Placeholder canvas
നീലപ്പട

ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്

കുന്നത്തുകാലിന്‍റെ ചുറ്റുവട്ടങ്ങളിലേക്ക് കണ്ണും കാതും തുറന്നുവെച്ച് സദാ സന്നദ്ധരായി അവര്‍ ജാഗ്രതയോടെ ഇരിക്കുന്നു. 210  പേരടങ്ങുന്ന പെണ്‍സംഘം

 

വീട്ടിലൊരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക ഈ ചേച്ചിമാരെയാണ്. ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ ഇവര് വരും, കാര്യങ്ങള്‍ അന്വേഷിക്കും, മരുന്ന് കൊണ്ടുവന്നുതരും, തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ പഞ്ചായത്തിലെ ഷീന പറയുന്നു.

ആ ചേച്ചിമാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആവേശം മൂത്ത് ഷീനയും കൂടെക്കൂടി, കഴിഞ്ഞ മാസം. നീലപ്പട പിന്നെയും വലുതായി.

നീലപ്പട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍.

ഇരുന്നൂറിലധികം വരുന്ന സ്ത്രീകളുടെ ഒരു സംഘമാണ് നീലപ്പട. പന്ത്രണ്ട് വര്‍ഷമായി ഈ പെണ്‍കൂട്ടം കുന്നത്തുകാലിന്‍റെ കാവലാളുകളാണ്. ആ പഞ്ചായത്തിലെ ഓരോ വീട്ടിലെയും അംഗങ്ങളാണവര്‍. കുഞ്ഞിനൊരു പനിവന്നാല്‍ അമ്മമാര്‍ ആദ്യം വിളിക്കുക നീലപ്പടയിലെ ചേച്ചിമാരെയാണ്.

“സ്വന്തം വീട്ടുകാരെക്കാള്‍ കാര്യമാണ് ഞങ്ങളോട്…അതുതന്നെ ഒരു സന്തോഷം,” എന്ന് നീലപ്പടയിലെ ഷീല.  ആ സന്തോഷം.  അതാണ് അവരുടെ ബലം.


ഇതുകൂടി വായിക്കാം: തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്


കേരളത്തിന്‍റെ തെക്കേയറ്റത്ത് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയോടു ചേര്‍ന്നുകിടക്കുന്ന വിസ്തൃതിയേറിയ മലയോരപ്രദേശമാണ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്. ഇരുപത്തൊന്ന് വാർഡുകളുള്ള ഇൗ മലയോര ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയാണ്. എസ്റ്റേറ്റുകളല്ലാതെ ഇടവിട്ടുളള ചെറിയ റബര്‍ കൃഷിയിടങ്ങള്‍ കുന്നത്തുകാലിന്‍റെ പ്രത്യേകതയാണ്.

റബര്‍ത്തോട്ടങ്ങള്‍ കൊതുകുകളുടെ താവളങ്ങളായതോടെ ചിക്കുന്‍ ഗുനിയയും പകര്‍ച്ചപ്പനികളും ഒഴിയാബാധയായിത്തീര്‍ന്നു. ജീവിതം ദുഷ്ക്കരമായി.

കുന്നത്തുകാലിലെ നീലപ്പട

നിത്യവും രോഗഭീതിയിൽ കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിതം മാറിയത് എന്തെങ്കിലും അത്ഭുതം സംഭവിച്ചിട്ടായിരുന്നില്ല. ഒത്തൊരുമയുടെയും ആസൂത്രണത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും കൂടി കഥയാണ് അത്. കുന്നത്തുകാലിലെ ‘നീലപ്പട’യുടെ വിജയഗാഥ എന്നുകൂടി പറയണം.

ആരോഗ്യത്തിലും പരിസരശുചിത്വത്തിലും ജാഗരൂകരായ 210 വനിതകളുടെ സൈന്യം, അതാണ് നീലപ്പട. 2009ല്‍ സമ്പൂര്‍ണ ശുചിത്വത്തിനുളള നിര്‍മ്മല്‍ ഗ്രാമീണ്‍ പുരസ്‌ക്കാരം ആദ്യമായി കേരളത്തിലേക്കെത്തിച്ചത് ഈ വനിതാ സംഘമാണ്. കൂടാതെ ഇന്ത്യയിലെത്തന്നെ ആദ്യ സോഷ്യല്‍ റിയാലിറ്റി ഷോ ആയ ഗ്രീന്‍ കേരള എക്‌സ്പ്രസ്സിന്‍റെ ആദ്യ ഫൈനലിസ്റ്റുകളിൽ ഒന്നായിരുന്നു കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്…

ഈ പ്രശസ്തികള്‍ക്കെല്ലാം അപ്പുറം, ഒരു പഞ്ചായത്തിലെ ജനങ്ങൾക്ക് മുഴുവൻ രക്ഷാകവചമായി ഒരു ദശാബ്ദത്തിലേറെ ജാ​ഗ്രതയോടെ നിലയുറപ്പിച്ചു എന്നതാണ് നീലപ്പടയുടെ ഏറ്റവും വലിയ നേട്ടം.

നീലപ്പട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍.

താരതമ്യേന വലിയ ഒരു ​ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ. ഹെല്‍ത്ത് സെന്‍ററില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളിലായി ആയി പതിനഞ്ചോളം മാത്രം ജീവനക്കാരാണുളളത്. ഇത്രയും പേരെ വെച്ച് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തിൽ നടത്തുക എന്നത് എളുപ്പമായിരുന്നില്ല.

അതിനെന്താണൊരു പോംവഴി എന്ന ചിന്തയില്‍ നിന്നാണ് നീലപ്പടയുടെ പിറവി. 2006ലായിരുന്നു അത്. അന്നത്തെ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പക്ടറായിരുന്ന ബി. സനല്‍കുമാറും മെഡിക്കല്‍ ഓഫീസറായ ഡോ. അനിതയുമാണ് ഇരുന്നൂറ് പേരുളള സന്നദ്ധപ്രവര്‍ത്തകരെ പ്രവര്‍ത്തനസജ്ജരാക്കിയത്.


ഇതുകൂടി വായിക്കാം: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്


നീലസാരിയാണ് നീലപ്പടയുടെ യൂണിഫോം. തദ്ദേശ സ്വയംഭരണവകുപ്പില്‍ നിന്നും ദേശീയ ആരോ​ഗ്യ ദൗത്യം (NRHM) പദ്ധതികളില്‍ നിന്നുമൊക്കെയുളള വിവിധ ഫണ്ടുകള്‍ കൊണ്ടാണ് നീലപ്പട നിലനിന്നുപോകുന്നത്. നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറായ പി. അനില്‍കുമാറും മെഡിക്കല്‍ ഓഫീസറായ ഡോ. ആര്‍. വിജയദാസുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പന്ത്രണ്ടാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന നീലപ്പടയുടെ പ്രവര്‍ത്തനമികവ് സംസ്ഥാനതലത്തില്‍ തന്നെ സമാനമായ പല പദ്ധതികളും ആരംഭിക്കാന്‍ കാരണമായെന്ന് ഡോ. വിജയദാസ് പറയുന്നു.

“ആരോഗ്യരംഗത്തായാലും ശുചിത്വപരിപാലരംഗത്തായാലും പഞ്ചായത്ത് തലത്തില്‍ ഇത്തരത്തിലൊരു സംരംഭം കേരളത്തിലാദ്യമായാണെന്നു തന്നെ പറയാം.”

ഡോ. ആര്‍ വിജയ ദാസ്. ഫോട്ടോ: മേരി സാമുവല്‍

നീലപ്പടയുടെ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം ഇത്തരം സന്നദ്ധ സംഘങ്ങൾക്ക് രൂപം നൽകുന്നതിന് പ്രചോദനം നൽകിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നീലപ്പടയുടെ വിജയമാണ് ‘ആരോഗ്യസേന’ പോലുളള വളന്‍റിയര്‍ ഗ്രൂപ്പുകള്‍ ആരംഭിക്കാനുളള പ്രചോദനമായത്. ഇതുപോലെ ആരംഭിച്ച മറ്റൊരു പരിപാടിയാണ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുളള ‘ജനസൗഹൃദ’.

അതാത് വാര്‍ഡില്‍ നിന്നുളളവരെയാണ് പരിശീലനത്തിന് തെരെഞ്ഞടുത്തത്. ഒരു വാര്‍ഡില്‍ പത്തു സന്നദ്ധപ്രവർത്തകർ. ചെയര്‍മാനായി വാര്‍ഡ് മെമ്പറും കണ്‍വീനറായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും ചേര്‍ന്ന് 12 പേരുടെ ഒരു സമിതി ഉണ്ടായിരിക്കും.

വാർഡിലെ അമ്പത് വീടുകളുടെ ചുമതല സമിതിയിലെ ഒരു സന്നദ്ധപ്രവർത്തകയ്ക്ക്.

നീലപ്പട വീടുകള്‍ സന്ദര്‍ശിക്കുന്നു

അവർ മാസത്തില്‍ രണ്ടുതവണ ഓരോ വീടും സന്ദർശിക്കും. ശ്രദ്ധയില്‍ പെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉചിതമായ നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്യും.

ശുചിത്വ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിന് ആവുന്ന തരത്തിൽ പരിഹാരം കാണാൻ ശ്രമിക്കും. അതുമല്ലെങ്കിൽ പബ്ലിക് ഹെല്‍ത്ത് സെന്‍റരില്‍ വിവരമറിയിരിക്കുക തുടങ്ങിയവയാണ് പ്രധാനജോലികള്‍.

രണ്ടാഴ്ച്ച കൂടുമ്പോള്‍ വീട്ടുകിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക, കിടപ്പു രോഗികളുളള വീടുകളില്‍ ആഴ്ച്ച തോറും പാലിയേറ്റീവ് കെയര്‍ നല്‍കുക എന്നിവ ഇതിനു പുറമേയുളള സന്നദ്ധപ്രവര്‍ത്തനങ്ങളാണ്. ഒരു വിഭാഗം മാലിന്യനിര്‍മാര്‍ജന മേഖലയിലും ജോലി ചെയ്യുന്നു.

സംഘത്തിലെ ആശാവര്‍ക്കര്‍മാര്‍ക്കാണ് പാലിയേറ്റീവ് കെയറില്‍ പരിശീലനം ലഭിച്ചിട്ടുളളത്. ദേശീയ ആരോ​ഗ്യ ദൗത്യം ആണ് വര്‍ഷം തോറുമുളള പരിശീലന പരിപാടികള്‍ നടത്തിവരുന്നത്.


ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


“പാലിയേറ്റീവ് കെയറിന് ഒരു സംഘം തന്നെ ഉണ്ട്. ഒരു ഡോക്ടറും ഒരു നഴ്‌സും രണ്ട് നീലപ്പട വളന്‍റിയര്‍മാരും ചേര്‍ന്നാണ് പോവുക, രോഗി ആയുര്‍വേദ മരുന്നാണ് കഴിക്കുന്നതെങ്കില്‍ ആയുര്‍വേദ ഡോക്ടര്‍, അലോപതിയെങ്കില്‍ അലോപതി ഡോക്ടര്‍, അങ്ങനെ,” 12 വര്‍ഷമായി നീലപ്പടയിലെ സജീവ അംഗവും ആശവര്‍ക്കറുമായ ഷീല പറയുന്നു.

“കിടപ്പുരോഗികളുളള വീട്ടില്‍ ഫീല്‍ഡ് വര്‍ക്കിന്‍റെ ഭാഗമായി ആഴ്ച്ചചയിലൊരിക്കല്‍ അല്ലാതെയും പോകും. പിന്നെ എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കില്‍ അപ്പോഴും.”

പാലിയേറ്റീവ് കെയറിന് ഒരു മാസം ലഭിക്കുന്ന ഓണറേറിയം നൂറു രൂപയാണ്. ഫീല്‍ഡുളള ദിവസങ്ങളില്‍ ഭക്ഷണവും ലഭിക്കും. വരുമാനം തുച്ഛമാണെങ്കിലും ഈ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമാണെന്ന് ഷീല.

“കുടുംബത്തിലൊരംഗത്തോടുളള പോലുളള സ്‌നേഹമാണ് ഓരോ വീടുകളില്‍ ചെല്ലുമ്പോഴും. എവിടെ ചെന്നാലും ആളുകള്‍ നമ്മളെ തിരിച്ചറിയുന്നുണ്ട്.”

നീലപ്പടയിലെ അംഗങ്ങള്‍ ശ്രീകലയും ഷീലയും. ഫോട്ടോ: മേരി സാമുവല്‍

ഓരോ വീട്ടിലും എന്തൊരാവശ്യം വന്നാലും ഒരു പനി വന്നാലപ്പോഴും നമ്മളെ വിളിക്കും, അറിയിക്കും. നമ്മളുടനെ ഹെല്‍ത്ത് സെന്‍ററില്‍ വിവരമിറിയിക്കും. വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും. സ്വന്തം വീട്ടുകാരേക്കാള്‍ കാര്യമാണ് നമ്മളോട്. അതുമൊരു സന്തോഷം തന്നെ.”

പരിസരശുചിത്വത്തെക്കുറിച്ചുളള ബോധവല്‍ക്കരണത്തിനും നാട്ടുകാരുടെ ഇടയില്‍ നിന്ന് നല്ല പ്രതികരണമാണെന്ന് മറ്റൊരംഗമായ ശ്രീകല അഭിപ്രായപ്പെട്ടു.

“ആദ്യമൊക്കെ പ്ലാസ്റ്റിക് പുറത്തു വലിച്ചെറിയുകയും കത്തിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അതുപോലെ മലിനജലം പുറത്തേക്ക് തുറന്നുവിടും. ഇപ്പോഴതില്‍ നിന്നൊക്കെ വലിയ മാറ്റമുണ്ട്. നമ്മള്‍ വരുന്നത് കാണുമ്പോഴേ വീട്ടുകാര്‍ക്കറിയാം.” ശ്രീകലയും ആശവര്‍ക്കറാണ്.


ഇതുകൂടി വായിക്കാം: കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും


ഹെല്‍ത്ത് സെന്‍ററിന്‍റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഏകോപിപ്പിക്കാനും വളന്‍റിയര്‍മാരുടെ സഹായം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്‍റെ അഭിപ്രായം. പഞ്ചായത്തിലെ നീലപ്പടയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇദ്ദേഹമാണ്.

“ആരോഗ്യവകുപ്പിന്‍റെ എന്തെങ്കിലും അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കണമെങ്കില്‍ ഇവരോടു പറഞ്ഞാല്‍ മതി. അതുപോലെ പഞ്ചായത്തില്‍ എവിടെയെങ്കിലുമൊരു പകര്‍ച്ചപ്പനിയോ അടിയന്തരസ്വഭാവമുളള ശുചിത്വപ്രശ്‌നമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ ഉടനടി അത് ഹെല്‍ത്ത് സെന്‍ററില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇത് തുടര്‍നടപടികള്‍ വേ​ഗത്തിലും ഫലപ്രദമായും പൂര്‍ത്തിയാക്കാന്‍ വളരെ സഹായകരമാണ്,”  അദ്ദേഹം പറയുന്നു.

“അമ്പത് വീടുകള്‍ക്ക് ഒരു വളന്‍റിയര്‍ എന്ന നിലയില്‍ ആളുളളതുകൊണ്ട് ഓരോരുത്തരും തമ്മിലറിയുമെന്നതാണ് ഏറ്റവും പ്രധാനം.”

പി അനില്‍ കുമാര്‍. ഫോട്ടോ: മേരി സാമുവല്‍

കേന്ദ്ര, സംസ്ഥാനതലത്തിലുളള വിവിധ ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മിക്ക പരിശീലന പദ്ധതികളും നടത്തുന്നത്. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 11 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. സംഘം തിരിഞ്ഞുളള പരിശീലന പദ്ധതികള്‍ക്കു പുറമേ വളന്‍റിയര്‍മാര്‍ക്ക് മൊത്തത്തില്‍ ബോധവല്‍ക്കരണ പരിപാടികളും പരിശീലനങ്ങളുമുണ്ട്. അതുപോലെ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിനിറങ്ങുന്നതും എല്ലാവരുമൊന്നിച്ചാണ്.

തുടക്കകാലത്ത് വളന്‍റിയര്‍മാര്‍ക്ക് നിശ്ചിത വിദ്യഭ്യാസ യോഗ്യതയൊന്നും നിഷ്‌കര്‍ഷിച്ചിട്ടില്ലായിരുന്നെങ്കിലും ഇപ്പോള്‍ ചേരുന്നവര്‍ക്ക് പത്താം ക്ലാസ് വേണമെന്നുണ്ട്. അതിന്‍റെ ഭാഗമായി ആദ്യകാല പ്രവര്‍ത്തകരിലെ എട്ടാം ക്ലാസുകാര്‍ പത്താംക്ലാസ് തുല്യതാ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ്.


ഇതുകൂടി വായിക്കാം: ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ


ഓണറേറിയമായി കിട്ടുന്ന തുച്ഛമായ തുകയെ അപേക്ഷിച്ച് മഹത്തായൊരു സന്നദ്ധപ്രവര്‍ത്തനമാണ് നീലപ്പട ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വ്യാഴവട്ടം തികഞ്ഞിട്ടും ഊര്‍ജസ്വലതയൊട്ടും ചോരാത്ത അവരുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനങ്ങള്‍ പുതുതലമുറയെയും കുറച്ചൊന്നുമല്ല ആകര്‍ഷിക്കുന്നത്.

നീലപ്പടയിലെ ഏറ്റവും പുതിയ അംഗങ്ങളിലൊരാളായ ഷീനയുടെ വാക്കുകള്‍ അതിനുതെളിവാണ്.

“വീട്ടിലൊരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക ഈ ചേച്ചിമാരെയാണ്.

ലിജയും ഷീനയും. ഫോട്ടോ: മേരി സാമുവല്‍

“ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ ഇവര് വരും, കാര്യങ്ങള്‍ അന്വേഷിക്കും, മരുന്ന് കൊണ്ടുവന്നുതരും. അതൊക്കെ കണ്ടാണ് ഇവരുടെ കൂടെ പ്രവര്‍ത്തിക്കണമെന്ന് തോന്നിത്തുടങ്ങിയത്.”

ഒരുമാസമായതേയുളളു ഷീന സംഘത്തില്‍ അംഗമായിട്ട്. പരിശീലനം പൂര്‍ത്തിയായിട്ടില്ലാത്തതുകൊണ്ട് ഫീല്‍ഡ് വര്‍ക്കിനു പോയിത്തുടങ്ങിയിട്ടില്ല. എങ്കിലും നീലപ്പടയില്‍ ചേര്‍ന്നതിന്‍റെ ആവേശത്തിലാണ് ഷീന.

ഏഴുവര്‍ഷമായി നീലപ്പടയില്‍ പ്രവര്‍ത്തിക്കുന്ന ലിജയ്ക്ക് പറയാനുളളത് മറ്റൊന്നാണ്. “മുതിര്‍ന്ന ചേച്ചിമാരുടെ പ്രവര്‍ത്തനം കണ്ടും അറിഞ്ഞുംതന്നെയാണ് സംഘത്തില്‍ ചേര്‍ന്നത്. ഇതിലൂടെ കിട്ടിയ പരിശീലനപരിപാടികള്‍ പുതിയ കുറേ അറിവുകള്‍ തന്നു.”


ഇതുകൂടി വായിക്കാം: പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി


“മുമ്പൊക്കെ കുട്ടികള്‍ക്ക് അസുഖം വന്നാല്‍ പ്രൈവറ്റ് ആശുപത്രിയിലാണ് പൊയ്‌ക്കൊണ്ടിരുന്നത്. മിക്കവാറും സൗജന്യമായി മികച്ച സേവനങ്ങള്‍ പബ്ലിക് ഹെല്‍ത്ത് സെന്‍റര്‍ വഴി ലഭിക്കുമെന്നൊന്നും അറിയില്ലായിരുന്നു. അതുപോലെ കൂട്ടികള്‍ക്ക് കൊടുക്കേണ്ടുന്ന വാക്‌സിനുകളെ കുറിച്ചുളള അറിവൊക്കെ കിട്ടിയത് ഇതുവഴിയാണ്.” നീലപ്പടയില്‍ ചേര്‍ന്നതിനു ശേഷം ആശാവര്‍ക്കറായും പ്രവര്‍ത്തിക്കുന്നുണ്ട് ലിജ.

നാടിന്‍റെ വികസനം ഗ്രാമങ്ങളില്‍ തുടങ്ങണമെന്ന ആശയമൊക്കെ ഇവരിലെത്രപേര്‍ കേട്ടിരിക്കുമെന്നറിയില്ല.

നീലപ്പട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍.

തങ്ങള്‍ ചെയ്യുന്നത് കേരളത്തിന് പുറത്തും ചര്‍ച്ചയാവുന്നുണ്ടെന്നോ, ലോകം ശ്രദ്ധിക്കുന്നുണ്ടെന്നോ ഇവര്‍ക്ക് അറിവുമാണ്ടാവില്ല, നീലപ്പടയെ മാതൃകയാക്കി പുതിയ ശുചിത്വസേനകള്‍ പല ഗ്രാമങ്ങളിലും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നും.

പകരം, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയാണ് പകര്‍ച്ചവ്യാധികളെ തടയാന്‍വേണ്ട പ്രായോഗികമാര്‍ഗമെന്നവര്‍ക്കറിയാം. അന്യന്‍റെ പുരയിടത്തില്‍ തള്ളാനുളളതല്ല തന്‍റെ വീട്ടിലെ മാലിന്യമെന്ന നിര്‍മലപാഠവും അവര്‍ക്കറിയാം. സഹജീവിസ്‌നേഹമെന്ന വലിയ പാഠം ഇവര്‍ക്കറിയാം.

കുന്നത്തുകാലിന്‍റെ ചുറ്റുവട്ടങ്ങളിലേക്ക് കണ്ണും കാതും തുറന്നുവെച്ച് സദാ സന്നദ്ധരായി അവര്‍ ജാഗ്രതയോടെ ഇരിക്കുന്നു.

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം