കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്‍; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്‍

കൊറോണ ദുരിതത്തിലകപ്പെട്ടുപോയ ഒരുപാട് പേര്‍ക്ക് സഹായമെത്തിച്ച തോമസ് ആന്‍റണി ലണ്ടനിലെ വംബ്ലിയില്‍ നിന്നും ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു

കോവിഡ്-19 ഭീതിയില്‍ ലോകമെമ്പാടും ആളുകള്‍ വീടുകളില്‍തന്നെ കഴിയുകയാണ്. മഹാമാരി താണ്ഡവമാടുന്ന ലണ്ടന്‍ നഗരത്തിന്‍റെ അവസ്ഥ അതിഭീകരമെന്ന് അവിടെ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നു.

ജോലിയും വാസസ്ഥലവും നഷ്ടപ്പെട്ട് അനേകം പേര്‍. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ വിഷമങ്ങള്‍ക്കൊക്കെ ഇടയിലും നന്മയുടെ നുറുങ്ങുവെട്ടവുമായി ലണ്ടനില്‍ തോമസ് ആന്‍റണിയെപ്പോലെ ചിലരുണ്ട്, ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് താങ്ങായി.

ലണ്ടന്‍ സമയം രാവിലെയാണ് ഞാന്‍ തോമസ് ആന്‍റണിയെ വിളിക്കുന്നത്. എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമോയെന്നു ചോദിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചു.

”സോറി, സഹായം ചോദിച്ചു കൊണ്ടും സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടും നിരവധി പേരാണ് വിളിക്കുന്നത്. പിന്നെ വെള്ളിയാഴ്ച ആയതുകൊണ്ട് കടയിലും അല്പം തിരിക്കുണ്ടായിരുന്നു,” അദ്ദേഹം ഒരു ക്ഷമാപണത്തോടെ സംസാരിക്കാന്‍ തുടങ്ങി.

കഴിഞ്ഞ പതിനാറു വര്‍ഷമായി ലണ്ടനിലെ പ്രശസ്തമായ വെംബ്ലി ഫുട്ബോള്‍ സ്റ്റേഡിയത്തിനു സമീപം താമസിക്കുകയാണ് എറണാകുളം പുത്തന്‍വേലിക്കര കപ്പേളക്കുന്ന് സ്വദേശി തോമസ് ആന്‍റണിയും കുടുംബവും.

“എന്തായാലും ഞാന്‍ ഒരുപാടൊന്നും ആലോചിക്കാതെ പോസ്റ്റ് ചെയ്ത വീഡിയോ ഇവിടെ പ്രശ്നത്തില്‍ പെട്ട ഒരുപാട് മലയാളികള്‍ക്ക് കൈത്താങ്ങായതില്‍ ഈ ദുരിതകാലത്തിനിടയിലും ഏറെ സന്തോഷമുണ്ട്,” ബ്രിട്ടണില്‍ കഷ്ടപ്പെടുന്ന മലയാളി സമൂഹത്തിന് കൈത്താങ്ങായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചും മറ്റും തോമസ് ആന്‍റണി പറഞ്ഞു തുടങ്ങി

തോമസ് ആന്‍റണി ലണ്ടനിലെ മീന്‍ കടയില്‍

”എന്‍റെ ഭാര്യ പ്രിയ നേഴ്സാണ്. അതുകൊണ്ടു തന്നെ കോവിഡ് വിതയ്ക്കുന്ന പ്രതിസന്ധിയുടെ എല്ലാ അവസ്ഥകളും എനിക്ക് നന്നായറിയാം. അങ്ങനെയിരിക്കെ ഏഴെട്ടു ദിവസം മുന്‍പ് എനിക്കൊരു കോള്‍ വന്നു. മലയാളികളായ രണ്ടു പയ്യന്‍മാരാണ് വിളിച്ചത്. എന്‍റെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് വിളിക്കുന്നത്.

“രണ്ടുമൂന്നു മാസം മുന്‍പ് ഞാന്‍ നാട്ടിലായിരുന്ന കാലത്ത് സ്റ്റുഡെന്‍റ്സ് വീസയില്‍ ലണ്ടനിലെത്തിയ ഈ കുട്ടികള്‍ക്കു വേണ്ടി ജോലിയുടെ ആവശ്യത്തിനായി അന്നും സുഹൃത്ത് വിളിച്ചിരുന്നു. തിരിച്ചു ചെന്നിട്ട് എന്തെങ്കിലും ചെയ്യാമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ, ഞാന്‍ തിരികെ എത്തിയപ്പോഴേയ്ക്കും അവര്‍ മറ്റൊരു ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്തായാലും അവര്‍ക്ക് വേണ്ടിത്തന്നെയാണ് വിളി എത്തിയിരിക്കുന്നത്.


 ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി
ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’.
 നിങ്ങള്‍ക്കും സഹായിക്കാം.‍
               മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

“ലോക്ക്ഡൗണ്‍ ആയതോടെ അവരുടെ താല്‍ക്കാലിക ജോലിയും വരുമാനവും ഇല്ലാതായി. അവര്‍ തല്‍ക്കാലം താമസിക്കുന്ന ഗുജറാത്തി കുടുംബത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പടിയിറക്കാം. വാടക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും താല്‍ക്കാലിക ജോലി നല്‍കാമോയെന്ന് അവര്‍ ചോദിച്ചു. ആവശ്യം എന്‍റെ കടയില്‍ ജോലിയാണ്.

“പക്ഷെ, ആദ്യം എനിക്കൊരു നിസാഹായവാസ്ഥ തോന്നിയിരുന്നു. കാരണം കൊറോണ വിതച്ച ഭീതി ഒരുവശത്ത്. കടയില്‍ കാര്യമായ തിരക്കില്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിനു ജോലിക്കാരുണ്ട്. പക്ഷെ, അവര്‍ക്ക് ജോലി കിട്ടിയേ മതിയാകൂ.

“അപ്പോഴാണ് മനസില്‍ ഒരാശയം ഉദിച്ചത്. കടയിലെ സ്റ്റാഫിന് ഒന്നു രണ്ടു ദിവസം ഒഴിവു നല്‍കി ഇവരെ നിയമിക്കാം. വെള്ളിയാഴ്ച കടയിലെത്താന്‍ അവരോടു പറഞ്ഞു. സാധാരണ വെള്ളിയാഴ്ച ദിവസങ്ങളില്‍ നല്ല തിരക്കാണ്.  (പണ്ടത്തെപ്പോലെ തിരക്ക് ഇല്ലെങ്കിലും അത്യാവശ്യം ആളുവരുന്നുണ്ട്.) വെളളിയാഴ്ച ഞാന്‍ കട തുറന്നു. ഈ പിള്ളേരെയും പ്രതീക്ഷിച്ചിരുന്നു. അവര്‍ വന്നില്ല. ഭയങ്കര ദേഷ്യം തോന്നി. അന്നത്തെ ഫുള്‍ ജോലിയും ഞാന്‍ തന്നെ ചെയ്യേണ്ടി വന്നു. ഒന്നു ഫോണ്‍ വിളിച്ചു പോലുമില്ല. വൈകീട്ട് വീട്ടില്‍ ചെന്നയുടനെ ഞാന്‍ അവരെ വിളിച്ചു.

തോമസ് ആന്‍റണി

” ‘ചേട്ടാ,ഫോണില്‍ ബാലന്‍സ് ഇല്ല. ഒന്നു മിസ്ഡ് കോള്‍ ചെയ്യാന്‍ പോലും കഴിയുമായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പോലും പറ്റുന്നില്ല. വീട്ടുടമസ്ഥര്‍ പുറത്തുപോകുമ്പോള്‍ ആവശ്യത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടുവരാമെന്നു പറയും. പക്ഷെ, ഞങ്ങള്‍ക്കു പുറത്തു പോകാന്‍ അനുമതിയില്ല. പോയാല്‍ വീട്ടില്‍ നിന്നു പുറത്താക്കും. അവര്‍ പോകുമ്പോള്‍ ഞങ്ങള്‍ പറയും ആവശ്യത്തിന് ഭക്ഷണമുണ്ടെന്ന്. ആദ്യത്തെ രണ്ടു മൂന്നു ദിവസം കഞ്ഞിയും പയറുമെല്ലാം വെച്ചു. പിന്നീട് അരിയൊക്കെ തീര്‍ന്നു. ആകെ ബുദ്ധിമുട്ടിലായി.’ കരഞ്ഞുകൊണ്ടാണ് ആ കുട്ടികള്‍ ഇത് പറഞ്ഞത്. ”

അതുകേട്ടപ്പോള്‍ തോമസിന് സങ്കടമായി. വേഗം തന്നെ അരിയും ഭക്ഷണസാധനങ്ങളും അവരുടെ താമസസ്ഥലത്ത് എത്തിച്ചു. പക്ഷെ, അവിടെ എത്തിയപ്പോഴാണ് ഇത്തരത്തില്‍ ഒരുപാട് പേര്‍ തീതിന്നു ജീവിക്കുന്നതായി തോമസിന് ബോധ്യപ്പെട്ടത്. അങ്ങനെ തിരികെ വരുംവഴിയാണ് ലണ്ടനിലെ ദുരിതബാധിതരായവര്‍ക്ക് ഗുണപ്പെടുന്ന എന്തെങ്കിലും ചെയ്താലോ എന്നാലോചിച്ചത്.

“ഞാന്‍ മാത്രം കൂട്ടിയാല്‍ കൂടില്ലെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ നടന്ന ഒരാലോചനയിലാണ് ഒരു കൈസഹായം നല്‍കാന്‍ ഞാന്‍ വീഡിയോ ചെയ്തത്. ഞാന്‍ എന്‍റെ നമ്പറും വീഡിയോയില്‍ ചേര്‍ത്തു. എന്നാല്‍ അവരെ സഹായിക്കുന്നതിനായി എന്‍റെ അക്കൗണ്ട് നമ്പരൊന്നും നല്‍കിയില്ല. പകരം ഈ നമ്പറിലേക്ക് വിളിച്ചാല്‍ നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എത്തിച്ചു തരാം. അഡ്രസ് തന്നാല്‍ മതിയെന്ന് അറിയിച്ചു. എന്നിട്ട് ഞാന്‍ അംഗമായ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു.” തോമസ് വിശദീകിരിച്ചു

വീഡിയോ കണ്ടവര്‍ ഓരോ ഗ്രൂപ്പിലേക്കും അതു ഷെയര്‍ ചെയ്തു. പിന്നെ തോമസിന്‍റെ ഫോണിന് വിശ്രമമില്ലായിരുന്നു. ആരൊക്കെ വിളിച്ചെന്ന് എത്ര പേര്‍ വിളിച്ചെന്നോ കൃത്യം ലിസ്റ്റൊന്നും തോമസിന്‍റെ കൈയ്യിലില്ല. പരിചയക്കാരും സുഹൃത്തുക്കളും തോമസിന് യാതൊരു ബന്ധവുമില്ലാത്തവരുമായ ആയിരക്കണക്കിന് മലയാളികളാണ് സഹായം വാഗ്ദാനം ചെയ്തും സഹായം ആവശ്യപ്പെട്ടും ആ നമ്പറിലേക്ക് വിളിച്ചത്.

തോമസ് ആന്‍റണി

“സാമ്പത്തിക സഹായം പലരും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒരാളില്‍ നിന്നു പോലും നേരിട്ട് പണം വാങ്ങിയില്ല. പകരം ആവശ്യമുള്ളവരെ കണക്ട് ചെയ്തു കൊടുത്തു. പണം ആവശ്യമുള്ളവരെ നല്‍കാന്‍ തയ്യാറായ ആളുകളുടെ അടുത്തേക്ക് അയച്ചു. ലണ്ടന്‍ നഗരത്തിന്‍റെ ഭാഗമായ ഈസ്റ്റ് ഹാം, വെംബ്ലി, ഹാരോ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് കൂടുതല്‍ സഹായവും നല്‍കിയത്,” തോമസ് പറഞ്ഞു.

” കൂട്ടത്തില്‍ ചില കോളുകള്‍ വല്ലാതെ വേദനിപ്പിച്ചു. വര്‍ഷങ്ങളായി ശ്രീലങ്കന്‍ വംശജരുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന ഒരു തമിഴ് സ്ത്രീ എന്നെ വിളിച്ച് കരഞ്ഞത് ഭയങ്കര ഒരനുഭവമായിരുന്നു. ലോക്ക്ഡൗണിലായതോടെ ഇനി വീട്ടുജോലിക്കു വരേണ്ടതില്ലെന്ന് ഉടമസ്ഥര്‍ തീര്‍ത്തു പറഞ്ഞു. താമസിക്കുന്ന സ്ഥലത്തു നിന്നും ഇറക്കി വിട്ടു. എന്തായാലും അവരുടെ നിലവിളിക്ക് അര്‍ത്ഥമുണ്ടായി. അവര്‍ക്ക് ആവശ്യമുള്ള സഹായമെത്തിക്കാന്‍ എനിക്കു കഴിഞ്ഞു.

“പിന്നെയും നിരവധി കോളുകള്‍ എന്‍റെ ഹൃദയത്തെ വല്ലാതെ അലട്ടുന്നുണ്ട്. പ്രശസ്തമായ കേംബ്രിഡ്ജ് നഗരത്തില്‍ നിന്ന് ഒരു കൂട്ടം യുവാക്കള്‍ എന്നേ വിളിച്ചു. എല്ലാവര്‍ക്കും തൊഴിലും പണവുമാണ് ആവശ്യം. എന്നെ കോണ്‍ടാക്ട് ചെയ്തവര്‍ തൃശ്ശൂര്‍ സ്വദേശികളായ സ്റ്റുഡന്‍റ്സ് വീസക്കാരാണ്. കോവിഡ് പ്രശ്നം വരും മുന്‍പ് പാര്‍ട്ട് ടൈം ജോലി ചെയ്താണ് ഇവരും ജീവിച്ചിരുന്നത്.

“ലോക്ക് ഡൗണില്‍ കുടുങ്ങിയും രോഗത്തെയും പട്ടിണിയെയും മരണത്തെയും മുഖാമുഖം കണ്ടും അവര്‍ മുന്നോട്ട് പോകുകയായിരുന്നു. അവരില്‍ ഒരാള്‍ക്കു മാത്രമാണ് നാട്ടില്‍ നിന്നു പണം അയക്കാന്‍ കഴിയുന്ന കുടുംബമുള്ളത്. അതും വളരെ തുച്ഛം. മറ്റുള്ളവര്‍ക്ക് അതിനും വഴിയില്ല. കയ്യില്‍ ഉള്ള പണം വളരെ കുറച്ചു ദിവസത്തേക്ക് കൂടി കാണും. എന്തു ചെയ്യും എന്നൊരു പിടിയുമില്ല. അപ്പോഴാണ് എന്‍റെ വീഡിയോ കാണുന്നത്. മടിച്ചാണെങ്കിലും അവര്‍ വിളിച്ചു.

“വിഷമിക്കേണ്ട, ഭക്ഷണവും പണവും എത്തിച്ചു തരാം. എന്ത് അത്യാവശ്യത്തിനു വേണമെങ്കിലും വിളിച്ചോളൂ എന്ന് ആശ്വസിപ്പിച്ചു. ഒരു താല്‍ക്കാലിക ആശ്വാസമാണെങ്കിലും ആ കുട്ടികള്‍ കുറച്ചു നേരത്തേക്ക് എങ്കിലും സന്തോഷിക്കുമല്ലോ. പക്ഷെ, എന്നാല്‍ കഴിയുന്നത് ഞാന്‍ അവര്‍ക്കു വേണ്ടി ചെയ്യും,” തോമസ് പറയുന്നു.

അദ്ദേഹത്തിന് കിട്ടിയ കോളുകളില്‍ ഇനിയും നിരവധി കഥനകഥകളുണ്ട്. അടുത്ത കാലത്ത് വിവാഹിതരായ ഒരു ചെറുപ്പക്കാരി സ്റ്റുഡന്‍റ്സ് വീസയില്‍ ലണ്ടനിലെത്തി. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് അവര്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ലോക്ക്ഡൗണിനു തൊട്ടുമുന്‍പ് അവരുടെ ഭര്‍ത്താവും എത്തി.

“പക്ഷെ, ഇപ്പോള്‍ രണ്ടുപേര്‍ക്കും ജോലിയില്ല. പണമില്ല. ആകെ ദുരിതത്തിലാണ്. എങ്ങനെയെങ്കിലും രക്ഷപെടാമെന്ന ആഗ്രഹത്തില്‍ എത്തിച്ചേര്‍ന്നവരാണ് ഈ ദൗര്‍ഭാഗ്യം വിഴുങ്ങിയിരിക്കുന്നത്. ഈ പ്രതിസന്ധി എന്നു ശരിയാകുമെന്നോ ദുരിതങ്ങള്‍ എന്നു തീരുമെന്നോ പറയാനാകാത്ത അവസ്ഥ,” തോമസ് അവരുടെ ദുരിതം വിവരിച്ചു. ആ ചെറുപ്പക്കാര്‍ക്കും അത്യാവശ്യം വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തോമസ് ആന്‍റണിക്ക് കഴിഞ്ഞു.

“എന്‍റെ ഫിഷ് കട സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള നോര്‍ത്ത് വിക്ക് ആശുപത്രി. അവിടെ ഓരോ നിമിഷവും മരിച്ചു വീഴുന്നത് അനേകരാണ്. ഈ അസാധാരണ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും ഇന്‍ഡ്യയില്‍ ഒന്നെത്തിയാല്‍ മതിയെന്ന് കരഞ്ഞുപറയുന്നവരും കുറവല്ല,” ഇത്രയും പറയുമ്പോഴേക്കും തോമസ് ചേട്ടന്‍റെ വാക്കുകളും മുറിയുന്നു.

മുന്‍പൊരിക്കലും വലിയ രീതിയിലുള്ള ഒരു കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിരുന്നിട്ടില്ല തോമസ്. ഈ സാഹചര്യങ്ങളില്‍ കഴിയുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കുകയാണ് ആ മനുഷ്യന്‍.

“ചാരിറ്റിയൊക്കെ വലിയ ആളുകള്‍ ചെയ്യുന്നതല്ലേ. ഞാന്‍ ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. സാമൂഹ്യരംഗത്തോ ജീവകാരുണ്യപ്രസ്ഥാനങ്ങളിലോ കാര്യമായി പ്രവര്‍ത്തിച്ചെനിക്കു ശീലമില്ല. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അല്ലാതെ ഒരു സഹായവും ചെയ്തിട്ടില്ല. ഇതൊരു നിമിത്തമായിരിക്കാം,” അദ്ദേഹം പറയുന്നു. “മനുഷ്യത്വപരമായ പ്രവര്‍ത്തനം മാത്രം. കാരണം സഹജീവികളാണ് .ഒരേനാട്ടുകാരണ്. അവര്‍ അനുഭവിക്കുന്ന ദുരിതം അതും നമ്മുടെ കണ്‍മുന്നില്‍. കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല.”


ഇതുകൂടി വായിക്കാം: കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിക്കൊടുത്ത് ഓസ്‌ട്രേലിയയിലും ഇന്‍ഡ്യയിലും പാവങ്ങളെ ഊട്ടുന്ന മലയാളി കുടുംബം


അതുകൊണ്ടാണ് അത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു അതിന് കിട്ടിയ പ്രതികരണങ്ങള്‍. “മലയാളികള്‍ ഇത്രയധികം സ്നേഹസമ്പന്നരാണെന്ന് മനസിലാക്കിയ ഒരു ഘട്ടമായിരുന്നു ഇത്. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, വീഡിയോ പോസ്റ്റു ചെയ്തതോടു കൂടി എന്‍റെ ഫോണിന് വിശ്രമമില്ലായിരുന്നു. എന്‍റെ വീഡിയോ ഉണ്ടാക്കിയ ഇംപാക്ടും വളരെ വലുതായിരുന്നു.

“അതില്‍ ഞാനും എന്‍റെ കുടുംബവും അഭിമാനിക്കുന്നു. അതിനൊരു കാരണം പറയാം. എന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത് മൂന്നാല് ദിവസം കഴിഞ്ഞ് എന്നേ ഒരു പയ്യന്‍ വിളിച്ചു.

“സഹായം ആവശ്യപ്പെട്ടല്ല അവന്‍ വിളിച്ചത്. പക്ഷെ, അവന്‍ കരയുന്നുണ്ടായിരുന്നു. ‘ചേട്ടാ നിങ്ങളേപ്പോലെയുള്ള ആളുകളാണ് ഇപ്പോള്‍ ശരിക്കും ഈശ്വരന്‍. കാരണം നിങ്ങളുടെ വീഡിയോ കണ്ട മറ്റൊരാള്‍ എനിക്ക് വേണ്ടി സഹായം ചെയ്തു. എനിക്ക് ആവശ്യമുള്ളതെല്ലാം ലഭിച്ചു. നിങ്ങള്‍ എന്‍റെ നാട്ടുകാരനാണ് മലയാളിയാണെന്ന് പറയുന്നതില്‍ എനിക്കഭിമാനമുണ്ട്.’ എന്‍റെ സന്തോഷത്തിന് ഇതില്‍ പരം എന്തെങ്കിലും വേണോ,” തോമസ് അഭിമാനത്തോടെ പറയുന്നു.

തോമസ് ആന്‍റണിയും കുടുംബവും

“നാട്ടില്‍ നിന്ന് നിങ്ങളെപ്പോലെയുള്ളവര്‍ വിളിക്കുന്നത് വളരെ ആശ്വാസമാണ് കേട്ടോ. ഇറ്റലിയില്‍ എനിക്ക് മൂന്നാല് സുഹൃത്തുക്കളുണ്ട്. അതിലൊരാള്‍, ഷിബു കപ്പേളക്കുന്നില്‍ എന്‍റെ അയല്‍വാസിയാണ്. അയാള്‍ അവിടെ കുടുങ്ങി പോയിട്ട് രണ്ടുമാസത്തോളമായി. ആരേയും കാണാതെ ഒറ്റയ്ക്കൊരു മുറിയില്‍. ഞാന്‍ അവനെ എന്നും വിളിക്കും. എന്നെക്കൊണ്ട് അവന് വേണ്ടി ചെയ്യാന്‍ കഴിയുന്നത് അത്രമാത്രമാണ്.

“ചുറ്റിനും മരണത്തിന്‍റെ മണം മാത്രമുള്ള നാട്ടില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവന്‍റെ വേദന അവനില്‍ നിന്ന് എനിക്ക് നന്നായി മനസിലാകുന്നുണ്ട്. ഇങ്ങനെ ബ്രിട്ടനിലും അനേകം പേരുണ്ട് കേട്ടോ. വീട്ടുകാരുടെ വിളി ഒരാശ്വാസമാണ്. പക്ഷെ തങ്ങളുടെ അവസ്ഥയോര്‍ത്ത് വിലപിക്കുന്ന വീട്ടുകാരുടെ കണ്ണുനീരില്‍ കുതിര്‍ന്ന സംസാരം അവരെ കൂടുതല്‍ നിസ്സഹായരാക്കുന്നു. നമ്മുടെ വിളികളൊക്കെ അവര്‍ക്കൊരു ആശ്വാസമാണ്,” തോമസ് തുടരുന്നു.

കപ്പേളക്കുന്നിലെ കാരേക്കാട്ട് വീട്ടില്‍ (പരേതനായ)ആന്‍റണിയുടെയും ഏലിയാമ്മയുടെയും മകനാണ് തോമസ്. തോമസിനും പ്രിയക്കും മൂന്ന് മക്കളാണ്. പ്രിഥ്വിന്‍, ജിത്വിന്‍, മിഖാ.

“അമ്മച്ചിയുടെയും സഹോദരങ്ങളുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ ശരിക്കുമെന്‍റെ ഊര്‍ജ്ജം. മരണം മുഖാമുഖം കണ്ടുകൊണ്ടാണ് ഞാനും പ്രിയയും പ്രവര്‍ത്തിക്കുന്നത്. എന്‍റെ ഫിഷ് മാര്‍ക്കറ്റിലെ വെള്ളക്കാരുടെ കടകളെല്ലാം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. മലയാളികളുടെ കടകള്‍ മാത്രമാണ് തുറന്നു വെച്ചിരിക്കുന്നത്.”

അറിയാതെയെങ്കിലും നാട്ടുകാരുടെ ദുരിതങ്ങളില്‍ കൈത്താങ്ങായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് നിയോഗമാണ് എന്നാണ് അദ്ദേഹത്തിന്‍റെ മനസ്സിലിപ്പോള്‍.

“അത് ചെയ്തു തീര്‍ക്കണം…,” ഒരു നെടുവീര്‍പ്പോടെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“ഒരു തരത്തിലുള്ള ലക്ഷണങ്ങളും ഇല്ലാതെയാണ് പലപ്പോഴും കോവിഡ് വരുന്നത്. എനിക്കൊക്കെ വന്നുപോയോന്ന് പോലും അറിയില്ല. ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളു, ഏറ്റവും പെട്ടെന്ന് ഈ മഹാമാരിക്ക് ശമനമുണ്ടാകണം. ഇവിടെ കുടുങ്ങിയിട്ടുള്ളവര്‍, ഈ നാട്ടുകാര്‍ പിന്നെ, ലോകം മുഴുവന്‍ രക്ഷപെടണം.”

അത്രയും പറഞ്ഞ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ മനസ്സുവിങ്ങി… ഇങ്ങനെ എത്രയെത്ര ദുരിതങ്ങള്‍, വേദനകള്‍… വ്യക്തിപരമായ നഷ്ടങ്ങള്‍.

തോമസ് ആന്‍റണിക്ക്, ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ അദ്ദേഹത്തിനൊപ്പം നിന്നവര്‍ക്ക്, ഹൃദയപൂര്‍വ്വം നന്ദിയും സ്‌നേഹവും. ലോകം വേഗം സുഖം പ്രാപിക്കട്ടെ.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം