17 ഏക്കര്‍ തരിശില്‍ നെല്ലും ആപ്പിളും ഏലവും വിളയിച്ച കര്‍ഷകന്‍; മാസം 1ലക്ഷം രൂപ വരുമാനം

പാറ നിറഞ്ഞ വരണ്ട പ്രദേശമായിരുന്നു അത്. ആറ് വര്‍ഷം കൊണ്ട് 300 ലോറി പാറയാണ് ഇവിടെ നിന്നും മാറ്റിയത്.

ജി എന്‍ നായിഡുവും ഭാര്യ സത്യവതിയും ഹൈദരാബാദുകാരാണ്. ഒരു ഇലക്ട്രോണിക്‌സ് ഗുഡ്‌സ് കമ്പനിയില്‍ സമാന്യം നല്ല ശമ്പളം കിട്ടുന്ന ജോലിയുമായി കഴിഞ്ഞുകൂടുകയായിരുന്നു ഇരുവരും. 1980-കളുടെ അവസാനമാണ് കാലം. എന്നാല്‍ പയ്യെപ്പയ്യെ തങ്ങളുടെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ലെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി.

അങ്ങനെ, 1989-ല്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം അവരെടുത്തു. ആ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുക.

നായിഡുവും ഭാര്യയും 17 ഏക്കര്‍ സ്ഥലം വാങ്ങി, തനി തരിശുഭൂമി. അതും തരമതിപേട്ട് ഗ്രാമത്തിലെ ക്വാറി പ്രദേശത്തിനടുത്ത്. ഹൈദരാബാദില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു കൃഷി ചെയ്യാനായി അവര്‍ വാങ്ങിയ തരിശ് ഭൂമിയിലേക്ക്.

പിന്നീട് കണ്ടത് കഠിനാധ്വാനം കൊണ്ട് ആ കുടുംബം നടത്തിയ മായാജാലമായിരുന്നു. വെറും ആറ് വര്‍ഷത്തിനുള്ളില്‍ വരണ്ടുകിടന്ന ആ 17 ഏക്കര്‍ നിലത്തെ പച്ചപ്പ് തുടിക്കുന്ന ജൈവ ഫാമാക്കി മാറ്റി നായിഡുവും സത്യവതിയും. നെല്ല് വിളയിക്കാന്‍ അഞ്ചേക്കര്‍ തന്നെ മാറ്റിവച്ചു. 20 ഇനം പഴങ്ങളും കുരുമുളകും ഏലവും കാപ്പിയും ഉള്‍പ്പടെ നിരവധി മറ്റ് വിളകളും കൃഷി ചെയ്യുന്നു ഇവര്‍.

നെല്ലുമാത്രമല്ല നിരവധി ഫലവൃക്ഷങ്ങളും നായിഡു കൃഷി ചെയ്തു

ഓരോ മാസവും ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ വരുമാനമാണ് ഈ ദമ്പതികള്‍ ഈ കൃഷിത്തോട്ടത്തില്‍ നിന്ന് മാത്രമുണ്ടാക്കുന്നത്.

കാര്‍ഷിക യാത്രയുടെ തുടക്കം

ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ബാലകൃഷ്ണപുരം ഗ്രാമത്തിലായിരുന്നു നായിഡുവിന്‍റെ ജനനം. പോളിടെക്‌നിക് കോളെജിലെ ഇലക്ട്രോണിക്‌സ് പഠനത്തിന് ശേഷം 1989 വരെ ഒരു ഇലക്ട്രോണിക്‌സ് ഗുഡ്‌സ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്തു. ഭാര്യ സത്യവതിയും അതേ സ്ഥാപനത്തില്‍ ഓഫീസ് അസിസ്റ്റന്‍റായിരുന്നു.

“കിട്ടുന്ന വരുമാനത്തിലും ജോലിയിലും അന്ന് സംതൃപ്തരായിരുന്നു ഞങ്ങള്‍. ആവശ്യത്തിന് സമ്പാദ്യവുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ വേരുകളിലേക്ക് മടങ്ങിപ്പോകണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. കൂടുതല്‍ അര്‍ത്ഥവത്തായ എന്തിലെങ്കിലും ഞങ്ങളുടെ സമയവും ഊര്‍ജവും ചെലവഴിക്കണമെന്നും തോന്നി. അങ്ങനെയാണ് കൃഷിയിലേക്കെത്തിയത്,” മണ്ണിലേക്കുള്ള മടക്കത്തെക്കുറിച്ച് 66-കാരനായ നായിഡു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

കൃഷി തുടങ്ങുന്നതിനെ കുറിച്ച് സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞപ്പോള്‍ എല്ലാവരും നായിഡുവിനോട് പറഞ്ഞു, ‘നല്ല ജോലി കളയരുത്.’

കൃഷിക്കായുള്ള ഭൂമി വാങ്ങാന്‍ തീരുമാനിച്ചപ്പോഴും നിരുല്‍സാഹപ്പെടുത്തലായിരുന്നു എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് നായിഡു. “പാറക്കെട്ടുകള്‍ നിറഞ്ഞ നിലത്ത് എന്ത് കൃഷിയെന്നായിരുന്നു ചോദ്യം. അസാധ്യമെന്നാണ് പലരും പറഞ്ഞത്,” നായിഡു ഓര്‍ത്തെടുക്കുന്നു.

എന്നാല്‍ ഗ്രാമീണത്തനിമ ചോരാത്ത ആ മനുഷ്യനും ഭാര്യയും ദൃഢനിശ്ചയത്തിലായിരുന്നു. അവര്‍ തീരുമാനവുമായി മുന്നോട്ടു പോയി. തരമതിപേട്ടിലെ ആ നിലം തന്നെ വാങ്ങുകയും ചെയ്തു. ആറ് വര്‍ഷത്തോളം അവര്‍ ജീവിച്ചത് നേരത്തെ സമ്പാദിച്ചുവച്ച പൈസയെടുത്തായിരുന്നു. ആ സമയം മുഴുവനും തങ്ങള്‍ സ്വപ്നം കാണുന്ന കൃഷിക്കായി തരിശ്ഭൂമിയെ സജ്ജമാക്കുന്ന കഠിന പ്രയത്‌നത്തിലായിരുന്നു നായിഡുവും സത്യവതിയും.

ജി എന്‍ നായിഡു

“ഭൂമിയിലല്ലാതെ, ഞങ്ങള്‍ നടത്തിയ പ്രാഥമിക നിക്ഷേപം രണ്ട് പശുക്കളിലായിരുന്നു. വരണ്ട ഭൂമി കൃഷിയോഗ്യമാക്കുന്നതിനായി പശുക്കളില്‍ നിന്നുള്ള ചാണകമാണ് ഉപയോഗപ്പെടുത്തിയത്,”സത്യവതി പറയുന്നു.

കൃഷിയിലെ എസ്ആര്‍ഐ രീതി

ആദ്യം ഒരേക്കര്‍ ഭൂമിയിലാണ് നായിഡു കൃഷി തുടങ്ങിയത്. അതിന് ശേഷം നെല്‍ കൃഷി വ്യാപകമാക്കി. നെല്‍കൃഷിയില്‍ നിന്ന് കൂടുതല്‍ നേട്ടം നല്‍കുന്ന റൈസ് ഇന്റന്‍സിഫിക്കേഷന്‍ ടെക്‌നിക്കി(എസ്ആര്‍ഐ)നെ കുറിച്ച് നായിഡു മനസിലാക്കിയതായിരുന്നു കൃഷി വ്യാപകമാക്കാന്‍ കാരണമായത്.

“ഈ സാങ്കേതികവിദ്യ എന്‍റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. നെല്‍ കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ചത്ര നേട്ടം ലഭിക്കില്ലെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. അത് എസ്ആര്‍ഐ രീതി തിരുത്തി. മണ്ണില്‍ വലിയ ആഴത്തില്‍ നെല്ല് നടാന്‍ പാടില്ലെന്നാണ് ഞാന്‍ സഹകര്‍ഷകര്‍ക്ക് നല്‍കുന്ന മറ്റൊരു ഉപദേശം. നമ്മള്‍ അത് മണ്ണിലിട്ടേക്കുക, അതിന്‍റെ വേരുകള്‍ ജലം തേടി പോകും. കൃത്യമായ അകലങ്ങളില്‍ വിള നടുകയെന്നതാണ് പ്രധാനം. വേരുകള്‍ സ്വന്തം നിലയ്ക്ക് ജലം തേടും, അതിനാവശ്യമായ സൂക്ഷമ പോഷകങ്ങളെ വലിച്ചെടുക്കുകയും ചെയ്യും,” നായിഡു പറയുന്നു.

“പരമ്പരാഗത രീതിയില്‍ ഒരേക്കറില്‍ നെല്‍ക്കൃഷി ചെയ്യാന്‍ 20 കിലോഗ്രാം വിത്താണ് ഉപയോഗിക്കുക. എന്നാല്‍ എസ്ആര്‍ഐ രീതിയില്‍ വേണ്ടത് ആകെ രണ്ട് കിലോഗ്രാം വിത്താണ്.”

ഈ നവീന കൃഷി രീതി അവലംബിച്ച് അഞ്ചേക്കറിലാണ് നായിഡുവിന്‍റ് നെല്‍കൃഷി. ഓരോ വര്‍ഷവും ഇതിലൂടെ ലഭിക്കുന്നത് 90 ചാക്ക് അരിയാണ്.

മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു

“നെല്‍കൃഷിയില്‍ മാത്രമേ ഞാന്‍ ശ്രദ്ധ വച്ചുള്ളൂവെങ്കില്‍ ഇപ്പോള്‍ പാപ്പരായിപ്പോയേനെ. അതിനാലാണ് ഞാന്‍ സമ്മിശ്ര കൃഷി പ്രായോഗികവല്‍ക്കരിച്ചത്. വരള്‍ച്ചാകാലം വരുമ്പോള്‍ നെല്‍കൃഷി ആ വര്‍ഷം ചെയ്യില്ല, പകരം മറ്റെന്തെങ്കിലും വിളകളിലേക്ക് തിരിയും. പഴങ്ങളും പച്ചക്കറികളും കൂടാതെ 20 ഇനങ്ങളിലുള്ള പൂക്കളും ഞാന്‍ കൃഷി ചെയ്യുന്നുണ്ട്. ബെംഗളൂരുവിലെ വിപണികളിലേക്കാണ് പൂക്കള്‍ എത്തിക്കുന്നത്,” നായിഡു വിശദമാക്കുന്നു.

പപ്പായ, പേരക്ക, നേന്ത്രക്കായ, ഏഴ് തരം മാവിനങ്ങള്‍, ഇന്‍ഡ്യന്‍ ബ്ലാക്ക്‌ബെറീസ്, നാളികേരം, ആപ്പിള്‍ തുടങ്ങി നിരവധി പഴങ്ങള്‍ നായിഡുവിന്‍റെയും സത്യവതിയുടെയും കൃഷിയിടങ്ങളില്‍ വിളയുന്നു. തക്കാളി, വെണ്ട, വഴുതന, ബീന്‍സ്, പച്ചമുളക് തുടങ്ങി പച്ചക്കറികളുടെ വ്യത്യസ്തമായ നിരയും 17 ഏക്കറില്‍ ഇടം പിടിച്ചിട്ടുണ്ട്.

മികച്ച വരുമാനം
ഇന്ന് മാസം ഒരു ലക്ഷം രൂപ വരെ കൃഷിയിടത്തില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 12 ജീവനക്കാരും ഈ കാര്‍ഷിക സംരംഭത്തിന്‍റെ ഭാഗമാണ്. പച്ചക്കറികളും പഴങ്ങളും കൂടാതെ കോഴി വളര്‍ത്തലിലേക്കും ക്ഷീര കൃഷിയിലേക്കും നായിഡു തിരിഞ്ഞിട്ടുണ്ട്. 12 പശുക്കളും കോഴികളുമെല്ലാം ഫാമിലുണ്ട്.

ഇന്‍റെന്‍സീവ് റൈസ് ഫാമിങ് രീതിയാണ് നായിഡുവിന്‍റെ വിജയം ഉറപ്പിച്ചത്.

“തുടക്കം മുതലേ ഈ ഫാമില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നു എനിക്ക്. എന്‍റെ ഭര്‍ത്താവിന്‍റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായാണ് ഇന്ന് ഈ കൃഷിയിടം നിലകൊള്ളുന്നത്. ഹൈദരാബാദിലെ ദില്‍ഷുക്‌നഗറിലാണ് ഞങ്ങളുടെ വീടെങ്കിലും എന്നും രാവിലെ തരമതിപ്പേട്ടിലുള്ള ഫാമിലേക്ക് ഞാനും അദ്ദേഹവുമെത്തുന്നു. കൃഷി ചെയ്യുന്നത് കൂടാതെ, ഗ്രാമങ്ങളിലുള്ളവര്‍ക്കായി കാര്‍ഷിക ക്ലാസുകളും ഞങ്ങള്‍ നടത്തുന്നുണ്ട്. വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്കായും കാര്‍ഷിക ബോധവല്‍ക്കരണ പരിപാടികളും നടത്താറുണ്ട്,”സത്യവതി പറയുന്നു.

“നാഗരത്‌നം നായിഡു ഫാം സന്ദര്‍ശിച്ചത് സ്വപ്‌നതുല്യമായ അനുഭവമായിരുന്നു എനിക്ക് നല്‍കിയത്. ഫാമിലേക്കുള്ള വഴികളില്‍ നിറയെ പാറകളും വരണ്ട നിലങ്ങളുമാണ് നമുക്ക് കാണാനാകുക. എന്നാല്‍ ഫാമിലെത്തിയാല്‍ ആരും അല്‍ഭുതപ്പെട്ടുപോകും. അത്രമാത്രം പച്ചപ്പുകൊണ്ട് നിറഞ്ഞിരിക്കുന്നു അവിടം,” ഫീല്‍ഡ് ട്രിപ്പിന്‍റെ ഭാഗമായി നായിഡുവിന്റെ ഫാമില്‍ സന്ദര്‍ശനം നടത്തിയ ഹൈദരാബാദിലെ സംരംഭകനായ സുര ദസിധര്‍ പറയുന്നു.

ആറ് വര്‍ഷം കൊണ്ട് 300 ലോറിക്കുള്ള പാറയാണ് ഈ തരിശ്ഭൂമിയില്‍ നിന്ന് മാറ്റിയത്. അത്രയ്ക്ക് ഭീകരാവസ്ഥയിലുള്ള വരണ്ട പ്രദേശമായിരുന്നു അവിടം. അതിനെയാണ് നിറയെ പഴങ്ങളും പച്ചക്കറികളും വിളയുന്ന ഹരിതഭൂമിയാക്കി ഈ കര്‍ഷകന്‍ മാറ്റിയത്

ജി എന്‍ നായിഡു തന്‍റെ പശുക്കളോടൊപ്പം

അവാര്‍ഡുകളും അംഗീകാരങ്ങളും
ഇത്ര നല്ല വിളവെടുപ്പുള്ള നാഗരത്‌നം നായിഡു ഫാമിനെ തേടി നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഒരിക്കല്‍ ഫാം സന്ദര്‍ശിച്ചിരുന്നു. ഫാമിലേക്കുള്ള വഴി പ്രത്യേകം ടാര്‍ ചെയ്ത് മികവുറ്റതാക്കാനുള്ള നടപടിയും അദ്ദേഹം സ്വീകരിച്ചു. ഇത്രയും ശ്രദ്ധേയമായ ഫാമിലേക്ക് സുഗമമായി ജനങ്ങള്‍ക്ക് എത്തിപ്പെടുന്നതിനായിരുന്നു അദ്ദേഹം അത് ചെയ്തത്.

പരമ്പരാഗത കൃഷി രീതികളില്‍ മാറ്റം കൊണ്ടുവരുന്നതിന് ഗ്രാമങ്ങളിലെ നിരവധി കര്‍ഷകരെ പ്രേരിപ്പിക്കാനും കൂടുതല്‍ വിളവ് ലഭിക്കുന്ന തരത്തിലേക്ക് കര്‍ഷകരെ ഉയര്‍ത്താനും തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയും ആധുനിക കൃഷി മാതൃകകളിലൂടെയും നായിഡുവിന് സാധിച്ചു.

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടി(WWF-World Wildlife Fund)ന്‍റെ 2010-ലെ മികച്ച എസ് ആര്‍ ഐ കര്‍ഷകനുള്ള അവാര്‍ഡും നായിഡുവിന് ലഭിച്ചു. ഹൈദരാബാദിലെ അന്താരാഷ്ട്ര ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നായിരുന്നു വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് അവാര്‍ഡ് നല്‍കിയത്. സാധാരണ കര്‍ഷകര്‍ക്കിടയില്‍ എസ്ആര്‍ഐ കൃഷി രീതി പ്രോല്‍സാഹിപ്പിച്ചതിനുള്ള അംഗീകാരമായിരുന്നു അത്.

“ഇതുവരെ രാസ കീടനാശിനികളോ രാസവളങ്ങളോ എന്‍റെ കൃഷിയിടങ്ങളില്‍ ഉപയോഗിച്ചിട്ടില്ല. പൂര്‍ണമായും ജൈവകൃഷിയാണിത്. എന്‍റെ തത്വശാസ്ത്രത്തിന്‍റെ ഭാഗം കൂടിയാണത്. കഴിഞ്ഞ 31 വര്‍ഷമായി മികച്ച വിളവ് ലഭിക്കാന്‍ കാരണവും ഈ കൃഷി രീതി തന്നെയാണ്,” അഭിമാനത്തോടെ നായിഡു പറയുന്നു.


ഇതുകൂടി വായിക്കാം: വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍


 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം