5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്‍റെ യുദ്ധത്തിന് കരുത്തായി

പ്ലസ്-ടു ക്കാരി സുപ്രിയക്ക് ആറു ഭാഷകള്‍ അറിയാം. മലയാളമടക്കം മൂന്ന് ഭാഷകള്‍ പഠിച്ചത് കേരളത്തിലെത്തിയതിന് ശേഷമാണ്. #CoronaWarriors

റണാകുളം മലയിടംതുരുത്ത് ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ  ടീച്ചറാണ് സുപ്രിയ ദേബ് നാഥ് എന്ന ഒഡിഷക്കാരി. മലയാളമടക്കം ആറു ഭാഷകള്‍ സംസാരിക്കുന്ന സുപ്രിയ സര്‍ക്കാരിന്‍റെ റോഷ്നി പദ്ധതിയിലെ വൊളന്‍റിയറാണ്.

ഈ കൊറോണക്കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ സങ്കടങ്ങള്‍ക്കും ആധികള്‍ക്കും ആശങ്കകള്‍ക്കുമൊക്കെ വാക്കുകള്‍ കൊണ്ട് ആശ്വാസം പകരുകയാണ് സുപ്രിയ.

എറണാകുളം കലക്റ്ററേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ ‘മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍’ ആണ് ഈ ടീച്ചര്‍.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ജോലി നഷ്ടപ്പെട്ടതിന്‍റെ ആകുലതകളും നാട്ടിലേക്ക് പോകാനാകാത്തതിന്‍റെ  നിരാശയും മാത്രമല്ല കൊറോണയെക്കുറിച്ചുള്ള ആശങ്കകളും ഭീതിയുമൊക്കെ നിറയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ കോളുകള്‍ക്ക് സാന്ത്വനത്തിന്‍റെയും കരുതലിന്‍റെയും ഭാഷയിൽ മറുപടി പറഞ്ഞ് ധൈര്യം നൽകുയാണ് സുപ്രിയ ദേബ് നാഥ്.

സുപ്രിയ ജോലിത്തിരക്കില്‍

ഒഡിഷയിലെ കേന്ദ്രാപാരയില്‍ നിന്നും  അഞ്ച് വര്‍ഷം മുന്‍പാണ് സുപ്രിയ കേരളത്തിലേക്കെത്തിയത്. പ്രശാന്ത് കുമാര്‍ സമലുമായുള്ള വിവാഹശേഷം ഇവിടേക്ക് വന്നതാണ്.

കേരളത്തിലേക്കെത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചെടുത്തു. മലയാളം മാത്രമല്ല ആസാമീസും  ബംഗാളിയുമൊക്കെ പഠിച്ചത് ഇവിടെ എത്തിയതിന് ശേഷമാണ്. ബംഗ്ലാദേശുകാര്‍ സംസാരിക്കുന്ന ബംഗാളി ഭാഷയും സുപ്രിയക്ക് അറിയാം.

അതുകൊണ്ട് ഒരുപാട് ഇതരസംസ്ഥാനത്തൊഴിലാളികളുമായി അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ സുപ്രിയക്ക് കഴിയും.

“മോളെ പഠിപ്പിക്കുന്ന രമ്യ ടീച്ചറാണ് എന്നെയും മലയാളം പഠിപ്പിച്ചത്,” ഹിന്ദി കലര്‍ന്ന മലയാളത്തില്‍ സുപ്രിയ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “മലയാളം എഴുതാനും വായിക്കാനും ടീച്ചര്‍ പഠിപ്പിച്ചുതന്നു.

“നാലുവയസുകാരിയായ മകള്‍ ശുഭസ്മിത ഞാന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ എല്‍കെജി ക്ലാസില്‍ പഠിക്കുകയാണ്. വര്‍ത്തമാനം പറയാന്‍ മാത്രമല്ല ഇപ്പോ മലയാളം  എഴുതാനും വായിക്കാനുമൊക്കെ അറിയാം.”

മലയാളം പഠിച്ചെടുക്കാനുള്ള ആഗ്രഹം കൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവധിക്കാലത്തും നാട്ടില്‍ പോയില്ലെന്ന് സുപ്രിയ. “നാട്ടില്‍ പോയാല്‍ മലയാളം പഠിക്കുന്നതിന് ഇടവേള വരും. അവിടെച്ചെന്നാല്‍ പിന്നെ മലയാളം സംസാരിക്കില്ലല്ലോ. അതാ നാട്ടിലേക്കുള്ള യാത്ര നീട്ടിവച്ചത്.

“ഇത്തവണത്തെ അവധിക്ക് നാട്ടില്‍ പോകാനിരുന്നതാണ്. എപ്രില്‍ 14-ന് ടിക്കറ്റും എടുത്തിരുന്നു. അതിനിടയ്ക്കല്ലേ കൊറോണ വന്നത്. ഇനിയിപ്പോ എന്നു നാട്ടില്‍ പോകാനാകുമെന്നു ഒരു പിടിയുമില്ല,”  സുപ്രിയ പറഞ്ഞു.

നാട്ടിലേക്കുള്ള യാത്ര മുടങ്ങിയതിന് പിന്നാലെയാണ് കലക്റ്ററേറ്റില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുടങ്ങുന്നതും സുപ്രിയ അവിടേക്ക് എത്തുന്നതും.

“ഒരു ദിവസം നൂറിലേറെ ഫോണ്‍ കോളുകള്‍ വരാറുണ്ട്. ആദ്യദിവസങ്ങളില്‍ ഫോണ്‍ വിളികള്‍ കൂടുതലായിരുന്നു,” സുപ്രിയ പറയുന്നു.  “പിന്നീട് കോളിന്‍റെ എണ്ണം കുറഞ്ഞു …

“ലോക്ക് ഡൗണ്‍ കൂടി വന്നതോടെയാണ് അവര് (ഇതരസംസ്ഥാന തൊഴിലാളികള്‍) പേടിച്ചത്. നാട്ടില്‍ പോകാനിരുന്നവരാണ് കൂടുതലാളുകളും. അതിന് സാധിക്കാത്തതിന്‍റെ വിഷമമാണ് അവരിലേറെപ്പേര്‍ക്കും,” സുപ്രിയ തുടരുന്നു.

“അവര്‍ക്ക് സ്വന്തം ഭാഷയില്‍ എന്നോട് സംസാരിക്കാം. മലയാളം അറിയുന്നവരും അല്ലാത്തവരുമുണ്ട്. പക്ഷേ സ്വന്തം ഭാഷയില്‍ പറയാനും അതേ ഭാഷയില്‍ മറുപടി കിട്ടുമ്പോഴും അവര്‍ക്കൊരു സമാധാനം ഉണ്ട്.

“ഭക്ഷണം എവിടെ നിന്നു കിട്ടും, സാധനങ്ങളൊക്കെ കിട്ടുമോ, നാട്ടിലേക്ക് പോകാന്‍ പറ്റുമോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. ഹിന്ദിയൊക്കെ അറിയാമെങ്കിലും സ്വന്തം മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ തുറന്നുപറയാനും സാധിക്കും.”

സുപ്രിയക്ക്  നേരത്തേ തന്നെ ഹിന്ദിയും ബംഗാളിയും ഒറിയയും അറിയാം. പിന്നീടാണ് മലയാളമടക്കമുള്ള ഭാഷകള്‍ പഠിച്ചെടുത്തത്. “അസമീസൊക്കെ ഈ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പഠിച്ചെടുത്തതാണ്.

സ്കൂളിലെ വിദ്യാര്‍ഥികളോടൊപ്പം സുപ്രിയ

“സ്കൂളില് ആസാമില്‍ നിന്നുള്ള കുട്ടികളുണ്ട്. അവര്‍ക്ക് ഹിന്ദിയും മലയാളവും അറിയില്ല. അപ്പോ അവരെ എങ്ങനെ പഠിപ്പിക്കും. ആസാമീസ് പഠിച്ചെടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു,” സുപ്രിയ ചിരിക്കുന്നു.

കുട്ടികളോട് ചോദിച്ചും അവരുടെ അമ്മമാരോട് സംസാരിച്ചുമൊക്കെയാണ് സുപ്രിയ ഭാഷകള്‍ പഠിച്ചെടുത്തത്. ഒപ്പം ഇന്‍റെര്‍നെറ്റിന്‍റെ സഹായവുമുണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ ഭാഷ പഠിപ്പിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു പഠിച്ചെടുക്കുകയായിരുന്നുവെന്ന് സുപ്രിയ വിശദമാക്കുന്നു.

പെരുമ്പാവൂരില്‍ സി കെ എ പ്ലൈവുഡ് കമ്പനിയില്‍ മാനെജറാണ് ഭര്‍ത്താവ്. ആ കമ്പനിയുടെ ഉടമ വഴിയാണ് സുപ്രിയ മലയിടംതുരുത്തിലെ സ്കൂളിലേക്കെത്തുന്നത്.

“പ്ലസ്ടു വിദ്യാഭ്യാസമുള്ള ഹിന്ദി അറിയുന്ന ആളെയാണ് സ്കൂളിലേക്ക് പഠിപ്പിക്കാന്‍ വേണ്ടിയിരുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടെ കുട്ടികളെ പഠിപ്പിക്കാനാണ്.

“ഇന്‍റര്‍വ്യൂവിന് വന്നു. ജോലിയും കിട്ടി. അന്നൊക്കെ കുറച്ചൊക്കെ മലയാളം എനിക്കറിയാമായിരുന്നു. എസ്എസ്എയുടെ (സര്‍വ ശിക്ഷ അഭിയാന്‍) അധ്യാപികയായിട്ടാണ് ജോലിക്ക് കയറുന്നത്. അന്നൊക്കെ ഹിന്ദിയും എന്‍റെ മാതൃഭാഷയും പഠിപ്പിച്ചിരുന്നു. പിന്നീടാണ് റോഷ്നി പദ്ധതി ആരംഭിച്ചപ്പോള്‍ എജ്യൂക്കേഷന്‍ വൊളന്‍റിയറാകുന്നത്.

“എസ് എസ് എ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കയിതോടെയാണ് മലയിടംതുരുത്ത് സ്കൂളിലേക്ക് വരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റോഷ്നി പദ്ധതിയിലൂടെ അധ്യാപികയാകുന്നത്.

മലയാളം അറിയാത്ത കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കും.


സ്കൂളിലെ 45 ഇതര സംസ്ഥാന കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള 30 കുട്ടികളും 14 കെജി കുട്ടികളും.


“രാവിലെ എട്ടര മുതല്‍ ഒമ്പതര വരെയാണ് കുട്ടികളെ ഞാന്‍ പഠിപ്പിക്കുന്നത്. അതുകഴിഞ്ഞ് പത്ത് മുതല്‍ മറ്റു കുട്ടികള്‍ക്കൊപ്പം പഠിക്കും. ആ സമയത്ത് കുട്ടികളെ പഠിപ്പിക്കാന്‍ ഭാഷ പ്രശ്നമാകുന്ന ടീച്ചര്‍മാരെ ഞാന്‍ സഹായിക്കും.

“ഇവരെ ഹിന്ദിയൊക്കെ പഠിപ്പിക്കുന്നത് കണ്ട് മലയാളി കുട്ടികള്‍ എന്‍റെ അടുക്കല്‍ വരും. ടീച്ചറേ ഹിന്ദി പഠിപ്പിക്കണമെന്നു പറഞ്ഞു. കുട്ടികളൊക്കെ അടിപൊളിയാണ്. അവര്‍ക്ക് പഠിക്കാനും ഇഷ്ടമാണ്,” സുപ്രിയ പറയുന്നു.

സുപ്രിയയെ പോലെ 11 മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഡിസ്ട്രിക്റ്റ് മൈഗ്രന്‍റ് നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അഖില്‍ പറയുന്നു.

“സര്‍ക്കാരിന്‍റെ പദ്ധതിയായിരുന്നു മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍മാര്‍. അതനുസരിച്ച് ജില്ല ഭരണകൂടത്തിന്‍റെ അതിഥി ദേവ ഭവ: പദ്ധതിയുമായി സഹകരിച്ച് ഇതരസംസ്ഥാനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

“അഞ്ച് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരും മലയാളം സംസാരിക്കാന്‍ അറിയുന്നവരുമായ ഇതരസംസ്ഥാനക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് പ്രശാന്തിനൊപ്പം

ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, തൊഴില്‍ വകുപ്പും ഒരുമിച്ചാണ് പരിശീലനം നല്‍കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരെയാണ് മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍മാരാക്കിയത്.

“”കൊറോണയ്ക്ക് വേണ്ടി ആരംഭിച്ചതല്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരെ പ്രയോജനപ്പെടുത്തുകയായിരുന്നു. താത്ക്കാലിക ജീവനക്കാര്‍ അല്ല. ആശാ വര്‍ക്കര്‍മാരെ പോലെയാണിവരും. നിലവിലുള്ള അവരുടെ ജോലി കളയാതെ ഇതിനൊപ്പം പ്രവര്‍ത്തിക്കണം. ഇന്‍സെന്‍റീവ് നല്‍കും,” അദ്ദേഹം വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം:ലോക്ക് ഡൗണ്‍ കാലത്ത് 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഷ്ടഭക്ഷണം നല്‍കി കൂടെ നിന്ന് അവരുടെ സ്വന്തം ചാച്ച; വാടകയും മറ്റ് ബില്ലുകളും ഒഴിവാക്കി 


ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ആശയവിനിമയമാണ് പലപ്പോഴും പ്രശ്നമാകുന്നത്. മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍മാരുള്ളത്  കൊണ്ട് ഭാഷയും കമ്മ്യൂണിക്കേഷനും പ്രശ്നമാകുന്നില്ലെന്ന് ആശ കോ-ഓഡിനേറ്റര്‍ സജ്ന നാരായണന്‍.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം

“ഹിന്ദി അറിയാമെങ്കിലും ഒറിയയോ ബംഗാളിയോ അറിയില്ലല്ലോ. ഇതരസംസ്ഥാന തൊഴിലാളികളുമായി ഇടപെടുന്നതിന് ഈ ഭാഷാപ്രശ്നം തടസമായിരുന്നു. ഇങ്ങനെയൊരു സംവിധാനത്തിലൂടെ ആ പ്രശ്നത്തിന് പരിഹാരമായി.

“ഫോണിലൂടെ മാത്രമല്ല ക്യാംപുകളില്‍ പോയും കൈകഴുകുന്നതിന്‍റെയും ശുചിത്വം പാലിക്കേണ്ടതിന്‍റെയുമൊക്കെ ക്ലാസുകളും മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍മാരുടെ സഹായത്തോടെ ചെയ്യുന്നുണ്ട്,” സജ്ന പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പാണ് സുപ്രിയയുടെ ഭര്‍ത്താവ് പ്രശാന്ത് കേരളത്തിലേക്ക് വരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി സി കെ എ പ്ലൈവുഡ് കമ്പനിയിലാണ് അദ്ദേഹത്തിന് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷമാണ് സുപ്രിയ കേരളത്തിലെത്തുന്നത്.

“പ്ലസ് ടു വരെ പഠിച്ചുള്ളൂ. അതു കഴിഞ്ഞപ്പോ കല്യാണമൊക്കെ കഴിഞ്ഞു. പഠിക്കാന്‍ പോകണമെന്നുണ്ട്. ഭര്‍ത്താവിനും പഠിക്കാന്‍ പോകുന്നത് ഇഷ്ടമാണ്.

“ബിഎ ഹിന്ദിക്ക് ചേരണം. കേരളത്തില്‍ തന്നെ ഏതെങ്കിലും സ്കൂളില്‍ ടീച്ചറാകണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷേ സര്‍ട്ടിഫിക്കറ്റുകള്‍ നാട്ടിലാണ്. അതെടുക്കാനും കൂടിയാണ് ഈ അവധിക്ക് നാട്ടില്‍ പോകാനിരുന്നത്. ഇനി എന്നു നാട്ടിലേക്ക് പോകാനാകുമെന്നറിയില്ല.

“കൊറോണയുടെ പ്രശ്നങ്ങളൊക്കെ തീരുമ്പോഴേക്കും സ്കൂള്‍ വെക്കേഷന്‍ കഴിയും, സ്കൂള്‍ തുറക്കും. നാട്ടില്‍ പോകുന്നത് പിന്നെയും നീട്ടി വയ്ക്കേണ്ടി വരും,” അങ്ങനെ സുപ്രിയയ്ക്കുമുണ്ട് ചില സങ്കടങ്ങള്‍.

പക്ഷേ, സുപ്രിയക്ക് കേരളവും മോരുകറിയും സാമ്പാറുമൊക്കെ ഇഷ്ടമാണ്. “ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായി വീട് വച്ച് കേരളത്തില്‍ തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം,” സുപ്രിയ ചിരിക്കുന്നു. “അച്ഛനും അമ്മയുമൊക്കെ ഇടയ്ക്ക് ഇവിടെ വരാറുണ്ട്. കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കും. അവര്‍ക്കും കേരളം ഇഷ്ടമാണ്.”


ഇതുകൂടി വായിക്കാം:‘കൊറോണ ഒഴിഞ്ഞുപോകും വരെ വാടക വേണ്ട’: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും തണലായി നൗഷാദ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം