് അമ്പലപ്പുഴയ്ക്കടുത്ത് ആയിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കാക്കായത്തുള്ള ക്യാമ്പില്‍ നിരവധി ആവശ്യങ്ങളുണ്ടെന്ന് മനസിലാക്കി പൊലീസിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെയും പ്രത്യേക അനുമതിയോടെ നൗഷാദ് അവിടെയെത്തുന്നത്.

നാട്ടുകാര്‍ക്കായി നൗഷാദ് സ്ഥാപിച്ച ആര്‍ ഒ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്. (ഇടത്ത്) കുടിവെള്ളം ശേഖരിക്കാന്‍ എത്തിയ നാട്ടുകാര്‍

“പക്ഷെ, അവിടെയെത്തിയപ്പോള്‍ അവര്‍ നാട്ടില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കണ്ടത്. അവര്‍ക്ക് എവിടെ നിന്നോ കിട്ടിയ വാട്സ്ആപ്പ് സന്ദേശം അനുസരിച്ച് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവരുടെ നാട്ടിലേക്ക് ട്രെയിന്‍ പുറപ്പെടുന്നുണ്ടെന്നും, രാത്രി ഒന്‍പതു മണിയോടെ അവിടെ എത്തിയാല്‍ അവര്‍ക്ക് യാത്ര ചെയ്യാനാകുമെന്നും പറഞ്ഞ് ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. അവരെത്തി.

“അങ്ങനെ ഒരു തീരുമാനം ഇപ്പോഴില്ലെന്നും ലോക്ക്ഡൗണ്‍ തീരുന്നതു വരെയുള്ള സമയത്ത് അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുള്ളതെന്നും ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. കോട്ടയത്ത് പായിപ്പാട്  ഇതര സംസ്ഥാനക്കാര്‍ കൂട്ടംകൂടിയെത്തിയതു പോലുള്ള സംഭവം ഒഴിവാക്കാന്‍ പൊലീസിനു കഴിഞ്ഞു.

“മാത്രമല്ല കമ്യൂണിറ്റി കിച്ചണില്‍ നിന്നും അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്ന പൊലീസിന്‍റെ വാക്കില്‍ അവര്‍ തൃപ്തരാകുകയും പോകാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

“അപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്. എന്‍റെ കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളുടെ ഫോട്ടോയും വിശദവിവരങ്ങളും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കണമെന്ന നിര്‍ദ്ദേശം വന്നു. കരാറുകാരന്‍ മുങ്ങിയ സ്ഥിതിക്ക് കെട്ടിട ഉടമ തന്നെ അതിന് മുന്‍കൈ എടുക്കേണ്ടതുണ്ട്. അവസാനം സ്റ്റുഡിയോ ഒന്നും തുറക്കാന്‍ കഴിയാത്ത സ്ഥിതിക്ക് ഒരു ഫോട്ടോഗ്രാഫറെ വിളിച്ച് അവരുടെ ഫോട്ടോകളും ഡീറ്റെയ്ല്‍സുമെല്ലാം ശേഖരിച്ച് പൊലീസില്‍ നല്‍കിയത്,”നൗഷാദ് തുടരുന്നു

ചെറുപ്പം മുതലുള്ള ശീലം

നൗഷാദിന്‍റെ വാപ്പ മുഹമ്മദ് കുഞ്ഞ് സ്‌കൂള്‍ അധ്യാപകനായിരുന്നു. സഹജീവികളോടെ കരുണയോടെ പെരുമാറണമെന്ന് ആ വാപ്പ പ്രവര്‍ത്തിയിലൂടെ മക്കളെ പഠിപ്പിച്ചിരുന്നു. ഉമ്മാ ഫാത്തിമാ ബീവി.

തന്നാലാവും വിധം സഹായം

“വാപ്പാ തെളിച്ച വഴിയിലൂടെയായിരുന്നു എന്‍റെയും സഹോദരങ്ങളുടെയും ജീവിതം. അന്ന് കഷ്ടിച്ചു മാത്രം ജീവിച്ചു പോകാന്‍ കഴിയുന്ന എന്‍റെ വീട്ടില്‍ നിന്നും ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകളിലേക്ക് സഹായഹസ്തങ്ങള്‍ നീണ്ടിരുന്നു. വളര്‍ന്നപ്പോഴും ഞാനത് മാതൃകയാക്കി. എന്നാല്‍ കഴിയുന്ന വിധം മറ്റുള്ളവരെ സഹായിക്കണമെന്ന ലക്ഷ്യം എപ്പോഴും ഞാന്‍ മനസില്‍ സൂക്ഷിച്ചിരുന്നു,” നൗഷാദ് പറഞ്ഞു.

പ്രീഡിഗ്രിയ്ക്കു ശേഷം എക്സ്റേ ടെക്നീഷ്യന്‍ കോഴ്‌സ് പഠിച്ചു. അതിന് ശേഷമാണ് നൗഷാദ് വിദേശത്ത് പോകുന്നത്. കുറെക്കാലം അവിടെ ജോലിയെടുത്തതിന് ശേഷമാണ് മെഡിക്കല്‍ ഉപകരണ വിതരണം തുടങ്ങുന്നത്.

“തുടര്‍ന്ന് ആ മേഖലയില്‍ തന്നെ സ്വന്തമായി ബിസിനസു തുടങ്ങി. അങ്ങനെ ഞാന്‍ നാട്ടിലുള്ള അര്‍ഹതയുള്ള ആളുകളെ അവരുടെ ചെറിയ ചെറിയ ആവശ്യങ്ങളില്‍ സഹായിക്കുന്നതിന് എന്‍റെ ബിസിനസില്‍ നിന്നു തന്നെ പണം കണ്ടെത്തി. സൗദിയിലെ ദമാമിലും(മെഡിക്കല്‍ ഉപകരണ വിതരണം) നാട്ടിലുമുള്ള (ഹരിപ്പാട്ടും അമ്പലപ്പുഴയിലുമുള്ള മെഡിക്കല്‍ ഷോപ്പ് )ബിസിനസാണ് എനിക്ക് എന്‍റെ പ്രവര്‍ത്തനങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്,” നൗഷാദ് വിശദമാക്കുന്നു.

പാവപ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനും നിര്‍ധന കുടുംബങ്ങളിലെ വിവാഹങ്ങള്‍ക്കുമൊക്കെ നൗഷാദ് തന്നെക്കൊണ്ടാവുന്നതുപോലെ സഹായം ചെയ്യാറുണ്ട്. ഒപ്പം കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ചില ട്രസ്റ്റുകളുമായും സംഘടനകളുമായും സഹകരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

ഈ കൊറോണക്കാലത്തിനും എത്രയോ മുന്‍പ് തന്നെ നൗഷാദ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതാണ്.

2018-ലെ വേനല്‍ക്കാലം. നാട്ടിലെ കുടിവെള്ള സ്രോതസുകളെല്ലാം വറ്റി വരണ്ടു. ഒരിറ്റു കുടിവെള്ളമില്ലാതെ നാട്ടുകാര്‍ നെട്ടോട്ടത്തിലായി. ആ സമയത്ത് നൗഷാദ് നാട്ടിലുണ്ട്. നാട്ടുകാര്‍ക്ക് എങ്ങനെ കുടിവെള്ളം എത്തിക്കും? അങ്ങനെയുള്ള ഒരു ചിന്തയിലാണ് ദമാമിലെ ഒരു മാതൃക നൗഷാദിന്‍റെ മനസിലേക്കെത്തുന്നത്.

അവിടെ നൗഷാദ് താമസിക്കുന്ന സ്ഥലത്ത് ഒരാള്‍ ആ പ്രദേശത്തുള്ളവര്‍ക്കു വേണ്ടി കുടിവെള്ളം കൊടുക്കുന്നതിനായി ഒരു വലിയ ടാങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ആ ടാങ്കില്‍ നിന്ന് നിരവധി പേര്‍ വെള്ളം കൊണ്ടു പോകുന്നു. അങ്ങനെ എങ്കില്‍ ഇത്തരം ഒരു സംരഭം നാട്ടിലും തുടങ്ങിയാലെന്താണ്?

അങ്ങനെ ശുദ്ധജല പ്ലാന്‍റ് നൗഷാദിന്‍റെ നാട്ടിലെ വീട്ടില്‍ ക്രമീകരിക്കുന്നതിന് തീരുമാനിച്ചു. കുഴല്‍കിണറില്‍ നിന്നുള്ള വെള്ളം റിവേഴ്സ് ഓസ്മോസിസ് (ആര്‍ ഒ-കുടിവെള്ളം ശുദ്ധീകരിക്കുന്ന രീതി) പ്രോസസ് വഴി ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്നത്.

അങ്ങനെ നൗഷാദ് വിദഗ്ധരുമായി ആലോചിച്ച് അവര്‍ അത്തരമൊരു പ്ലാന്‍റ് സ്ഥാപിച്ചു നല്‍കി. ആ വേനല്‍ക്കാലം മുതല്‍ നൗഷാദിന്‍റെ നാട്ടിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ഒരു രൂപപോലും ചിലവില്ലാതെ കിട്ടിത്തുടങ്ങി.

“രാവിലെ മുതല്‍ രാത്രി വരെ നിരന്തരമായി കുടിവെള്ളം നല്‍കുന്ന രീതിയാണ് ആദ്യകാലത്ത് സ്വീകരിച്ചത്. പിന്നീട് രാവിലെയും വൈകുന്നേരവുമായി സമയം ക്രമീകരിച്ച് വെള്ളം നല്‍കി തുടങ്ങി. പക്ഷെ ഇത്തരത്തില്‍ കുടിവെള്ളം നല്‍കുമ്പോള്‍ എന്നെ അലട്ടിയ മറ്റൊരു പ്രശ്നമുണ്ടായിരുന്നു.

“റിവേഴ്സ് ഓസ്മോസിസ് വഴി ശുദ്ധീകരിക്കുന്നതിലും കൂടുതല്‍ ജലം നഷ്ടമാകും. ഇതിനുവേണ്ടി വെള്ളം ഒഴുകി പോകാന്‍ പ്രത്യേക ചാല് സ്ഥാപിച്ചു. മാത്രമല്ല ഇത്തരത്തില്‍ നഷ്ടപ്പെടുന്ന ജലം കൃഷി ആവശ്യത്തിനും തുണി കഴുകുന്നതിനും ബാത്റൂമിലും മറ്റും ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ആ പ്രശ്നത്തിനും ഒരു പരിഹാരമായി,” നൗഷാദ് വിശദമാക്കി.

ഈ കൊറോണക്കാലം നൗഷാദിനെപ്പോലെ നിരവധി സുമനസ്സുകളുടെ സ്നേഹമറിയുന്ന കാലം കൂടിയാണ്. നൗഷാദിന്‍റെ ഈ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളികളായി ഭാര്യ സെലീനയും മക്കളായ ഫാത്തിമയും മുഹമ്മദ് യാസിനും ഇഷയുമുണ്ട്.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം