കംബോഡിയയില്‍ മഞ്ഞള്‍ കൃഷിക്ക് പോയി മടങ്ങുമ്പോള്‍ ‘കള്ളിച്ചെടിത്തണ്ടും’ കൂടെപ്പോന്നു: പുരയിടം നിറയെ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തിയെടുത്ത ജ്യോതിഷ്

നാലുവര്‍ഷം കംബോഡിയയില്‍ താമസിച്ച് ജ്യോതിഷ് കുമാര്‍ കൃഷിക്ക് മേല്‍നോട്ടം വഹിച്ചു. മണ്ണുമായും കംബോഡിയന്‍ കര്‍ഷകരുമായും അടുത്തിടപഴകിയ നാല് വര്‍ഷം കൃഷിയോടുളള താല്‍പര്യമായി വളര്‍ന്നു. തിരിച്ചുപോരുമ്പോള്‍ ആ കള്ളിമുള്‍ച്ചെടിയുടെ രണ്ട് തണ്ടും കൊണ്ടുപോന്നു.

കുടകില്‍ പാട്ടത്തിന് ഭൂമിയെടുത്ത് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്ന മലയാളികളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. അവരില്‍ പലരും അധ്വാനിച്ച് നേട്ടം കൊയ്തു. ചിലര്‍ക്ക് കൈപൊള്ളി… വിജയിച്ചവര്‍ക്ക് ഒപ്പം പരാജയം നുണഞ്ഞവരും ഇപ്പോഴും ഭാഗ്യപരീക്ഷണത്തിന് തയ്യാറാവുന്നു.

Image for representation. Photo: Pexels.com

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി ജ്യോതിഷ് കുമാര്‍ കൃഷി ചെയ്യാന്‍ പോയത് കുടകിലേക്കോ മൈസൂരിലേക്കോ അല്ല, അങ്ങ് കംബോഡിയയിലേക്ക്… മഞ്ഞള്‍ കൃഷി ചെയ്യാന്‍!

രസകരമായ സംഗതി അതല്ല.
“കംബോഡിയയില്‍ എത്തുംവരെ കൃഷിയുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല,” എന്ന് ജ്യോതിഷ് തുറന്നുപറയുന്നു.


പൂര്‍ണമായും ജൈവരീതിയില്‍ മഞ്ഞളും കുരുമുളകുമൊക്കെയാണ് കൃഷി, അതും നൂറുകണക്കിന് ഹെക്ടറില്‍


ഏകെ സ്പൈസസ് എന്ന കമ്പനിയുടെ സ്ഥാപനത്തിന്‍റെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് ഇപ്പോള്‍ ജ്യോതിഷ് കുമാര്‍. 2009-ലാണ് കമ്പനി ജ്യോതിഷിനെ കംബോഡിയയിലേക്ക് അയക്കുന്നത്. അവിടെ കൃഷിക്ക് മേല്‍നോട്ടം വഹിക്കണം. പൂര്‍ണമായും ജൈവരീതിയില്‍ മഞ്ഞളും കുരുമുളകുമൊക്കെയാണ് കൃഷി, അതും നൂറുകണക്കിന് ഹെക്ടറില്‍.

മഞ്ഞളും കുരുമുളകുമൊക്കെയാണ് കൃഷി, അതും നൂറുകണക്കിന് ഏക്കറില്‍.

മഞ്ഞളായിരുന്നു പ്രധാന കൃഷി എന്ന് ജ്യോതിഷ് കുമാര്‍.
കമ്പോഡിയന്‍ മഞ്ഞളിന്‍റെ ഒരു പ്രത്യേകതയാണ് ആ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ വിദൂരഗ്രാമത്തില്‍ കൃഷിയിറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ മഞ്ഞളില്‍ ഉളളതിനേക്കാള്‍ കുര്‍കുമിന്‍ എന്ന രാസവസ്തുവിന്‍റെ സാന്നിദ്ധ്യം വളരെ കൂടുതലുണ്ട് കമ്പോഡിയന്‍ മഞ്ഞളില്‍. വിപണിയില്‍ പ്രിയം കൂടാനുള്ള കാരണവും അതാണ്.


തിരികെപ്പോരുമ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ രണ്ട് തണ്ടുകളും ജ്യോതിഷിന്‍റെ കൂടെപ്പോന്നു


മഞ്ഞളിനും കുരുമുളകിനുമൊപ്പം  ഇടവിളയായി പഴവര്‍ഗമായ ഡ്രാഗണ്‍ ഫ്രൂട്ടും  അവിടെ കൃഷി ചെയ്തു.


നാലുവര്‍ഷം അവിടെ താമസിച്ച് ജ്യോതിഷ് കുമാര്‍ കൃഷിക്ക് മേല്‍നോട്ടം വഹിച്ചു. ചെടികളുമായും കംബോഡിയന്‍ കര്‍ഷകരുമായും അടുത്തിടപഴകിയ നാല് വര്‍ഷം കൃഷിയോടുളള താല്‍പര്യമായി വളര്‍ന്നു.


ഇതുകൂടി വായിക്കാം: അംഗോള മുതല്‍ ഇരിങ്ങാലക്കുട വരെ നീളുന്ന കൃഷി വിശേഷങ്ങള്‍: ഇരട്ട സഹോദരന്മാര്‍മാരുടെ ‘തനി നാടന്‍’ ഏദന്‍തോട്ടത്തില്‍


2013ല്‍ പെരുമ്പാവൂരില്‍ കമ്പനിയുടെ പുതിയ യൂണിറ്റ് തുടങ്ങി. അപ്പോള്‍ ജ്യോതിഷ് നാട്ടിലേക്ക് മടങ്ങി. തിരികെപ്പോരുമ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ രണ്ട് തണ്ടുകളും ജ്യോതിഷിന്‍റെ കൂടെപ്പോന്നു. അന്നൊന്നും ഡ്രാഗണ്‍ ഫ്രൂട്ടൊന്നും കേരളത്തില്‍ അധികമാര്‍ക്കും അറിയില്ല–കൃഷിയിലും പഴച്ചെടികളിലും താല്‍പര്യമുള്ള കുറച്ചു പേര്‍ക്കൊഴികെ.

കള്ളിച്ചെടി പോലുള്ള ആ തണ്ടുകള്‍ കൊണ്ടുവന്നു വേരുപിടിപ്പിച്ചു. രണ്ടില്‍ നിന്ന് പത്തും ഇരുപതുമാക്കി, 2017 ആയപ്പോഴേക്കും വ്യാവസായികമായി കൃഷി ചെയ്യുന്ന തരത്തിലേക്ക് തൈകള്‍ പെരുകി. ഇന്ന് പത്തനംതിട്ടയിലെ പുരയിടത്തിലെ 60 സെന്‍റ് ഭൂമിയില്‍ എഴുന്നൂറോളം കോണ്‍ക്രീറ്റ് കാലുകളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ ആഘോഷമായി കായ്ച്ചുകിടക്കുന്നു.

ജ്യോതിഷും ഭാര്യ സ്മിതയും

ഏപ്രില്‍ മുതല്‍ ഓക്ടോബര്‍ വരെയാണ് സീസണ്‍, ജ്യോതിഷ് വിശദീകരിക്കുന്നു.
കാഴ്ച്ചയില്‍ നിശാഗന്ധിപ്പൂക്കളെ ഓര്‍മ്മിപ്പിക്കുന്ന ഭംഗിയും സുഗന്ധവുമുളള പൂക്കളാണിതിന്. വവ്വാലുകളും നിശാശലഭങ്ങളും വഴിയാണ് പരാഗണം നടക്കുന്നത്. പൂത്തുകഴിഞ്ഞ് മുപ്പത് മുപ്പത്തഞ്ച് ദിവസം കൊണ്ട് പഴങ്ങള്‍ മൂപ്പെത്തും. പച്ചനിറമുളള കായ്കള്‍ പഴുക്കുമ്പോള്‍ കൊതിപ്പിക്കുന്ന പിങ്ക് നിറമാകും.

ഉളളില്‍ കറുത്ത അരി വിതറിയ പോലെയുളള വിത്തുകളും കഴിക്കാം.
“ഡ്രാഗണ്‍ ഫ്രൂട്ട് രണ്ട് തരത്തിലുണ്ട്. ഉളള് വെളുത്തതും അകവും പുറവും പിങ്ക് നിറമുളളതും. പിങ്ക് നിറമുളളതിനെ മെക്സിക്കന്‍ റെഡ് എന്നാണ് വിളിക്കുന്നത്. വെളളയേക്കാള്‍ രുചിയും ഗുണവും കൂടുതലാണിതിന്. ഇവിടെ കൃഷി ചെയ്യുന്നത് മെക്സിക്കന്‍ റെഡാണ്,” ജ്യോതിഷ് പറഞ്ഞു.


തോട്ടത്തില്‍ കിലോ 200 രൂപയ്ക്കാണ് കൊടുക്കുന്നത്.


പ്രമേഹമുളളവര്‍ക്കും കഴിക്കാവുന്ന പഴം കൊണ്ട് ജ്യൂസുകളും വൈനും ജാമും ഉണ്ടാക്കാം. വിദേശത്ത് ഇത് പ്രോസസ്ഡ് ഫുഡ് പൗഡറായും ഉപയോഗിക്കുന്നുണ്ട്. മെക്സിക്കന്‍ റെഡില്‍ നിന്ന് പ്രകൃതിദത്ത ഫുഡ് കളറും വേര്‍തിരിച്ചെടുക്കാന്‍ കഴിയും. 350 -400 ഗ്രാം ശരാശരി ഭാരം കാണും ഒരു പഴത്തിന്.

“അരക്കിലോ മുതല്‍ മുക്കാല്‍ കിലോ വരെ ഭാരമുളളവയും ഉണ്ടാകാറുണ്ട്. ഇവിടെ തോട്ടത്തില്‍ കിലോ 200 രൂപയ്ക്കാണ് കൊടുക്കുന്നത്. ഹോള്‍സെയിലില്‍ കിലോയ്ക്ക് 170-180 രൂപ വിലയുണ്ട്,” ജ്യോതിഷ് പറയുന്നു. ഇങ്ങനെ അനന്തമാണ് ഈ വരത്തന്‍ പഴത്തിന്‍റെ വിപണി സാധ്യതകള്‍.

ഡ്രാഗണ്‍ഫ്രൂട്ട് മത്സരിച്ചുവളരുന്ന വിശാലമായ വളപ്പില്‍ ഒരു നഴ്സറിയുമുണ്ട്. വേരു പിടിപ്പിച്ച് എട്ടുമാസത്തോളം വളര്‍ച്ചയെത്തിയ തൈകളാണ് നഴസറിയില്‍ വിതരണം ചെയ്യുന്നത്. അതിനു കാരണവുമുണ്ട്.


ഇതുകൂടി വായിക്കാം: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’: ലോകം ചുറ്റിയ എല്‍ പി സ്കൂള്‍ ടീച്ചര്‍


“ആദ്യകാലത്തെ വളര്‍ച്ച കുറച്ച് പതുക്കെയാണ്. പെട്ടെന്ന് വളര്‍ന്നു ഫലം തരുന്ന ചെടികളോടാണല്ലോ നമുക്ക് പൊതുവേ താല്‍പര്യം. ആറിഞ്ച് നീളത്തിലുളള തണ്ടുകളാണ് സാധാരണ വേരു പിടിപ്പിച്ചെടുക്കുന്നത്. ഇത് തോട്ടത്തിലേക്ക് മാറ്റി നടാനുളള പരുവമാകാന്‍ ഏഴെട്ടു മാസമെടുക്കും. അത്രയും ക്ഷമ എല്ലാവര്‍ക്കും കാണില്ല, പ്രത്യേകിച്ച് ആദ്യം കൃഷി ചെയ്യുന്നവര്‍ക്ക്. എട്ടുമാസം മൂപ്പെത്തിയ തൈകളാണെങ്കില്‍ നേരെ തോട്ടത്തിലേക്ക് പറിച്ചുനടാം. ആറുമാസത്തിനകം ചെടി വളര്‍ന്ന് പൂവിട്ടിരിക്കും,” ജ്യോതിഷ് വിശദമാക്കുന്നു.

ജ്യോതിഷ് കംബോഡിയയില്‍

പൂര്‍ണമായും ജൈവകൃഷിരീതിയാണ് ജ്യോതിഷിന്‍റേത്. “പുറംനാടുകളില്‍ ആദ്യംമുതലേ ഓര്‍ഗാനിക് വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. നമ്മുടെ നാട്ടിലിപ്പോഴാണ് ജൈവകൃഷി ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡായത്. രാസവളപ്രയോഗത്തിന്‍റെ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വരെ പറഞ്ഞുതുടങ്ങിയല്ലോ. മുമ്പൊന്നും ആളുകളത് ഗൗരവത്തോടെ എടുത്തിരുന്നില്ല.”

മെക്സിക്കന്‍ റെഡ്

വര്‍ഷത്തില്‍ രണ്ടുതവണ 10 കിലോ വീതം ഉണങ്ങിയ ചാണകപ്പൊടിയാണ് പ്രധാനമായും വളമായി ചേര്‍ക്കുന്നത്. തണ്ട് പറിച്ചുനടും മുമ്പ് മണ്ണില്‍ പച്ചില ഉപയോഗിച്ച് മള്‍ച്ചിങ്ങ് നടത്തും, മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനാണിത്.


ഒരിക്കല്‍ നട്ടാല്‍ ഇരുപത് വര്‍ഷത്തോളം വിളവെടുക്കാം.


കളളിമുള്‍ചെടി വര്‍ഗത്തില്‍ പെട്ടതായതു കൊണ്ട് അത്ര പരിചരണവും ആവശ്യമില്ല. നനയും കുറച്ചുമതി. കീടബാധയും മറ്റു പ്രശ്നങ്ങളും ഇല്ലെന്നു തന്നെ പറയാം. ചെറിയമുളളുകളുളള ചെടിയായതിനാല്‍ എലിശല്യവും കുറവാണ്, അദ്ദേഹം പറഞ്ഞുതന്നു.

താല്‍പര്യമുള്ള കര്‍ഷകര്‍ക്കായി ജ്യോതിഷ് ചില കാര്യങ്ങള്‍ കൂടി വിശദീകരിക്കുന്നു:
വിത്തു പാകി മുളപ്പിച്ചും കൃഷി ചെയ്യാമെങ്കിലും ഇത്തരത്തില്‍ ഉണ്ടാക്കുന്ന ചെടികള്‍ കായ്ക്കാന്‍ രണ്ടുവര്‍ഷത്തോളമെടുക്കും എന്നതിനാല്‍ പൊതുവേ തണ്ട് മുളപ്പിച്ചാണെടുക്കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുളള വളളികളുടെ ഭാഗമാണെടുക്കേണ്ടത്.
ഒരിക്കല്‍ നട്ടാല്‍ ഇരുപത് വര്‍ഷത്തോളം വിളവെടുക്കാം. ചെടിക്ക് മൂന്നോ നാലോ വര്‍ഷം കൊണ്ട് വളര്‍ന്ന് ഭാരമേറും. അതിനാല്‍ സാധാരണ മരക്കാലുകൊണ്ട് താങ്ങിനിര്‍ത്താനാവില്ല. ഇതിനായി കോണ്‍ക്രീറ്റ് താങ്ങാണ് പൊതുവേ ഉപയോഗിക്കുന്നത്.


ഒരു പോസ്റ്റില്‍ നാല് തൈകള്‍ പടര്‍ത്താന്‍ കഴിയും.


എട്ടടി ഉയരവും നാലിഞ്ച് വീതിയുമുളള കോണ്‍ക്രീറ്റ് പോസ്റ്റ് നാട്ടി അതിനോടു ചേര്‍ത്തു കുഴിയെടുത്താണ് തൈ നടുന്നത്. ആറേഴടി ഇടവിട്ട് പോസ്റ്റ് നാട്ടാം. ഒരു പോസ്റ്റില്‍ നാല് തൈകള്‍ പടര്‍ത്താന്‍ കഴിയും.


പോസ്റ്റിനു മുകളില്‍ ടയര്‍ ഉറപ്പിച്ചിട്ടുണ്ട്. ശാഖകള്‍ വളര്‍ന്ന് ടയറിലൂടെ താഴേക്ക് തൂങ്ങി കിടക്കും. ഇതിലാണ് പൂവിടുന്നത്. വളളികള്‍ വളര്‍ന്ന് തൂണിനൊപ്പം ഉയരമാകുമ്പോള്‍ അഗ്രഭാഗം നുളളിക്കളയാം. കൂടുതല്‍ പൊടിപ്പുകള്‍ ഉണ്ടാകാന്‍ ഇത് സഹായിക്കും. അധികമായി വളരുന്ന ശാഖകളും കേടുപാടുളളവയും നീക്കിക്കൊണ്ടിരിക്കണം.
അധികം വരുന്ന പൊടിപ്പുകള്‍ പുതിയ തൈകളുണ്ടാക്കാന്‍ ഉപയോഗിക്കാം. പുതുതായി നട്ടവ വേരുപിടിച്ചുവരുന്നതുവരെ ദിവസവും നനയ്ക്കണം. അതുകഴിഞ്ഞാല്‍ തടത്തിലെ നനവുണങ്ങുന്നതിന് അനുസരിച്ച് മതി ജലസേചനം. അതുപോലെ വിളവെടുപ്പിനു ശേഷം കൊമ്പുകോതലും പ്രധാനമാണ്. പുഷ്ടി കുറഞ്ഞ ശാഖകളും അധിക വളര്‍ച്ചകളും ഒഴിവാക്കണം.

കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ക്കാന്‍ ഒന്നിന് 1,000 രൂപയോളം ചെലവ് വരും. എങ്കിലും ഇത് പത്തിരുപത് വര്‍ഷത്തേക്ക് ഉപയോഗിക്കാനാകുമെന്ന മെച്ചമുണ്ട്. കൂടാതെ ഇടവിളയായി മഞ്ഞളോ മറ്റോ കൃഷി ചെയ്യാനും പറ്റും.


‘രണ്ടേക്കര്‍ റബറുണ്ട്. അത് വെട്ടി ഇത് ചെയ്താലോ’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്…


ജ്യോതിഷിന്‍റെ പത്തനംതിട്ടയിലെ തോട്ടത്തില്‍ കമ്പോഡിയന്‍ മഞ്ഞളാണ് ഇടവിളയായിട്ടുളളത്. മഞ്ഞള്‍ ഇവിടെത്തന്നെ പൊടിച്ച് വിപണനം ചെയ്യുന്നു. അതിനായി ഭാര്യ സ്മിതയുടെ മേല്‍നോട്ടത്തില്‍ ദേവാസ് സ്പൈസസ് & ഫ്ളോര്‍ മില്‍ എന്നപേരില്‍ ഒരു ഗ്രൈന്‍ഡിങ്ങ് യൂണിറ്റുണ്ട്. ഇവിടെയുണ്ടാകുന്ന മഞ്ഞള്‍ കൂടാതെ പ്രാദേശികമായി ശേഖരിക്കുന്ന കുരുമുളകും മറ്റും പൊടിയായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്.

നിശാഗന്ധിടേതുപോലെ വലുപ്പവും മണവുമുള്ള പൂക്കളാണ് ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയിലും

വാരാന്ത്യങ്ങളും ജോലിക്കിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങളുമാണ് ജ്യോതിഷ് കൃഷിയ്ക്കായി നീക്കിവെച്ചിട്ടുളളത്.

“നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പഴവര്‍ഗമായതിനാല്‍ ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും ലാഭകരമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. പലരും താല്‍പര്യം അറിയിച്ച് മുന്നോട്ടു വരുന്നുമുണ്ട്:
‘രണ്ടേക്കര്‍ റബറുണ്ട്. അത് വെട്ടി ഇത് ചെയ്താലോ’ എന്നൊക്കെ…”


ഇതുകൂടി വായിക്കാം:  ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍


അത്തരം ആവേശക്കാരോട് ജ്യോതഷിന് പറയാനുള്ളത് ഇതാണ്. “ലാഭമുണ്ടാക്കുക എന്നതിനേക്കാള്‍ ആദ്യം വേണ്ടത് കൃഷിയോടുളള താത്പര്യമാണ്. ഇതൊരു ചെറിയതോതില്‍ വളര്‍ത്തിനോക്കി. തൃപ്തിയായെങ്കില്‍ മാത്രം മതി വിശാലമായ കൃഷി.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം