തീപ്പെട്ടിക്കൂട് കണക്കെ ഒരു ചെറിയ മുറി. അതിനെ വീട് എന്ന് തീര്‍ത്ത് പറയാന്‍ പറ്റുമോ എന്നറിയില്ല.
കല്ലുകള്‍ അടുക്കി വെച്ചുണ്ടാക്കിയ തറയുടെ നാല് ഭാഗത്തു നിന്നും ടിന്‍ഷീറ്റ് വെച്ച് അടച്ച് അതിനു മുകളിലായി മറ്റൊരു ഷീറ്റ് വിരിച്ച അടച്ചുറപ്പില്ലാത്ത ഒരു പുര. മഴയില്‍ ചോര്‍ന്നൊലിക്കാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിട്ടുണ്ട്. ഇവിടെയാണ് 80-കാരന്‍ നടരാജന്‍ ഭാര്യ കനകമ്മയോടൊപ്പം താമസിക്കുന്നത്.
പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ പോത്തുപാറയിലുള്ള ഒരു മല മുകളിലാണ് ആണ് ഇവരുടെ താമസം. നടരാജനും കനകമ്മയ്ക്കും അയല്‍വാസികള്‍ ആയി ഒരു കുടുംബം മാത്രമേ ഉള്ളൂ.
ആ കഥ വഴിയേ പറയാം.
ഇവരുടെ താമസസ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ പോയാല്‍ പശ്ചിമഘട്ടമലനിരകള്‍ അതിരിടുന്ന അച്ചന്‍കോവില്‍ വനമേഖല കാണാം.
എന്നാല്‍, പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പ്രദേശത്ത്, നടരാജന്‍റെയും കനകമ്മയുടെയും നേരം പുലരുന്നത് പാറ പൊട്ടിക്കുന്ന ചെവിയടപ്പിക്കുന്ന ഒച്ച കേട്ടുകൊണ്ടാണ്.
പോത്തുപാറയിലെ കണ്ണായ കുന്നുകളില്‍ പാറമടകളും ക്രഷര്‍ യൂണിറ്റുകളും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ചുറ്റിനും കയ്യേറിയ ഭൂമാഫിയക്ക് കിട്ടുന്ന വിലയ്ക്ക് ഭൂമി കൊടുത്ത് സമീപവാസികള്‍ കുടിയൊഴിഞ്ഞുപോയി. എന്നാല്‍ ഈ മല തുരന്ന് പ്രകൃതിയെ നശിപ്പിക്കാന്‍ ആരെയും സമ്മതിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്തു നടരാജന്‍.
സമ്മര്‍ദ്ദം ഏറി വന്നപ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോദിക്കുന്ന വില തന്നെ കിട്ടിയേക്കാമായിരുന്ന സ്വന്തം ഭൂമിയില്‍ നിന്ന് ഭൂരഹിതരായ പത്ത് കുടുംബങ്ങള്‍ക്ക് അഞ്ചു സെന്‍റ് സ്ഥലം വീതം ഇഷ്ടദാനം നല്‍കാന്‍ നടരാജന് ഏറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല.
“ഭൂമിയെല്ലാം കയ്യേറി ഇവിടത്തെ കുടിവെള്ളമെല്ലാം വറ്റിച്ചു. ഒരു തുള്ളി നീര് പോലും ഇപ്പോള്‍ ഈ ഭൂമിക്കടിയില്‍ കാണില്ല. പരിസ്ഥിതിയെ നിത്യേന ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ മല തുരക്കാന്‍ എനിക്ക് കൂട്ടുനില്‍ക്കാന്‍ പറ്റില്ല,” നടരാജന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
ഇഷ്ടക്കാരായ ഉദ്യോഗസ്ഥരിലൂടെ പാറമട മുതലാളിമാര്‍ നടരാജനില്‍ സമ്മര്‍ദ്ദം ചെലുത്തി നോക്കി.
പല മുട്ടന്‍ ന്യായങ്ങളും പറഞ്ഞു വെള്ളവും വൈദ്യുതിയും കൊടുക്കാതെ ബുദ്ധിമുട്ടിച്ചു. അപ്പോഴും എടുത്ത തീരുമാനത്തില്‍ നിന്നും ലവലേശം പുറകോട്ട് പോകാന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം.
“ഒരിക്കല്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടായി കെട്ടോ. ഒട്ടും ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ പഞ്ചായത്ത് മെമ്പറോട് കാര്യം പറഞ്ഞു. എനിക്ക് വൈദ്യുതിയും ഇല്ലായിരുന്നു. പിന്നെ ഞാന്‍ എന്‍റെ പെരയുടെ കാര്യവും പറഞ്ഞു. അപ്പോള്‍ അവര് പറയാ, മലയിലെ ഒറ്റയ്ക്കുള്ള വീടായത് കൊണ്ട് വെള്ളത്തിനും വൈദ്യുതിക്കുമുള്ള ലൈനുകള്‍ വലിക്കാന്‍ പറ്റില്ലെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ഒത്തിരി ദണ്ണമുണ്ടായി കേട്ടോ,”നടരാജന്‍ സങ്കടത്തോടെ പറയുന്നു.
ഇപ്പോള്‍ ടാങ്കര്‍ ലോറിയിലെ വെള്ളം 1,500 രൂപ മുടക്കി വാങ്ങിച്ചാണ് നടരാജന്‍ കഴിയുന്നത്.
ഷീറ്റുകള്‍ വലിച്ചു കെട്ടിയ വീടിനു അയ്യായിരത്തോളം രൂപ വീട്ടുകരം ചുമത്തിയപ്പോഴും നടരാജന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. കൂടാതെ, സര്‍ക്കാര്‍ വക ഭൂമി പതിച്ചു നല്‍കിയെന്ന് പറഞ്ഞു റവന്യു ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നോട്ടീസും വന്നു . രണ്ടിനെതിരെയും ഈ എണ്‍പതുകാരന്‍ പൊരുതി വിജയിച്ചു.
പിന്നീടാണ് ഈ പാറമട മുതലാളികള്‍ക്ക് പിന്നില്‍ പല പ്രബലന്മാരും ഉണ്ടെന്ന് മനസിലാക്കുന്നത് എന്ന് നടരാജന്‍.
പേടി തോന്നിയില്ലേ അപ്പോള്‍?
‘ഇല്ല’ എന്ന ഉറച്ച മറുപടി.
ജനിച്ചു വളര്‍ന്ന മണ്ണ് ഖനനമാഫിയയില്‍ നിന്നും സംരക്ഷിക്കുന്നതിന്‍റെ ആദ്യപടി അവിടെ ജനവാസമുള്ളതാക്കുകയാണെന്ന് നടരാജന് വിചാരിച്ചു. ജനവാസമേഖലയില്‍ നിന്ന് നൂറ് മീറ്റര്‍ മാറിയല്ലേ പാറ ഖനനം ചെയ്യാന്‍ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പഴമനസ്സില്‍ തോന്നിയത്. (ഈ ചട്ടത്തില്‍ പിന്നീട് ഇളവ് വന്നു) അങ്ങനെയാണ് ഭൂമിയില്ലാത്തവര്‍ക്ക് പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്.
അതിനും ഒരുപാട് കടമ്പകള്‍ കടക്കേണ്ടതായി വന്നു. പത്ത് പേര്‍ക്ക് അഞ്ച് സെന്‍റ് വീതം ഭൂമി ഇഷ്ടദാനമായി കൊടുക്കാനാണ് നടരാജന്‍ തീരുമാനിച്ചത്.
ഇത് കാണിച്ച് പത്രത്തില്‍ പരസ്യം ചെയ്തു. ഭൂമി ഇഷ്ടദാനമായി കിട്ടുന്നതിന്‍റെ ആദ്യ നിബന്ധന അവിടെ ഒരു വര്‍ഷം സ്ഥിരമായി താമസിക്കണമെന്നായിരുന്നു. കുറച്ച് കുടുംബങ്ങള്‍ അവിടെയെത്തുകയും ചെയ്തു. എന്നാല്‍ അവരില്‍ മിക്കവരും ആ നിബന്ധന പാലിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് നടരാജന്‍ പറഞ്ഞു.
ഭൂമി ഇഷ്ടദാനമായി സ്വീകരിച്ച മിക്കവരുടെയും ഉദ്ദേശ്യം അത് പാറമട മുതലാളിമാര്‍ക്ക് മറിച്ചു വില്‍ക്കുക എന്നതാണ് മനസിലാക്കിയപ്പോള്‍ ആ വൃദ്ധന്‍ തെല്ലൊന്നു പകയ്ക്കാതെ ഇരുന്നില്ല.
“ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടിയാണ് അവര്‍ ഇവിടെ താമസിച്ചത്. എന്നാല്‍ സ്ഥിരമായി ഇവിടെ നില്‍ക്കാറുമില്ല. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ഇഷ്ടദാനം കൊടുത്ത വസ്തു അവരുടെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് അറിഞ്ഞത് അത് മറിച്ചു വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു എന്ന്. ഞാന്‍ അതിന് അശേഷം സമ്മതിച്ചതുമില്ല. കുറച്ചു നാള്‍ പിടിച്ചു നിന്നതിന് ശേഷം അവരെല്ലാം ഇവിടെ നിന്ന് പോയി. ഇപ്പോള്‍ അതില്‍ ഒരു കുടുംബം മാത്രമാണ് ഇവിടെയുള്ളത്.”
ചെത്ത് തൊഴിലാളിയായിരുന്ന നടരാജന് ഈ രണ്ട് ഏക്കറോളം വരുന്ന സ്ഥലം അച്ഛനില്‍ നിന്ന് കിട്ടിയതാണ്. 1973-ല്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ്. ആനയാടിയിലായിരുന്നു അതിന് മുന്നേ താമസിച്ചിരുന്നത്.
കൂലിപ്പണി, കൂപ്പിലെ പണി, കൊല്ലപ്പണി തുടങ്ങിയവയ്‌ക്കൊക്കെ പോയിരുന്ന നടരാജന്‍റെ കാലില്‍ തടി മുട്ടി പരിക്ക് പറ്റി. അതിന് ശേഷമാണ് നടക്കാന്‍ കഴിയാതെയായത്. ഈ കാരണത്താല്‍ തന്നെ ഇത്രയും കാലമായിട്ടും ഒരു പുര വെയ്ക്കാനും നടരാജന് കഴിഞ്ഞില്ല.
“കൃഷി ചെയ്ത് ജീവിക്കാമെന്ന് വിചാരിച്ചാല്‍, വനം അടുത്തായതിനാല്‍ പന്നിയും ആനയും ഒക്കെ വന്ന് അതെടുത്തോണ്ടു പോകും,” എന്ന് നടരാജന്‍ സങ്കടപ്പെടുന്നു. “ഭാര്യ കനകമ്മയ്ക്ക് 63 വയസ്സുണ്ട്. അവര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പോയിട്ടാണ് ഈ കുടുംബം പുലരുന്നത്.”
2014-ല്‍ പശ്ചിമഘട്ട സംരക്ഷണ സമിതി എന്ന സംഘടന കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു പശ്ചിമ ഘട്ട സംരക്ഷണ യാത്ര നടത്തിയിരുന്നു. അതില്‍ പങ്കെടുക്കവെ സാമൂഹ്യ പ്രവര്‍ത്തക ദയാ ഭായിയും നടരാജനെ നേരില്‍ കണ്ട് വിവരങ്ങള്‍ തിരക്കിയിരുന്നു.
കലഞ്ഞൂര്‍ പഞ്ചായത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മലമുഴക്കികള്‍’ എന്ന പരിസ്ഥിതി സംഘടനയുടെ പിന്തുണയുണ്ട് ഇപ്പോള്‍ ഈ എണ്‍പതുകാരന്.
ലോക്ക്ഡൗണ്‍ കാലത്ത് മലമുഴക്കികളുടെ ഭാരവാഹികളായ ഫാദര്‍ തോമസ് മുകളിലും, സോജു ജോഷ്വയും നടരാജനെ കണ്ട് അവശ്യ സാധനങ്ങളുടെ ഒരു കിറ്റ് കൊടുക്കാന്‍ പോയിരുന്നു.
“കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പാറമടകളുള്ള പഞ്ചായത്താണ് കലഞ്ഞൂര്‍, ഇവിടെ ഖനനം എന്നുള്ളത് അടിമുടി ഒരു തുരന്ന് തിന്നലാണ്. നിയമപരമായോ നിയന്ത്രിതമായോ അല്ല ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്,” മലമുഴക്കികളുടെ പ്രസിഡന്‍റും പിടവൂര്‍ ശാലേം സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയുമായ ഫാദര്‍ തോമസ് മുകളില്‍ പറഞ്ഞു തുടങ്ങി.
“നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, എതിര്‍ഭാഗത്ത് നില്‍ക്കുന്നവര്‍ വമ്പന്മാരാണ്. ഒരു സമാന്തര ഗവണ്‍മെന്‍റ് കണക്കെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും ഇവര്‍ക്കെതിരെ ഒരു വിരല്‍ പോലും അനക്കിയ ചരിത്രം ഉണ്ടോ എന്ന് സംശയം.
“ഈ പാറമടകളുടെ തൊട്ടടുത്ത് താമസിക്കുന്ന ആളുകളുടെ ഒരു ആരോഗ്യ സര്‍വ്വേ പോലും എടുക്കാന്‍ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ 50 മീറ്റര്‍ അകലത്തില്‍ വരെ പാറ പൊട്ടിക്കാമല്ലോ. (ഏറ്റവും അടുത്തുള്ള ജനവാസ മേഖലയില്‍ നിന്ന് 100 മീറ്റര്‍ പരിധിയില്‍ ഖനനം അനുവദിക്കരുത് എന്ന ചട്ടം 2017-ലാണ് 50 മീറ്റര്‍ ആക്കി പുനഃസ്ഥാപിച്ചത്). ഇവിടെയാണ് നടരാജന്‍റെ പോരാട്ടം വിലമതിക്കാനാവാത്ത ഒന്നായി മാറുന്നത്.
“സ്വന്തം മക്കളും ബന്ധുമിത്രാദികളും വരെ എതിര്‍ചേരിയില്‍ പോയിട്ടും, സ്വന്തം മണ്ണിനോടുള്ള ആത്മാര്‍ത്ഥതയാണ് നടരാജനെ വേറിട്ട് നിര്‍ത്തുന്നത്,” ഫാദര്‍ മുകളില്‍ തുടര്‍ന്നു.”അയാള്‍ക്കീ ഭൂമി വേണ്ട, പണവും വേണ്ട മറിച്ചു, ഭൂമിയെ ദ്രോഹിക്കാതെ കഴിയുന്ന ഭൂരഹിതരായ കുറച്ചു കുടുംബങ്ങള്‍ക്ക് ഭൂമി കൊടുക്കുക മാത്രമാണ് നടരാജന്‍റെ ജീവിത ലക്ഷ്യം തന്നെ.”
ഈ പ്രദേശവും അതിന്‍റെ പ്രകൃതിയും, ഇവിടെയുള്ള പാറമടകള്‍ക്കു പുറകിലുള്ള ചൂഷണവും അറിഞ്ഞാല്‍ മാത്രമേ നടരാജന്‍റെ ഇച്ഛാശക്തി എത്രമാത്രം ഉണ്ടെന്നു മനസിലാക്കാന്‍ കഴിയൂ എന്ന് മലമുഴക്കികളുടെ മറ്റൊരു ഭാരവാഹിയായ സോജു ജോഷ്വ പറയുന്നു.
“മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഈ പ്രദേശങ്ങളെല്ലാം അതീവ പരിസ്ഥിതിലോല മേഖലയാണ്. അതായത്, യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ പറ്റില്ല. അവിടെയാണ് ഈ പാറ പൊട്ടിക്കുന്നത്. പിന്നീട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കുറച്ചു ഇളവുകള്‍ കൊടുത്ത് ‘അതീവ’ എന്നുള്ള വാക്ക് എടുത്ത് കളഞ്ഞു, പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തി. ഈ പ്രദേശത്തിന്‍റെ കിഴക്കന്‍ അതിര്‍ത്തി മുഴുവന്‍ കാടാണ്. അപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാമല്ലോ.
“ഇവിടെയാണ് പാറമട മുതലാളികള്‍ ജനജീവിതം തന്നെ അവതാളത്തിലാക്കി കൊണ്ട് മുന്നേറുന്നത്. ഇവരുടെ ഇടയില്‍ നിന്നാണ് നടരാജന്‍ എന്ന ഈ മനുഷ്യന്‍റെ ഒറ്റയാള്‍ പോരാട്ടം.”
ദ്രോഹിക്കാവുന്നതിന്‍റെ പരമാവധി ഇവര്‍ നടരാജനെ ദ്രോഹിച്ചിട്ടുണ്ട്. എന്നിട്ടും ഇച്ഛശക്തി കൈവിടാതെ അദ്ദേഹം മുന്നോട്ട് പോകുകയാണ്, ജോഷ്വ പറഞ്ഞു.
ഇപ്പോഴും നടരാജന്‍ അര്‍ഹരായ കുടുംബങ്ങളെ കാത്തിരിക്കുകയാണ്.
“എനിക്ക് എണ്‍പത് വയസ്സായി. എപ്പോഴാണ് എന്തെങ്കിലും സംഭവിക്കുക എന്നറിയില്ല. ഇവിടം വിട്ട് പോകുന്നതിന് മുന്‍പായി ഈ ഭൂമി പാവപ്പെട്ടവര്‍ക്ക് കൊടുക്കണം. എനിക്ക് പണമൊന്നും ആവശ്യമില്ല. ഈ മല സംരക്ഷിക്കപ്പെടണം. ഇവിടെ ജനവാസം ഉണ്ടായിരിക്കണം. അതിനുള്ള സഹായം എനിക്ക് ചെയ്ത് തരണം. ഇതൊരപേക്ഷയാണ്.”
—-
കൂടുതല്‍ അറിയാന്‍ മലമുഴക്കികളുമായി ബന്ധപ്പെടാം. ഫോണ്‍: Soju Joshua +91 9745210970
ഇതുകൂടി വായിക്കാം: ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.