നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്

അമ്മ കര്‍ഷകത്തൊഴിലാളിയും കൃഷിക്കാരിയുമായിരുന്നു. എന്നിട്ടും നാല് വിത്ത് വിതയ്ക്കാനോ കള പറിക്കാനോ മണിച്ചേട്ടന്‍ മണ്ണിലിറങ്ങിയിരുന്നില്ല,  10 വര്‍ഷം മുമ്പ് വരെ .

“ഇ ത് പൊന്നപ്പന്‍ അല്ല തങ്കപ്പന്‍ തന്നെയാ!”
ടെറസ് തോട്ടത്തില്‍ കൂട്ടമായെത്തിയ പൊന്നട്ടകളെക്കുറിച്ചാണ് സി കെ മണിച്ചേട്ടന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

“കൃഷിയിലെ ശത്രുകീടം എന്ന് പറഞ്ഞു നാം നശിപ്പിക്കുന്ന ഈ പൊന്നട്ട കര്‍ഷകന്‍റെ മിത്രം തന്നെയാണ്,” സ്വന്തം നിരീക്ഷണം അദ്ദേഹം കൃഷിഗ്രൂപ്പുകളിലെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയാണ്.

പൊന്നട്ട. ഫോട്ടോ: CK Mani/Facebook

“ജീവനുള്ള ഒരു സസ്യത്തെയും ആഹാരമായി എടുക്കാതെ കൊഴിഞ്ഞു വിഴുന്ന ജൈവവാശിഷ്ടങ്ങളെ മാത്രം ആഹാരമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ പൊന്നപ്പന്‍ നമ്മുടെ മണ്ണുതിന്നുന്ന നാടന്‍ മണ്ണിരയെ പോലെ എനിക്ക് മട്ടുപ്പാവ് കൃഷിയില്‍ മിത്രം തന്നെയാണ്.” കേടുവന്ന് പൊഴിഞ്ഞുവീണ പടവലം പൊന്നട്ടകള്‍ തിന്നുന്നതിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.


ഫൊട്ടോഗ്രഫിയായിരുന്നു അദ്ദേഹത്തിന്‍റെ ലോകം മുഴുവന്‍.


ഇങ്ങനെയൊരു നിരീക്ഷണം നടത്താല്‍ ഒരു കര്‍ഷകന് കഴിയുന്നതില്‍ അല്‍ഭുതമൊന്നുമില്ല. നാല്‍പത് വര്‍ഷമായി ക്യാമറ ലെന്‍സിലൂടെ ലോകത്തെ സൂക്ഷ്മമായി കാണുന്ന ഒരു ഫൊട്ടോഗ്രഫറാണെങ്കില്‍ അതില്‍ അതിശയപ്പെടാന്‍ ഒട്ടുമേയില്ല.

സി കെ മണി എന്ന പത്തനംതിട്ട കടമ്പനാട്ടുകാരന്‍ ഇതു രണ്ടുമാണ്–ക്യാമറയോടും ഫൊട്ടോഗ്രഫിയോടുമുള്ള താല്‍പര്യം ചെറുപ്പത്തിലേ തലയ്ക്കുപിടിച്ച് 40 വര്‍ഷം മുമ്പ് നാട്ടില്‍ സ്റ്റുഡിയോ ഇട്ടതാണ് മണിച്ചേട്ടന്‍.

ഫൊട്ടോഗ്രഫിയായിരുന്നു അദ്ദേഹത്തിന്‍റെ ലോകം മുഴുവന്‍. ഒരു കര്‍ഷക കുടുംബമായിരുന്നിട്ടും അമ്മ നല്ല കര്‍ഷകത്തൊഴിലാളിയും കൃഷിക്കാരിയുമായിരുന്നിട്ടും നാല് വിത്ത് വിതയ്ക്കാനോ കള പറിക്കാനോ മണിച്ചേട്ടന്‍ മണ്ണിലിറങ്ങിയിരുന്നില്ല, ഏകദേശം 10 വര്‍ഷം മുമ്പ് വരെ .

സി കെ മണി

രാവിലെ എഴുന്നേറ്റ് വിത്തും തൂമ്പയുമായി പാടത്തേക്ക് പോകുന്ന അമ്മയെ കണ്ടാണ് വളര്‍ന്നത്. ഇന്ന് ചിന്തിക്കുമ്പോള്‍ ബാല്യകാലത്തെ ഏറ്റവും മികച്ച ഓര്‍മകളില്‍ ഒന്നാണ് അത്, സി കെ മണി പറയുന്നു.

കാരണം, വയലില്‍ പണിയെടുത്ത് അവരവരുടെ അന്നത്തിനുള്ള വക വിത്ത് വിതച്ച്, നനച്ചു വളര്‍ത്തി, കൊയ്‌തെടുത്ത ജീവിച്ചിരുന്ന അമ്മയുടെ കാലത്ത് ഇന്നത്തെ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 90 വയസിലും അന്നത്തെ തലമുറ പൂര്‍ണ ആരോഗ്യവാന്മാരായിരുന്നു. സ്വന്തം വീട്ടിലെ ആവശ്യത്തിന് വേണ്ട പച്ചക്കറികളും പഴങ്ങളുമെല്ലാം അക്കാലത്ത് തന്നെ അമ്മ നട്ടുനനച്ചു വളര്‍ത്തിയിരുന്നു. വീട്ടിലെ ആവശ്യത്തിന് ശേഷം മിച്ചം വരുന്നത് അടുത്ത വീടുകളില്‍ സൗജ്യമായിത്തന്നെ വിതരണം ചെയ്തിരുന്നു… സുരക്ഷിതമായ ഭക്ഷണം സ്‌നേഹത്തോടൊപ്പം കൈമാറ്റം ചെയ്തിരുന്ന ഒരു ഗ്രാമീണ ജീവിതം അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഇങ്ങനെയൊക്കെയായിരുന്നിട്ടും പാടത്തേക്കൊരു കണ്ണെറിയാന്‍ അന്നൊന്നും തോന്നിയിരുന്നില്ല. കണ്ണുമുഴുവന്‍ ക്യാമറകളിലായിരുന്നു. ഏത് വിധേനയും ഒരു മികച്ച ഫോട്ടോഗ്രാഫര്‍ ആകണം എന്നതായിരുന്നു ലക്ഷ്യം. മകന്‍റെ ആഗ്രഹങ്ങളെ കുടുംബം പ്രോത്സാഹിപ്പിച്ചു. അങ്ങനെ 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടമ്പനാട്ട് സികെ മണി ഒരു സ്റ്റുഡിയോ തുടങ്ങി.

ആ നാല് പതിറ്റാണ്ടില്‍ കടമ്പനാടും ഗ്രാമവും മനുഷ്യരും അവരുടെ ജീവിതവുമൊക്കെ മാറുന്നത് ഒരു ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെയും അല്ലാതെയും അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. കാണെക്കാണെ ചുറ്റുമുള്ളവര്‍ പലപല രോഗങ്ങള്‍ക്ക് അടിപ്പെടുന്നു. ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാവുന്നു. ജീവിതത്തില്‍ മാറ്റം വേണമെന്ന ഒരു തോന്നല്‍ മനസ്സിലുണര്‍ന്നു തുടങ്ങിയിരുന്നു.


പുതിയ കാര്‍ഷിക രീതിയാണ് അതൊക്കെ കളഞ്ഞു കുളിച്ചത്


നാല് അടുത്ത ബന്ധുക്കളെ കാന്‍സര്‍ രോഗം കീഴ്‌പ്പെടുത്തിയതോടെ മണിയുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമായി. ഭക്ഷണത്തിലും പച്ചക്കറികളിലും ചേരുന്ന മായവും രാസ കീടനാശിനികളുമൊക്കെയാണ് കാന്‍സര്‍ രോഗികളുടെ കുത്തനെയുള്ള വര്‍ദ്ധനവിന് കാരണം എന്ന് മണി കരുതുന്നു. പണ്ടുകാലത്തുള്ളവര്‍ക്ക് നല്ല ആരോഗ്യമുണ്ടായിരുന്നതിന് പിന്നില്‍ നല്ല ഭക്ഷണവും ജീവിതശൈലിയുമൊക്കെയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും വീട്ടുവളപ്പില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്നതായിരുന്നു ഇതിനു ബദലായി അദ്ദേഹം കണ്ട വഴി.

“ഗോതമ്പും ചോളവും വരുന്നതിന് മുമ്പ് മലയാളികള്‍ ചേനയും കാച്ചിലുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നും. അരി ഭക്ഷണം അധികം കഴിച്ചിരുന്നില്ല. വൈവിധ്യമാര്‍ന്ന പച്ചക്കറികളും പുഴുക്കുകളും തനതു വിഭവങ്ങളും ധാരാളമുണ്ടായിരുന്നു. പാശ്ചാത്യ പോഷക ശാസ്ത്രത്തേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ പദ്ധതി നമുക്കുണ്ടായിരുന്നു. പുതിയ കാര്‍ഷിക രീതിയാണ് അതൊക്കെ കളഞ്ഞു കുളിച്ചത്,” എന്നാണ് ആ കര്‍ഷകന്‍റെ നിരീക്ഷണം.

കൃഷിഭൂമി ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച സാമ്പാര്‍ ചലഞ്ചില്‍ പത്തനംതിട്ടയില്‍ നിന്നുള്ള മികച്ച കര്‍ഷകനായി മണിയെ തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ
വീട്ടിലുണ്ടായ പച്ചക്കറികള്‍ കൊണ്ടൊരു ഓണക്കളം.

“ചുറ്റുപാടും കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഞാന്‍ ജൈവകൃഷിയുടെ സാധ്യതകളെപ്പറ്റി ചിന്തിക്കുന്നത്. അവരവര്‍ക്കു വേണ്ട പച്ചക്കറികള്‍ സ്വന്തം പുരയിടത്തില്‍ തന്നെ കൃഷി ചെയ്യുക. ഇറക്കുമതി ചെയ്യുന്ന കീടനാശിനികള്‍ തളിച്ച പച്ചക്കറികളും പഴങ്ങളും കഴിച്ച് ആരോഗ്യം കളയുന്നതിലും എത്രയോ ഭേദമാണ് മണ്ണിലിറങ്ങി കൃഷി ചെയ്യുന്നത് എന്ന തോന്നലുണ്ടായത് അപ്പോഴാണ്,” മണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“മണ്ണ് ചതിക്കില്ല. മണ്ണില്‍ പണിയെടുത്ത് ജീവിച്ചിരുന്ന എന്‍റെ അമ്മക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. ഇന്ന് കാണുന്ന ജീവിതശൈലീ രോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് കൃഷിയിടങ്ങളിലേക്ക് മടങ്ങിപ്പോക്ക് മാത്രമാണ് ശരിയായ നടപടിയെന്ന് എനിക്ക് തോന്നി.


ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


“എന്നാല്‍ അതിനു വേണ്ട അറിവ് എനിക്കുണ്ടായിരുന്നില്ല. കര്‍ഷക കുടുംബത്തില്‍ ജനിച്ചെങ്കിലും അമ്മ ജോലി ചെയ്യുന്നത് കണ്ടുള്ള പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്. അതിനാല്‍ ജൈവകൃഷിരീതി പഠിച്ചശേഷം ഈ രംഗത്തേക്കിറങ്ങാനായിരുന്നു എന്‍റെ തീരുമാനം,” അദ്ദേഹം വിശദീകരിച്ചു.

പഴയ ടയര്‍ ഗ്രോബാഗിന് പകരം ഉപയോഗിച്ചാണ് മണിയുടെ ടെറസ് കൃഷി

സര്‍വകലാശാലയില്‍ നിന്നും തുടക്കം

ജൈവകൃഷി പഠിക്കണമെന്ന് മനസിലുറപ്പിച്ച 2010-ല്‍ മണി അതിനായി ആശ്രയിച്ചത് തൃശ്ശൂരിലെ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ ജൈവകൃഷി പഠന ക്‌ളാസുകളെയാണ്.

എങ്ങനെ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്യാമെന്നാണ് അവിടെ നിന്നും പഠിച്ചത്. ചാരം, ചാണകം എന്നിവക്ക് പുറമെ ജീവാമൃതമാണ് കൃഷിയിടങ്ങളില്‍ പ്രയോഗിച്ചിരുന്നത്. എന്നാല്‍ ഈ രീതികള്‍ക്കെല്ലാം ഉപരിയാണ് ജൈവകൃഷിയുടെ സാധ്യതകളെന്ന് മനസിലായത് സര്‍വ്വകലാശാലക്ക് കീഴിലുള്ള ജൈവകൃഷി പഠന ക്ലാസില്‍ പങ്കെടുത്തപ്പോഴാണ്.


മണ്ണില്‍ കുമ്മായം വിതറുന്നത് ആപത്താണ് എന്നാണ് മണി പറയുന്നത്.


”മണ്ണ്, വെളളം, മനുഷ്യന്‍ ഈ മൂന്നു ഘടകങ്ങളുടെ പി എച്ച് മൂല്യം അളവ് തെറ്റാതെ സംരക്ഷിക്കുക എന്നതാണ് മികച്ച കൃഷിയുടെയും ജീവിതശൈലിയുടെയും അടിസ്ഥാന തത്വം. മണ്ണിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒട്ടുമിക്ക കര്‍ഷകരും മണ്ണില്‍ കുമ്മായം വിതറുകയാണ് ചെയ്യുന്നത്. ഇത് ശത്രുകീടങ്ങളെയും മിത്രകീടങ്ങളെയും ഒരേ പോലെ നശിപ്പിക്കുന്നു. ഇത് മണ്ണിനു ആപത്താണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നീറ്റാത്ത കക്ക പൊടിച്ചു ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഇത് വിളവ് വര്‍ദ്ധിക്കും, മണ്ണിനെയും സംരക്ഷിക്കും. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ സ്വയം നിരീക്ഷിച്ചും പരീക്ഷിച്ചുമാണ് ഞാന്‍ എന്‍റെ സ്വന്തം മണ്ണില്‍ ആദ്യമായി വിത്തെറിഞ്ഞത്,” മണി വാചാലനായി.

40 സെന്‍റിലെ കാര്‍ഷിക പരീക്ഷണങ്ങള്‍

40 സെന്‍റിലാണ് മണിയുടെ കൃഷി. നാട്ടിലെ പേരെടുത്ത ജൈവകര്‍ഷകനാകുന്നതിനു വേണ്ടിയല്ല, കാന്‍സറിനെതിരെയുള്ള ബോധവത്കരണം എന്ന നിലയ്ക്കാണ് കൃഷിയുമായി മുന്നോട്ടുപോവുന്നത് എന്ന് അദ്ദേഹം പറയുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായുള്ള പച്ചക്കറികളും പഴങ്ങളും ജൈവകൃഷി ചെയ്യാന്‍ എല്ലാവരെയും പ്രേരിപ്പിക്കാന്‍ കൂടിയാണ് മണി കൃഷി തുടങ്ങുന്നത്.


വീട്ടാവശ്യത്തിനായി എടുത്തശേഷം ബാക്കി അടുത്തുള്ളവര്‍ക്ക് സൗജന്യമായി നല്‍കും


ടെറസിലും വീടിനു ചുറ്റിലുമായി ഇല്ലാത്ത പച്ചക്കറികളും പഴങ്ങളുമില്ല.. ഉരുളക്കിഴങ്ങും ബ്രോക്കോളിയും കാബേജും കാരറ്റുമൊക്കെ വിളയിക്കുന്നുണ്ട് ഈ കര്‍ഷകന്‍. ഒപ്പം നാടന്‍ പച്ചക്കറികളും. പാവക്ക, കോവക്ക, തക്കാളി, വെണ്ട, പടവലം , മുളക്, അച്ചിങ്ങ, പലതരം ചീരകള്‍, കുമ്പളങ്ങ, വെള്ളരിക്ക, മുരിങ്ങ, വഴുതനങ്ങ… എന്താണിവിടെ ഇല്ലാത്തത് എന്ന് ചോദിക്ക്… സവാളയും നന്നായി വിളയുന്നുണ്ട് മണിച്ചേട്ടന്‍റെ തോട്ടത്തില്‍.

ഇനി പഴങ്ങളുടെ കാര്യമായാലോ, അത്തച്ചക്ക, പൈനാപ്പിള്‍, പലതരം വാഴപ്പഴങ്ങള്‍, സീതപ്പഴം തുടങ്ങി ഇവിടെ ഇല്ലാത്ത പഴങ്ങളും കുറവ്. ഒന്നും വില്പ്പനക്ക് വേണ്ടിയല്ല. വീട്ടാവശ്യത്തിനായി എടുത്തശേഷം ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും അടുത്ത വീടുകളില്‍ ഉള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയാണ് പതിവ്.

കുറേക്കാലം മണിയുടെ കയ്യില്‍ നിന്നും സൗജ്യമായി പച്ചക്കറി ലഭിക്കാന്‍ തുടങ്ങിയതോടെ അടുത്തുള്ള ആളുകള്‍ പലരും ജൈവകൃഷിയിലേക്ക് മാറിക്കഴിഞ്ഞു. കൃഷി ചെയ്യാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും മികച്ച വിത്തുകളും ഇദ്ദേഹം സൗജന്യമായി നല്‍കുന്നു.

വിഷം കലര്‍ത്തിയ മീന്‍ എന്തിന് വാങ്ങണം?

ഒന്‍പത് വര്‍ഷത്തോളമായി മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങിയിട്ടില്ല എന്ന് പറയുമ്പോള്‍ മണിച്ചേട്ടന്‍റെ മുഖത്ത് യഥാര്‍ത്ഥ കര്‍ഷകന്‍റെ സന്തോഷവും അഭിമാനവും നിറയും.

മറുനാടന്‍ പച്ചക്കറികള്‍ മാത്രമല്ല, ചന്തയില്‍ നിന്ന് കിട്ടുന്ന മീനും വിഷം തളിച്ചതാണെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം മീന്‍ വളര്‍ത്തലും തുടങ്ങി. അമോണിയ ചേര്‍ത്ത മീന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി പഠിച്ചശേഷമാണ് മീന്‍ വളര്‍ത്തല്‍ തുടങ്ങിയത്. പടുതാക്കുളം ഉണ്ടാക്കി അതിലാണ് മീനുകളെ വളര്‍ത്തുന്നത്. ഒപ്പം കൂണ്‍ കൃഷിയുമുണ്ട്. ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ തുടങ്ങിയ മാംസ്യ സമ്പുഷ്ടമായ കൂണുകളാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കന്നുകാലികള്‍ക്കായി ഒരു ടാങ്കില്‍ അസോളയും വളര്‍ത്തുന്നു.

കൃഷിയിലേക്ക് വന്നത് വളരെ വൈകിയാണെങ്കിലും പുതിയ പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും തയ്യാറാണ്. ഔഷധത്തേനിനുവേണ്ടി തേന്‍കൃഷിയിലേക്കും മണിച്ചേട്ടന്‍ കടന്നിരിക്കുന്നു. ഇതെല്ലാം 40 സെന്‍റ് സ്ഥലത്ത് വളരെ ചിട്ടയോടെ ചെയ്യുന്നു.

വ്യത്യസ്തമായ വളപ്രയോഗം

മീന്‍കുളത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഉമിക്കരിയുമായി യോജിപ്പിച്ചതാണ് പ്രധാന വളം. അതിനോടൊപ്പം ചാണകം, ഗോമൂത്രം, ചാരം, ജീവാമൃതം എന്നിവയും പരീക്ഷിക്കുന്നു. പച്ചക്കറികള്‍ക്ക് ചാണകം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക് , എല്ലുപൊടി എന്നിവ സമം ചേര്‍ത്ത് നാലുദിവസം വച്ച് പുളിപ്പിച്ച മിശ്രിതം വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് തളിക്കുന്നു. ഇത് മികച്ച വിളവ് നല്‍കുമെന്ന് മണിച്ചേട്ടന്‍റെ ഉറപ്പ്.

കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ മിശ്രിതം തളിക്കുകയും, കുമിള്‍ മിശ്രിതം വെള്ളം ചേര്‍ത്ത് പ്രയോഗിക്കുകയും ചെയ്യുന്നു. ശത്രുകീടങ്ങളെ മാത്രമായി അകറ്റുന്ന രീതിയാണ് ഈ കര്‍ഷകന്‍ പിന്തുടരുന്നത്.

ഔഷധത്തേനിനുവേണ്ടി തേന്‍കൃഷിയിലേക്കും മണിച്ചേട്ടന്‍ കടന്നിരിക്കുന്നു. സി കെ മണിയും ഭാര്യ ശാന്തയും

ഗ്രോബാഗിനു പകരം ടയര്‍

മണിച്ചേട്ടന്‍റെ തോട്ടത്തിലെ മറ്റൊരു ആകര്‍ഷണം ടയറുകളില്‍ കായ്ച്ചു നില്‍ക്കുന്ന പച്ചക്കറികളാണ്. ഉപയോഗശൂന്യമായ ടയറുകളില്‍ മണ്ണ് നിറച്ചാണ് കൃഷി ചെയ്യുന്നത്. ഇത് ഗ്രോ ബാഗിനേക്കാള്‍ വിളവ് നല്‍കുകയും കൂടുതല്‍ ഈട് നില്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

”ഉപയോഗശൂന്യമായ ടയറുകള്‍ ശേഖരിച്ച് അത് വെട്ടി താമരയുടെ രൂപത്തിലാക്കി പെയിന്‍റ് ചെയ്യുന്നു. തോട്ടം കൂടുതല്‍ മനോഹരമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് അതില്‍ മണ്ണ് , ചകരിച്ചോറ്, ജൈവവളം എന്നിവ പല തട്ടുകളായി വിതറുന്നു. പിന്നീടാണ് അതില്‍ തൈകള്‍ നടുന്നത്. നട്ട് 15 ദിവസം കഴിഞ്ഞ് വീണ്ടും വളപ്രയോഗം നടത്തുന്നു. ആറ് വര്‍ഷത്തോളം ഈ ടയര്‍ ഉപയോഗിക്കാം. ഗ്രോ ബാഗ് ആകട്ടെ വേഗം നശിക്കും,” ടയര്‍ കൃഷിയുടെ രഹസ്യം മണിച്ചേട്ടന്‍ വെളിപ്പെടുത്തുന്നു.

മകന്‍റെ വിവാഹത്തിന് എട്ടിനം വിത്തുകള്‍

വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് സമ്മാനമായി ഒരു ചെറുനാരങ്ങ കൊടുക്കുന്ന പതിവുണ്ട്, പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍. ജൈവകൃഷിയില്‍ കമ്പം കയറിയ ഈ കര്‍ഷകന്‍ മകന്‍റെ കല്യാണച്ചടങ്ങിനെത്തിയ അതിഥികള്‍ക്ക് സമ്മാനമായി നല്‍കിയത് എട്ട് തരം പച്ചക്കറികളുടെ വിത്താണ്. മാത്രമല്ല, എങ്ങനെയാണു ജൈവകൃഷി നടത്തുക എന്നതിനെപ്പറ്റി ഒരു ചെറുക്ലാസും അദ്ദേഹം അവിടെ നല്‍കി.


ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം


ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് കൃഷികൂട്ടായ്മകളില്‍ ജൈവകൃഷിയുടെ സജീവ പ്രചാരകനായി സി കെ മണി ഉണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായി വിത്തുവിതരണം, തൈകള്‍ കൈമാറല്‍, കാര്‍ഷിക പഠന ക്‌ളാസുകള്‍ അങ്ങനെ അദ്ദേഹം തിരക്കിലാണ്. കാര്‍ഷിക കാര്യങ്ങളില്‍ പൂര്‍ണ പിന്തുണയുമായി ഭാര്യ ശാന്തയും കൂടെയുണ്ട്.

#

സി കെ മണിയുടെ ഫോണ്‍ നമ്പര്‍: 9447594550

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം