നൂറുകണക്കിന് സാധാരണ കര്‍ഷകരെ ജൈവകൃഷിയിലേക്കും കൂടുതല്‍ വരുമാനത്തിലേക്കും നയിച്ച കര്‍ഷകന്‍

30 വര്‍ഷം രാസകൃഷി നടത്തിയതിന് ശേഷമാണ് സുന്ദരരാമന്‍ ജൈവകൃഷിയിലേക്ക് തിരിയുന്നത്.

ജൈവകൃഷിയെക്കുറിച്ച് ഇവിടെ ഇത്രയും വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ലല്ലോ. എന്നാല്‍ ചില കര്‍ഷകര്‍ വളരെക്കാലം മുന്‍പുതന്നെ രാസകൃഷി ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അതിലൊരാളാണ് തമിഴ്നാട് ഈറോഡ് സ്വദേശി എസ് ആര്‍ സുന്ദരരാമന്‍ .

തെക്കേ ഇന്‍ഡ്യയില്‍ ജൈവകൃഷി പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആദ്യത്തെ കര്‍ഷകരിലൊരാള്‍ കൂടിയാണ് 78-കാരനായ സുന്ദരരാമന്‍.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

1990-കളിലാണ് ഇദ്ദേഹം രാസകൃഷി ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതി അവംലബിച്ചു തുടങ്ങിയത്. സ്വയം ജൈവകൃഷി പിന്‍തുടരുകയും ജൈവകൃഷി രീതി പ്രോല്‍സാഹിപ്പിക്കുന്നതില്‍ മികച്ച മാതൃക കാട്ടുകയും ചെയ്തു അദ്ദേഹം. നൂറുകണക്കിന് പ്രാദേശിക കര്‍ഷകരെ ഈ വഴിയ്ക്കു തിരിച്ചുവിടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം, ജൈവകര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവര്‍ക്ക് നിരന്തരം പിന്തുണ നല്‍കുകയും ചെയ്യുന്നു.

സുന്ദരരാമന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു

സുന്ദരരാമന് കൃഷി വെറും വിനോദമായിരുന്നില്ല; പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ വരദാനമായിരുന്നു. പൂര്‍വ്വപിതാക്കന്‍മാരേ പിന്തുടര്‍ന്ന് തന്‍റെ ഇരുപതാം വയസില്‍ അദ്ദേഹം കൃഷിയിലേക്കിറങ്ങി. ആദ്യമൊക്കെ കൃഷിയില്‍ മുന്‍പ് പിന്തുടര്‍ന്നിരുന്ന രാസകൃഷി തന്നെ അദ്ദേഹവും തുടര്‍ന്നു– ഏതാണ്ട് 30 വര്‍ഷത്തോളം.

അമിതമായ രാസവളപ്രയോഗത്തിലൂടെ മണ്ണിന്‍റെ സ്വാഭാവികത നഷ്ടമായെന്ന തിരിച്ചറിവാണ് സുന്ദരരാമനെ ജൈവകൃഷി രീതിയിലേക്ക് നയിക്കുന്നത്.

“പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍ എസ് നാഗരാജനാണ് ജൈവകൃഷിയിലെ എന്‍റെ ഗുരു. ജൈവകൃഷി രീതിയെക്കുറിച്ച് എനിക്ക് അറിവ് പകര്‍ന്നതും രാസവളപ്രയോഗത്തിന്‍റെ ദുരന്തത്തെകുറിച്ച് എന്നെ ബോധവാനാക്കിയതും അദ്ദേഹമാണ്. മാത്രമല്ല, രാസകൃഷിയിലൂടെ മനുഷ്യരില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പു നല്‍കിയതും അദ്ദേഹമാണ്,” ജൈവകൃഷി തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് സുന്ദരരാമന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു.

തുടര്‍ന്ന് അദ്ദേഹം കൃഷിയിടത്തിലെ മണ്ണിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പഠിച്ചു തുടങ്ങി. ആദ്യകാലങ്ങളിലൊക്കെ തന്‍റെ തോട്ടത്തില്‍ കീടത്തെ നശിപ്പിക്കാന്‍ 5 മില്ലി കീടനാശിനി മാത്രം ആവശ്യമായിരുന്ന സ്ഥാനത്ത് അപ്പോള്‍ അതേ കീടത്തിന് 60 മില്ലിയില്‍ കൂടുതല്‍ പ്രയോഗിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കീടങ്ങള്‍ കൂടുതല്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നുവെന്നും മണ്ണിന്‍റെ ശോഷണം വര്‍ദ്ധിക്കുന്നുവെന്നും മനസ്സിലായതോടെ അതിന് പരിഹാരമായി ജൈവരീതികള്‍ എങ്ങനെ നടപ്പാക്കാമെന്ന് അദ്ദേഹം അന്വേഷണം തുടങ്ങി.

സുന്ദരരാമന്‍

തുടര്‍ന്ന് പകൃതിസംസ്‌കൃതിയെക്കുറിച്ച് അവഗാഹമുള്ള പ്രൊഫ.എസ് എ ദാബോല്‍ക്കറുടെ (പൂനെ സര്‍വ്വകലാശാലയിലെ ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം) നിര്‍ദ്ദേശങ്ങള്‍ സുന്ദരരാമന്‍ പിന്തുടരാന്‍ തുടങ്ങി. കൃഷിയില്‍ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് സുന്ദരരാമന്‍ തിരിച്ചറിയുന്നത് ദാബോല്‍ക്കറില്‍ നിന്നാണ്. ഈ സൂക്ഷ്മാണുക്കള്‍ മണ്ണില്‍ ജലാംശം നിലനിര്‍ത്തുന്നതിനും നൈട്രജന്‍ ഉറപ്പാക്കുന്നതിനും മണ്ണിനെ സമ്പുഷ്ടമാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. സമ്മിശ്രകൃഷിയോടൊപ്പം ജൈവഘടകങ്ങള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതോടെ മണ്ണിന്‍റെ ആരോഗ്യം തുടര്‍ച്ചയായി നിലനിര്‍ത്താമെന്നും അദ്ദേഹം അറിഞ്ഞു.

വളക്കൂറുള്ള മണ്ണിന്‍റെ ശേഷി അപാരമാണ്. എന്നാല്‍ രാസകൃഷിയുടെ ഏറ്റവും വലിയ ദോഷം കൃത്രിമമായ ഇടപെടലുകളിലൂടെ അവ ഒന്നാമതായിത്തന്നെ മണ്ണിന്‍റെ വളക്കൂറ് നശിപ്പിക്കുന്നു എന്നതാണ്.

രാസകൃഷിയില്‍ വളമിട്ട് ചെടിയെ വളര്‍ത്തുമ്പോള്‍ ജൈവകൃഷിയില്‍ വളമിടുന്നതു മുഴുവന്‍ മണ്ണിനും അതിനുള്ളില്‍ വസിക്കുന്ന കോടാനുകോടി സൂക്ഷ്മജീവികള്‍ക്കുമാണ്. ഇതിനു രണ്ടിനും രാസമൂലകങ്ങളുടെ ആവശ്യമില്ല. പകരം പരമാവധി ജൈവവസ്തുക്കള്‍ കിട്ടിയാല്‍ മതിയാകും. അവയെ സാവകാശം ചെടിക്കുവേണ്ട മൂലകങ്ങളാക്കി നല്‍കാന്‍ കഴിയും.

മണ്ണിന്‍റെ വളക്കൂറ് നിലനിര്‍ത്തണമെങ്കില്‍ ഒരിക്കല്‍ മാത്രം കുറേ ജൈവവസ്തുക്കള്‍ കൊടുത്താല്‍ മാത്രം പോരാ, സ്ഥിരമായി അവ കൊടുത്തു കൊണ്ടേയിരിക്കണം. ഇതിന് പച്ചിലകളും ജൈവവളവും മറ്റും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കണം. തുടര്‍ന്ന് മിശ്രിത കൃഷിരീതി പിന്‍തുടരണം.

“മണ്ണിന്‍റെ മുകള്‍ ഭാഗത്തെ ഒമ്പത് ഇഞ്ചില്‍ ആരോഗ്യകരമായ മൈക്രോഫ്‌ളോറ (സൂക്ഷ്മ സസ്യങ്ങള്‍)യുണ്ട്. ഇവയെ നിലനിര്‍ത്താന്‍ കൃഷിയിടത്തില്‍ ആവശ്യത്തിന് ജൈവവളം നല്‍കണം,” പ്രൊഫ.ദാബോല്‍ക്കറുടെ ഉപദേശം പങ്കുവെച്ച് സുന്ദരരാമന്‍ വിശദീകരിക്കുന്നു.

ദാബോല്‍ക്കറും എന്‍ എസ് നാഗരാജനും പുറമെ മാത്രമല്ല കര്‍ണാടകയിലെ ആദ്യകാല ജൈവകര്‍ഷകരിലൊരാളായ എല്‍ നാരായണ റെഡ്ഢിയും തന്നെ സ്വാധീനിച്ചതായി സുന്ദരരാമന്‍ പറയുന്നു.

ആകെ പത്തേക്കര്‍ സ്ഥലത്താണ് സുന്ദരരാമന്‍റെ കൃഷി. ഇതില്‍ ഒന്നര ഏക്കറില്‍ തെങ്ങും മൂന്ന് ഏക്കറില്‍ മഞ്ഞളും രണ്ടു മുതല്‍ നാല് ഏക്കര്‍ വരെ സ്ഥലത്ത് മരച്ചീനിയും രണ്ടേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ലും വളര്‍ത്തുന്നു. കൂടാതെ മുരിങ്ങയും കറിവേപ്പിലയും ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. ഒരു സ്ഥലത്തെ മണ്ണില്‍ ജൈവവൈവിധ്യം പുനസ്ഥാപിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്.

സുന്ദരരാമന്‍റെ ജൈവകൃഷിയിടത്തിലെ പ്രധാന വിളകളിലൊന്നാണ് മഞ്ഞള്‍. ജൈവ കൃഷി രീതിയിലൂടെ പരമാവധി വിള ലഭിക്കാന്‍ സത്യമംഗലം ജൈവകൃഷി ശൃംഖലയിലെ കര്‍ഷകരെ അദ്ദേഹം നിരന്തരമായി പരിശീലിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി ഈ ശൃംഖലയിലെ കര്‍ഷകര്‍ വര്‍ഷം തോറും ശരാശരി 160 ടണ്‍ ജൈവ മഞ്ഞള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. രാസവളമിട്ട് വളര്‍ത്തുന്ന മഞ്ഞളിന് ക്വിന്‍റലിന് 6,000 രൂപയ്ക്കും 7,000 രൂപയ്ക്കും ഇടയില്‍ മാത്രം വിലയുള്ളപ്പോള്‍ ജൈവമഞ്ഞള്‍ ക്വിന്‍റലിന് 12,000 രൂപ വരെ വില കിട്ടുന്നു.

ഈ 78-ാം വയസ്സിലും ജൈവകൃഷി അറിവുകള്‍ കര്‍ഷകരിലേക്ക് പകരാന്‍ അദ്ദേഹം തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും നിരന്തരം സഞ്ചരിക്കുന്നു

”ഏറ്റവും ചെലവുകുറഞ്ഞ ദ്രവ പ്രചനന (Liquid propagation) സാങ്കേതിക വിദ്യയാണ് സുന്ദരരാമന്‍ ജൈവ കൃഷിയ്ക്കായി പിന്തുടരുന്നത്. ഇതിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ പ്രാദേശികമായിത്തന്നെ സംഭരിക്കുകയും അതിലൂടെ ചെടികളെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുു. അദ്ദേഹത്തിന്‍റെ ഈ രീതി വിജയകരമാണ്, നിരവധി കര്‍ഷകര്‍ ഇതു പിന്തുടരുകയും ചെയ്യുന്നുണ്ട്,”കര്‍ണ്ണാടകയിലെ ഐസിആര്‍എ (ഇന്‍റെര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓറിയന്‍റഡ് റിസര്‍ച്ച് ഇന്‍ അഗ്രിക്കള്‍ച്ചര്‍)യില്‍ പ്രവര്‍ത്തിക്കുന്ന ബാബു പി വിലയിരുത്തുന്നു.

വൈവിധ്യമാര്‍ന്ന ജൈവകൃഷി രീതി പിന്തുടരുന്നതിനൊപ്പം തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ജൈവകര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി അദ്ദേഹം ഈ പ്രായത്തിലും നിരന്തരമായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബാബു കൂട്ടിച്ചേര്‍ക്കുന്നു.

കൂടാതെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പുതിയ പ്രകൃതി സൗഹൃദ മാര്‍ഗ്ഗങ്ങള്‍ തേടി സുന്ദരരാമന്‍ നിരന്തരമായി ഗവേഷണം നടത്തിവരുന്നു.

ജൈവകൃഷിയിലെ നൂതന സംരംഭങ്ങള്‍ക്കും സുസ്ഥിര ജൈവകൃഷിയ്ക്കും നല്‍കിയ സംഭാവനകളുടെ പേരില്‍ എസ് ആര്‍ സുന്ദരരാമന് സൃഷ്ടി സമ്മാന്‍ പുരസ്‌കാരം നല്‍കുകയുണ്ടായി.

എന്നാല്‍ ജൈവകൃഷി രീതിയില്‍ എല്ലാ കൃഷിയിലും മണ്ണിലും ഒരുപോലെ പ്രയോഗിക്കാവുന്ന രീതികളോ പ്രക്രിയകളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

”കൃഷിയ്ക്കായി തെരഞ്ഞെടുക്കുന്ന ഓരോ പ്രദേശവും വ്യത്യസ്തമാണ്. മാത്രമല്ല, ഏതു വിളയാണ് എന്നതിന് അനുസരിച്ചും ജൈവകൃഷി രീതി മാറുന്നു. ഓരോ പ്രദേശത്തിന്‍റെയും മണ്ണിന് അതിന്‍റേതായ പ്രകൃതിദത്ത ഗുണങ്ങളും സ്വാഭാവികതയുമുണ്ട്. ആദ്യം അത് നിലനിര്‍ത്തണം,”അദ്ദേഹം വിശദമാക്കുന്നു.

ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉണ്ടാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു

ഏറ്റവും മികച്ച കൃഷി രീതിയാണെങ്കിലും രാജ്യത്തെ എല്ലാ കര്‍ഷകരെയും ജൈവകൃഷി രീതി പിന്തുടരാന്‍ നിര്‍ബ്ബന്ധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിലപിക്കുന്നു. പക്ഷെ, ചിലരെയെങ്കിലും ഈ വഴിയിലൂടെ നടത്താനാവുമല്ലോ എന്നതാണ് അദ്ദേഹത്തിന്‍റെ വിചാരം.

”ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തേണ്ട ഒന്നല്ല ജൈവകൃഷി. അത് പ്രകൃതിദത്ത പോഷകങ്ങള്‍ നഷ്ടമാകാതെ പ്രകൃതിയെ സംരക്ഷിക്കുന്നു,”സുന്ദരരാമന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക


ഈ തലമുറയ്ക്ക് ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാകണമെങ്കില്‍, കര്‍ഷകര്‍ക്ക് ജൈവകൃഷി രീതി അവംലബിക്കുന്നതിന് പ്രോല്‍സാഹനം നല്‍കണമെന്നും അതിനു വേണ്ട സഹായം ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സുന്ദരരാമന്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം