Placeholder canvas

ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്

തങ്കച്ചന് നമ്മളോടെല്ലാം ഒരു അപേക്ഷയുണ്ട്: വലിയ പൂച്ചകളെ ഉപേക്ഷിച്ചാല്‍ അവ എങ്ങനെയെങ്കിലും ജീവിക്കും, കുഞ്ഞിപ്പൂച്ചകള്‍ അങ്ങനെയല്ല. അതുകൊണ്ട്…

വീട്ടുമുറ്റം നിറയെ പൂച്ചകള്‍. പല നിറങ്ങളിലുള്ള കുഞ്ഞിപ്പൂച്ചകളും കണ്ടന്‍പൂച്ചകളും അമ്മപ്പൂച്ചകളുമൊക്കെ വയനാട്ടുകാരന്‍ മടയകുന്നേല്‍ തങ്കച്ചന്‍റെ വിശാലമായ വീട്ടുമുറ്റത്ത് കളിച്ച് രസിച്ച് നടക്കുകയാണ്.

പൂച്ചകളോടുള്ള ഇഷ്ടം തങ്കച്ചന് കുട്ടിക്കാലം മുതലുണ്ട്. എന്നാല്‍ വെറുമൊരു ഇഷ്ടം മാത്രമല്ല.

വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുപൂച്ചകളെയും, അപകടത്തില്‍ പരുക്കേറ്റ പൂച്ചകളേയുമാണ് അദ്ദേഹം വീട്ടില്‍ സംരക്ഷിക്കുന്നത്. കൂട്ടത്തില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഏതാനും നായകളെയും പോറ്റുന്നുണ്ട്.

ചിക്കനും ചോറും നല്‍കി വളര്‍ത്തുന്ന അരുമകള്‍ക്ക് മരുന്നിനും ഡോക്റ്ററെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനുമൊക്കെയായി നല്ല തുക ചെലവുമുണ്ട്. ഇപ്പോള്‍ 55 പൂച്ചകളുണ്ട് ഈ വീട്ടില്‍.

തങ്കച്ചന്‍റെ വീട്ടിലെ പൂച്ചകള്‍

വയനാട് കാവുംമന്ദം ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലമേയുള്ളൂ തങ്കച്ചന്‍റെ  വീട്ടിലേക്ക്.

“എന്‍റെ കുട്ടിക്കാലം മുതല്‍ വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നുണ്ട്,” പൂച്ചവീട്ടിലെ വിശേഷങ്ങളിലേക്ക് തങ്കച്ചന്‍ ക്ഷണിക്കുന്നു.  “അന്നൊക്കെ അഞ്ചോ ആറോ പൂച്ചകളേയുണ്ടായിരുന്നുള്ളൂ. പിന്നീട് കുറച്ചുകാലം ഒറ്റപൂച്ച പോലും വീട്ടിലുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം മുന്‍പാണ് വീണ്ടും പൂച്ചകളെ വളര്‍ത്തി തുടങ്ങുന്നത്,” തങ്കച്ചന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“അഞ്ച് വർഷം മുൻപ് ആരോ വഴിയിൽ ഉപേക്ഷിച്ചു പോയ പൂച്ചയെ എടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നതാണ്. പിന്നെ ഓരോന്ന് കൂടിക്കൂടി ഇത്രയും പൂച്ചകളായി. വഴിയോരങ്ങളില്‍ നിന്ന് കിട്ടിയതാണ് കൂടുതലും.

“വണ്ടിയിടിച്ചോ ഭക്ഷണം കഴിക്കാതെ തളര്‍ന്ന അവസ്ഥയിലൊക്കെയാണ് പൂച്ചകളെ കിട്ടുക,” യാത്ര ചെയ്യുമ്പോഴേക്കൊക്കെ വഴിയിൽ കിടന്ന് കരയുന്ന പൂച്ചകളെ കണ്ടാൽ തങ്കച്ചന്‍ എടുത്ത് വണ്ടിയിലിട്ട് കൊണ്ടുപോരും.

തങ്കച്ചന്‍

അപകടത്തില്‍ പെട്ടവ പൂച്ചകളെ ശുശ്രൂഷിച്ചും ഡോക്റ്ററെ കാണിച്ച് നല്ല പോലെ ഭക്ഷണവും മരുന്നും നല്‍കി നോക്കിയും ആരോഗ്യവാന്‍മാരും ആരോഗ്യവതികളുമാക്കിയെടുക്കും.

“ചെറുപ്രായത്തിൽ തന്നെ പൂച്ചകളെ വഴിയിൽ ഉപേക്ഷിക്കുമ്പോ ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിച്ച അവസ്ഥയിലായിരിക്കും. ആരോ​ഗ്യവും ഉണ്ടാകില്ല. ആശുപത്രിയിലൊക്കെ കൊണ്ടുപോയി നന്നാക്കിയെടുക്കുകയാണ് പതിവ്,” എന്ന് തങ്കച്ചന്‍ വിശദമാക്കുന്നു.

“ഉപേക്ഷിക്കുന്ന വലിയ പൂച്ചകള്‍ എവിടേക്കെങ്കിലുമൊക്കെ പോയ്ക്കോളൂം. കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. സ്വയം ഭക്ഷണം കണ്ടെത്താനാകുന്ന പ്രായമെത്തിയിട്ട് പൂച്ചകളെ ഉപേക്ഷിച്ചാലും സാരമില്ല,”  എന്ന് തങ്കച്ചന്‍ ഒരു അപേക്ഷയെന്നോണം എല്ലാവരോടുമായി പറയുന്നു.

“പുഴു അരിച്ച രൂപത്തിലും പൂച്ചയെ കിട്ടിയിട്ടുണ്ട്. വഴിയോരത്ത് നിന്ന് എടുക്കുമ്പോ പ്രശ്നമൊന്നും തോന്നിയില്ല, മൃഗാശുപത്രിയിലെത്തിയപ്പോഴാണ് പുഴു അരിച്ചെന്നു കണ്ടത്. പക്ഷേ രക്ഷിക്കാനായില്ല,” അദ്ദേഹം സങ്കടത്തോടെ ഓര്‍ക്കുന്നു.

“കാവുംമന്ദത്തിന് മൂന്നു കിലോമീറ്റർ അപ്പുറത്തുമൊരു മ‍ൃ​ഗാശുപത്രിയുണ്ട്. സ്ഥിരമായി ഇവിടെയാണ് പൂച്ചകളെ കാണിക്കുന്നത്. ഇവിടെ ചികിത്സിക്കാന്‍ സാധിക്കാത്ത കേസുകള്‍ വന്നാല്‍ 20 കിലോമീറ്റര്‍ അകലെ പൂക്കോട്ടൂര്‍ വെറ്റിനറി കോളെജിലേക്ക് കൊണ്ടു പോകാറുണ്ട്,”  തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. 

വീട്ടിൽ പൂച്ചകളുണ്ട് വന്നു കൊണ്ടു പോയ്ക്കോളൂവെന്നു പറഞ്ഞ് കുറേപ്പേര്  തങ്കച്ചനെ വിളിക്കാറുണ്ട്. അങ്ങനെ എല്ലാ പൂച്ചകളെയും സ്വീകരിക്കാൻ തുടങ്ങിയാൽ പൂച്ചകളുടെ എണ്ണം 55-ലധികമാകുമായിരുന്നുവെന്നു അദ്ദേഹം.

“വടകരയിൽ നിന്നൊക്കെ ആൾക്കാര് വിളിച്ചിട്ടുണ്ട്, ഈ അടുത്ത ദിവസം ഒരാൾ വിളിച്ചതേയുള്ളൂ… നാലു പൂച്ചക്കുട്ടികളുണ്ട് അവിടേക്ക് കൊണ്ടുവരട്ടേയെന്നു ചോദിച്ചു. ഒരു രക്ഷയുമില്ലെങ്കിൽ കൊണ്ടുവന്നോ എന്നാ പറഞ്ഞത്. ”

തങ്കച്ചന്‍ സംരക്ഷിക്കുന്ന നായകള്‍

“മീനങ്ങാടിയിൽ നിന്നൊരാൾ ഒരു പൂച്ചയെ കൊണ്ടു വന്നു തന്നിരുന്നു. ഡൽഹിയിലേക്ക് പോകേണ്ട ആവശ്യമുണ്ട്, രണ്ടാഴ്ചത്തേക്ക് ഇവിടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വന്നത്.

“ഒന്നര വയസുള്ള ഒരു കണ്ടൻപൂച്ചയായിരുന്നു. അതൊരു പ്രശ്നക്കാരനായിരുന്നു. മൂന്നു ദിവസം മുറിയിലൊക്കെയിട്ട് വളർത്തി. പക്ഷേ, ശരിയായില്ല. പിന്നെ പുറത്ത് വിട്ടതോടെ എങ്ങോട്ടേക്കോ പോയ്ക്കളഞ്ഞു ആ പൂച്ച. ആറു നായകളെയും വളര്‍ത്തുന്നുണ്ട്. വലിയ പൂച്ചകളെ ഇവിടേക്ക് കൊണ്ടുവന്നാൽ അവ നിൽക്കില്ല, വലിയ പൂച്ചകൾ വീട്ടിൽ നിന്നിറങ്ങി പോകും,” എന്നാണ് തങ്കച്ചന്‍റെ അനുഭവം.

ഇത്രയധികം പൂച്ചകളെ ശുശ്രൂഷിക്കുന്നതും വളര്‍ത്തുന്നതും ചില്ലറ പണിയല്ല.  “രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം മുറ്റം വൃത്തിയാക്കണം. പൂച്ചകൾ മുറ്റമൊക്കെ വൃത്തികേടാക്കിയിട്ടിട്ടുണ്ടാകും. വൃത്തിയാക്കൽ തന്നെ വലിയ പണിയാണ്.

“രാത്രി അവയ്ക്ക് ഉറങ്ങാനിടമുണ്ട്. വീടിനോട് ചേര്‍ന്ന് ചെറിയൊരു ചാർത്ത് പോലെയുണ്ടാക്കി കൊടുത്തിട്ടുണ്ട്. പക്ഷേ പൂച്ചകള്‍ തോന്നിയ ഇടത്ത് കിടന്നുറങ്ങും,” തങ്കച്ചന്‍ അവരുടെ വികൃതിയോര്‍ത്ത് വാത്സല്യം വിടാതെ പറയുന്നു.


ഇതുകൂടി വായിക്കാം:പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും


“ചിക്കൻ പാർട്സ് വാങ്ങിച്ചു വേവിച്ച് ചോറിനൊപ്പം കൊടുക്കുകയാണ് പതിവ്. രണ്ട് നേരം ഇതു കൊടുക്കും. പൂച്ചകള്‍ക്ക് വേണ്ടി ഒരു ദിവസം രണ്ട് കിലോ അരിയും രണ്ട് രണ്ടര കിലോ ചിക്കൻ പാർട്സും വാങ്ങുന്നുണ്ട്,” അദ്ദേഹം മെനുവിലേക്ക് കടന്നു. “കിലോയ്ക്ക് 60 രൂപയ്ക്ക് കിട്ടി കൊണ്ടിരുന്ന ചിക്കന്‍ പാര്‍ട്സിനിപ്പോള്‍ 80 രൂപയാണ് വില.”

പിന്നെ അവയ്ക്ക് അസുഖം വരുമ്പോള്‍ ആശുപത്രിയിലേക്കോടണം… പിന്നെ, ഇത്രയും കാലത്തെ അനുഭവം വെച്ച് തങ്കച്ചന്‍ കുറേയൊക്കെ ഗൃഹചികിത്സ നടത്തും. അത്യാവശ്യം മരുന്നൊക്കെ വീട്ടില്‍ സ്റ്റോക്കുണ്ടാവും.

“വിരയ്ക്കുള്ള മരുന്ന് ഒക്കെ ഇവിടെ വാങ്ങി വച്ചിട്ടുണ്ട്. മാസത്തിലൊരിക്കൽ ഇതു കൊടുക്കണമെന്നാ ഡോക്റ്റർ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളില്‍ വൈറസ് വന്നു കുറേ പൂച്ചകൾ ചത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 25 പൂച്ചകളാണ് ചത്തത്.

“അന്ന് ഈ രോ​ഗത്തിനെതിരേയുള്ള വാക്സിന്‍ നമുക്ക് കിട്ടിയിരുന്നില്ല. പക്ഷേ ഈ വർഷം വാക്സിൻ കിട്ടി, എല്ലാ പൂച്ചകൾക്കും കൊടുക്കുകയും ചെയ്തു,” അദ്ദേഹം ആശ്വാസത്തോടെ കൂട്ടിച്ചേര്‍ത്തു.

“അന്ന് ഒരു വാക്സിന് 3,000 രൂപയായിരുന്നു വില. അതൊന്നും എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല. ഇപ്പോ ഒരു വാക്സിന് 600 രൂപയാണ് വില.” ഒരെണ്ണത്തിന് വന്നാല്‌ മതി ബാക്കി എല്ലാ പൂച്ചകള്‍ക്കും വരും. അങ്ങനെ വന്നാല്‍ കുഞ്ഞിപ്പൂച്ചകള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും തങ്കച്ചന്‍ പറഞ്ഞു.

പൂച്ചകളെ നോക്കുന്നതില്‍ ഭാര്യ ജിജിയും മക്കള്‍ ആല്‍ബിനും സെബിനും പിന്തുണയോടെ കൂടെ നില്‍ക്കുന്നുണ്ട്.

“എന്നാല്‍ എന്തിനാ വളർത്തുന്നത്, എന്ത് കാര്യമുണ്ട്, വേറെ എന്തെങ്കിലിനെയും വളർത്തിക്കൂടെ എന്നൊക്കെ ചിലര്‍ ചോദിച്ചിട്ടുണ്ട്. പിന്നെ ഒരു കൂട്ടര് പറയും. ഇതിന്‍റെയൊക്കെ രോമം ഭക്ഷണത്തിലൊക്കെ വീണാൽ നമുക്ക് അസുഖമൊക്കെ വരുമെന്ന്.

“പക്ഷേ അടുക്കളയിലേക്കോ മുറികളിലേക്കോ ഒന്നും ഈ പൂച്ചകള്‍ വരാറില്ല. മുറ്റത്ത് തന്നെയായിരിക്കും. തെരുവില്‍ നിന്നു കിട്ടിയ ആറു നായകളും വീട്ടിലുണ്ട്.”

കാവുംമന്ദം ടൗണില്‍ മൊബൈല്‍ ആക്സസറീസ് വില്‍ക്കുന്ന കട നടത്തുകയാണ് തങ്കച്ചന്‍. ആ ഷോപ്പിലും അവിടെയും സ്ഥിരമായി വരുന്ന നായകളും പൂച്ചകളുമുണ്ട്.

“പതിവായി ഇവര്‍ക്ക് ഭക്ഷണം നല്‍കാറുമുണ്ട്. പൂച്ചകളും നായകളും മാത്രമല്ല കുറച്ച് കൃഷിയമുണ്ട്. വാഴ കൃഷിയാണ് ചെയ്യുന്നത്. പിന്നെ പശുവിനെയും തറാവിനെും കോഴികളെയുമൊക്കെ വളര്‍ത്തുന്നുമുണ്ട്,” തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:ഉപേക്ഷിക്കപ്പെട്ട  അരുമകള്‍ക്ക് 2.5 ഏക്കറില്‍ അഭയകേന്ദ്രം തീര്‍ത്ത് പ്രീതി; തെരുവില്‍ നിന്നെടുത്ത് പോറ്റുന്നത് 60 നായ്ക്കളെയും 22 കന്നുകാലികളെയും


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം