വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍

വീടുവെയ്ക്കുന്നതിനേക്കാള്‍ പ്രധാനമാണ് പുഴയോരം സംരക്ഷിക്കുന്നതെന്ന് ദാമോദരന് തോന്നി.

20 വര്‍ഷം ബെഹ്റൈനിലായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാട്ടിലേക്ക് വന്നിട്ടില്ല. കുറച്ചു കാശൊക്കെയായി വീട് എന്ന സ്വപ്നവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുന്നത്.

ആ മോഹവുമായി മരുഭൂമിയില്‍ നിന്ന് കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള വീട്ടിലേക്കെത്തിയിട്ടിപ്പോള്‍ കാലം കുറേയായി. പക്ഷേ ദാമോദരന്‍ ഇന്നും പഴയ ആ തറാവാട് വീട്ടിലാണ് താമസം.

മണലാരണ്യത്തില്‍ വൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ നട്ടുപിടിപ്പിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഇന്നും ആ പ്രവാസി വീട് വച്ചിട്ടില്ല. വീട് ഉണ്ടാക്കാനായി വെച്ച കാശിന് ദാമോദരന്‍ ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് മുള  നട്ടു പിടിപ്പിക്കുകയായിരുന്നു.

നാട്ടുകാരും വീട്ടുകാരുമൊക്കെ ദാമോദരന്‍റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. “എന്തിനാ ഇത്രയും പൈസയൊക്കെ മുടക്കി മുള നട്ടുപിടിപ്പിക്കുന്നത്… ആ കാശിന് കുറച്ച് വാഴ നട്ടാല്‍ നല്ല ലാഭം കിട്ടില്ലേ,”  11 വര്‍ഷം മുന്‍പ് നാട്ടുകാരൊക്കെ തന്നോട് ഇങ്ങനെ ചോദിച്ചിരുന്നതെന്നു ദാമോദരന്‍ പറയുന്നു.

പുഴത്തീരത്ത് ദാമോദരന്‍ നട്ടുവളര്‍ത്തിയ മുളങ്കാട്

എന്നാല്‍ ഇപ്പോള്‍ ആ ചോദ്യങ്ങളൊന്നും ആരും ചോദിക്കാറില്ല; കാരണമുണ്ട്.   കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇരുവഴിഞ്ഞി പുഴയുടെയും ചാലിയാറിന്‍റെയുമൊക്കെ പല ഭാഗങ്ങളും പുഴയെടുത്തു.  പക്ഷേ ഇരുവഴിഞ്ഞി ഒഴുകുന്ന മുക്കത്തെ തുക്കുടമണ്ണ ക്ഷേത്രത്തിന്‍റെ  സമീപങ്ങളിലൊന്നും മണ്ണിടിച്ചിലുണ്ടായില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദാമോദരന്‍ വളര്‍ത്തി പോരുന്ന മുളകളാണ് ആ തീരങ്ങളെ സംരക്ഷിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി മുളതൈ നട്ട് പിടിപ്പിച്ച കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

“ചെറിയ പ്രായത്തില്‍ വിദേശത്തേക്ക് പോയതാണ്. ബെഹ്റൈനില്‍ പൂന്തോട്ടമൊരുക്കുന്ന ജോലിയായിരുന്നു. സ്വന്തം ബിസിനസ് ആയിരുന്നു. കരാര്‍ എടുത്ത് ചെടികളും വൃക്ഷങ്ങളും നട്ടു പിടിപ്പിച്ചു കൊടുക്കും.

“കൂടുതലും സര്‍ക്കാര്‍ പ്രൊജക്റ്ററുകളായിരുന്നു. ബെഹ്റൈനിലായിരുന്ന 20 വര്‍ഷത്തിനിടയില്‍ നാട്ടിലേക്ക് വരാനും സാധിച്ചില്ല. 2008-ലാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്. പിന്നീട് തിരികെ പോയതുമില്ല.

ദാമോദരന്‍

“ഇരുവഴിഞ്ഞി പുഴയുടെ അടുത്താണ് തന്നെയാണ് ഞങ്ങളുടെ വീട്. ഗള്‍ഫിലേക്ക് പോകുന്ന കാലത്ത് നല്ല തെളിനീര് ഒഴുകുന്ന പുഴയായിരുന്നു. എന്നാല്‍ പ്രവാസമൊക്കെ കഴിഞ്ഞെത്തിയപ്പോള്‍ പുഴയും തീരവുമൊക്കെ മാലിന്യം നിറഞ്ഞ് കിടക്കുന്നതാണ് കണ്ടത്.

“അതൊക്കെ എങ്ങനെയെങ്കിലും നന്നാക്കണമെന്നു തോന്നി. അങ്ങനെയാണ് ആ പരിസരങ്ങളൊക്കെ വൃത്തിയാക്കുന്നത്. മുള നട്ടു പിടിപ്പിച്ചാല്‍ മണ്ണിടിച്ചിലുമുണ്ടാകില്ല, വൃത്തിയായിരിക്കുയും ചെയ്യുമല്ലോ,” എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം.

തീരത്തോട് ചേര്‍ന്നുകിടക്കുന്ന പുറമ്പോക്കിലാണ് മുളംതൈകള്‍ നട്ടു പിടിപ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യം പുഴയിലെ  മാലന്യം പെറുക്കി വൃത്തിയാക്കി. ഓരത്ത് സിമന്‍റ് ചാക്കില്‍ മണ്ണ് നിറച്ച് തിട്ടയുണ്ടാക്കി. മണ്ണ് നിറച്ച എണ്ണായിരം ചാക്കുകളാണ് അദ്ദേഹം ഇവിടെ സ്ഥാപിച്ചത്.

“പുഴയില്‍ വെള്ളം ഉയരുമ്പോള്‍ ഈ സിമന്‍റ് ചാക്കുകള്‍ക്കിടയിലെ ചെറിയ വിടവുകളിലേക്ക് മണ്ണ് വന്ന് നിറയുന്നതോടെഅവ മണ്ണിലുറച്ച് നില്‍ക്കും. ഇങ്ങനെയൊക്കെ ചെയ്തതിനു ശേഷമാണ് മുള നട്ടു പിടിപ്പിക്കുന്നത്,”  ദാമോദരന്‍ വിശദമാക്കി.

മുള കൊണ്ടുള്ള ബെഞ്ച്
മുളങ്കാട് കാണാനെത്തിയ കുരുന്നുകള്‍

“നാട്ടില്‍ നിന്നു തന്നെ ശേഖരിച്ച തൈകളാണ് നട്ടത്. പക്ഷേ അതൊക്കെ പുഴയില്‍ നിന്ന് പറമ്പിലേക്ക് വെള്ളം കയറിയപ്പോള്‍ ചീഞ്ഞു പോയി. ഏതാണ്ട് 500 എണ്ണത്തോളം ഉണ്ടായിരുന്നു,” അദ്ദേഹം ഓര്‍ക്കുന്നു.

ആ അനുഭവത്തിന് ശേഷം മൂന്നാലു കൊല്ലം പ്രായമുള്ള തൈകള്‍ നട്ടു പിടിപ്പിക്കാന്‍ തീരുമാനിച്ചു.

“ചാക്കില്‍ വളര്‍ത്തിയെടുത്ത മുളച്ചെടികള്‍ വയനാട്ടിലുണ്ടെന്നറിഞ്ഞാണ് അവിടേക്ക് പോകുന്നത്. തൈയ്ക്ക് 500 രൂപ വിലയുള്ള നാലു വര്‍ഷം പ്രായമുള്ള നാന്നൂറോളം മുള ചെടികളാണ് വയനാട്ടില്‍ നിന്നു വാങ്ങിച്ചത്.

“വലിപ്പമുള്ള മുളകളാണല്ലോ. അതുകൊണ്ട് ലോറിയിലാണ് മുക്കത്തേക്ക് കൊണ്ടുവരുന്നത്. ഒരു ലോഡിന് 15,000 രൂപ ചെലവിലാണ് വയനാട്ടില്‍ നിന്ന് തൈ കൊണ്ടുവരുന്നത്. ഒരു ട്രിപ്പില്‍ 15 തൈകള്‍ മാത്രമേ വയ്ക്കാനാകൂ,” അദ്ദേഹം പറയുന്നു.

“വണ്ടിക്കൂലിക്ക് തന്നെ നല്ലൊരു സംഖ്യ വേണ്ടി വന്നു. പുഴയോരത്ത് ഞാന്‍ തന്നെയാണ് തൈകള്‍ നട്ടു പിടിപ്പിച്ചത്. തീരം വൃത്തിയാക്കിയതും തൈകള്‍ കൊണ്ടുവന്നതും നട്ടതുമെല്ലാം തനിച്ചായിരുന്നു.

നട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മുള കരുത്തോടെ വളര്‍ന്നു പന്തലിച്ചു. പിന്നീട് മുളംതൈകള്‍ അവിടെ നിന്നുതന്നെ ശേഖരിച്ച് വീണ്ടും നട്ടുകൊണ്ടേയിരുന്നു.


ഇതുകൂടി വായിക്കാം:1,600 മുളംതൈകള്‍ നട്ടുപിടിപ്പിച്ച, സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്‍റുള്ള 10-ാംക്ലാസ്സുകാരി: നാടന്‍ പാട്ടുപാടിയും ചെണ്ടകൊട്ടിയും കിട്ടുന്ന പണം മുഴുവന്‍ മുളയ്ക്ക് വേണ്ടി 


“വിത്ത് പാകി മുളപ്പിച്ച ചെടികള്‍ തന്നെയാണ് വയനാട്ടില്‍ നിന്നും വാങ്ങിയത്. ബഡ് ചെയ്തതൊന്നും വേണ്ടന്ന തീരുമാനിച്ചിരുന്നു. വീട് വയ്ക്കാമെന്നു കരുതിയാണ് നാട്ടിലേക്ക് വരുന്നത്. അതിനു വേണ്ട കാശൊക്കെ സ്വരൂപ്പിച്ചാണ് അവിടെ നിന്നു വരുന്നതും.

“പക്ഷേ പുഴ തീരം കണ്ടപ്പോ വീട് വയ്ക്കാനല്ല ഇവിടെ വൃത്തിയാക്കണമെന്നാണ് തോന്നിയത്. വീട് വയ്ക്കാനുള്ള കാശാണ് ഈ മുള നടാന്‍ ഉപയോഗിച്ചത്. എട്ട് ലക്ഷം രൂപ ചെലവാക്കിയാണ് മുള തൈകള്‍ വാങ്ങുന്നതും നടുന്നതുമൊക്കെ.

“തറവാട് വീടായിരുന്നു. അതു പൊളിച്ച് പുതിയ വീട് വയ്ക്കണം എന്നൊക്കെയായിരുന്നു തീരുമാനങ്ങള്‍. പക്ഷേ നാട്ടുകാര്‍ക്കും കൂടി പ്രയോജനപ്പെടുന്ന കാര്യങ്ങളെന്തെങ്കിലും ചെയ്യണമെന്നു തോന്നി. വീട് വച്ചിട്ട് വലിയ കാര്യമൊന്നും ഇല്ലല്ലോ. താമസിക്കാന്‍ തറവാട് വീട് ഉണ്ടല്ലോ,” ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

എം.എന്‍ കാരശ്ശേരി കുട്ടികളോട് സംസാരിക്കുന്നു
വിദ്യാര്‍ഥികള്‍ക്കൊപ്പം ദാമോദരന്‍

മുനിസിപ്പാലിറ്റിയുടെ അനുവാദം വാങ്ങി തീരത്ത് ഏതാണ്ട് 400 മീറ്റര്‍ നീളത്തില്‍ പുഴതീരത്തെ പുറമ്പോക്കിലാണ് മുള നട്ടുപിടിപ്പിച്ചത്. മഞ്ഞമുളയാണ് അധികവും നട്ടിരിക്കുന്നത്. ഇപ്പോള്‍ മുളയൊക്കെ വളര്‍ന്ന് ഒരു കൂടാരം പോലെ പന്തലിച്ചു നില്‍പ്പുണ്ട്.

“ഈ തൈകളൊക്കെ വളര്‍ന്ന വലിയ പന്തല്‍ പോലെയായതോടെ എതിര്‍ത്തിരുന്നവരൊക്കെ നല്ലത് പറഞ്ഞു തുടങ്ങി,” എന്ന് ദാമോദരന്‍.

അംഗീകാരങ്ങളും തേടിയെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ വനമിത്ര, പ്രക‍ൃതിമിത്ര അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. മനോഹരമായ മുളംകാട് കാണാനും മുളബെഞ്ചിലിരിക്കാനുമൊക്കെ   നിരവധിയാളുകളാണ് വരുന്നത്.

പുഴയില്‍ നിന്ന് മുളങ്കാട്ടിലേക്ക് വെള്ളം കയറിയപ്പോള്‍

“വീട്ടിലും ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്നു. ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞതോടെ എതിര്‍പ്പുകളൊക്കെ ഇല്ലാതായി. ഇതൊരു വരുമാനം കിട്ടുന്ന കാര്യമല്ലല്ലോ.. വെറുതേ കാശ് കളയുകയാണെന്നു ആര്‍ക്കായാലും തോന്നുമല്ലോ.  പുഴയും മണ്ണുമൊക്കെ സംരക്ഷിക്കേണ്ടതാണെന്നു പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല. അതൊക്കെ എങ്ങനെ സംരക്ഷിക്കണമെന്നു ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് വേണ്ടത്.

“ആ തോന്നലിലാണ് ഇതൊക്കെ ചെയ്തത്. അനുഭവത്തിലൂടെയാണ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്ക് മനസിലാക്കേണ്ടത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സ്കൂള്‍ കുട്ടികള്‍ക്കായും മറ്റും പ്രകൃതി പഠന ക്ലാസുകളൊക്കെ ഈ മുളങ്കാട്ടില്‍ നടത്താറുണ്ട്. ദാമോദരന്‍ അത്തരം ക്ലാസുകള്‍ എടുക്കാന്‍ പോകാറുമുണ്ട്.

നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ക്കൊപ്പം ദാമോദരന്‍

“വീട്ടില്‍ നിന്ന് ഏതാണ്ട് 200 മീറ്റര്‍ ദൂരമേയുള്ളൂ പുഴത്തീരത്തേക്ക്. പതിവായി ഇവിടെ വരും, ചപ്പുചവറുകളൊക്കെ കളഞ്ഞു വൃത്തിയാക്കും.”

ഈ തണലില്‍ മുള കൊണ്ടുള്ള ബെഞ്ചുണ്ടാക്കിയതും ദാമോദരന്‍ തന്നെയാണ്. അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ വിവാഹം ഈ മുളമേലാപ്പിന് താഴെ വെച്ച് നടത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇവിടെ യോഗം ചേരാറുമുണ്ട്.

“വര്‍ഷക്കാലത്ത് പുഴയിലെ വെള്ളം ഇവിടേക്കും കയറും. പക്ഷേ മുളയുള്ളതുകൊണ്ട് മണ്ണിടിച്ചിലൊന്നും ഉണ്ടാകില്ല,”  ഓട്ടോ ഡ്രൈവര്‍ കൂടിയായ ദാമോദരന്‍ പറയുന്നു.

വീട്ടില്‍ നല്ലൊരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. അതില്‍ ബെംഗളുരുവില്‍ നിന്നുപോലും വില പിടിപ്പുള്ള ചെടികള്‍ കൊണ്ടുവന്നു നട്ടിട്ടുമുണ്ട്.

തറവാട്ടുവീട്ടില്‍ അദ്ദേഹത്തോടൊപ്പം സഹോദരി സജിനിയുമുണ്ട്.

അഭിപ്രായം  അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം