Placeholder canvas

അന്ന് എല്ലാം തകര്‍ന്നു, വീട് പണയത്തിലായി; ഇന്ന് അമേരിക്കയിലെ ‘ദോശ രാജാവായ’ പ്രവാസി

മണി കൃഷ്ണന്‍ 17 വര്‍ഷത്തിനിടെ അമേരിക്കയില്‍ വിറ്റത് 170 ദശലക്ഷം ദോശ! ആ ത്രസിപ്പിക്കുന്ന കഥ

“വെറുതെ ഒരു സ്ഥലത്തിരിക്കുമ്പോള്‍ പണം ഒരു കടലാസ് തുണ്ട് മാത്രമാണ്…കൈമാറ്റം ചെയ്യുമ്പോള്‍ മാത്രമാണ് അതിന് മൂല്യം വരുന്നത്,” ഒരു സ്യൂട്ട്‌കെയ്‌സും മനസ് നിറയെ സ്വപ്‌നങ്ങളുമായി യുഎസിലേക്ക് വിമാനം കയറിയ മണി കൃഷ്ണന്‍റെ വാക്കുകളാണിത്.

ഈ ഫിലോസഫിയാണ് തളര്‍ത്തുന്ന പല പ്രതിസന്ധികളെയും അതിജീവിച്ച് യുഎസിലെ ഇന്ത്യക്കാരുടെ സംസ്‌കാരത്തിന്‍റെ തന്നെ ഭാഗമായ ഒരു ഫുഡ്ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ മണി കൃഷ്ണനെ പ്രാപ്തനാക്കിയത്.

ഫോട്ടോ കടപ്പാട്: Whiskaffair/Facebook (ഇടത്ത്); വലത്ത് – മണി കൃഷ്ണന്‍

തനിക്ക് മുമ്പേ നടന്ന പലരേയും പോലെ കൃഷ്ണനും കൂടുതല്‍ മികച്ച അവസരങ്ങള്‍ തേടിയാണ് എന്നും സഞ്ചരിച്ചത്. കുടുംബം അവിടെയുണ്ടെങ്കില്‍ കൂടി, വിദേശ മണ്ണില്‍ കാലുറപ്പിക്കുന്നതിന് അതിന്‍റേതായ തടസങ്ങളും വെല്ലുവിളികളുമുണ്ടെന്ന് കൃഷ്ണന് അറിയാമായിരുന്നു.

ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയ ബിസിനസ് തകര്‍ന്ന് തരിപ്പണമാകുന്നതുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് അദ്ദേഹം നേരിട്ടു. എന്നാല്‍ ഒന്നും കൃഷ്ണനെ തളര്‍ത്തിയില്ല, ഓരോ വീഴ്ച്ചയില്‍ നിന്നും കൂടുതല്‍ ശക്തിയോടെ കരകയറിയാണ് അദ്ദേഹം പുതിയ വിജയങ്ങള്‍ എത്തിപ്പിടിച്ചത്.

ഇന്ന് ശാസ്ത ഫുഡ്‌സ് എന്ന ഭക്ഷ്യസാമ്രാജ്യത്തിന്‍റെ അധിപനാണ് കൃഷ്ണന്‍. 17 വര്‍ഷത്തിനിടെ അമേരിക്കയിലും കാനഡയിലുമായി 170 ദശലക്ഷത്തിലധികം ദോശ വിറ്റ കഥയാണ് അദ്ദേഹത്തിന്‍റേത്.

സ്വന്തം ബോസാവണം

1963-ലാണ് കൃഷ്ണന്‍റെ കുടുംബം കാലിഫോര്‍ണിയയിലെ സാന്‍ ജോസിലേക്ക് കുടിയേറുന്നത്. എന്നാല്‍ കൃഷ്ണന്‍ കോളെജ് വിദ്യാഭ്യാസം തുടരുന്നതിനായി നാട്ടില്‍ കഴിഞ്ഞു. പിന്നീട്, 1977 ഓഗസ്റ്റിലാണ് ആ യുവാവ് അമേരിക്കയിലേക്കെത്തുന്നത്.

കൊമേഴ്‌സ് ബിരുദം നേടിയ അദ്ദേഹം മുംബൈയിലെ എക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. അതിന് ശേഷം നിരവധി ടെക് കമ്പനികളുടെ എക്കൗണ്ടിങ് വിഭാഗത്തില്‍ യുഎസിലും ജോലി ചെയ്തു. ഒടുവില്‍ രാജി വെച്ചു. ജോലി മതിയാക്കിയതിന് കൃഷ്ണന് തക്കതായ കാരണവുമുണ്ട്.

ഇടത്- പ്രതീകാത്മക ചിത്രം. കടപ്പാട് : Whiskaffair/Facebook. വലത്- മണി കൃഷ്ണന്‍

സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങുകയെന്നതായിരുന്നു എന്നും മനസിലെ മോഹം. അങ്ങനെയാണ് 1981-ല്‍ കയറ്റുമതി-ഇറക്കുമതി ബിസിനസിലേക്ക് തിരിഞ്ഞത്. നിരവധി ഉയര്‍ച്ചതാഴ്ച്ചകളിലൂടെ കടന്നുപോയി ആ സംരംഭം. ഒടുവില്‍, 20 വര്‍ഷത്തിന് ശേഷം അതും പൂട്ടി.

വീട്ടിലെ ദോശയില്‍ നിന്നും

“ഞാന്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. കുടുംബത്തെ പിന്തുണയ്‌ക്കേണ്ടതും ഞാനല്ലേ. എന്നാല്‍, മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്ത് കൂടുതല്‍ ദരിദ്രനായി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ സ്വന്തമായി എന്തെങ്കിലും ചെയ്ത് ദുരിതമനുഭവിക്കുന്നതെന്നായിരുന്നു എന്‍റെ ചിന്ത. അതുകൊണ്ട് സ്വന്തം വീട് പണയപ്പെടുത്തി ഞാനൊരു പുതിയ ബിസിനസ് തുടങ്ങി. 2003-ലായിരുന്നു അത്. ദോശ മാവ് വില്‍ക്കുന്നതായിരുന്നു ബിസിനസ്,” ദോശ ബിസിനസ് തുടങ്ങിയ കഥ മണി കൃഷ്ണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

തുടക്കത്തിലെ നിക്ഷേപത്തിന് ശേഷം വളരെ കുറച്ച് പണം മാത്രമേ കൃഷ്ണന്‍റെ കൈയില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഭാര്യ ആനന്ദിയോടൊപ്പം വീട്ടില്‍ നിന്നുതന്നെയാണ് അദ്ദേഹം ബിസിനസ് തുടങ്ങിയത്.


ദോശമാവുണ്ടാക്കുന്നതും അത് പാക്ക് ചെയ്യുന്നതും വിതരണത്തിന് സജ്ജമാക്കുന്നതും എല്ലാം അവര്‍ രണ്ടുപേരും തന്നെയായിരുന്നു.


നല്ല ഫ്രഷായ ദോശമാവുണ്ടാക്കുന്നതിലാണ് തുടക്കം മുതലേ ശ്രദ്ധ വച്ചതെന്ന് കൃഷ്ണന്‍. രാവിലെ ഏഴ് മണിയാകുമ്പോള്‍ അവരുടെ ഒരു ദിവസം തുടങ്ങും. രണ്ട് ലിറ്റര്‍ ശേഷിയുള്ള ഗ്രൈന്‍ഡറിലായിരുന്നു തുടക്കം.  മാവ് 32 ഔണ്‍സ് കണ്ടെയ്‌നറുകളിലേക്ക് മാറ്റും (16 ദോശയുണ്ടാക്കാന്‍ അത് മതിയാകും). തുടര്‍ന്നാണ് ലേബല്‍ ചെയ്ത് അടുത്തുള്ള ചെറുകിട കടകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

“ഇന്‍ഡ്യക്കാരുടെ കുടിയേറ്റം ശക്തമായി വരുകയായിരുന്നു അപ്പോള്‍. അത്തരത്തില്‍ അമേരിക്കയിലെത്തുന്ന നമ്മുടെ നാട്ടുകാര്‍ക്കെല്ലാം വീട്ടിലെ തനത് രുചിയില്‍ ദോശ കഴിക്കണമെന്ന ആഗ്രഹവുമുണ്ട്. അവരായിരുന്നു തുടക്കത്തില്‍ എന്‍റെ ലക്ഷ്യം. സാന്‍ ജോസ് മുഴുവന്‍ ഞാന്‍ സഞ്ചരിക്കും. എന്നിട്ട് ഓരോ ഗ്രോസറി കടയിലും കയറി എന്‍റെ ദോശ മാവ് വില്‍പ്പനയ്‌ക്കെടുക്കണമെന്ന് അപേക്ഷിക്കും. തുടക്കത്തില്‍ 10 സ്റ്റോറുകള്‍ മാത്രമാണ് ദോശമാവെടുക്കാമെന്ന് സമ്മതിച്ചത്. മാവ് വിറ്റുപോയാല്‍ മാത്രമേ എനിക്ക് മാവിന്‍റെ പൈസ തരുകയുള്ളൂവെന്നും പറഞ്ഞു,” കൃഷ്ണന്‍ തുടക്കകാല പ്രതിസന്ധികള്‍ ഓര്‍ത്തെടുക്കുന്നു.

ശാസ്തഫുഡ്സിന്‍റെ ഫാക്റ്ററിയില്‍ നിന്നും

“ഇതേ തരത്തില്‍ മാവുണ്ടാക്കി വില്‍ക്കുന്ന മറ്റ് കുറച്ച് ചെറുകിട ബിസിനസുകളും ഉണ്ടായിരുന്നു. എന്നാല്‍ യന്ത്രങ്ങളുടെ സഹായത്തോടെ കൂടുതല്‍ ശാസ്ത്രീയമായി മാവുണ്ടാക്കുന്നത് ഞങ്ങളായിരുന്നു. എഫ് ഡി എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) മാനദണ്ഡങ്ങള്‍ എല്ലാം വളരെ കൃത്യമായി പാലിച്ചാണ് ഞങ്ങള്‍ ദോശമാവ് വിപണിയിലെത്തിച്ചത്. അതിനാല്‍ തന്നെ കടകളില്‍ മാവ് വില്‍പ്പനയ്ക്ക് കൊടുക്കുമ്പോള്‍ എനിക്കതില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഉല്‍പ്പന്നം വിറ്റുപോകുന്നുണ്ടോയെന്നറിയാന്‍ ഞാന്‍ സ്ഥിരമായി സ്‌റ്റോര്‍ ഉടമകളുമായി ടെലിഫോണില്‍ ബന്ധപ്പെട്ടും. വിറ്റുപോകാത്ത പാക്കറ്റുകള്‍ ഞാന്‍ തന്നെ കാറെടുത്ത് പോയി തിരിച്ചെടുക്കും. തുടക്കം അത്യന്തം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു,”കൃഷ്ണന്‍ പറയുന്നു.

നല്ല കാലത്തേക്ക്

തുടക്കത്തിലെ പ്രതിസന്ധികള്‍ക്ക് ശേഷം ആദ്യ വര്‍ഷം തന്നെ 1,000 കണ്ടെയ്‌നര്‍ മാവ് വില്‍ക്കാന്‍ കൃഷ്ണന്‍റെ സംരംഭത്തിനായി. 2005 ആയപ്പോഴേക്കും പണയത്തില്‍ വെച്ച വീട് തിരിച്ചെടുക്കാനുള്ള പണം ശാസ്ത ഫുഡ്‌സിലൂടെ ലഭിച്ചു. 2006 കഴിഞ്ഞതോടെ മുഖ്യധാര ബിസിനസുകളുടെ കൂട്ടത്തിലേക്ക് ശാസ്ത എത്തി.  യു എസിലുടനീളം ശാസ്ത ഫുഡ്‌സിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരായി.

10 സ്റ്റോറുകളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലെ 350 സ്‌റ്റോറുകളിലേക്ക് വിതരണം എത്തിയെന്ന് അഭിമാനത്തോടെ കൃഷ്ണന്‍ പറയുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ദോശ മാവ് എത്തിക്കാന്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ശാസ്ത തുടങ്ങി. യുഎസിലെ 48 സംസ്ഥാനങ്ങളിലും ഇപ്പോള്‍ പല മാര്‍ഗങ്ങളിലൂടെ ശാസ്തയുടെ ദോശമാവ് എത്തുന്നുണ്ട്. കാനഡയിലെ വിവിധ ഭാഗങ്ങളിലേക്ക് ഉല്‍പ്പന്നമെത്തിക്കാനും കൃഷ്ണനായി. ദോശയ്ക്ക് പുറമെ ഉല്‍പ്പന്ന നിര വൈവിധ്യവല്‍ക്കരിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കാം: ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്


ഇത്രയും വലിയ വിജയത്തിലേക്ക് എങ്ങനെയെത്തിയെന്ന് ചോദിക്കുമ്പോള്‍ കൃഷ്‌ണെന്നന്‍റെ മറുപടി ഇങ്ങനെയാണ്: “ഒന്നും വെറുതെയല്ല. സേവനവും ഗുണനിലവാരവും ഏറ്റവും മികച്ചതാക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. അപ്രതീക്ഷിതമായ പല സാഹചര്യങ്ങളും ദോശമാവിന്‍റെ കാര്യത്തിലുണ്ടാകും. അന്തരീക്ഷ താപനിലയില്‍ വരുന്ന മാറ്റം കൊണ്ടോ സ്‌റ്റോര്‍ ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ മാവ് കേട് വരാം. ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ വ്യക്തിപരമായി തന്നെ ഏറ്റെടുത്തു. അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണമായും റീഫണ്ട് നല്‍കാനും അല്ലെങ്കില്‍ പകരം പുതിയ പ്രൊഡക്റ്റ് നല്‍കാനും ഞാന്‍ തയാറായി.

“ഉപഭോക്താക്കളുടെ വീട്ടിലേക്ക് ഞാന്‍ വണ്ടിയോടിച്ച് പോയി പകുതി മാവ് തീര്‍ന്ന കണ്ടെയ്‌നറുകള്‍ തിരിച്ചെടുത്ത് പുതിയ മാവ് നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാതികള്‍ പരിഹരിക്കുന്നതിന് അത്തരത്തിലുള്ള സമീപനമാണ് ഞാന്‍ സ്വീകരിച്ചത്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നം കിട്ടാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിനാല്‍ തന്നെ അവര്‍ നല്‍കുന്ന പണത്തിന് അനുസരിച്ച് മൂല്യമുള്ള ഉല്‍പ്പന്നം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‍ഞങ്ങല്‍ ബോധപൂര്‍വമായ ശ്രമം തന്നെ ഉണ്ടായിരുന്നു,” കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

മണി കൃഷ്ണന്‍

സാന്‍ജോസില്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ കൃഷ്ണന്‍റെ ദോശ ബിസിനസ് അമേരിക്കയിലുടെ ഇന്‍ഡ്യക്കാരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ബ്രാന്‍ഡായി മാറിയെന്നാണ് കൃഷ്ണന്‍ അവകാശപ്പെടുന്നത്. അത്രമാത്രം ജനപ്രീതിയാര്‍ജിച്ചു ശാസ്ത ദോശമാവ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മൈന്‍ഡി കാലിങ്ങും യുഎസ് സെനറ്റര്‍ കമലാ ഹാരിസും ശാസ്ത മാവ് കൊണ്ട് ദോശയുണ്ടാക്കുന്ന വിഡിയോ.

“മൈന്‍ഡി കാലിങ്ങും കമലാ ഹാരിസും ഞങ്ങളുടെ ദോശമാവുകൊണ്ട് ദോശ ഉണ്ടാക്കുന്ന വിഡിയോ വളരെ സന്തോഷം നിറഞ്ഞൊരു സര്‍പ്രൈസായിരുന്നു. അവരോട് ഞാന്‍ ഇതിന് വളരെയധികം കടപ്പെട്ടിരിക്കുന്നു,” കൃഷ്ണന്‍റെ വാക്കുകള്‍.

പറയാനുള്ളത് നല്ലത് മാത്രം

“ഉപഭോക്താക്കളുടെ ഫീഡ്ബാക്കിന് നല്‍കുന്ന പ്രാധാന്യമാണ് ശാസ്തയെ സംബന്ധിച്ചുള്ള ഏറ്റവും മികച്ച കാര്യം. മാവ് ചെറുതായി കേടുവന്നെന്നുള്ള പരാതിയോ നെഗറ്റീവ് ഫീഡ്ബാക്കോ ചെന്നാല്‍ അത് വളരെ പോസിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യുന്ന ഇവരുടെ രീതി വളരെ പ്രശംസനീയമാണ്. രണ്ട് ഗ്രൈന്‍ഡറുകള്‍ മാത്രമുള്ള ഒരു ചെറിയ സ്‌പേസില്‍ നിന്നും 35,000 ചതുരശ്രയടിയുള്ള ഉല്‍പ്പാദന യൂണിറ്റും വെയര്‍ഹൗസുമുള്ള വലിയ ബിസിനസായി ശാസ്ത മാറുന്നത് കണ്ടിട്ടുള്ളയാളാണ് ഞാന്‍. തുടക്കത്തിലെ കൃഷ്ണന്‍ തന്നെയാണ് ഇപ്പോഴും. ബിസിനസ് സാമ്രാജ്യം വളര്‍ന്നെങ്കിലും പെരുമാറ്റത്തില്‍ ഒരു മാറ്റവുമില്ല,” കാലിഫോര്‍ണിയയിലെ ഡബ്ലിന്‍ സിറ്റിയില്‍ താമസിക്കുന്ന പ്രഭു വെങ്കടേശ് പറയുന്നു. കൃഷ്ണന്‍റെ ഏറ്റവും പഴയ കസ്റ്റമേഴ്‌സില്‍ ഒരാളാണ് പ്രഭു.

കൃഷ്ണന്‍ ബിസിനസ് ചെയ്യുന്നതില്‍ വലിയ സുതാര്യതയുണ്ടെന്ന് പ്രഭു പറയുന്നു. “ഉപഭോക്താക്കളെ തങ്ങളുടെ ഫാക്റ്ററിയിലേക്ക് പോലും സ്വാഗതം ചെയ്യുന്ന സമീപനമാണ് അവരുടേത്. എപ്പോള്‍ വേണമെങ്കിലും കസ്റ്റമേഴ്‌സിന് ഫാക്റ്ററിയില്‍ പോയി മാവുണ്ടാക്കുന്ന സംവിധാനങ്ങളുടെ ഗുണനിലവാരവും സുരക്ഷയുമെല്ലാം കാണാം. ഞങ്ങളുടെ വീട്ടില്‍ ശാസ്ത ദോശമാവ് ഇപ്പോള്‍ ഒരു സ്ഥിരം ഐറ്റമാണ്. അവരുടെ മറ്റുള്ള പ്രൊഡക്റ്റുകളും അങ്ങനെതന്നെ,” പ്രഭു കൂട്ടിച്ചേര്‍ക്കുന്നു.

16 തരം ദോശമാവുകളാണ് ശാസ്ത ഇന്ന് വിപണിയിലെത്തിക്കുന്നത്. ഇതിന് പുറമെ അവശ്യസാധനങ്ങളുടെ ഗണത്തില്‍ പെടുന്ന അരി, വിവിധയിനം പരിപ്പ്, അച്ചാര്‍, ചോളം കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ജൈവോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ശാസ്ത ചില്ലറവില്‍പ്പന ശാലകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്.

ഈസി റ്റു മെയ്ക്ക് ദോശകളാണ് കൃഷ്ണന്‍റെ അടുത്ത ലക്ഷ്യം. ഇപ്പോള്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് സജീവമായിരിക്കുന്ന വിപണിയിലേക്കാണ് ഇന്‍സ്റ്റന്‍റ് ദോശകളുമായി ഈ സംരംഭകനെത്തുന്നത്. അനാരോഗ്യകരമായ ഫാസ്റ്റ്ഫുഡുകള്‍ക്ക് പകരക്കാരനായി ദോശയെ അവതരിപ്പിക്കാനാണ് നീക്കം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. ദോശ മസാലയുടെ കാച്ചിക്കുറുക്കിയ രൂപം അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

‘പണം മാത്രമല്ല ലക്ഷ്യം’

ഒരു പതിറ്റാണ്ടിലധികമായി ശാസ്ത ഫുഡ്‌സ് തുടങ്ങിയിട്ട്. എന്നാല്‍ ഇന്നത് ഒരു വാണിജ്യ സ്ഥാപനം എന്നതിനപ്പുറമാണ് തനിക്കെന്ന് കൃഷ്ണന്‍ വിശ്വസിക്കുന്നു. പണത്തേക്കാള്‍ ഉപരിയായി ശാസ്ത ഫുഡ്‌സ് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവും മാറ്റങ്ങളുമാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് അദ്ദേഹം പറയുന്നു.

“ഒരു വലിയ വീടോ ആഡംബര ജീവിതമോ ഒരിക്കലും എന്‍റെ ലക്ഷ്യമായിരുന്നില്ല. സ്വന്തം അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠം ‘പണം വരും പോകു’മെന്നതാണ്. അര്‍ത്ഥവത്തായ വ്യത്യാസം സമൂഹത്തിലുണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലും സൃഷ്ടിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞങ്ങള്‍ ഉടന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഹെറിറ്റേജ് റൈസ് (പൈതൃക നെല്ലിനങ്ങളില്‍ നിന്നുള്ള അരി) അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കള്‍ ദക്ഷിണേന്‍ഡ്യയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ചതാണ്. ഞങ്ങളുടെ ബ്രാന്‍ഡിലൂടെ നാടിന്‍റെ ഈ പൈതൃകത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക കൂടിയാണ് ലക്ഷ്യം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പലയിനം നെല്ലിനങ്ങള്‍ സംരക്ഷിക്കാന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നു,” കൃഷ്ണന്‍ വിശദമാക്കുന്നു.

പ്രതീകാത്മക ചിത്രം. ഫോട്ടോ കടപ്പാട് (R) Embracing the World/Facebook

തമിഴ്‌നാട്ടിലെ തിരുവൂരില്‍ നിന്നുള്ള 65-കാരനായ ആര്‍ ചന്ദ്രമോഹനെന്ന കര്‍ഷകന്‍ പൈതൃക നെല്ലിനങ്ങള്‍ കാലങ്ങളായി കൃഷി ചെയ്തുവരികയാണ്. അദ്ദേഹത്തെ പോലുള്ള കര്‍ഷകര്‍ക്ക് ശാസ്ത ഫുഡ്‌സ് താങ്ങാവുമെന്നാണ് പ്രതീക്ഷ. “ഹെറിറ്റേജ് റൈസിന് ആവശ്യക്കാരുണ്ടെങ്കില്‍ പോലും അതില്‍ നിന്നുള്ള വിളവ് കുറവാണ്. തീര്‍ത്തും ജൈവികമായി വളരുന്നതാണിത്. മാത്രമല്ല, നാട്ടില്‍ നല്ല മില്ലുകള്‍ കണ്ടെത്തുകയെന്നതും പ്രയാസമാണ്,” ചന്ദ്ര മോഹന്‍ പറയുന്നു.

മഞ്ഞക്കുടിയിലുള്ള സ്വാമി ദയാനന്ദ ഫാംസ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ചന്ദ്രമോഹനെപ്പോലുള്ള നിരവധി കര്‍ഷകര്‍ ഹെറിറ്റേജ് റൈസിന്‍റെ കൂടുതല്‍ ഇനങ്ങള്‍ കൃഷി ചെയ്തുവരുന്നുണ്ട്. പരമ്പരാഗത വിഭാഗങ്ങളില്‍ പെട്ട 247 ഇനം നെല്ലിനങ്ങള്‍ സംരക്ഷിക്കാനും കൃഷി ചെയ്യാനും 2011 മുതല്‍ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ രന്ധോനി പഗല്‍, ഉത്തര്‍ പ്രദേശിലെ കല നമക്ക്, പശ്ചിമ ബംഗാളിലെ തന്നെ കന്‍ ജോഹ, അസമിലെ ബോറ, തമിഴ്‌നാട്ടിലെ കല്‍ ഉരുണ്ടൈ ചംപ തുടങ്ങിയ നെല്ലിനങ്ങളെല്ലാം ഈ രീതിയില്‍ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്.

പൈതൃക നെല്ലിനങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് സ്വാമി ദയാനന്ദ എജുക്കേഷണല്‍ ട്രസ്റ്റിന്‍റെ ചെയര്‍പേഴ്‌സണും മാനേജിങ് ട്രസ്റ്റിയുമായ ഷീല ബാലാജി പറയുന്നതിങ്ങനെ, “ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഓരോ ഗ്രാമത്തിലും ഒരു നാടന്‍ നെല്ലിനമുണ്ട്. ഏകദേശം 100,000-ലധികം പൈതൃക നെല്ലിനങ്ങള്‍ ഭാരതത്തിലുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പരമ്പരാഗത നെല്ലിനങ്ങളെല്ലാം തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ചില കര്‍ഷക സംഘങ്ങളുടെ സജീവ ഇടപെടലുകളാണ് പല നെല്ലിനങ്ങളും സംരക്ഷിക്കപ്പെടാനും കൃഷി ചെയ്യപ്പെടാനും കാരണമായത്. നമ്മുടെ പൈതൃക നെല്ലിനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിനോടൊപ്പം നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്ക് അത്യാവശ്യമായ ജൈവവൈവിധ്യം കൂടെയാണ് നഷ്ടമാകുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം.”

“നമ്മുടെ നാടന്‍ നെല്ലിനങ്ങളില്‍ നിന്ന് ജനിതകദ്രവ്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പലതും ഇല്ലാതാക്കപ്പെടും. സംരക്ഷിക്കപ്പെടാത്തതിന്‍റെ പേരില്‍ പലതും നമുക്ക് പണ്ട് നഷ്ടമായിട്ടുണ്ടെന്നതും ഓര്‍ക്കുക,” ഷീല കൂട്ടിച്ചേര്‍ക്കുന്നു.

“ഇവിടെ ഞങ്ങള്‍ കൃഷി ചെയ്തുണ്ടാക്കുന്ന അരി അമേരിക്കയിലെ നിരവധി കുടുംബങ്ങളില്‍ എത്തുന്നുണ്ടെന്ന് അറിയുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്, ആവേശവും. ഇതുപോലുള്ള മുന്നേറ്റങ്ങള്‍ ഞങ്ങള്‍ക്ക് വലിയ പ്രോല്‍സാഹനം നല്‍കുന്നു. മാത്രമല്ല പൈതൃക നെല്ലിനങ്ങള്‍ കൃഷി ചെയ്യാന്‍ അത് മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് വേണ്ടത് അവരോടൊപ്പം ഓരോ ഘട്ടത്തിലും നില്‍ക്കുന്ന കൂട്ടായ്മകളെയാണ്. ഇപ്പോള്‍ എനിക്ക് ആകെ ചെയ്യേണ്ടി വരുന്നത് ജൈവകൃഷിയിലേര്‍പ്പെടുകയെന്നത് മാത്രമാണ്. ബാക്കിയെല്ലാം അവര്‍ ചെയ്യും. ഒരു സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണിലേക്ക് കടക്കാം,” ശാസ്ത ഫുഡ്‌സിന്‍റെ പൈതൃക നെല്ലിന പ്രോല്‍സാഹന പദ്ധതിയെ കുറിച്ച് ചന്ദ്രമോഹന്‍ പറയുന്നു.

ചെയ്യുന്ന ജോലിയാണ് ദൈവം, അതിലെ അധ്വാനം ആരാധനയും എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് കൃഷ്ണന്‍. തന്‍റെ സംരംഭത്തിലൂടെ ഇന്‍ഡ്യയിലെ കൂടുതല്‍ ജനങ്ങളെ സഹായിക്കുകയാണ് ഉദ്ദേശ്യമെന്ന് കൃഷ്ണന്‍ പറയുന്നു.

“ഞാനൊരു മോശം വിദ്യാര്‍ത്ഥിയായിരുന്നു. എന്‍റെ സഹോദരിയാണെങ്കില്‍ ഗോള്‍ഡ് മെഡല്‍ നേടിയ വിദ്യാര്‍ത്ഥിയും. സഹോദരന്‍ ഐഐഎം ബിരുദം നേടിയ ആളും. അന്നെല്ലാം അതെനിക്ക് വലിയ കുറച്ചിലായി തോന്നി. എന്നാല്‍ ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ചെയ്ത ജോലിയും അതിലൂടെയാര്‍ജ്ജിച്ച സന്തോഷവുമെല്ലാം മഹത്തരമായി തോന്നുന്നു. ഒരു ലക്ഷ്യവും നേടാനില്ലാത്ത പോലൊരു തോന്നല്‍. വളരെയധികം പാഷനോടെയും കഠിനാധ്വാനം ചെയ്യാനുള്ള മനസോടെയും സ്ഥിരോല്‍സാഹത്തോടെയും നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അവസാനം അതിന് ഫലമുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ യാത്രയ്ക്കിടയില്‍ എന്തെല്ലാം സംഭവിച്ചാലും വിഷയമാക്കേണ്ടതില്ല,” കൃഷ്ണന്‍ പറയുന്നു.

ശാസ്ത ഫുഡ്സിനെക്കുറിച്ച് കൂടുതല്‍ അറിയാം

ഇതുകൂടി വായിക്കാം:  പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം