കഴിഞ്ഞ ആറുവര്‍ഷങ്ങളായി അവധി ദിനങ്ങളെല്ലാം അവര്‍ സമൂഹത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്, തീര്‍ത്തും സൗജന്യസേവനം.
വര്‍ഷം 2012. നിര്‍മാണ തൊഴിലാളികളായ–കാസറഗോഡന്‍ ഭാഷയില്‍ കെട്ടുപണിക്കാര്‍– ആറ് സുഹൃത്തുക്കള്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട് നിര്‍മാണം ഏറ്റെടുക്കുന്നു. കൈമെയ് മറന്നു പണിയെടുത്തപ്പോള്‍ സ്വന്തമായൊരു വീട് എന്ന സഹപ്രവര്‍ത്തകന്‍റെ ഏറെ നാളത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
പുതിയ വീട്ടിലേക്ക് മാറിത്താമസിച്ചപ്പോള്‍ ആ വീട്ടുകാരുടെ കണ്ണില്‍ നിറഞ്ഞ സന്തോഷവും അതുകണ്ടപ്പോള്‍ നിറഞ്ഞുപോയ മനസ്സുമാണ് ആ കെട്ടുപണിക്കാരെ പുതിയൊരു തീരുമാനത്തിലേക്കെത്തിച്ചത്. തങ്ങളെപ്പോലെ തന്നെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അവധി ദിവസങ്ങള്‍ ചിലവഴിച്ച് വീട് നിര്‍മിച്ചു കൊടുക്കാം എന്ന ആശയം. അതൊരു തുടക്കമായിരുന്നു. ആ കൂട്ടായ്മയ്ക്ക് അവര്‍ ഒരു പേരും നല്‍കി–വൈറ്റ് ആര്‍മി.
അന്ന് മുതല്‍ എല്ലാ അവധി ദിവസങ്ങളും അവര്‍ മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്കായി മാറ്റിവച്ചു.
ആഴ്ചയില്‍ ആറ് ദിവസവും ശാരീരികമായി ഏറെ അധ്വാനം ആവശ്യമുള്ള തൊഴില്‍ ചെയ്യുന്നവരായിട്ട് പോലും പിന്നീടങ്ങോട് ഒരു ദിവസം പോലും അവര്‍ വിശ്രമിച്ചിട്ടില്ല.
ആറു വര്‍ഷം പിന്നിട്ട് 2018 ല്‍ എത്തി നില്‍ക്കുമ്പോള്‍ 18 സ്വപ്ന ഭവനങ്ങളാണ് തങ്ങളുടെ അവധി ദിവസങ്ങള്‍ ഉപയോഗിച്ച് വൈറ്റ് ആര്‍മി പണിതു നല്‍കിയത്. ആറ് വര്‍ഷം 312 അവധി ദിനങ്ങള്‍ 500,00 മണിക്കൂര്‍ 18 വീടുകള്‍. ഇതാണ് ഒറ്റ നോട്ടത്തില്‍ വൈറ്റ് ആര്‍മിയുടെ ശ്രമദാനത്തിന്‍റെ കണക്ക്.
ഇതിനു പുറമെ അന്‍പതോളം വീടുകളുടെ ഭാഗികമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും വൈറ്റ് ആര്‍മി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പുതുതായി അഞ്ചു വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കാസറഗോഡ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അരയി ഗ്രാമത്തിലെ ആര്‍ക്കും സാമ്പത്തിക പരിമിതികള്‍ വീടുപണിക്ക് തടസ്സമാവില്ല. വീട് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ റെഡി ആണെങ്കില്‍ തറ മുതല്‍ മേല്‍ക്കൂര വരെയുള്ള പണികള്‍ വൈറ്റ് ആര്‍മി ചെയ്തുതരും.
ആറ് പേരാണ് തുടക്കത്തില്‍ ഈ ‘ആര്‍മി’യില്‍ ഉണ്ടായിരുന്നത്. ഇന്ന് 30 പേരുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ 50 വയസ്സ് പ്രായമുള്ള നാരായണേട്ടന്‍ വരെ ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്. കൃത്യമായ ഒരു സംഘടനാ ചട്ടക്കൂടോ ഭാരവാഹികളോ വൈറ്റ് ആര്‍മിക്ക് ഇല്ല എന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. പണിത് കൊടുക്കേണ്ട വീടുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനും ജോലികള്‍ ഏകീകരിക്കാനും ഒരു കണ്‍വീനര്‍ മാത്രമുള്ളത്.
ഒരു നല്ല കാര്യത്തിന് വേണ്ടി ഒന്നായിച്ചേര്‍ന്നവര്‍ക്ക് പ്രസിഡണ്ടും സെക്രട്ടറിയുമെന്തിന്?
എല്ലാവരും ഒത്തുപിടിച്ച് മണ്ണിലും മഴയിലും നിന്ന് പണിതുയര്‍ത്തുകയാണ്, നന്മയുടെ കൊച്ചുകൊച്ചു വീടുകള്‍.
‘കെട്ടുപണിയെടുക്കുന്ന സുഹൃത്തുക്കള്‍ക്ക് പരസ്പരം വീടുകള്‍ പണിതാണ് നമ്മോ തൊടങ്ങിയത്,’ വൈറ്റ് ആര്‍മിയുടെ ഇപ്പോഴത്തെ കണ്‍വീനര്‍ സുരാസു ദ ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
‘പിന്നെ അത് പാവപ്പെട്ടോര്‍ക്കും ചെയ്തു കൊടുക്കാന്‍ തൊടങ്ങി. അങ്ങനെ ഇണ്ടായതാണ് വൈറ്റ് ആര്‍മി. നമ്മോ ഇപ്പോ 20 പേര് ചേര്‍ന്ന് രാവിലെ ആറു മണിക്ക് തറ കെട്ടാന്‍ തൊടങ്ങിയാല്‍ രാവിലെ 11 മണി ആമ്പഴേക്കും തറ കെട്ടി തീരും. പക്ഷെ അവര്‍ക്കു അത് കൂലി കൊടുത്ത ചെയ്യണെങ്കില്‍ കൊറഞ്ഞത് മുപ്പത്തിനായിരം രൂപേങ്കിലും വേണം.’
‘ഞങ്ങള്‍ ഇപ്പോ 30 പേരുണ്ട്. പുതിയതായിട്ട് ഒരുപാടു പേര് വരുന്നുണ്ട്. അവരോടൊക്കെ ഞങ്ങള്‍ പറയാറുള്ളത് ഇതില്‍ നിന്ന് തിരിച്ചു ഒന്നും പ്രതീക്ഷിക്കരുത് ഒരു നന്ദി പോലും. നമ്മള് ശാരീരികമായി കൊറച്ചു സമയം ചെലവാക്കുന്നു. മറ്റുള്ളോര്‍ക് അത് വലിയ ഒരു സഹായമാണ്,’ എന്ന് സുരാസു.
ഇതില്‍ കൂടുതല്‍ ഒന്നും വൈറ്റ് ആര്‍മി ആഗ്രഹിക്കുന്നില്ല.
“നാളെ അവര് ചിലപ്പോ വഴിയില്‍ വെച്ച് കണ്ടിട് ചിരിച്ചില്ലെങ്കില്‍ ഓന് വീട് കെട്ടി കൊടുക്കണ്ടായിരുന്നു എന്ന് പോലും ചിന്തിക്കരുത്.
“നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സഹായം അതില്‍ നിന്നും ഒന്നും ഞങ്ങള്‍ തിരിച്ചു പ്രതീക്ഷിക്കുന്നില്ല,” എന്ന് സുരാസു.
“ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഒരു വൈകുന്നേരം പോയിട് ആ രാത്രി മുഴുവനും പിറ്റേ ദിവസം പകല്‍ മുഴുവനും ഉറക്കമില്ലാണ്ട് വീടിന്‍റെ ഇലക്ട്രിക്ക്, പ്ലംബിംഗ് ജോലികള്‍ തീര്‍ത്തു കൊടുത്തിട്ട് വരെയുണ്ട്. സഹായം ആവശ്യമുള്ള ഒരുപാടു പേരുണ്ട്. സാമ്പത്തികമായി പിരിവെടുക്കാനും കൊടുക്കാനുമൊക്കെ ഒരുപാടാളുകളുണ്ടാകും. പക്ഷെ ഞങ്ങള്‍ക്കു കഴിയുന്നത് ഞങ്ങള്‍ ചെയ്യുന്നു,” അദ്ദേഹം വ്യക്തമാക്കുന്നു.
വീടിന്‍റെ തറ നിര്‍മാണം മുതല്‍ തേപ്പ്, പെയിന്‍റിങ്ങ്, ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ വരെ വൈറ്റ് ആര്‍മിയിലെ അംഗങ്ങള്‍ ചെയ്തുകൊടുക്കും. ഇവയ്ക്കു പുറമെ കക്കൂസ് നിര്‍മാണം, വേനല്‍ കാലങ്ങളില്‍ ജല ലഭ്യത കുറയുന്ന കിണറുകള്‍ വൃത്തിയാക്കല്‍, ആഴം കൂട്ടല്‍, ജലസ്രോതസുകളുടെ സംരക്ഷണം, തകര്‍ന്ന റോഡുകള്‍ നന്നാക്കല്‍, രക്തദാനം തുടങ്ങി വിവിധ മേഖലകളില്‍ തങ്ങളാലാവുന്നത് ചെയ്ത് വൈറ്റ് അര്‍മിയുണ്ട്.
പ്രളയാനന്തരം ചാലക്കുടിയിലെ ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണത്തിന് പോയ ‘ഓണത്തോണി’ എന്ന സംഘത്തെ നയിച്ചതും വൈറ്റ് ആര്‍മി ആയിരുന്നു.
നഗരസഭാ ചെയര്‍മാന്‍റെ അഭ്യര്‍ത്ഥന പ്രകാരം ആയിരുന്നു ആ ചാലക്കുടിയിലേക്ക് തിരിച്ചത്. ചാലക്കുടിയില്‍ 147 വീടുകളുടെ വൈദ്യുതി തകരാറുകള്‍ പരിഹരിച്ചും അഞ്ചോളം വീടുകളുടെ നിര്‍മാണത്തില്‍ പങ്കാളികളായി. നഗരസഭയുടെ പ്രത്യേക ആദരവും സംഘം ഏറ്റുവാങ്ങി.
“വളരെ അധികം ശാരീരികമായ അധ്വാനം ആവശ്യമുള്ള വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന ആള്‍ക്കാരുടെ ഒരു കൂട്ടായ്മയാണ് വൈറ്റ് ആര്‍മി. തങ്ങളുടെ അവധി ദിവസങ്ങളില്‍ അധ്വാനം സംഭാവന ചെയ്യുന്ന ഇവര്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്നു,”കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു.
“അവധി ദിവസങ്ങള്‍ അടിച്ചുപൊളിക്കാനുള്ളതാണ് എന്ന കാഴ്ചപ്പാടുള്ള ഇന്നത്തെ കാലത്ത് വൈറ്റ് ആര്‍മിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. നഗരസഭയെ സംബന്ധിച്ചെടുത്തോളം വൈറ്റ് ആര്‍മി ഞങ്ങളുടെ സൗഭാഗ്യമാണ്. ഇത്തരം മനസ്സുള്ള ചെറുപ്പക്കാരെയാണ് നാടിനു ആവിശ്യം. അവരെ പരമാവധി ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭ അവരെ ഹൃദയത്തോട് ചേര്‍ക്കുകയാണ്,” രമേശന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പരിമിതമായ ചുറ്റുപാടുകളില്‍ നിന്ന് കൊണ്ട് സാമൂഹ്യ സേവനം എത്രത്തോളം മഹത്തരമായി ചെയ്യാം എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് സാധാരണക്കാരുടെ ഈ കൂട്ടായ്മ.
ഇന്നും ഒരുപാടു ജീവിതങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഒരു അവധി ദിവസം തങ്ങള്‍ക്കുള്ള സ്വപ്നക്കൂടൊരുക്കാന്‍ കൂട്ടമായെത്തുന്ന ഈ സൈനികരെ.