ഈ ഐ എഫ് എസ് ഓഫീസറുടെ ‘മുള മാജിക്കിന്’ 40,000 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് മണ്ണിലെത്തുന്നത് തടയാന്‍ കഴിയും

ആയിരം ആദിവാസി കുടുംബങ്ങള്‍ക്കാണ് ഇതുകൊണ്ട് സാമ്പത്തിക നേട്ടമുണ്ടാകുന്നത്.

പ്ലാ സ്റ്റിക്കിനെതിരെ വമ്പന്‍ യുദ്ധത്തിലാണ് നമ്മള്‍. അതില്‍ തര്‍ക്കമേതുമില്ല. ദൈനംദിന ജീവിതത്തില്‍ നിന്ന് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ പല പണിയും നോക്കുന്നുണ്ട് സാധാരണക്കാരും സംരംഭകരും.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പലതും ഒഴിവാക്കുന്നതില്‍ വിജയം കണ്ടെങ്കിലും ചൂലിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലായിരുന്നു. ഇപ്പൊ അതും ആയി.

ചൂലിന്‍റെ പിടി പ്ലാസ്റ്റിക്കാണെന്നത് പ്രകൃതി സ്‌നേഹികളെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഏകദേശം 40,000 മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ചൂലിന്‍റെ പിടിക്കായി മാത്രം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ചൂല് ഉപയോഗിക്കാന്‍ പറ്റാതാവുമ്പോള്‍ അതെല്ലാം മണ്ണിലെത്തും.ഈ പ്രശ്നത്തിന് ഒരു സുസ്ഥിര പരിഹാരവുമായാണ് അങ്ങ് ത്രിപുരയില്‍ ജോലി ചെയ്യുന്ന ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഓഫീസര്‍ പ്രസാദ റാവു എത്തിയിരിക്കുന്നത്.

ഐ എഫ് എസ് ഓഫീസര്‍ പ്രസാദ റാവു

മുളയാണ് രക്ഷകന്‍

“ഇതെല്ലാം തുടങ്ങിയത് ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ്. ‘വന്‍ ധന്‍ വികാസ് കാര്യപദ്ധതി’ പ്രകാരമായിരുന്നു അത്. വനവിഭവങ്ങള്‍ മികച്ച കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയെന്നതായിരുന്നു ആശയം. അതായത് നമ്മള്‍ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു സാധാരണ ഉല്‍പ്പന്നത്തിനായി, പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന സ്വാഭാവിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുക,” 2010 ബാച്ച് ഓഫീസറായ പ്രസാദ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ചൂലിന്‍റെ പിടിക്ക് പ്ലാസ്റ്റിക്കിന് പകരം മുള ഉപയോഗപ്പെടുത്തുകയാണ് പ്രസാദയും കൂട്ടരും ചെയ്തത്. “മുള പ്രകൃതിയുടെ ഉറ്റ ചങ്ങാതിയാണ്. പിന്നെ, വളരെ എളുപ്പം കിട്ടുകയും ചെയ്യും,” പ്രസാദ പറയുന്നു.

“രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രധാന സ്വയംതൊഴിലുകളിലൊന്നാണ് ചൂല്‍ നിര്‍മ്മാണം. തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് അതൊരു പ്രധാന വരുമാനമാര്‍ഗ്ഗവുമാണ്,” ഇത്തരമൊരു ആശയത്തിന് പിന്നിലെ പ്രചോദനത്തെക്കുറിച്ച് പ്രസാദ വ്യക്തമാക്കുന്നു.

ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതം

ത്രിപുരയിലെ ആദിവാസികള്‍ നിര്‍മ്മിക്കുന്ന മുളകൊണ്ടുള്ള ചൂലുകള്‍

മുള ഉപയോഗപ്പെടുത്തിയുള്ള ചൂല്‍ നിര്‍മാണം 1,000-ത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുമുണ്ട്. അസംസ്‌കൃത വസ്തുവെന്ന നിലയില്‍ മുളയുടെ ശേഖരണം മുതല്‍ അത് ചൂല്‍പ്പിടിയായി മാറ്റുന്നത് വരെയുള്ള കാര്യങ്ങളില്‍ ഈ തദ്ദേശീയ കുടുംബങ്ങള്‍ സജീവമാണ്.

“ഈ മേഖലയിലെ (ത്രിപുര) ആദിവാസി വിഭാഗങ്ങളുടെ അഭിവൃദ്ധിയും ശാക്തീകരണവുമാണ് ജോലിയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിലൊന്ന്,” പ്രസാദ പറയുന്നു. ചെയ്യുന്ന ജോലി സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും ഈ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍.

ത്രിപുര പുനരധിവാസ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് കീഴിലാണ് പ്രസാദയും സംഘവും ഈ ദൗത്യം നടപ്പാക്കുന്നത്. നടപ്പ് വര്‍ഷം മുളപ്പിടിയോട് കൂടിയ നാല് ലക്ഷം ചൂലുകളുണ്ടാക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം ഉല്‍പ്പാദനം പത്ത് മടങ്ങായി ഉയര്‍ത്തുമെന്നും പ്രസാദ.

“വലിയ തോതിലുള്ള ഉല്‍പ്പാദനത്തിലേക്ക് ഞങ്ങള്‍ കടക്കുകയാണ്. ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസവുമുണ്ട്. അസംസ്‌കൃത വസ്തു ശേഖരിച്ച് സംസ്‌കരണത്തിനായി പുറത്ത് കൊടുക്കേണ്ട സ്ഥിതിയുണ്ടായിരുന്നു നേരത്തെ. എന്നാല്‍ ഇപ്പോള്‍ അതും ചെയ്യാന്‍ ഞങ്ങള്‍ പ്രാപ്തരായി. ഉല്‍പ്പന്നം പൂര്‍ണമായും നിര്‍മിക്കുന്ന തരത്തില്‍ ഞങ്ങളുടെ ടീം സ്വയം പര്യാപ്തത കൈവരിച്ചുകഴിഞ്ഞു,” ആത്മവിശ്വാസത്തോടെ പ്രസാദ പറയുന്നു.

പ്ലാസ്റ്റിക് പിടികളുള്ള ചൂലുകള്‍ക്കും മുള കൊണ്ടുള്ള ചൂലുകള്‍ക്കും തമ്മില്‍ വിലയില്‍ വരുന്ന വ്യത്യാസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രസാദ പറഞ്ഞ ഉത്തരം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.

“ഒരു പ്ലാസ്റ്റിക് ചൂലിന് ബ്രാന്‍ഡും വാങ്ങുന്ന സ്ഥലവും കണക്കിലെടുക്കുമ്പോള്‍ 50 രൂപ മുതല്‍ 170 രൂപ വരെ വിലവരുന്നു. എന്നാല്‍ ഈ മുള ചൂലുകള്‍ക്ക് വരുന്ന വില 35 രൂപ മുതല്‍ 40 രൂപ വരെ മാത്രമാണ്. അതായത് പ്ലാസ്റ്റിക്കിന് പകരക്കാരനായ ഈ ചൂലിന് വില നന്നേ കുറവാണെന്ന് സാരം,” പ്രസാദ റാവു ചൂണ്ടിക്കാട്ടുന്നു.

ചെലവും സവിശേഷതകളും

ചൂല്‍ നിര്‍മ്മാണത്തിന് പിന്നിലെ കണക്കുകളും പ്രസാദ വിശദമാക്കുന്നു. “ഒരു ചൂലിന് 35 രൂപയാണ് വിലയിടുന്നതെന്ന് കരുതുക. അസംസ്‌കൃത വസ്തുക്കളുടെ ശേഖരണത്തിന് 15 രൂപയോളം വരും. മുള കൊണ്ടുള്ള പിടിയുണ്ടാക്കാന്‍ ആറ് രൂപ ചെലവാകും. പിടി ചൂലിനോട് കൂട്ടിച്ചേര്‍ക്കുന്നതിന് മറ്റൊരു ആറ് രൂപയും. അതായത് ഒരു ചൂല്‍ ഉണ്ടാക്കുന്നതിന് വേണ്ടി വരുന്ന ചെലവ് 27 രൂപയാണ്. നിര്‍മാണത്തില്‍ പങ്കാളിയാകുന്നവര്‍ക്ക് ഈ തുക നല്‍കുന്നു.”

കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നതനുസരിച്ച് ചൂല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അവസരവും വലുതാകുന്നു.

ചൂല്‍പ്പിടിയായി മുള ഉപയോഗിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും അക്കമിട്ട് നിരത്തുന്നു പ്രസാദ:

  • ഏറ്റവും വേഗത്തില്‍ വളരുന്ന പുല്ലാണ് മുള. അത് മുറിക്കുന്തോറും കൂടുതല്‍ വളരുന്നു. അതിനാല്‍ എപ്പോഴും ലഭ്യത ഉറപ്പാക്കാം
  • ചില ഇനം മുളകള്‍ പ്രതിദിനം 35 ഇഞ്ചോളം വളര്‍ച്ച പ്രാപിക്കുന്നു (ഒരു മണിക്കൂറില്‍ 1.5 ഇഞ്ച്)
  • ഒരു മരം വളരാന്‍ വര്‍ഷങ്ങളെടുക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മുള പൂര്‍ണമായും വളര്‍ച്ച പ്രാപിക്കുന്നു
  • മുളപ്പിടിക്ക് കനം കൂടുമെന്നാണ് പലരും പറയുന്നത്. അത് ശരിയല്ല. വളരെ കനം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണത്.
  • കാണാന്‍ നല്ല ചേലില്‍, മികച്ച ഡിസൈനോടെയാണ് പിടി ഉണ്ടാക്കുന്നത്

എങ്ങനെ വാങ്ങാം?

ചൂല്‍ വേണമെന്ന് പറഞ്ഞ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോണ്‍വിളികള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസാദ റാവു. “കഴിഞ്ഞ ദിവസാണ് 15,000 ചൂലുകള്‍ക്കായുള്ള ഓര്‍ഡര്‍ ലഭിച്ചത്. ഇപ്പോള്‍ ത്രിപുരയില്‍ മാത്രമാണ് മുളച്ചൂലുകള്‍ കൊടുക്കുന്നത്. ഓര്‍ഡര്‍ നല്‍കാന്‍ +91 9402307944 നമ്പറില്‍ വിളിക്കാവുന്നതാണ്.

“ചൂലുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിന് ഇ-റീറ്റെയ്ല്‍ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഉടന്‍ തന്നെ ഓണ്‍ലൈന്‍ വിപണിയില്‍ മുളപ്പിടിയുള്ള ചൂല്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ,” പ്രസാദ കൂട്ടിച്ചേര്‍ക്കുന്നു.

ഈ സാമൂഹ്യ സംരംഭത്തിന് പിന്നിലെ ലക്ഷ്യം വളരെ ലളിതമാണ്. “ആദിവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്ന അന്തരീക്ഷം ഉണ്ടാക്കുക, ഒപ്പം പ്രകൃതി സൗഹൃദമായ ജീവിതം പ്രോല്‍സാഹിപ്പിക്കുക.”


ഇതുകൂടി വായിക്കാം: മലയും പുഴയും നൂറ്റാണ്ടുകളായി കാത്തുപോന്നവര്‍ ‘അടാവി’യും കടന്നുവരുന്നു; കാട്ടില്‍ നിന്നും ആവശ്യത്തിന് മാത്രമെടുത്ത്, പ്രകൃതിയെ നോവിക്കാത്ത ഉല്‍പന്നങ്ങളുമായി


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം