സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്

ഇപ്പോള്‍ ഇവരുടെ വീട്ടില്‍ 30 പേര്‍ താമസിക്കുന്നുണ്ട്.

ന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒരു ബന്ധുവിനെ കാണാൻ പോയതായിരുന്നു നസീമയും ഭർത്താവ് ജലീലും. വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ്  തൊട്ടടുത്ത കട്ടിലില്‍ വയസ്സായ ഒരമ്മയെ അവർ ശ്രദ്ധിക്കുന്നത്.

അവർ നന്നേ അവശയായിരുന്നു. ഒരു സ്റ്റൂളിൽ പിടിച്ചായിരുന്നു പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുമായി  പോയിരുന്നത്. തൊട്ടടുത്ത് സഹായത്തിനായി ആരെയും കണ്ടതുമില്ല.

താലൂക്ക് ആശുപത്രിയിൽ പോകുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു നസീമയും ജലീലും ആരുമില്ലാത്തവർക്കായി ദയ എന്ന സ്ഥാപനം തുടങ്ങുന്നത്. അതിന്‍റെ വിസിറ്റിംഗ് കാർഡും അന്ന്  അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ആ അമ്മയെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നുവെങ്കിലും ഇറങ്ങാൻ നേരം ആ അമ്മയ്ക്കും ദയയുടെ  വിസിറ്റിംഗ് കാർഡ് കൊടുക്കണമെന്ന് അവർക്ക് തോന്നി.

ജലീലും നസീമയും

കൂടാതെ, ആശുപത്രിയിലെ മറ്റു പലരുടെ ഇടയിലും കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ ഒരു ഓട്ടോറിക്ഷ അവരുടെ വീടിനു മുന്നിൽ വന്നു നിന്നു. തലേന്ന് അവർ താലൂക്ക് ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട അമ്മയായിരുന്നു അത്. ആശുപത്രിയിലുള്ള ആരുടെയോ സഹായത്തോടെ തേടിപ്പിടിച്ച് എത്തിയതാണ്.

ആരോരും കൊണ്ട് പോകാനില്ലാതെ അവർ  ദിവസങ്ങളായി ആശുപത്രിയിൽ കിടക്കുകയായിരുന്നു. ഗവൺമെന്‍റ് ആശുപത്രിയിലായാലും അവിടെ  എത്രകാലം കിടക്കും? എങ്ങോട്ട് പോകുമെന്നറിയാതെ വിഷമിച്ചിരുന്ന സമയത്താണ് നസീമയും ജലീലും ഒരനുഗ്രഹമെന്നോണം അങ്ങോട്ട് ചെല്ലുന്നത്.

അങ്ങനെയാണ്  എട്ട് വർഷങ്ങൾക്ക് മുൻപ് ദയയിലെ ആദ്യത്തെ താമസക്കാരി എത്തുന്നതും.

കൊടുങ്ങല്ലൂരിലെ മേത്തല സ്വദേശികളായ  നസീമയും ജലീലും ഇന്ന്  ആരുമില്ലാത്തവരും, മക്കൾ ഉപേക്ഷിച്ചിട്ട്  പോയ അനേകം വൃദ്ധജനങ്ങൾക്കും മക്കളാണ്. എട്ടു വർഷം പിന്നിടുമ്പോൾ 170-ലേറെ പേർ അവരുടെ തണൽ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ സ്ത്രീകളടക്കം മുപ്പതോളം പേര്‍ അവിടെയുണ്ട്.

ചെറിയ വീടിനോട് ചേർന്ന രണ്ട് മുറികൾ ആണ് അവര്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്.


നസീമയെ ഏറെ നാളായി അലട്ടി കൊണ്ടിരുന്ന ഒരു കുറ്റബോധത്തിന്‍റെ പുറത്തായിരുന്നു ദയ ട്രസ്റ്റിന്‍റെ തുടക്കം.


ഒരിക്കൽ ജോലിക്കിടയിൽ ജലീലിന് ഒരു അപകടം സംഭവിച്ചു. മുന്‍പ് ഉഴിച്ചിലിനും മറ്റും പോയിരുന്ന ജലീലിന്‍റെ ദേഹത്ത്  തിളച്ച എണ്ണ വീണു പൊള്ളലേറ്റു. കുറച്ചു നാളത്തേയ്ക്ക് പരസഹായം കൂടാതെ ഒന്നും നടക്കില്ലെന്ന അവസ്ഥ.

“വയറിലും കാലിലുമൊക്കെ പരിക്കേറ്റ ഇക്കയെ കണ്ട എന്‍റെ ഉമ്മായ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കയ്ക്കു തനിയെ ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം. ആ വിഷമത്തിനിടയിൽ ഉമ്മയെ കാര്യമായി ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഉമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതുമില്ല. അവസാന നിമിഷങ്ങളിൽ കാര്യമായി ഒന്ന് പരിചരിക്കാൻ പോലും എനിക്ക് സാധിക്കാതെ ഉമ്മ യാത്രയായി. ആ ദുഃഖം ഇപ്പോഴുമുണ്ട്. അന്നു മുതലാണ് ആരോരുമില്ലാത്തവർക്കായി ജീവിക്കണമെന്ന തോന്നൽ ഉണ്ടാകുന്നത്,” കണ്ണീരോടെ നസീമ ആ അനുഭവം ദ് ബെറ്റർ ഇന്‍ഡ്യയുമായി പങ്കു വെച്ചു.”

നസീമ

എന്നാൽ ജലീലിന് ആദ്യം ഈ ആശയത്തിനോട് യോജിക്കാനായില്ല. “പുറത്തു പോയി മരുന്നുകൾ വിറ്റും ഉഴിച്ചിൽ നടത്തിക്കൊടുത്തുമാണ് കുടുംബം പുലർത്തിപ്പോന്നിരുന്നത്. അന്നത്തെ അപകടത്തെ  തുടർന്ന് എനിക്ക് ഉഴിച്ചിലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നസീമ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ആ ഞങ്ങൾ എങ്ങനെ ഇവരെ എല്ലാം നോക്കും എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. മാത്രമല്ല, മൂന്ന് മക്കളാണ് ഞങ്ങൾക്ക് –  രണ്ട് ആണും ഒരു പെണ്ണും. എന്റെ മക്കളോടും മരുമകനോടും ചോദിക്കാതെ ഞാനൊരു ഉത്തരം പറയുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി,” 49-കാരനായ ജലീൽ പറഞ്ഞു.

എന്നാൽ മക്കൾ എതിർപ്പ് പറഞ്ഞില്ലെന്നു മാത്രമല്ല. ദുബായിലുള്ള ജലീലിന്‍റെ മരുമകൻ നസീമയുടെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണ കൊടുക്കുകയും ചെയ്തു.

” ഇവിടെ ഭക്ഷണം പാകം ചെയ്യുന്ന ആൾക്ക് ശമ്പളം കൊടുക്കുന്നത് മരുമകൻ  അയച്ചു തരുന്ന പണം കൊണ്ടാണ്.” നാട്ടിൽ വന്നാൽ, അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തും, നഖം വെട്ടി കൊടുത്തും  മരുമകനെ ഇവരുടെ ഇടയിൽ തന്നെ എപ്പോഴും കാണാം എന്ന് പറയുമ്പോൾ ജലീലിന്‍റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങുന്നുണ്ടായിരുന്നു.

“മൂത്ത മകൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെ വീട്ടുകാരോടും ഞങ്ങളുടെ ഈ മന്ദിരത്തെക്കുറിച്ച് പറഞ്ഞിരുന്നു. അവർക്കും അതിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.”

നസീമ- ജലീൽ ദമ്പതികളുടെ  രണ്ടാമത്തെ മകന്‍റെ വിവാഹത്തിന് പുറകിലും ഒരു കഥയുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സ്നേഹിച്ചു വിവാഹം ചെയ്ത അവർ  വർഷങ്ങൾക്കിപ്പുറം ഒരിക്കൽ  തങ്ങളുടെ ഒരു  കളിക്കൂട്ടുകാരിയെ കണ്ടു മുട്ടാനിടയായി.

“ആ കൂടിക്കാഴ്ച അത്ര സുഖകരമായ ഒന്നായിരുന്നില്ല. അവർക്ക് ക്യാൻസർ ആയിരുന്നു. കീമോതെറാപ്പി ചെയ്തതിന് ശേഷം മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു..,” നസീമ വിഷമത്തോടു കൂടി ആ കണ്ടുമുട്ടൽ ഓർത്തെടുത്തു.

അസുഖബാധ തുടർന്ന് ഭർത്താവ് അവരെ ഉപേക്ഷിച്ചു. സ്വന്തമായി കിടപ്പാടമില്ലാത്ത, രണ്ട് പെണ്മക്കളുള്ള  അവരെ നസീമയും ജലീലും സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. അഭയമന്ദിരം തുറന്നു കുറച്ചു വർഷങ്ങൾക്കു ശേഷമായിരുന്നു ആ സംഭവം. അവരുടെ രണ്ടാമത്തെ മകളുടെ പ്ലസ് ടു കഴിയുന്നത് വരെ അവർ അവിടെ താമസിച്ചു. പിന്നീട് ആ അമ്മയെയും രണ്ട് മക്കളെയും ഒരു വാടക വീടെടുത്തു മാറ്റി താമസിപ്പിച്ചു.

“അവർക്ക് എന്തെങ്കിലും പറ്റിയാൽ മക്കളുടെ ഭാവി എന്താകും എന്ന ചിന്ത അവരെ ഒരുപാട് അലട്ടിയിരുന്നു,” 47-കാരിയായ നസീമ തുടർന്നു. “ഒരാശ്വാസമെന്നോണം, അവരുടെ  മൂത്ത മകളെ വിവാഹം കഴിക്കാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്നു. ആ വിവാഹം അങ്ങനെ നടന്നു. രണ്ടാമത്തെ കുട്ടിയുടെ കാര്യം വന്നപ്പോൾ ഞങ്ങളുടെ രണ്ടാമത്തെ മകന് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞു. അവർ ഒരു ഹൈന്ദവ കുടുംബത്തിലേതായിരുന്നുവെങ്കിലും ഞങ്ങൾക്കാർക്കും അതിനെതിർപ്പുണ്ടായിരുന്നില്ല.”

ജലീല്‍

അഭയം തേടിയെത്തുന്നവരെ അവരുടെ സ്വന്തം കുടുംബവുമായി യോജിപ്പിക്കുവാനും നസീമയും ജലീലും പലപ്പോഴും ശ്രമിക്കാറുണ്ട്. കാരണം മക്കളും ബന്ധുക്കളും  എത്രയൊക്കെ ബുദ്ധിമുട്ടിച്ചാലും അനാഥമാക്കിയാലും ഒരിക്കൽ അവർ തിരിച്ചു കൊണ്ട് പോകുവാൻ  വരുമെന്ന് തന്നെയാണ് ഇവരിൽ പലരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. എന്നാൽ പലപ്പോഴും അത് നടക്കാറില്ലെന്ന് ജലീൽ സങ്കടത്തോടെ പറയുന്നു.


ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം


“ഇവിടെയുള്ള  ഒരു ആലപ്പുഴക്കാരൻ അപ്പച്ചനെ കൊണ്ട് വിട്ടത് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകളാണ്. ഒരു സ്റ്റൂളിൽ ഇരുത്തി ആളുകൾ പൊക്കിയെടുത്തോണ്ടാണ് കൊണ്ടുവരുന്നത്. ഭർത്താവിന്‍റെ മാതാപിതാക്കളെ നോക്കണമെന്നും ഈ അപ്പച്ചനെയും കൂടി നോക്കാനുള്ള വരുമാനം ഇല്ലെന്നും പറഞ്ഞാണ് ഇവിടെ കൊണ്ടുവന്ന് വിടുന്നത്. എന്നാൽ അമ്മച്ചിയെ അവരുടെ കുട്ടിയെ നോക്കുന്നതിനായി കൂടെ നിറുത്തി. കൂടാതെ, ഇദ്ദേഹത്തിന് ടിബിയും ഉണ്ട്. എന്നാൽ അവർ പോയി കഴിഞ്ഞപ്പോൾ ദുഖത്തോടെ  അപ്പച്ചൻ പറഞ്ഞു മരുമകന്‍റെ ചവിട്ടേറ്റ് നട്ടെല്ലൊടിഞ്ഞത് കൊണ്ടാണ് ഇപ്പോൾ നടക്കാൻ കഴിയാത്തതെന്ന്. അപ്പച്ചന്‍റെ അനുജൻ പലതവണ വിലക്കിയിട്ടും കയ്യിലുള്ളതെല്ലാം അദ്ദേഹം ആ മരുമകന് എഴുതി കൊടുത്തിരുന്നു.”

വിവരങ്ങൾ ഒക്കെ അറിഞ്ഞു  മകളെ വിളിച്ചപ്പോൾ  ‘മറ്റേതെങ്കിലും സ്ഥാപനം ഉണ്ടെങ്കിൽ അങ്ങോട്ട് മാറ്റാ’മെന്നുള്ള മറുപടി  ഇന്നും ജലീൽ ഒരു ഞെട്ടലോടെ ഓർക്കുന്നു. കൂടാതെ, സഹായിക്കുമെന്ന് കരുതിയ അപ്പച്ചന്‍റെ അനുജൻ പോലും എത്ര വിളിച്ചു പറഞ്ഞിട്ടും ഒന്ന് കാണാൻ പോലും വന്നില്ല .

ആരുമില്ലെന്ന് പറഞ്ഞു മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്നാക്കുന്നതൊക്കെ കൊള്ളാം, പക്ഷെ ഏതെങ്കിലും കാലത്ത് മക്കൾക്ക് മാനസാന്തരം വന്ന് ഒന്ന് കാണണമെന്ന് തോന്നിയാൽ ഒരുപക്ഷെ സമയം കാത്തുനിന്നെന്ന് വരില്ലെന്ന് ജലീൽ ഓർമ്മിപ്പിച്ചു.

” ഇത്രയൊക്കെയായിട്ടും ആ അപ്പച്ചൻ തന്നെ കൊണ്ടുപോകുന്നതിനായി അനുജൻ വരുന്നതും കാത്ത് ഇരിപ്പാണ്,” എന്ന് ജലീല്‍.

ഇതുപോലെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് ഈ ദമ്പതികൾ പറയുന്നു.

പലപ്പോഴും മുട്ടൻ ന്യായങ്ങൾ പറഞ്ഞാണ് ഓരോരുത്തരും വേണ്ടപ്പെട്ടവരെ ഇവിടെ കൊണ്ടാക്കുന്നത്. കൊടുക്കുന്ന അഡ്രസുകൾ, ഫോൺ നമ്പറുകൾ എന്നിവ പലപ്പോഴും ശരിയാകണമെന്നില്ല.

“ഒരിക്കൽ  ഒരുമ്മാനേം കൂട്ടി ഒരു സ്ത്രീ ഇവിടെ എത്തി. അന്നിവിടെ ഒരു മരണം സംഭവിച്ചിരിക്കുകയായിരുന്നു. ബന്ധുക്കൾ ഉണ്ടെങ്കിലും അവർ ‘ബോഡി’ വാങ്ങാൻ തയ്യാറായിരുന്നില്ല.  അതിന്‍റെ തിരക്കിനിടയിലായിരുന്നു ഇവരുടെ വരവ്. ഈ പ്രശ്നമൊന്ന് തീർത്തിട്ട് സംസാരിക്കാമെന്നും, കുറച്ചു നേരം കാത്തിരിക്കണമെന്നും അവരോട് ഞങ്ങൾ ആവശ്യപ്പെട്ടു  . കുറച്ച് കഴിഞ്ഞു നോക്കിയപ്പോൾ ആ ഉമ്മാനെ അവിടെയിരുത്തി ആ സ്ത്രീ പോയിക്കഴിഞ്ഞിരുന്നു. തന്നിരുന്ന ഫോൺ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും അവരെ ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,” ജലീല്‍ തുടരുന്നു.

എല്ലാവര്‍ക്കുമുള്ള ഭക്ഷണം വീട്ടില്‍ തന്നെയാണ് പാചകം ചെയ്യുന്നത്: നസീമ അടുക്കളയില്‍

“ആ ഉമ്മയുടെ മൂന്ന് മക്കളും വിദേശത്താണെന്ന്.  മകളുടെ ഭർത്താവിന്‍റെ വീട്ടിലായിരുന്നു താമസം. അവരുടെ  സ്വത്തുക്കൾ മുഴുവനും മരുമകന് എഴുതിക്കൊടുത്തിരുന്നു. ഇവിടെക്കൊണ്ട് വന്ന് വിടുന്നത്  മകളുടെ അമ്മായിയമ്മയുടെ അനുജത്തിയും.

“പിന്നീടെപ്പോഴോ അവരുടെ മരുമകനെ ഫോണിൽ കിട്ടിയപ്പോൾ അയാൾ പറഞ്ഞു, ‘ഇത്ര നാൾ നിറുത്തിയതിന് സഹായം എന്തെങ്കിലും ചെയ്യാമെ’ന്ന്.”

ആ ഉമ്മ ദയയിൽ  നാല് വർഷത്തോളം ഉണ്ടായിരുന്നു. പക്ഷെ മക്കളും ബന്ധുക്കളും ഫോണിൽ പോലും അവരെ  ബന്ധപ്പെടാൻ ശ്രമിച്ചിരുന്നില്ലെന്ന് ജലീൽ.

അപ്പോഴാണ് മറ്റൊരു പ്രശ്നം അവരെ  അലട്ടാൻ തുടങ്ങിയത്. അവശയായ ഉമ്മയ്ക്ക് എന്തെങ്കിലും  സംഭവിച്ചാൽ ഇസ്ലാം മതാചാര പ്രകാരം അതതു മഹല്ലുകളിൽ മാത്രമേ അടക്കാവൂ. അതുകൊണ്ട്  ജലീല്‍ മസ്ജിദുമായും അവര്‍ നിര്‍ദ്ദേശിച്ചതുപോലെ കുടുംബവുമായും സംസാരിച്ചു. പെട്ടെന്ന് തന്നെ അവരുടെ മരുമകന്‍ വന്ന് ആ സ്ത്രീയെ അവിടെ നിന്ന് കൊണ്ടുപോയി. വേറെ ഒരു അഭയകേന്ദ്രത്തില്‍ കൊണ്ടാക്കുകയും അധികം വൈകാതെ മരിക്കുകയും ചെയ്തു.

ഭർത്താവിനെ നോക്കാൻ താല്പ‍ര്യമില്ലാത്തവരും എന്നാൽ മരിക്കുന്നതിന് മുൻപ് തന്നെ ഡെത്ത് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവരും, സ്വത്തുക്കളൊക്കെ കൈക്കലാക്കിയതിന് ശേഷം ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയും നോക്കാൻ താല്പര്യമില്ലാത്തവരെയും  കാണാൻ സാധിച്ചിട്ടുണ്ട്. കണ്ടു മുട്ടിയ പല മുഖങ്ങളെയും ഓർത്തു ജലീൽ ഒരു നിമിഷം നിശബ്ദനായി.

ജലീൽ തുടർന്നു ” പലപ്പോഴും തോന്നി പോയിട്ടുണ്ട് , മാതാപിതാക്കൾ മക്കൾക്ക് വേണ്ടി എല്ലു മുറിയെ പണി എടുത്ത് ഒരിക്കലും സ്വത്തുക്കൾ സമ്പാദിച്ചു വെയ്ക്കരുതെന്ന്.  അതെന്‍റെ മക്കളായാലും അങ്ങനെ തന്നെ. എന്തെങ്കിലും ഓർമ്മക്കുറവോ മറ്റസുഖങ്ങളോ മതി മക്കളുടെ മനസ്സ് മാറി ആരും ഒന്നുമില്ലാത്ത അവസ്ഥയിലെത്താൻ.”

സ്വന്തം വരുമാനത്തിൽ നിന്നെടുത്തു തന്നെയാണ് കഷ്ടപ്പെട്ട് ‘ദയ’ നടത്തിക്കൊണ്ട് പോകുന്നതെന്ന് 49-കാരനായ  ജലീൽ പറഞ്ഞു. സ്വന്തം വീടായതിനാൽ വാടക കൊടുക്കുകയോ, ലോൺ അടച്ചു തീർക്കുകയോ വേണ്ട, എന്നാലും പലചരക്ക് കടയിൽ അഞ്ചര ലക്ഷത്തോളം തുക കൊടുത്തു തീർക്കാനുണ്ട് . സ്ഥിരമായ വരുമാനമൊന്നും ദയയ്ക്കില്ല താനും.

“നമ്മടെ വീട്…നമ്മടെ വരുമാനം, കൂടാതെ മക്കളുടെ സഹായത്തിലുമാണ് ഞങ്ങൾ ഒരു വിധത്തിൽ മുന്നോട്ട് പോകുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ‘ചെ ഗുവേര’ എന്ന സംഘടന ഇവിടെ പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. അവർ മുപ്പത്തിരണ്ട് വീടുകളിലായി ഏല്പിച്ചിരിക്കുന്നതാണ്. അതിൽ മിക്കപ്പോഴും ഇറച്ചിയും മീനുമൊക്കെ ഉണ്ടാകും.  കൊടുങ്ങല്ലൂർ ഗേൾസ് ഹൈ സ്കൂളിലെ കുട്ടികൾ എല്ലാ തിങ്കളും ചൊവ്വയും ഇവിടെ ഭക്ഷണം എത്തിക്കുന്നുണ്ട്. ഒട്ടനവധി സുമനസുകളും സഹായിക്കാറുണ്ട്.”‌

രാവിലെ മരുന്നുകൾ വിൽക്കുന്നതിനായി ഇറങ്ങി കഴിഞ്ഞാൽ ഏകദേശം ഉച്ചയോടു കൂടി ജലീൽ  തിരിച്ചെത്തും. പിന്നെ ബാക്കി സമയം ദയയുടെ ആവശ്യങ്ങൾക്കായി ചിലവഴിക്കും.

പാചകത്തിനായി ദയയിലെ മിക്ക അമ്മമാരും കൂടുമെന്ന് നസീമ പറഞ്ഞു.

“വെറുതെ ഇരുന്ന് മുഷിയാൻ ആർക്കും താല്പര്യമില്ല. തേങ്ങാ ചിരകുക , കറിക്കരിയുക ….അങ്ങനെ പല ജോലികളിലുമായി അവരും അടുക്കളയിൽ കാണും.”

ഉഴിച്ചിലും, ദയയിലെ ജോലിത്തിരക്കും കാരണം നസീമയ്ക്ക് തീരെ വയ്യെങ്കിലും, അതൊന്നും കാര്യമാക്കാതെ തന്നെയാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.  “ഒട്ടും എഴുന്നേൽക്കാൻ വയ്യാത്തവരെ, അവരുടെ പ്രഥമിക ആവശ്യങ്ങൾക്കും മറ്റുമായി  എടുത്ത് കൊണ്ട് പോകുക തന്നെ വേണം. അതിന്‍റെ ഒരു നടുവേദന ഇല്ലാതില്ല,” നസീമ പറഞ്ഞു.

എട്ട് വർഷം പിന്നിടുമ്പോഴും ദയയിൽ സംഭവിക്കുന്ന മരണങ്ങളുമായി ഇപ്പോഴും പൊരുത്തപെടാൻ സാധിക്കാറില്ലെന്ന് ആ ദമ്പതികള്‍ പറയുന്നു. മക്കൾ ഒരു വാടക വീടെടുത്ത് തൊട്ടരികിൽ തന്നെ താമസിക്കുന്നുണ്ട്. നസീമയും ജലീലും ദയയിലും.

“ഒരു സ്ഥാപനം പോലെ രാവിലെ വന്ന് ജോലി നോക്കി വൈകുന്നേരം പോകുന്നത് പോലെയല്ലല്ലോ. ഊട്ടിയും ഉറക്കിയും ഞങ്ങൾ എന്നും അവരുടെ കൂടെയല്ലേ. അത് കൊണ്ട് ഇവരിൽ ഒരാളുടെ മരണം എന്ന് പറഞ്ഞാൽ അത് വേദന തന്നെയാണ്,” ജലീൽ പറഞ്ഞു.

***
ദയ-യുമായി ബന്ധപ്പെടാം: 9947341412


ഇതുകൂടി വായിക്കാം: കണ്ടാല്‍ പറയില്ല, ഇതൊരു മണ്‍വീടാണെന്ന്! 9 ലക്ഷം രൂപയ്ക്ക് സിമെന്‍റ് തൊടാത്ത 1,090 സ്ക്വയര്‍ ഫീറ്റ് വീട്, ടയര്‍ കൊണ്ട് കക്കൂസ് ടാങ്ക്, മുറ്റത്ത് ജൈവകൃഷി


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം