പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും; ഇതിനായി ചെലവിടുന്നത് മാസം 20,000 രൂപ

പരിക്കുപറ്റിയും രോഗം ബാധിച്ചും ഉപേക്ഷിക്കപ്പെട്ട ആയിരത്തിലധികം നായ്ക്കളെ രക്ഷിച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍

മൃഗങ്ങളോടുള്ള സ്‌നേഹം ഓരോരുത്തര്‍ക്കും ഓരോതരത്തിലാണ്. പ്രത്യേകിച്ച് നായ്ക്കളോട്. ചിലര്‍ മുന്തിയ ഇനം ബ്രീഡുകളോട് മാത്രം സ്‌നേഹം കാണിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് നാടന്‍ നായ്ക്കളോടാണ് പ്രിയം. വേറെ ചിലരാകട്ടെ, നാടനെന്നോ വിദേശിയെന്നോ നോക്കാതെ എല്ലാ നായ്ക്കളെയും ഒരേ പോലെ ഇഷ്ടപ്പെടുന്നു.

എന്നാല്‍ സ്വന്തമായി ഒരു അരുമയേയും പോറ്റാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവയെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നവരുമുണ്ട്, അപൂര്‍വ്വമായാണെങ്കിലും.

പ്രദീപ്

ഇനി പറയേണ്ടത് പ്രദീപ് പയ്യൂരിനെപ്പറ്റിയാണ്.

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ചൂണ്ടല്‍ സ്വദേശിയായ പ്രദീപ് (35) ഈപ്പറഞ്ഞ നായ സ്‌നേഹികളില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. വാഹനാപകടം അടക്കം പലതരം അപകടങ്ങളില്‍ പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന തെരുവുനായ്ക്കളെ ഏറ്റെടുത്ത് അവര്‍ക്ക് ചികിത്സയും പരിചരണവും നല്‍കുകയാണ് ഈ ചെറുപ്പക്കാരന്‍.

മിണ്ടാപ്രാണികളോടുള്ള മകന്‍റെ സ്‌നേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നത് അമ്മ സുമല്യ (64)യാണ്. വാര്‍ദ്ധക്യത്തിന്‍റെ അവശതകളെ അവഗണിച്ചുകൊണ്ട് വീടിനോടു ചേര്‍ന്നുള്ള ഷെല്‍റ്റര്‍ ഹോമിലെ നായ്ക്കള്‍ക്കായി ഭക്ഷണം തയ്യാറാക്കി നല്‍കുന്നതും അവയുടെ പരിചരണത്തില്‍ പ്രദീപിനെ സഹായിക്കുന്നതും ആ സ്ത്രീയാണ്.

അവിവാഹിതനായ പ്രദീപും അമ്മയും മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. അവരുടെ സ്‌നേഹലാളനകള്‍ ഏറ്റുവാങ്ങി ഒരുപാട് പേരുണ്ടവിടെ.


അവര്‍ക്ക് രസികന്‍ പേരുകളുമുണ്ട്. കൊക്കിനി, കൊങ്കിണി, ഓന്തിമോള്‍. സത്രന്‍കുഞ്ഞ്, കുപ്പന്‍ കുഞ്ഞ്…


2002 മുതല്‍ പ്രദീപ് ഈ രംഗത്ത് സജീവമാണ്. എന്നാല്‍ കൂടുതല്‍ വ്യാപകമായി മൃഗങ്ങളുടെ ഏറ്റെടുക്കലുകളും ചികിത്സയും നടത്തിത്തുടങ്ങിയത് 2008-ലാണ്.

പരുക്കുപറ്റിയ നായയെ രക്ഷിച്ചുകൊണ്ടുപോകുന്നു.

നായ്ക്കള്‍ എങ്ങനെയാണു പ്രദീപിന്‍റെ ജീവിതത്തിലേക്കെത്തിയത് എന്ന് ചോദിച്ചപ്പോള്‍ ഉത്തരം ഒരു ഫ്‌ലാഷ്ബാക്ക് ആയിരുന്നു.

”ഞാന്‍ ജനിച്ച നാള്‍ മുതല്‍ വീട്ടില്‍ കാണുന്നതാണ് നായ്ക്കളെയും പൂച്ചകളെയും. ഓര്‍മ്മ വെച്ചകാലത്ത് തന്നെ വീട്ടില്‍ 15-ല്‍ പരം പൂച്ചകളും അതിനൊത്ത് നായ്ക്കളുമുണ്ടായിരുന്നു. ഒന്നിനെയും ഞങ്ങള്‍ കൂട്ടിലിട്ട് വളര്‍ത്തുന്നതല്ല. അച്ഛനും അച്ഛമ്മയ്ക്കും നായ്ക്കളെ വലിയ ഇഷ്ടമായിരുന്നു. തെരുവില്‍ ഒറ്റപ്പെട്ടു പോകുന്നതും അമ്മയില്ലാത്തതുമായ നായ്ക്കളെയൊക്കെ അച്ഛനും അച്ഛമ്മയും വീട്ടിലേക്ക് കൊണ്ട് വരും. അന്നും ഇന്നും നമ്മള്‍ ചെയ്യുന്നത് വലിയ കാര്യമായി തോന്നിയിട്ടില്ല. ഞങ്ങള്‍ കഴിക്കുന്നതിന്‍റെ ഒരു പങ്ക് കഴിച്ച് അവരും വളരും അത്രതന്നെ. അങ്ങനെ ഞാന്‍ വളര്‍ന്നപ്പോള്‍ എന്‍റെ കൂടെ ഈ മിണ്ടാപ്രാണികളോടുള്ള സ്‌നേഹവും വളര്‍ന്നു,” പ്രദീപ് പറയുന്നു.

സുമല്യയ്ക്കും ഉമേശനും നാല് മക്കളാണ്. പ്രദീപ് ആണ് ഇളയവന്‍. എല്ലാ മക്കള്‍ക്കും അച്ഛനമ്മമാരില്‍ നിന്നും മൃഗസ്‌നേഹം പകര്‍ന്നു കിട്ടിയെങ്കിലും പ്രദീപ് മാത്രം ജീവിതം അവയുടെ സംരക്ഷണത്തിനായി മാറ്റിവെച്ചു.

”തൃശൂര്‍ എന്ന് പറഞ്ഞാല്‍ പൂരങ്ങളുടെ നാടാണല്ലോ. ഞങ്ങള്‍ക്കും ചെറുപ്പത്തിലേ പൂരമൊക്കെ വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ വീട്ടില്‍ കുട്ടികളുമൊത്ത് പൂരം കളിക്കുമ്പോള്‍ കൊമ്പനാനകള്‍ക്ക് പകരം ഞങ്ങള്‍ നിരത്തി നിര്‍ത്തുന്നത് വീട്ടിലെ പട്ടികളെയായിരുന്നു. പിനീട് വളര്‍ന്നപ്പോള്‍ മനസിലായി ആനയെ എന്നല്ല ഒരു ജീവിയേയും ചങ്ങലക്കിട്ട് ഉപദ്രവിക്കാതെ, സ്‌നേഹിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യേണ്ടത് എന്ന്,” പ്രദീപിന്‍റെ വാക്കുകള്‍.

അച്ഛമ്മയോടൊപ്പം

അച്ഛന്‍റെയും അച്ഛമ്മയുടെയും ആഗ്രഹം പോലെ അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരുപാട് നായ്ക്കളെ തെരുവില്‍ നിന്നും രക്ഷപ്പെടുത്തി പ്രദീപ് ജീവിതം നല്‍കിയിട്ടുണ്ട്. 2010-ല്‍ അച്ഛന്‍റെ മരണശേഷം കൂടുതല്‍ ആവേശത്തോടെ അതിലേക്കിറങ്ങി. വണ്ടിയിടിച്ച് കൈകാലുകളും നട്ടെല്ലും ഒടിഞ്ഞു തൂങ്ങി തെരുവുകളില്‍ നരകയാതന അനുഭവിക്കുന്ന നായ്ക്കളെ രക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായിരുന്നു മുന്‍ഗണന. കയ്യില്‍ കിട്ടിയാല്‍ ഉടനെ നായ്ക്കള്‍ക്ക് നല്ലൊരു പേരിടും.

ഇങ്ങനെ തെരുവില്‍ നിന്നും കിട്ടുന്ന നായ്ക്കളുമായി മൃഗഡോക്റ്റര്‍മാരുടെ അടുക്കലേക്ക് സ്ഥിരമായി ചെല്ലാന്‍ തുടങ്ങിയതോടെ അവരില്‍ നിന്നും പ്രദീപിന് പൂര്‍ണ പിന്തുണ കിട്ടിത്തുടങ്ങി.

”പണ്ടൊക്കെ ആളുകള്‍ ഇത്ര ക്രൂരന്മാരായിരുന്നില്ല. തെരുവുനായ്ക്കളുടെ മക്കളെ തന്നെയാണ് തെരുവില്‍ കണ്ടിരുന്നത്. എന്നാപ്പോ അതല്ല അവസ്ഥ. ഒരു ആവേശത്തിന് മുന്തിയ ഇനം ബ്രീഡുകളെ വാങ്ങും. ഒരു സ്റ്റാറ്റസ് സിംബലായി കുറച്ചു നാള്‍ വളര്‍ത്തും. അത് കഴിയുമ്പോള്‍ അവയ്ക്ക് എന്തെങ്കിലും രോഗം വന്നാല്‍ ചികില്‍സിച്ചു മാറ്റാനുള്ള മര്യാദ പോലും കാണിക്കാതെ തെരുവില്‍ തള്ളും. നായ്ക്കളല്ലേ എങ്ങനെയും ജീവിച്ചോളും എന്നാണ് അവരുടെ വിചാരം. ഞാന്‍ തെരുവില്‍ നിന്നും രക്ഷിച്ച രോഗം ബാധിച്ചതും അപകടം സംഭവിച്ചതുമായ നായ്ക്കളില്‍ ഭൂരിഭാഗവും വിദേശ ബ്രീഡുകളോ ക്രോസ്സ് ഡോഗുകളോ ആണ്,” പ്രദീപ് സങ്കടത്തോടെ പറയുന്നു.

തുടരെത്തുടരെയുള്ള പ്രസവത്തെ തുടര്‍ന്ന് ആരോഗ്യം നശിച്ച മുന്തിയ ഇനം ബ്രീഡുകളെയും പ്രദീപ് തെരുവില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. 13 വയസോളം പ്രായമുള്ള ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയെ വരെ ഇത്തരത്തില്‍ ഗര്‍ഭാശയത്തില്‍ ട്യൂമറുമായി പ്രദീപ് തന്‍റെ ഷെല്‍റ്ററിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. അതിനാല്‍ തന്നെ ബ്രീഡിംഗ് എന്ന രീതിയോട് പ്രദീപിന് കടുത്ത വിയോജിപ്പാണ്.

ലോക്ക് ഡൌണ്‍ പോലും അഗണിച്ചാണ് പ്രദീപ് നായ്ക്കളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക അനുമതിയോടെ ഓടിയിരുന്നത്.

”ബ്രീഡിംഗ് പൂര്‍ണമായും ഒഴിവാക്കണം. ഒരു നായയുടെ നല്ല ജീവിതം മുഴുവന്‍ പണമുണ്ടാക്കാനായി ഉപയോഗിച്ചിട്ട് പ്രായമാകുമ്പോള്‍ വഴിയില്‍ ഉപേക്ഷിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഫോറിന്‍ ബ്രീഡുകള്‍ വന്നതുകൊണ്ടാണ് നാടന്‍ നായ്ക്കള്‍ തെരുവ് നായ്ക്കളായി പരിണാമപ്പെട്ടത്,” എന്നും പ്രദീപ് പറയുന്നു

വീട് തന്നെ ഷെല്‍റ്റര്‍ ഹോം

റോഡുകളില്‍ നിന്നും രക്ഷിക്കുന്ന നായ്ക്കളുടെ എണ്ണം വര്‍ധിച്ചതോടെ അവര്‍ക്കായി ഒരു ഷെല്‍റ്റര്‍ ഹോം പണിയാന്‍ ആഗ്രഹിച്ചു എങ്കിലും സാമ്പത്തികം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ മൂലം അതിനു സാധിച്ചില്ല. അതിനാല്‍ വീടിന്‍റെ ഭാഗം ഷെല്‍റ്റര്‍ ആക്കി മാറ്റി. വീടിന് മുകളില്‍ മൂന്നു മുറികളും ഒരു ഹാളും ചേര്‍ന്ന ഭാഗമാണ് പ്രദീപ് തന്‍റെ അരുമകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ഇപ്പോള്‍ 50-ഓളം നായ്ക്കളാണ് ഷെല്‍റ്ററിലുള്ളത്. അതില്‍ ഭൂരിഭാഗവും അപകടങ്ങളില്‍ കാലൊടിഞ്ഞതും നടുവൊടിഞ്ഞതുമായ നായ്ക്കളാണ്. കൂടെ കുറച്ചു കുഞ്ഞുങ്ങളുമുണ്ട്.

അമ്മ സുമല്യയോടൊപ്പം

”എല്ലാത്തിനെയും കൂടെ ഇവിടെ നോക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം അസുഖം ബാധിച്ച നായ്ക്കളും കൂടുതല്‍ പരിചരണം ലഭിക്കേണ്ട രീതിയില്‍ മുറിവുകളും ഒടിവുകളുമുള്ള നായ്ക്കളും കുഞ്ഞുങ്ങളുമെല്ലാം ഇവിടെയുണ്ട്. മാത്രമല്ല, വീട്ടില്‍ തന്നെ ഞാന്‍ ഇത്രയധികം നായ്ക്കളെ നോക്കുന്നതിനാല്‍ സമീപവാസികള്‍ പോലും പരാതിയുമായി വരുന്നുണ്ട്.

“ഇപ്പോള്‍ എനിക്ക് ഷെല്‍റ്റര്‍ ഹോം വികസിപ്പിക്കുന്നതിനുള്ള സാഹചര്യമില്ല. അതിനുള്ള സ്ഥലം ലഭിക്കണം എന്നതാണ് ആദ്യ പടി. പണയത്തിനാണെങ്കിലും കുറച്ചു സ്ഥലം കിട്ടിയിരുന്നെങ്കില്‍ അവിടെ ഒരു ഷെല്‍റ്റര്‍ പണിത് ആരോഗ്യം തീരെ മോശമായവയെ ഞാന്‍ അങ്ങോട്ട് മാറ്റിയേനെ,” എന്ന് പ്രദീപ്.

രാവിലെ ആറ് മണിക്ക് ഷെല്‍റ്റര്‍ വൃത്തിയാക്കുന്നതോടെയാണ് ഒരു ദിവസത്തെ പണികള്‍ തുടങ്ങുന്നത്. തലേന്ന് കഴിക്കാന്‍ കൊടുത്ത ഭക്ഷണത്തിന്‍റെ ബാക്കി വീണ് വൃത്തികേടായി തറയും പാത്രങ്ങളും കഴുകി ശുദ്ധമാക്കി അണുനാശിനി തളിക്കും. അതിനു ശേഷം നായ്ക്കളെ വൃത്തിയാക്കലാണ്. കുളിപ്പിക്കേണ്ടവയെ കുളിപ്പിക്കും. മുറിവുകള്‍ ഡ്രസ്സ് ചെയ്യേണ്ട നായ്ക്കള്‍ക്ക് അത് ചെയ്യും. ഷെല്‍റ്റര്‍ വൃത്തിയാക്കുന്നതിന് ഒരു സഹായിയുണ്ട്. മുറിവ് ഡ്രസ്സ് ചെയ്യലും മരുന്ന് വയ്ക്കലും പ്രദീപ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഈ സമയം കൊണ്ട് അമ്മ നായ്ക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാകും.

ആരോഗ്യഭക്ഷണം

ഉറക്കം ഉണര്‍ന്നാല്‍ ഉടനെ കൊക്കിനിയും കൊങ്കിണിയും തൊപ്പന്‍കുഞ്ഞും ഉള്‍പ്പെടെയുള്ള ശ്വാനപ്പട പ്രദീപിനെ കാത്ത് നില്‍ക്കുന്നുണ്ടാകും. ആ കാത്തുനില്‍പ്പ് രാവിലെയുള്ള പതിവ് ബിസ്‌കറ്റിന് വേണ്ടിയാണ്. എല്ലാവര്‍ക്കും നേരം വെളുത്താല്‍ ആദ്യം ബിസ്‌കറ്റ് ആണ്. ചിലപ്പോള്‍ ബിസ്‌കറ്റിന് പകരം ചപ്പാത്തിയായിരിക്കും. രണ്ടായാലും കൂടെ പാലുണ്ടാകും. അത് കഴിഞ്ഞു പ്രദീപ് ഷെല്‍റ്റര്‍ വൃത്തിയാക്കാന്‍ പോകും.

ഉച്ചയ്ക്ക് വിറ്റാമിന്‍ ടോണിക് ചേര്‍ത്ത ചോറും മീന്‍കറിയും ആണ്. ആവശ്യാനുസരണം പച്ചക്കറികളും കഴിപ്പിക്കും. രാത്രിഭക്ഷണവും ചോറ് തന്നെ ഒപ്പം മുട്ടയും ഉണ്ടാകും. നായ്ക്കള്‍ക്ക് ഇറച്ചി നല്‍കാറില്ല. തെരുവില്‍ നിന്നും രക്ഷപ്പെടുത്തിയത് കൊണ്ട് തന്നെ പോഷകാഹാരക്കുറവ് പരിഹരിക്കുന്ന രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. അപകടത്തില്‍പ്പെട്ട നായ്ക്കളെ പരിചരിക്കുന്നതിനിടയില്‍ നിരവധി തവണ നായ്ക്കളുടെ കടിയേല്‍ക്കുകയും 22 തവണ ആന്റി റാബീസ് ഇന്‍ജെക്ഷന്‍ എടുക്കേണ്ടിയും വന്നിട്ടുണ്ട് പ്രദീപിന്.

മറക്കാനാവില്ല ആ ദയാവധം

നാളില്‍ വരെയുള്ള ജീവിതത്തില്‍ ആയിരത്തോളം നായ്ക്കള്‍ക്ക് സംരക്ഷണവും ഭക്ഷണവുമെല്ലാം നല്‍കാന്‍ പ്രദീപിന് കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറെ ആത്മസംതൃപ്തിയുമുണ്ട്. പലപ്പോഴും ഒരിക്കലും രക്ഷപ്പെടില്ല എന്ന് കരുതിയ നായ്ക്കളെ മികച്ച ചികിത്സയിലൂടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനിടക്ക് വേദനയായി അവശേഷിക്കുന്നത് ആറ് മാസങ്ങള്‍ക്ക് മുന്‍പ് രക്ഷപ്പെടുത്തിയ ഒരു നായയ്ക്ക് ദയാവധം നല്‍കേണ്ടി വന്നതാണ്.

”അവളെ എനിക്ക് കൂറ്റനാട് എന്ന സ്ഥലത്ത് നിന്നുമാണ് കിട്ടിയത്. കിട്ടുമ്പോള്‍ വണ്ടിയിടിച്ച് നട്ടെല്ല് തകര്‍ന്ന അവസ്ഥയായിരുന്നു. ഒരെല്ലു മുകളിലേക്ക് കയറിയ അവസ്ഥ. ആദ്യം കുറച്ചു ദിവസം പരിചരിച്ചു നോക്കി. രക്ഷപ്പെടും എന്നായിരുന്നു എന്‍റെ പ്രതീക്ഷ. പക്ഷെ, അവസ്ഥ മോശമായി വന്നു.

“അവളെ പരിചരിച്ച മൂന്നു ഡോക്റ്റര്‍മാരും ദയാവധം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. കാരണം നട്ടെല്ല് തകര്‍ന്നതിനാല്‍ മലമൂത്ര വിസര്‍ജനം പോലും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. ആ അവസ്ഥയില്‍ തുടര്‍ന്നാല്‍ ശരീരം പൊട്ടാന്‍ തുടങ്ങും . അത് മനസിലാക്കി അവളെ ദയാവധം ചെയ്തു. ഇന്നും മനസ്സില്‍ ഏറെ വേദനിപ്പിക്കുന്ന കാര്യമാണത്,” പ്രദീപ് പറയുന്നു.

ദത്ത് കൊടുക്കും; പൊന്നുപോലെ നോക്കണം

രാപ്പകലില്ലാതെ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി എടുക്കുന്ന നായ്ക്കളെ പൂര്‍ണ ആരോഗ്യത്തിലെത്തിച്ചതിന് ശേഷം സംരക്ഷിക്കാം താല്പര്യമുള്ളവര്‍ക്ക് ദത്ത് നല്‍കും. എന്നുകരുതി പിന്നെ ആ നായുടെ കാര്യം ഒന്നും അന്വേഷിക്കില്ല എന്ന് കരുതരുത്. ഇടയ്ക്കിടെ പ്രദീപ് കാര്യങ്ങള്‍ തിരക്കിയിരിക്കും. മാത്രമല്ല, പ്രദീപിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ തന്‍റെ ‘കുഞ്ഞിനെ നന്നായി നോക്കിയില്ലെങ്കില്‍ എടുത്ത് കൊണ്ട് പോരുകയും’ ചെയ്തിട്ടുണ്ട്.

പ്രദീപിന്‍റെ സന്തത സഹചാരിയായ കൊങ്കിണി എന്ന പൊമറേനിയന്‍ നായയെ ഇത്തരത്തില്‍ ബന്ധുവിന് ദത്ത് നല്‍കിയതാണ്. എന്നാല്‍ അവിചാരിതമായി ഒരിക്കല്‍ കൊങ്കിണിയെ കാണാന്‍ ചെന്ന പ്രദീപ് കണ്ടത് അവളെ കൂട്ടില്‍ ഒറ്റയ്ക്കാക്കി ബന്ധു ദൂരയാത്ര പോയിരിക്കുന്നതാണ്. രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ കൊങ്കിണിയെ പ്രദീപ് കൂടെക്കൂട്ടി. ദത്ത് കൊടുക്കുന്നത് കൂടാതെ, അപകടം തെരുവ് നായ്ക്കളെ ചികില്‍സിച്ചു ഭേദമാക്കിയ ശേഷം രക്ഷിച്ച സ്ഥലത്ത് തന്നെ തിരികെക്കൊണ്ടു വിടാറുമുണ്ട് പ്രദീപ്.

”അടുത്തിടെ കോഴിക്കോട് പേരാമ്പ്ര ഭാഗത്ത് നിന്നും എനിക്കൊരു ഫോണ്‍ വന്നു. അവിടെ തലയ്ക്ക് പരിക്ക് പറ്റിയ ഒരു തെരുവ് നായയുണ്ട് രക്ഷിക്കണം എന്ന് ഇന്‍ഫോര്‍മര്‍ ആവശ്യപ്പെട്ട പ്രകാരം ഞാന്‍ അവിടെ ചെന്നപ്പോള്‍ തലയില്‍ പുഴുവരിക്കുന്ന അവസ്ഥയാണ്. അവിടെയുള്ള ഒരു അങ്ങാടിയിലെ നായയാണ്. വ്യാപാരികളുടെ സഹായി. ലാബ്രഡോര്‍ ഇനത്തില്‍പെട്ട അവനെ അവര്‍ നെയ്മര്‍ എന്നാണ് വിളിച്ചിരുന്നത്.

‘ഞാന്‍ അവനെ വീട്ടിലേക്ക് കൊണ്ടുവന്ന് രണ്ടു മാസം ചികില്‍സിച്ച് പൂര്‍ണ ആരോഗ്യവാനായ ശേഷം തിരികെ അവിടെത്തന്നെ കൊണ്ടുപോയി വിട്ടു. ആരോഗ്യകരമായ അവസ്ഥയില്‍ ജീവിക്കുന്ന തെരുവ് നായ്ക്കളെ ചികിത്സയ്ക്ക് ശേഷം അവരുടെ തനത് ആവാസ വ്യവസ്ഥയിലേക്ക് വിടാറുണ്ട്. അത് അവരുടെ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തിയാണ്,” പ്രദീപ് പറയുന്നു.

നായ്ക്കളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുമൊന്നും പ്രത്യേക വരുമാനമോ ഫണ്ടോ ഒന്നും പ്രദീപിനില്ല. സോപ്പ് പൊടി നിര്‍മ്മാണവും വിതരണവുമാണ് തൊഴില്‍. ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നുമാണ് നായ്ക്കളെ സംരക്ഷിച്ചു വരുന്നത്. രക്ഷിച്ചെടുക്കുന്ന നായ്ക്കളുടെ ഭക്ഷണത്തിനും ചികിത്സയ്ക്കുമായി മാത്രം മാസ 20,000 രൂപ ചെലവഴിക്കേണ്ടി വരുന്നുണ്ട് പ്രദീപിന്.

ജോലി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മാക്‌സിമ എന്ന വാഹനത്തില്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നത്. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ തുടങ്ങി കേരളത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളില്‍ നിന്നും പരിക്കുപറ്റിയ നായ്ക്കളെ പ്രദീപ് രക്ഷിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ സജീവമായതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറച്ചു കൂടി എളുപ്പമായി എന്ന് പ്രദീപ് പറയുന്നു. മാത്രമല്ല, മിണ്ടാപ്രാണികളെ സ്‌നേഹിക്കുന്ന ചില വ്യക്തികള്‍ സാമ്പത്തികമായി സഹായിക്കാനും മുന്നോട്ടുവരാറുണ്ട്. ഒരു എന്‍ ജി ഒ-യുടെയും ഭാഗമാകാതെ തനിക്ക് സംതൃപ്തി നല്‍കുന്ന ഈ പ്രവൃത്തി തുടര്‍ന്ന് പോകണം എന്ന് മാത്രമാണ് പ്രദീപിന്‍റെ ആഗ്രഹം.

സിനിമയും എഴുത്തും

നായ്ക്കള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം കഴിഞ്ഞാല്‍ പിന്നെ താല്പര്യം സിനിമയോടും എഴുത്തിനോടുമാണ്. ‘നനവ്’, ‘കനല്‍ക്കാട്’ എന്നീ നോവലുകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മകഥാംശമുള്ള അടുത്ത പുസ്തകം ‘മടക്കം’ പ്രസിദ്ധീകരണത്തിന് തയ്യാറായി കഴിഞ്ഞു. ഇതില്‍ നായ്ക്കളെപ്പറ്റിയും
അവരോടൊപ്പമുള്ള ജീവിതത്തെപ്പറ്റിയും എഴുതിയിട്ടുണ്ടെന്ന് പ്രദീപ് പറഞ്ഞു.

അഭിനേതാവ് കൂടിയായ പ്രദീപ് ‘കൈതോലച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ‘അതമിഴില്‍ കോയിന്‍’ എന്ന സിനിമ ഷൂട്ടിങ്ങിനു തയ്യാറാകുന്നു. വീട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയില്‍ നായ്ക്കളുടെ പരിപാലനത്തിന് ഓരു കോട്ടവും സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്ത ശേഷം മാത്രമാണ് പ്രദീപ് വീടിനു പുറത്തിറങ്ങുക.


ഇതുകൂടി വായിക്കാം: ഡൗണ്‍ സിന്‍ഡ്രോമുള്ള മകനെ ശരിക്കുമൊരു സ്റ്റാറാക്കിയ അമ്മ; ഒപ്പം ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ക്ക് മ്യൂസിക് തെറപി


പ്രദീപിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണമയയ്ക്കാം.
Pradeep P U
Syndicate Bank
Ariyannoor Branch
Account No: 45582200013931
IFSC code: SYNB0004558

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം