4 ലക്ഷം രൂപയുടെ സാനിറ്റൈസറും മാസ്കും സൗജന്യമായി വിതരണം ചെയ്ത് അധ്യാപകന്‍, പാവപ്പെട്ട കുട്ടികള്‍ക്ക് 6 ടി വി സെറ്റ്

ദാരിദ്ര്യം ചെറുപ്പത്തിലേ കൂട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അറിയാം ദുരിതമനുഭവിക്കുന്നവരുടെ വേദന.

കുരീപ്പുഴ ഫ്രാന്‍സിസ് നേരം പുലരും മുമ്പേ എഴുന്നേല്‍ക്കും. പ്രാര്‍ത്ഥനയും മറ്റും കഴിഞ്ഞാല്‍ കയ്യില്‍ കുറെയധികം മാസ്‌കും സനിറ്റൈസറും സോപ്പും കയ്യുറകളുമായി തന്‍റെ സൈക്കിളില്‍ യാത്ര തുടങ്ങും.

നേരെ പാവപ്പെട്ടവര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശം ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടും. പിന്നെ ബസ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിങ്ങനെ ആള്‍ക്കൂട്ടം ഉള്ളിടത്തേക്ക് പോകും.

കൈയില്‍ കരുതിയ മുഖാവരണങ്ങളും കയ്യുറകളും മറ്റും എല്ലാവര്‍ക്കും വിതരണം ചെയ്യും. സൗജന്യമായിത്തന്നെ. ഒപ്പം കോവിഡിനെക്കുറിച്ചും സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന്‍റെ വക ഒരു ബോധവല്‍ക്കരണ ക്ലാസും ഉണ്ടാകും.

ഫ്രാന്‍സിസ് മാസ്കും സോപ്പും വിതരണം ചെയ്യുന്നു.

ക്ലാസ്സെടുക്കുന്നത് അദ്ദേഹത്തിന് പുതുമയല്ല. കാരണം കൊല്ലം ചവറ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹികശാസ്ത്രം അധ്യാപകനാണ് ഫ്രാന്‍സിസ്. സ്റ്റുഡെന്‍റ് പോലീസ് കേഡറ്റ് ചുമതലക്കാരനുമാണ്

“ഇതിപ്പോള്‍ എന്‍റെ ദിനചര്യ ആയിരിക്കുകയാണ്. രാവിലെ അഞ്ചര മണി ആകുമ്പോള്‍ എന്‍റെ ഒരു ദിവസം തുടങ്ങുകയായി. ആറു മണിയാകുമ്പോള്‍ എന്‍റെ സൈക്കിളില്‍ മാസ്‌കും സാനിറ്റൈസറും സോപ്പും മറ്റുമായി ഇറങ്ങും. ജനത കര്‍ഫ്യൂ ദിനമായ മാര്‍ച്ച് 22 മുതല്‍ തുടങ്ങിയതാണ്. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു,” ഫ്രാന്‍സിസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

മാസ്‌ക് നിര്ബന്ധമാക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം സ്വന്തം നിലയ്ക്ക് മാസ്‌ക് വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതിനകം രണ്ടു ലക്ഷത്തിലേറെ മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.

“ജനത കര്‍ഫ്യൂയുടെ ആദ്യ ദിവസം തന്നെ ഞാന്‍ മാസ്‌കുകള്‍ വിതരണം തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും അത് വാങ്ങാന്‍ മടിയായിരുന്നു. ‘ഇപ്പോള്‍ ഇതിന്‍റെ ഒന്നും ആവശ്യമില്ലലോ’ എന്ന് ഒരുപാട് പേര്‍ പറഞ്ഞു. അപ്പോഴൊക്കെ ഞാന്‍ പറയും, ‘രോഗം വന്നിട്ട് ചികിത്സിക്കുന്നതിക്കാള്‍ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്’ എന്ന്. അപ്പോഴും ആരും ഗൗരവമായി എടുത്തില്ല,” ഫ്രാന്‍സിസ് തുടര്‍ന്നു.

”മാസ്‌കുമായി അടുത്തുള്ള കോളനിയിലേക്കാണ് ഞാന്‍ ആദ്യം പോയത്. ഒരു ഉന്തുവണ്ടിയില്‍ ആണ് മാസ്‌കും മറ്റും കൊണ്ടുപോയത്. അവിടേക്ക് കയറിയപ്പോള്‍ തന്നെ അവിടെ കുറച്ചു പ്രായമായ അമ്മമാര്‍ സൊറ പറഞ്ഞു നില്‍ക്കുന്നുണ്ട്. അപ്പോഴാണ് ഞാന്‍ ഉന്തുവണ്ടിയും തള്ളി വരുന്നത് അവര്‍ കാണുന്നത്. ഉടനെ അവര്‍ വിളിച്ചുകൂവി, ‘അയ്യോ നമ്മുടെ ഫ്രാന്‍സിസ് സാറിനിതെന്തു പറ്റി, വട്ടായിപോയോ, കുപ്പിയും പാട്ടയും പെറുക്കാന്‍ പോവാണോ’ എന്നൊക്കെ,” അദ്ദേഹം ചിരിക്കുന്നു.


പലരും പരിഹസിച്ചപ്പോഴും ഫ്രാന്‍സിസ് സാര്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിഞ്ഞില്ല.


പകരം അവരെ പറഞ്ഞു മനസിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. കോവിഡിനെക്കുറിച്ചും ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അതിജീവന മാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ആവോളം സംസാരിച്ചു.

“എന്നെ അമ്മമാര്‍ കളിയാക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘നമുക്കെല്ലാവര്‍ക്കും വേണ്ടിയാണു ഞാന്‍ ഇത് ചെയുന്നത്. കോവിഡ് പല ഭാഗങ്ങളിലേക്കും പടരുകയാണ്. ഇവിടെ ഉള്ളവര്‍ ഒക്കെ ജോലിക്ക് പോകുന്നതല്ലേ, മാസ്‌ക് ധരിച്ചാല്‍ ഏറെക്കുറെ നമ്മള്‍ സുരക്ഷിതരാകും, സാനിറ്റിസറും സോപ്പും ഉപയോഗിച്ചു കൈകള്‍ ഇടക്കിടക്ക് കഴുകി വ്യക്തി ശുചിത്വം പാലിക്കണം. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളും അമ്മമാരും എല്ലാവരും ആരോഗ്യത്തോടെ സുരക്ഷിതരായി ജീവിക്കണം. അതിനു നമ്മള്‍ സൂക്ഷിച്ചേ പറ്റൂ,” എന്നൊക്കെ പറഞ്ഞുകൊടുക്കും.

” ഓരോ വീട്ടിലും കയറിയിറങ്ങി ഞാന്‍ ബോധവല്‍ക്കരണം നടത്തി. എന്നിട്ട് അവര്‍ക്ക് മാസ്‌കും മറ്റും കൊടുത്തപ്പോള്‍ അവര്‍ സോപ്പ് മാത്രം വാങ്ങിയിട്ട് പറഞ്ഞു ‘മാസ്‌ക് ഒന്നും വേണ്ട, സോപ്പ് ആകുമ്പോള്‍ കുളിക്കുകയെങ്കിലും ചെയ്യാലോ’എന്ന്. അവരെ പറഞ്ഞിട്ട് കാര്യമില്ല, എന്തെന്നാല്‍ അന്ന് മാസ്‌ക് നിര്‍ബന്ധമായിരുന്നില്ല. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായത്.

സ്റ്റുഡെന്‍റ്  പൊലീസ് കാഡെറ്റുകളേയും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു.

“പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അന്നൊക്കെ മാസ്‌ക് വാങ്ങിയത്. പക്ഷെ, ഞാന്‍ ആദ്യ ദിവസം കൊണ്ടൊന്നും നിരാശപ്പെട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഞാന്‍ മാസ്‌കുമായി രാവിലെ തന്നെ ഇറങ്ങും. ഒരാള്‍ എങ്കിലും സൂക്ഷ്മതയോടെ ജീവിക്കട്ടെ എന്നായിരുന്നു എന്‍റെ ചിന്ത.”

സര്‍ക്കാരും ആരോഗ്യ വകുപ്പും മാസ്‌ക് നിര്‍ബന്ധമാക്കിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി മാസ്‌ക് കൊണ്ടുപോകാന്‍ തുടങ്ങി.

“എനിക്കുറപ്പായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ഇത് തേടിയെത്തുമെന്ന്. കാരണം എന്‍റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ കുറച്ചു പേര്‍ ചൈനയിലും അമേരിക്കയിലും ആരോഗ്യ-സാമൂഹ്യ ക്ഷേമ രംഗത്ത് ജോലി ചെയ്യുന്നവരുണ്ട്. അവര്‍ എന്നെ വിളിച്ചു സംസാരിക്കാറുണ്ട്. കോവിഡിനെക്കുറിച്ച്  അവരാണ് എനിക്ക് വ്യക്തമായ ധാരണ തന്നത്. താമസിയാതെ നമുക്ക് ചുറ്റും ഇത് വ്യാപിക്കുമെന്ന് അവര്‍ പറഞ്ഞതില്‍ വ്യക്തമായിരുന്നു,” ഫ്രാന്‍സിസ് സാര്‍ വിശദീകരിച്ചു.

എല്‍ ഐ സി പോളിസി കാലാവധി തികഞ്ഞപ്പോള്‍ കിട്ടിയ നാല് ലക്ഷം രൂപയും തന്‍റെ പിഎഫ് തുകയും ചേര്‍ത്ത് അഞ്ചു ലക്ഷത്തിലേറെ രൂപ ഫ്രാന്‍സിസ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു കഴിഞ്ഞു. അടച്ചിടല്‍ നാളുകളിലും അശരണരരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കാനും അദ്ദേഹം മറന്നില്ല. സ്‌കൂളിലെ സ്റ്റുഡെന്‍റ് പോലീസ് കേഡറ്റുകളെയും ഈ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുന്നുണ്ട് അദ്ദേഹം.

“പുതുതലമുറയിലെ കുഞ്ഞുങ്ങളെല്ലാം അസാമാന്യ കഴിവും ബുദ്ധിസാമര്‍ത്ഥ്യവും ഉള്ളവരാണ്. അവരുടെ കഴിവ് സാമൂഹിക നന്മക്ക് കൂടി വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. മാസ്‌ക്കും സാനിറ്റൈസറും മറ്റും വിതരണം ചെയ്യാന്‍ ഞാന്‍ എന്‍റെ കൊച്ചു പോലീസുകാരെയും കൊണ്ട് പോകും. അവര്‍ എന്റെ മക്കളാണ്. അതിലൊക്കെ അവര്‍ക്ക് വലിയ താല്പര്യമാണ്,” അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളെ കുറിച്ച് വാചാലനായി.

കാല്‍നടയായും സൈക്കിളിലൂം മറ്റും കൊല്ലം ജില്ലയിലും സമീപ ജില്ലകളിലുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് മാസ്‌കും സോപ്പും സാനിറ്റൈസറും വിതരണം ചെയ്യുന്നത്.

“ഭക്ഷണം കഴിക്കാന്‍ ഒക്കെ ചില ദിവസങ്ങളില്‍ മറന്നുപോകും. എങ്ങനെയും ബുദ്ധിമുട്ടുന്നവരിലേക്കെത്തുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലായി സഞ്ചരിച്ചു ഒരുപാട് പേരുടെ ജീവിതം അടുത്തറിയാന്‍ കഴിഞ്ഞു,” ഫ്രാന്‍സിസ് സാര്‍ പറഞ്ഞു

ലോക്ക്ഡൗണ്‍ കാലത്തു ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ഭക്ഷ്യക്കിറ്റുകള്‍ നല്‍കി, പൊതുആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാസ്‌കും കയ്യുറകളും സോപ്പും സാനിറ്റൈസറുകളും നല്‍കി, കിടപ്പുരോഗികള്‍ക്കു ആവശ്യമായ മരുന്നുകള്‍ വാങ്ങി നല്‍കി.

“നമുക്ക് ചുറ്റും ബുദ്ധിമുട്ടുന്നവര്‍ എത്ര പേരുണ്ടെന്ന് നമുക്ക് ഊഹിക്കാന്‍ പോലുമാകില്ല. തൊട്ടടുത്ത് തന്നെയുള്ളവരെ അറിയാത്തവരാണ് ചിലര്‍. നമ്മുടെ സുഖഭോഗങ്ങളില്‍ നിന്നും ഒരു വിഹിതം ബുദ്ധിമുട്ടുന്നവര്‍ക്കായി മാറ്റിവക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന തിളക്കമുണ്ടല്ലോ അത് വിലമതിക്കാനാകാത്തതാണ്. അവരില്‍ നിന്നും കിട്ടുന്ന ഒരു പുഞ്ചിരിക്ക് വേണ്ടിയാണു എന്‍റെ ഓട്ടമെല്ലാം,” ആ അധ്യാപകന്‍റെ മുഖത്ത് തികഞ്ഞ സംതൃപ്തി.

2018-ലെ പ്രളയകാലത്തും കഴിഞ്ഞ വര്‍ഷത്തെ അതിവര്‍ഷത്തിലും ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. തന്റെ വരുമാനത്തിലെ ഒരു വിഹിതം അദ്ദേഹം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റുകളായും മരുന്നായും പണമായും എത്തിച്ചുകൊടുത്തു.

‘നമ്മുടെ സഹജീവികള്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്ക് താങ്ങാകാന്‍ നമ്മള്‍ തന്നെയേ ഉള്ളു. പരസ്പരം സഹായിച്ചു മുമ്പോട്ട് പോയാല്‍ ഏതു ദുരിതവും കരകയറാന്‍ നമുക്കാകും എന്ന് നമ്മള്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ കൊണ്ട് മനസിലാക്കി കഴിഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ കുട്ടികളില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉണ്ട്.

‘ഇപ്പോഴത്തെ പുതിയ ഓണ്‍ലൈന്‍ പാഠ്യ പദ്ധതി പ്രകാരം ടിവി വഴിയോ മൊബൈല്‍ വഴിയോ പഠിക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്. എന്‍റെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥ എന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. ഏതു വധേനെയും അവര്‍ക്കു പഠിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുക്കണം എന്നായി എനിക്ക്,’ ആ അധ്യാപകന്‍ പറഞ്ഞു.

അങ്ങനെ ആറ് കുട്ടികള്‍ക്ക് ടി വി വാങ്ങിച്ചുകൊടുത്തു. ‘എന്‍റെ മക്കള്‍ എല്ലാവരും സമര്‍ത്ഥരാണ്. ഇനി ഒരാള്‍ക്ക് കൂടി കൊടുക്കാനുണ്ട്.. മക്കള്‍ എല്ലാവരും നന്നായി പഠിക്കട്ടെന്നേ!,’ അദ്ദേഹം പറഞ്ഞു.

ബെഞ്ചമിന്‍റെയും മാര്‍ഗരറ്റിന്‍റെയും ഏഴുമക്കളില്‍ ഒരാളാണ് ഫ്രാന്‍സിസ്. പട്ടിണിയുടെയും പ്രാരാബ്ധങ്ങളുടെയും ഇടയിലും പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ബിരുദത്തിനു ചേര്‍ന്നപ്പോള്‍ ഒരു സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി കിട്ടി. കുടുംബത്തിന്‍റെ കഷ്ടപ്പാടുകള്‍ മാറാന്‍ ഫ്രാന്‍സിസ് പഠനം ഉപേക്ഷിച്ചു ജോലിയില്‍ പ്രവേശിച്ചു .

“സെയിന്‍റ് ജോസഫ് സ്‌കൂളിലാണ് ആദ്യമായി അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ജോലിയോടൊപ്പം ബി എ മ്യൂസിക്, ഹിസ്റ്ററി, എം എ സൈക്കോളജി ഒക്കെ പഠിച്ചു. ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ് കേട്ടോ,” ഫ്രാന്‍സിസ് സാര്‍  ചിരിച്ചുകൊണ്ട് തുടര്‍ന്നു.

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു

“ഇപ്പോള്‍ എം എ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുന്നു. അടുത്ത മാസമാണ് പരീക്ഷ. എനിക്ക് എപ്പോഴും പഠിച്ചുകൊണ്ടിരിക്കാന്‍ ആണ് ഇഷ്ടം. ഈ പ്രപഞ്ചത്തിലെ അറിവുകള്‍ അവസാനിക്കുന്നില്ലല്ലോ.

“ഇപ്പോള്‍ അമ്മക്ക് വയ്യാതായി. അപ്പന്‍ മരിച്ചിട്ട് നാല് മാസമായി. ഭാര്യ വത്സലകുമാരി ചൂരനാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് ആണ്. മകന്‍ നീരജ് സൂര്യ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. അവനു ഐടി മേഖലയോടാണ് കമ്പം. എന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബം പൂര്‍ണ പിന്തുണയാണ്,” ഫ്രാന്‍സിസ് സാര്‍ പറയുന്നു.

ഫ്രാന്‍സിസ് കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ട മാഷാണ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയും പ്രത്യേക ശ്രദ്ധ നല്‍കി പഠനത്തില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന്റേതായി കുറെയേറെ പഠന തന്ത്രങ്ങളുണ്ട്.

”ഞാന്‍ പഠിപ്പിക്കുമ്പോള്‍ പുസ്തകത്തിനേക്കാള്‍ കുട്ടികളെ ഈ ലോകത്തോട് അടുപ്പിക്കാന്‍ ആണ് ശ്രമിക്കുക. ഈ പ്രപഞ്ചമാണ് അവര്‍ക്ക് ഞാന്‍ റെഫെറെന്‍സ് അയി നല്‍കുക.  കൈവിരലുകളാണ് എന്‍റെ പഠന സഹായി.  അഞ്ചു വിരലുകള്‍ ഓരോന്നായി കാണിച്ചു പഠിപ്പിക്കും. ഉദാഹരണത്തിന് ഒരു ചരിത്രത്തിന്‍റെ സംഭവങ്ങള്‍, വര്‍ഷം, നടന്ന സ്ഥലം, ആളുകളുടെ പേര്, ചരിത്ര പ്രാധാന്യം എന്നിങ്ങനെ അക്കമിട്ട് കുട്ടികളെക്കൊണ്ട് വിരലില്‍ എണ്ണമിട്ട് പറയിപ്പിക്കും. അങ്ങനെയുള്ളത് അവര്‍ മറക്കാറില്ല. പിന്നെ സംഭവങ്ങള്‍, സംസ്ഥാനങ്ങള്‍ ഒക്കെ പാട്ടായി പഠിപ്പിക്കും,” ആ സാമൂഹ്യശാസ്ത്രം മാഷ് തന്‍റെ അധ്യാപന തന്ത്രങ്ങള്‍ വിശദമാക്കുന്നു.

ജോലി ചെയ്യുന്ന സ്‌കൂളുകളിലെല്ലാം അദ്ദേഹം ഒരു ഉദ്യാനം നിര്‍മ്മിക്കും. തന്‍റെ കുട്ടിപ്പോലീസ് കൂട്ടത്തെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. പൂന്തോട്ടം നനക്കാന്‍ ഒഴിവു ദിവസങ്ങളിലും ഫ്രാന്‍സിസ് സാര്‍ സ്‌കൂളിലെത്തും.
“ഓരോ വിദ്യാലയത്തിലെയും പൂക്കളും പൂമ്പാറ്റകളുമാണ് വിദ്യാര്‍ത്ഥികള്‍. അപ്പോള്‍ അവിടെ ഒരു പൂന്തോട്ടം മസ്റ്റാ,” അദ്ദേഹം ചിരിക്കുന്നു.

2015-ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് കുരീപ്പുഴ ഫ്രാന്‍സിസിനെത്തേടിയെത്തി. മൂന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം