ഈ വനത്തിനുള്ളില്‍ 1,800 താമസക്കാര്‍, 8 ലൈബ്രറികള്‍! ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് പുസ്തകങ്ങള്‍

ചിന്നാര്‍ വനമേഖലയില്‍ നിന്നും ആവേശമുണര്‍ത്തുന്ന നല്ലൊരു വാര്‍ത്ത കൂടി.

രിയും പുതിയ ഭക്ഷണ ശീലങ്ങളും മൂലം ആരോഗ്യം നഷ്ടപ്പെട്ട ചിന്നാറിലെ ഗോത്രജനത കൃഷിയും ആരോഗ്യശീലങ്ങളും തിരിച്ചുപിടിച്ച കഥ ദ് ബെറ്റര്‍ ഇന്‍ഡ്യ മുന്‍പ് പറഞ്ഞിരുന്നു.  (ആ ഫീച്ചര്‍ വായിക്കാം)

ചിന്നാറില്‍ നിന്നും ഇതാ മറ്റൊരു വാര്‍ത്ത കൂടി, അക്ഷരകേരളത്തിന് അഭിമാനം പകരുന്ന ഒരു വലിയ ശ്രമം.

ചിന്നാറിലെ തായണ്ണന്‍കുടിയിലെ മുത്താറിപ്പാടം

ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം.

മൂന്നാറിനടുത്ത് 90 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയില്‍ പശ്ചിമഘട്ടത്തിന്‍റെ കിഴക്കേ ചെരിവില്‍ തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന ചിന്നാര്‍ വന്യജീവി സങ്കേതം. അവിടെ പലയിടത്തായി ചിതറിക്കിടക്കുന്ന 11 ആദിവാസി കുടികള്‍.

വാഹനസൗകര്യവും കാര്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലാത്ത വന്യജീവി സങ്കേതത്തിനുള്ളിലെ താമസക്കാര്‍ക്കുവേണ്ടി ഒരു ലൈബ്രറി തുടങ്ങിയാലോ എന്നൊരു ആശയം വരുന്നു. വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ പി എം പ്രഭു ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു.


ഒരു പുസ്തകം പോലും പണം കൊടുത്തുവാങ്ങേണ്ടി വന്നില്ല.


കാട്ടിനുള്ളില്‍ ചിതറിക്കിടക്കുന്ന 11 കുടികളിലായി 1,800-ഓളം താമസക്കാരുണ്ട്. അവര്‍ക്കുവേണ്ടി ഒരു ചെറിയ ലൈബ്രറി തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. പുസ്തകങ്ങള്‍ സംഭാവന നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.

“പോസ്റ്റിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നാടിന്‍റെ നാനാ ഭാഗത്തു നിന്നും പുസ്തകങ്ങള്‍ ചിന്നാറിലേക്ക് ഒഴുകിത്തുടങ്ങി,” പി എം പ്രഭു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

നാടിന്‍റെ നാനാ ഭാഗത്തു നിന്നും പുസ്തകങ്ങള്‍ ചിന്നാറിലേക്ക് ഒഴുകിത്തുടങ്ങി.

അങ്ങനെ ജനങ്ങളില്‍ നിന്ന് സംഭാവനയായിക്കിട്ടിയ പുസ്തകങ്ങള്‍ അടുക്കിവെച്ച് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ബോധി ലൈബ്രറി തുറന്നു, 2016ല്‍. ഇന്ന് ആ ലൈബ്രറിയില്‍ തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപത്തിയയ്യായിരത്തോളം പുസ്തകങ്ങള്‍ ഉണ്ട്, എല്ലാം ജനങ്ങള്‍ ചിന്നാറിന് വേണ്ടി സമ്മാനം നല്‍കിയവ.

ജനങ്ങളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഒരു പുസ്തകം പോലും പണം കൊടുത്തുവാങ്ങേണ്ടി വന്നില്ല. ആദ്യത്തെ ലൈബ്രറി തുടങ്ങി രണ്ടുവര്‍ഷം പിന്നിട്ടിട്ടും സംസ്ഥാനത്തിന്‍റെ പല ഭാഗത്തുനിന്നും ആളുകള്‍ പുസ്തകങ്ങള്‍ അയച്ചുകൊണ്ടേയിരുന്നു.


ഇതുകൂടി വായിക്കാം: ശമ്പളക്കുടിശ്ശിക ₹18 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? ശ്രീലതയും രവി പ്രകാശും ചെയ്തത് ഇതാണ്


“പുസ്തകങ്ങള്‍ ഇപ്പോഴും വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ധാരാളമായി ഉണ്ടെന്നതാണ് പുസ്തകങ്ങളുടെ ഈ ഒഴുക്ക് സൂചിപ്പിക്കുന്നത്, അപ്പോഴാണ് വന്യജീവി സങ്കേതത്തിനുള്ളിലെ 11 കുടികളിലും പ്രത്യേകം പ്രത്യേകം ലൈബ്രറികള്‍ തുടങ്ങുകയെന്ന ആശയം ഉയര്‍ന്നുവന്നത്,” ഒരു ചെറിയ ശ്രമം വലിയ വിജയമായതിന്‍റെ ആവേശത്തില്‍ പ്രഭു പറയുന്നു.

ബോധി ലൈബ്രറി

“കേരളത്തില്‍ തന്നെ ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ആദിവാസി കുടികളിലും ലൈബ്രറികള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്,” പ്രഭു പറയുന്നു.

തായണ്ണന്‍കുടി, മുളങ്ങാമുട്ടി, വെള്ളക്കല്‍, പുതുക്കുടി, ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, ആലാംപെട്ടി, പാളപ്പെട്ടി, ചമ്പക്കാട്, മാങ്ങാപ്പാറ, ഒള്ളവയല്‍ എന്നിവയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസിക്കുടികള്‍. ഇതില്‍ മാങ്ങാപ്പാറ, ഒള്ളവയല്‍, മുളങ്ങാമുട്ടി എന്നിവയൊഴികെ ബാക്കി എല്ലായിടത്തും പ്രത്യേകം പ്രത്യേകം ലൈബ്രറികള്‍ തുടങ്ങിക്കഴിഞ്ഞു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരത്തോടെയാണ് ഈ ലൈബ്രറികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഓരോ കുടികളിലും പ്രദേശവാസികളായ ഓരോരുത്തരെ വീതം ലൈബ്രേറിയന്‍മാരായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലൈബ്രറി കൗണ്‍സില്‍ ഓണറേറിയമായി പ്രതിമാസം 2,500 രൂപ വീതം നല്‍കുന്നുമുണ്ട്, പ്രഭു വ്യക്തമാക്കുന്നു.

പ്രഭു തായണ്ണന്‍കുടിയിലെ ചന്ദ്രന്‍ കാണിക്കൊപ്പം

പതുക്കെയാണെങ്കിലും ലൈബ്രറി പ്രദേശവാസികള്‍ക്കിടയില്‍ വായനശാല ചലനം സൃഷ്ടിച്ചുതുടങ്ങി. ഒറ്റയ്ക്കും തെറ്റയ്ക്കും ഒഴിവുസമയങ്ങളില്‍ അവര്‍ ലൈബ്രറികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. സ്വന്തം കുടികളില്‍ കൂടി ലൈബ്രറികള്‍ തുടങ്ങിയപ്പോള്‍ സ്ഥിരം വായനക്കാരുടെ എണ്ണം കൂടിക്കൂടി വന്നു. അക്ഷരങ്ങളുടെ ലോകത്ത് എത്തിപ്പെട്ടതോടെ പലരും അതില്‍ മഴുകാന്‍ തുടങ്ങി.


അക്ഷരാഭ്യാസം നേടാന്‍ കഴിയാതെ പോയവരെക്കൂടി വായനയുടെ ലോകത്തേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണിപ്പോള്‍ ചിന്നാറും വനംവകുപ്പുദ്യോഗസ്ഥരും


“ഇവിടെ ഒരുപാട് പേര്‍ക്ക് തമിഴ് അറിയാം. അതുകൊണ്ട് തമിഴ് പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ക്കേറെയാണ്… ലൈബ്രറി ഇല്ലാത്ത മാങ്ങാപ്പാറ, ഒള്ളവയല്‍, മുളങ്ങാമുട്ടി എന്നീ കോളനികളില്‍ക്കൂടി ഉടന്‍ തന്നെ ലൈബ്രറികള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ ഞങ്ങള്‍,” പ്രഭു അറിയിച്ചു.

കൂടുതല്‍ പേരെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. പല കാരണങ്ങളാല്‍ അക്ഷരാഭ്യാസം നേടാന്‍ കഴിയാതെ പോയവരെക്കൂടി പഠിപ്പിച്ച് വായനയുടെ ലോകത്തേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണിപ്പോള്‍ ചിന്നാറും വനംവകുപ്പുദ്യോഗസ്ഥരും.

ആലാംപെട്ടി ഊരില്‍ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായുള്ള സാക്ഷരതാ ക്ലാസ്

അക്ഷരവെളിച്ചം എന്ന പേരില്‍ സാക്ഷരതാ യജ്ഞം നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണ്. 78 വയസുള്ളവര്‍ മുതല്‍ വിവിധ പ്രായക്കാര്‍ ഇപ്പോള്‍ വന്യജീവി സങ്കേതത്തില്‍ നടത്തുന്ന അക്ഷരവെളിച്ചം പദ്ധതിക്കു കീഴിലെ പഠിതാക്കളാണ്.

ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികളില്‍ പങ്കുചേരുന്ന പ്രദേശവാസികള്‍ വിവിധ പദ്ധതികള്‍ക്കായി ഒപ്പിടേണ്ടത് ആവശ്യമാണ്. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ ഇതിനു പോലും കഴിയാത്ത നിരവധിപ്പേരാണ് കുടികളിലുള്ളത്. വായിക്കാന്‍ അറിയാത്തതുകൊണ്ട് ലൈബ്രറി ഉപയോഗിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്, അക്ഷരവെളിച്ചത്തിന്‍റെ തുടക്കം പ്രഭു വിശദമാക്കുന്നു.

“ഈ സാഹചര്യത്തിലാണ് ആദിവാസികളെ അക്ഷരം പഠിപ്പിക്കാന്‍ അക്ഷരവെളിച്ചം എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങുകയെന്ന ആശയം ബീറ്റ് ഫോറസ്റ്റ് ഓഫീസറായ സുരേഷ്‌കുമാര്‍ മുന്നോട്ടുവച്ചത്. ട്രയല്‍ എന്ന നിലയില്‍ മൂന്നുമാസം മുമ്പ് ആലാംപെട്ടി കോളനിയിലാണ് ആദ്യമായി അക്ഷര വെളിച്ചം പദ്ധതിക്കു തുടക്കമിട്ടത്. ജോലികള്‍ക്കും മറ്റും പോകുന്നവരുടെ സൗകര്യാര്‍ഥം വൈകുന്നരേം ആറുമണി മുതലാണ് ക്ലാസുകള്‍ നടത്തുന്നത്. മൂന്നുമാസം മുമ്പ് ആലാംപെട്ടിയില്‍ തുടങ്ങിയ അക്ഷരവെളിച്ചം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

76-കാരനായ ചിന്നന്‍ അടക്കം നിരവധി പേരാണ് ആലാംപെട്ടിയിലെ സാക്ഷരതാ ക്ലാസ്സില്‍ എത്തുന്നത്

76 കാരനായ ചിന്നന്‍ ആലാംപെട്ടി കോളനിയിലെ മുതിര്‍ന്ന പഠിതാവായിരുന്നു. അക്ഷരങ്ങള്‍ പഠിച്ച ചിന്നന്‍ ഇപ്പോള്‍ വായനയുടെ ലോകത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു. “നേരത്തേ എനിക്ക് ബസുകളുടെ ബോര്‍ഡുകളുള്‍ പോലും വായിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് ഇതെല്ലാം വായിക്കാനറിയാം,” എന്ന് പറയുമ്പോള്‍ ചിന്നന്‍റെ മുഖത്ത് വലിയ സന്തോഷം. “മാസികകളും ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങളും കുറേശ്ശെ വായിക്കുകയാണ് ഞാനിപ്പോള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലാംപെട്ടി കോളനിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അക്ഷരവെളിച്ചം പദ്ധതി ഇപ്പോള്‍ ചമ്പക്കാട് കോളനിയിലേക്കും വ്യാപിപ്പിച്ചു. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലുള്ള 11 കോളനികളിലും അക്ഷരവെളിച്ചം പദ്ധതി നടപ്പാക്കാനാണ് പരിപാടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘ഇത്ര പെട്ടെന്ന് കഴിഞ്ഞോ,’ ചോദ്യം കേട്ട് ഐ ബി ഓഫീസര്‍ ഞെട്ടി: ഒടിഞ്ഞ കാലും കൈയ്യുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോയ ആര്യയുടെ കഥ


യുവാക്കളെ സര്‍ക്കാര്‍ ജോലികള്‍ നേടാന്‍ സഹായിക്കുക എന്ന ലക്ഷ്യം വെച്ച് സൗജന്യ പി എസ് സി കോച്ചിംഗും നടത്തുന്നുണ്ട്. ഇവിടെ പരിശീലനം നേടിയ
രണ്ടുപേര്‍ക്ക് ഇതിനകം സര്‍ക്കാര്‍ ജോലി ലഭിച്ചുകഴിഞ്ഞു.

Watch:  ചിന്നാറിലെ കാഴ്ചകള്‍. പി എം പ്രഭു തയ്യാറാക്കിയ ചെറുചിത്രം

“വാല്‍മീകം എന്നപേരില്‍ പി എസ് സി കോച്ചിംഗ്ല് ക്ലാസുകള്‍ നടത്തുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. ഇതില്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ആര്‍ക്കും ചേരാനാവും,” പ്രഭു പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം