Placeholder canvas
Vinaya

ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍

അമ്പത് വീടുകളില്‍ വൃദ്ധരും രോഗികളുമായ നിരവധി പേരാണ് പി ജി വിനയ (59) തയ്യാറാക്കുന്ന പ്രത്യേക ആരോഗ്യ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഒരു ദിവസം പോലും മുടക്കാനാവില്ല.

കിളികള്‍ പോലും ഉണരുന്നതിന് മുമ്പ് വിനയ ഉറക്കമുണരും… പുലര്‍ച്ചെ രണ്ടുമണിക്ക്, ഒരു ദിവസം പോലും മുടങ്ങാതെ. നേരെ അടുക്കളയിലേക്ക്.
തൃശ്ശൂര്‍ മണ്ണുത്തിക്കടുത്തുള്ള ഒല്ലൂക്കരയിലെ  ആ വീട്ടിലെ അടുക്കളയില്‍ പിന്നെ വിശ്രമമില്ലാത്ത ജോലിയാണ്.

വിനയ

അമ്പത് വീടുകളില്‍ വൃദ്ധരും രോഗികളുമായ നിരവധി പേരാണ് പി ജി വിനയ (59) തയ്യാറാക്കുന്ന പ്രത്യേക ആരോഗ്യ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ഒരു ദിവസം പോലും മുടക്കാനാവില്ല.


രോഗികളും വൃദ്ധരുമായവര്‍ക്കുള്ള പ്രത്യേക ആരോഗ്യ വിഭവങ്ങളാണ് വിനയ തയ്യാറാക്കുന്നത്.


രാവിലെ എട്ടരയാവുമ്പോഴേക്കും ഓരോരുത്തര്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഭക്ഷണം പ്രത്യേകം പ്രത്യേകം തയ്യാറാക്കണം. ചിലര്‍ക്ക് ഉപ്പില്ലാത്തത്, ചിലര്‍ക്ക് ഉപ്പു കുറഞ്ഞത്, മധുരമില്ലാത്തത്, മറ്റുചിലര്‍ക്ക് റാഗി ദോശ,  ഉലുവാ ദോശ…അങ്ങനെയങ്ങനെ…

വിനയ ഒറ്റയ്ക്കാണ് പാചകം മുഴുവന്‍. പാത്രം കഴുകാനും മറ്റും ഒരു സഹായിയുണ്ടെന്നത് മാത്രമാണ് ആശ്വാസം.
എന്നാല്‍ ആ അടുക്കളയില്‍ തയ്യാറാക്കുന്ന രുചികരവും പഥ്യം തെറ്റിക്കാത്തതുമായ വിഭവങ്ങള്‍ വൃദ്ധരും രോഗികളുമായ നിരവധി പേര‍്ക്ക്  വലിയ അനുഗ്രഹമാണ്.

“ചുറ്റുപാടുള്ള അമ്പത് വീടുകളിലേക്കായി ഉള്ള പ്രത്യേക ഭക്ഷണം രാവിലെ എട്ടരക്ക് തന്നെ തയാറാകും. ഓരോന്നും വ്യത്യസ്തമായിരിക്കും,” വിനയ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു.

“പലതരം ചോറുകള്‍, ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഓരോ തരം ഭക്ഷണമാണ്..”

ഗ്രീന്‍ ടീ, മത്തിപ്പുളി ഗ്രീന്‍ ടീ, ബേലീഫ് ചായ, ഇഡ്ഡലി, റവ ഇഡ്ഡലി, ഓട്ട്‌സ് ഇഡ്ഡലി, റാഗി ഇഡ്ഡലി, അട ദോശ, ഗോതമ്പ് ദോശ, ഗോതമ്പ്, റവ ഉപ്പുമാവ്, ചുരയ്ക്കാ ദോശ, ഉലുവ ചീരയില ദോശ ,ചോള പൊടി പുട്ട്, ബ്രൊക്കോളി മെഴുക്ക് പുരട്ടി, പിണ്ടി തോരന്‍, ഉണക്ക നെല്ലിക്ക ചമ്മന്തി, ഉലുവ മുളപ്പിച്ച തോരന്‍, അത്തിക്കായ മുരിങ്ങയില തോരന്‍, തുടങ്ങി ഓരോ ദിവസവും രാവിലെ വിനയയുടെ അടുക്കളയില്‍ തയ്യാറാക്കുന്ന ഡയബറ്റിക് വിഭവങ്ങള്‍ നിരവധിയാണ്.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


“ഉപ്പ് കുറഞ്ഞവ, ഉപ്പില്ലാത്തവ, മുളകില്ലാത്തവ, എണ്ണയില്ലാത്തവ അങ്ങിനെ രുചി വൈവിധ്യങ്ങളോടെയാണ് ഈ ഡയറ്റ് മെനു തയ്യാറാക്കപ്പെടുന്നത്. വര്‍ഷങ്ങളായി ചെയ്യുന്ന ഇത് ഒരു സത്കര്‍മ്മം എന്ന രീതിയില്‍ വളരെ ചെറിയ വിലക്കാണ് നല്കുന്നത്,” വിനയ പറഞ്ഞു.

ഭക്ഷണം മരുന്നാക്കി വിരസത ഇല്ലാതെ സ്വാദിഷ്ഠമാക്കി നല്‍കിയാല്‍ രോഗികള്‍ക്ക് അപ്രിയമുണ്ടാകില്ല എന്ന് വിനയ

ഭക്ഷണം മരുന്നാണ് എന്ന ചിന്ത, അവശത കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും കൃത്യമായ ഭക്ഷണക്രമം പാലിക്കാന്‍ കഴിയാത്തവരെ തന്നെക്കൊണ്ടാവും വിധം സഹായിക്കാനുള്ള ആഗ്രഹം…പാതിര കഴിയുമ്പോഴേക്കും എഴുന്നേറ്റ് എല്ലാ ദിവസവും അടുക്കളയിലേക്ക് കയറാന്‍ വിനയയെ നിര്‍ബന്ധിക്കുന്നത് ഇതൊക്കെയാണ്.


വയസ്സായി, വയ്യ എന്നൊക്കെ പറഞ്ഞ് ഒതുങ്ങിയിരിക്കാന്‍ വിനയ തയ്യാറല്ല.


“കൂടുതല്‍ ആവശ്യക്കാര്‍ ഡയറ്റ് ഭക്ഷണത്തിനായി ആവശ്യപ്പെടുന്നുവെങ്കിലും അമ്പതില്‍ കൂടുതല്‍ താങ്ങാനാകില്ല,” എന്ന് വിനയ പറയുന്നു.
കൂടുതല്‍ വലിയൊരു അടുക്കളയും കുറച്ചു സഹായികളൊക്കെയുണ്ടെങ്കില്‍ കൂടുതല്‍ പേരെ സഹായിക്കാമെന്നൊരു തോന്നല്‍ ഉള്ളില്‍ ഇല്ലാതില്ല.

രുചി പെരുമയില്‍ പേരെടുത്ത പൈ കുടുംബത്തിന് അക്കാലത്ത് നാല് ഹോട്ടലുകള്‍ ഉണ്ടായിരുന്നു.

“പ്രമേഹ രോഗികളുടെ ചികിത്സാ വിധികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം. ഭക്ഷണം മരുന്നാക്കി വിരസത ഇല്ലാതെ സ്വാദിഷ്ഠമാക്കി നല്‍കിയാല്‍ രോഗികള്‍ക്ക് അപ്രിയമുണ്ടാകില്ല. എന്‍റെ ഡയറ്റ് ഫുഡ് കസ്റ്റമേഴ്‌സ് അധികവും പ്രമേഹ രോഗികളാണ്,” എന്ന് വിനയ.


1970 കളില്‍ കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഭാരത് ഹോട്ടല്‍ ശൃംഗലയിലെ കണ്ണിയാണ് വിനയ.


മരുന്നും ഇന്‍സിലിനും ഇല്ലാതെ ആഹാരം ചിട്ട വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കാം. ഭക്ഷണമെന്ന മരുന്നിലൂടെ മാത്രമേ പ്രമേഹ രോഗം നിയന്ത്രിക്കാനാകൂ എന്നാണ് വിനയയുടെ വിശ്വാസം.

1970 കളില്‍ കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഭാരത് ഹോട്ടല്‍ ശൃംഖലയിലെ കണ്ണിയാണ് വിനയ. രുചി പെരുമയില്‍ പേരെടുത്ത പൈ കുടുംബത്തിന് അക്കാലത്ത് നാല് ഹോട്ടലുകള്‍ ഉണ്ടായിരുന്നു. ആ കുടുംബത്തിലെ ഗോവിന്ദന്റേയും സരോജിനിയുടെയും മകള്‍. 1960ലാണ് ജനിച്ചത്. അമ്മൂമ്മ സരസ്വതി ബായി ഒറ്റമൂലി വൈദ്യരായിരുന്നു.

വിവിധ തരം കൊണ്ടാട്ടങ്ങളുണ്ടാക്കിയായിരുന്നു തുടക്കം.

അങ്ങനെ പാചകപാരമ്പര്യത്തോടൊപ്പം പരമ്പരാഗത ചികിത്സയുടെയും രഹസ്യങ്ങള്‍ വളരെ ചെറുപ്പത്തിലേ വിനയ അറിഞ്ഞുവെച്ചിരുന്നു.
കൊയിലാണ്ടി കോളെജില്‍ നിന്ന് ഇകണോമിക്‌സില്‍ ഡിഗ്രി നേടിയ ശേഷം ഹോം സയന്‍സില്‍ ബിരുദാനന്തര ബിരുദം കൂടിയായപ്പോള്‍ പാരമ്പര്യ വിധികള്‍ക്കൊപ്പം ശാസ്ത്രീയമായ അറിവുകള്‍ കൂടിയായി.


ചക്ക, കപ്പ, വാഴപ്പിണ്ടി, പടവലം, കയ്പക്ക, കയ്പ ചീര, കുമ്പളങ്ങ എന്നിവ കൊണ്ടാട്ടങ്ങളായി മാറി


ഇരുപത്തിയഞ്ചാം വയസ്സില്‍ തന്നെ ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ ചുവട് വെച്ചു. “വിവിധ തരം കൊണ്ടാട്ടങ്ങളുണ്ടാക്കിയായിരുന്നു തുടക്കം. ചക്ക, കപ്പ, വാഴപ്പിണ്ടി, പടവലം, കയ്പക്ക, കയ്പ ചീര, കുമ്പളങ്ങ എന്നിവ കൊണ്ടാട്ടങ്ങളായി മാറി.”
ഉടനെ കഴിക്കാവുന്ന കൊണ്ടാട്ടങ്ങളും വിനയയുടെ കൈപ്പുണ്യത്താല്‍ നിര്‍മ്മിക്കപ്പെട്ടു. കായത്തൊലി, കയ്പക്ക, ബീറ്റ് റൂട്ട്, കാരറ്റ്, കടച്ചക്ക തൊലി, എന്നിവയൊക്കെ രുചികരമായ കൊണ്ടാട്ടങ്ങളായി മാറി. കുറെ നാള്‍ സൂക്ഷിക്കാവുന്ന വിഭവങ്ങള്‍, ഒന്നും പാഴായിപ്പോവുന്നുമില്ല.

“നൂറാളുകള്‍ക്ക് 14 തരം വിഭവങ്ങളുമായി തുടങ്ങിയ കാറ്ററിങ്ങ് യൂണിറ്റ് എന്‍റെ മറ്റൊരു സംരംഭമായിരുന്നു. നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ കറികളായി മാറിയപ്പോള്‍ ഏറെ ആവശ്യക്കാരുണ്ടായി,” എന്ന് വിനയ ഓര്‍ക്കുന്നു. “ഒരു ഗ്രൂപ്പിനെ സന്നദ്ധമാക്കി ഞാന്‍ പിന്നീട് അക്ഷയ ഫുഡ് പ്രൊഡക്ട്‌സെന്ന സംരംഭത്തിലേക്കാണ് ചുവടുറപ്പിച്ചത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


ഈ സംരംഭത്തില്‍ പാഴായി പോകുന്ന ചക്കയടക്കമുള്ള പഴങ്ങള്‍ ഉല്പ്പന്നങ്ങളാക്കി മാറ്റി. ചക്കക്ക് പുറമേ പച്ച മാങ്ങ, ചിനച്ച മാങ്ങ, പാഷന്‍ ഫ്രൂട്ട്, ഞാവല്‍ പഴം, ജാമ്പക്ക, എന്നിവയൊക്കെ ഉപയോഗിച്ച് വിവിധ തരം സ്‌ക്വാഷുകള്‍, ജ്യൂസുകള്‍, ജാമുകള്‍ എന്നിവ നിര്‍മ്മിച്ച് വിപണനം നടത്തി.

ചക്കമടലില്‍ നിന്ന് തേന്‍

ചക്കയില്‍ നിന്നും തേനോ എന്ന് നെറ്റിചുളിക്കുന്നവര്‍ വിനയയുടെ ചക്കത്തേന്‍ കഴിച്ചാല്‍ തേനേത്, ചക്കത്തേനേത് എന്ന് വേര്‍തിരിച്ചറിയാനാവാതെ വാപൊളിച്ച് നിന്നുപോവും. അത്രയും രുചി സാമ്യമാണ് ചക്ക തേനിനുള്ളത്. (ചുമ്മാ തള്ളുന്നതല്ല. നേരിട്ട് രുചിച്ചറിഞ്ഞതാണിത്.)

കഴിച്ചാല്‍ തേനേത്, ചക്കത്തേനേത് എന്ന് വേര്‍തിരിച്ചറിയാനാവാതെ വാപൊളിച്ച് നിന്നുപോവും.

പഴചക്കയും, പഴുത്ത ചക്കയുടെ മടലും ആണ് ചക്കത്തേനിന്‍റെ അസംസ്‌കൃത വസ്തു. പുളി വെച്ച ചക്ക മടലില്‍ നിന്നും ഉണ്ടാക്കുന്ന ജല്ലിയും വിനയയുടെ മാസ്റ്റര്‍ പീസാണ്.

വിനയയുടെ പാചക പെരുമ ലോകമറിയാന്‍ തുടങ്ങിയത് ജന്‍ ശിക്ഷന്‍ സംസ്ഥാന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസംസ്‌കരണ പരിപാടിയില്‍ പരിശീലകയായി മാറിയപ്പോഴാണ്.

“കേരളമാകെ പതിനായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കി. കാര്‍ഷിക വിളകള്‍ പാഴാക്കാതെ സംരംഭകരായി എങ്ങനെ അധിക വരുമാനം നേടാം എന്നതായിരുന്നു ക്ലാസ്സുകളുടെ സന്ദേശം. പരിശീലനം നല്‍കിയവരില്‍ 500 ഓളം പേരെങ്കിലും ഇന്ന് സംരംഭകര്‍ കൂടിയാണ്,” വിനയ അഭിമാനത്തോടെ പറയുന്നു.

“അവരില്‍ പലരേയും പല എക്‌സിബിഷനുകളിലും മറ്റും വെച്ച് കണ്ടുമുട്ടാറുണ്ട്.. പലരുമായും നിരന്തര ബന്ധവും പുലര്‍ത്തുന്നു്ണ്ട്,” വിനയ പറഞ്ഞു. ഉല്‍പാദനം മുതല്‍ പാക്കിങ്ങും വിതരണവും വരെയുള്ള കാര്യങ്ങളില്‍ ആ സ്ത്രീകളെ സഹായിക്കാനും പരിശീലിപ്പിക്കാനും കഴിഞ്ഞതിന്‍റെ ആഹ്ളാദം വിനയ മറച്ചുവെക്കുന്നില്ല.

വിനയയുടെ അടുക്കള ഒരു പരീക്ഷണ ശാല കൂടിയാണ്. കുറഞ്ഞ ചെലവില്‍ പലപ്പോഴും പാഴായിപ്പോവുന്ന പഴങ്ങളില്‍ നിന്നും നാട്ടുപച്ചക്കറികളില്‍ നിന്നുമൊക്കെയാണ് രുചികരമായ ആരോഗ്യഭക്ഷണക്കൂട്ടുകള്‍ തയ്യാറാവുന്നത്.

നെല്ലിക്ക ചോറ്, മാമ്പഴചോറ്, പച്ച മാങ്ങ ചോറ്, പുതിന ചോറ്, വഴുതന ചോറ്, നാരങ്ങാ സാധം, പുളി സാധം, അടതാപ് (തിരുവിതാംകൂര്‍ കാവത്ത്) വറുത്തരച്ചത്, വള്ളി ചീര കറി, എരുമ പാവയ്ക്ക, തേങ്ങയില്ലാ പച്ചടി, കൂര്‍ക്ക പുളിശ്ശേരി, മണി തക്കാളി പച്ചടി, പുളിയാറില ചമ്മന്തി, മുത്തിള്‍ കട്ടി, പിണ്ടി ചമ്മന്തി, പീച്ചിങ്ങ ചമ്മന്തി, ചേന ചമ്മന്തി, ഉഴുന്ന് കൊണ്ടാട്ടങ്ങള്‍, കപ്പത്തൊലി കൊണ്ടാട്ടം, കുരുമുളകുതിരി കൊണ്ടാട്ടം, ശീമക്കൂവ കൊണ്ടാട്ടം, തക്കാളി അച്ചാര്‍, കടച്ചക്ക പായസം… ഈ ലിസ്റ്റ് ഇവിടെയൊന്നും നില്‍ക്കില്ല.


എന്താണെങ്കിലും പാഴാക്കിക്കളയുന്നതിനോട് വിനയയ്ക്ക് വല്ലാത്തൊരു ഇഷ്ടക്കേടുണ്ട്.


പാഴായിപ്പോകുന്ന കാര്‍ഷികോല്‍പന്നങ്ങള്‍, നാടന്‍ പഴങ്ങള്‍ എന്നിവ സംസ്‌കരിച്ചെടുത്താല്‍ നല്ല ഭക്ഷണത്തോടൊപ്പം ചെറിയ വരുമാനവും ഉണ്ടാക്കാമെന്ന് വിനയ തെളിയിച്ചതാണ്. അത് മറ്റുള്ളവര്‍ക്ക് പറഞ്ഞും പരിശീലിപ്പിച്ചും കൊടുക്കാന്‍ വിനയ എപ്പോഴും തയ്യാറാണ്.
ഭക്ഷ്യവസ്തുക്കള്‍ മാത്രമല്ല, എന്താണെങ്കിലും പാഴാക്കിക്കളയുന്നതിനോട് വിനയയ്ക്ക് വല്ലാത്തൊരു ഇഷ്ടക്കേടുണ്ട്. പാഴ് വസ്തുക്കള്‍ ആ കരവിരുതില്‍ മനോഹരമായ വസ്തുക്കളായി മാറും.

“ജയില്‍, വിദ്യഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഞാന്‍ നിരവധി പേരെ കരകൗശല വേല പഠിപ്പിച്ചിട്ടുണ്ട്. വീട്ടിലിരുന്നും അധിക വരുമാനം നേടാം എന്ന് കാണിച്ച് കൊടുക്കാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്,” വിനയ പറയുന്നു.

ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന വിളകളും പഴങ്ങളുമായി വരൂ, സംരംഭകരാവാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാം എന്ന് വിനയത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ ഈ 59 കാരി പറയുന്നു.
കൃഷി-വ്യവസായ വകുപ്പുകള്‍ നല്‍കുന്ന പലതരം സബ്‌സിഡികള്‍ ഉപയോഗപ്പെടുത്തിയാല്‍ കാര്‍ഷിക-ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് വലിയ ഭാരമാവില്ല എന്ന് അവര്‍ അനുഭവത്തില്‍ നിന്ന് പറയുന്നു.

വിനയയുടെ പ്രവര്‍ത്തനങ്ങല്‍ക്ക് തുണയായി ഭര്‍ത്താവ് മുരളീധര പൈയും, മകള്‍ ശ്രീലക്ഷ്മിയും, മരുമകന്‍ അനിരുദ്ധ് വര്‍മ്മയും ഉണ്ട്.

കാനറാ ബാങ്കിന്‍റെ സസ്യസംസ്‌കരണ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടറായി വിനയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗോവിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് എന്ന സ്ഥാപനവും നടത്തുന്നുണ്ട്.

Watch: എന്നെക്കൊണ്ടാവുന്ന സഹായം ചെയ്യുന്നു…

നിരവധി പുര്‌സകാരങ്ങള്‍ വിനയയെ തേടിയെത്തിയിട്ടുണ്ട്. പല പ്രസാധകരും അവരുടെ പാചകക്കുറിപ്പുകള്‍ക്കായി സമീപിച്ചു. അങ്ങനെ പുറത്തിറങ്ങിയ പല പുസ്തകങ്ങളും ഇതിനകം പല എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. തൃശൂര്‍ എച്ച് ആന്റ് സി പ്രസിദ്ധീകരിച്ച അപൂര്‍വ്വ വിഭവം, ഡയബിറ്റ്ക് സ് വിഭവം, കോതമംഗലം സൈകതം പ്രസിദ്ധീകരിച്ച പൈദോശ, കൊങ്കിണി രുചികള്‍, കുന്ദംകുളം റോസ്പ്രസ്സ് പ്രസിദ്ധീകരിച്ച
ചക്ക വിഭവങ്ങള്‍ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം