ബിനിഷ് ദേശായി പി ബ്ലോക്ക് 2.0-യുമായി

ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്‌കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’

ഹോസ്പിറ്റലുകളില്‍ നിന്നുള്‍പ്പടെയുള്ള കോവിഡ്‌ ബയോവേസ്റ്റ് ഇഷ്ടികകളാക്കി മാറ്റുന്ന വിദ്യയാണ് ഇദ്ദേഹത്തിന്‍റേത്

ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള്‍ മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്നാണ്.

പാഴ്‌വസ്തുക്കളില്‍ റീസൈക്കിള്‍ ചെയ്യലല്ലേ എന്ന് അദ്ദേഹം ചെയ്യുന്ന കാര്യത്തെ ലളിതമായി അങ്ങനെ പറയാനുമൊക്കില്ല. അതുക്കും മേലെയാണ് ഇന്നവേഷന്‍ അഭിനിവേശമായ ഈ യുവാവിന്‍റെ ചിന്ത. കാരണം, ബയോ വേസ്‌റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയാണ് ബിനീഷ്.

ബിനീഷ് ദേശായി

ബിനീഷിന്‍റെ ബിഡ്രീം എന്ന കമ്പനിയാണ് വ്യാവസായിക മാലിന്യങ്ങള്‍ കെട്ടിടനിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളായി മാറ്റുന്നത്. ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്ന് ഇഷ്ടികകളുണ്ടാക്കുന്നതാണ് ബിനീഷിന്‍റെ ഏറ്റവും പുതിയ ഇന്നവേഷന്‍.

ആദ്യ ഇന്നവേഷന്‍ പി-ബ്ലോക്ക്

പേപ്പര്‍ മില്ലുകളിലെ മാലിന്യങ്ങളില്‍ നിന്ന് ഇഷ്ടികകളുണ്ടാക്കുന്ന സൂത്രമായിരുന്നു ബിനീഷിന്‍റെ ആദ്യ ഇന്നവേഷന്‍. പി-ബ്ലോക് ബ്രിക്‌സ് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. അതിന് ശേഷം ഇപ്പോള്‍ കോവിഡ്-19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്നും ഇഷ്ടികകളുണ്ടാക്കുന്ന പുതിയ സാങ്കേതികവിദ്യ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിനീഷ് ദേശായ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ ദിവസവും 101 മെട്രിക് ടണ്‍ കോവിഡ്-19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റാണ് പുറന്തള്ളപ്പെടുന്നത്. സാധാരണഗതിയിലുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെയാണ് ഈ  ‘കോവിഡ് മാലിന്യം’. ദിവസവും 609 മെട്രിക് ടണ്‍ ബയോമെഡിക്കല്‍ വേസ്റ്റാണ് സാധാരണ നിലയില്‍ രാജ്യത്ത് പുറന്തള്ളപ്പെടുന്നത്. അത് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം പറയേണ്ടതില്ലല്ലോ.

“ഫേസ് മാസ്‌കുകള്‍ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ ധരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയപ്പെടുകയാണ് ഇവ. ഞാനുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇഷ്ടികകളില്‍ ഇതുകൂടെ എന്തുകൊണ്ട് ചേര്‍ത്തുകൂട എന്ന് അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്,” ബിനീഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പി-ബ്ലോക്ക് 2.0

52 ശതമാനം പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റിവ് എക്വിപ്‌മെന്‍റ് -വ്യക്തിഗത സുരക്ഷ ഉപകരണം) വസ്തുക്കളും 45 ശതമാനം പേപ്പര്‍ മാലിന്യവും ഇത് കൂട്ടിച്ചേര്‍ക്കാനുള്ള പശയും ചേര്‍ത്താണ് പുതിയ പി-ബ്ലോക്ക് ഇഷ്ടികകള്‍ ഉണ്ടാക്കുന്നത്.

പി ബ്ലോക്ക് 2.0

“പി-ബ്ലോക്കിന്‍റെ ആദ്യ പതിപ്പിന്‍റെ നിര്‍മാണപ്രക്രിയയ്ക്ക് സമാനമായി തന്നെയാണ് പുതിയ ഇഷ്ടികകളുമുണ്ടാക്കുന്നത്. നെയ്‌തെടുക്കാത്ത പിപിഇ വസ്തുക്കള്‍ അതിനോടൊപ്പം ചേര്‍ക്കുന്നു എന്നുമാത്രം. മാസ്കുകള്‍, ഗൗണുകള്‍, ഹെഡ് കവറുകള്‍ എല്ലാം ഇതില്‍ പെടും. എന്‍റെ വീട്ടിലെ ലാബിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. അതിന് ശേഷം ഫാക്റ്ററിയിലും നിര്‍മ്മാണം ആരംഭിച്ചു,” ബിനീഷ് പറയുന്നു.

കട്ടകളുണ്ടാക്കുന്നതില്‍ വിജയം കണ്ടപ്പോള്‍ നാട്ടിലെ ലബോറട്ടറിയിലേക്ക് കുറച്ചെണ്ണം ബിനീഷ് അയച്ചു. ഇഷ്ടികയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും അനുമതിക്കും വേണ്ടിയായിരുന്നു അത്.


ഇതുകൂടി വായിക്കാം: അന്ന് എല്ലാം തകര്‍ന്നു, വീട് പണയത്തിലായി; ഇന്ന് അമേരിക്കയിലെ ‘ദോശ രാജാവായ’ പ്രവാസി


കൊറോണ മഹാമാരി തീവ്രമായിക്കൊണ്ടിരിക്കുന്നതില്‍ ദേശീയതലത്തിലുള്ള ലാബുകളെ സമീപിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ലബോറട്ടറിയില്‍ നിന്ന് ഞങ്ങളുടെ ഇഷ്ടികയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. പ്രോട്ടോടൈപ്പ് ടെസ്റ്റിങ്ങ് ഘട്ടത്തിലെ എല്ലാ ടെസ്റ്റുകളും പാസായി. കട്ടയുടെ ഈട് സംബന്ധിച്ച കാര്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന പ്രകടനമായിരുന്നു പി-ബ്ലോക്ക് 2.0 പതിപ്പിന്‍റേത്,” ബിനീഷ് വിശദമാക്കുന്നു.

12x8x4 ഇഞ്ച് സൈസിലാണ് ഓരോ ഇഷ്ടികയും നിര്‍മ്മിക്കുന്നത്. ചതുരശ്രയടിക്ക് 7കിലോഗ്രാം ബയോവേസ്റ്റ് ഉപയോഗപ്പെടുത്തുന്നു. പി-ബ്ലാക്ക് ആദ്യ പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തിയേറിയതും എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പവുമാണ് പുതിയ ഇഷ്ടികകളെന്ന് ബിനീഷ് പറയുന്നു. കനം കുറവാണെന്നതും സവിശേഷതയാണ്. വാട്ടര്‍ പ്രൂഫാണ് പി-ബ്ലോക്ക് 2.0, മാത്രമല്ല തീയിനെ പ്രതിരോധിക്കുകയും ചെയ്യും. ഒരു കട്ടയ്ക്ക് 2.8 രൂപ മാത്രമാണ് വില വരുന്നത്.

മാലിന്യ ശേഖരണം

ബിനീഷ് ദേശായി പി ബ്ലോക്ക് 2.0-യുമായി

സെപ്റ്റംബര്‍ മുതല്‍ പി-ബ്ലോക്ക് രണ്ടാം പതിപ്പിന്‍റെ നിര്‍മ്മാണം വ്യാപകമാക്കാനാണ് ബിനീഷിന്‍റെ പദ്ധതി. ആശുപത്രികള്‍, സ്‌കൂളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബസ് സ്റ്റോപ്പുകള്‍ മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ബയോവേസ്റ്റ് ശേഖരിക്കാനാണ് ഇദ്ദേഹത്തിന്‍റെ ബിഡ്രീം എന്ന സംരംഭം ഉദ്ദേശിക്കുന്നത്.

വേസ്റ്റ് ശേഖരിക്കുന്നതിനായി പ്രത്യേക ഇക്കോ ബിന്നുകള്‍ പൊതുയിടങ്ങളില്‍ സ്ഥാപിക്കും. കോട്ടണ്‍ ഉപയോഗിച്ചുണ്ടാക്കാത്ത പിപിഇ മാലിന്യം മാത്രമേ ഇതില്‍ നിക്ഷേപിക്കാവൂ.

വേസ്റ്റ് ബിന്നുകള്‍ നിറഞ്ഞാല്‍ അതില്‍ ഇനി മാസ്കുകളും മറ്റും ഇടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന സൂചകങ്ങള്‍ ഘടിപ്പിച്ചാണ് ഇത് സ്ഥാപിക്കുന്നത്. ബിന്‍ നിറഞ്ഞെന്ന സൂചന ലഭിച്ചുകഴിഞ്ഞാല്‍ അത് 72 മണിക്കൂര്‍ നേരത്തേക്ക് ആരും തൊടില്ല. അതുംകഴിഞ്ഞ് അണുമുക്തമാക്കിയ ശേഷം മാത്രമാണ് ഇഷ്ടിക നിര്‍മ്മാണ പ്രക്രിയയിലേക്ക് ബയോ മാലിന്യം ഉപയോഗപ്പെടുത്തുന്നത്.

“എന്‍ഒസി (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിന് ശേഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുയിടങ്ങളിലും ജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലും ഇക്കോബിന്നുകള്‍ സ്ഥാപിക്കും,” ബിനീഷ് പറയുന്നു.

“ഇത്തരത്തിലുള്ള ഇന്നവേഷനുകളാണ് കാലഘട്ടത്തിന്‍റെ ആവശ്യം. കോവിഡ് മഹാമാരി വന്നതോടുകൂടി പുതിയ തരത്തിലുള്ള മാലിന്യങ്ങളാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതുപോലുള്ള ആശയങ്ങളാണ് കൂടുതല്‍ മലിനപ്പെടുന്നതില്‍ നിന്ന് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത്. എത്ര വലിയ പ്രതിസന്ധി വന്നാലും അവിടെയെല്ലാം ഒരു അവസരം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം,” ബിനീഷിന്‍റെ വ്യത്യസ്ത ആശയത്തെകുറിച്ച്‌ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇക്കോ-ഇന്നവേറ്ററും ശയ്യ എന്ന നൂതനസംരംഭത്തിന്‍റെ സ്ഥാപകയുമായ ലക്ഷ്മി മോനോന്‍ പറയുന്നു. പിപിഇ ഗൗണുകളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ കിടക്കകളുണ്ടാക്കുന്ന സംരംഭമാണ് ലക്ഷ്മിയുടെ ശയ്യ.

പി-ബ്ലോക്ക് 2.0 ഇഷ്ടികകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബിനീഷിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും b.ecoeelectic@gmail.com എന്ന ഇ-മെയ്‌ലില്‍ ബന്ധപ്പെടാവുന്നതാണ്.


ഇതുകൂടി വായിക്കാം: മുന്തിരിയും സ്‌ട്രോബെറിയും വീട്ടില്‍ എളുപ്പം വിളയിക്കാം; വിജയസൂത്രം സുജാത പറഞ്ഞുതരും


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം