നല്ല തണുപ്പുള്ള മകരമാസത്തിലും ദിവാകരന്‍ (62) ചെത്ത് മുടക്കാറില്ല. തെങ്ങിന്‍റെ ഉച്ചിയില്‍ ഇരിക്കുമ്പോള്‍, നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നിന്ന് അരിച്ചെത്തുന്ന ഒരുതരം തണുപ്പുകാറ്റുണ്ട്. ദിവാകരന് കുട്ടിക്കാലത്തേ പരിചയമുള്ള കാറ്റ്.
പിന്നീടാ തണുപ്പ് അതേ അളവില്‍ ദിവാകരന് അനുഭവപ്പെട്ടത് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്‍റെ (സി പി സി ആര്‍ ഐ) ശീതീകരിച്ച സമ്മേളനഹാളിലാണ്.
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞരോട് തന്‍റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴും എയര്‍ കണ്ടീഷനറില്‍ നിന്ന് തുടരെ തണുപ്പുകാറ്റ് അടിച്ചു. ദിവാകരന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന ഗവേഷകരെല്ലാം നിറഞ്ഞ കൈയ്യടിയോടെ പ്രോത്സാഹിപ്പിച്ചു. ആ ചെത്തുകാരന്‍റെ ഉള്ളില്‍ അപ്പോഴും കോട്ടപ്പുറം പുഴയില്‍ നിന്നുള്ള ആ കാറ്റുവീശി.
കൃഷി ശാസ്ത്രജ്ഞന്‍മാര്‍ വരെ സംശയ നിവാരണത്തിന് ദിവാകരനെ സമീപിക്കും..
കാസര്‍ഗോഡ് കടിഞ്ഞിമൂലയിലെ ദിവാകരന്‍ എന്ന ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണ്. അതിലെ ഓരോ പേജും പ്രകൃതിസ്നേഹത്തിന്‍റെയും നാട്ടുനന്മയുടെയും അറിവുകളും രസികന്‍ നിരീക്ഷണങ്ങളുമാണ്.
സ്കൂള്‍ വിദ്യാഭ്യാസം പത്താംക്ലാസ്സില്‍ മുടങ്ങിയെങ്കിലും ദിവാകരന് തന്‍റെ തോട്ടത്തിലെ മുന്നൂറിലധികം വരുന്ന സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളും ഗുണങ്ങളുമറിയാം.
ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ നിരവധി വിദ്യാര്‍ഥികളാണ് ദിവാകരനെ തേടിയെത്തുന്നത്. കൃഷി ശാസ്ത്രജ്ഞന്‍മാര്‍ വരെ സംശയ നിവാരണത്തിന് ദിവാകരനെ സമീപിക്കും…
“ലാബിലെ കണ്ടെത്തലുകള്‍ക്ക് മാത്രമല്ലല്ലോ നാം അംഗീകാരം കൊടുക്കേണ്ടത്. കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന നിരന്തര അനുഭവങ്ങള്‍ കോര്‍ത്താണ് ദിവാകരനെപ്പോലൊരാള്‍ സംസാരിക്കുന്നത്. ശാസ്ത്രീയമായി അതിന് പൂര്‍ണമായ അടിത്തറയുണ്ടെന്നു പറയാനാകില്ലെങ്കിലും ഗവേഷണ സമാനമായ അദ്ദേഹത്തിന്‍റെ കാര്‍ഷിക ജീവിതം പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്,” ദിവാകരന്‍റെ ഗവേഷണത്തിന് കാസര്‍കോട് സി പി സി ആര്‍ ഐ യിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് സി തമ്പാന്‍ മാര്‍ക്കിടുന്നത് ഇങ്ങനെ.
ചെത്തുകഴിഞ്ഞ നേരത്ത് പുഴയുടെ തീരങ്ങളില്‍ കണ്ടല്‍ ചെടി വച്ച് പിടിപ്പിച്ചും സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഔഷധ പൂന്തോട്ടമൊരുക്കിക്കൊടുത്തും ഔഷധ സസ്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തും ഈ മനുഷ്യന്‍ ജീവിക്കുന്നു.
മത്സ്യം പിടിക്കുന്ന ആളുകള്‍ ഇഷ്ടം പോലെ ഉള്ളതിനാല്‍ തോണിക്ക് നല്ല ഡിമാന്‍റ് ആയിരുന്നു.
“നീലേശ്വരം കോട്ടപ്പുറം പുഴയുടെ തീരത്തുള്ള കടിഞ്ഞിമൂല എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്,” ദിവാകരന്‍ പറഞ്ഞുതുടങ്ങുന്നു. “പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി. കൃഷിയും കന്നുകാലി വളര്‍ത്തലുമൊക്കെയായി ജീവിതം തള്ളിനീക്കുമ്പോഴാണ് തോണിയുണ്ടാക്കാന്‍ താല്പര്യം തോന്നിയത്.”
ആ കഥ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നത്:
മത്സ്യം പിടിക്കുന്ന ആളുകള്‍ ഇഷ്ടം പോലെ ഉള്ളതിനാല്‍ തോണിക്ക് നല്ല ഡിമാന്‍റ് ആയിരുന്നു. ആശാരിപ്പണിയോടു നല്ല താല്പര്യമുണ്ടായിരുന്നു. ഞാന്‍ നിര്‍മിച്ച തോണികള്‍ മനോഹരങ്ങളായിരുന്നു. അതുകൊണ്ട് തന്നെ നല്ല ഡിമാന്‍റും ആയിരുന്നു.
ഇരുപതു വര്‍ഷം തോണി ഉണ്ടാക്കി ജിവിച്ചു…നൂറ് കണക്കിന് തോണികള്‍. “അച്ഛന് തെങ്ങ് കള്ളുചെത്തായിരുന്നു. ഇതാണ് കുലത്തൊഴില്‍. അച്ഛന്‍ മരിച്ചതോടെ ഞാനും കള്ളുചെത്തിലേക്ക് തിരിഞ്ഞു. കാഞ്ഞാങ്ങാട്ടെ ഷാപ്പില്‍ ആണ് കള്ള് അളക്കുക. അന്‍പത് ലിറ്ററോളം കള്ളു ലഭിച്ച സമയമുണ്ടായിരുന്നു.
“രാവിലെ ജോലി തീര്‍ന്നാല്‍ ഇഷ്ടം പോലെ സമയം കിട്ടും. അങ്ങിനെ ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാനും നട്ടുവളര്‍ത്താനും തുടങ്ങി. നീര ചെത്തിനു സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഞാന്‍ നീര ചെത്ത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഇപ്പോള്‍ നീര ചെത്താന്‍ സംസ്ഥാനത്ത് വിവിധ രീതികള്‍ അവലംമ്പിക്കുന്നുണ്ട്. ലഹരിരഹിതമായി നീര സംഭരിക്കാവുന്ന രീതി ഇപ്പോള്‍ ഞാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്,” ദിവാകരന്‍ പറഞ്ഞു.
തെങ്ങില്‍ നിന്നും ചെത്തിയെടുക്കുന്ന നീര പൈപ്പ് വഴി തെങ്ങിന്‍ ചുവട്ടിലെ ഐസ് നിറച്ച പെട്ടിയിലെ ഭരണിയില്‍ വീഴ്ത്തി ശേഖരിക്കന്ന രീതിയാണ് ദിവാകരന്‍ വികസിപ്പിച്ചെടുത്തത്. ഇങ്ങനെ ചെയ്താല്‍ ഒട്ടും ലഹരി കലരാത്ത നീര ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. പല കര്‍ഷക സംഘടനകളും ആ രീതി പഠിക്കാന്‍ ദിവാകരന്‍റെ അടുത്ത് വരുന്നുണ്ട്.
15 വര്‍ഷം മുമ്പ് തന്നെ നീരയില്‍ നിന്ന് നീരാടോണിക്, നീരാ ജാം, ചോക്ലേറ്റ്, ഐസ്‌ക്രിം, പാല്‍പ്പൊടി, ടൂത്ത് പേസ്റ്റ് എന്നിവയും ഉണ്ടാക്കിയ ദിവാകരന്‍ പേറ്റന്‍റിനായി അപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ചെന്നൈയിലെ ഇന്‍റലെക്ച്വല്‍ പ്രോപ്പര്‍ട്ടി പേറ്റന്‍റ് ഓഫീസില്‍ നിന്ന് തെളിവെടുപ്പിനുള്ള കടലാസും ലഭിച്ചു. അതിന്‍റെ ഫീസും അടച്ചു, ദിവാകരന്‍ പറഞ്ഞു.
നീലേശ്വരത്തെ കൃഷി അസിസ്റ്റന്‍റും കാര്‍ഷിക പത്രപ്രവര്‍ത്തകയുമായ ആര്‍ വീണാറാണി ആ നാടന്‍ കൃഷി ശാസ്ത്രജ്ഞനെപ്പറ്റി പറഞ്ഞത് ഇങ്ങനെ: കൃഷിയിടത്തില്‍ അദ്ദേഹം തുടരുന്ന നിതാന്ത ജാഗ്രതയും പുതിയവ കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹവും സമ്മതിച്ചേ പറ്റൂ
ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
നീലേശ്വരം നഗരസഭയില്‍ കടിഞ്ഞിമൂലയിലെ പുഴയ്ക്കരികിലാണ് ദിവാകരന്‍റെ വീട്. പുഴയ്ക്കും വീടിനും ഇടയിലുള്ള തെങ്ങിന്‍തോപ്പിലാണ് പൂന്തോട്ടം. മൂന്നൂറോളം ഇനം ചെടികള്‍ പൂക്കള്‍ കാട്ടിയും മണം പരത്തിയും നില്‍ക്കുന്നു. എല്ലാത്തിന്‍റെയും ശാസ്ത്രീയനാമം ഇംഗ്ലീഷിനും നാട്ടുപേര് മലയാളത്തിലും പകര്‍ത്തിയെഴുതിയ അസ്സല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണിത്.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്‍റെ സഹകരണത്തോടെ മുക്കട മുതല്‍ അരയാല്‍കട വരെ കണ്ടല്‍ വച്ച് പിടിപ്പിച്ചു. ഇതുവരെ 50,000 കണ്ടല്‍ നട്ടുപിടിപ്പിചിട്ടുണ്ട്. അന്‍പതോളം സ്‌കൂളുകളിലും കളക്ട്രേറ്റ് ഉള്‍പ്പെടെ ഒരു ഡസനിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഔഷധ തോട്ടമുണ്ടാക്കി. “ശുദ്ധജലത്തില്‍ വളരുന്ന കണ്ടല്‍ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. എന്നെ കളിയാക്കുന്നവരുണ്ടാകാം, പ്രകൃതിയെ സംരക്ഷിക്കുന്നതിനു വിവിധ സസ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും ജീവിതകാലം മുഴുവന്‍ ഞാനുണ്ടാവും,” ദിവാകരന്‍ പറഞ്ഞു.
‘ജൈവ കോണ്‍ക്രീറ്റ്’
പൂന്തോട്ടം കഴിഞ്ഞ് ദിവാകരന്‍റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന വഴിക്കരികില്‍ തന്നെ കോണ്‍ക്രീറ്റില്‍ തീര്‍ത്തൊരു പട്ടിക്കൂട് കാണാം. തേച്ച് വെടിപ്പാക്കിയ ആ കൂടിന് ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നുമില്ല. നമ്മള്‍ പരിചയപ്പെടാന്‍ പോകുന്ന ദിവാകരന്‍റെ ഒരു സാമ്പിള്‍ ഐറ്റമാണ് ഈ പട്ടിക്കൂട്.
ഇതിന്‍റെ കോണ്‍ക്രീറ്റില്‍ ഇരുമ്പ് കമ്പിയില്ല. പകരം നല്ല മൂത്ത കവുങ്ങ് ചെത്തി കമ്പിപ്പരുവത്തിലാക്കി ഉപയോഗിച്ചു. ചേരുവയില്‍ ജല്ലിയും ചേര്‍ത്തിട്ടില്ല. പകരം ചിരട്ടക്കഷ്ണം ചേര്‍ത്ത് വാര്‍ത്തു. ജൈവകൃഷി എന്നൊക്കെ പറയുന്നത് പോലെ ഇത് ദിവാകരന്‍റെ “ജൈവ കോണ്‍ക്രീറ്റ്”. ഇന്റര്‍നെറ്റില്‍ ഈ കോണ്‍ക്രീറ്റ് വിശേഷം അറിഞ്ഞ് വിദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ ദിവാകരനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.
“പ്രളയത്തിന് ശേഷം ഇത്തരം കോണ്‍ക്രീറ്റിനെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പത്തു വര്‍ഷം മുമ്പ് ഞാന്‍ തനിച്ച് നിര്‍മ്മിച്ചതാണിത്,” ദിവാകരന്‍ പറയുന്നു.
കേസരി എന്ന മണ്ണിര
മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണം മുതല്‍ കീടനിയന്ത്രണത്തിനുള്ള നാടന്‍ വഴികള്‍ വരെ ദിവാകരന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പിന്നെയുമുണ്ട്. കേസരി എന്ന പേരില്‍ പുതിയതരം മണ്ണിരയെ വികസിപ്പിച്ചു. ഈ കണ്ടെത്തല്‍ ദേശീയ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന്‍റെ സാധ്യതാപട്ടികയില്‍ അദ്ദേഹത്തെ എത്തിച്ചു.
കൊമ്പന്‍ചല്ലിയുടെ ലാര്‍വയെക്കൊണ്ട് കമ്പോസ്റ്റ് നിര്‍മ്മാണം (മണ്ണിര കമ്പോസ്റ്റിനൊപ്പം കൊമ്പന്‍ ചില്ലിയുടെ പുഴുക്കളെയും (ചാണകപ്പുഴു) നിക്ഷേപിക്കും. ഇത് ലാര്‍വ ദശയിലാകുമ്പോള്‍ ഇതിനെ മണ്ണിര ഭക്ഷിക്കും. അതിനാല്‍ കൊമ്പന്‍ചല്ലി ശല്യത്തില്‍ നിന്നും കര്‍ഷകര്‍ക്ക് രക്ഷനേടാനുമാകും. കാടക്കോഴികള്‍ക്ക് ചെലവുകുറഞ്ഞ തീറ്റനിര്‍മ്മാണം. ജലസസ്യമായ ലെംന സംസ്‌കരിച്ച് എളുപ്പത്തില്‍ കോഴിത്തീറ്റയാക്കാം എന്ന് ദിവാകരന്‍ പറയുന്നു.
വേരുതീനി പുഴുക്കളുടെ വണ്ടിനെ ഇല്ലാതാക്കാനുളള മാര്‍ഗ്ഗമാണ് കര്‍ഷകര്‍ക്ക് വലിയ സഹായമായ മറ്റൊരു ഉപാധി. സംഗതി ലളിതമാണ്. “ജൂണില്‍ ആദ്യമഴയ്ക്കാണ് വേരുതീനി പുഴുക്കളുടെ വണ്ട് വിരിയുന്നത്. ഏപ്രിലില്‍ മണ്ണില്‍ നന്നായി നനച്ചാല്‍ ഇതിന്‍റെ മുട്ടകള്‍ നശിപ്പുപോകും,” ദിവാകരന്‍ പറയുന്നു.
ചിതലിനെ വേരുതീനിപ്പുഴുക്കളുടെ അന്തകനാക്കി മാറ്റാമെന്നും അദ്ദേഹം പറയുന്നു. ഈ പ്രോജക്ട് കണ്ണൂര്‍ജില്ലയിലെ ഏറ്റുകുടുക്ക സ്‌കൂളിലെ കുട്ടികള്‍ ഏറ്റെടുത്തപ്പോള്‍ അവര്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. തെങ്ങിന്‍റെ ചെന്നീരൊലിപ്പ് തടയാനുള്ള ലളിതമാര്‍ഗങ്ങളും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
തെങ്ങുകയറ്റക്കാര്‍ക്കായി സ്പെഷ്യല്‍ കൈകാലുറകളും ദിവാകരന്‍ നിര്‍മ്മിച്ചുണ്ട്. തെങ്ങുകയറ്റക്കാരുടെ കൈക്കും കാലിനുമുണ്ടാകുന്ന തഴമ്പ് ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് ദിവാകരന്‍ പറയുന്നത്.
സ്‌കൂളുകളിലെ ശാസ്ത്രമേളയിലും മറ്റും കാര്‍ഷിക പ്രോജക്ടുകള്‍ക്കും ഉപദേശകനായും ദിവാകരന്‍ ആവേശത്തോടെ എത്തും. പച്ചക്കറിത്തോട്ടം, കൊമ്പന്‍ ചെല്ലിയുടെ ലാര്‍വ കമ്പോസ്റ്റ് എന്നിവ സ്‌കൂളുകളില്‍ തയ്യാറാക്കി നല്‍കുന്നതിന്‍റെ ആശാന്‍കൂടിയാണ് ദിവാകരന്‍. അപൂര്‍വ ചിത്രത്തവള, പല്ലില്ലാത്ത അരിത്തവള, ആപ്പിള്‍ കണ്ടല്‍ എന്നിവയും സ്‌കൂള്‍ കുട്ടികള്‍ക്ക് ദിവാകരന്‍ പരിചയപ്പെടുത്തി.
കാര്‍ഷിക സര്‍വ്വകലാശാല 2008ല്‍ കൃഷിരീതി വിഭാഗത്തില്‍ മികച്ച കര്‍ഷകനായി ദിവാകരനെ തിരഞ്ഞെടുത്തു. സംസ്ഥാന മൃഗസംരക്ഷണ മേളയില്‍ പ്രതിഭാ പുരസ്‌കാരം, വനംവകുപ്പിന്‍റെ പ്രകൃതിമിത്ര അവാര്‍ഡ് തുടങ്ങി സ്‌കൂളിലെ എന്‍ എസ് എസ് അവാര്‍ഡുവരെ നീളുന്നുണ്ട് അംഗീകാരങ്ങള്‍.
ജീവനം
നാലുവര്‍ഷം മുമ്പ് ഈ ചെത്തുതൊഴിലാളി നടപ്പാക്കിയ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാണ് ജീവനം. നീലേശ്വരം നഗരസഭയ്ക്കകത്ത് തുടങ്ങിയ പദ്ധതി, ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളിലേക്കുവരെ വ്യാപിപ്പിച്ചു. “ജീവിക്കാന്‍ വനം, വെള്ളം, ശുദ്ധവായു…അതാണ് ജീവനം. മനുഷ്യമനസ്സില്‍ അതിജീവനത്തിന്‍റെ വിത്തുകള്‍ പാകുന്ന നൂതന പദ്ധതിയാണിത്,” ജീവനത്തെക്കുറിച്ച് ദിവാകരന് പറയുന്നു.
ഇതിനകം അന്‍പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ ഈ പദ്ധതിയില്‍ ദിവാകരന്‍ സൗജന്യമായി വിതരണം ചെയ്തു. കുടുംബശ്രീകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ സ്‌കൂള്‍കോളേജ് എന്‍ എസ് എസ് യൂണിറ്റുകള്‍, രാഷ്ട്രീയ യുവജനസംഘടനകള്‍, ക്ഷേത്രകമ്മിറ്റികള്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പരിപാടികളിലാണ് ദിവാകരന്‍ വൃക്ഷത്തൈ സൗജന്യമായി കൈമാറിയത്. എല്ലാം സ്വന്തം പറമ്പില്‍ പരിപാലിച്ചവ, സ്വന്തം ചെലവില്‍ പോറ്റിയവ, അതില്‍ അത്തി മുതല്‍ അരയാല്‍വരെയുള്ളവയുമുണ്ട്.
സാധാരണ കണ്ടലുകള്‍ ഉപ്പുകലര്‍ന്ന വെള്ളത്തിലാണുണ്ടാവുക. ദിവാകരന്‍ ഒരിനം കണ്ടല്‍ ശുദ്ധജലത്തില്‍ വളര്‍ത്തിയെടുത്തു.
വേപ്പ്, നെല്ലി, കറിവേപ്പ്, ലക്ഷ്മിതരു, മുള്ളാത്ത, അശോകം, കണിക്കൊന്ന, പതിമുഖം, മുരിങ്ങ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നതില്‍ സ്പെഷ്യലുകള്‍. ഇത്തരം ഔഷധച്ചെടികള്‍ നടുന്നതിന്‍റെ ശാസ്ത്രീയ അടിത്തറയും പറഞ്ഞുതരും അദ്ദേഹം.
“പുരയിടങ്ങള്‍ ഔഷധച്ചെടികളാല്‍ സമൃദ്ധമായാല്‍, അത് പുറത്തുവിടുന്ന ഓക്സിജന്‍ നമ്മുടെ തൊടിയെ ഫലപുഷ്ടിയുള്ളതാക്കും. അവയിലൂടെ ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍ നമ്മുടെ കിണറുകളെ സമൃദ്ധമാക്കും. സര്‍വരോഗത്തിനും സിദ്ധ ഔഷധമാണ് നമ്മുടെ തൊടിയിലെ ഈ സസ്യജാലങ്ങള്‍,” ദിവാകരന്‍ അങ്ങനെ പറയുമ്പോള്‍ തികഞ്ഞ തത്വജ്ഞാനി കൂടിയാകും.
“ഈ വിഷുവിന് ഞാന്‍ വിഷു കൈനീട്ടമായി നല്‍കിയത് 1,500 ഓളം ലക്ഷ്മിതരു ചെടികളാണ്. ഞാന്‍ ഉണ്ടാക്കുന്ന ചെടികളൊന്നും വില്‍ക്കാറില്ല. സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയാണ്. രാവിലെ തെങ്ങ് ചെത്തുകഴിഞ്ഞാല്‍ ചിലപ്പോള്‍ സ്‌കൂളുകളില്‍ ഔഷധ തോട്ടമുണ്ടാക്കാന്‍ പോകും. എന്നാല്‍ ചില അധ്യാപകര്‍ പ്രതിഫലമായി എന്തെങ്കിലും വാങ്ങണമെന്ന് പറയും ഞാന്‍ വാങ്ങാറില്ല. കുട്ടികള്‍ പഠിക്കട്ടെ, ജന്മ നക്ഷത്ര സസ്യങ്ങളെ കുറിച്ചും ദശമൂലങ്ങളെ കുറിച്ചും ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കും. അവര്‍ ഒരു ചെടിയെങ്കിലും നട്ടാല്‍ അത്രയെങ്കിലും ആയില്ലെ,” എന്നാണ് ദിവാകരന്‍റെ ചിന്ത. കാസര്‍കോട് അന്ധവിദ്യാലയത്തില്‍ പൂക്കളുടെ സുഗന്ധം ആസ്വദിക്കാനായി മാത്രം മണമുള്ള പൂക്കളുടെ പൂന്തോട്ടവും ദിവാകരന്‍ നട്ടുപിടിപ്പിച്ചു.
കുറിഞ്ഞി
ദിവാകരന്‍ പരിപാലിക്കുന്ന ഔഷധച്ചെടികളുടെ വൈവിധ്യം കണ്ടാല്‍ തന്നെ അമ്പരന്നുപോകും. ജീരകച്ചെടിമുതല്‍ ആല്‍മരം വരെ കടിഞ്ഞിമൂലയിലെ പൂന്തോട്ടത്തിലുണ്ട്. നാളെ ഏതെങ്കിലും സ്‌കൂള്‍ മുറ്റത്ത് പരിലസിക്കേണ്ടവ, നീലക്കുറിഞ്ഞി വര്‍ഗത്തില്‍പ്പെട്ട ചെറിയൊരു ചെടി നീലപ്പൂവുമായി നില്‍ക്കുന്നതും ദിവാകരന്‍റെ പൂന്തോട്ടത്തില്‍ കണ്ടു.
ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക
ആറുവര്‍ഷം മുമ്പ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് നട്ടതാണ്. സ്ട്രോബിലാന്തസ് കംപാനുലേറ്റസ് എന്ന കുറിഞ്ഞിയിനമാണിത്. മൂന്നാറില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന സ്ടോബിലാന്തസ് കുന്തിയാന ചെടിയുടെ കുടുബക്കാരി. അനുകൂല സാഹചര്യമുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും പൂവിടാം. 1500 മീറ്റ ഉയരമുള്ള ഹൈറേജ് മേഖലകളില്‍ മാത്രം പൂക്കുന്ന ഇത്തരം കുറിഞ്ഞിയിനം ഈ പുഴയ്ക്കരികില്‍ വിരിഞ്ഞത്,ദിവാകരന്‍ വിശദീകരിച്ചു.
കണ്ടല്‍ വളരുന്ന പഴയങ്ങാടിയിലും മാടായിലും മറ്റും പോയി കണ്ടലിന്‍റെ വിത്ത് ശേഖരിച്ച് വളര്‍ത്തിയെടുക്കുകയാണ് ദിവാകരന്‍. വനംവകുപ്പ് പോലും കണ്ടല്‍ ചെടികളുടെ തൈവളര്‍ത്താന്‍ ഏല്‍പ്പിക്കുന്നത് ദിവാകരനെയാണ്. കണ്ടല്‍ കാടുകളുടെ പുഴത്തീരത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിക്കുമെന്നും പുഴയെ കരയിടിച്ചലില്‍നിന്നും സംരക്ഷിക്കുമെന്നും പറയുന്ന ദിവാകരന്‍ കാസര്‍കോടിന്‍റെ തീരങ്ങള്‍ കണ്ടല്‍ കൊണ്ട് ഹരിതാഭമാക്കാനുള്ള ശ്രമത്തിലാണ്.
ഇതുകൂടി വായിക്കാം: ജൈവകുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമംകൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം