മുന്‍പ് പത്രവിതരണക്കാരന്‍, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്‍

ഒട്ടുമിക്ക അപൂര്‍വ ഇനം സസ്യങ്ങളുടെ പേരും പ്രാദേശികനാമവും ഗുണങ്ങളും ശാസ്ത്രനാമവുമൊക്കെ മന:പ്പാഠമാണ് സലിമിന്.

കാട്ടിലേക്കൊരു യാത്ര… മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്ന് കാട്ടരുവിയിലെ തണുത്ത വെള്ളം കോരിക്കുടിച്ച്, ഇടയ്ക്കൊന്ന് തണലില്‍ വിശ്രമിച്ച് വീണ്ടും നടന്ന്,… അങ്ങനെയങ്ങനെയൊരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്?

പ്രകൃതിയെ അറിഞ്ഞുള്ള ഈ സഞ്ചാരങ്ങളില്‍ പലര്‍ക്കും കാട് കാണാനും വന്യമൃഗങ്ങളെയും പക്ഷികളെയുമൊക്കെ ക്യാമറയില്‍ പകര്‍ത്താനുമൊക്കെയാകും ഇഷ്ടം തോന്നുക.

എന്നാല്‍ ചിലരുണ്ട്, കാട്ടിലേക്കുള്ള സഞ്ചാരങ്ങളില്‍ അപൂര്‍വ സസ്യങ്ങളെ തേടിപ്പോകുന്നവര്‍. അങ്ങനെയൊരാളാണ് വയനാട്ടുകാരന്‍ സലിം പിച്ചന്‍.

സലിം പിച്ചന്‍

ഈ യാത്രകളിലൂടെ സലിം പഠിച്ചെടുത്തത് അത്ര സുപരിചിതമല്ലാത്ത ഒരുപാട് സസ്യങ്ങളെക്കുറിച്ചാണ്. ഒട്ടുമിക്ക അപൂര്‍വ ഇനം സസ്യങ്ങളുടെ പേരും പ്രാദേശികനാമവും ഗുണങ്ങളും ശാസ്ത്രനാമവുമൊക്കെ മന:പ്പാഠമാണ് സലിമിന്.

അതുമാത്രമല്ല, സലിമിന്‍റെ പേരില്‍ ഒരു സസ്യം തന്നെയുണ്ട്. സസ്യങ്ങളെക്കുറിച്ച് നാല് പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്.  സസ്യശാസ്ത്രങ്ങളില്‍ ഗവേഷണം ചെയ്യുന്നവരുടെ പ്രിയ തോഴനുമാണ് വയനാട് എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം ജീവനക്കാരന്‍ കൂടിയായ ഈ പ്രകൃതിസ്നേഹി.

കാടിനോടും പ്രകൃതിയോടുമൊക്കെയുള്ള പ്രണയത്തില്‍ സലിം സഞ്ചരിക്കാത്ത വഴികളില്ല. പറപ്പന്‍പാറയ്ക്ക് സമീപമുള്ള ഗുഹയില്‍ കിടന്നുറങ്ങിയിട്ടുണ്ട്, അമ്പതിലേറെ തവണ ചെമ്പ്ര മല കയറിയിറങ്ങിയിട്ടുണ്ട്… പിന്നെ, കാട്ടാനയുടെ പിന്നിലൊളിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍…

“കഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. അതൊക്കെ ഒഴിവാക്കിയാണിപ്പോ കാടുകളിലൂടെ സസ്യങ്ങളുടെ പിന്നാലെ നടക്കുന്നത്.” അപൂര്‍വസസ്യങ്ങളിലേക്കുള്ള യാത്രാവിശേഷങ്ങളൊക്കെയും 

“കൃഷിക്കാര്യങ്ങളൊക്കെ നോക്കണം, രാവിലെ പത്രം ഇടാന്‍ പോകണം. പത്രവിതരണമായിരുന്നുട്ടോ അന്നത്തെ എന്‍റെ പ്രധാന വരുമാനം,” അപൂര്‍വ്വ സസ്യങ്ങളിലേക്കും കാട്ടിലേക്കുമുള്ള യാത്രാവഴികളെക്കുറിച്ച്  ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ്  പിച്ചൻ എം സലിം എന്ന സലിം പി. എം.

“പത്രവിതരണമൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും പശുവിനെ കറന്നിട്ടുണ്ടാകും. പിന്നെ പാല്‍ കൊടുക്കാന്‍ പോകും. പശുക്കള്‍ക്ക് പുല്ല് അരിയാന്‍ പോകുന്നതും ഞാനായിരുന്നു. ഇങ്ങനെയൊക്കെ നന്നായി പണിയെടുത്താണ് വളര്‍ന്നത്.”

കാര്‍ഷിക കുടുംബത്തിലാണ് വളര്‍ന്നതെങ്കിലും ഇന്നിപ്പോള്‍ ഏറെ കൃഷിയൊന്നും ചെയ്യുന്നില്ല. വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ കറച്ചു സസ്യങ്ങളൊക്കെ നട്ടിട്ടുണ്ട്. യാത്രകളില്‍ കിട്ടുന്ന പല ഓര്‍ക്കിഡുകളും വീട്ടുമുറ്റത്ത്  സംരക്ഷിക്കുന്നുമുണ്ട്. 120-ൽ പരം കാട്ടു ഓര്‍ക്കിഡുകളുണ്ട് ഇക്കൂട്ടത്തില്‍.

സലിമിന്‍റെ പേരുള്ള സ്വീഡന്‍ ഫെഡിനെല്ല സലീമി എന്ന സസ്യം

“1995- ലാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ജനശിക്ഷണന്‍ പ്രേരകായും പഞ്ചായത്തിന്‍റെ സാക്ഷരത കോഡിനേറ്ററായും സാമൂഹിക പ്രവര്‍ത്തകനായും മൃഗസംരക്ഷണ ഉദ്യോഗസ്ഥനായുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്നു,” സലിം തുടരുന്നു.

“ഇതിനൊക്കെ ശേഷമാണ് കല്‍പ്പറ്റയിലെ എം എസ് സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലേക്കെത്തുന്നത്. ഇവിടെ വന്നപ്പോഴാണ് സ്ഥാപനത്തിന്‍റെ മേധാവി ഡോ. അനില്‍ കുമാര്‍ സാറിനെ പരിചയപ്പെടുന്നത്.

“അദ്ദേഹമാണ് സസ്യങ്ങളുടെ ശാസ്ത്ര ലോകത്തെക്കുള്ള ആധികാരികമായ മാര്‍ഗനിര്‍ദേശം നല്‍കിയത്. 1997-ലെനിക്കൊരു സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് കിട്ടി.

“അന്നേരമാണ് വയനാട്ടിലെ സാമൂഹിക പ്രവർത്തകനായ പി.എ റഷീദിനോട് എന്നെ കാണണമെന്നു അനില്‍ കുമാര്‍ പറയുന്നത്. അദ്ദേഹവുമായുള്ള സൗഹൃദത്തിലൂടെയാണ് സസ്യവർഗ്ഗീകരണത്തിൽ കമ്പം കയറുന്നത്. പിന്നെ കാട്ടിലൂടെയും നാട്ടിലുമൊക്കെയുള്ള സസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി.”

ഇപ്പോള്‍ സലിമിന് രണ്ടായിരത്തിൽപരം സസ്യങ്ങളുടെ വിശേഷങ്ങള്‍ മന:പ്പാഠമാണ്. ചെടി കണ്ടാല്‍ അതിന്‍റെ പേരും ഊരും ശാസ്ത്രീയനാമവുമൊക്കെ തിരിച്ചറിയാം.

“ആദ്യമായി ഒരു ചെടിയുടെ ശാസ്ത്രീയ നാമം പഠിക്കാന്‍ ഒരാഴ്ച സമയമെടുത്തു,” എന്ന് അദ്ദേഹം സമ്മതിക്കുന്നു.   പിന്നെ പഠനങ്ങളും അന്വേഷണങ്ങളും ആവേശമായി.

“വയനാടന്‍ കാടുകളിലൂടെ ഒരുപാട് തവണ സഞ്ചരിച്ചിട്ടുണ്ട്. ഒരു രാത്രിയില്‍ വയനാട്ടിലെ നീലിമലയ്ക്കപ്പുറത്തെ താഴ്‍വാരത്തെ ചാലിയാറിലേക്കുള്ള കൈവരികള്‍ കടന്നുപോകുന്ന കാട്ടിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അന്നേരം പറപ്പന്‍പ്പാറയ്ക്ക് സമീപത്ത് ഗുഹയിലാണ് കിടന്നുറങ്ങിയത്,” കാടനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു സലിം.

“നേരം വെളുത്തതിന് ശേഷമാണ് എഴുന്നേറ്റ് ഗുഹയില്‍ നിന്നെഴുന്നേറ്റു പോയത്. …50-ലേറെ തവണ ചെമ്പ്ര മല കയറിയിട്ടുണ്ട്. എന്നു മാത്രമല്ല ആ മലയ്ക്ക് ചുറ്റും നടന്നിട്ടുണ്ട്. ഓര്‍ക്കിഡുകള്‍ കുറേയുള്ള അരണമല, പാമ്പും പാറ, വണ്ണാത്തിമലയിലെ പുല്‍മേടുകള്‍, വന്യമ‍ൃഗങ്ങളേറെയുള്ള കുറിച്യര്‍മല, ബാണാസുരയിലെ കൊടുമുടി, പക്ഷിപാതാളം, ബ്രഹ്മഗിരിയുടെ അതിര്‍ത്തിയിലെ മലനിരകള്‍ ഇവിടങ്ങളിലൂടെയൊക്കെ സ‍ഞ്ചരിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: 2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍


“വ്യത്യസ്തങ്ങളായ സസ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഈ യാത്രകളൊക്കെയും. ഈ യാത്രകളില്‍ അപൂര്‍വങ്ങളായ ചെടികളെ മാത്രമല്ല കണ്ടത്. പണ്ടുകാലത്ത് വിദേശികള്‍ ഉപേക്ഷിച്ചു പോയ ചിലതൊക്കെ കാണാനും സാധിച്ചിട്ടുണ്ട്.

“ടെന്നീസ് കോര്‍ട്ട്, നെരിപ്പോട്, കുതിരപ്പന്തി ഇതിനൊപ്പം ചില ഗുഹകളിലും പാറകളിലുമൊക്കെ വിദേശികള്‍ അവരുടെ പേരൊക്കെ കൊത്തി വച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്.

“പലരും ചോദിച്ചിട്ടുണ്ട് രാത്രീലൊക്കെ കാട്ടിലൂടെ സഞ്ചരിക്കാന്‍ ഭയമൊന്നുമില്ലേയെന്ന്. വനത്തില്‍ ഒറ്റപ്പെട്ടു പോയാലും പേടിക്കേണ്ടെന്നെ ഞാന്‍ പറയൂ. കാടുകളെ ഒരിക്കലും പേടിക്കേണ്ടതില്ല.

“വനത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ പാമ്പിനെ ചവിട്ടിയിട്ടുണ്ട്, കാട്ടാനയുടെ തൊട്ടു മുന്നിൽ പെട്ടിട്ടുണ്ട്. മൃഗങ്ങളൊന്നും ഉപദ്രവിക്കില്ല. അവയെ നമ്മള്‍ ശല്യം ചെയ്യാതിരുന്നാല്‍ മാത്രം മതി,” എന്ന് സലിം അനുഭവത്തില്‍ നിന്ന് പറയുന്നു.

സസ്യങ്ങളെ തേടിയുള്ള യാത്രയ്ക്കിടെ

യാത്രകളില്‍ കാമറ കൂടെക്കാണും. സസ്യങ്ങളെയൊക്കെ ശ്രദ്ധിക്കും. പരിചിതമല്ലാത്ത ഏതെങ്കിലും ചെടിയെ കണ്ടാല്‍ പരിശോധിക്കും, ചിത്രമെടുക്കും. തിരിച്ചിറങ്ങിയ ശേഷം ആ സസ്യത്തെക്കുറിച്ച് ഇന്‍റര്‍നെറ്റിലും മറ്റും അന്വേഷിക്കും.

“ആ സസ്യത്തെ കണ്ട വഴികളിലൂടെ വീണ്ടും പോകും. ഇങ്ങനെയുള്ള തുടര്‍ യാത്രകളിലാണ് സസ്യങ്ങളെ തിരിച്ചറിയുന്നത്. സസ്യങ്ങളുടെ വൈവിധ്യങ്ങളെ കണ്ടെത്തുന്നതിനും അവയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായി വനസംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പം ഒരുപാട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്,” സലിം കൂട്ടിച്ചേര്‍ത്തു.

വെറുതേ കാശും സമയവും കളഞ്ഞ് എന്തിനാണിങ്ങനെ സലിം കാട് കയറുന്നതെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ട്. എന്നാല്‍ ഈ കാടുകളിലൂടെ അന്വേഷണങ്ങളിലൂടെ അപൂര്‍വ ഇനം സസ്യങ്ങളെയും ഇദ്ദേഹം കണ്ടെത്തുകയോ കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കുകയോ ചെയ്തിട്ടുണ്ട്.

അക്കൂട്ടത്തിലൊന്നിന് സലിമിന്‍റെ പേരും മറ്റൊരു ചെടിക്ക് അദ്ദേഹത്തിന്‍റെ മകളുടെ പേരുമാണ് നല്‍കിയിരിക്കുന്നത്.

“ഷോലവന പ്രദേശത്ത് നിന്ന് കണ്ടെത്തിയ വള്ളിപ്പാല വര്‍ഗത്തില്‍പ്പെട്ട ടൈലോഫോറ ബാലകൃഷ്ണാനീ, സൊണറില്ല ജീനസ്സില്‍പ്പെട്ട സൊണറില്ല സുല്‍ഫി(Sonerila sulpheyi ), മലബാറിന്‍റെ മനോഹാരിത എന്ന അര്‍ത്ഥമുള്ള ഓര്‍ക്കിഡ് കുടുംബത്തിലെ ലിപ്പാരിസ് സന മലബാറിക്ക,

“പുല്‍മേടുകളില്‍ നിന്നും കണ്ടെത്തിയ ലിപ്പാരിസ്‌ ടൊര്‍റ്റിലിസ്, ചോലവനങ്ങളില്‍ മാത്രമുള്ള ഓര്‍ക്കിഡ് ഡെന്‍ഡ്രോബിയം അനിലി, ഇരപിടിയന്‍ സസ്യമായ സെറോപ്പീജിയ മനോഹരി, പാറകളില്‍ പറ്റിപിടിച്ച് വളരുന്ന സൊണെറില്ലാ ഇപെടുന്‍ഗുല എന്നിങ്ങനെ കുറേ സസ്യങ്ങളാണത്.

“കൂട്ടത്തില്‍ വിദേശങ്ങളില്‍ മാത്രം കാണുന്ന ഓര്‍ക്കിഡിനെയും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ലിപ്പാരിസ് ചാങ്ങ്ഗി എന്ന ഓര്‍ക്കിഡിനെ വയനാടന്‍ മലനിരകളില്‍ നിന്നാണ് കണ്ടെത്തിയത്.

” ഹോര്‍ത്തുസ് മലബാറിക്കസില്‍ പറയുന്ന 1679-ന് ശേഷം വംശനാശം സംഭവിച്ചുവെന്നു കരുതിയ വെള്ളപ്പൂക്കളോടു കൂടിയ ഹൈഗ്രോഫില്ല ഓറിക്കുലേറ്റ വെറൈറ്റി ആല്‍ബയും കണ്ടെത്താനായിട്ടുണ്ട്.

“ഇഞ്ചി വര്‍ഗത്തില്‍ പെടുന്ന അമോമം കന്നിക്കാര്‍പ്പം, മധ്യ ഭാരതത്തിലും ഡെക്കാന്‍ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സാര്‍ക്കോസ്റ്റിഗ്മ ഇന്‍റര്‍ മീഡിയം ഇതൊക്കെ  ഇവിടെ കണ്ടെത്തി.

“ഓര്‍ക്കിഡ് ചെടിക്കാണ് മോളുടെ പേരിട്ടിരിക്കുന്നത്. ലിപ്പാരിസ് സന മലബാറിക്ക എന്നാണതിന്‍റെ പേര്,” അദ്ദേഹം വ്യക്തമാക്കി.

ലിപ്പാരിസ് സന മലബാറിക്ക

വയനാട്ടെ സസ്യസമ്പത്തിനെക്കുറിച്ച്  സലിം നടത്തിയ പഠനങ്ങളും പുതിയ കണ്ടെത്തലുകളുമൊക്കെ പരിഗണിച്ച് കേരളത്തില്‍ നിന്ന് കണ്ടെത്തിയ സസ്യത്തിനാണ് ശാസ്ത്രജ്ഞര്‍ സ്വീഡന്‍ ഫെഡിനെല്ല സലീമി എന്ന പേര് നല്‍കിയത്.

കഴിഞ്ഞ 20 വര്‍ഷങ്ങളായി സലിം സസ്യങ്ങളുടെ വൈവിധ്യങ്ങള്‍ തേടി നടക്കുകകയാണ്. “ആദ്യനാളില്‍ ഞാനിങ്ങനെ പോകുമ്പോ ആള്‍ക്കാര് കളിയാക്കുമായിരുന്നു.

“ഭൂരിഭാഗം ആളുകള്‍ക്കും പണമുണ്ടാക്കുന്നതാണല്ലോ വലിയ കാര്യം. ഇങ്ങനെ കൈയിലുള്ള പൈസ കളഞ്ഞ് ചെടികള്‍, കാട് എന്നൊക്കെ പറഞ്ഞു പോകുമ്പോ ആള്‍ക്കാര് കളിയാക്കുമല്ലോ.

“പക്ഷേ സാധാരണ ആളുകള്‍ ചെയ്യാത്ത കാര്യമാണല്ലോ ഞാന്‍ ചെയ്യുന്നത്. സ്വന്തം വീട്ടുമുറ്റത്തും ഞാന്‍ ഇത്രയേറെ ഓര്‍ക്കിഡുകളും കിഴങ്ങുകളുമൊക്കെ സംരക്ഷിക്കുന്നുണ്ടല്ലോ. അതില്‍ അഭിമാനം തോന്നിയിട്ടേയുള്ളൂ.

“ഷബ്ന എന്നാണ് ഭാര്യയുടെ പേര്. കല്യാണത്തിന് മുന്‍പ് ഷബ്നയെ പെണ്ണ് കാണാന്‍ പോയപ്പോഴേ, കാട് കയറാനും മല കയറാനുമൊക്കെ പതിവായി പോകുന്നയളാണ്… പരാതി പറയരുതെന്ന് പറഞ്ഞിരുന്നു. അവര് ഒന്നും പറയാറില്ല. പിന്തുണയോടെ കൂടെയുണ്ട്.”

കാട്ട് ഓര്‍ക്കിഡുകള്‍ക്ക് പുറമെ 12-ലേറെ സെറോപിജിയ (Ceropegia) സസ്യയിനങ്ങള്‍, എട്ടോളം കുറിഞ്ഞികള്‍, പെപ്പറോമിയ (peperomia) വര്‍ഗ്ഗത്തിലെ  ഏഴിലധികം ഇനങ്ങളുടെ ജനിതകശേഖരം, 55-ലധികം കാട്ടുപഴങ്ങള്‍, 11-ഓളം വ്യത്യസ്ത കാട്ടു കിഴങ്ങുകള്‍, വംശനാശഭീഷണി നേരിടുന്ന 52 ഇനം അപൂര്‍വ സസ്യങ്ങള്‍… ഇതൊക്കെ വീട്ടിനുചുറ്റുമുള്ള 20 സെന്‍റിലാണ് സലിം നട്ടു പരിചരിക്കുന്നത്. 20,000-ത്തോളം സസ്യങ്ങളുടെയും പ്രകൃതി  ചിത്രങ്ങളും സൂക്ഷിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

സലിമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2015ലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം, 2012-ലെ വനമിത്ര പുരസ്കാരം, 2009-ല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ എക്സലന്‍സ് സര്‍ട്ടിഫിക്കറ്റ്, നെഹറു യുവകേന്ദ്രയുടെ യൂത്ത് അവര്‍ഡ് ഇങ്ങനെ ഒരുപാട് പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. സസ്യങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് അറിവ് നേടിയ സലിം ഒരുപാട് ഗവേഷക വിദ്യാര്‍ഥികള്‍ക്കും അറിവുകള്‍ പകര്‍ന്നു നല്‍കാറുണ്ട്.

വയനാട് അത്തിമൂലയില്‍ പിച്ചന്‍ മുഹമ്മദിന്‍റെയും കാപ്പന്‍ സൈബയുടെയും മകനാണ്. പഞ്ചായത്ത് ഉദ്യോഗസ്ഥയാണ് ഭാര്യ ഷബ്ന. രണ്ട് മക്കള്‍. നഴസ്റിയില്‍ പഠിക്കുന്ന സനയും ഒരു വയസുകാരി മകളുമാണുള്ളത്.


ഇതുകൂടി വായിക്കാം.:കിലോമീറ്ററുകള്‍ നടന്ന് ഉള്‍ക്കാടുകളിലെ മനുഷ്യരെത്തേടിച്ചെല്ലുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്ററുടെ അനുഭവങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം