തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി

ഇവിടെ, പാലക്കാട് ഒരു പോലീസുകാരിയുണ്ട്. നിയമപാലനത്തിനൊപ്പം സ്‌നേഹവും കാരുണ്യവും കൊണ്ട് മനസ്സു കീഴടക്കിയവള്‍. ആരുമില്ലാത്തവര്‍ക്കായി കൂട്ടിരിക്കുന്നവള്‍.

പൊലീസ് എന്ന് കേട്ടാല്‍ ഒരു കാര്യവുമില്ലെങ്കിലും അല്‍പം ഭയം. എന്തുകൊണ്ടോ അതങ്ങനെയാണ്. കാക്കിക്കുള്ളിലെ കവി ഹൃദയം എന്നൊക്കെപ്പറഞ്ഞ് സംഗതി ഇത്തിരി മയപ്പെടുത്താനൊക്കെ നോക്കുമെങ്കിലും കാക്കി യൂണിഫോം കണ്ടാല്‍ ഉള്ളിലൊരു പരുങ്ങല്‍ അറിയാതെ പതുങ്ങിവരും… അതോ അതെന്‍റെ മാത്രം പ്രശ്‌നമാണോ?

എന്നാല്‍ ഇവിടെ, പാലക്കാട് ഒരു പൊലീസുകാരിയുണ്ട്. പേര് റീന ജീവന്‍. തൊഴില്‍ കൊണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് റീന. എന്നാല്‍ തന്‍റെ കര്‍മം കൊണ്ട് അഗതികളുടെ അമ്മയാണ്. നിയമപാലനത്തിനൊപ്പം സ്‌നേഹവും കാരുണ്യവും കൊണ്ട് മനസ്സു കീഴടക്കിയവള്‍. ആരുമില്ലാത്തവര്‍ക്കായി കൂട്ടിരിക്കുന്നവള്‍.

തെരുവില്‍ അലയുന്ന ആരുമില്ലാത്തവരെ, അനാഥരെ, രോഗികളെ, മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരെ അങ്ങനെ ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും പ്രാഥമിക പരിചരണങ്ങളും നല്‍കിയ ശേഷം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുകയാണ് റീന ചെയ്യുന്നത്.


എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന കാലത്താണ് റീനയുടെ വേറിട്ട പ്രവര്‍ത്തികള്‍ എല്ലാവരുടെയും കണ്ണില്‍പെടുന്നത്.


എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന കാലത്താണ് റീനയുടെ വേറിട്ട പ്രവര്‍ത്തികള്‍ എല്ലാവരുടെയും കണ്ണില്‍പെടുന്നത്. 2007 മുതല്‍ പൊലീസ് ഉദ്യോഗത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്കും സമയം കണ്ടെത്തും റീന. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന തത്വത്തില്‍ വിശ്വസിക്കുന്ന റീന തന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മറ്റൊരാളെ അറിയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എണ്‍പതില്പരം ആളുകളെ ഇതിനോടകം തെരുവില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട് റീന.


ഇതുകൂടി വായിക്കാം: അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ


റീന ജീവന്‍.

വിശന്നിരിക്കുന്നവരെയും രോഗങ്ങള്‍ ബാധിച്ചവരെയും കണ്ടില്ലെന്നു നടിക്കാന്‍ റീനയ്ക്കാകില്ല. അതുകൊണ്ട് തന്നെയാണ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് റീനയെ വ്യത്യസ്തയായ ഒരു പോലീസുകാരിയായി കാണുന്നതും. റീന ചെയ്യുന്ന എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് വകുപ്പിന്‍റെ ഭാഗത്തു നിന്നും പൂര്‍ണ പിന്തുണയുണ്ട്. റീനയുടെ മാസശമ്പളത്തിന്‍റെ നല്ലൊരു പങ്ക് പാവങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനായാണ് ചെലവഴിക്കുന്നത്. ഭര്‍ത്താവ് ജീവനും കുടുംബത്തിനും റീനയെക്കുറിച്ചോര്‍ത്ത് എന്നും അഭിമാനം മാത്രം.

അച്ഛനെ പരിചരിക്കാന്‍ കഴിയാത്തതിന്‍റെ ദുഃഖം

‘എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അച്ഛന്‍. ഞങ്ങള്‍ നാല് പെണ്‍മക്കള്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഒരാളാണ് അച്ഛന്‍ ശിവശങ്കരന്‍. അച്ഛന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് ഞങ്ങള്‍ മക്കളെ നന്ദി പഠിപ്പിച്ചു, ജോലിക്കാരാക്കി. എന്നാല്‍ ഞങ്ങളില്‍ നിന്നും മികച്ചൊരു പരിചരണം ലഭിക്കുന്നതിന് അദ്ദേഹം കാത്തു നിന്നില്ല. അച്ഛനെ എന്ത് വില നല്‍കിയും പരിചരിക്കാനും പൊന്നുപോലെ നോക്കാനുമൊക്കെയുള്ള ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ 54-ാം വയസ്സില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന അദ്ദേഹം ആശുപത്രിയില്‍ എത്തിച്ച് അധികം വൈകാതെ മരണപ്പെട്ടു,’ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കാന്‍ പ്രേരിപ്പിച്ച ആ സംഭവം റീന ഓര്‍ക്കുന്നു.


അച്ഛനെ വേണ്ട രീതിയില്‍ പരിചരിക്കാന്‍ കഴിയാത്തതിന്‍റെ ദുഃഖം അന്നും ഇന്നും എന്നും മനസ്സില്‍ ഉണ്ട്.


“അച്ഛന്‍റെ മരണം വലിയ രീതിയിലുള്ള ഒറ്റപ്പെടലാണ് എനിക്ക് സമ്മാനിച്ചത്. അച്ഛനെ വേണ്ട രീതിയില്‍ പരിചരിക്കാന്‍ കഴിയാത്തതിന്‍റെ ദുഃഖം അന്നും ഇന്നും എന്നും മനസ്സില്‍ ഉണ്ട്. അച്ഛന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ഞാന്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്നു. പിന്തുണക്കാന്‍ ആരുമില്ലാത്ത ഓരോ വ്യക്തിയും ഞാന്‍ എന്‍റെ അച്ഛന്‍റെ മുഖം തന്നെയാണ് കാണുന്നത്. അവരുടെ വേദന ഞാന്‍ എന്‍റെ സ്വന്തം വേദനയായി ഏറ്റെടുക്കുന്നു.” റീന ജീവന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും


വിശന്നുവലഞ്ഞവര്‍ക്ക് പൊതിച്ചോറ്

റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നിന്നും ആട്ടിയോടിച്ച വൃദ്ധന്‍, ഗര്‍ഭപാത്രം പുറത്തു വന്ന നിലയില്‍ കാണപ്പെട്ട സ്ത്രീ, മകളെത്തേടി നഗരത്തില്‍ എത്തിയ ബുദ്ധിഭ്രമമുള്ള സ്ത്രീ, കാന്‍സര്‍ ബാധിച്ചര്‍, തിരിച്ചറിയാനാവാത്ത രോഗങ്ങളുള്ളവര്‍,മാനസിക പ്രശനമുള്ളവര്‍ തുടങ്ങി നിരവധി തരത്തില്‍ ക്ലേശതകള്‍ അനുഭവിക്കുന്ന ആളുകളെയാണ് റീന തെരുവില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ തെരുവില്‍കഴിയുന്നവരെ അവിടെ നിന്നും രക്ഷപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. മനസ്സ് കൈവിട്ടുപോയ ചിലരെങ്കിലും ആക്രമണ സ്വഭാവം കാണിച്ചേക്കാം. എന്നാല്‍ തീര്‍ത്തും സംയമനത്തോട് കൂടിയാണ് റീന ഇവരെ പരിചരിക്കുന്നത്. കൊച്ചിയില്‍ തെരുവോരം മുരുകനെ പോലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ റീനയുടെ പ്രവര്‍ത്തികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് മുന്നോട്ട് വന്നിരുന്നു. കൊച്ചിയിലായിരുന്ന കാലമത്രയും ഇത്തരം ബന്ധങ്ങള്‍ റീനക്ക് സഹായകമായി.


അദ്ദേഹത്തിന്‍റെ അടുത്തേക്ക് പോകേണ്ടെന്നും ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും നിരവധിയാളുകള്‍ പറഞ്ഞെങ്കിലും റീന അത് കേട്ടില്ല.


സാമൂഹിക സേവനത്തിലേക്കിറങ്ങിയതോടെ മനസ്സ് മരവിപ്പിക്കുന്ന, ആരുടെയും കണ്ണ് നനയിക്കുന്ന നിരവധി കാഴ്ചകള്‍ക്ക് സാക്ഷിയാകേണ്ടിവന്നു റീനക്ക്. ഒരിക്കല്‍ പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്, തെരുവില്‍ അലഞ്ഞു നടക്കുന്ന പ്രായമായ ഒരു മനുഷ്യനെ റീന കണ്ടു. വിശപ്പും ദാഹവും അദ്ദേഹത്തെ ഒരു പ്രാകൃത രൂപിയാക്കിയിരുന്നു.

അദ്ദേഹത്തിന്‍റെ അടുത്തേക്ക് പോകേണ്ടെന്നും ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും നിരവധിയാളുകള്‍ പറഞ്ഞെങ്കിലും റീന അത് കേട്ടില്ല. ധൈര്യം സംഭരിച്ചുകൊണ്ട് അദ്ദേഹത്തെ അച്ഛാ എന്ന് വിളിച്ചു. ഭക്ഷണം നല്‍കി. അദ്ദേഹം എതിര്‍പ്പൊന്നും കാണിച്ചില്ല. അക്രമിക്കാതിരുന്നപ്പോള്‍ തന്നെ അദ്ദേഹം നോര്‍മല്‍ ആണെന്ന് മനസിലായി. തുടര്‍ന്ന് റീന കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇന്നത്തെ സമൂഹത്തിന്‍റെ നേര്‍ചിത്രമായിരുന്നു അദ്ദേഹത്തിന്‍റെ കഥ. ഒമ്പത് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇതില്‍ അഞ്ച് ആണ്‍ മക്കളും ഉണ്ട്. മക്കള്‍ എല്ലാവരും സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കുന്നവര്‍. നല്ല ജോലിയും വരുമാനവും ഉള്ളവര്‍. എന്നാല്‍ അവര്‍ക്ക് അച്ഛനെ നോക്കാന്‍ സമയമോ മനസ്സോ ഇല്ല. അങ്ങനെയാണ് ആ പിതാവ് ഒരു അഗതിയെപ്പോലെ തെരുവില്‍ എത്തിയത്. മക്കളുടെ അഡ്രസ് തന്നാല്‍ താന്‍ സംസാരിക്കാമെന്നു റീന പറഞ്ഞെങ്കിലും അദ്ദേഹം അത് കേട്ടില്ല. തന്നെ വേണ്ടാത്ത മക്കള്‍ക്ക് ഒരു ബാധ്യതയാകാന്‍ താനില്ല എന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു.

ഗര്‍ഭപാത്രം പുറത്തു വന്ന നിലയില്‍ ഒരമ്മ

ഒരിക്കല്‍ എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ജോലി നോക്കവേ, വൃദ്ധയായ ഒരു അമ്മ റീനയുടെ ശ്രദ്ധയില്‍പെട്ടു. സ്റ്റേഷന്‍റെ വരാന്തയില്‍ ചുരുണ്ടുകൂടി കിടക്കുന്ന മെലിഞ്ഞ ഒരു രൂപം. അവര്‍ കിടന്നകിടപ്പില്‍ തന്നെ മലമൂത്ര വിസര്‍ജനം ചെയ്തിരിക്കുന്നു. തെരുവോരം മുരുകന്‍റെ സഹായത്തോടെ റീന അവരെ അടുത്തുള്ള ആശുപത്രിയിലാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും ആ അമ്മയെ സമാനമായ സാഹചര്യത്തില്‍ തെരുവില്‍ റീന കണ്ടെത്തി. ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് പറഞ്ഞത്.


മനസ്സില്‍ ഒരിക്കലും ഒഴിയാത്ത വേദനയും സങ്കടവുമാണ് ആ കാഴ്ച ബാക്കിവെച്ചത്.


സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ആ അമ്മയെ വീണ്ടും അവിടെ നിന്നും രക്ഷപ്പെടുത്തി കുളിപ്പിച്ച് വൃത്തിയാക്കാന്‍ നോക്കിയപ്പോളാണ് റീന ആ കാഴ്ച കണ്ടത്. അവരുടെ ഗര്‍ഭപാത്രം പുറത്തേക്ക് വന്ന നിലയിലായിരുന്നു. അതിലാകട്ടെ, മലിനമായ സാഹചര്യത്തില്‍ കിടന്നതിനാല്‍ മണ്ണും അഴുക്കും പറ്റി പഴുപ്പ് ബാധിച്ചിരിക്കുന്നു. തന്‍റെ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നൊമ്പരപ്പെടുത്തിയ കാഴ്ചയാണ് അതെന്നു റീന പറയുന്നു. അവര്‍ക്ക് ആവശ്യമായ മരുന്നും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തിട്ടും മനസ്സില്‍ ഒരിക്കലും ഒഴിയാത്ത വേദനയും സങ്കടവുമാണ് ആ കാഴ്ച ബാക്കിവെച്ചത്.

”ലക്ഷ്മി എന്നായിരുന്നു അവരുടെ പേര്. മുംബൈ കാമാത്തിപുരയില്‍ യൗവ്വനം മുഴുവന്‍ തീര്‍ത്തവളായിരുന്നു ലക്ഷ്മി . യൗവനം മുഴുവന്‍ അത്തരത്തില്‍ പണം സമ്പാദിക്കുന്നതിനായി ചെലവിട്ടു. ഒടുവില്‍ രോഗിയായപ്പോള്‍ തെരുവിലേക്ക് ഇറങ്ങേണ്ടതായി വന്നു,” റീന ജീവന്‍ ആ അമ്മയുടെ ജീവിതം ചുരുക്കത്തില്‍ പറഞ്ഞു.


വേദന അനുവഭവിക്കുന്ന രോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് വലിയൊരു വെല്ലുവിളിയാണ്.


പലപ്പോഴും ആളുകള്‍ക്ക് ഇത്തരക്കാരെ സഹായിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും എന്ത്, എങ്ങനെ ചെയ്യണമെന്ന ധാരണക്കുറവാണ് നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിക്കുന്നതെന്നു റീന പറയുന്നു. കാന്‍സര്‍ ബാധിച്ച് പഴുത്തൊലിക്കുന്ന വൃണവുമായി കണ്ടെത്തിയ ഒരാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി താന്‍ അനുഭവിച്ച യാതനകള്‍ റീന മറച്ചു വയ്ക്കുന്നില്ല.


ഇതുകൂടി വായിക്കാം: ‘ലൈക്കു’കളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് സ്വന്തം ആനവണ്ടി


“വേദന അനുവഭവിക്കുന്ന രോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് വലിയൊരു വെല്ലുവിളിയാണ്. ആ സമയത്ത് അവരുടെ ജീവന്‍ രക്ഷിക്കുക എന്നത് മാത്രമായിരിക്കും പ്രാഥമിക ചുമതല.ചിലപ്പോള്‍ വാഹനങ്ങള്‍ ലഭിക്കുന്നതിനായി കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്, രക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നറിയാതെ പ്രകോപിതരായവരുണ്ട്. അത്തരക്കാരുടെ മാനസികാവസ്ഥ പരമാവധി ഉള്‍ക്കൊള്ളാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്” റീന പറയുന്നു

എതിര്‍പ്പുകളെ മുഖവിലയ്ക്ക് എടുക്കില്ല

അഗതികളായ ആളുകളുമായി ഇടപെടുമ്പോള്‍ സമൂഹത്തില്‍ നിന്നും അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ റീനക്കുണ്ടായിട്ടുണ്ട്. പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞവരുണ്ട്. ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നത് എന്ന് പറഞ്ഞവരുമുണ്ട്. എന്നാല്‍ റീന അതൊന്നും കാര്യമാക്കുന്നില്ല. റീനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും പൂര്‍ണ പിന്തുണയാണുള്ളത്. വിവാഹശേഷമാണ് റീന തന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായത്. അതിനുള്ള കാരണം ഭര്‍ത്താവ് ജീവന്‍ രവി നല്‍കുന്ന പിന്തുണ തന്നെയാണ്. ഇതിനിടക്ക് ജന്മസ്ഥലമായ പാലക്കാട്ടേക്ക് റീനക്ക് സ്ഥലം മാറ്റമായി. അതോടെ തന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പാലക്കാട്ടേക്ക് വ്യാപിപ്പിച്ചു റീന. അഗതികള്‍ക്കായി ഒരു ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് റീനയും ജീവനും.

റീനയും ജീവനും

ഹര്‍ത്താല്‍ ദിനത്തില്‍ പൊതിച്ചോറുമായി

സ്വതവേ തെരുവിന്‍റെ മക്കള്‍ക്ക് ഒരു നേരത്തെ ആഹാരം ലഭിക്കുക എന്നത് ക്ലേശകരമാണ്. അപ്പോള്‍ ഹര്‍ത്താല്‍ കൂടിയാലോ? അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ തെരുവില്‍ അലയുന്നവരെ മുഴുപ്പട്ടിണിയിലാക്കിയപ്പോള്‍ റീനയും ഭര്‍ത്താവ് ജീവനും രംഗത്തിറങ്ങി. ഇരുവരും ചേര്‍ന്ന് വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് പൊതികളാക്കി തെരുവില്‍ അലയുന്നവര്‍ക്കായി എത്തിച്ചു നല്‍കി. ഓരോ ഹര്‍ത്താല്‍ ദിനത്തിലും ഇവര്‍ ഇത് ചെയ്യുന്നു.

ജോലിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞുള്ള സമയം അഭിനയത്തിനായി മാറ്റിവയ്ക്കുകയാണ് റീന. മികച്ചൊരു തീയറ്റര്‍ ആര്‍ട്ടിസ്റ്റ് ആയ റീന നാടകാഭിനയത്തിലൂടെ നിരവധി വേദികള്‍ കീഴടക്കിക്കഴിഞ്ഞു. മനസ്സിന് സന്തോഷം നല്‍കുന്ന പ്രവര്‍ത്തികള്‍ മാത്രം ചെയ്യുക എന്ന റീനയുടെ ചിന്തയാണ് ഇത്തരത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും അഭിനയത്തിലുമെല്ലാം സജീവമാകുന്നതിന് ഈ പാലക്കാട്ടുകാരിക്ക് പ്രചോദനമാകുന്നത്.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം