കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കംപ്യൂട്ടര്‍ ചിപ് ലെവല്‍ റിപ്പെയറിങ്ങായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ഉണ്ണികൃഷ്ണന്. കൃഷിയിലൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല. സഹോദരന്‍ ബാലകൃഷ്ണന്‍ ബാങ്ക് ജോലിയുടെ തിരക്കിലായതുകൊണ്ട് കൃഷിയ്ക്കിറങ്ങാനുള്ള സമയമില്ല.
രണ്ട് മക്കളും കൃഷിയില്‍ താല്‍പര്യമില്ലാതിരുന്നത് തൃശ്ശൂര്‍ കേച്ചേരിക്കടുത്ത് കൈപ്പറമ്പിലെ വടക്കുംചേരിയില്‍ പ്രഭാകരന്‍ നായരെ ഏറെ വിഷമിപ്പിച്ചിരുന്നു.
“അച്ഛന്‍ വടക്കുംചേരിയില്‍ പ്രഭാകരന്‍ നായര്‍ പതിനൊന്നാം വയസ്സില്‍ കൃഷിയിലേക്കിറങ്ങിയതാണ്. 94-വയസ്സുവരെ അദ്ദേഹം കൃഷി തന്നെയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ക്കന്ന് അത്യാവശ്യം ഭൂമിയും ഉണ്ടായിരുന്നു. നന്നായി കൃഷിയും ഉണ്ടായിരുന്നു,” വടക്കുംചേരിയില്‍ ഉണ്ണികൃഷ്ണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.
“ഞങ്ങള്‍ രണ്ടുപേര്‍ക്കും കൃഷിയുമായി ബന്ധമൊന്നുമില്ലാത്തതുകൊണ്ട് അച്ഛന്‍ കുറേ ഭൂമിയൊക്കെ കൊടുത്തു, കൃഷി കുറച്ചുകൊണ്ടുവന്നു. ഇപ്പോ ഞങ്ങള്‍ക്ക് ആകെ 10 ഏക്കര്‍ ഭൂമി മാത്രമേയുള്ളൂ,” എന്ന് ഉണ്ണികൃഷ്ണന്.
എന്നാല്‍ കുറച്ചുവര്‍ഷം മുന്‍പ് കൊയ്ത്തുകഴിഞ്ഞ പാടത്ത് എല്ലാവരും പച്ചക്കറി കൃഷി ചെയ്യുന്നത് കണ്ടപ്പോള്‍ ഉണ്ണികൃഷ്ണനും ഒരാഗ്രഹം. ഒരു കൈ നോക്കിയാലോ എന്ന്.
“2011 കാലത്ത് എനിക്കും കൃഷി ചെയ്തുനോക്കിയാലോ എന്നൊരു ആഗ്രഹമുണ്ടായി. കുറച്ച് പച്ചക്കറിയൊക്കെ നട്ടു. അന്നാണ് ആദ്യമായി കൃഷിയിലേക്ക് കാല്‍വെയ്പ്പ് നടത്തുന്നത്,” ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു.
മകന്‍ കൃഷി ചെയ്തുനോക്കാന്‍ തീരുമാനിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പ്രഭാകരന്‍ നായര്‍ തന്നെയായിരുന്നു. അദ്ദേഹം മകന് ഒരു വാഗ്ദാനം നല്‍കി. ‘ഈ കൃഷിയില്‍ നിന്നുണ്ടാകുന്ന നഷ്ടം എത്രയാണെങ്കിലും അത് ഞാന്‍ നികത്തിക്കോളാം.’
ആ വാക്കിന്‍റെ പുറത്താണ് ഞാന്‍ ധൈര്യപൂര്‍വ്വം കൃഷിയിറക്കിയത്.
“സാധാരണ കര്‍ഷകരൊക്കെ ചെയ്യുന്ന പോലെ ഏരിയും ചാലുമൊക്കെ വെട്ടിയിട്ടുള്ള കൃഷിരീതിയായിരുന്നു ആദ്യം. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വേനലിലാണ് പച്ചക്കറിയിട്ടത്. അപ്പോ എനിക്കതില്‍ നിന്ന് ഉല്‍പാദനവും വരുമാനവും വളരെക്കുറവാണ് കിട്ടിയത്. വെള്ളം ധാരാളം ആവശ്യമായി വരികയും ചെയ്തു. കൃഷി അത്ര ഗുണകരമായി തോന്നിയില്ല.
“ആദ്യത്തെ തവണ നഷ്ടം വന്നപ്പോള്‍ അച്ഛന്‍ വീണ്ടും പ്രോത്സാഹിപ്പിച്ചു. നഷ്ടം വന്ന തുക അച്ഛന്‍ തന്നു,” ഉണ്ണികൃഷ്ണന്‍ പറയുന്നു. “രണ്ട് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. അതിന് ശേഷം ഞാന്‍ പൂര്‍ണ്ണമായും കൃഷിയിലാണ്.”
അങ്ങനെയിരിക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ യാദൃച്ഛികമായി ടെലിവിഷനില്‍ ഓപ്പണ്‍ പ്രെസിഷന്‍ ഫാമിങ്ങിനെ (തുറന്ന സ്ഥലത്ത് കൃത്യതാകൃഷി ചെയ്യുന്ന രീതി) കുറിച്ച് ഒരു ഡോക്യുമെന്‍ററി കാണാന്‍ ഇടയായി. അതില്‍ വലിയ താല്‍പര്യം തോന്നി. 2013-ലാണ് അത്.
“അന്ന് പ്രെസിഷന്‍ ഫാമിങ്ങിന് ആവശ്യമായ സാധനങ്ങളൊന്നും നമ്മുടെ നാട്ടില്‍ കിട്ടാനില്ലായിരുന്നു. ആ രീതി അത്ര പരിചിതവുമായിരുന്നുമില്ല.”
അതുകൊണ്ട് 2014-ല്‍ ആ കൃഷിക്ക് വേണ്ട സാമഗ്രികളൊക്കെ ഉണ്ണികൃഷ്ണന്‍ തമിഴ് നാട്ടില്‍ നിന്ന് വരുത്തുകയും കൃഷി തുടങ്ങുകയും ചെയ്തു.
“ആ രീതി പരീക്ഷിച്ചപ്പോള്‍ എനിക്ക് ഉല്‍പാദനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു, ഒപ്പം വെള്ളത്തിന്‍റെ ആവശ്യം വളരെ കുറച്ചുമാത്രമേ വന്നുള്ളു,” അദ്ദേഹം തടരുന്നു.
പക്ഷേ, അപ്പോഴും പച്ചക്കറിക്ക് വിപണി കണ്ടെത്തുക എന്നത് ഒരു പ്രശ്‌നമായിത്തുടര്‍ന്നു.
“നമ്മളുണ്ടാക്കുന്ന പച്ചക്കറികള്‍–അത് നാടന്‍ ഉല്‍പന്നങ്ങളാണെങ്കില്‍ കൂടിയും–അതിന് വിപണി കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വില കുറച്ചേ കിട്ടൂ. ഓപ്പണ്‍ പ്രെസിഷന്‍ ഫാമിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ ഉല്‍പാദനം ഗണ്യമായി വര്‍ദ്ധിച്ചു. എന്നാല്‍ മാര്‍ക്കെറ്റില്‍ ചെലവായിപ്പോകാത്തതുകൊണ്ട് വേണ്ടത്ര ലാഭം കിട്ടിയില്ല. അപ്പോള്‍ ഞാന്‍ കൃഷിഭവനുമായും അവരുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തിയിലെ കേരള അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയുമായും ബന്ധപ്പെട്ടു.
“യൂനിവേഴ്‌സിറ്റിയില്‍ ഡോ. നാരായണന്‍ കുട്ടി സാര്‍ ഉണ്ട്. അദ്ദേഹമാണ് എന്‍റെ അടുത്ത് ഒരു പ്രധാനപ്പെട്ട ഉപദേശം നല്‍കുന്നത്. വല്ലപ്പോഴും ഒരു സീസണില്‍ മാത്രം ഉല്‍പാദനം നടത്തിയാല്‍ അത് വിറ്റഴിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാല്‍ വര്‍ഷം മുഴുവനും തുടര്‍ച്ചയായി പച്ചക്കറി കൃഷി ചെയ്യുന്ന രീതിയിലേക്ക് മാറണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.”
പാടത്ത് നെല്ല് കൊയ്ത്ത് കഴിഞ്ഞ സീസണില്‍ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പച്ചക്കറി കൃഷിയിറക്കിയിരുന്നത്. ഡോ. നാരായണന്‍ കുട്ടിയുടെ ഉപദേശം സ്വകീരിച്ച് വര്‍ഷം മുഴുവനും പച്ചക്കറി കിട്ടുന്ന രീതിയിലേക്ക് ഉണ്ണികൃഷ്ണന്‍ കൃഷിരീതി മാറ്റി.
“അതിനായി ഒരേക്കര്‍ മാറ്റിവെച്ചു. അതില്‍ അമ്പത് സെന്‍റില്‍ ആദ്യം കൃഷിയിറക്കി. എന്നിട്ട് അതില്‍ പൂവും കായും വരുന്ന സമയത്ത് ബാക്കി ഭൂമിയില്‍ കൃഷി തുടങ്ങും. അങ്ങനെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കൃഷി തുടങ്ങി. പൂര്‍ണ്ണമായും ശാസ്ത്രീയമായ രീതിയിലൊന്നുമല്ല അത് ചെയ്തത്. എങ്കിലും നല്ലരീതിയില്‍ ഉല്‍പാദനമുണ്ടായി,” അദ്ദേഹം പറഞ്ഞു.
എങ്കിലും വിലയുടെ കാര്യത്തില്‍ കാര്യമായ മെച്ചം ഉണ്ടാക്കാനായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഉണ്ണികൃഷ്ണന്‍ പച്ചക്കറികൃഷിയെക്കുറിച്ച് മണ്ണുത്തി കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്.
“തൃശ്ശൂരില്‍ ഞാനൊരു കൃഷി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു,” കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ഡോ. പി ജയരാജ് ഓര്‍ക്കുന്നു. “ചെടികളുടെ ആരോഗ്യത്തെക്കുറിച്ചും എങ്ങനെയാണ് മണ്ണിന്‍റെ ആരോഗ്യവും കൃത്യമായ പോഷകങ്ങള്‍ ഉറപ്പാക്കുന്നതും വിളവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചൊക്കെ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കര്‍ഷകന്‍ ഞാന്‍ പറഞ്ഞതിനെ ഖണ്ഡിച്ചുകൊണ്ട് എഴുന്നേറ്റു. അത് ഉണ്ണികൃഷ്ണന്‍ ആയിരുന്നു.”
“ഞാന്‍ ആ മീറ്റിങ്ങില്‍ വിഷരഹിത നാടന്‍ പച്ചക്കറിക്ക് വേണ്ട മാര്‍ക്കെറ്റില്ലെന്നും നല്ല ഉല്‍പാദനം ഉണ്ടായാലും കര്‍ഷകര്‍ക്ക് വില കിട്ടുന്നില്ല എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഞാന്‍ ഉന്നയിച്ചു,’ എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ‘ഞാന്‍ സംസാരിച്ച് തീര്‍ന്നപ്പോള്‍ ഡോ. പി ജയരാജ് സാര്‍ ചോദിച്ചു, ഷെയ്പ്പില്ലാത്ത പച്ചക്കറികള്‍ ഉണ്ടാവുന്നുണ്ടോ എന്ന്. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ‘എങ്കില്‍ നിങ്ങള്‍ നല്ലൊരു കര്‍ഷകനായിട്ടില്ലാട്ടോ,’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം.
ഇതുകൂടി വായിക്കാം: ആദ്യജോലി 20-ാം ദിവസം രാജിവെച്ച് നാട്ടിലെത്തിയ ഈ എം.ബി.എക്കാരന്‍ ജൈവകൃഷിയിലൂടെ നേടുന്നത് മാസം ഒരു ലക്ഷം രൂപ
“അതെന്നെ വല്ലാതെ ചിന്തിപ്പിച്ചു. മീറ്റിങ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചറിഞ്ഞു. കൃത്യമായ മൂലകങ്ങള്‍ ശരിയായ അളവില്‍ കൊടുക്കാത്തതാണ് അതിന് കാരണം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മീറ്റിങ്ങ് കഴിഞ്ഞ് കണ്ണൂരിലേക്ക് തിരിച്ചുപോവുന്ന വഴിക്ക്, ആ നട്ടുച്ചയ്ക്ക് അദ്ദേഹം എന്‍റെ കൃഷി സന്ദര്‍ശിക്കാനായി എത്തി.”
ഡോ. ജയരാജ് തുടരുന്നു. “ഉണ്ണികൃഷ്ണന്‍ തോട്ടത്തില്‍ ഇഷ്ടം പോലെ ജൈവവളങ്ങളും മറ്റും നല്‍കിയിട്ടുണ്ടായിരുന്നു. ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിലും അത് സംതുലിതമായ രീതിയിലോ ശാസ്ത്രീയമായ രീതിയിലോ അല്ല നല്‍കിയിരുന്നത്. ഇതുമൂലമാണ് നല്ല രൂപമോ ഗുണമോ ഇല്ലാത്ത പച്ചക്കറികള്‍ വിളഞ്ഞിരുന്നതും ഷേയ്പ്പില്ലാത്ത പച്ചക്കറികള്‍ക്ക് വിപണിയില്‍ വില കിട്ടാതിരുന്നതും.”
മൂന്നാഴ്ചത്തേക്ക് കൂടുതല്‍ വളമോ ജൈവകീടനാശിനികളോ നല്‍കാതെ പരീക്ഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഡോ. ജയരാജിനെത്തേടി ഉണ്ണികൃഷ്ണന്‍റെ വിളിയെത്തി. കൃഷിയില്‍ നല്ല മാറ്റം കണ്ടതിന്‍റെ സന്തോഷത്തോടെയാണ് അദ്ദേഹം വിളിച്ചത് എന്ന് ഡോ. ജയരാജ് ഓര്‍ക്കുന്നു.
“മണ്ണുപരിശോധിച്ച് മൂലകങ്ങള്‍ കൃത്യമായ അളവില്‍ എങ്ങനെ കൊടുക്കണം എന്നൊക്കെ ഡോ. ജയരാജ് പറഞ്ഞു തന്നു. അതോടെയാണ് എന്‍റെ കൃഷി മറ്റൊരു വഴിത്തിരിവിലെത്തിയത്,” എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.
അതോടെ തുറസ്സായ സ്ഥലത്തെ കൃത്യതാ കൃഷി ഉണ്ണികൃഷ്ണന്‍ കൂടുതല്‍ ശാസ്ത്രീയമായി ചെയ്യാന്‍ തുടങ്ങി.
“30 മുതല്‍ 40 ശതമാനം വരെ ഷേയ്പ്പില്ലാത്ത കായകള്‍ ഉണ്ടായിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 2 ശതമാനം മാത്രമാണ് അത്തരം കായ്കള്‍ ഉണ്ടാവുന്നുള്ളു,” വളരെ സന്തോഷത്തോടെ ആ കര്‍ഷകന്‍ അനുഭവം പങ്കുവെയ്ക്കുന്നു.
ഇന്ന് വര്‍ഷം മുഴുവനും വിളവ് ലഭിക്കുന്ന ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ആ ഒരേക്കറില്‍ നിന്ന് മാത്രം 30 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന്.
“ഇത് കൂടാതെ കൊയ്ത്തുകഴിഞ്ഞ പാടത്ത് വെറുതെ പച്ചക്കറി ഇട്ടിട്ടുണ്ട്. അതും കൂടി കൂട്ടിയാല്‍ എനിക്ക് വര്‍ഷം 40 ടണ്‍ വര്‍ഷം വിളവുകിട്ടുന്നു. എങ്ങനെ പോയാലും പതിനൊന്നര ലക്ഷം രൂപയുടെ പച്ചക്കറി വര്‍ഷം എനിക്ക് വില്‍ക്കാന്‍ കഴിയുന്നുണ്ട്. ചെലവെല്ലാം കഴിച്ച് ഇതില്‍ നിന്ന് കുറഞ്ഞത് എട്ട് ലക്ഷം രൂപ വരുമാനം കിട്ടും,” തന്നെ സഹായിച്ച ശാസ്ത്രജ്ഞരേയും കൃഷി ഉദ്യോഗസ്ഥരേയും നന്ദിയോടെ ഓര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇപ്പോള്‍ മാര്‍ക്കെറ്റിങ്ങിനും ബുദ്ധിമുട്ടില്ല. വര്‍ഷം മുഴുവന്‍ പച്ചക്കറി കിട്ടുമെന്നായപ്പോള്‍ നമ്മളെ അന്വേഷിച്ച് സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിന്ന് ആളെത്താന്‍ തുടങ്ങി. അവര്‍ പച്ചക്കറി മുഴുവന്‍ കൊണ്ടുപോകാന്‍ തുടങ്ങി,” രണ്ടുമൂന്ന് കൊല്ലമെടുത്തു ഈ അവസ്ഥയിലേക്ക് എത്താന്‍ എന്ന് ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.
വെറും ഒന്‍പത് വര്‍ഷം മുന്‍പ് മാത്രം കൃഷിയിലേക്കിറങ്ങിയ തനിക്ക് ഇത് ചെയ്യാമെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് എളുപ്പം ഈ രീതിയില്‍ വിജയം നേടാമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നു.
തന്‍റെ അനുഭവങ്ങളും രീതികളും അദ്ദേഹം വിശദമായി പറയുന്നു.
“വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് സോയില്‍ മാനേജ്‌മെന്‍റ് ആണ് എന്ന് മനസ്സിലായി. മണ്ണിന്‍റെ പി എച്ച് ലെവല്‍ കൃത്യമാക്കണം. അതിന് കുമ്മായം, ഡോളമൈറ്റ്, പൊട്ടാസ്യം ഹ്യുമേറ്റ്…ഇതിലേതെങ്കിലും ചേര്‍ത്തുകൊടുക്കാം. അങ്ങനെ പി എച്ച് ലെവല്‍ കൃത്യമാക്കിയ മണ്ണില്‍ ജൈവവളം സമൃദ്ധിയായി ഇട്ടുകൊടുക്കുന്നു.
“അതിന് മുകളില്‍ വിത്തിടാനുള്ള ബെഡ് ഒരുക്കുകയാണ് ചെയ്യുന്നത്. അതിന് മുകളില്‍ തുള്ളിനനയ്ക്കുള്ള (ഡ്രിപ് ഇറിഗേഷന്‍) ലൈന്‍ കൊടുക്കുന്നു. മുകളില്‍ ഇടവിട്ട് ദ്വാരങ്ങളിട്ട മള്‍ച്ചിങ് ഷീറ്റിട്ട് മറയ്ക്കുന്നു.
“ഇങ്ങനെ ചെയ്യുമ്പോള്‍ ക്രോപ് മാനേജ്‌മെന്‍റ് എളുപ്പമായി. ഒരുപാട് വളം വാങ്ങിച്ച് ഇടുന്നതിന് പകരം ശാസ്ത്രീയമായി മണ്ണില്‍ ഏത് മൂലകങ്ങള്‍ എത്ര അളവില്‍ കുറവുണ്ടോ, അത് മനസ്സിലാക്കി അത് നികത്തിക്കൊണ്ടുള്ള പ്രെസിഷന്‍ ഫാമിങ് രീതിയാണ് ഞാന്‍ പിന്‍തുടര്‍ന്നത്.
“ഈ രീതിയില്‍ എനിക്ക് ഉല്‍പാദനച്ചെലവ് വളരെയധികം കുറഞ്ഞു. കൃത്യമായ അളവില്‍ മൂലകങ്ങള്‍ കൊടുക്കുമ്പോള്‍ അതിന്‍റെ മാറ്റം ചെടികളിലും വിളവിലും നമുക്ക് കാണാന്‍ കഴിയും. നന്നായി ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാന്‍ കഴിയും. ആവശ്യമായ അളവില്‍ ആവശ്യമുള്ള മൂലകങ്ങള്‍ നല്‍കുമ്പോള്‍ ചെടികളുടെ ഇലകള്‍ക്കെല്ലാം ഒരു യൂനിഫോമിറ്റി വരും. ഇലകളും തണ്ടുകളുമെല്ലാം വളരെ സോഫ്റ്റ് ആവും.
“കാര്യമായ കീടാക്രമണങ്ങളൊന്നും വരുന്നില്ല. അതാണ് ഏറ്റവും വലിയ നേട്ടം. അങ്ങനെ വരുമ്പോള്‍ ജൈവരീതിയില്‍ തന്നെ കീടങ്ങളെ തുരത്താന്‍ വളരെ എളുപ്പമാണ്. അതുപോലെത്തന്നെ ഉല്‍പാദനം വളരെക്കൂടുതല്‍ കിട്ടുന്നുമുണ്ട്.
“കൃത്യമായ മൂലകങ്ങള്‍ എന്നുപറയുമ്പോള്‍, ആദ്യം തന്നെ നമ്മള്‍ ജൈവവളം സമൃദ്ധിയായി ബെഡില്‍ ഇട്ടുകൊടുത്തിട്ടുണ്ട്. പിന്നീട് മണ്ണുപരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കുറവുള്ള മൂലകങ്ങള്‍ മാത്രം ചേര്‍ത്തുകൊടുക്കുകയാണ് ചെയ്യുന്നത്.
“ഉദാഹരണത്തിന്, നൈട്രജന്‍ മൂലകം 1,200 ചെടിക്ക് ആഴ്ചയില്‍ 100 ഗ്രാം മാത്രമേ നല്‍കേണ്ടി വരുന്നുള്ളു. എനിക്കും തുടക്കത്തില്‍ വലിയ സംശയം ആയിരുന്നു, ഇത്രയും കുറച്ചുകൊടുത്താല്‍ ചെടിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന്. എന്നാല്‍ അനുഭവത്തില്‍ നിന്ന് മനസ്സിലായത് അതുതന്നെ ധാരാളമാണ് എന്നാണ്. അത് കൃത്യമായ അളവില്‍ കൊടുക്കണമെന്ന് മാത്രം. മണ്ണ് പരിശോധന വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നടത്തും.
“രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത കൃഷിയാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ നേരത്തെ പൂര്‍ണ്ണമായും ജൈവകൃഷി ചെയ്തുനോക്കിയിരുന്നു. വീട്ടാവശ്യത്തിനുള്ളതാണെങ്കില്‍ നമുക്ക് എങ്ങനെ ചെയ്താലും കുഴപ്പമില്ല. എന്‍റെ അനുഭവത്തില്‍, ഓര്‍ഗാനിക് കൃഷി ചെയ്തപ്പോള്‍ എനിക്കുണ്ടായ ഉല്‍പാദനത്തില്‍ 30-40 ശതമാനം ഷേയ്പ്പില്ലാത്ത വളഞ്ഞും പിരിഞ്ഞുമൊക്കെയിരിക്കുന്ന കായകളാണ് ഉണ്ടായിരുന്നത്. അതൊന്നും നമ്മുടെ മാര്‍ക്കെറ്റിലേക്ക് പോകാന്‍ കൊള്ളുന്നവയല്ല. വിലയും പകുതിയോ അതില്‍ കുറവോ ആണ് കിട്ടുക. കര്‍ഷകന് അതുകൊണ്ട് നഷ്ടമാണ്. വീട്ടാവശ്യത്തിനാണെങ്കില്‍ പ്രശ്‌നമല്ല.
“പിന്നെ, പ്രകൃതികൃഷി ചെയ്തുനോക്കി. അതില്‍ കീടങ്ങളുടെ ആക്രമണം വളരെ കൂടുതലായിരുന്നു, ഒപ്പം ഷേയ്പ്പില്ലാത്ത കായ്കള്‍ കണ്ടമാനം ഉണ്ടായിരുന്നു.
“കൃത്യമായ മൂലകങ്ങള്‍ കൊടുത്തുകൊണ്ടുള്ള വിഷരഹിത കൃഷിയിലെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കും. ഒപ്പം രുചിയിലും ഗുണത്തിലും മണത്തിലും മികച്ചതായിരിക്കുകയും ചെയ്യും.
“എല്ലാ ദിവസവും എനിക്ക് ഉല്‍പാദനം ഉള്ളതുകൊണ്ട് എന്‍റെ പച്ചക്കറികളുടെ വില നിശ്ചയിക്കുന്നത് ഞാനാണ്. മാര്‍ക്കറ്റിലുള്ളവര്‍ അല്ല. ഞാന്‍ പറയുന്ന വിലയ്ക്ക് സ്ഥിരമായി പച്ചക്കറി കൊണ്ടുപോകാന്‍ ആളുണ്ട്. അവര് സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ കൊണ്ടുപോയി കൊടുക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കെറ്റുകാര്‍ അത് ലാബില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്ത് വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തിയതാണ്. അതുകൊണ്ട് എന്‍റെ പച്ചക്കറിക്ക് എന്നും ആവശ്യക്കാരുണ്ട്. …
“ഈ ടെക്‌നോളജി ഒക്കെ നമ്മുടെ യൂനിവേഴ്‌സിറ്റികളിലുണ്ട്. കര്‍ഷകര്‍ മുന്നോട്ടുവന്ന് മണ്ണ് ടെസ്റ്റ് ചെയ്ത് ശാസ്ത്രീയമായ രീതികള്‍ പിന്‍തുടരുക മാത്രമേ ചെയ്യേണ്ടതുള്ളൂ,” അദ്ദേഹം വിശദമായി പറഞ്ഞുതരുന്നു.
ഉണ്ണികൃഷ്ണന്‍റെ കൃഷിവിജയത്തിന് പഞ്ചായത്ത്-ജില്ലാ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഇന്‍ഡ്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ദേശീയ പുരസ്‌കാരമായ ഇന്നവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡും ഉണ്ണികൃഷ്ണനെത്തേടിയെത്തി.
“ഈ പുരസ്‌കാരങ്ങള്‍ എന്‍റെ മാത്രം കഴിവുകൊണ്ട് കിട്ടിയതല്ല. അതിന് പിന്നില്‍ ഒരുപാട് പേരുണ്ട്. ആദ്യം നന്ദി പറയേണ്ടത് എന്‍റെ അച്ഛനോടാണ്. 94 വയസ്സ് വരെ അദ്ദേഹം കൃഷി ചെയ്തു, മരിക്കുന്നതിന്‍റെ തലേദിവസം വരെ അദ്ദേഹം കൃഷി ചെയ്തിരുന്നു. പിന്നെ കൃഷി ഓഫീസര്‍ ടി പി ബൈജു, ബേബി റാഫേല്‍ എന്നിവര്‍ നമുക്ക് എന്താവശ്യമുണ്ടെങ്കിലും ഏത് സമയത്തും വന്ന് സഹായിച്ചിരുന്നു. അതുപോലെ യൂനിവേഴ്‌സിറ്റിയിലെ നാരായണന്‍ കുട്ടി സാര്‍, ഡോ. ബെറിന്‍, ജയരാജ് സാര്‍ … പിന്നെ എനിക്ക് പിന്തുണയുമായി നില്‍ക്കുന്ന കുടുംബം,’ ആ കര്‍ഷകന്‍ വിനയാന്വിതനാവുന്നു.
ഇതുകൂടി വായിക്കാം: 10-ാം വയസില്‍ രണ്ട് സെന്‍റില്‍ തുടക്കം; രണ്ടിനം പയര്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയിലെ ‘ശാസ്ത്രജ്ഞ’നായി, കൃഷി ഡോക്റ്ററും അധ്യാപകനുമായി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.