ചൈനയിലെ വുഹാനില്‍ കോവിഡ്-19 രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിച്ച റോബോട്ടുകളെക്കുറിച്ച് നമ്മള്‍ അദ്ഭുതത്തോടെയാണ് വായിച്ചത്. അതൊക്കെ അങ്ങ് ചൈനയിലല്ലേ എന്ന് പലരും ചിന്തിച്ചിട്ടുമുണ്ടാകും.
എന്നാല്‍, ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഇനി അഭിമാനത്തോടെ പറയാം. കോവിഡ് 19 പോസറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലാണ് റോബോട്ടുകള്‍ സാന്ത്വനത്തിന്‍റെ ഇടനിലക്കാരനാകുന്നത്.
ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നൈറ്റിംഗേല്‍ 19 എന്ന പേരില്‍ റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
ഭക്ഷണവും മരുന്നും നല്‍കുക മാത്രമല്ല റോബോട്ടില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരേയോ ബന്ധുക്കളേയോ കാണാനും സംസാരിക്കാനും സാധിക്കും. 25 കിലോഗ്രാം ഭാരം വരെ താങ്ങാനുളള ശേഷി റോബോട്ടിനുണ്ട്. അതായത് 15 പേര്‍ക്കുളള ഭക്ഷണവും വെളളവും കൊറോണ വാര്‍ഡിലേക്ക് കൊണ്ടുപോകാനാകും.
ഒരു കിലോമീറ്റര്‍ ദൂരെ നിന്നും റിമോട്ട് ഉപയോഗിച്ച് റോബോട്ടിനെ നിയന്ത്രിക്കാം.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി
ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’.
നിങ്ങള്‍ക്കും സഹായിക്കാം.
മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
”രോഗികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവുമെല്ലാം റോബോട്ടിന് നല്‍കിയാല്‍ ഓരോ മുറിയിലും അത് കൃത്യമായി എത്തിക്കും. റോബോട്ടില്‍ ഒരുക്കിയിട്ടുളള വിഡിയോ സിസ്റ്റത്തിന്‍റെ സഹായത്തോടെ ജീവനക്കാരുമായി സംസാരിക്കാനും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അറിയാനും സാധിക്കും. ഓരോ തവണയും ഉപയോഗ ശേഷം അണുവിമുക്തമാക്കിയതിന് ശേഷമാണ് റോബോട്ടിനെ വീണ്ടും ഉപയോഗിക്കുന്നത്,” വിമല്‍ജ്യോതി എഞ്ചിനീയറിങ് കോളെജിലെ അസോസിയേറ്റ് പ്രൊഫസര്‍ സുനില്‍ പോള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
” കോവിഡ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് കോളെജ് അടച്ചതിനുശേഷം നേരത്തെ തന്നെ തുടക്കമിട്ട മറ്റുചില ഗവേഷണങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു ഞങ്ങളെല്ലാം. എന്നാല്‍ തൊട്ടടുത്ത ദിവസം കോളെജ് മാനേജ്മെന്‍റ് ഒരു ഓണ്‍ലൈന്‍ മീറ്റിങ് വിളിച്ചു. കോളെജ് ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി, മാനേജര്‍ ജെയിംസ് ചെല്ലംകോട്ടച്ചന്‍, പ്രിന്‍സിപ്പല്‍ ഡോ. ബെന്നി ജോസഫ് സര്‍ എല്ലാവരുമുണ്ടായിരുന്നു. ഇതിനിടെ കോവിഡുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ അത്തരം പ്രൊജക്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ മാനേജ്‌മെന്‍റ് നിര്‍ദ്ദേശിച്ചു.”
അങ്ങനെ മറ്റ് പ്രൊജക്ടുകള്‍ നിര്‍ത്തിവച്ച് കോളെജിലെ റിസര്‍ച്ച് ഡീന്‍ ഡോ.ടി.ഡി. ജോണ്‍ സാറിന്‍റെ നേതൃത്വത്തില്‍ പെട്ടെന്നുതന്നെ ഒരു ടീം ഉണ്ടാക്കി. ഡോ. വി. സമ്പത്ത്കുമാര്‍, രാജു കെ കുര്യാക്കോസ്, സി.ആര്‍. സരിന്‍, സുനില്‍ പോള്‍ എന്നിവരായിരുന്നു സംഘത്തില്‍.
“തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും വാര്‍ത്തകളില്‍ നിറഞ്ഞതും വെന്‍റിലേറ്ററുകളുടെ കുറവിനെക്കുറിച്ചായിരുന്നല്ലോ. അതുകൊണ്ട് ഇതു മുന്‍നിര്‍ത്തി ഞങ്ങള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ഡോക്റ്റര്‍മാരുടെ അഭിപ്രായങ്ങള്‍ തിരക്കുകയും ചെയ്തു.
“അങ്ങനെ വെന്‍റിലേറ്ററിന്‍റെ പ്രൊജക്ടിന് തുടക്കമിട്ടു. കേരളത്തിലെ എഞ്ചിനീയറിങ് കോളെജുകള്‍ വികസിപ്പിച്ചെടുത്തവയില്‍ മികച്ച അഞ്ചാമത്തെ മോഡലായി വിമല്‍ജ്യോതിയില്‍ തയ്യാറാക്കിയ വെന്‍റിലേറ്ററിനെ കേരള സാങ്കേതിക സര്‍വ്വകലാശാല അംഗീകരിച്ചിരുന്നു.
“ഇതിനുശേഷമാണ് അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തുന്നത്. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് അവിടെ വെന്‍റിലേറ്ററായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന്. ആദ്യഘട്ടത്തില്‍ത്തന്നെ രോഗികളെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയിരുന്നതിനാല്‍ ഇവിടെ വെന്‍റിലേറ്ററിന്‍റെ ആവശ്യം വന്നിരുന്നില്ല,” അദ്ദേഹം തുടരുന്നു.
“കോവിഡ് ബാധിതരായവര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കുന്നതിലുളള വെല്ലുവിളികളായിരുന്നു ഇവിടത്തെ പ്രധാന പ്രശ്‌നം. ഓരോ തവണ രോഗിയുടെ അടുത്ത് പോകുമ്പോഴും പി പി ഇ കിറ്റ് (Personal Protective Equipment Kit) ധരിക്കണം. അതിന് കുറഞ്ഞത് 10 മിനിറ്റെങ്കിലും സമയവും ആവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്താനാകുമോ എന്നായിരുന്നു അവിടുത്തെ നോഡല്‍ ഓഫീസറായ ഡോ. അജിത് കുമാര്‍ ഞങ്ങളോട് ചോദിച്ചത്. ഇതിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നായി പിന്നീടുളള ചിന്ത.”
“ആശുപത്രിയില്‍ കൊണ്ടുപോയി ഇതിന്‍റെ ഡെമോ കാണിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ഈ റോബോട്ടിന് പരിമിതികളുണ്ടായിരുന്നു. ഒരു സമയം നാലോ അഞ്ചോ പേര്‍ക്ക് മാത്രമേ സേവനം ലഭിക്കൂ എന്ന കാര്യം മനസ്സിലാക്കി. അതിനാല്‍ 25 കിലോ ഭാരം എടുക്കാന്‍ പറ്റുന്ന തരത്തില്‍ റോബോട്ട് വീണ്ടും ഡിസൈന്‍ ചെയ്തു. ഇതോടൊപ്പം ക്യാമറ ഘടിപ്പിച്ച് രോഗികള്‍ക്ക് ഡോക്റ്റര്‍മാരുമായി സംസാരിക്കാനുളള സൗകര്യം ഒരുക്കി.
”ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പി പി ഇ കിറ്റ് ധരിച്ചാണ് രോഗികളുടെ അടുത്തേക്ക് പോകുന്നത്. അതിനാല്‍ അരികിലേക്ക് വരുന്നതോ പോകുന്നതോ ആരാണെന്നു പോലും രോഗികള്‍ അറിയാറില്ല. എന്നാല്‍ ഇവിടെ റോബോട്ട് വന്നതോടെ സ്ഥിതി മാറി. റോബോട്ട് അരികിലെത്തുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ രോഗിയ്ക്ക് ഡോക്റ്ററോട് സംസാരിക്കാം. ഇതിലൂടെ അവര്‍ക്ക് കിട്ടുന്ന മാനസിക പിന്തുണയും ചെറുതല്ല,” ജില്ലാ കോവിഡ് സെന്‍റര്‍ നോഡല്‍ ഓഫീസര്‍ ഡോ. അജിത് കുമാര്‍ പറഞ്ഞു.
“ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മറ്റു രോഗങ്ങള്‍ വന്നാല്‍ വേറെ ആശുപത്രികളിലെ ഡോക്റ്റര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അസുഖവിവരം പറയാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് റോബോട്ടുകളാണ് അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിന് കൈമാറിയിട്ടുളളത്. റോബോട്ടിനെക്കുറിച്ച് അറിഞ്ഞതോടെ മറ്റ് സ്ഥലങ്ങളിലുളള ആശുപത്രികളും ഇതേപ്പറ്റി തിരക്കി കോളെജുമായി ബന്ധപ്പെട്ടിട്ടുണ്ട്. പുതിയതായി മൂന്നെണ്ണത്തിന്‍റെ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്.
“45,000 രൂപയാണ് റോബോട്ട് നിര്‍മ്മാണത്തിന് ചെലവായത്. ഇതിനുളള ഫണ്ട് കോളെജ് തന്നു. ലാബിലെ ഉപകരണങ്ങളെല്ലാം ഉപയോഗിക്കാനുളള അനുമതിയും ലഭിച്ചു. റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കിയാല്‍ അതിനെ പ്രവര്‍ത്തനമോഡല്‍ ആക്കാനുളള സഹായം ചെയ്യുന്നത് കൊച്ചിയിലെ സൃഷ്ടി റോബോട്ടിക്‌സ് ടെക്നോളജീസ് എന്ന കമ്പനിയാണ്. കോളെജിലെ പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയതാണിത്.
“ഈ കമ്പനിയുടെ സഹകരണത്തോടെ കോളെജില്‍ ഒരു ഇന്‍ഡസ്ട്രി-സ്‌പോണ്‍സേര്‍ഡ് ലാബ് നിലവിലുണ്ട്. സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നാണിതിന്‍റെ പേര്. അതിന്‍റെ സഹായത്തോടെയാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ എളുപ്പത്തില്‍ ചെയ്യാനാകുന്നത്.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.