“വിവാഹത്തിനായി അനസും വീട്ടുകാരും ദുബായിയില്‍ നിന്നെത്തിയിട്ട് ഏതാണ്ട് ഒന്നര മാസത്തിലേറെയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി എല്ലാവരും കാത്തിരിക്കുകയായിരുന്നു ആ ദിവസത്തിന് വേണ്ടി,” ഡോ.ഷിഫ മുഹമ്മദ് പറയുന്നു.
“പക്ഷേ ഈ സാഹചര്യത്തില്‍ കല്യാണം നടത്താന്‍ പറ്റില്ലല്ലോ. കല്യാണത്തെക്കാള്‍ വലുതല്ലേ നമ്മുടെയൊക്കെ ജീവിതം.” ആശുപത്രിയിലെ ജോലി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയതേയുള്ളൂ ഷിഫ.
പരിയാരം മെഡിക്കല്‍ കോളെജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഈ കോഴിക്കോട്ടുകാരി.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.
സ്വന്തം വിവാഹം പോലും മാറ്റിവച്ച് കോവിഡ് 19 ബാധിച്ചവരെ ചികിത്സിക്കാനെത്തിയ ഡോക്റ്റര്‍ പക്ഷേ, ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ ആളുകള്‍ തന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നത് അറിയുന്നത് വളരെ വൈകിയാണ്.
“സോഷ്യല്‍ മീഡിയകളിലൊക്കെ വൈറലാകുന്ന കാര്യം അറിഞ്ഞിരുന്നില്ല. അതൊക്കെ കണ്ടിട്ട് ഫ്രണ്ട്സ് വിളിച്ചു പറഞ്ഞപ്പോഴാ അറിയുന്നത് തന്നെ. കൊറോണ കാലത്ത് കല്യാണം പലരും മാറ്റിവച്ചിട്ടുണ്ടല്ലോ. അങ്ങനെയുള്ള ചില വാര്‍ത്തകളുടെ കൂട്ടത്തില്‍ ഒരൊറ്റ കോളം വാര്‍ത്തയായി എന്‍റെ കല്യാണക്കാര്യവും വന്നിരുന്നു,” ഡോ. ഷിഫ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു
“അതാണ് തുടക്കം. അതില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലേക്കെത്തുന്നത്. പക്ഷേ ഇങ്ങനെ വൈറലായി പോകുന്ന ചിലതില്‍ കുറേ തള്ളും ഉണ്ടായിരുന്നു. ഞാന്‍ പോലും അറിയാത്ത കാര്യങ്ങളൊക്കെയുണ്ടായിരുന്നു.
“കൊവിഡ്-19 ബാധിച്ചവരെ ചികിത്സിക്കാന്‍ വേണ്ടി കല്യാണം മാറ്റിവച്ചു, കല്യാണ ദിവസം തന്നെ കോവിഡ് രോഗികളെ പരിശോധിച്ചുവെന്നൊക്കെ. സത്യത്തില്‍ അബദ്ധവശാല്‍ കല്യാണം നടക്കേണ്ട ദിവസം എനിക്ക് ഡ്യൂട്ടി വന്നു എന്നേയുള്ളൂ.
“അല്ലാതെ മനഃപൂര്‍വ്വം ആ ദിവസം തന്നെ ഡ്യൂട്ടി എടുത്തതല്ല. ആശുപത്രിയിലെ ഡ്യൂട്ടി എടുക്കാന്‍ വേണ്ടി കല്യാണം മാറ്റണമെന്നു പറഞ്ഞയാളല്ല ഞാന്‍. പകരുന്ന രോഗമാണ്, ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ആള്‍ക്കാരൊക്കെ പങ്കെടുക്കുന്ന ചടങ്ങ് ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നി.
“അത്രേയുള്ളൂ. വിളിക്കുന്നവരോടൊക്കെ ഞാനിത് പറയുന്നുണ്ട്. പക്ഷേ ആര് കേള്‍ക്കാന്‍.
“ഇപ്പോ അതുകൊണ്ട് എന്താ ഉണ്ടായേന്ന് അറിയോ.. ഇവിടെ ആശുപത്രിയില്‍ ഒപ്പമുള്ളവരെ കളിയാക്കുവാ… ഡ്യൂട്ടി കൂടുമ്പോ ക്ഷീണിച്ചുവെന്നൊക്കെ പറയുമ്പോ,
നീ രോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ചവളല്ലേ… നീ അങ്ങനെയൊന്നും പറയരുത്. എല്ലാം നീ തന്നെ ചെയ്യണമെന്നൊക്കെ പറഞ്ഞ് അവര് കളിയാക്കുകയാണ്.
“എനിക്കിപ്പോ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി,” ഷിഫ ചിരിക്കുന്നു.
കോഴിക്കോട് ജില്ല എല്‍ഡിഎഫ് കണ്‍വീനറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ മുക്കം മുഹമ്മദിന്‍റെയും അധ്യാപികയായ സുബൈദയുടെയും ഇളയ മകളാണ് ഷിഫ. മൂത്തമകള്‍ ഡോ.സുമിഷ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഡോക്റ്ററാണ്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കി അവിടെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഷിഫ.
“കഴിഞ്ഞ മാര്‍ച്ച് 29-ന് ആയിരുന്നു കല്യാണം തീരുമാനിച്ചിരുന്നത്. ആ ദിവസങ്ങളിലൊക്കെ ഞാന്‍ ആശുപത്രിയിലായിരുന്നു. ഇപ്പോ വീട്ടില്‍ പോയിട്ട് തന്നെ രണ്ട് മാസമാകുന്നു. ഹോസ്റ്റലില്‍ തന്നെയാണ്.
“ഭാവിവരന്‍റെ പേര് അനസ് മുഹമ്മദ് എന്നാണ്. അനസും കുടുംബവും ദുബായിയില്‍ സെറ്റില്‍ഡാണ്. അനസിന് ബിസിനസാണ്. കല്യാണമൊക്കെയായി ഒന്നര മാസം മുന്‍പേ അവര്‍ നാട്ടിലെത്തിയതാണ്. അവര്‍ക്ക് കൊറോണ പ്രശ്നമൊന്നും ഇല്ലായിരുന്നു.
“കല്യാണത്തിന്‍റെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. എന്‍റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു. ക്ഷണക്കത്തുകള്‍ അടിക്കുക മാത്രമല്ല കല്യാണം വിളിയും തീര്‍ന്നിരുന്നു. ഷോപ്പിങ്ങും കഴിഞ്ഞു. കല്യാണം കഴിച്ചാ മാത്രം മതിയായിരുന്നു.
“അവര് നാട്ടിലെത്തിയപ്പോ ഒന്നും ഇത്ര വലിയ സീന്‍ ഒന്നുമില്ലായിരുന്നല്ലോ. സാഹചര്യം മോശമാകുന്നത് കണ്ടപ്പോ കല്യാണം മാറ്റിവയ്ക്കാം അതായിരിക്കും നല്ലതെന്നു ഉപ്പാനോടും ഉമ്മാനോടും പറഞ്ഞു. അങ്ങനെയൊരു ഓപ്ഷന്‍ വീട്ടുകാര്‍ക്ക് മുന്നിലിട്ടു കൊടുത്തു.
“അവര് അത്ര ഗൗരവത്തോടെയൊന്നും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഞാന്‍ പറഞ്ഞപ്പോ എല്ലാവര്‍ക്കും തോന്നി, കല്യാണം നീട്ടിവയ്ക്കുന്നതാകും നല്ലത്. ഇക്കാര്യത്തില്‍ റിസ്ക് എടുക്കണ്ട എന്നു തീരുമാനിച്ചു.
“അനസിനോട് പറഞ്ഞപ്പോ പുള്ളിക്കും എതിര്‍പ്പില്ല. രണ്ടു വീട്ടുകാരും ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു കല്യാണം നീട്ടിവയ്ക്കാമെന്ന്. ഇനിയിപ്പോ കുറച്ചാളുകളെ മാത്രം വിളിച്ച് കല്യാണം നടത്തിയാ തന്നെ പേടിയായിരിക്കും. ആര്‍ക്കെങ്കിലും ഒരു ചുമ ഉണ്ടായാല്‍ മതി ടെന്‍ഷനാകും. സമാധാനത്തിന് പിന്നെ നടത്താമെന്നാ അനസും പറഞ്ഞത്.
“ലോക്ക് ഡൗണ്‍ ആണെന്നു മാത്രമല്ലല്ലോ. ഞാന്‍ കല്യാണത്തിന് വരുന്നത് ആശുപത്രിയില്‍ നിന്നല്ലേ. ഇവിടെയാണേല്‍ കൊവിഡ് -19 രോഗികളുണ്ട്. കല്യാണപ്പെണ്ണ് തന്നെ പ്രശ്നമാകുമല്ലോ.
“മൂന്നു വര്‍ഷം മുന്‍പ് എംബിബിഎസിന് പഠിക്കണ നാളില്‍ തന്നെ നിക്കാഹ് കഴിഞ്ഞിരുന്നു. കോഴ്സ് പൂര്‍ത്തിയായിട്ട് കല്യാണം നടത്താനായിരുന്നു തീരുമാനം. അങ്ങനെ മൂന്നു വര്‍ഷം കഴിഞ്ഞ് കല്യാണത്തിന് റെഡിയായപ്പോ ഇങ്ങനെയായി.
“ഇനിയിപ്പോ പ്രളയമെങ്ങാനും വന്നാല്‍ പിന്നെ പ്രശ്നമാകും,” ചിരിയോടെ ഷിഫ പറയുന്നു.
“കേരളത്തിലിപ്പോ അത്ര പേടിപ്പെടുത്തുന്ന സാഹചര്യമല്ല. ഇവിടെ പരിയാരത്ത് ആശുപത്രിയിലും വലിയ പ്രശ്നമൊന്നും ഇപ്പോഴില്ല. പക്ഷേ ഇവിടെ മറ്റൊരു പ്രശ്നമുണ്ട്,” ആശുപത്രിയിലെ സാഹചര്യങ്ങളെക്കുറിച്ച് ഷിഫ.
“കോവിഡ്-19 പോസിറ്റീവ് ആയിട്ടുള്ള അഞ്ച് ഗര്‍ഭിണികള്‍ ആശുപത്രിയില്‍ ഐസോലേഷനിലുണ്ട്. കൂട്ടത്തിലൊരാള്‍ക്ക് പ്രസവത്തിയതിയും അടുത്തു. ഇവരൊക്കെ കാസര്‍ഗോഡ് നിന്നുള്ളവരാണ്.
ഇതുകൂടി വായിക്കാം:‘ഒന്ന് പിഴച്ചാൽ ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക’: ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന അവര്‍ക്കും പറയാനുണ്ട്
“ചെറിയ റിസ്ക് ഉണ്ടെങ്കില്‍ കാസറഗോഡ് നിന്നു ഗര്‍ഭിണികളെ പരിയാരം മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യുന്ന പതിവുണ്ട്. ഗര്‍ഭിണികളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലാല്ലോ… കൊറോണ തീരട്ടെ ലോക് ഡൗണ്‍ മാറട്ടെ എന്നൊന്നും പറയാന്‍ പറ്റുന്ന കേസ് അല്ലല്ലോ.
“ഗൈനക്കിലാണ് എനിക്ക് പോസ്റ്റ്. ഈ ഗര്‍ഭിണികളൊക്കെ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. അവിടെ ഹൗസ് സര്‍ജന്‍സികളെ കയറ്റിയിട്ടില്ല. പക്ഷേ എമര്‍ജന്‍സി സിറ്റുവേഷന്‍ വന്നാല്‍ പോകേണ്ടി വരും. പിന്നെ അവരെ നോക്കുന്ന ഡോക്റ്റര്‍മാരുമായി നമുക്ക് ബന്ധമുണ്ട്. അതില്ലാതെ പറ്റില്ലല്ലോ.
“ഐസോലേറ്റഡായിട്ടുള്ള വരെ നേരിട്ട് പരിചരിക്കാനൊന്നും പോകേണ്ടി വന്നിട്ടില്ല. പക്ഷേ ട്രിയാജില്‍ (രോഗികള്‍ ആദ്യം പരിശോധനയ്ക്ക് എത്തുന്ന സ്ഥലം) ആണ് എനിക്ക് ഡ്യൂട്ടി.
“വരുന്നവരെ ആശുപത്രിയില്‍ ഐസോലേറ്റഡ് വാര്‍ഡിലേക്ക് അയക്കണോ വീട്ടില്‍ ഐസോലേറ്റ് ചെയ്യണോ എന്നൊക്കെ തീരുമാനിക്കുന്നതിന് ഇവിടെയാണ്. വരുന്ന രോഗികളെല്ലാവരുമായി കോണ്‍ടാക്റ്റ് ഉണ്ട്. അതുകൊണ്ടു തന്നെ പിപിഇ കിറ്റ് ഇട്ടാണ് പരിശോധിക്കുന്നതെല്ലാം.
“ഈ വേഷത്തില്‍ നില്‍ക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. 12 മണിക്കൂറാണ് ഡ്യൂട്ടി സമയം. ആറു മണിക്കൂര്‍ നേരത്തേക്കാണ് പിപിഇ കിറ്റ് ധരിക്കുന്നത്. ഇതിനിടയില്‍ ഇടയ്ക്ക് വേഷം മാറുകയൊന്നുമില്ല.
“ഭക്ഷണം മാത്രമല്ല കുറച്ചു വെള്ളം കുടിക്കാന്‍ പോലും ഈ ആറു മണിക്കൂര്‍ നേരം കഴിയണം. ഇതിനകം ചുടായിരിക്കും. ആ ഉടുപ്പിനുള്ളില്‍ ഉരുകിയൊലിക്കുകയാകും. പക്ഷേ ബുദ്ധിമുട്ടൊക്കെയുണ്ടെങ്കിലും പിപിഇ കിറ്റ് ധരിക്കാതെ നില്‍ക്കില്ല.
വീട്ടില്‍ നിന്നു വിളിക്കുമ്പോഴൊക്കെ പറയുന്നത്, ചൂട് എടുക്കുന്നുണ്ടെന്നു പറഞ്ഞ് പിപിഇ കിറ്റ് ഊരിക്കളയരുത്, കൈകഴുകണം എന്നൊക്കൊയാണ്. ഒന്നല്ല കുറേവട്ടം പറയും.
“മുന്‍കരുതലുകളൊക്കെ എടുക്കുന്നുണ്ട്. ശ്രദ്ധിക്കാതെയിരുന്ന് നമുക്കെങ്ങാനും അസുഖം വന്നാല്‍ പിന്നെ എത്ര പേര്‍ക്ക് ഈ രോഗം വരും. അതൊക്കെ ആലോചിക്കണമല്ലോ,” ഷിഫ പറയുന്നു.
കല്യാണം നീണ്ടുപോകുന്നതിന്‍റെ ടെന്‍ഷനൊന്നും ഇല്ലെന്ന് ഷിഫ. ആ ടെന്‍ഷന്‍ ഒക്കെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഷിഫ.
“വീട്ടില്‍ പോയിട്ട് ഇത്രേം ദിവസമായെങ്കിലും പ്രശ്നമൊന്നുമില്ല. വീട്ടിലേക്ക് പോകുന്നത് വലിയ റിസ്കാണ്. ഇത്താത്ത ഗര്‍ഭിണിയാണ്. ഫോണ്‍ വിളിക്കാം, വിഡിയോ കോള്‍ ചെയ്യാം.. ടെക്നോളജിയുള്ളത് കൊണ്ട് അതൊന്നും ഒരു സീനല്ല,” എന്നാണ് ഷിഫ പറയുന്നത്.
അനസ് നാട്ടില്‍ വരുമ്പോള്‍ പോയി കാണാറുള്ളതാണ്. ഇത്തവണ അതിന് പറ്റിയില്ല.
“ഇപ്പോ നാട്ടില്‍ വന്നിട്ടും പോയി കാണാന്‍ പറ്റിയിട്ടില്ല. ആ വിഷമമുണ്ട്. കല്യാണം കഴിഞ്ഞാലും പെട്ടെന്നൊന്നും ദുബായിക്ക് പോകാന്‍ പ്ലാന്‍ ഇല്ല. എനിക്ക് പിജിയെടുക്കണം, ഇവിടെ ജോലി ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം.
“മുക്കത്തെ തനി ഗ്രാമമായ കാരമൂലയിലാണ് എന്‍റെ വീട്. ഞാനൊരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചയാളാണ്. കുമരനെല്ലൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലും ആശാന്‍ മെമ്മോറിയല്‍ യുപി സ്കൂളിലും കൂടരഞ്ഞിയിലെ സെന്‍റ്.സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലുമൊക്കെയാണ് പഠിച്ചത്.
“എന്തായാലും കുറച്ചുകാലം ഞാനിവിടെ തന്നെ നില്‍ക്കും. ദുബായില്‍ വര്‍ക് ചെയ്യണം എന്നൊന്നും ആഗ്രഹമില്ല. ഇവിടെ നാട്ടില്‍ തന്നെ സര്‍വീസ് ചെയ്യണമെന്നാണ്.
“സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്റ്ററാകണമെന്ന് ആഗ്രഹമൊക്കെയുണ്ട്. പക്ഷേ പി എസ് സി ഒക്കെ കിട്ടുമോ എന്നറിയില്ലല്ലോ. അല്ലേല്ലും സര്‍ക്കാര്‍ ഡോക്റ്ററാകാന്‍ ആര്‍ക്കാ ആഗ്രഹമില്ലാത്തത്,” ഡോ. ഷിഫ ചോദിക്കുന്നു.
ഇതുകൂടി വായിക്കാം:മരണം കളിയാടിയിരുന്ന തമിഴ് വനഗ്രാമത്തിലെ മനുഷ്യരെ രക്ഷിക്കാന്‍ മണ്ണുകൊണ്ട് ആശുപത്രിയുണ്ടാക്കി അവര്‍ക്കൊപ്പം താമസിക്കുന്ന മലയാളി ഡോക്റ്റര്‍ ദമ്പതികള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.