സ്വാതന്ത്ര്യ സമരകാലത്ത് സ്വന്തം കാലില്‍ നില്‍ക്കുന്നതിന്‍റെ പ്രതീകം ആയിരുന്നല്ലോ ഖാദി. പക്ഷേ, പട്ടിന്റെയും പോളിയെസ്റ്ററിന്റെയും കടന്നു വരവോടെ ഫാഷൻ ലോകത്ത് ഖാദിയുടെ നിറം മങ്ങിപ്പോയി.
എന്നാലിപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും പുതുതലമുറയുടെ മനം കവർന്ന് എത്തിയിരിക്കുകയാണ് കൈത്തറിയും ഖാദിയും.
സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഡിസൈനർമാർ ഈ തുണിത്തരത്തെ പുതിയ കെട്ടിലും മട്ടിലും അവതരിപ്പിക്കുകയാണ്. പ്രാദേശിക നെയ്ത്തുകാരെയും അതിവേഗം മറവിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പരമ്പരാഗത കൈത്തൊഴിലിനേയും സംരക്ഷിക്കുന്നതിനുള്ള നല്ലൊരു കാര്യം കൂടിയാണിത്.
ഭോപ്പാലിൽ നിന്നുള്ള ഉമാംഗ് ശ്രീധറിന്‍റെ ‘ഖാഡിജി’ (KhaDigi) അത്തരത്തിലൊരു സംരംഭമാണ്. മൂന്ന് വർഷം മുൻപ് പ്രവർത്തനം തുടങ്ങിയതു മുതൽ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും നിന്നുള്ള നൂൽനൂൽക്കുന്നവർക്കും കൈത്തറിക്കാർക്കും ഖാദി ഉൽപാദനത്തിൽ ഈ സംഘടന പരിശീലനം നൽകുകയാണ്.
ഉൽപന്നങ്ങളോ സേവനമോ മറ്റ് കമ്പനികൾക്ക് വിൽക്കുന്ന ബി ടു ബി (B2B) ഗണത്തിൽപെട്ട ഈ സ്റ്റാർട്ട് അപ് അതിന്‍റെ വരുമാനത്തിന്‍റെ 60 ശതമാനവും ഈ കരകൗശല തൊഴിലാളികളുമായി പങ്കുവെക്കുകയാണ്. ഒരുപടി കൂടി കടന്ന്, ഓർഗാനിക്ക് കോട്ടണും മുളയുടെയും സോയബീനിന്‍റെയും വേസ്റ്റും അവർ ഉപയോഗിക്കുന്നു.
‘‘ ഞാൻ വളർന്ന ബുന്ദേൽഖണ്ഡിലെ ഗ്രാമ പ്രദേശങ്ങളിൽ കരകൗശല തൊഴിലാളികൾ കഷ്ടപെടുന്നതാണ് കണ്ടിട്ടുള്ളത്. സ്വദേശി വൈദഗദ്ധ്യത്തെ ഉൾക്കൊണ്ടല്ല ഇന്ത്യ വളരുന്നത് എന്നതാണ് ഇതിന് കാരണം. അതിനാലാണ് ഞങ്ങൾ അവരുടെ ശാക്തീകരണത്തിന് പ്രഥമ പരിഗണന നൽകുന്നത്.
“കൂടാതെ ഖാദി ധരിക്കാൻ സൗകര്യപ്രദമാണ്. നമ്മുടെ പോക്കറ്റ് കാലിയാക്കില്ല. പിന്നെ, അത്ര പെട്ടെന്ന് കേടുവരാത്തതും ആണ്. ഏറ്റവും മികച്ച ഈ ഇന്ത്യൻ തുണിത്തരത്തിന് ഇത്രയധികം ഗുണമുണ്ടെന്ന് ആരറിഞ്ഞു,’’ ഖാഡിജിയുടെ കാഴ്ച്ചപാട് ഉമാംഗ് ദ ബെറ്റർ ഇന്‍ഡ്യയോട് പങ്കുവെച്ചു.
സ്ത്രീകളുടെ ശക്തമായ സാന്നിധ്യമാണ് ഈ സ്റ്റാർട്ട് അപിന്‍റെ മറ്റൊരു പ്രത്യേകത. ഈ സംരംഭത്തിൽ ഉമാംഗിന്‍റെ മാർഗദർശി, നിക്ഷേപകർ, നൂൽനൂക്കുന്നവർ, നെയ്ത്തുകാർ തുടങ്ങി ഭൂരിഭാഗവും സ്ത്രീകളാണ്. ഉമാംഗിന്‍റെ സംരംഭത്തിലെ ആദ്യ നിക്ഷേപക തന്നെ സത്യത്തിൽ അവരുടെ അമ്മയായിരുന്നു!
‘‘ഖാദിയുടെ കാര്യം എടുത്താൽ പരുത്തി നൂൽക്കുന്നവരെ വിളിക്കുന്നത് കാതിൻ എന്നാണ്. ആ വാക്ക് തന്നെ സ്ത്രീ ലിംഗമാണ്. നൂൽനൂൽക്കുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാൻ ഒരു വാക്ക് പോലുമില്ല,’’ അവർ പറയുന്നു.
സർക്കാറിന്‍റെ ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനുമായി (കെ.വി.ഐ.സി) ബന്ധപെട്ട 300 വനിതാ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപെടുത്തുന്ന പ്രവർത്തനമാണ് അവർ നടത്തുന്നത്.
‘‘കെ.വി.ഐ സി പരിപാടിയുടെ ഭാഗമായ സ്ത്രീകൾക്കാണ് ഞങ്ങൾ ജോലി നൽകുന്നത്. നൂൽനൂല്ക്കുന്നവർക്ക് മാസം 6,000 രൂപയും നെയ്ത്തുകാർക്ക് 9,000 രൂപയും സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. നല്ല വൈദഗ്ധ്യമുള്ളവരും തഴക്കവും പഴക്കവുമുള്ളവരും 25,000 രൂപയ്ക്കും 30,000 ത്തിനും ഇടയ്ക്ക് സമ്പാദിക്കുന്നുണ്ട്,’’ ഉമാംഗ് പറഞ്ഞു.
ഇടപാടുകാരുടെ കാര്യത്തിലും ഖാഡിജിയ്ക്ക് ഒരു പഞ്ഞവുമില്ല റിലയൻസ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഗ്രൂപ്പ് തുടങ്ങി വലിയ കോർപറേറ്റുകൾ വരെ കൈയ്യിലുണ്ട്. തുണിത്തരങ്ങളും കോർപ്പറേറ്റ് ഗിഫ്റ്റുകളും ഡിസൈൻമാർക്കും ചില്ലറവിൽപ്പനകാർക്കും മൊത്തവിതരണകാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും നൽകുന്നു. സംരംഭം ആരംഭിച്ചശേഷം ഇതുവരെ 50,000 മീറ്റർ തുണിയാണ് വിൽപന നടത്തിയത്. കഴിഞ്ഞ വർഷമാവട്ടെ 50 ലക്ഷം രൂപയുടെ റെക്കോഡ് വരുമാനവും നേടി.
തുടക്കം…
ബുന്ദേൽഖണ്ഡിലെ ദമോ മേഖലയിലെ കിഷൻഗഞ്ച് എന്ന കൊച്ച് ഗ്രാമത്തിലാണ് ഉമാംഗിന്‍റെ ജനനം. ആഗ്രഹിച്ചതെല്ലാം ലഭിക്കുകയും സ്വയംപര്യാപ്തയാവാൻ പ്രോൽസാഹനം ലഭിക്കുകയും ചെയ്ത കുട്ടിക്കാലം. പക്ഷേ, തന്‍റെ ചുറ്റും ദിവസവും നടക്കുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഉമാംഗിന്‍റെ കണ്ണുടക്കുമായിരുന്നു, പ്രത്യേകിച്ചും ജാതീയമായ തൊട്ടുകൂടായ്മകളില്‍.
‘‘നിര്‍ഭാഗ്യവശാൽ ഞാനും അത്തരത്തിലുള്ള ഒരു യാഥാസ്തിക സമൂഹത്തിന്‍റെ ഭാഗമായിരുന്നു. അവിടെ ആളുകളെ പേര് പറഞ്ഞല്ല ജാതി പറഞ്ഞായിരുന്നു വിളിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിലേക്ക് മാറിയപ്പോഴാണ് ഗ്രാമവും നഗരവും തമ്മിലുളള വ്യത്യാസം ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞത്,’’ അവർ പഴയകാലം ഓര്‍ക്കുന്നു.
പക്ഷേ തന്‍റെ മാതാപിതാക്കൾ ദരിദ്രരെ സഹായിക്കുന്നതും അവൾ കണ്ടിരുന്നു. ‘‘അതുകൊണ്ട് സാമൂഹ്യ വികസന മേഖലയിൽ ജോലി നേടുക സ്വാഭാവികമായും എന്‍റെ സ്വപ്നമായി.’’ എന്ന് ഉമാംഗ്.
ഡൽഹി സർവകലാശാലയിലെ പഠനത്തിനൊപ്പം തന്നെ സാമൂഹ്യ യാഥാർത്ഥ്യങ്ങള്‍ കൂടുതല്‍ മനസിലാക്കാൻ വിവിധ സന്നദ്ധ സംഘടനകളിൽ വോളൻറിയറായും അവർ പ്രവർത്തിച്ചിരുന്നു. അവിടെ നിന്നാണ് ഗ്രാമീണ വനിതകളെ ചേർത്ത് ഖാദി മേഖലയിൽ പ്രവർത്തിക്കാനുള്ള ആശയം കിട്ടിയത്. . അതുകൊണ്ട് തന്നെ അത് സ്വഭാവിക പരിണാമം ആയിരുന്നു.
നെയ്ത്തിനേയും ഫാഷന്‍ രംഗത്തേയും കുറിച്ച് അറിവ് വർധിപ്പിക്കാൻ 2014-ൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഫാഷൻ ഡിസൈനിംഗ് ആന്‍റ് ക്ലോത്തിംഗ് ടെക്നോളജിയിൽ ഒരു കോഴ്സും ഉമാംഗ് പൂർത്തിയാക്കി.
കൂടാതെ സ്കൂൾ ഓഫ് സോഷ്യൽ എൻറർപ്രിനർഷിപ്പിൽ നിന്ന് ഫെല്ലോഷിപ്പും ലഭിച്ചു.
കൈത്തറിയിൽ തനത് ഡിസൈൻ ഉപയോഗിക്കാനുള്ള ആദ്യ അവസരവും ഉമാംഗിന് ഇവിടെ കൈവന്നു. ടെക്സ്റ്റൈൽ മന്ത്രാലയം സംഘടിപ്പിച്ച ഒരു മൽസരത്തിൽ പങ്കെടുത്തപ്പോള്‍ ആയിരുന്നു ഇത്. ഖാദിയിൽ കെട്ടിലും മട്ടിലും വിപ്ലവകരമായ മാറ്റം വരുത്താനും അതിനെ രാജ്യത്ത് ജനകീയ ഉൽപന്നമായി മാറ്റാനുമുള്ള ധൈര്യം നൽകിയത് ആ മൽസരത്തിൽ ലഭിച്ച രണ്ടാം സ്ഥാനമായിരുന്നു.
അടുത്ത രണ്ടു വർഷം അവർ ഗവേഷണത്തിനായാണ് ചെലവഴിച്ചത്. തുടർന്ന് 2017-ലാണ് 30,000 രൂപ നിക്ഷേപവുമായി ഖാഡിജി ആരംഭിച്ചത്. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഐ.ഐ.എം അഹമ്മദാബാദ്, ഭോപാല്‍ ആസ്ഥാനമായുള്ള എ.ഐ.സി-ആർടെക്ക് തുടങ്ങിയ നിക്ഷേപകരെ കൂടി കിട്ടി. ജയ്പൂരിൽ നിന്നുള്ള ഒയാസിസ് എന്ന സ്റ്റാർട്ട് അപാണ് ഖാഡിജിയെ ഇന്‍ക്യുബേറ്റ് ചെയ്യുന്നത്.
ഖാദി, ഡിജിറ്റൽ എന്നീ വാക്കുകൾ ചേർത്താണ് ഖാഡിജി എന്ന പേര് ഉമാംഗ് ഇട്ടത്. പരമ്പരാഗത രീതിയിൽ ചർക്കയിലാണ് നൂല്‍നൂല്‍ക്കുന്നതെങ്കിലും പുതിയ കാലത്തിന് വേണ്ട ഡിസൈനുകളും രീതികളുമാണ് ഉപയോഗിക്കുന്നത്.
‘‘ഖാദി തുണിത്തരങ്ങളിൽ ഞങ്ങൾ ഡിജിറ്റൽ പ്രിൻറിംഗാണ് ഉപയോഗിക്കുന്നത്. ഇതിനായി സ്ത്രീകൾക്ക് യാൺ അടക്കം ആവശ്യമായ ഉപകരണങ്ങളും ഡിസൈനും നൽകുന്നു. അവർക്ക് വർഷത്തിൽ പത്ത് മാസം സ്ഥിരവരുമാനം ഉറപ്പ്വരുത്തുകയും ചെയ്യുന്നു,’’ ഉമാംഗ്വിശദമാക്കി.
പരുക്കൻ വസ്ത്രമായ ഖാദി ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമാണെങ്കിലും (വേനൽക്കാലത്ത് തണുപ്പും തണുപ്പുകാലത്ത് ശരീരത്തിന് ചൂടും നൽകുന്നു) കൈകൊണ്ട് നൂൽനൂറ്റ ഉൽപ്പന്നവുമായി വിപണിയെ സമീപിക്കൽ അത്ര എളുപ്പമായിരുന്നില്ല.
‘‘ഖാദിക്ക് അങ്ങനെ വ്യവസ്ഥാപിതമായ സപ്ലൈ ശൃംഖലയൊന്നും ഉണ്ടായിരുന്നില്ല. അതൊന്ന് ശരിയാക്കി എടുക്കാൻ എന്‍റെ വഴികാട്ടി സരിക നാരായണനും എനിക്കും കുറെ കാലമെടുത്തു. ഞങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന് പകരം ഖാദി തുണിത്തരങ്ങൾ നിർമ്മിക്കുന്ന വസ്ത്ര സ്ഥാപനമായി അതിനെ അവതരിപ്പിച്ചു,’’ പുത്തൻ ബ്രാൻഡായി അവതരിപ്പിച്ചുവെങ്കിലും ഒരു നേരം ഇരുട്ടി വെളുത്ത സമയം കൊണ്ടാന്നും ഫലം ഉണ്ടായില്ല.
“പക്ഷേ പതുക്കെ പതുക്കെ ഇടപാടുകാരുടെ എണ്ണം വർധിച്ചു. മുംബൈയിലെ അരോക്ക സ്റ്റോർ മുതൽ ജയ്പൂരിലെ വസ്ത്ര സ്റ്റോറായ കോട്ടൺ റോക്ക് വരെയും ഡൽഹി, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലെ ഡിസൈനർമാരും ഞങ്ങളുടെ ഇടപാടുകാരായി മാറി.” ഉമാംഗിന്‍റെ സുഹൃദ് വലയത്തിൽപെട്ട ഒരു ബിസിനസ് ഡെവലപ്പർ കൂടിയായ താനിയ ചഗ് കൂടി 2018-ൽ കമ്പനിയുടെ പാർട്ണറായി.
‘‘ താനിയ ഈ വർഷമാണ് ലണ്ടനിലേക്ക് താമസം മാറിയത്. അതിലൂടെ രാജ്യാന്തര വിപണികളിൽ ഒരു അവസരം തുറക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’’ അവർ പറയുന്നു.
ഇടപാടുകാരുടെ എണ്ണം വർധിച്ചതോടെ 150 തരം തുണിത്തരങ്ങളിൽ പരീക്ഷണത്തിന് കമ്പനി മുതിർന്നു. മുള, സോയബീൻ വേസ്റ്റ്, മൾബറി പട്ടുനൂൽ, വാഴ നാര് എന്നിവയിലൊക്കെ ഖാഡിജി പരീക്ഷണം നടത്തി. ഖാദിയുടെ സുസ്ഥിരത നിലനിർത്താനുള്ള പരിശ്രമങ്ങളായിരുന്നു ഇവയൊക്കെ.
മുന്നോട്ട്
പക്ഷേ, കോവിഡ്-19-ന്‍റെ വരവോടെ പല കമ്പനികളും തങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഭാഗ്യത്തിന് ഖാഡിജി തുണിത്തരങ്ങളെ വിവിധ ഉൽപന്നങ്ങളായി പുതിയ മട്ടിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നു. ഇതിലൂന്നിയാണ് പൊതുജനത്തിന് ആവശ്യമായ മുഖാവരണങ്ങൾ, കൈയ്യുറകൾ എന്നിവ നിർമ്മിക്കുന്നത്. ഇതുവരെ ഒരുലക്ഷത്തിലേറെ മുഖാവരണങ്ങളാണ് ഉൽപാദിപ്പിച്ചത്.
‘‘സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഖാദിയെ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കാനാണ് ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നത്. നമ്മുടെ സംഭരണശാലകളിൽ സ്ത്രീകൾ നെയ്ത 5,000 മീറ്റർ തുണികൾ ഉണ്ടെന്നത് ഭാഗ്യം. വരുമാനത്തെ കോവിഡ് ബാധിക്കാതെ സൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,’’ ഉമാംഗ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
കോവിഡിന് ശേഷം തുണിത്തരങ്ങളിൽ ക്യൂ ആർ കോഡ് (QR code) വെച്ച് വിതരണ ശൃംഖല വിപുലമാക്കാമെന്ന പ്രതീക്ഷയിലാണ് ഉമാംഗും താന്യയും. ക്യു ആർ കോഡ് വെക്കുന്നതോടെ തുണി എവിടെ നിന്നാണ് വരുന്നതെന്ന് ഉപഭോക്താവിന് അറിയാൻ കഴിയും. വരുമാനത്തിൽ കുറവ് ഉണ്ടാവാതിരിക്കാൻ ബി ടു സി (B2C) (ബിസിനസ് ടു കസ്റ്റമർ) ഓൺലൈൻ മാതൃകയിലാണ് സ്റ്റാർട് അപ്പിന്‍റെ ഇപ്പോഴത്തെ പ്രവർത്തനം.
നീണ്ട വഴികൾ പിന്നിട്ടാണ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണമെന്ന സ്വപ്നത്തിൽ നിന്ന് നൂറ് കണക്കിന് പേരുടെ ജീവിതത്തെ സ്പർശിച്ച്, ഉമാംഗ് സന്ദേഹിയായ യുവതിയിൽ നിന്ന് ഫോർബ്സ് 30 പട്ടികയിൽ ഇടം നേടിയത്.
ഇതുകൂടി വായിക്കാം: നാലുകെട്ടുകളും മനപ്പറമ്പുകളുടെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ഒരു അധ്യാപകന്‍റെ ശ്രമങ്ങള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.