എരുമേലി വനവുമായി അതിര്‍ത്തി പങ്കിടുന്നതാണ് കോട്ടയം കണമലയിലെ ഭൂരിഭാഗം പ്രദേശങ്ങളും. കാട്ടാന, കാട്ടുപന്നി, മാന്‍, മലയണ്ണാന്‍ തുടങ്ങിയവ കൃഷി ഭൂമികളില്‍ സ്ഥിരം വിരുന്നുകാരാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഭൂമിയില്‍ നിന്നു കിട്ടാന്‍ ബാക്കിയൊന്നുമുണ്ടാവില്ല.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കര്‍ഷകരില്‍ അധികവും ഭക്ഷ്യവിളകള്‍ ഉപേക്ഷിച്ച് റബറിലേക്കു മാറിയെങ്കിലും വിലയിടിഞ്ഞതോടെ പ്രതീക്ഷകളുടെ നിറം മങ്ങി. ചെറുകിട കര്‍ഷകര്‍ക്ക് ജീവിതം തന്നെ പാടായി.
“ഇവിടെ എന്നാ കുഴിച്ചുവെച്ചാലും കണക്കാ. പണ്ട് കപ്പയും കാച്ചിലും ചേനയുമൊക്കെ നന്നായി വെളഞ്ഞിരുന്ന ഇവിടെയിപ്പം തിന്നാനുള്ളത് എന്നാ വെച്ചാലും അന്നേരെ കാട്ടുമൃഗങ്ങള്‍ തിന്നും. റബര്‍ വെല കൂടെ താഴ്ന്നതോടെ എങ്ങനെ ജീവിക്കണമെന്നറിയാത്ത അവസ്ഥയിലാണ്,” കര്‍ഷകനായ ബാബു എബ്രഹാം ഇഞ്ചിയില്‍ പറയുന്നു.
എന്നാല്‍ ഈ കഷ്ടപ്പാടില്‍ കര്‍ഷകര്‍ക്ക് താങ്ങായത് കാന്താരി മുളകാണ്. ഇത്തിരിക്കുഞ്ഞനും എരിവില്‍ മുമ്പനുമായ കാന്താരി മുളക് ഒരു ഗ്രാമത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച കഥയാണ് കണമലയ്ക്ക് പറയാനുള്ളത്. ഇതിനു വഴിമരുന്നിട്ടതാകട്ടെ ചെറുപ്പക്കാരനായ ഒരു സഹകരണ ബാങ്കു പ്രസിഡന്‍റും.
“പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകരെ ഏതു രീതിയില്‍ സഹായിക്കണമെന്ന ചിന്തയില്‍ നിന്നാണ് കാന്താരി കൃഷിയെന്ന ആശയത്തിലേക്കെത്തിയത്. വന്യമൃഗ ശല്യത്തെ ചെറുക്കാനാവുന്നതും യാതൊരു മുതല്‍ മുടക്കുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാനാവും എന്നതുമായിരുന്നു കാന്താരി കൃഷി വ്യാപകമായി ചെയ്യുന്നതിലേക്കുള്ള ആലോചനകള്‍ക്ക് ഊര്‍ജം പകര്‍ന്നത്,” ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയി മങ്കന്താനം പറയുന്നു.
“കൃഷി പൊതു ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി തൃശൂര്‍ മാര്‍ക്കറ്റിലെത്തി കാന്താരിക്ക് വിപണിയും ഉറപ്പാക്കിയിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 29-ന് കണമല സര്‍വീസ് സഹകരണ ബാങ്ക് പ്രദേശത്തെ കര്‍ഷകരുടെ ഒരു യോഗം വിളിച്ചുകൂട്ടി. യോഗത്തില്‍ വച്ച് ബാങ്ക് പ്രസിഡന്റു നടത്തിയ പ്രഖ്യാപനം പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകര്‍ക്കു മുന്നോട്ടുള്ള പ്രതീക്ഷ പകരുന്ന ഒന്നായിരുന്നു.
കര്‍ഷകര്‍ കാന്താരി കൃഷി ചെയ്യണെന്നും ഒരു കിലോ കാന്താരി ബാങ്ക് കിലോയ്ക്ക് 250 രൂപ തറവിലയില്‍ സംഭരിച്ചു രൊക്കം പണം നല്‍കുമെന്നുമായിരുന്നു ബിനോയി ഉറപ്പുനല്‍കി. ബാങ്ക് അംഗങ്ങളായ കര്‍ഷകര്‍ എത്രത്തോളം കാന്താരി ഉല്‍പ്പാദിപ്പിച്ചാലും ബാങ്ക് 250 രൂപ നിരക്കില്‍ സംഭരിക്കുമെന്നും ബാങ്കിന്‍റെ ഉറപ്പ്.
ആ ഉറപ്പിന്‍മേല്‍ കര്‍ഷകര്‍ ആവേശപൂര്‍വ്വം കാന്താരികൃഷി ഏറ്റെടുത്തു. വളരെപ്പെട്ടെന്നുതന്നെ കാന്താരി ഗ്രാമമെന്ന പേരും സമ്പാദിച്ചു.
ബാങ്കിന്‍റെ തറവില പ്രഖ്യാപനം വന്നതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പടെ കണമല നിവാസികളെല്ലാം അടുക്കളത്തോട്ടങ്ങളിലും കൃഷി ഭൂമിയുടെ ഒഴിഞ്ഞ ഭാഗങ്ങളിലുമെല്ലാം കാന്താരി തൈകള്‍ നട്ടുതുടങ്ങി. തങ്ങളുടെ കൃഷി ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്തതായി നിന്ന എരിവുള്ള മുളക് പണം കായ്ക്കുന്ന ഒന്നാണെന്ന തിരിച്ചറിവിലേക്ക് ഗ്രാമത്തിലെ കര്‍ഷകരെത്തി.
20 സെന്റും 30 സെന്റും മുതല്‍ ഒരേക്കര്‍വരെ കൃഷി ഭൂമി കാന്താരിയിലേക്കു പറിച്ചുനട്ടവരാണ് കണമലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും. ബാങ്കിനു കീഴില്‍ രൂപീകരിച്ചിരിക്കുന്ന ഇരുപതോളം ഫാര്‍മേഴ്‌സ് ക്ലബുകള്‍ക്കു കീഴില്‍ അഞ്ഞൂറിലധികം കര്‍ഷകരാണ് ഇപ്പോള്‍ കണമലയില്‍ കാന്താരി കൃഷിയില്‍ സജീവമായിരിക്കുന്നത്.
“ഫെബ്രുവരിയില്‍ നടത്തിയ കാന്താരി കൃഷി പ്രഖ്യാപനം ലോക്ക് ഡൗണ്‍ കാലത്താണ് പൂത്തു തളിര്‍ത്തത്. മേയില്‍ ആദ്യമായി കാന്താരി സംഭരിച്ചപ്പോള്‍ ലഭിച്ചത് 103 കിലോ! പിന്നീട് രണ്ടു തവണ സംഭരിച്ചപ്പോള്‍ 123 കിലോ, 125 കിലോ എന്ന തരത്തിലേക്കു സംഭരണത്തോത് ഉയര്‍ന്നു.അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇത് 500 മുതല്‍ 1,000 കിലോയിലേയ്‌ക്കെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ ബിനോയി പറയുന്നു.
“കേരളത്തിലെ കര്‍ഷകര്‍ പല കൃഷികളും ഉപേക്ഷിക്കുന്നത് മതിയായ വിലയും കൃത്യമായ മാര്‍ക്കറ്റും ഉറപ്പില്ലാത്തതുമൂലമാണ്. കൃത്യമായ വിപണിയും വിലയും ഉറപ്പാക്കിയാല്‍ ഏതുതരം കൃഷി ചെയ്യാനും നമ്മുടെ കര്‍ഷകര്‍ തയാറാകുമെന്നുറപ്പാണ്. ഞങ്ങള്‍ വിലയും വിപണിയും ഉറപ്പുനല്‍കിയപ്പോള്‍ ഇത്തിരിക്കുഞ്ഞനായ കാന്താരി കൃഷി ചെയ്യാന്‍ പോലും കര്‍ഷകര്‍ പൂര്‍ണമനസോടെ രംഗത്തെത്തി.
“കേരളത്തില്‍ കൃഷിയും കാര്‍ഷിക രംഗവും ഉയര്‍ച്ച പ്രാപിക്കണമെങ്കില്‍ സര്‍ക്കാരും സഹകരണ സംഘങ്ങളും ചെയ്യേണ്ടത് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്കു തറവിലയും വിപണിയും ഉറപ്പാക്കുകയെന്നാണ്. കൃഷിക്കു സഹായം നല്‍കുന്നതിനു പകരം വിപണിയും തറവിലയും ഉറപ്പാക്കിയാല്‍ കര്‍ഷകരും പുതുതലമുറയും കൃഷിയിലേക്കിറങ്ങുമെന്നുറപ്പാണ്
“കര്‍ഷകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയുണ്ട് എന്നാല്‍ ഇതു കണ്ടെത്താന്‍ സഹായിക്കണമെന്നു മാത്രം. കച്ചവടക്കാര്‍ കാഞ്ഞിരപ്പള്ളി ടൗണില്‍ കിലോയ്ക്ക് 100 രൂപ മാത്രം നല്‍കി എടുത്തിരുന്ന കാന്താരി മുളകാണ് ഞങ്ങള്‍ ഇരട്ടിയിലധികം വിലയായ 250 തറവില പ്രഖ്യാപിച്ച് സംഭരിച്ചു തുടങ്ങിയത്. ലോക്ക് ഡൗണ്‍ കാലത്ത് മാര്‍ക്കറ്റുകള്‍ അടച്ചുവെങ്കിലും ഞങ്ങള്‍ക്ക് ആശങ്കയില്ല.
“കണമല ബാങ്കിനു കീഴില്‍ കാന്താരി കൃഷി തുടങ്ങിയ വാര്‍ത്തയറിഞ്ഞ് കോഴഞ്ചേരിയിലും രാമപുരത്തുമുള്ള രണ്ടു കമ്പനികള്‍ 300 രൂപ നിരക്കില്‍ കാന്താരി സംഭരിക്കാന്‍ തയാറാണെന്നു വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്,” വിപണിയെക്കുറിച്ച് ആശങ്കയില്ലെന്നും ബിനോയി.
വിപണി ഉറപ്പായതോടെയാണ് കാന്താരി കൃഷിയിലേക്കിറങ്ങിയതെന്ന് കണമലയിലെ കര്‍ഷകനായ ജോബി നെല്ലാലപൊയ്ക പറയുന്നു. “റബറിനിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 20 സെന്റു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ കാന്താരിക്കൃഷി ചെയ്തിട്ടുള്ളത്. ഇപ്പോള്‍ വിപണിയുള്ളതുകൊണ്ടുതന്നെ ഉല്‍പ്പന്നവുമായി കച്ചവടക്കാരുടെ മുന്നില്‍പ്പോയി നില്‍ക്കേണ്ടി വരില്ലെന്ന ഉറപ്പുണ്ട്. വിപണിയും തറവിലയും ഉറപ്പായതോടെ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.”
കാന്താരി കൃഷിയുടെ വാര്‍ത്ത പുറത്തുവന്നതോടെ കാന്താരി കൃഷി ചെയ്യാനുള്ള താല്‍പര്യമറിയിച്ച് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബിനോയിയെ വിളിക്കുന്നുണ്ട്. ഇത്തവണ സംഭരിച്ച കാന്താരിയില്‍ പത്തുകിലോ കാന്താരി വിത്തിനായി കയറ്റി അയച്ചുകഴിഞ്ഞു. ബാങ്കിന്റെ നേതൃത്വത്തില്‍ കണമലയിലുള്ള കര്‍ഷകര്‍ക്കു നല്‍കുന്നതിനായി 20,000 കാന്താരി തൈകളും ഫാര്‍മേഴ്‌സ് ക്ലബിന്‍റെ നേതൃത്വത്തില്‍ തയാറാക്കുന്നുണ്ട്.
“ഇപ്പോള്‍ ഏതുഭാഗത്തു നിന്നുള്ള കര്‍ഷകര്‍ കാന്താരി കൊണ്ടുവന്നാലും ബാങ്ക് സംഭരിക്കുന്നുണ്ട്. ഭാവിയില്‍ വന്‍തോതില്‍ ഉല്‍പ്പാദനം ഉയര്‍ന്നാല്‍ അത്തരം സംഭരണം തുടരുമെന്നു പറയാനാവില്ല. കണമല സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ പതിനായിരം അംഗങ്ങളാണുള്ളത്. ബാങ്കിലെ മുഴുവന്‍ മെമ്പര്‍മാരും കാന്താരി ഉല്‍പ്പാദിപ്പിച്ചാലും ഇത് സംഭരിക്കാന്‍ ബാങ്ക് തയാറാണ്,” ബിനോയി പറയുന്നു. 250 രൂപയ്ക്കാണ് ഇപ്പോള്‍ കാന്താരി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. നാളെ കാന്താരിയുടെ വില 1,000 രൂപയായാല്‍ ആയിരം രൂപയും കര്‍ഷകര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ബാങ്ക് പറയുന്നു.
കാന്താരി കൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല ബിനോയി നേതൃത്വം നല്‍കുന്ന കണമല സര്‍വീസ് സഹകരണ ബാങ്കിന്‍റെ കര്‍ഷക ക്ഷേമ പദ്ധതികള്‍. മുക്കൂട്ടുതറ മീന്‍ ഗ്രാമം, പമ്പാവാലി പോത്തുഗ്രാമം എരുത്വാപ്പുഴ തേന്‍ഗ്രാമം എന്നീ പദ്ധതികളും ബാങ്കിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുകയാണ്.
“പോത്തിനെ വാങ്ങാന്‍ ഫാര്‍മേഴ്‌സ് ക്ലബുകള്‍ക്ക് ഈടില്ലാതെ കുറഞ്ഞ പലിശനിരക്കില്‍ ബാങ്ക് വായ്പ നല്‍കും. പോത്തുകള്‍ വളര്‍ച്ചയെത്തുമ്പോള്‍ ഇറച്ചിക്ക് 300 രൂപ ഉറപ്പുനല്‍കിയാണ് പമ്പാവാലി പോത്തുഗ്രാമം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഓരോ വീട്ടിലും മത്സ്യ കൃഷിയെന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന മുക്കൂട്ടുതറ മീന്‍ഗ്രാമത്തില്‍ മത്സ്യ കൃഷിക്ക് വായ്പയും 300 രൂപ നിരക്കില്‍ മത്സ്യം ബാങ്ക് സംഭരിക്കാമെന്ന ഉറപ്പും ബാങ്ക് നല്‍കുന്നു. ഓരോ വീട്ടിലും തേന്‍കൂടെന്ന ലക്ഷ്യവുമായി തുടക്കമിട്ട എരുത്വാപ്പുഴ തേന്‍ഗ്രാമത്തില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ കിലോയ്ക്ക് 200 രൂപ നിരക്കില്‍ സംഭരിക്കും. കര്‍ഷകരെ വിവിധ കൃഷികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം വിപണിയും വിലയും ഉറപ്പാക്കുന്നുണ്ട്,” ബാങ്ക് പ്രസിഡന്‍റ് പറയുന്നു.