Placeholder canvas
Dr. Mohankumar

‘മൂന്ന് പശുക്കളുണ്ട്, കറക്കുന്നത് ഞാന്‍ തന്നെ’: എന്‍ഡോസള്‍ഫാന്‍ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഡോക്ടറുടെ ജീവിതം

മെഡിക്കല്‍ രംഗത്തെ പണക്കിലുക്കത്തില്‍ വീഴാതെ ഈ മനുഷ്യന്‍ 37 വര്‍ഷമായി കാസര്‍ഗോഡന്‍ ഗ്രാമങ്ങളുടെ ഇടുക്കുവഴികളിലേക്ക് രോഗികള്‍ക്ക് ആശ്വാസവുമായി കടന്നുചെല്ലുന്നു.

 വിടെ ഒരു ഡോക്ടര്‍ ഉണ്ട്. അദ്ദേഹം കണ്ണീരൊപ്പുന്നത് രോഗികളുടേതല്ല, ഒരു സമൂഹത്തിന്‍റേതാണ്. കാസര്‍ഗോഡിന്‍റെ മണ്ണില്‍ വിഷമഴ പെയ്യിച്ച എന്‍ഡോസള്‍ഫാന്‍റെ കെടുതികള്‍ ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞ ഡോക്ടര്‍.

അറുപതിന്‍റെ നിറവില്‍, ഒരു തളര്‍ച്ചയുമില്ലാതെ ചുറ്റുമുള്ള പാവങ്ങള്‍ക്കുവേണ്ടി ഉറച്ചു നില്‍ക്കുന്ന ഒരു ഡോക്ടര്‍. 1982ല്‍ തുടങ്ങിയതാണ് ഡോ. വൈ എസ് മോഹന്‍കുമാര്‍ വാണി നഗറിലെ ഗ്രാമീണ ക്ലിനിക്കില്‍ ചികിത്സ. അന്ന് രണ്ട് രൂപയായിരുന്നു ചികിത്സാ ഫീസ്. ഇന്ന് ആ ഫീസും ഈടാക്കുന്നില്ല.

ഡോ. മോഹന്‍കുമാര്‍

ഒരു ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്‌കൂളും മൂന്നു ചെറിയ പീടിക മുറികളുമുള്ള ചെറിയ ഒരു സ്ഥലമാണ് വാണി നഗര്‍. നാട്ടുകാര്‍ ഇതിനെ ടൗണെന്നൊക്കെ വിളിക്കുമെന്ന് മാത്രം. പഴയ കാലത്തെ ഒരു നാട്ടുമുക്ക്. അതില്‍ക്കൂടുതല്‍ ഒന്നുമില്ലാത്ത ഒരു സ്ഥലം. രാവിലെ ഒരു ബസ് വന്നു കഴിഞ്ഞാല്‍ വൈകിട്ട് മാത്രമാണ് ബസ് സര്‍വ്വീസ്. സംസ്ഥാനത്തു തന്നെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്തായിരിക്കും ‘വാണിനഗര്‍ ടൗണ്‍’ ഉള്‍പ്പെട്ട എന്‍മകജെ. കന്നഡയും തുളുവും, മലയാളവും ഇടകലര്‍ന്നു സംസാരിക്കുന്ന ജനങ്ങള്‍. ഇവിടുത്തെ സ്‌കൂള്‍ കന്നഡ മീഡിയമാണ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


വാണി നഗറിലെ ഒറ്റമൂറി ക്ലിനിക്കിലേക്ക് ഞാനും സുഹൃത്തും മോഹന്‍കുമാറിനെ കാണാനെത്തുമ്പോള്‍ സമയം ഉച്ചയ്ക്ക് 12 മണിയോടടുത്തിരുന്നു. പുറത്ത് നാലഞ്ച് രോഗികള്‍ ഡോക്ടറെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മുന്‍കൂട്ടി അനുവാദമെടുത്തിരുന്നെങ്കിലും രോഗികളെ പരിശോധിച്ചുകഴിയാതെ ഞങ്ങളോട് സംസാരിക്കാന്‍ ഡോക്ടര്‍ തയ്യാറായിരുന്നില്ല.

ഒടുവില്‍ തിരക്കൊഴിഞ്ഞ് ഞങ്ങള്‍ അകത്തു കടന്നപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ചും അതിര്‍ത്തി ഗ്രാമങ്ങളുടെ ശോചനീയ സ്ഥിതിയെക്കുറിച്ചും ഡോക്ടര്‍ വിഷണ്ണനായി. “എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ എനിക്ക് തൃപ്തിയില്ല…വ്യക്തിഗത ആനുകൂല്യങ്ങളല്ല സാമൂഹ്യമായ പരിരക്ഷയാണ് ഇരകള്‍ക്ക് അനിവാര്യം,” എന്നാണ് എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ തുടക്കം മുതല്‍ സജീവമായിരുന്ന അദ്ദേഹത്തിന്‍റെ അഭിപ്രായം.

എന്‍മകജെ എന്ന നോവലിന്‍റെ കവര്‍. കടപ്പാട്: ഡീസീ ബുക്സ്

“നിങ്ങള്‍ ഈ വരുന്ന റോഡ് കണ്ടില്ലേ? ഇവിടുന്ന് ഒരു രോഗിയെ രക്ഷിക്കാന്‍ കാസര്‍ഗോഡ് കൊണ്ടുപോകണമെങ്കില്‍ എത്ര ബുദ്ധിമുട്ടണം?”

ഒരു ദിവസം മൂന്നു ഗ്രാമീണ ക്ലിനിക്കുകളില്‍ സേവനം നടത്തുന്ന മോഹന്‍കുമാര്‍ കുട്ടികളുടെ ‘ഡോക്ടര്‍ അങ്കിളാണ്’. മുതിര്‍ന്നവരുടെ ‘ഡാക്ടര്‍ സാറും’. കന്നഡയും തുളുവും മലയാളവും ഇടകലര്‍ന്ന് സംസാരിക്കുന്ന കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ എത്തടുക്ക സ്വദേശിയാണ് അദ്ദേഹം.


പണ്ട് നടന്നാണ് ഡോക്ടര്‍ ക്ലിനിക്കിലേക്ക് എത്തിയിരുന്നത്.


അക്കങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മൂല്യവും വര്‍ദ്ധിക്കുമെന്ന ധാരണയില്‍ വൈദ്യശാസ്ത്രം പോലും കമ്പോളവത്ക്കരണത്തിന്‍റെ ഭാഗമാകുമ്പോള്‍ ഈ മനുഷ്യന്‍ അതിലൊന്നും തട്ടിത്തടഞ്ഞ് വീഴാതെ കാസര്‍ഗോഡന്‍ ഗ്രാമങ്ങളുടെ ഇടുക്കുവഴികളിലൂടെ രോഗികള്‍ക്ക് ആശ്വാസവുമായി കടന്നുചെല്ലുന്നു. തന്നെ തേടിവരുന്ന രോഗികളോട് പരിശോധന ഫീസൊന്നും വാങ്ങാതെ മരുന്നിന്‍റെ ചെറിയ തുക മാത്രം വാങ്ങി സ്നേഹത്തോടെ ആശ്വസിപ്പിക്കുന്ന ഒരു ഡോക്ടര്‍. ചിലര്‍ക്ക് മരുന്നിന്‍റെ പണം പോലും നല്‍കാനുള്ള ഗതിയുണ്ടാവില്ല. അവര്‍ക്കും അവിടെ ചികിത്സയും മരുന്നുമുണ്ട്. ദൈവത്തിന്‍റെ കൈയ്യൊപ്പ് ഈ മനുഷ്യനിലൂടെ ഗ്രാമീണര്‍ തിരിച്ചറിഞ്ഞു.

“രാവിലെ പത്തു മുതല്‍ 11 വരെ സ്വര്‍ഗയിലും 11 മുതല്‍ ഒന്നരവരെ വാണി നഗറിലും രണ്ടര മുതല്‍ ആറുവരെ ഏത്തടുക്കയിലും പ്രാക്ടീസ് നടത്തുന്നുണ്ട്. രാത്രി വീട്ടിലെത്തുന്നവര്‍ക്കും ചികിത്സ നല്‍കാറുണ്ട്,” അദ്ദേഹം ഒരു ദിവസത്തെ സമയക്രമം വിശദീകരിച്ചു. പലപ്പോഴും രോഗികളുടെ തിരക്ക് മൂലം സമയം വൈകും. എങ്കിലും ഡോക്ടര്‍ മൂന്ന് സ്ഥലത്തും ഓടിയെത്തും.

പണ്ട് നടന്നാണ് ഡോക്ടര്‍ ക്ലിനിക്കിലേക്ക് എത്തിയിരുന്നത്. രാവിലെ വീട്ടില്‍ കൃഷിപ്പണിയില്‍ സഹായിച്ചതിന് ശേഷം ക്ലിനിക്കിലേക്ക് നീട്ടിയൊരു നടത്തമാണ്. ഏത്തടുക്കയിലെ വീട്ടില്‍ നിന്നും വാണി നഗറിലെ ക്ലിനിക്കിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമുണ്ട്.

പിതാവ് സുബ്രായ ഭട്ട് സ്കൂള്‍ അധ്യാപകനായിരുന്നു. ഒപ്പം കൃഷിയുമുണ്ടായിരുന്നു. മോഹന്‍കുമാര്‍ ഡോക്ടറായപ്പോള്‍ അച്ഛന് നിര്‍ബന്ധമായിരുന്നു മകന്‍ ഗ്രാമത്തില്‍ തന്നെ ജോലി ചെയ്യണമെന്നും പാവപ്പെട്ട രോഗികളെ ചികിത്സിക്കണമെന്നും. അങ്ങനെയാണ് വാണി നഗറില്‍ ക്ലിനിക്ക് തുടങ്ങുന്നത്.


ഇതുകൂടി വായിക്കാം: ‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍


“1982 മുതലാണ് ഞാന്‍ പ്രാക്ടീസ് തുടങ്ങുന്നത്. മൈസൂര്‍ ഗവ.കോളേജില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കിയതിനു ശേഷം അച്ഛന്‍റെ ആഗ്രഹപ്രകാരമാണ് ഗ്രാമീണ മേഖലയില്‍ തന്നെ ചികിത്സ തുടങ്ങിയത്. ഞങ്ങളുടേത് ഒരു കര്‍ഷക കുടുംബമാണ്. ഇപ്പോഴും തെങ്ങും കവുങ്ങും, കുരുമുളകും, കൊക്കോയും ഒക്കെ കൃഷി ചെയ്യുന്നുണ്ട്. മൂന്നു പശുക്കളുണ്ട്. അതിനെ ഞാന്‍ തന്നെയാണ് കറവ എടുക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഈ ഡോക്ടര്‍ രാവിലെ ആറുമണിക്കുമുന്‍പേ ഉണരും പശുക്കളെ കറക്കും. പിന്നെ കുറെ സമയം കൃഷിയെല്ലാം നോക്കി പറമ്പില്‍ നടക്കും. നാലേക്കറില്‍ കവുങ്ങും തെങ്ങും കുരുമുളകും വാഴയും കൊക്കോയുമൊക്കെയുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറിയെല്ലാം വീട്ടില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കും. മോഹന്‍കുമാറും ഭാര്യ രത്നേശ്വരിയും മക്കളും ചേര്‍ന്നാണ് പച്ചക്കറികളുടെ പരിപാലനം. കോവല്‍, പയര‍്, പാവല്‍, ചീര, വശളച്ചീര, വെണ്ടയ്ക്ക, ചേന ചേമ്പ്…തുടങ്ങി വീട്ടാവശ്യത്തിനും അധിലധികവും വേനലെന്നോ മഴയെന്നോ ഭേദമില്ലാതെ അവര്‍ വിളയിച്ചെടുക്കുന്നു.

Image for representation. Photo: Pexels.com

“ഇതേ വരെ ജൈവവളം അല്ലാതെ മറ്റൊന്നും ഉപയോഗിച്ചിട്ടില്ല,” ഡോക്ടര്‍ പറഞ്ഞു. കവുങ്ങിലൊക്കെ വര്‍ഷത്തില്‍ ആറുമുതല്‍ പത്തു കുല വരെ പിടിക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഡോക്ടര്‍ ആണെങ്കിലും മണ്ണിനോടും കൃഷിയോടും അദ്ദേഹത്തിനുള്ള ബന്ധം ആഴത്തിലുള്ളതാണ്. അതുപോലെ തന്നെയാണ് സഹജീവികളോടും. അത് കാസര്‍ഗോഡിലെ മനുഷ്യര്‍ തിരിച്ചറിയുന്നുമുണ്ട്.

കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ ദുരന്തങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് മോഹന്‍കുമാര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഒരു ഗ്രാമം മാത്രമല്ല, ഒരു ജില്ലയും സംസ്ഥാനം തന്നെ അദ്ദേഹത്തിനൊപ്പം നിന്നത് ഈ മനുഷ്യനോടുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്.

ഒരിക്കലും ഒരു ആക്ടിവിസ്റ്റ് ആകണമെന്ന് ആഗ്രഹിക്കാത്ത മോഹന്‍കുമാര്‍ എത്ര ചികിത്സിച്ചിട്ടും രോഗം മാറാത്ത രോഗികളെ കുറിച്ച്  സ്വന്തം നിലയ്ക്ക് പഠനം നടത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍റെ തോട്ടത്തിന് സമീപത്തു താമസിക്കുന്ന ജനങ്ങളുടെ ദുരന്തത്തിനു കാരണം ഹെലികോപ്റ്ററിലൂടെ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയാണെന്ന കണ്ടെത്തലിലേക്കെത്തിച്ചത് ആ അന്വേഷണമായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ശ്രീപദ്രെയും ഡോക്ടറായ ശ്രീഹരിയും ഒപ്പമുണ്ടായിരുന്നു.ആദ്യകാലത്ത് മാധ്യമങ്ങള്‍ പലതും തമസ്‌ക്കരിച്ച വാര്‍ത്ത നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് പത്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. മെഡിക്കല്‍ ജേര്‍ണലില്‍ മോഹന്‍കുമാര്‍ എഴുതിയ ലേഖനത്തെത്തുടര്‍ന്നാണ് സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും സമരരംഗത്തെത്തുന്നത്. അങ്ങനെ ആ ഡോക്ടറും സമരപ്രവര്‍ത്തനങ്ങളിലും എന്‍ഡോസള്‍ഫാന്‍ബാധിതരുടെ ചികിത്സയിലും ഒരുപോലെ വ്യാപൃതനായി.


സത്യമേവജയതേ എന്ന ടി വി ഷോയില്‍ എന്‍ഡോസള്‍ഫാനെതിരെ സംസാരിച്ചതിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്പനി നോട്ടീസ് നല്‍കിയത്.


“എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആനുകൂല്യം കിട്ടിയതില്‍ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. എന്നാല്‍ കെട്ടുകാഴ്ചകളായി ഇരകളെ പ്രദര്‍ശിപ്പിച്ച രീതിയോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തം ലോക മനസാക്ഷിക്കു മുന്നില്‍ കൊണ്ടുവരുന്നതിന് ആദ്യകാലത്ത് ഇരകളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ശയ്യാവലംബരായ ഇവരെ തിരുവനന്തപുരം അടക്കമുള്ള സ്ഥലത്ത് കൊണ്ടുപോയതില്‍ വേദനയുണ്ട്. അമ്മയും അച്ഛനും നഷ്ടപ്പെട്ട ദുരന്ത ജീവിതങ്ങള്‍ക്ക് താങ്ങാവാന്‍ ഇപ്പോഴും സംവിധാനമൊന്നും ഇല്ലാത്തതില്‍ എനിക്ക് ദു:ഖമുണ്ട്. ദുരന്തബാധിതരോടുള്ള എന്‍റെ സ്നേഹം ഹൃദയത്തില്‍ നിന്നുള്ളതാണ്. അവരെല്ലാം എന്‍റെ കുഞ്ഞുങ്ങളും അനുജന്‍മാരോ ബന്ധുക്കളോ ആണെന്ന തോന്നലാണ് എനിക്ക് എപ്പോഴും ഉള്ളത്,” അദ്ദേഹം മനസ്സുതുറക്കുന്നു.

പഴയ കാലം ഡോ. മോഹന്‍കുമാറിന്‍റെ വാക്കുകളില്‍:

1990 ല്‍ ഈ പ്രദേശത്തെ മാനസിക വൈകല്യമുള്ള രോഗികളെക്കുറിച്ച് കര്‍ണാടകയിലെ ഒരു മാനസിക രോഗ വിദ്ഗ്ധന് എഴുതിയിരുന്നു. അതിനു ശേഷം 1996 ലാണ് കേരള മെഡിക്കല്‍ ജേര്‍ണലില്‍ എ്ന്‍മകജെയിലെ മാറാവ്യാധികളെ കുറിച്ച് എഴുതുന്നത്. വസന്തകാലത്തുപോലും തേനീച്ചകളും പൂമ്പാറ്റകളും ഓന്തുകളും അണ്ണാറക്കണ്ണന്‍മാരും ഇവിടെ എത്താത്തതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു. കുറേയേറെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഇവിടുത്തെ നീരുറവകള്‍ക്ക് സമീപം താമസിക്കുന്നവരിലാണ് രോഗങ്ങള്‍ ഏറെയെന്നും മനസ്സിലാക്കി.


ഇതുകൂടി വായിക്കാം: ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ


2000-ത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്പ്രെയിങ്ങ് നടത്താന്‍ എത്തിയ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ കമ്പനിക്കെതിരെ പ്രത്യക്ഷ സമരവുമായി ജനങ്ങള്‍ രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെയും പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാരുടെയും ഭീഷണികള്‍ വകവെക്കാതെ ഞങ്ങള്‍ സമരരംഗത്ത് ഉറച്ചുനിന്നു. മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലത്ത് എന്‍റെ ക്ലിനിക്കില്‍ ഭീഷണിയുമായെത്തിയ പത്തംഗ കീടനാശിനി കമ്പനിക്കാരെ നേരിടാന്‍ നൂറിലധികം നാട്ടുകാരാണ് അണിനിരന്നത്. മൂന്നു പ്രാവശ്യം എന്‍ഡോസള്‍ഫാന്‍ കമ്പനി നഷ്ടപരിഹാരത്തിന് നോട്ടീസ് അയച്ചു. സത്യമേവജയതേ എന്ന ടി വി ഷോയില്‍ എന്‍ഡോസള്‍ഫാനെതിരെ സംസാരിച്ചതിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്പനി നോട്ടീസ് നല്‍കിയത്.

ആ പോരാട്ടം കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ട്. കീടനാശനികള്‍ ഒരു തലമുറയ്ക്കല്ല നിരവധി തലമുറകള്‍ക്ക് ദോഷം വരുത്തുന്നുണ്ടെന്ന തിരിച്ചറിവ് കേരള സമൂഹത്തിന് ഉണ്ടായതില്‍ ഏറെ സന്തോഷമുണ്ട്.

കാഞ്ഞങ്ങാട് നെഹറു കോളെജിലെ കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ ബഡ്സ് സ്കൂളിനായി കെട്ടിടം നിര്‍മ്മിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖല ഇന്നും സമര രംഗത്താണ്. ഇവിടെ സര്‍ക്കാരുകള്‍ മാറി മാറി വന്നു. ആര്‍ക്കൊക്കെയോ കുറേ പണം കൊടുവെന്നല്ലാതെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കാര്യമായ പദ്ധതികളൊന്നുമില്ലെന്ന പരാതി അവര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

“ദുരന്തം വിതച്ച പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ പരിസരങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇവിടെ മാനസികമായും ശാരീരികമായും വൈകല്യമുള്ള കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങളുണ്ടാകണം. ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ ആയമാരും ടീച്ചര്‍മാരും ഇവരുടെ ആര്യോഗത്തിന് മികച്ച പോഷകാഹാരങ്ങളും ലഭ്യമാക്കണം. അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡുകള്‍ മെച്ചപ്പെടുത്തണം. ദുരന്തബാധിതരെയും കൊണ്ട് എപ്പോഴാണ് ആശുപത്രിയില്‍ പോകേണ്ടതെന്ന് ആര്‍ക്കാണ് അറിയുക. എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ നിരവധി പേര്‍ മരിച്ചു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരെ സംരക്ഷിക്കലാണ് മുഖ്യമായും ചെയ്യേണ്ടത്. അതിന് സമൂഹം ഒന്നായി മുന്നോട്ട് വരണം,” അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം:കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി അര്‍ഷിയ തിരിച്ചുവന്നു, കാപ്പിക്കര്‍ഷകര്‍ക്കും പ്രകൃതിക്കും വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍


രത്നേശ്വരിയാണ് ഡോക്ടറുടെ ഭാര്യ. രണ്ട് പെണ്‍മക്കളാണുള്ളത്. മൂത്തമകള്‍ ഡോ. രമ്യ ക്യാന്‍സര്‍ സ്പെഷ്യലിസ്റ്റായി മൈസൂരില്‍ പ്രാക്ടീസ് ചെയ്യുകയാണ്. രണ്ടാമത്തെ മകള്‍ ഡോ. കാവ്യ ഡന്റല്‍ സയന്‍സ് ബിരുദം പൂര്‍ത്തിയാക്കി ബദിയടുക്കയില്‍ പ്രാക്ടീസ് നടത്തി വരികയാണ്.

കുടുംബത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളില്‍ പറഞ്ഞവസാനിപ്പിച്ച് അദ്ദേഹം വീണ്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് പറയാന്‍ തുടങ്ങി.

“സമരത്തിന്‍റെ പേരില്‍ ദുരിതബാധിതരെ ഒരിക്കലും പ്രദര്‍ശന വസ്തുവാക്കരുത്. അവരുടെ നല്ല ആരോഗ്യവും ജീവിതവും നമ്മുടെ കടമയാണ്. വാണി നഗറിലെയും സ്വര്‍ഗയിലെയും മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെ. എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിര്‍ത്തി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പൂമ്പാറ്റയും വണ്ടുകളും തേനീച്ചയും പറന്ന് നടക്കുന്നുണ്ട്. ഏതൊരു വിഷവും വര്‍ഷങ്ങളോളം ഒരു പ്രദേശത്ത് തളിക്കരുതെന്ന മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കമ്പനി എന്‍ഡോസള്‍ഫാന്‍ തളിച്ചത്…”

ഈ ഡോക്ടറിന് പറയാനുള്ളത് തന്നെക്കുറിച്ചല്ല…അദ്ദേഹത്തിന്‍റെ ആശങ്കകളും തന്നെക്കുറിച്ചല്ല.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം