“ന ജീബിന്‍റെ ജീവിതം അത് സത്യമാണ്… അങ്ങനെയുള്ള ഒരാളെ പരിചയമുണ്ട്,” സൗജത്ത് പറഞ്ഞു.
ഇപ്പറയുന്ന നജീബിനെ നമുക്കും അറിയാം: എഴുത്തുകാരന്‍ ബന്യാമന്‍റെ ആടുജീവിതത്തിലെ നജീബ്.
“എന്‍റേതും ഒരുതരത്തില്‍ ആടുജീവിതം തന്നെയായിരുന്നു,” എന്ന് സൗജത്ത് പറഞ്ഞില്ലെന്നേയുള്ളൂ.
മൂന്ന് മക്കളെയും തന്നെയും വിട്ട് ഭര്‍ത്താവ് എങ്ങോട്ടോ ഇറങ്ങിപ്പോയപ്പോള്‍ സൗജത്തിന് വേറെ വഴിയില്ലായിരുന്നു. പല പണികളുമെടുത്തു. അതുകൊണ്ടൊന്നും കുഞ്ഞുങ്ങളുടെ വയറ് നിറഞ്ഞില്ല. അതുകൊണ്ട് സൗജത്തും ഗദ്ദാമയായി.
ഗദ്ദാമ.. അവസാനിക്കാത്ത കണ്ണീരിന്‍റെ കനലാണത്.. അറബിയുടെ കൊട്ടാരം പോലെയുള്ള വീടകങ്ങള്‍ തൂത്തുവാരിയും തുടച്ചും അവരുടെ കുട്ടികള്‍ക്ക് ഭക്ഷണം വാരി നല്‍കിയും വസ്ത്രങ്ങള്‍ അടിച്ചലക്കിയും ഇസ്തിരിയിട്ടും ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നവര്‍.
അനിയത്തിക്കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ ഒമ്പതാം വയസില്‍ ബീഡി തെറുപ്പുകാരിയായി, പാടത്ത് പണിക്ക് പോയി,
ഇങ്ങനെ അറബിനാട്ടില്‍ ഗദ്ദാമയായി ആടു ജീവിതം നയിക്കുന്ന എത്രയോ സ്ത്രീകളുണ്ട്.. അങ്ങനെയൊരു ജീവിതത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടതാണ് നിലമ്പൂര്‍ കരുളായിലെ സൗജത്ത്..
വല്ലാത്തൊരു ജീവിതകഥയാണ് സൗജത്തിന്‍റേത്.
അനിയത്തിക്കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ ഒമ്പതാം വയസില്‍ ബീഡി തെറുപ്പുകാരിയായി, പാടത്ത് പണിക്ക് പോയി, ആശ്രമത്തിലെ ജോലിക്കാരിയായി, മക്കളെ പഠിപ്പിക്കാന്‍ പ്രസവ ശുശ്രൂഷക്കാരിയായി, അറബിയുടെ വീട്ടിലെ അടുക്കളപ്പണിക്കാരിയായി, തയ്യല്‍ക്കാരിയായി…
മസ്‌കറ്റില്‍ അറബിയുടെ പ്രായമായ ഉമ്മയെ നോക്കാനെന്ന് പറഞ്ഞാണ് സൗജത്തിനെ കൊണ്ടുപോകുന്നത്. അവിടെ മൂന്ന് വീട്ടിലെ പണി ഒറ്റയ്‌ക്കെടുപ്പിച്ചു. രാവിലെ നാലരയ്ക്കുണര്‍ന്നാല്‍ തുടങ്ങുന്ന ജോലികള്‍ പാതിരാ വരെ തുടരും. ആട്ടും തുപ്പും വേറെ.
വീട്ടിലേക്ക് ഫോണ്‍വിളിക്കാനൊന്നും പറ്റില്ല. കത്തെഴുതുമ്പോള്‍ അവിടെ എല്ലാം സുഖമാണെന്ന് എഴുതി; മക്കളും ഉമ്മയും സങ്കടപ്പെടണ്ടല്ലോ എന്ന് കരുതി.
ഇതുകൂടി വായിക്കാം: ‘ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക
അറബിയുടെ മക്കള്‍ ചുരുട്ടിക്കൂട്ടിക്കളയുന്ന കടലാസ് പെറുക്കിയെടുത്ത് സൗജത്ത് സൂക്ഷിച്ചുവെച്ചു. എല്ലാം നല്ല വിലയുള്ള പേപ്പറുകളാണ്… എന്നെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ മക്കള്‍ക്ക് എഴുതാന്‍ കൊടുക്കാം.
വിഷമവും നിസ്സഹായതയും ഒറ്റപ്പെടലുമൊക്കെ കനത്തുനില്‍ക്കുന്ന രാത്രികളിലൊന്നില്‍ അവള്‍ ആ കടലാസുകളില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങി. അഞ്ചാംക്ലാസ്സുവരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും സൗജത്ത് അക്ഷരങ്ങളില്‍ ആശ്വാസം കണ്ടെത്തി. എഴുതുമ്പോള്‍ അനുഭവങ്ങളുടെ കനല്‍ച്ചൂടില്‍ അവള്‍ പലപ്പോഴും വിയര്‍ത്തു. പൊടിപിടിച്ച ഓര്‍മ്മകള്‍ അവള്‍ കണ്ണീരുകൊണ്ട് കഴുകിയെടുത്തു.
ദുരിതക്കയങ്ങളില്‍ നിന്ന് മെല്ലെ നടന്ന് സൗജത്തിപ്പോള്‍ എഴുത്തുകാരിയുമായി.. പൊള്ളുന്ന ഓര്‍മകള്‍ നിറയുന്ന സൗജത്തിന്‍റെ അക്ഷരങ്ങള്‍ സ്പര്‍ശം, കനല്‍ എന്നീ പേരുകളിലാണ് പുസ്തകമായത്. അക്ഷരങ്ങളിലൂടെ സൗജത്തിനെ അറിഞ്ഞവരിപ്പോള്‍ സ്‌നേഹം കൊണ്ടു മൂടുകയാണ്.
നൗഫിയ: അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച പെണ്‍കുട്ടി എങ്ങനെ എഴുത്തുകാരിയായി?
സൗജത്ത്: എങ്ങനെയാണെന്നൊന്നും പറയാനറിയില്ല. ബാല്യവും കൗമാരവുമൊക്കെ സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നു. വീട്ടുകാരെയും പ്രിയപ്പെട്ടവരെയും അകന്നു നിന്ന കാലത്ത്, അവരെക്കുറിച്ചോര്‍ത്തുള്ള സങ്കടങ്ങളില്‍, എഴുതുന്നത് ഒരാശ്വാസമായിരുന്നു.
മറക്കാതെ മനസില്‍ കിടന്നിരുന്ന ഓര്‍മകളൊക്കെയും കുത്തിക്കുറിക്കുമ്പോള്‍ സങ്കടവും സന്തോഷവുമുണ്ടായിരുന്നു.
ദാരിദ്ര്യത്തില്‍ നിന്നു മക്കളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് 2005-ല്‍ മസ്‌ക്കറ്റിലേക്ക് പോകുന്നത്. ഒരു വര്‍ഷവും പത്ത് മാസവും അവിടെ ജോലിക്ക് നിന്നു. വീട്ടുജോലിയായിരുന്നു. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന നേരത്താണ് എഴുത്ത്. മറക്കാതെ മനസില്‍ കിടന്നിരുന്ന ഓര്‍മകളൊക്കെയും കുത്തിക്കുറിക്കുമ്പോള്‍ സങ്കടവും സന്തോഷവുമുണ്ടായിരുന്നു.
നിലമ്പൂരില്‍ നിന്നു മസ്‌ക്കറ്റിലേക്ക്? എന്താണ് പ്രവാസിയാകാന്‍ കാരണം?
18-ാമത്തെ വയസില്‍ കല്യാണം. മൂന്നു മക്കളായപ്പോള്‍ ഭര്‍ത്താവിന്‍റെ ബിസിനസ് തകര്‍ന്നു. അദ്ദേഹം നാടുവിട്ടു, ആളിപ്പോള്‍ എവിടെയാണെന്നൊന്നും അറിയില്ല. മക്കളെ വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. പല പല ജോലികള്‍ ചെയ്തു. ബീഡി തെറുപ്പും പാടത്തും ആശ്രമത്തിലും പ്രസവ ശുശ്രൂഷയും.. അങ്ങനെ പലതും. പക്ഷേ മൂന്നു മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തിനെ പോറ്റാനായില്ല. കുട്ടികളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. നല്ല വസ്ത്രവും നല്ല ഭക്ഷണവും നല്ല പുസ്തകവും കുട്ടികള്‍ക്ക് വേണമല്ലോ… അങ്ങനെയാണ് ഗള്‍ഫിലേക്ക് പോകുന്നത്.
നാട്ടില്‍ ഹോം നഴ്സായി പോയിരുന്നു. ഇവിടെ പൈസ കുറവായിരുന്നു. നാല്‍പത് ദിവസം ജോലി ചെയ്താലും അയ്യായ്യിരം രൂപയൊക്കെയേ കിട്ടുകയുള്ളൂ.. ഗള്‍ഫില്‍ പോയാല്‍ നല്ല പൈസ കിട്ടുമെന്നു എല്ലാവരും പറഞ്ഞു. ആ സമ്മര്‍ദ്ദത്തിലാണ് പോയത്. പക്ഷേ പറഞ്ഞ ശമ്പളമൊന്നും കിട്ടിയില്ല. എന്നു മാത്രമല്ല ഒരു വീട്ടിലെ ജോലിയ്ക്ക് പോയ ഞാന്‍ മൂന്നു വീടുകളിലെ പണിയാണ് ചെയ്യേണ്ടി വന്നത്.
ഇതുകൂടി വായിക്കാം: ശമ്പളക്കുടിശ്ശിക ₹18 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? ശ്രീലതയും രവി പ്രകാശും ചെയ്തത് ഇതാണ്
കുട്ടികളൊക്കെ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. അവരെ ഉമ്മയാണ് നോക്കിയത്. ഇപ്പോഴും ഉമ്മ കൂടെയുണ്ട്… അല്ല ഉമ്മാടെ കൂടെയാണ് ഞങ്ങള്‍ എന്നു വേണം പറയാന്‍. ഞങ്ങള്‍ക്ക് വീടില്ല, ഉമ്മാടെ വീട്ടിലാണ് താമസിക്കുന്നത്. ഗള്‍ഫിലേക്ക് പോയപ്പോള്‍ ഉമ്മയാണ് ഒരാശ്വാസം. മക്കളെ ഉമ്മ നല്ലപോലെയാണ് നോക്കിയത്. ഞാന്‍ പ്രസവിച്ചിട്ടേയുള്ളൂ.. ഉമ്മയാണ് നോക്കി വളര്‍ത്തിയത്.
? മസ്‌ക്കറ്റില്‍ അറബികളുടെ വീട്ടുജോലിക്കാരിയായിരുന്നല്ലോ.. എങ്ങനെയായിരുന്നു അവിടത്തെ സ്ഥിതി..
മസ്‌ക്കറ്റില്‍ അറബിയും മക്കളുമൊക്കെയുള്ള വലിയ കുടുംബത്തിലേക്കാണ് ഞാന്‍ ചെല്ലുന്നത്. ഒമ്പത് മക്കളാണ് അവിടെയുള്ളത്. ടീച്ചര്‍, ഡോക്റ്റര്‍, പോലീസ്, എന്‍ജിനീയര്‍ എല്ലാം ഉണ്ട് അവിടെ. എല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നു. പക്ഷേ ആര്‍ക്കും മനസാക്ഷിയില്ലായിരുന്നുവെന്നുമാത്രം. വലിയ കൊട്ടാരം പോലെയുള്ള മൂന്ന് വീടുണ്ടായിരുന്നു. അവിടെ മാടിനെ പോലെയാണ് ഞാന്‍ പണിയെടുത്തത്.
ഒരു വീട്ടിലേക്കെന്ന് പറഞ്ഞു മൂന്നു വീട്ടിലെ പണിയെടുപ്പിച്ചു. പറഞ്ഞ ശമ്പളവും തന്നില്ല. ഓരോ മാസവും പ്രാര്‍ത്ഥിക്കും ശമ്പളം കൂട്ടിത്തരണേ എന്ന്. അല്ലാതെ അവരോട് ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. ചോദിച്ചാല്‍ കിട്ടുകയുമില്ലെന്നറിയാമായിരുന്നു. നാട്ടിലെനിക്ക് അയ്യായ്യിരം രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഗള്‍ഫില്‍ പോയാല്‍ ആറായിരം റിയാല്‍ കിട്ടുമെന്ന പ്രലോഭനത്തിലാണ് വരുന്നത്. പക്ഷേ കിട്ടിയത് നാലായിരം മാത്രം.
മാടിനെ പോലെ പണിയെടുത്തിട്ട് നാട്ടിലേക്ക് പോരുമ്പോള്‍ അവരെനിക്ക് തന്നത് ഒരു അരിപ്പയാണ്.
കൃത്യ ശമ്പളമാണ് നല്‍കുന്നതെന്നു അവര്‍ പേപ്പറില്‍ എഴുതി ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. പുരുഷന്‍മാരല്ല സ്ത്രീകളാണ് അവിടെ കാര്യക്കാര്‍. അയല്‍രാജ്യങ്ങളിലുള്ളവരോട് പുച്ഛമായിരുന്നു അവര്‍ക്ക്. അന്നാട്ടുകാര്‍ എല്ലാവരും മോശമാണെന്നു പറയുന്നില്ല. അവിടുത്തെ ചെറിയൊരു പെണ്‍കുട്ടിയുണ്ട്.. അസ്മ. അവള്‍ക്ക് മാത്രമേ ആ വീട്ടില്‍ മനുഷ്യസ്നേഹമുണ്ടായിരുന്നുള്ളൂ. പിന്നെ അയല്‍വക്കത്തെ വീട്ടിലെ മുന്ന എന്ന പെണ്‍കുട്ടിയും. ഇവര്‍ മാത്രമേ എന്നോട് മനുഷ്യനെന്ന പോലെ പെരുമാറിയിട്ടുള്ളൂ.
അസ്മയും മുന്നയും..?
ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കുട്ടിയാണ് അസ്മ. പതിനേഴ് വയസ് മാത്രമേ അവള്‍ക്കുണ്ടാകൂ. മുന്ന അവളുടെ കൂട്ടുകാരിയും അയല്‍ക്കാരിയുമാണ്. ഞാന്‍ അസ്മയെ മാലാഖ എന്നാണ് വിളിച്ചത്. അതന്തൊണ് എന്നു ചോദിക്കുമ്പോ മലക്ക് ആണെന്നു പറഞ്ഞു കൊടുക്കും. അപ്പോള്‍ അവള്‍ നല്ല പോലെ ചിരിക്കും. മുന്നയും നല്ല കുട്ടിയായിരുന്നു. ആരും കാണാതെ ഭക്ഷണമൊക്കെ കൊണ്ടു തരുമായിരുന്നു. അസ്മയും മുന്നയും മുന്നയുടെ വീട്ടുകാരുമൊക്കെ നല്ലവരായിരുന്നു.
മുന്നയുടെ വീട്ടില്‍ ഹൈദരാബാദുകാരി ഒരു ലക്ഷ്മിയാണ് ജോലിക്ക് നിന്നിരുന്നത്. ആ വീട്ടുകാര്‍ ലക്ഷ്മിയെ ജോലിക്കാരിയായിട്ടല്ല കണ്ടിരുന്നത്. മുന്നയുടെ മുറിയില്‍ ഒരേ കട്ടിലിലാണ് അവര്‍ ഉറങ്ങിയിരുന്നത്. അഞ്ച് ആങ്ങളമാരുടെ ഒരേയൊരു പെങ്ങളായിരുന്നു മുന്ന. ലക്ഷ്മി കല്യാണം ഉറപ്പിച്ചപ്പോള്‍ നാട്ടിലേക്ക് പോയി. ലക്ഷ്മി പോകുന്ന ദിവസം മുന്ന അവളെ കെട്ടിപ്പിടിച്ച് കരഞ്ഞത് മറക്കാനാകില്ല. സങ്കടം കാരണം മുന്ന നാലു ദിവസമാണ് ഭക്ഷണം പോലും കഴിക്കാതിരുന്നത്. നല്ലവരും മോശക്കാരുമൊക്കെയുണ്ട്. എന്‍റെ അനുഭവം അതാണ് പഠിപ്പിച്ചത്.
”അത്രയും കാലം അവരുടെ വീട്ടില്‍ മാടിനെ പോലെ പണിയെടുത്തിട്ട് നാട്ടിലേക്ക് പോരുമ്പോള്‍ അവരെനിക്ക് തന്നത് ഒരു അരിപ്പയാണ്. അതോര്‍ക്കുമ്പോള്‍ ചിരിയും അവരോട് സഹതാപവുമാണ് തോന്നുന്നത്. ഇത്രയും സമ്പത്ത് ഒക്കെയുള്ളവര്‍ ദരിദ്രയായ എനിക്ക് ഒരു മിഠായി പോലും വാങ്ങി തന്നിട്ടില്ല. പെരുനാളിനോ നോമ്പിനോ ഒരു രൂപ പോലും നല്‍കിയില്ല.
വസ്ത്രങ്ങള്‍ക്ക് മാത്രം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഉടുപ്പുകള്‍ ഇഷ്ടം പോലെ തന്നിരുന്നു. അവരുടെ വീട്ടില്‍ വലിയ വലിയ ആളുകള്‍ വരുമ്പോള്‍ വീട്ടിലെ വേലക്കാരി മോശം വസ്ത്രം ധരിച്ച് നില്‍ക്കുന്നത് അവര്‍ക്ക് അപമാനമല്ലേ. മെലിഞ്ഞതായതു കൊണ്ട് അവിടുത്തെ സ്ത്രീകളുടെ ഉടുപ്പുകള്‍ എനിക്കും പാകമായിരുന്നു. പക്ഷേ അതൊന്നും ഞാന്‍ നാട്ടിലേക്ക് കൊണ്ടുപോന്നില്ല.
തിരികെ ചെല്ലും എന്നു പറഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. അല്ലെങ്കില്‍ വിടില്ലായിരുന്നു. നാലു വര്‍ഷത്തെ വിസയിലാണ് അവിടെ ജോലിക്ക് കയറിയത്. രണ്ടു മാസത്തെ അവധിക്ക് ഒരു ഒക്റ്റോബറിലാണ് വരുന്നത്. അവധി കഴിഞ്ഞെത്തുമ്പോഴേക്കും അവിടെ ഒരു കല്യാണം നടക്കാനിരിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ അവിടുത്തെ മോന്‍റെ കല്യാണമായിരുന്നു. തിരികെ പോയിരുന്നെങ്കില്‍ കല്യാണത്തിന്‍റെ പണിയെടുത്ത് ഞാന്‍ ചത്തു പോയേനെ.
ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം
എന്ത് വലിയ വീടാണെന്നറിയോ.. ഒരു പതിനായിരം സ്‌ക്വയര്‍ ഫീറ്റുണ്ടാകും ആ വീട്.. വലിപ്പമുള്ള മുറികളാണ് എല്ലാം. ഈ മുറികളെല്ലാം അടിക്കണം, തുടച്ച് വൃത്തിയാക്കണം. എന്തെങ്കിലും ചെറിയൊരു പൊടിയോ അഴുക്കോ കണ്ടാല്‍ നല്ല വഴക്കും പറയും, വീണ്ടും വൃത്തിയാക്കിക്കുകയും ചെയ്യും. നല്ല ആരോഗ്യമുള്ള സ്ത്രീയാണ് കാര്‍ന്നോത്തി.. ഒമ്പത് മക്കളുടെ ഉമ്മയാണെന്നു കണ്ടാല്‍ പറയില്ല.
സൗജത്ത് വാ.. എന്നു പറഞ്ഞു വിളിക്കും.. സ്‌നേഹത്തോടെയല്ല.. ദേഷ്യത്തോടെ ചീത്ത പറയാന്‍ വിളിക്കുന്നതാ… തുടച്ചിട്ടിടത്ത് ഒരു മുടി നാരു കിടന്നാല്‍ മതി അപ്പോ വിളിക്കും. ഇതു അടിച്ചു വാരിയിട്ടല്ലേ തുടച്ചതെന്നു പറഞ്ഞാകും തുടങ്ങുക.
അടുക്കള പണികള്‍ കുറവായിരുന്നു, പാചകത്തിനുള്ള സാധനങ്ങള്‍ ഒരുക്കി കൊടുത്താല്‍ മാത്രം മതിയാര്‍ന്നു. അവരുടെ വിഭവങ്ങളല്ലേ തയാറാക്കുന്നത്. പിന്നെ ആ വീട്ടുകാരുടെ എല്ലാവരുടെ വസ്ത്രം ഇസ്തിരിയിടലായിരുന്നു യമണ്ടന്‍ പണി. ഒന്നും രണ്ടും ആളുകള്‍ അല്ലല്ലോ.. സ്‌കൂളിലും കോളെജിലും ഓഫിസിലുമൊക്കെ പോകുന്നവരില്ലേ. അവരുടെയെല്ലാം വസ്ത്രം അലക്കി വൃത്തിയാക്കി, ഇസ്തിരിയിട്ടു തീരുമ്പോള്‍ തന്നെ പാതിരാ കഴിഞ്ഞിരിക്കും.
എത്ര മണി വരെ ജോലിയെടുക്കണം.. കിടക്കാനൊക്കെ മുറി നല്‍കിയിരുന്നോ അവര്‍?
രാത്രി 11 മണി വരെ പണി തന്നെ പണി. പിന്നെ പുലര്‍ച്ചെ നാലര വരെ ഉറങ്ങാം. വെളുപ്പിന് എഴുന്നേല്‍ക്കാന്‍ അലാറമോ ക്ലോക്കോ ഒന്നും തന്നിരുന്നില്ല. എന്തോ ഭാഗ്യത്തിന് എന്നും കൃത്യസമയത്ത് ഞാന്‍ ഉണരുമായിരുന്നു.. അതൊക്കെയാണ് ദൈവാനുഗ്രഹമെന്നു കരുതുന്നത്. ഉറങ്ങി എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ നല്ല ചീത്തയും പറയും. ആ ചീത്ത പേടിച്ചിട്ടാകും തന്നെ എഴുന്നേറ്റ് പോകുന്നത്.
ഇതുകൂടി വായിക്കാം: കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ
കിടക്കാനുള്ള സൗകര്യങ്ങളൊന്നും തന്നിട്ടില്ല. ടെറസിലേക്ക് തുറക്കാവുന്ന ഒരു കുടുസു മുറിയിലാണ് എന്‍റെ താമസം. ആ മുറിയിലാകട്ടെ എന്തൊക്കെയോ പഴയ സാധനങ്ങള്‍ കുത്തിനിറച്ചുവെച്ചിട്ടുമുണ്ട്. അതിനിടയിലെ ഇത്തിരി സ്ഥലമാണ് എനിക്കുള്ളത്. ആ മുറിയില്‍ നിന്നു ടെറസിലേക്ക് പോകാമെന്നതായിരുന്നു ആശ്വാസം. ഉറക്കം വരാത്ത രാത്രികളില്‍ ആകാശം കാണാനെങ്കിലും പറ്റുമായിരുന്നു.
ശരിക്കും ആ വലിയ വീട്ടിലേക്കായിരുന്നില്ല എന്നെ ജോലിക്ക് കൊണ്ടുപോയത്. ഒമ്പത് മക്കളുടെ ഉമ്മ എന്നു പറഞ്ഞില്ലേ.., ആ സ്ത്രീയുടെ ഉമ്മയുണ്ട്. അവരെ നോക്കാനാണെന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. പക്ഷേ ആറുമാസം വരെ അവിടെ നിറുത്തിയുള്ളൂ. ആ ആറുമാസം മുഴുപട്ടിണിയാണെന്നു തന്നെ പറയാം. ആ വല്ലുമ്മ എന്നെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്.
മക്കളെ കാണാനാണ് ആധിയുണ്ടാകുക.. അവരുടെ ശബ്ദം കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ട്.
മാന്ത്രിക കഥകളിലെ ദുര്‍മന്ത്രവാദിനിയെ പോലെയുള്ള ഉമ്മയായിരുന്നു അത്. അവിടെ നിന്നാണ് പിന്നീട് ഇങ്ങോട് കൊണ്ടുവരുന്നത്. പേടിച്ചാണ് അവിടെ കഴിഞ്ഞത്. തിളച്ച ചായ എന്‍റെ മുഖത്തേക്ക് ഒഴിക്കാനൊക്കെ ആ ഉമ്മ ശ്രമിച്ചിട്ടുണ്ട്.
തല്ലുകയോ മറ്റോ ചെയ്തിട്ടുണ്ടോ?
ഭാഗ്യത്തിന് തല്ലൊന്നും കിട്ടിയിട്ടില്ല. ആ വല്ലുമ്മയുടെ കൂടെ വീണ്ടും നിന്നിരുന്നെങ്കില്‍ ഉറപ്പായും അവരെന്നെ തല്ലിക്കൊന്നേനെ. മറ്റേ വീട്ടിലേക്ക് വന്നപ്പോള്‍ ഉപദ്രവമൊന്നും ഇല്ല പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും ഇതുപോലുള്ള വീട്ടിലേക്ക് എത്തിക്കഴിഞ്ഞാല്‍ ആരും പണിയെടുത്തു പോകും. അത്രയ്ക്ക് പേടി തോന്നും നമുക്ക്. അടിക്കും എന്ന് ഭീഷണിപ്പെടുത്തും. കൊന്നു കളഞ്ഞാലും ആരും ചോദിക്കില്ലെന്നൊക്കെ അവര്‍ പറഞ്ഞു പേടിപ്പിക്കുമായിരുന്നു.
അന്നൊന്നും കൈയില്‍ ഫോണ്‍ പോലുമില്ല. ആ വീട്ടില്‍ ഫോണൊക്കെയുണ്ട്, പക്ഷേ വീട്ടിലേക്ക് വിളിക്കാനൊന്നും അനുവദിക്കില്ല. കത്തെഴുതാന്‍ സമ്മതിച്ചിരുന്നു. കത്ത് അവരു കൊണ്ടു പോസ്റ്റു ചെയ്യും, എനിക്ക് വരുന്ന കത്തുകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. പിന്നെ കിട്ടുന്ന നാലായിരം കിട്ടുന്നതില്‍ ആയിരത്തിന് പുറത്തു പോയി വീട്ടിലേക്ക് വിളിക്കും. വിളിക്കാതിരിക്കാനാകില്ല.. മക്കളെ കാണാനാണ് ആധിയുണ്ടാകുക.. അവര് സ്‌കൂളില്‍ പഠിക്കുകയാണ്. അവരുടെ ശബ്ദം കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ട്…
അതൊക്കെ വല്ലാത്ത സമയമായിരുന്നു. പക്ഷേ ഇവിടെയുള്ള ദുരിതങ്ങളെക്കുറിച്ചൊന്നും ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഉമ്മയ്‌ക്കോ മക്കള്‍ക്കോ ഒന്നും അറിയില്ലായിരുന്നു. ഏതാനും നാള്‍ മുന്‍പാണ് വീട്ടില്‍ ഇതെല്ലാം പൂര്‍ണമായും അറിയുന്നത്. എന്തായാലും കഷ്ടപ്പാടുകള്‍ അനുഭവിച്ചു. അതൊക്കെ കഴിഞ്ഞു.. ഇനി മക്കളോട് പറഞ്ഞ് സങ്കടപ്പെടുത്തുന്നതു എന്തിനാണെന്നു തോന്നി. ഗള്‍ഫില്‍ സുഖമാണെന്നു തന്നെയാണ് കത്തുകളിലൊക്കെ എഴുതിയിരുന്നതും.
ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ എപ്പോഴാണ് എഴുതാനൊക്കെ സാധിച്ചത്, എഴുതുന്നത് കണ്ട് വീട്ടുകാരൊന്നും ചോദിച്ചില്ലേ?
നല്ല ക്വാളിറ്റിയിലുള്ള പേപ്പറുകളൊക്കെയാണ് അവിടുത്തെ കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. ചില നേരം ആ കടലാസുകള്‍ വലിച്ചെറിഞ്ഞു കളയുന്നത് കണ്ടിട്ടുണ്ട്. അതു കാണുമ്പോള്‍ സങ്കടമാണ്. നമ്മുടെ വീട്ടിലെ കുട്ടികള്‍ പഴയ പുസ്തകത്തിലെ എഴുതാത്ത താളുകള്‍ കീറിയെടുത്ത് കൂട്ടി തുന്നി പുസ്തകമാക്കുമ്പോഴാണ് ഈ അറബിക്കുട്ടികള്‍ നല്ല കടലാസ് വലിച്ചെറിയുന്നത്. ഇത്രയും നല്ല പേപ്പറുകള്‍ നാട്ടിലേക്ക് കൊണ്ടുവന്ന് മക്കള്‍ക്ക് കൊടുക്കാനായിരുന്നു പ്ലാന്‍. പിന്നെ ആ പേപ്പറില്‍ ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്‍റെ ഓര്‍മകളാണ് ഈ കടലാസുകളില്‍ കുറിച്ചിട്ടത്. അതൊക്കെ എഴുതുമ്പോള്‍ മനസ് പിടക്കുമായിരുന്നു.. കണ്ണില്‍ നിന്ന് വെള്ളം ഒഴുകുമായിരുന്നു..
ഉറങ്ങാന്‍ കിടക്കുമ്പോഴാണ് എഴുതുന്നത്. രാത്രിയില്‍ ഇരുന്ന് എഴുതുന്നത് കാണുമ്പോള്‍ ഇതെന്താണെന്ന് ചോദിച്ചിരുന്നു.. ഡയറിയാണ് എഴുതുന്നതെന്നു പറയും. ഇത്ര പെരുത്ത് ഡയറിയില്‍ എഴുതാനുണ്ടോയെന്നു അവര്‍ ചോദിക്കും. അവരുടെ മക്കളില്‍ ഒരാളാണ് അമല്‍. ഇത്രയേറെ ഡയറിയില്‍ എന്താണെഴുതുന്നതെന്ന് അമല്‍ ചോദിച്ചിട്ടുണ്ട്. ആരോടും ഒന്നും പറഞ്ഞില്ല. പക്ഷേ ഞാനെഴുതുന്നത് എന്താണെന്ന് അസ്മയ്ക്ക് അറിയാമായിരുന്നു..
പൂര്‍ണമായിട്ടല്ല, പക്ഷേ കഥയെഴുതുകയാണെന്ന് അവള്‍ക്കറിയാമായിരുന്നു.
പണി കഴിയുമ്പോള്‍ പാടത്ത് നിന്ന് കറ്റയും ചുമന്ന് ഉടമസ്ഥരുടെ വീട്ടിലെത്തിക്കണം. എത്ര ദൂരമുണ്ടെങ്കിലും ഭാരമുണ്ടെങ്കിലും അതൊക്കെ ചെയ്യണം.
അസ്മ പാട്ടൊക്കെ എഴുതുന്ന, പുസ്തകങ്ങളൊക്കെ ഇഷ്ടമുള്ള കുട്ടിയായിരുന്നു. കടലാസില്‍ എഴുതിക്കൂട്ടിയതൊക്കെയും ഒന്ന്, രണ്ട്, മൂന്ന് എന്ന് പേജ് നമ്പറുകളിട്ട് സൂചിയും നൂലും കൊണ്ടു തുന്നിക്കെട്ടിയിരുന്നു. അവിടെ നിന്നു പോരുമ്പോള്‍ ഈ തുന്നിക്കെട്ടിയതും കൂടി പെട്ടിയിലേക്കെടുത്തു വച്ചു.
പക്ഷേ നാട്ടിലേക്കെത്തിയിട്ടും അതൊന്നും പ്രസിദ്ധീകരിക്കാതിരുന്നതെന്താണ്.. പത്ത് വര്‍ഷത്തോളം പെട്ടിയില്‍ സൂക്ഷിച്ചുവല്ലേ..?
അതെ പത്ത് വര്‍ഷം.. അതു ഞാന്‍ പെട്ടിയില്‍ തന്നെ സൂക്ഷിച്ചുവച്ചതിനു കാരണമുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ച ഞാനൊക്കെ എഴുതുന്നത് ആരാണ് പുസ്തകമാക്കുക.. അങ്ങനെ പറഞ്ഞാല്‍ തന്നേ കേള്‍ക്കുന്നവര്‍ ചിരിക്കില്ലേ.. അതുകൊണ്ട് അതേക്കുറിച്ച് ആലോചിച്ചില്ല. ഒരിക്കല്‍, പെരുമ്പാവൂരിലുള്ള മനോജ് വെങ്ങോലയുടെ ഒരു പുസ്തകം വായിക്കാന്‍ കിട്ടി. അതുവായിച്ച ശേഷം അതിലുള്ള ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. വെറുതേ വിളിച്ചതാണ്.. യെസ് പ്രസ് ബുക്‌സിലെ ജോളി കളത്തില്‍ ആണ് ഫോണെടുത്തത്.
വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അവരോട് ഇങ്ങനെയൊരു പുസ്തകമെഴുതിയതിനെക്കുറിച്ച് പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് എഴുതിയതാണെന്നു കേട്ട് അവരും വളരെ ഉത്സാഹത്തോടെയാണ് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ അയച്ചുതരാന്‍ പറഞ്ഞു. അയക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ടവര്‍ വായിച്ചു തീര്‍ത്ത ശേഷം എന്നെ വിളിച്ചു പറഞ്ഞു, ഇതു നമുക്ക് പ്രസിദ്ധീകരിക്കാമെന്ന്. അതുകേട്ട് വലിയ സന്തോഷമാണ് തോന്നിയത്. പക്ഷേ കൈയില്‍ പൈസ ഒന്നുമില്ലെന്നു പറഞ്ഞു. അതൊന്നും അറിയണ്ട.. ഇതു നമുക്ക് പ്രസിദ്ധീകരിക്കാമെന്ന് അവര്‍ ഉറപ്പുതന്നു. 208 പേജുള്ള സ്പര്‍ശം അങ്ങനെ പുസ്തകമാകുകയായിരുന്നു. യെസ് പ്രസ് ബുക്‌സാണ് പ്രസാധനം. ആയിരം കോപ്പിയാണ് അച്ചടിച്ചത്.
ഗള്‍ഫ് നാടുകളില്‍ വരെ സ്പര്‍ശം എത്തിയെന്നത് വലിയ സന്തോഷമായി. വായിച്ച ചിലരൊക്കെ വിളിച്ചു അഭിനന്ദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഒരൊറ്റ രാത്രി കൊണ്ടു ഈ പുസ്തകം വായിച്ചു തീര്‍ത്തുവെന്നു പറഞ്ഞു കത്ത് അയച്ചിരുന്നു. ഇതൊക്കെ ഒരു അവാര്‍ഡ് പോലെയാണ് തോന്നുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ മുന്‍ വിസി രവി കണ്ണോത്ത് വിളിച്ചു അഭിനന്ദിച്ചു. നേരില്‍ കാണാന്‍ വരും..എഴുത്തുകാരിയില്‍ നിന്നു പുസ്തകം വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകാരനായ ഒരു കണ്ണൂര്‍കാരന്‍ വിളിച്ചു നല്ല വാക്കുകള്‍ പറഞ്ഞു.. ഇതൊക്കെ വലിയ സന്തോഷമാണ് നല്‍കിയത്.
ഇതുകൂടി വായിക്കാം: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍
സ്പര്‍ശം എന്ന പുസ്തകത്തില്‍ എന്‍റെ ഓര്‍മകളാണ്.. അതില്‍ ഞാനും ഉമ്മയും അനുജത്തി സുനിതയും ഞങ്ങളെ സഹായിച്ചവരും ബാല്യവും കൗമാരവും എല്ലാം ഉണ്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ചുള്ളൂ. അതിനുള്ള സാഹചര്യമേ അന്നുണ്ടായിരുന്നുള്ളൂ. പൂക്കോട്ടുംപാടം പായുംപാടം എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. അഞ്ചാം ക്ലാസിലേക്ക് ജയിച്ചപ്പോള്‍ പറമ്പായം യുപി സ്‌കൂളില്‍ ചേര്‍ത്തു. പക്ഷേ അവിടെ വച്ചു പഠനം അവസാനിപ്പിച്ചു.
ഉമ്മയാണ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇന്നത്തെ പോലെയല്ല, ആരും സഹായിക്കാനൊന്നുമില്ല. പട്ടിണിയാണ്, ഉടുക്കാന്‍ വസ്ത്രമില്ല.. അങ്ങനെയൊരു ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു. ഉമ്മ ജോലിയ്ക്ക് പോയി കിട്ടുന്ന ഒരു രൂപയും രണ്ടു രൂപയുമൊക്കെ കൊണ്ടാണ് ഞാനും ഉമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. ഉപ്പ നേരത്തെ മരിച്ചിരുന്നു, ഞങ്ങള്‍ക്ക് ഓര്‍മ വയ്ക്കും മുന്‍പേ പോയി. പൂക്കോയ തങ്ങളെന്നാണ് പേര്. ഉമ്മയുടെ പേര് ആയിഷ. അനുജത്തി സുനിത.
ഉമ്മ എല്ലാം ജോലിയ്ക്കും പോയിരുന്നു. കല്ലു ചുമയ്ക്കാനും വിറകു ചുമയ്ക്കാനും പാടത്ത് പണിയും എല്ലാം ചെയ്തിട്ടുണ്ട്. വീട്ടു ജോലിക്കു മാത്രം പോയിട്ടില്ല. പാടത്ത് പണിക്ക് ഉമ്മയെ സഹായിക്കാന്‍ ഞാനും അനിയത്തിയും പോകും. പണി കഴിയുമ്പോള്‍ പാടത്ത് നിന്ന് കറ്റയും ചുമന്ന് ഉടമസ്ഥരുടെ വീട്ടിലെത്തിക്കണം. എത്ര ദൂരമുണ്ടെങ്കിലും ഭാരമുണ്ടെങ്കിലും അതൊക്കെ ചെയ്യണം.മെതിക്കാനും കറ്റ ചുമക്കാനുമൊക്കെ കുട്ടികളും ഉണ്ടായിരുന്നു.
കൊച്ചുമക്കളോട് എന്‍റെ ജീവിതം നിറയുന്ന കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അവര്‍ക്ക് അതൊക്കെ കൗതുകമാണ്. ഓരോന്നു പറയുമ്പോഴും എന്നിട്ടോ എന്നിട്ടോ എന്നു ചോദിച്ചു കൊണ്ടിരിക്കും.
അന്നത്തെ ഒരുപാട് അമ്മമാരും ഉമ്മമാരും പാടത്ത് പണിക്കു വരുമായിരുന്നു. അന്ന് ഞാനും ഉമ്മയുമൊക്കെ ഞാറും നടന്നതും അമ്മമാരുടെ പാട്ടും ഒക്കെ ഓര്‍മയുണ്ട്. അതൊക്കെ പുസ്തകത്തിലെഴുതിയിട്ടുണ്ട്.
കൊച്ചുമക്കളോട് എന്‍റെ ജീവിതം നിറയുന്ന കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അവര്‍ക്ക് അതൊക്കെ കൗതുകമാണ്. ഓരോന്നു പറയുമ്പോഴും എന്നിട്ടോ എന്നിട്ടോ എന്നു ചോദിച്ചു കൊണ്ടിരിക്കും. ഇന്നത്തെ കുട്ടികള്‍ക്ക് അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നു കരുതാന്‍ തന്നെ പാടാണ്…
ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യകാലത്തെക്കുറിച്ചും സ്‌കൂള്‍ കാലത്തെക്കുറിച്ചൊക്കെ ഓര്‍ക്കാറുണ്ടോ..?
പിന്നേ… ഓര്‍മയുണ്ടോന്നോ അതൊന്നും മറക്കാനാകില്ല ഈ ജന്മം. മറക്കണമെന്നാഗ്രഹിക്കുന്ന ഓര്‍മകളുമുണ്ട്. ആ ഓര്‍മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നയാളാണ്, ഭവാനി ടീച്ചര്‍. അവര്‍ ഒരു മലാഖയായിരുന്നു. കാരണം ഞാനൊക്കെ നല്ല ഉടുപ്പില്ലാതെ, തലമുടിയൊക്കെ ജട പിടിച്ച് ചെവിയൊക്കെ പഴുത്തിരിക്കുന്ന ഒരു കുട്ടിയായിരുന്നു. വൃത്തിയൊന്നും ഇല്ലാത്ത അവസ്ഥയും. ചെവിയൊക്കെ പഴുത്ത വലിയ ദുര്‍ഗന്ധവുമായിരിക്കും. ക്ലാസില്‍ വൃത്തിയ്ക്ക് വന്നില്ലെങ്കിലും പഠിക്കുന്ന കുട്ടിയായിരുന്നു.
ഒരിക്കല്‍, ക്ലാസില്‍ എന്‍റെ അടുത്ത് ഒരു ടീച്ചര്‍ വന്നിരുന്നു, ആ ടീച്ചറുടെ പേര് പറയുന്നില്ല. ചെവിയൊക്കെ പഴുത്തിരിക്കുന്ന കൊണ്ട് നല്ല ദുര്‍ഗന്ധമാണ് എന്നെ. ആ ടീച്ചര്‍ എന്നെ വല്ലാതെ അപമാനിച്ചു…. ‘പഠിക്കുന്ന കുട്ടിയാണെന്നാണ് ധാരണ, അല്‍പം വൃത്തിയ്ക്കും മെനയ്ക്കും വന്നുകൂടെ..’ എന്നൊക്കെ ഉച്ചത്തില്‍ മറ്റു കുട്ടികളുടെ മുന്നില്‍ വച്ചു പറഞ്ഞു. ഇതേക്കുറിച്ച് എപ്പോള്‍ ഓര്‍ത്താലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു പോകും.
ആ നിമിഷങ്ങളിലും ഭവാനി ടീച്ചര്‍ എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. സാരമില്ലാട്ടോ എന്നു ടീച്ചര്‍ പറയും. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് ഈ അനുഭവമെന്നു ഓര്‍ക്കണം. അത്ര ചെറിയ കുട്ടിയോടാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. ആ മുറിവ് ഇന്നും എന്‍റെ മനസിലുണ്ട്. ആ ടീച്ചര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഭവാനി ടീച്ചറുണ്ട്. ഞാനന്ന് പദ്യമൊക്കെ ചൊല്ലുമായിരുന്നു, സബ് ജില്ലയില്‍ പദ്യപരായണത്തിന് സമ്മാനവും കിട്ടിയിട്ടുണ്ട്. ഭവാനി ടീച്ചറാണ് ഇതിനൊക്കെ സഹായിക്കുന്നത്. വാക്കുകളിലൂടെ ടീച്ചറോടുള്ള നന്ദിയും സ്നേഹവും കടപ്പാടും ഒന്നും പറഞ്ഞു തീര്‍ക്കാനാകില്ല.
ഭവാനി ടീച്ചറെ പിന്നീട് കണ്ടിട്ടുണ്ടോ?
നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, സ്പര്‍ശം പുറത്തിറങ്ങിയ ശേഷം ടീച്ചറെ പോയി കണ്ടിരുന്നു.പുസ്തകം ഇറങ്ങിയപ്പോള്‍ എന്‍റെ ഓര്‍മയില്‍ വന്നതു ടീച്ചറുടെ മുഖമാണ്. അതുവരെ അതൊന്നും ആലോചിക്കാനുള്ള സമയമോ മാനസിക അവസ്ഥയോ അല്ലായിരുന്നു. നീളന്‍ മുടിയും ചന്ദനക്കുറിയുമൊക്കെയുള്ള ടീച്ചറുടെ രൂപമായിരുന്നു മനസില്‍. പുസ്തകം ഇറങ്ങിയ ശേഷം ടീച്ചറെ അന്വേഷിച്ചു പോയി. ആദ്യം അന്വേഷിച്ച ഇടങ്ങളിലൊന്നും ടീച്ചറെ കണ്ടില്ല.
ഇതുകൂടി വായിക്കാം: വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍
പിന്നെ കണ്ടെത്തി, മോളുടെ വീട്ടിലായിരുന്നു ടീച്ചര്‍. ആദ്യമായി അവിടെ ഞാനെത്തുമ്പോള്‍ ടീച്ചര്‍ പ്രാര്‍ഥനാ മുറിയിലായിരുന്നു. അന്നേരം ടീച്ചറുടെ മക്കളോട് എന്നെക്കുറിച്ച് പറഞ്ഞു, അവരെനിക്ക് ചായയൊക്കെ തന്നു. അപ്പോഴേക്കും ടീച്ചര്‍ പ്രാര്‍ഥനാമുറിയുടെ വാതില്‍ തുറന്നതും എന്‍റെ മുഖത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു.
കണ്ടപാടെ ‘എന്‍റെ ദൈവമേ ആരാ ഈ വന്നിരിക്കുന്നേ,’ എന്നാ ചോദിച്ചത്. നാല്‍പത് വര്‍ഷം മുന്‍പ് പഠിപ്പിച്ച വിദ്യാര്‍ഥിയെ ടീച്ചര്‍ തിരിച്ചറിഞ്ഞു. ടീച്ചര്‍ എന്നക്കെട്ടിപ്പിടിച്ചു.. ഞാനും ടീച്ചറും കരയുകയായിരുന്നു.
അതേ ചിരി, അതേ സംസാരം.. അല്‍പം തടിച്ചു നീളം വച്ചു എന്നതല്ലാതെ ഒരു മാറ്റവുമില്ലെന്നാ ടീച്ചര്‍ പറഞ്ഞത്. അതൊക്കെ വലിയ അനുഭവമായിരുന്നു.
പഠനം അഞ്ചാം ക്ലാസില്‍ അവസാനിപ്പിക്കുന്നത് സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു. മാഷുമാരും ടീച്ചര്‍മാരും ഉമ്മയോട് മോളെ പഠിപ്പിക്കണമെന്നു പറയുകയും ചെയ്തു. പക്ഷേ ഉമ്മായ്ക്ക് അതിനുള്ള പാങ്ങില്ലായിരുന്നു. പിന്നെ, വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യമൊന്നും അന്നൊന്നും ഉമ്മയ്ക്കും എനിക്കും അറിയില്ലായിരുന്നു. പഠിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നായിരുന്നു. അന്നത്തെ അവസ്ഥയില്‍ വേറൊന്നും തോന്നിയുമില്ല.
മാപ്പിള പാട്ടൊക്കെ പാരഡിയായി എഴുതുമായിരുന്നു. ആ വട്ടൊക്കെ ഇന്നും ഉണ്ട്.
ഉമ്മായ്ക്ക് ബീഡി തെറുപ്പുണ്ടായിരുന്നു. പഠനം അവസാനിപ്പിച്ചതോടെ എന്നെയും ബീഡി തെറുക്കാന്‍ പഠിപ്പിച്ചു.അങ്ങനെ ഒമ്പത് വയസ് മുതല്‍ ബീഡി തെറുക്കാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞിട്ടും ആ ജോലി ഞാന്‍ തുടര്‍ന്നിരുന്നു. അനിയത്തി പഠിക്കാന്‍ അത്ര മിടുക്കിയായിരുന്നില്ല. അവള്‍ ഏഴാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. അനിയത്തിയെ പഠിപ്പിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു, പിന്നെ ബീഡി തെറുത്ത് കിട്ടുന്നത് കൊണ്ട് പഠിപ്പിക്കാനാകില്ലായിരുന്നു. അവള്‍ക്ക് താത്പ്പര്യവുമില്ലായിരുന്നു. ബീഡി തെറുത്ത് കിട്ടുന്ന പൈസയൊക്കെ ഉമ്മയ്ക്ക് കൊടുക്കും. ബീഡി തെറുക്കുമ്പോഴും ഉമ്മ പാടത്ത് പണിക്ക് പോകുമായിരുന്നു, നെല്ല് കിട്ടുമല്ലോ.. കഞ്ഞി വയ്ക്കാല്ലോ.. അതുകൊണ്ടാണ് പോകുന്നത്.
പാട്ട് പാടാനായിരുന്നു കുട്ടിക്കാലത്തെ ഇഷ്ടം. ഗായികയാകണമെന്നൊക്കെ ആഗ്രഹിച്ചു. പാട്ടൊക്കെ എഴുതാനും അറിയാമായിരുന്നു. മാപ്പിള പാട്ടൊക്കെ പാരഡിയായി എഴുതുമായിരുന്നു. ആ വട്ടൊക്കെ ഇന്നും ഉണ്ട്. (ചിരിക്കുന്നു.)
18-ാമത്തെ വയസിലായിരുന്നു കല്യാണം. മൂന്നു മക്കളായപ്പോള്‍ ഭര്‍ത്താവിന്‍റെ ബിസിനസ് തകര്‍ന്നു. നാടു വിട്ടു, ആളിപ്പോള്‍ എവിടെയാണെന്നൊന്നും അറിയില്ല. മക്കളെ വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു.
അംഗനവാടിയില്‍ നിന്ന് പഠിച്ച പാട്ട് മോള് എന്നെ വന്നു പാടി കേള്‍പ്പിച്ചു.. അതുകേട്ട് എന്‍റെ നെഞ്ച് തകര്‍ന്നു.
സ്പര്‍ശത്തില്‍ ഒരു അച്ചനെ കുറിച്ച് പറയുന്നുണ്ട്. എന്‍റെ ജീവിതത്തില്‍ വളരെ സഹായിച്ച വ്യക്തിയാണ് അദ്ദേഹം. ഞങ്ങളുടെ വീടിന് അടുത്തുള്ള പള്ളിയിലെ വികാരിയാണ്. അച്ചന് അവിടെ ഒരു ആശ്രമം ഉണ്ടായിരുന്നു. കുറേ സ്ഥലവും കൃഷിയും പണിക്കാരുമുണ്ടായിരുന്നു. അവിടെ തയ്യല്‍ പഠിപ്പിക്കുമായിരുന്നു. തയ്യല്‍ ടീച്ചറാണ് എന്നെക്കുറിച്ച് അച്ചനോട് പറയുന്നത്. ആശ്രമത്തില്‍ ജോലി കിട്ടുന്നത് അങ്ങനെയാണ്. മൂന്നു മക്കളെ വളര്‍ത്താന്‍ നല്ലൊരു ജോലി വേണമായിരുന്നു, ഞാന്‍ ദാരിദ്രത്തില്‍ വളര്‍ന്നപോലെ ഇവരും കഷ്ടപ്പെടരുതെന്നാഗ്രഹിച്ചിരുന്നു.
തയ്യല്‍.. എപ്പോഴാണ് പഠിക്കുന്നത്?
ഒരിക്കല്‍ അംഗനവാടിയില്‍ നിന്ന് പഠിച്ച പാട്ട് മോള് എന്നെ വന്നു പാടി കേള്‍പ്പിച്ചു.. അതുകേട്ട് എന്‍റെ നെഞ്ച് തകര്‍ന്നു. തയ്യല്‍ പഠിക്കാന്‍ പോകുന്നത് ആ പാട്ട് കേട്ട ശേഷമാണ്. ഇങ്ങനെയായിരുന്നു ആ പാട്ട്.
‘തിരുവോണത്തിന് തുന്നല്‍ക്കാരാ തരുമോ ഒരു കുപ്പായം,
തുണി മേടിക്കാന്‍ കൈവശം പണമില്ല
അച്ഛന് പണിയില്ല,
കുനുകുനെ വെട്ടി മുറിച്ചുനിരത്തില്‍ കളയും
കീറകഷ്ണങ്ങളെടുത്ത് കുപ്പായം തുന്നി തന്നാല്‍ മതിയല്ലോ…‘
അത് കേട്ട് നെഞ്ച് തകര്‍ന്നു പോയി. അങ്ങനെയാണ് തയ്യല്‍ പഠിക്കാന്‍ പോകുന്നത്. ഇന്നിപ്പോ തയ്യല്‍ കടയൊക്കെ ഇട്ടു. അംഗനവാടി ടീച്ചറോട് അതിന് നന്ദി പറയണം.
മാപ്പിളപ്പാട്ട് കലാകാരന്‍മാരായ ഫൈസല്‍ എളേറ്റിലും പുലിക്കോട്ടില്‍ ഹൈദറും ചേര്‍ന്നാണ് സ്പര്‍ശം പ്രകാശനം ചെയ്തത്. പുസ്തകമിറങ്ങിയതോടെ കരുളായിയില്‍ ഇപ്പോ എന്നെ എല്ലാവര്‍ക്കും അറിയാം. നേരത്തെ സൗജത്ത് എന്നു പറഞ്ഞാല്‍ ആരും അറിയില്ലായിരുന്നു. പുസ്തകമിറങ്ങിയതോടെ നാട്ടുകാരൊക്കെ കാണുമ്പോള്‍ അരികില്‍ വന്നു പരിചയപ്പെടുന്നു, വിശേഷങ്ങള്‍ ചോദിക്കുന്നു..
ഇതുകൂടി വായിക്കാം: ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു?
രണ്ടാമത്തെ പുസ്തകത്തെക്കുറിച്ച് എല്ലാവരും ചോദിക്കുമായിരുന്നു. പറഞ്ഞ് പറഞ്ഞ് രണ്ടാമത്തെ പുസ്തകമെഴുതി. കാവല്‍ എന്നാണ് പേര്. സങ്കല്‍പ്പത്തിലെ ഒരു കഥയാണിത്. 126 പേജുകളിലായാണ് എഴുതിയത്. കിട്ടുന്ന സമയത്ത് എഴുതുന്നു.. അങ്ങനെ പ്രത്യേക സമയമൊന്നും ഇല്ല. എഴുതാനിരുന്നാല്‍ വേഗം എഴുതി തീര്‍ക്കും.. രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തതു ആലങ്കോട് ലീലാകൃഷ്ണനാണ്.
ബെന്യാമിന്‍റെ ‘ആടുജീവിതം’ വായിച്ചിട്ടുണ്ടോ? വായനയൊക്കെ കാര്യമായിട്ടുണ്ടോ?
വായന വളരെ കുറവാണ്. പലരും വായിക്കാന്‍ പറയുന്നുണ്ട്. ലൈബ്രറിയില്‍ അംഗത്വമൊക്കെ എടുത്തു നല്‍കുകയും ചെയ്തു. പക്ഷേ കൃത്യമായി പോകാനൊന്നും സാധിക്കുന്നില്ല. വായന വളരെ കുറവാണെന്നു പറയാം. ബെന്യാമിന്‍റെ ആടുജീവിതം വായിച്ചിട്ടുണ്ട്. നജീബിന്‍റെ ജീവിതം അത് സത്യമാണ്. അങ്ങനെയൊക്കെ ഉണ്ടാകും.. അങ്ങനെയുള്ള ഒരാളെ പരിചയമുണ്ട്. ചിലര്‍ (തൊഴിലുടമകള്‍) മറ്റുള്ളവരെ ഉപദ്രവിക്കും. സത്യം തന്നെയാണ്.. അതൊരു പ്രത്യേക ലോകമാണ്. എല്ലാവരും അങ്ങനെയല്ല.. പക്ഷേ ചിലര്‍ മോശക്കാര്‍ തന്നെയാണ്. അങ്ങനെ എല്ലായിടത്തുമുണ്ടല്ലോ..
അനുഭവിച്ചതൊന്നും ഇനി അനുഭവിക്കണ്ടല്ലോ.. ഞാന്‍ കഷ്ടപ്പെട്ടല്ലോ ദൈവമേ എന്നൊരിക്കലും പറയില്ല. എന്നെ ഒരു എഴുത്തുകാരിയാക്കിയത് ഈ ദുരിതങ്ങളാണല്ലോ..
പുതിയ പുസ്തകം.. എഴുത്ത് വല്ലതും നടക്കുന്നുണ്ടോ?
സത്യം പറയാലോ ഒന്നും എഴുതുന്നില്ല. അറിയില്ല ഇനിയുള്ള എഴുത്തുകളെക്കുറിച്ച്. പക്ഷേ എഴുതണമെന്നുണ്ട്. ആത്മകഥാംശമുള്ള നോവല്‍ എഴുതണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ്. സ്പര്‍ശത്തില്‍ പറഞ്ഞതിലേറെ കാര്യങ്ങളുണ്ട് എന്‍റെ ജീവിതത്തില്‍. ഞാന്‍ അനുഭവിച്ച സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ എഴുതണം. അങ്ങനെയൊരു നോവല്‍ ഞാന്‍ എഴുതിയേക്കും.
**
മൂന്നു മക്കളുണ്ട് സൗജത്തിന്. ശബ്ന, ജസ്ന, ജസീദ്. പെണ്‍മക്കള്‍ വിവാഹിതരായി. ജസീദിന്‍റെ വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. നാലു പേരക്കുട്ടികളുമുണ്ട്. ഉമ്മയ്ക്കും മകനുമൊപ്പമാണ് താമസം.