‘ഇത്ര പെട്ടെന്ന് കഴിഞ്ഞോ,’ ചോദ്യം കേട്ട് ഐ ബി ഓഫീസര്‍ ഞെട്ടി: ഒടിഞ്ഞ കാലും കൈയ്യുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയ ആര്യയുടെ കഥ

കഠിനമായ പരിശ്രമം, സ്വപ്നം… എല്ലാം വിഫലമാകുന്നതു പോലെ ഒരു നിമിഷം തോന്നി…ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല…

 ടിഞ്ഞ കൈയ്യും കാലും കൊണ്ട് സിവില്‍ സര്‍വ്വീസ് മെയിന്‍സ് പരീക്ഷയെഴുതാന്‍ ചെന്ന ആര്യയെ കാത്തിരുന്നത് നാലാം നിലയിലെ പരീക്ഷാ ഹാളായിരുന്നു.

കഠിനമായ പരിശ്രമം, സ്വപ്നം… എല്ലാം വിഫലമാകുന്നതു പോലെ ഒരു നിമിഷം തോന്നി… ഇത്രയും പടവുകള്‍ കയറി പോയി എങ്ങനെ പരീക്ഷയെഴുതും?ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല…

സിവില്‍ സര്‍വ്വീസില്‍ നല്ല റാങ്കോടെ ചേരുക എന്ന സ്വപ്‌നം ആര്യ കൊണ്ടുനടക്കാന്‍ തുടങ്ങിയത് കുറച്ച് വര്‍ഷങ്ങളായി. അതിനായി ഏറെ പരിശ്രമിച്ചു, മറ്റൊരുപാട് സിവില്‍ സര്‍വ്വീസ് മോഹികളെപ്പോലെ.

പക്ഷേ, മെയിന്‍സ് പരീക്ഷ അടുത്തിരിക്കുമ്പോഴാണ് ആ അപകടം.

ആര്യ ആര്‍ നായര്‍.

പരീക്ഷയുടെ മൂന്നു ദിവസം മുമ്പ് ഹോള്‍ ടിക്കറ്റെടുക്കാന്‍ പോയി വരുമ്പോള്‍ പടിക്കെട്ടില്‍ തട്ടി വീണതാണ്. കൈയ്ക്കും കാലിനും ഗുരുതരമായ ക്ഷതമുണ്ട്. ലിഗ്മെന്‍റ് ഫ്രാക്ചര്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വീണപ്പോള്‍ ആദ്യമൊരു പ്രശ്‌നവും തോന്നിയില്ല. ചുറ്റും നിന്നവരെല്ലാവരും കൂടി താങ്ങിയെടുത്തു. വൈകാതെ കാലില്‍ നീരു വെച്ചു തുടങ്ങി. വേദന കലശലാകുന്നു. ഒരടി നടക്കാന്‍ കഴിയുന്നില്ല, ആര്യ ആ അപകടത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഈ വര്‍ഷത്തെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് വീട്ടിലറിയിച്ചു. എല്ലാവര്‍ക്കും സങ്കടമായി.


പരീക്ഷാ ഹാളില്‍ പ്രവേശിച്ചതും കാലു നിലത്തു കുത്താനാകാത്ത വേദന.ഓരോ അര മണിക്കൂറിലും വേദന സംഹാരി ഉപയോഗിച്ചു.


പക്ഷേ, പിന്നെ ആലോചിച്ചു. ”എനിക്ക് സിവില്‍ സര്‍വ്വീസിലെത്തണം. അതില്‍ കുറഞ്ഞൊരു ലക്ഷ്യവും എനിക്കില്ലായിരുന്നു,” എന്ന് ആര്യ.

അങ്ങനെ മനസ്സുറപ്പിച്ച്, എല്ലാ വേദനയും കടിച്ചമര്‍ത്തി പരീക്ഷാകേന്ദ്രത്തിലെത്തിയപ്പോള്‍ മുന്നില്‍ തടസ്സമായി നാല് നിലകള്‍. ലിഫ്റ്റും ഇല്ല.

മെയിന്‍സ് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പായിരുന്നു അപകടം. ഒടിഞ്ഞ കാലും ചതഞ്ഞ കൈയ്യുമായിട്ടാണ് ആര്യ പരീക്ഷയ്ക്ക് എത്തിയത്.

പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുളളവരുമായി ബന്ധപ്പെട്ടു. പക്ഷെ അവര്‍ നിസഹയാരായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി മാറ്റാന്‍ കഴിയില്ലെന്ന മറുപടി.

പക്ഷെ തോറ്റു പിന്മാറാന്‍ ആര്യ ഒരുക്കമല്ലായിരുന്നു. സുഹൃത്തുക്കളെല്ലാരും കൂടി താങ്ങിയെടുത്തും ഏന്തി വലിഞ്ഞും ഒരു വിധത്തില്‍ മുകളിലെത്തി.


ഇതുകൂടി വായിക്കാം: കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി അര്‍ഷിയ തിരിച്ചുവന്നു, കാപ്പിക്കര്‍ഷകര്‍ക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍


പരീക്ഷാ ഹാളില്‍ പ്രവേശിച്ചതും കാലു നിലത്തു കുത്താനാകാത്ത വേദന.ഓരോ അര മണിക്കൂറിലും വേദന സംഹാരി ഉപയോഗിച്ചു. എന്നാല്‍ അടുത്ത ദിവസം മുതല്‍ താഴത്തേ നിലയിലുള്ള പരീക്ഷാ ഹാളില്‍ പരീക്ഷയെഴുതാന്‍ ആര്യയ്ക്ക് അനുമതി ലഭിച്ചു: ഭിന്നശേഷിക്കാര്‍ക്കായുള്ള ഹാളില്‍ ഇരുന്ന് പരീക്ഷയെഴുതാം.

പക്ഷേ, പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല.

”പക്ഷെ അവിടെയും എന്നെ കാത്തിരുന്നത് വലിയ വെല്ലുവിളിയാണ്. ക്വസ്റ്റ്യന്‍ പേപ്പര്‍ പൊട്ടിക്കുന്നത് നാലാം നിലയിലാണ്. അതും പരീക്ഷയ്ക്കുള്ള മണി മുഴങ്ങിയ ശേഷം. ചോദ്യപേപ്പറുമായി ഉദ്യോഗസ്ഥര്‍ താഴത്തെ നിലയിലെത്താന്‍ അഞ്ചു മിനിറ്റോളമെടുത്തിരുന്നു. പരീക്ഷ എഴുതിത്തുടങ്ങാനുള്ള വിലപ്പെട്ട അഞ്ചു മിനിറ്റാണ് നഷ്ടമായത്… എന്നേ സംബന്ധിച്ച് അതൊരു വലിയ നഷ്ടമായിരുന്നു,” ആ പരീക്ഷ എഴുതിത്തീര്‍ത്തതിനെക്കുറിച്ച് ആര്യ.

“നഷ്ടമാകുന്ന സമയത്തെക്കുറിച്ച് പരീക്ഷാ ചുമതലയുള്ളവരോട് സൂചിപ്പിച്ചാലെന്താണെന്ന് ആദ്യം കരുതി. എന്നാല്‍ പരീക്ഷയെഴുതാന്‍ ചെയ്തുതന്ന സഹായമോര്‍ത്തപ്പോള്‍ അവരെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നു തോന്നി.”

പരീക്ഷ ആരംഭിക്കുന്നതിനു മുന്‍പും ഇടയിലും കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകാറുണ്ട്. മെയ്ന്‍സിന്‍റെ ഒരു പേപ്പറിന്‍റെ പരീക്ഷയ്ക്കിടയിലെത്തിയ സൂപ്പര്‍വൈസര്‍ ആര്യയുടെ കാലിലെ ബാന്‍ഡേജ് മുഴുവന്‍ അഴിച്ചു പരിശോധിച്ചു. എഴുതാനുള്ള സമയത്തില്‍ നിന്നും കുറച്ചധികം അങ്ങനെയും നഷ്ടമായി.


ബോര്‍ഡ് ചെയര്‍മാനായ ഭോണ്‌സലെ അതൊന്നും ശ്രദ്ധിക്കാതെ മറ്റെന്തോ റിപ്പോര്‍ട്ട് വായിച്ച് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.


“വേദന സഹിക്കവയ്യാതെ പരീക്ഷ എഴുതുന്നില്ല എന്നുവരെ തീരുമാനിച്ചതാണ്. എന്നിട്ടും ഉള്ളിലെ സ്വപ്നം വേദനയേക്കാള്‍ തീവ്രമായതു കൊണ്ടാകാം എങ്ങനെയോ പരീക്ഷ എഴുതി തീര്‍ത്തത്.”

ശരിക്കും ഞെട്ടി

”ഇന്‍റെര്‍വ്യൂവിന്‍റെ സമയത്തും നല്ല ടെന്‍ഷനുണ്ടായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് അഭിമുഖത്തിന്‍റെ ഘട്ടത്തിലെത്തുന്നത്. പതിനായിരക്കണക്കിന് പേര്‍ എഴുതിയ പരീക്ഷയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍. എന്നാല്‍ വളരെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമായിരുന്നു ഇന്‍റെര്‍വ്യൂവിനെ സമീപിച്ചത്.”

കോട്ടയം എസ് പി ഹരിശങ്കര്‍ ഐ പി എസിനൊപ്പം

ആ കടമ്പ കടന്നതെങ്ങനെ എന്ന് ആര്യ വിശദമാക്കുന്നു:

“റിട്ടയേര്‍ഡ് എയര്‍ മാര്‍ഷല്‍ എ എസ് ഭോണ്‌സലെ ചെയര്‍മാനായ ബോര്‍ഡായിരുന്നു. ഉച്ചമുതലുള്ള കാത്തിരിപ്പിനു ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് ബോര്‍ഡിനു മുന്നിലെത്തുന്നത്. കാത്തിരുന്നു മുഷിഞ്ഞതല്ലേ. അല്പം വെള്ളം കുടിച്ചിട്ടു തുടങ്ങാമെന്ന് ബോര്‍ഡംഗങ്ങളിലൊരാള്‍ പറഞ്ഞു. പക്ഷെ ആ ഓഫര്‍ നിരസിച്ച ശേഷം ഇന്‍റെര്‍വ്യൂവിനായി ഇരുന്നു. തുടക്കം ഭോണ്‌സലെയുടേതായിരുന്നു. തുടര്‍ന്ന് ബോര്‍ഡ് അംഗങ്ങള്‍ ഓരോരുത്തരായി ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ഓരോ ചോദ്യത്തിനും ചിന്തിച്ച് ആത്മവിശ്വാസത്തോടെയുമാണ് മറുപടിയാണ് നല്കിയത്.


ഇതുകൂടി വായിക്കാം: ഇത് ലോകാവസാനമൊന്നുമല്ലല്ലോ: 10-ാം ക്ലാസ്സിലെ മാര്‍ക്ക് പങ്കുവെച്ച് ഐ എ എസുകാരന്‍റെ വൈറല്‍ കുറിപ്പ്


പക്ഷെ മറ്റംഗങ്ങളുടെ ചോദ്യത്തിനു ഞാന്‍ മറുപടി പറയുമ്പോഴെല്ലാം ബോര്‍ഡ് ചെയര്‍മാനായ ഭോണ്‌സലെ അതൊന്നും ശ്രദ്ധിക്കാതെ മറ്റെന്തോ റിപ്പോര്‍ട്ട് വായിച്ച് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്‍റെ ഉത്തരങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ല. ആ ഇരുപ്പ് എന്നില്‍ തെല്ലൊരമ്പരപ്പുണ്ടാക്കി. കാരണം ആത്യന്തികമായി അഭിമുഖത്തിന് മാര്‍ക്കിടേണ്ടത് അദ്ദേഹമാണ്.

എന്നാല്‍ മറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ അവസാനിച്ചപ്പോള്‍ ഭോണ്‌സലെ വീണ്ടും ചോദിച്ചു, ഇന്‍ഡ്യയിലെ സാമ്പത്തിക അന്തരത്തേക്കുറിച്ച്. ശരിക്കും പറഞ്ഞാല്‍ ആ ചോദ്യം മാത്രമാണ് കൂടുതല്‍ ചര്‍ച്ചകളിലേക്കു പോയത്. ഇന്‍ഡ്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും അങ്ങനെയെങ്കില്‍ നിങ്ങള്‍ സര്‍വ്വീസിലെത്തുകയാണെങ്കില്‍ ആരോടൊപ്പം നില്‍ക്കുമെന്നുള്ള ചോദ്യമുണ്ടായി. ഇരുകൂട്ടരുടേയും കൂടെ നില്‍ക്കുകയും താഴ്ന്നവരെ ഉയര്‍ന്നവരോടൊപ്പമെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നുമായിരുന്നു എന്‍റെ മറുപടി.

എന്നാല്‍ ആ ഉത്തരം ബോര്‍ഡിന് സ്വീകാര്യമായില്ലെന്നു തോന്നി. മാത്രമല്ല, എന്നെ പ്രകോപിപ്പിക്കാന്‍ അതിനെ ചുറ്റിപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ അതിലൊന്നും പതറാതെ വളരെ സംയമനത്തോടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കി. ഇത്തരമൊരു സാഹചര്യത്തോടു പൊരുത്തപ്പെടാന്‍ മുന്‍പ് നടന്ന മോക്ക് ഇന്‍റെര്‍വ്യൂകള്‍ സഹായിച്ചു.

ഇന്‍റെര്‍വ്യൂ പെട്ടന്ന് അവസാനിച്ച് പുറത്തിറങ്ങിയതും മുറിക്കു പുറത്തു നിന്ന ഓഫീസ് അറ്റന്‍ഡറുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി: ‘ഇത്ര പെട്ടന്നു കഴിഞ്ഞോ…”
സാധാരണ 40-45 മിനിറ്റുകൊണ്ട് അവസാനിക്കേണ്ട ഇന്‍റെര്‍വ്യൂ 20 മിനിറ്റില്‍ അവസാനിച്ചപ്പോള്‍ ഈ കടമ്പ കടക്കില്ലെന്നാണ് കരുതിയത്. പക്ഷെ ഫലം വന്നപ്പോള്‍ ശരിക്കും ഞെട്ടി.

കൂരോപ്പടയുടെ അഭിമാനം

മെയിന്‍സ് പരീക്ഷയ്ക്കിടയുണ്ടായ അപകടം ആര്യയുടെ റാങ്കിനെ കാര്യമായ രീതിയില്‍ ബാധിച്ചു എന്നു പറഞ്ഞാല്‍ അദ്ഭുതമില്ല. ആര്യയ്ക്കു ലഭിച്ച ഇന്‍റെര്‍വ്യൂവിന്‍റെ മാര്‍ക്ക് കാണുമ്പോള്‍ അതു മനസിലാകും. ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ 301-ാം റാങ്കാണ് ആര്യയ്ക്ക് ലഭിച്ചത്. എന്നാല്‍ അഭിമുഖത്തിന്‍റെ മാര്‍ക്കു മാത്രം പരിഗണിച്ചാല്‍ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഉദ്യോഗാര്‍ത്ഥിയായി ആര്യ.

കോട്ടയം ജില്ലയിലെ ചെറിയൊരു ഗ്രാമമായ കൂരോപ്പടയാണ് ആര്യയുടെ നാട്. ആദ്യമായാണ് കൂരോപ്പട പഞ്ചായത്തിലേക്ക് ഇത്തരത്തിലൊരു നേട്ടമെത്തുന്നത്. ഇന്‍റെര്‍വ്യൂവിന്‍റെ ആകെ മാര്‍ക്കായ 275 മാര്‍ക്കില്‍ നിന്ന് 206 മാര്‍ക്കാണ് ആര്യ നേടിയത്.

”സ്‌കൂള്‍ പഠനകാലത്ത് സിവില്‍ സര്‍വ്വീസിനെ കുറിച്ചൊന്നും എനിക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ലേബര്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന അച്ഛനെ കാണാന്‍ എത്തിയിരുന്ന തൊഴിലാളികള്‍ക്ക് അദ്ദേഹം ചെയ്തു നല്‍കിയിരുന്ന ചെറിയ സഹായങ്ങള്‍ കാണുമ്പോള്‍ അച്ഛനേക്കാള്‍ വലിയ ഉദ്യോഗസ്ഥയായാല്‍ കുറച്ചു കൂടി കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യാമെന്ന് കരുതിയിരുന്നു. എന്‍ജിനിയറിംഗ് കഴിഞ്ഞ് വീട്ടിലിരുന്ന കാലത്താണ് അച്ഛനെ കാണാനെത്തുന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. മാത്രമല്ല അച്ഛന് സമൂഹത്തിലും തൊഴിലിടത്തിലും ലഭിച്ച ആദരവും ബഹുമാനവും എന്നെ ഏറെ ആകര്‍ഷിച്ചു”, ആര്യ തെല്ലഭിമാനത്തോടെ തന്നെ പറയുന്നു.

ആര്യയുടെ അച്ഛന്‍ രാധാകൃഷ്ണന്‍ നായര്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഐ എ എസ് കാരുടെ തൊട്ടുതാഴെയുള്ള പദവിയിലെത്തി–ജോയിന്‍റ് ലേബര്‍ കമ്മീഷണര്‍–വിരമിച്ചയാളാണ്. തന്‍റെ ലക്ഷ്യത്തിനൊപ്പം നില്‍ക്കുകയും പെണ്ണിന് ജീവിതത്തില്‍ കല്യാണം മാത്രമാണ് അര്‍ത്ഥവത്തായി ചെയ്യാനുള്ളതെന്ന് പറഞ്ഞ് പഠിപ്പിക്കാതിരുന്ന അമ്മ സുജാതയാണ് വലിയ വിജയത്തിനു പിന്നിലുള്ള മറ്റൊരാള്‍. വേദനയില്‍ തകര്‍ന്നപ്പോഴൊക്കെ കരുത്തായി സഹോദരന്‍ അരവിന്ദ് കൂടെയുണ്ടായിരുന്നു. അരവിന്ദ് ബി എസ് സി അഗ്രികള്‍ച്ചര്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്.

എവിടെ, എങ്ങനെ തുടങ്ങും?

പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിറിലും തുടര്‍ന്ന് കൂരോപ്പട സാന്‍റാ മറിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി ആര്യയുടെ പ്ലസ്ടു വരെയുള്ള പഠനം. തുടര്‍ന്ന് എന്‍ജിനിയറിംഗിനോ മെഡിസിനോ പോകണമെന്ന് ആര്യ നേരത്തേ തീരുമാനിച്ചിരുന്നു.

“എനിക്ക് കേരളാ മെഡിക്കല്‍ എന്‍ട്രന്‍സിലും ഓള്‍ ഇന്‍ഡ്യാ മെഡിക്കല്‍ എന്‍ട്രന്‍സിലുമൊക്കെ തരക്കേടില്ലാത്ത റാങ്കുണ്ടായിരുന്നു. പക്ഷെ സര്‍ക്കാര്‍ ഫീസിലും അധിക തുക നല്കി പഠിക്കേണ്ടിയിരുന്നു. അത് വേണ്ടെന്ന് കരുതി. അധിക പണം നല്‍കി ഉന്നത പഠനത്തിന് ചേരില്ലെന്നൊരു വാശി അന്നേ ഉണ്ടായിരുന്നു. ആ വര്‍ഷം തന്നെയാണ് എന്‍ജിനിയറിംഗ് എന്‍ട്രന്‍സിന് മികച്ച റാങ്ക് ലഭിക്കുന്നത്. അങ്ങനെ പ്രത്യേകിച്ചൊരു ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ തെരഞ്ഞെടുത്തത്. അന്നത്തെ ഒരു ട്രെന്‍ഡ് അതായിരുന്നു.”


സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നതിനിടയില്‍ മൂന്ന് ദിനപ്പത്രങ്ങളെങ്കിലും ദിവസേന ആര്യ നിര്‍ബ്ബന്ധമായും വായിക്കുമായിരുന്നു.


അങ്ങനെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍ജിനിയറിംഗ് കൊളേജില്‍ ചേര്‍ന്നു. സ്‌കോളര്ഷിപ്പോടു കൂടിയായിരുന്നു പഠനം. റിസള്‍ട്ട് വന്നപ്പോള്‍ യൂണിവേഴ്‌സിറ്റിയുടെ ടോപ് ഫൈവില്‍ ആര്യയെത്തി. മികച്ച വിജയം നേടി പുറത്തിറങ്ങിയ ആര്യയ്ക്ക് ക്യാംപസ് റിക്രൂട്‌മെന്‍റ് വഴി പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയായ ബോഷില്‍ നിയമനം ലഭിച്ചിരുന്നു.

പക്ഷേ, ആ ജോലിക്ക് പോകേണ്ടെന്ന് ആര്യ തീരുമാനിച്ചു.
“ബോഷിലെ ജോലിയ്ക്കു പോകില്ലെന്നു തീരുമാനിച്ചതോടെ പലരുടെയും വിമര്‍ശനങ്ങള്‍ കടുത്തു..പക്ഷെ അവരുടെ ഓഫര്‍ നിരസിച്ചതിനു പിന്നിലെ പ്രധാന കാരണം മഞ്ഞപ്പിത്തം കടുത്തതായിരുന്നു. കോഴ്‌സു പൂര്‍ത്തിയാക്കിയ സമയത്താണ് മഞ്ഞപ്പിത്തം കലശാലയതിനേ തുടര്‍ന്ന് ഏതാണ്ട് ഒരു മാസക്കാലത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ ബോഷിലെ ഓഫര്‍ നിരസിക്കേണ്ടി വന്നു.

വലിയൊരു വായനക്കാരിയൊന്നുമല്ല. നോവലുകള്‍ വായിക്കാനിഷ്ടമാണെന്നു മാത്രം

“ആ സമയത്താണ് പ്ലസ്ടു പഠനകാലത്തു തന്നെ സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയ ബന്ധു സിവില്‍ സര്‍വ്വീസിനെ കുറിച്ച് കൂടുതല്‍ പറഞ്ഞുതന്നത്. അപ്പോഴേയ്ക്കും എന്‍ജിനിയറിംഗ് പഠനകാലത്ത് എപ്പോഴോ മനസില്‍ കയറിക്കൂടിയ സിവില്‍ സര്‍വീസ് എന്ന ആഗ്രഹത്തിന് കനം വെച്ചു തുടങ്ങി. ആഗ്രഹത്തിന് വീട്ടുകാരുടെ വക കട്ടസപ്പോര്‍ട്ടും,” ആര്യ തുടരുന്നു.

എങ്കില്‍ ഇനി അടുത്തതെന്ത്? അങ്ങനെയിരിക്കെ പാലായിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ചേര്‍ന്ന് പഠനം നടത്താന്‍ തീരുമാനിച്ചു. പക്ഷെ അവിടുത്തെ പഠന രീതികളേ കുറിച്ചൊന്നും വലിയ ധാരണയുണ്ടായിരുന്നില്ലെന്ന് ആര്യ തുറന്നുപറയുന്നു.

“മാത്രമല്ല സിവില്‍ സര്‍വ്വീസ് സ്വപ്നം കണ്ട് നടക്കുന്നവരുടെ പറുദീസയാണ് തിരുവനന്തപുരത്തേയും ഡല്ഹിയിലേയും സിവില്‍ സര്‍വ്വീസ് അക്കാദമികളെന്നും അത്ര അറിയില്ലായിരുന്നു. അതൊന്നും പറഞ്ഞുതരാന്‍ തക്ക സാഹചര്യമുള്ള ഒരിടത്തല്ല ജനിച്ചതും ജീവിച്ചതും. എന്നാല്‍ അവിടെ പഠിച്ചതു കൊണ്ടു മാത്രം സിവില്‍ സര്‍വ്വീസ് കിട്ടണമെന്നില്ല. ഇതൊരു പാഷനായി കാണുന്നവര്‍ക്കു മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ..”

സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയത്തോടെ കൂരോപ്പടയുടെ അഭിമാനമായി ആര്യ മാറി. പ്രദേശത്തെ ഒരു സ്വീകരണച്ചടങ്ങ്

പക്ഷെ എവിടെ തുടങ്ങും എങ്ങിനെ തുടങ്ങും എന്നൊരു ധാരണ ആര്യയ്ക്കില്ലായിരുന്നു. പഠിച്ചത് എന്‍ജിനിയറിംഗ്. പഠന വിഷയം ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇ സിയ്ക്കു കാര്യമായ റോളുണ്ടായിരുന്നില്ല..പുതുതായി ഒരു വിഷയം പഠിച്ചു തുടങ്ങണം. സോഷ്യോളജി തിരഞ്ഞെടുത്തു. … വിഷയത്തേ കുറിച്ച് കൂടുതല്‍ വായിച്ചപ്പോള്‍ അതിനോടൊരു ഇഷ്ടം തോന്നി.


സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ അഭിമുഖത്തില്‍ ചെറുകഥയെഴുത്തിനേ കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നിരുന്നു. ആരാണ് ആര്യ എഴുതിയ ചെറുകഥകള്‍ വായിക്കുന്നതെന്നും, എവിടെ നിന്നാണ് കഥാപാത്രങ്ങളേ കണ്ടെത്തുന്നതുമായിരുന്നു ചോദ്യങ്ങള്‍.


പാലായിലെ സ്റ്റഡി സെന്‍ററില്‍ സോഷ്യോളജി അല്ലാതെ ഐച്ഛിക വിഷയമായ മലയാളവും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇലക്ട്രോണിക്‌സ് ആന്ഡ് കമ്യൂണിക്കേഷന്‍ പഠനവും പണ്ട് മെഡിക്കല്‍ എന്‍ട്രന്‍സിനു വേണ്ടി നന്നായി പഠിച്ച ബയോളജിയും സിവില്‍ സര്‍വ്വീസിന്‍റെ മെയിന്‍സ് പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറിനെ അഭിമുഖീകരിക്കാന്‍ ഏറെ സഹായിച്ചു.

‘ക്ലാര്‍ക്ക് പരീക്ഷ പോലും ജയിക്കാത്ത ആളാ…’

2015ലാണ് ആദ്യമായി സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നത്… മൂന്നു കടമ്പയിലെ ആദ്യ പടിയായ പ്രിലിമിനറി പരീക്ഷയില്‍ വിജയിച്ചു. തുടര്‍ന്ന് മെയിന്‍സിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി. എന്നാല്‍ ആദ്യ ചാന്‍സില്‍ ആറുമാര്‍ക്കിന് ഇന്‍റര്‍വ്യൂവില്‍ നിന്നും പിന്തള്ളപ്പെട്ടു.  നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളാണ്. ‘കേരളാ പി എസ് എസി നടത്തുന്ന ക്ലറിക്കല്‍ പരീക്ഷ പോലും പാസാകാത്ത ആളാ സിവില്‍ സര്‍വ്വീസിനു വേണ്ടി നടക്കുന്നത്’ എന്നൊക്കെ പലരും പുച്ഛിച്ചു.

“പക്ഷെ എന്‍റെ അതിയായ ആഗ്രഹവും കഠിനമായ പരിശ്രമവുമൊന്നും അവര്‍ക്കറിയില്ലല്ലോ. അവസാനം അതിനുമൊരു ശ്രമം നടത്തി. കോട്ടയം ജില്ലയില്‍ എല്‍ ഡി സിയ്ക്ക് 71-ാം റാങ്ക് കിട്ടി. വിമര്‍ശകരുടെയൊക്കെ വായടപ്പിച്ചു.”

അതേ സമയത്തു തന്നെയാണ് ഇന്‍റെലിജന്‍സ് ബ്യൂറോയിലേക്കുള്ള ഓഫീസര്‍ തിരഞ്ഞെടുപ്പ് നടന്നത്. സിവില്‍ സര്‍വ്വീസ് പോലെ തന്നെ മൂന്ന് ഘട്ടങ്ങളിലായി നടന്ന പരീക്ഷ. ആദ്യശ്രമത്തില്‍ തന്നെ 30-ാം റാങ്ക് നേടി. തുടര്‍ന്ന് മധ്യപ്രദേശില്‍ ഇന്‍റെലിജന്‍സ് ബ്യൂറോയില്‍ സി ഐ റാങ്കില്‍ ഇന്‍റെലിജന്‍സ് ഓഫീസര്‍ ട്രയിനിയായി ചേര്‍ന്നു. പക്ഷെ സിവില്‍ സര്‍വ്വീസെന്ന ആഗ്രഹത്തിന് ഐ ബിയിലെ പരിശീലനം വിലങ്ങുതടിയായില്ല. കഠിനമായ പരിശ്രമം തുടര്‍ന്നു.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


“മറ്റൊരു കാര്യം പറയട്ടെ, ഈ ഇന്‍റെലിജന്‍സ് ബ്യൂറോയില്‍ ഓഫീസറായി എത്തുന്നവരില്‍ ഭൂരിപക്ഷവും ഒരിക്കലെങ്കിലും സിവില്‍ സര്‍വ്വീസിനായി തയ്യാറെടുത്തവരോ അല്ലെങ്കില്‍ നിലവില്‍ തയ്യാറെടുക്കുന്നവരോ ആയിരിക്കും. അവിടെ ജോലിയില്‍ തുടരുന്നവരില്‍ പലരും മെയിന്‍സും ഇന്‍റെര്‍വ്യൂവും വരെ കഴിഞ്ഞ ശേഷം പുറത്തു പോയവരുമാകും. അതുകൊണ്ടു തന്നെ അവരാരും ആ ജോലി കൊണ്ട് സംതൃപ്തരല്ല. മാത്രമല്ല സിവില്‍ സര്‍വ്വീസിന്‍റെ ഇന്‍റെര്‍വ്യൂവിലൊക്കെ എത്തി പുറത്തു പോയവര്‍ താരതമ്യേന ചെറിയ സര്‍വ്വീസിലൊക്കെ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷവും വളരെ വലുതാണ,” ആര്യ പറയുന്നു.

ഐ ബിയിലെ പരിശീലനകാലത്ത് ലീവെടുത്താണ് ആര്യ മെയിന്‍സ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. പക്ഷെ അവിടുത്തെ പരിശീലന കാലത്തും ആര്യയെ കാത്തിരുന്നതൊരു അപകടമാണ്. ട്രെയിനിംഗിനിടയില്‍ ഗണ്ണിന്‍റെ പാത്തി അടിച്ചു കൊണ്ട് തോളിന് വലിയ പരിക്കേറ്റിരുന്നു. പരീക്ഷയുടെ തയ്യാറെടുപ്പിനെ അതും ബാധിച്ചു.

കഠിനമായി പരിശ്രമിച്ചു. എന്നുവെച്ച് മണിക്കൂറുകളോളം മുറിയടച്ചിട്ട് പഠിക്കലൊന്നുമില്ല. ദിവസവും മൂന്നു മണിക്കൂറെങ്കിലും ചുരുങ്ങിയത് പഠനത്തിന് സമയം കണ്ടെത്തും, അത്രമാത്രം. പഠിക്കുന്ന കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷയിലും ആ മാതൃക തന്നെ പിന്തുടര്‍ന്നു.


ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം


”ഭാഗ്യവും പാഷനും ഒപ്പം ഹാര്‍ഡ് വര്‍ക്കുമാണ് നേട്ടങ്ങള്‍ക്കു തുണയായതെന്നാണ് ആര്യ വിശ്വസിക്കുന്നു. ‘വെറുതെ ഒരു ജോലിയ്ക്കായല്ല നിങ്ങള്‍ ശ്രമിക്കുന്നത്. പാരാജയമുണ്ടാകാം പക്ഷെ തളരാതെ മുന്നോട്ടു പോകണം അതുകൊണ്ട് തന്നെ സിവില്‍ സര്‍വ്വീസിനോട് അടങ്ങാത്ത പാഷനുണ്ടാകണം, അതു നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം,” പുതുതായി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ശ്രമിക്കുന്നവരോട് ആര്യ പറയുന്നു.

തോല്‍ക്കാന്‍ തയ്യാറാവാത്ത മനസ്സുണ്ടെങ്കില്‍ വിജയം അരികെയുണ്ടാകും, അത് ഏത് മേഖലയിലായാലും. “എന്‍റെ ആ ലക്ഷ്യത്തിന് മുന്നില്‍ തടസ്സങ്ങളായി നിന്ന എല്ലാത്തിനേയും ആത്മവിശ്വാസം കൊണ്ട് ഞാന്‍ ചെറുത്തു തോല്പിച്ചു. ആത്മസമര്‍പ്പണമെന്നോ കഠിനാധ്വാനമെന്നോ നിങ്ങള്‍ക്കതിനെ വിശേഷിപ്പിക്കാം,” ആര്യ ചിരിക്കുന്നു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം