ഒരിടത്തും അടങ്ങിയിരിക്കാത്ത ആ കുട്ടി ലോകം മുഴുവന്‍ തരംഗമായ തകര്‍പ്പന്‍ കംപ്യൂട്ടര്‍ ഗെയിം ഉണ്ടാക്കിയ കഥ

സ്കൂള്‍ സിലബസില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല സൈനുദ്ദീന്. ഒരുവിധത്തിലാണ് സ്കൂള്‍ കാലം കഴിച്ചത്… മാനേജ്മെന്‍റ് പഠനവും അധികകാലം മുന്നോട്ടുപോയില്ല… പിന്നെ, ത്രീഡി അനിമേഷന്‍… ആഗോളതലത്തില്‍ വന്‍ വിജയം നേടിയ അസുര എന്ന കംപ്യൂട്ടര്‍ ഗെയിം നിര്‍മ്മിച്ച സൈനുദ്ദീന്‍റെയും കൂട്ടുകാരുടെയും കഥ.

മുംബൈയിലെ തിരക്കിട്ടോടുന്ന സബര്‍ബന്‍ ട്രെയിനുകള്‍ ഓര്‍മ്മ വരും സൈനുദ്ദീന്‍ ഫഹദിന്‍റെ സംസാരം കേള്‍ക്കുമ്പോള്‍. ഒരു ബെല്ലും ബ്രേക്കുമില്ല. പറയുന്നത് പിടിച്ചെടുക്കാന്‍ നമുക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടാകും. അതുപോലെ തന്നെ ചടുലമാണ് ഈ 28-കാരന്‍റെ നീക്കങ്ങളും. കാര്യങ്ങള്‍ ചടപടാന്ന് നടക്കണം എന്ന മട്ട്.

സൈനുദ്ദീന്‍ ഫഹദ്

മാനേജ്‌മെന്‍റ് പഠനത്തിലേക്കും അതുമടുത്ത് ത്രീഡി ആനിമേഷനിലേക്കും അവിടെ നിന്ന് കംപ്യൂട്ടര്‍ ഗെയിമുകളിലേക്കുമുള്ള മാറ്റത്തിന് അധികകാലം വേണ്ടി വന്നില്ല. കൂട്ടുകാരോടൊത്ത് ഒരു കംപ്യൂട്ടര്‍ ഗെയിം സ്ഥാപനം തുടങ്ങാനും അവരുണ്ടാക്കിയ ഗെയിം ലോകംമുഴുവന്‍ ഹിറ്റാവാനും അധികകാലം വേണ്ടിവന്നില്ല. നിരവധി പുരസ്‌കാരങ്ങളും അത് നേടി. എല്ലാം ധടുപിടീന്ന് നടന്നു.


ഇതുകൂടി വായിക്കാം: ‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’


കൊച്ചിലേ അടങ്ങിയൊതുങ്ങിയിരിക്കുന്നത് ഇഷ്ടമായിരുന്നില്ലെന്ന് പറഞ്ഞ് സൈനുദ്ദീന്‍ പൊട്ടിച്ചിരിച്ചു. “എപ്പോഴും ഓടിനടക്കണം.”

കാസര്‍ഗോഡ് തളങ്കരയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയതാണ് സൈനുദ്ദീന്‍ ഫഹദിന്‍റെ കുടുംബം, വളരെക്കാലം മുമ്പ്. തളങ്കരയില്‍ ഇപ്പോഴും കുടുംബവീടുണ്ട്. ഇടയ്ക്കിടെ അവിടെ വരാറുമുണ്ട്. ബിസിനസുകാരന്‍ അബ്ദുള്‍ റഹ്മാന്‍ ഫിറോസിന്‍റെയും ഫൗസിയയുടെയും മകന്‍. സൈനുദ്ദീന്‍ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്.


വലിയ വില്ലും അമ്പുമെടുത്ത് രാമന്‍ യുദ്ധം ചെയ്യുന്നത് കൊച്ചുനാളില്‍ സ്വപ്നം കാണുമായിരുന്നു


വീട്ടില്‍ എല്ലാവരും രാമായണം വായിക്കാറുണ്ടായിരുന്നു, എന്ന് സൈനുദ്ദീന്‍ ഓര്‍ക്കുന്നു.

ചെറുപ്പത്തില്‍ വീട്ടില്‍ വലിയ അമ്പും വില്ലും കുറെയെണ്ണം ഉണ്ടാക്കിവെച്ചിരുന്നു, കളിക്കാന്‍. “എന്‍റെ ഹൃദയത്തില്‍ കൊണ്ടുനടന്ന നായക സങ്കല്‍പത്തിന് ഒത്തരൂപമായിരുന്നു രാമായണ കഥയിലെ നായകന്‍. വലിയ വില്ലും അമ്പുമെടുത്ത് രാമന്‍ യുദ്ധം ചെയ്യുന്നത് കൊച്ചുനാളില്‍ സ്വപ്നം കാണുമായിരുന്നു,” സൈനുദ്ദീന്‍ ചിരിക്കുന്നു.

“എന്നാല്‍ രാമായണം ടി വി യില്‍ വന്നപ്പോള്‍ അത് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല,” ആ ചെറുപ്പക്കാരന്‍ തുറന്നുപറയുന്നു.

“പിന്നീട് അടുപ്പം തോന്നിയത് ജാപ്പനീസ് കാര്‍ട്ടൂണുകളോടാണ്. വരയ്ക്കാന്‍ നല്ല താത്പര്യമായിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ രാമയണ കഥാപാത്രങ്ങളെയും ജാപ്പാനീസ് കഥാപാത്രങ്ങളെയും വരക്കുമായിരുന്നു…”


ഇതുകൂടി വായിക്കാം: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’: ലോകം ചുറ്റിയ എല്‍ പി സ്കൂള്‍ ടീച്ചര്‍


“നേരത്തെ പറഞ്ഞില്ലെ എനിക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ലെന്ന്. അതുകൊണ്ട് സ്‌കൂള്‍ കഴിഞ്ഞ ഉടനെ അണ്ടര്‍ ഗ്രാജുവേറ്റ് മാനേജ്മെന്‍റ് കോഴ്സിന് ചേര്‍ന്നു,” സൈനുദ്ദീന്‍ പറഞ്ഞു.

കാര്‍ട്ടൂണും വരയുമൊക്കെയായി നടന്ന ചെറുക്കന് എങ്ങനെ മാനേജ്‌മെന്‍റ് ചേരും?
“കോഴ്സിനു ചേര്‍ന്നുകഴിഞ്ഞ് അധികം വൈകാതെ മനസിലായി ഇതല്ല എന്‍റെ വഴിയെന്ന്. മൂന്നുമാസത്തിനുള്ളില്‍ അതുപേക്ഷിച്ചു.”
പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴുമുണ്ടായിരുന്നു.., മനസിനിഷ്ടപ്പെട്ടത് എന്തെങ്കിലും…


ആ മാസങ്ങളില്‍ കംപ്യൂട്ടര്‍ ഗെയിംസ് ലഹരിയായി.


ഇതിനിടയിലാണ് മറ്റൊന്ന് സംഭവിച്ചത്.
ഫുട്ബോള്‍ കളിക്കുന്നതിനിടെ കാലിലെ ലിഗ്മെന്‍റ് പൊട്ടി മൂന്നുമാസം വിശ്രമിക്കേണ്ടിവന്നു. അത് വഴിത്തിരിവായി. മുമ്പും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുമായിരുന്നെങ്കിലും വീട്ടിനുള്ളില്‍ ഒതുങ്ങിയിരിക്കേണ്ടി വന്ന ആ മാസങ്ങളില്‍ കംപ്യൂട്ടര്‍ ഗെയിംസ് ലഹരിയായി.
സ്വന്തമായി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നിര്‍മിക്കണമെന്ന ആഗ്രഹം മുളപൊട്ടുന്നത് അപ്പോഴാണ്. വീട്ടുകാരും എതിരു നിന്നില്ല.

മുംബൈയിലെ പ്രശസ്തമായ മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്സ് (മാക്) എന്ന സ്ഥാപനത്തില്‍ രണ്ടരവര്‍ഷത്തെ ത്രീഡി ആനിമേഷന്‍ അഡ്വാന്‍സഡ് ഡിപ്ലോമ കോഴ്സിനു ചേര്‍ന്നു.


അന്ന് പത്തൊമ്പത് വയസ്സായിരുന്നു സൈനുദ്ദീന്.


പഠനശേഷം ഉടന്‍ തന്നെ ഹൈദരാബാദില്‍ ഗെയിം ശാസ്ത്ര എന്ന കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. അന്ന് പത്തൊമ്പത് വയസ്സായിരുന്നു സൈനുദ്ദീന്. പിന്നീട് സിനിമാനിര്‍മാതാക്കളായ മൂവിംഗ് പിക്ചേഴ്സ് കമ്പനിയുടെ ബംഗളുരുവിലെ ഓഫീസില്‍ ആനിമേഷന്‍ വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്നു. ‘സൂപ്പര്‍മാന്‍ മാന്‍ ഓഫ് സ്റ്റീല്‍’ എന്ന ഹോളിവുഡ് സിനിമയ്ക്കുവേണ്ടി ത്രീഡി ആനിമേഷന്‍ ചെയ്ത സംഘത്തില്‍ പ്രവര്‍ത്തിച്ചു.

വൈകാതെ ആ ജോലിയും ഉപേക്ഷിച്ചു. സിനിമയല്ല, കമ്പ്യൂട്ടര്‍ ഗെയിം ആണ് തന്‍റെ മേഖലയെന്ന തോ്ന്നലായിരുന്നു ആ തീരുമാനത്തിനു പിന്നില്‍.
ഈ ജോലികള്‍ക്കിടയില്‍ തന്നെപ്പോലെത്തന്നെ കംപ്യൂട്ടര്‍ ഗെയിം പ്രാന്തന്മാരന്മാരായ നീരജ് കുമാറും ഓഭിക് നാഥുമായി കൂട്ടുകൂടി. അവര്‍ മൂന്നുപേരും ഒരു കമ്പ്യൂട്ടര്‍ ഗെയിം നിര്‍മാണ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചു.
തുടങ്ങി ആറുമാസത്തിനുശേഷം ഓഭിക് നാഥ് കമ്പനി വിട്ടു.


ക്രിക്കറ്റും ബോളിവുഡുമാണ് പൊതുവേ ഇന്ത്യന്‍ ഗെയിമുകളുടെ വിഷയങ്ങള്‍. ഇതു രണ്ടിനോടും താല്‍പര്യമില്ലായിരുന്നു.


പിന്നീട് സൈനുദീനും നീരജ് കുമാറും അവരുടെ മാതാപിതാക്കള്‍ നല്‍കിയ ആറുലക്ഷം രൂപ മൂലധനമാക്കി 2014 ല്‍ ഹൈദരാബാദ് ആസ്ഥാനമാക്കി ഓഗര്‍ ഹെഡ് സ്റ്റുഡിയോ എന്ന കമ്പനി തുടങ്ങി. കമ്പനി തുടങ്ങുമ്പോള്‍ സൈനുദ്ദീന് പ്രായം 24.

ചെറിയ ഗ്രാഫിക്സ്, ത്രീഡി ജോലികള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. ലോകവിപണി തന്നെ ലക്ഷ്യമിട്ട് ഒരു കമ്പ്യൂട്ടര്‍ ഗെയിം സ്വന്തമായി നിര്‍മിക്കാന്‍ ഇരുവരും തീരുമാനിച്ചു.


ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്


ക്രിക്കറ്റും ബോളിവുഡുമാണ് പൊതുവേ ഇന്ത്യന്‍ ഗെയിമുകളുടെ വിഷയങ്ങള്‍. ഇതു രണ്ടിനോടും താല്‍പര്യമില്ലായിരുന്നു. തികച്ചും പുതുമയുള്ള എന്തെങ്കിലും… നൂറുശതമാനം ഒരു ഇന്ത്യന്‍ ഗെയിം. അതായിരുന്നു സ്വപ്നം.


അങ്ങനെയാണ് അസുര എന്ന ഗെയിം പിറവിയെടുക്കുന്നത്.


ഇന്ത്യന്‍ പുരാണങ്ങളും മിത്തുകളും വിഷയമാക്കാന്‍ തീരുമാനിച്ചു. രാമായണത്തിലെ ധീരനായകരും ജാപ്പനീസ് കാര്‍ട്ടൂണുകളിലെ കഥാപാത്രങ്ങളുമൊക്കെ സൈനുദ്ദീന്‍റെ മനസ്സിലെത്തി… അങ്ങനെയാണ് അസുര എന്ന ഗെയിം പിറവിയെടുക്കുന്നത്.

Watch: അസുരയുടെ ട്രെയിലര്‍

പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. കമ്പനി ഏറ്റെടുത്ത മറ്റ് ജോലികള്‍ക്കായി എട്ടുമണിക്കൂര്‍ നീക്കിവെച്ചു. പിന്നെയും എട്ടുമണിക്കൂര്‍ സ്വന്തമായി ഗെയിം ഉണ്ടാക്കാനും. ദിവസവും പതിനാറ് മണിക്കൂറോളം ജോലിചെയ്തു…അങ്ങനെ മൂന്നുവര്‍ഷം! ആറുലക്ഷത്തിന് തുടങ്ങിയ കമ്പനിക്ക് ഈ ഗെയിമിന് വേണ്ടി മാത്രം അരക്കോടിയോളം രൂപ ചെലവഴിക്കേണ്ടി വന്നു. അങ്ങനെയാണ് അസുര എന്ന കംപ്യൂട്ടര്‍ ഗെയിം പൂര്‍ത്തിയാക്കുന്നത്.

ക്യോട്ടോയില്‍ നടന്ന 5-ാമത് ബിറ്റ് സമ്മിറ്റില്‍ മികച്ച കമ്പ്യൂട്ടര്‍ ഗെയിം ആയി അസുര തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ ഇവരുടെ കഠിനാധ്വാനം വെറുതെയായില്ല. ഗെയിം പെട്ടെന്നു തന്നെ ഹിറ്റായി. മുടക്കുമുതല്‍ രണ്ടാഴ്ചകൊണ്ടു തന്നെ തിരിച്ചുപിടിച്ചു. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അഞ്ചാമത്തെ ബിറ്റ് സമ്മിറ്റില്‍ മികച്ച കമ്പ്യൂട്ടര്‍ ഗെയിം ആയി ഇതു തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഗെയിം ഓഫ് ദി ഇയര്‍ ആയും യുഎസ്, തായ് വാന്‍  എന്നിവിടങ്ങളില്‍ മികച്ച ഗെയിമിനായുള്ള മത്സരത്തില്‍ നോമിനേഷനും ലഭിച്ചു.


അസുര ഇന്ന് ലോകപ്രശസ്തമാണ്.


കമ്പ്യൂട്ടര്‍ ഗെയിമില്‍ ഇന്‍ഡ്യന്‍ കമ്പനികള്‍ക്കും ഇവിടുത്തെ കഥാപാത്രങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാനില്ലെന്ന പൊതുധാരണ ഈ യുവസംരംഭകര്‍ തിരുത്തി. വളരെ വേഗം ഓഗര്‍ ഹെഡ് സ്റ്റുഡിയോ, പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഗെയിം നിര്‍മ്മിക്കുന്ന പ്രമുഖ സ്ഥാപനമായി മാറി. അസുര ഇന്ന് ലോകപ്രശസ്തമാണ്.

മനുഷ്യനെ തിന്നുന്ന രാക്ഷസന്‍ എന്നാണ് ഓഗര്‍ എന്നതിന്‍റെ അര്‍ത്ഥം. എന്തുകൊണ്ടാണ് ഈ പേരിട്ടതെന്ന് ചോദിച്ചാല്‍ സൈനുദ്ദീന്‍ പറയും: എല്ലാത്തിനും വേണം ഒരു വ്യത്യസ്തത. പേര് ആകര്‍ഷകമായാല്‍ സ്ഥാപനവും അടിപൊളിയാകും.

Watch: അസുരയുടെ സിനിമാറ്റിക് ട്രെയിലര്‍

അസുര ചൈന, യു എസ്, യു കെ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലെല്ലാം വ്യാപകമായി വിറ്റുപോയി. ഇതിന്‍റെ ഒരു കോപ്പിക്ക് വിദേശത്ത് പത്ത് ഡോളറും ഇന്ത്യയില്‍ 250 രൂപയുമായിരുന്നു വില. അസുര എന്ന ഗെയിം നിര്‍മ്മിക്കുവാന്‍ നീരജ് കുമാറും ഒപ്പമുണ്ടായിരുന്നു. ലക്ഷങ്ങളാണ് തനിക്ക് വരുമാനമായി ലഭിച്ചത്.


മൂന്ന് കൊല്ലം കൊണ്ട് ഒരുപാട് ആളുകളെ സ്റ്റാര്‍ട്ട് അപ്പിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു


ഇന്ത്യന്‍ മിത്തോളജിയുടെ സ്വാധീനത്താല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ കമ്പ്യൂട്ടര്‍ ഗെയിം എന്ന് അസുരയെ വിശേഷിപ്പിക്കാം. എക്സ് ബോക്സ് പ്ലേ സ്റ്റുഡിയോവിന്‍റെ മൂന്ന് പ്ലാറ്റ് ഫോമുകളിലും ഇത് ഹിറ്റാണ്. നിരവധി ആളുകള്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഗെയിം ഉണ്ടാക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 200 ഗെയിംമുകള്‍ മാത്രമേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളു. മൂന്ന് കൊല്ലം കൊണ്ട് ഒരുപാട് ആളുകളെ സ്റ്റാര്‍ട്ട് അപ്പിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും സൈനുദീന്‍ പറഞ്ഞു.

ബിറ്റ് സമിറ്റില്‍ സൈനുദ്ദീന്‍

പുതിയ ഗെയിമിന്‍റെ പണിപ്പുരയിലാണ്. വിദേശമാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഗെയിമുകള്‍ നിര്‍മിക്കുന്നത്, അദ്ദേഹം പറഞ്ഞു.

“ചൈനയും യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമാണ് പ്രധാന മാര്‍ക്കറ്റ്. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഗെയിം വിപണി വേണ്ടത്ര വികസിച്ചിട്ടില്ല. ഇന്ത്യയില്‍ നിലവില്‍ ആകെ ഒരുലക്ഷം പ്ലേസ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 0.1 ശതമാനം പോലും വരുന്നില്ല.”


ഇതുകൂടി വായിക്കാം: നവോദയ വിദ്യാലയയില്‍ അധ്യാപികയായിരുന്ന സന്ധ്യ രാജിവെച്ച് കൃഷി തുടങ്ങി, ഫേസ്ബുക്കില്‍ ഒരു ചന്തയും


രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ 250 രൂപ ഇന്ത്യക്കാര്‍ ചെലവഴിക്കുമ്പോള്‍ അത്രയും തുകയ്ക്ക് കുറഞ്ഞത് ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഗെയിം സി ഡി ലഭിക്കുമെന്ന് അവരില്‍ വലിയൊരു വിഭാഗത്തിനും അറിയില്ല. ഈ മനോഭാവത്തിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഗെയിം വ്യവസായത്തിന് നല്ല ഭാവിയുണ്ട്, സൈനുദ്ദീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം