മൂര്‍ഖനും പോളയും അഴുക്കും നിറഞ്ഞ് മരണം കാത്തുകിടന്ന ആറിന് 700 സ്ത്രീകള്‍ 30,000 തൊഴില്‍ദിനങ്ങള്‍ കൊണ്ട് ജീവന്‍ കൊടുത്ത കഥ

ഒരുനാട് മുഴുവന്‍ ആശ്രയിച്ചിരുന്ന പുഴയാണ് പ്രതികാരം മൂത്ത രാജാവ് മണ്ണിട്ട് മൂടിക്കളഞ്ഞത്.

“എ ന്‍റെ കുട്ടിക്കാലത്തൊക്കെ ഈ ആറിനെന്തൊരു വീതിയായിരുന്നെന്നോ,” കുട്ടംപേരൂരാറിലേക്ക് നോക്കി വിശ്വംഭരപ്പണിക്കര്‍ പറഞ്ഞു.

“ആറിന്‍റെ ഇരു കരകളിലുമായി പടര്‍ന്നു കിടന്ന കരിമ്പു കൃഷിയായിരുന്നു നാട്ടുകാരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്ന്. ഈ ആറ്റിലൂടെയാണ് വലിയ

കെട്ടുവള്ളങ്ങളില്‍ ചങ്ങലയിട്ടു കെട്ടിയ കരിമ്പുകള്‍ പഞ്ചസാര മില്ലിലേയ്ക്ക് കൊണ്ടുപോയിരുന്നത്. നൂറു മുതല്‍ നൂറ്റമ്പതു ടണ്‍ വരെ കരിമ്പ് ഇത്തരത്തില്‍ പഞ്ചസാര മില്ലിലേയ്ക്ക് കൊണ്ടുപോയിരുന്നു,” ബുധനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ അദ്ദേഹം ഓര്‍ക്കുന്നു.

കുട്ടംപേരൂര്‍ പുഴ

“തിരുവല്ലയ്ക്കടുത്ത് പുളിക്കീഴിലന്ന് മന്നം ഷുഗര്‍ മില്ലും പമ്പ ഷുഗര്‍ മില്ലുമുണ്ടായിരുന്നു. 1996 ലാണ് ഷുഗര്‍ മില്ലുകളതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചത്. അതായത് അവ പ്രവര്‍ത്തനം ആരംഭിച്ച് ഏതാണ്ട് അന്‍പതു കൊല്ലം കഴിഞ്ഞപ്പോള്‍. ഫാക്ടറി പൂട്ടിയതോടെ കരിമ്പ് കൃഷി തീര്‍ത്തും ഇല്ലാതായി. പിന്നെ കുട്ടംപേരൂരാറ് വഴിയൊക്കെയുള്ള വള്ളത്തിന്‍റെ യാത്രകള്‍ പൊടുന്നനെ നിലച്ചു. ആറ് പതിയെ പതിയെ ചെറുതാകാന്‍ തുടങ്ങി. കൃഷിയും,” മരണമുഖത്തുനിന്നും തിരിച്ചുവന്ന ഒരു പുഴയുടെ കഥ അദ്ദേഹം പറഞ്ഞു തുടങ്ങുന്നു.


ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാം: പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ആ നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


നാടിന്‍റെ സമൃദ്ധിക്കായി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെട്ടിയുണ്ടാക്കിയതാണ് കുട്ടംപേരൂര്‍ ആറ്.  ആറിന്‍റെ ചരിത്രം തിരുവതാംകൂര്‍ രാജ്യ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടെ കോപം

തിരുവിതാംകൂര്‍ രാജ്യം മാര്‍ത്താണ്ഡ വര്‍മ്മ ഭരിച്ചുകൊണ്ടിരുന്ന കാലം(1729-1758). ഒരിയ്ക്കല്‍ അമ്മ മഹാറാണി വഞ്ചിപ്പുഴ കൊട്ടാരത്തിലേയ്ക്കു പുറപ്പെട്ടു. പല്ലക്കിലാണ് റാണിയുടെ യാത്ര. യാത്രാ മധ്യേ പല്ലക്കിനു നേരേ ആരോ കല്ലെറിഞ്ഞു. സംഭവം മഹാരാജാവറിഞ്ഞു. കല്ലെറിഞ്ഞവരെ ഒരു പാഠം പഠിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചു.

മാര്‍ത്താണ്ഡവര്‍മ്മ. (1729 മുതല്‍ 1758-ല്‍ മരണപ്പെടുന്നതു വരെ തിരുവിതാംകൂര്‍ ഭരിച്ചു.) ഫോട്ടോ: വിക്കിമീഡിയ

നാട്ടുകാരോട് പ്രതികാരം ചെയ്യാന്‍ രാജാവ് അക്കാലത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസായ ഉത്തരപ്പള്ളിയാറ് മണ്ണിട്ട് മൂടിക്കളഞ്ഞെന്നാണ് ചരിത്രം. അച്ചന്‍കോവിലാറില്‍ നിന്നും ഒഴുകിയിരുന്ന ആ പുഴ വെണ്മണി, ആലാ, ചെറിയനാട്, പുലിയൂര്‍, ബുധനൂരു വഴി പാണ്ടനാട്ടു കൂടി പമ്പാ നദിയില്‍ ചെന്നാണ് ചേര്‍ന്നിരുന്നത്. നാടിന്‍റെ ആവശ്യം മുഴുവന്‍ നിറവേറ്റാന്‍ പോന്ന വെള്ളം അതിലുണ്ടായിരുന്നു.

ആറ് മൂടിയതോടെ വെള്ളമില്ലാതെ നാട് വരണ്ടു. കൃഷി നശിച്ചു. ഇതിനു പരിഹാരം തേടി നാട്ടുകാര്‍ ഒത്തുകൂടി. രാജാവ് മൂടിക്കളഞ്ഞ പുഴയ്ക്ക് പകരമായി മറ്റൊരിടത്ത് ആറ് ഉണ്ടാക്കാനായിരുന്നു അവരുടെ തീരുമാനം. അങ്ങനെ ഉത്തരപ്പള്ളിയാറിന്‍റെ നഷ്ട ജീവന്‍ കുട്ടംപേരൂരാറായി  പുനര്‍ജ്ജനിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാട്ടുകാരുടെ കഠിനമായ ശ്രമഫലമായി കുട്ടംപേരൂരാറ് യാഥാര്‍ത്ഥ്യമായി. ചെന്നിത്തല, മാന്നാര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെയാണ് പന്ത്രണ്ടു കിലോമീറ്ററുള്ള അറ് കടന്നുപോകുന്നത്. കിഴക്ക് ബുധനൂരും പടിഞ്ഞാറ് ചെന്നിത്തലയും. ബുധനൂരിന് തെക്കുവശം ഉളുന്തിയില്‍ നിന്നാണ് അച്ചന്‍ കോവിലാറില്‍ നിന്നുള്ള പുഴയുടെ തുടക്കം. പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കലില്‍ വെച്ച് കുട്ടംപേരൂറാറ് പമ്പയില്‍ ലയിക്കുന്നു.

ഇരുതലമൂരിയെപ്പോലെ ഒരു പുഴ

”അച്ചന്‍കോവിലാറ്റില്‍ വെള്ളം കൂടുമ്പോള്‍ കുട്ടംപേരൂരാറു വഴി അത് പമ്പയിലേയ്ക്കും തിരിച്ച് പമ്പയില്‍ വെള്ളം കൂടുമ്പോള്‍ തിരിച്ചുമൊഴുകുകയും ചെയ്യുമായിരുന്നു. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഇരുതലമൂരിയില്ലേ അതുപോലെ. നാട്ടുകാരിതിനെ ഇരുതലമൂരിയെന്നും കായംകുളം വാള്‍ എന്നുമൊക്കെ ഒരുകാലത്ത് വിളിച്ചിരുന്നു,”വിശ്വംഭരണ പണിക്കര്‍ പറയുന്നു.

ഇതൊരു പുഴയായിരുന്നു. പായലും പോളയും കാടും മൂടി ഒഴുക്കിനിലച്ച നിലയില്‍ കുട്ടംപേരൂര്‍ ആറ്

എന്നാല്‍ പിന്നീട് ഒരിക്കല്‍ കൂടി ആറ് ഏതാണ്ട് പൂര്‍ണമായും മൂടിപ്പോയി. ഇത്തവണ, രാജാവല്ല, ജനങ്ങള്‍ തന്നെയായിരുന്നു അതിന് പിന്നില്‍.

കാലം കടന്നു പോയി. നാട്ടുകാരുടെ ജീവനോപാധിയായിരുന്ന പുഴ പതിയെ പതിയെ മരണാസന്നയായി. 70 മുതല്‍ 120 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ആറ് ചുരുങ്ങി തുടങ്ങി. തീരവാസികളില്‍ പലരും ആറ് കൈയ്യേറി കരയാക്കി. ബാക്കിയുള്ള ഭാഗം പോളയും പായലും കൊണ്ട് മൂടി. അങ്ങനെ പുഴ വെറും 20 മീറ്റര്‍ വീതിയിലേക്കു ചുരുങ്ങി..


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


കയ്യേറ്റം മൂലം ആറിന്‍റെ വീതി കാണെക്കാണെ കുറഞ്ഞുവന്നു. ഒപ്പം പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഇടമായത് മാറി. മണ്ണും ചളിയുമടിഞ്ഞ് ഒഴുക്ക് നിലച്ചു. കുളവാഴകള്‍ നിറഞ്ഞ് പുഴയെ ശ്വാസം മുട്ടിച്ചു. അങ്ങനെ കാല്‍ നൂറ്റാണ്ട് കാലം…

Image for representation: Photo. Pixabay.com

“ഒഴുകാനാവാത്ത വിധം നീരൊഴുക്കുനിലച്ചു കഴിഞ്ഞിരുന്നു. കാല്‍ നൂറ്റാണ്ടായി മാലിന്യം നിറഞ്ഞതങ്ങനെ കിടക്കുകയായിരുന്നു. ഒരു കാലത്ത് ഞങ്ങളൊക്കെ നീന്തി തുടിച്ചിരുന്ന ആറാണത്. ബുധനൂരിലെ കര്‍ഷകരുടെ ജീവനാഡിയായിരുന്നു,” അക്കാലമോര്‍ക്കുമ്പോള്‍ പണിക്കര്‍ക്ക് ഇപ്പോഴും വിഷമമാണ്.

നാടും വരളുന്നു

ആറിന്‍റെ ഒഴുക്കു നിലയ്ക്കാന്‍ മറ്റു പല കാരണങ്ങളും ഉണ്ടെങ്കിലും കരിമ്പുകൃഷി ഇല്ലാതായത് ഒരു പ്രധാനകാരണം തന്നെയാണെന്ന് ബുധനൂരുകാര്‍ പറയും.

“അറിയാമോ, ഈ ആറുമായി ബന്ധിച്ചു കിടന്ന നാല്പതോളം കൈത്തോടുകളുണ്ടായിരുന്നു. നെല്പാടങ്ങളില്‍ നിന്നും വാഴത്തോപ്പുകളില്‍ നിന്നുമുള്ള വെള്ളം ഈ തോടുകളിലൂടെ ആറ്റിലേയ്ക്കെത്തിയിരുന്നു. പിന്നെ പിന്നെ ആരും തിരിഞ്ഞു നോക്കാതായതോടെ കൈത്തോടുകളൊക്കെ അടഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ പ്രകൃതി നമുക്ക് തരുന്ന ശിക്ഷ,”ആറിന്‍റെ വീണ്ടെടുപ്പിനെക്കുറിച്ച് പറയുമ്പോള്‍ ഇതൊന്നും പറയാതെ പോകുന്നത് ശരിയല്ലെന്ന് വിശ്വംഭര പണിക്കര്‍.

പിന്നെ, ആറിനു കുറുകെ അശാസ്ത്രീയായി നിര്‍മ്മിക്കപ്പെട്ട പാലങ്ങള്‍. സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിയാണ് ഉളിന്തിപ്പാലവും മടത്തില്‍ക്കടവ് പാലവും എണ്ണയ്ക്കാട് പാലവും നിര്‍മ്മിക്കപ്പെട്ടത്. പാലത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച ഇടത്തൂണുകളില്‍ മണ്ണടിഞ്ഞ് തിട്ടകള്‍ രൂപപ്പെട്ടു. പിന്നെ അവിടെ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു. പിന്നെയെങ്ങനെ പുഴയൊഴുകും? പോരാത്തതിന് തീരത്തു താമസിക്കുന്നവരുടെ കൈയ്യേറ്റവും.

ആറ് മെലിഞ്ഞുമെലിഞ്ഞ് കൈത്തോടായി. കൈതയും പരുത്തിയും ഇരുകരകളിലും (പലപ്പോഴും ജലവഴികളില്‍ തന്നെ) ആര്‍ത്തു കിളിര്‍ത്തിരുന്നു. ഹോട്ടലുകളും പ്രദേശവാസികളും തള്ളുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെയുള്ളവ കുമിഞ്ഞുകൂടി ആറൊരു കുപ്പത്തൊട്ടിയായി മാറിയിരുന്നു. നീരൊഴുക്കു കുറഞ്ഞതും മാലിന്യം നിറഞ്ഞതും പ്രദേശത്തെ വരള്‍ച്ചയിലേയ്ക്കു നയിച്ചു എന്നു പറയുന്നതിലും തെറ്റില്ല.

ഇനിയും നോക്കി നിന്നാല്‍…

“കുട്ടം പേരൂരാറിന്‍റെ ഒഴുക്കുനിന്നതാണ് നാട്ടിലെ വരള്‍ച്ചയുടെ കാരണമെന്ന് കണ്ടെത്താന്‍ ഏറെ താമസമുണ്ടായില്ല,” പണിക്കര്‍ തുടുരന്നു. “ഈ ആറ് എപ്പോള്‍ വേണമെങ്കിലും മരിക്കാം. പുഴയുടെ മരണത്തോടെ ഒരുകാലത്ത് ജലസമൃദ്ധമായ നാടിന്‍റെ മരണം കൂടിയാണ് നടക്കുന്നത്.” ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലെ ബുധനൂരിനും ചെന്നിത്തലയ്ക്കും പിന്നെ ഓട്ടു പാത്രങ്ങളുടെ നാടായ മാന്നാറിനും വറ്റാത്ത ദാഹജലം നല്‍കി ഒഴുകിയിരുന്ന കുട്ടംപേരൂരാറിന്‍റെ ഒഴുക്ക് ക്രമേണയാണ് നിലച്ചത്.

നൂറ്റാണ്ടുകള്‍ക്കിപ്പുറം ആറിന് ജീവന്‍ കൊടുക്കാന്‍ ഒരു തവണ കൂടി ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

“ഇനിയും നോക്കി നിന്നാല്‍ ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം പുഴ നശി്ക്കുമെന്നു തോന്നി. പിന്നെ ഒന്നും നോക്കിയില്ല. ബുധനൂരിന്‍റെ ഹൃദയത്തിലൂടെ പുഴയെ ഒഴുക്കാന്‍ ഞങ്ങള്‍ നാട്ടുകാര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു,” വിശ്വംഭര പണിക്കര്‍ ആ വീണ്ടെടുപ്പിന്‍റെ കഥ കൂടി പറയുന്നു. ബുധനൂരില്‍ ജനിച്ചുജീവിക്കുന്ന അദ്ദേഹത്തിന് പുഴയുടെ മുഴുവന്‍ ചരിത്രവുമറിയാം.
നാടിന്‍റെ ശുദ്ധ ജലസ്രോതസ്സായിരുന്ന പുഴയാണ് ആളുകള്‍ക്ക് ഇറങ്ങി കാലുകഴുകാന്‍ പോലുമാവാത്ത വിധത്തില്‍, ഒഴുക്കില്ലാത്ത വൃത്തികെട്ട ഒരു ചാലായി പതിറ്റാണ്ടുകളോളം കിടന്നത്.

പുഴ നവീകരണം രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ഓരങ്ങളില്‍ മണ്ണ് സംരക്ഷിക്കാന്‍ കയര്‍ഭൂവസ്ത്രം വിരിക്കുന്നു
പുഴ നവീകരണം രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ഓരങ്ങളില്‍ മണ്ണ് സംരക്ഷിക്കാന്‍ കയര്‍ഭൂവസ്ത്രം വിരിച്ചതിന് ശേഷം

“ഇന്നിതാ പെണ്ണിന്‍റെ കരുത്തില്‍ ജലസമൃദ്ധിയുടെ ഭാവിയിലേയ്ക്കതൊഴുകുന്നു. മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച പുഴ തെളിഞ്ഞൊഴുകാന്‍ തുടങ്ങിയിരിക്കുന്നു,” ഇതുപറയുമ്പോള്‍ പണിക്കരുടെ മുഖത്ത് ഒരു ജനതയുടെ മുഴുവന്‍ വിജയവും നമുക്ക് വായിച്ചെടുക്കാം. പണ്ടെങ്ങോ സമൃദ്ധിയുടെ കഥകള്‍ പറഞ്ഞൊഴുകിയിരുന്ന പല പുഴകളും ചരിത്രത്തിലേക്ക് ഒടുങ്ങിയ കാലത്താണ് ബുധനൂരുകാര്‍, പ്രത്യേകിച്ച് ആ നാട്ടിലെ സ്ത്രീകള്‍, ജീവന്‍ പകുത്ത് കുട്ടംപേരൂരാറിന് പുതുജീവന്‍ നല്‍കിയിത്.

വീണ്ടെടുപ്പിന്‍റെ ദിനങ്ങള്‍

”ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ കുട്ടംപേരൂര്‍ ആറിന്‍റെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. 2012 ല്‍ അന്നത്തെ പഞ്ചായത്തു ഭരണ സമിതി ആറ് പുനര്‍നവീകരണത്തിനായി ശ്രമങ്ങള്‍ തുടങ്ങിവെച്ചു. ആദ്യ ഘട്ടത്തില്‍ ചില സര്‍വ്വേയൊക്കെ നടത്തി…,” ബുധനൂര്‍ പഞ്ചായത്തു പ്രസിഡന്‍റ് തുടക്കം മുതല്‍ പറയുന്നു.

പിന്നീട് അന്നത്തെ ഭരണസമിതി മാറി. അങ്ങനെയിരിക്കെയാണ് നാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കനത്ത വരള്‍ച്ച. ശുദ്ധജലം കിട്ടാനില്ല. നാട്ടിലെ കിണറുകളും കുളങ്ങളും ഒരുതുള്ളി ശേഷിക്കാതെ വരണ്ടു കിടപ്പായി. വരള്‍ച്ച കടുത്തതോടെയാണ് അതുവരെ നാടിന് ആറ് നല്‍കിയ ജീവനേക്കുറിച്ച് ജനങ്ങള്‍ ആലോചിച്ചത്. എന്തു ചെയ്യും? പരസ്പരം എല്ലാവരും അതേ ചോദ്യം ആവര്‍ത്തിച്ചു. അതുതന്നെയാണ് കുട്ടംപേരൂരാര്‍ ശുചീകരണം എന്ന ചിന്തയ്ക്ക് കൂടുതല്‍ കരുത്തായത്, വിശ്വംഭര പണിക്കര്‍ തുടര്‍ന്നു .”കൃഷി പൂര്‍ണമായും നശിച്ചു. കന്നുകാലി വളര്‍ത്തലും മീന്‍പിടിത്തവുമെല്ലാം പ്രതിസന്ധിയിലായി. ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥ… ഒരു കാലത്ത് ജലസമൃദ്ധമായ ഇടമാണെന്ന് കൂടിയോര്‍ക്കണം..

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍

“ബുധനൂര്‍ പഞ്ചായത്തു ഭരണസമിതിയും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനമായി. പുഴ ഒഴുകിയേ മതിയാകൂ.

“അങ്ങനെ തൊഴിലുറപ്പു പദ്ധതിയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തി പുഴ വൃത്തിയാക്കുന്നതിനുള്ള നടപടികളാലോചിച്ചു. പദ്ധതി എങ്ങനെയും നടപ്പാക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ വിഷലിപ്തമായ പുഴയിലിറങ്ങാന്‍ വനിതകള്‍ തയ്യാറാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ ആശങ്ക അസ്ഥാനത്താക്കിയാണ് നാടിന്‍റെ രക്ഷകരായി അവരെത്തിയത്,” അദ്ദേഹം പറയുന്നു.

അങ്ങനെ 2016 ഡിസംബര്‍ അവസാനത്തോടെ പുഴ വീണ്ടെടുക്കല്‍ പദ്ധതിയ്ക്കു തുടക്കമായി. രാഷ്ട്രീയത്തിനതീതമായി പഞ്ചായത്തു സമതി അംഗങ്ങള്‍ ഒരുമിച്ചു നിന്നു.

കരിമൂര്‍ഖനും ഇഴജന്തുക്കളും

പുഴയുടെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ ജെ സി ബി അടക്കമുള്ള യന്ത്രങ്ങളൊന്നും ഉപയോഗിക്കാതെയായിരുന്നു ശൂചീകരണം. അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു.

“ഇത്രയും അഴുക്കു നിറഞ്ഞ പുഴയല്ലേ. പാന്‍റ്സും ഷര്‍ട്ടുമൊക്കെ ധരിച്ചായിരുന്നു സ്ത്രീകളെത്തിയത്. വൃത്തിയാക്കലിനിടയില്‍ ഞങ്ങളെ കാത്തിരുന്നത് കരിമൂര്‍ഖനുള്‍പ്പടെയുള്ള ഇഴ ജന്തുക്കള്‍. പക്ഷെ പുരുഷന്‍മാരേക്കാള്‍ ഒരു നാടിന്‍റെ അതിജീവനത്തിന് കരുത്തോടെ പ്രവര്‍ത്തിച്ചത് ഈ സ്ത്രീകള്‍ തന്നെയായിരുന്നു. ഒരു പക്ഷെ വരും തലമുറയുടെ ആരോഗ്യത്തിന് പുഴ ഇനിയുമൊഴുകണമെന്ന് അവര്‍ അത്രയധികം ആഗ്രഹിച്ചിരിക്കണം,” വിശ്വംഭര പണിക്കര്‍ പറയുന്നു.

ആറ് നവീകരിക്കണത്തിന് ഫണ്ട് കണ്ടെത്തണം… ഒരു നാടിനെ കാക്കാനുള്ള തീവ്രയത്നത്തില്‍ രാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ചു നിന്നു. എഴുനൂറിലധികം സ്ത്രീകള്‍ നാട്ടുകാരുടെ സഹകരണത്തോടെ വെറും അറുപതു ദിവസം കൊണ്ട് നിലച്ചു പോയ പുഴയെ ഒഴുക്കി. അവരുടെ മുപ്പതിനായിരം തൊഴില്‍ ദിനങ്ങളാണ് പുഴയൊഴുക്കാനായി മാറ്റി വെച്ചത്.

മലിനമായ വെള്ളത്തില്‍ ഇറങ്ങിയതിനാല്‍ പലര്‍ക്കും അസുഖങ്ങള്‍ പിടിപെട്ടു. ചിലര്‍ക്ക് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടായി. എന്നിട്ടും പിന്മാറാതെ അവര്‍ പോരാടി. അസുഖങ്ങള്‍ വന്നവര്‍ അതുഭേദമായപ്പോള്‍ പുഴശുചീകരണ യത്നത്തിലേക്ക് തിരികെയെത്തി.

(ശുചീകരണ യജ്ഞങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ആരോഗ്യവും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവുന്നവര്‍ അണുബാധയുണ്ടാവാതിരിക്കാനുമുള്ള ആവശ്യമായ മുന്‍കരുതലുകള്‍ ഏടുക്കേണ്ടതാണ്. ഈയിടെ അഞ്ചലിനടുത്ത് ആര്‍ച്ചല്‍ ഗ്രാമത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ചേര്‍ന്ന് നാട്ടിലെ വെള്ളച്ചാട്ടം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. പതിനഞ്ച് ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് വെള്ളച്ചാട്ടത്തിനടുത്തുനിന്നും അവര്‍ ശേഖരിച്ചത്. എല്ലാവരും തന്നെ കൈയ്യുറകളും മാസ്‌കും ധരിച്ച് അണുബാധയേല്‍ക്കാതിരിക്കാനുള്ള വേണ്ടത്ര മുന്‍കരുതല്‍ എടുത്തിരുന്നു. ( വാര്‍ത്ത വായിക്കാം ഇവിടെ) ഈ മാതൃക എല്ലാ സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും സ്വീകരിക്കുമെന്ന് ദ് ബെറ്റര്‍ ഇന്‍ഡ്യ പ്രതീക്ഷിക്കുന്നു.)

“പായലും പോളയും നിറഞ്ഞ ആറ്റില്‍ കുടിയേറിപ്പാര്‍ത്തിരുന്ന കരിമൂര്‍ഖന്‍ ഉള്‍പ്പടെയുള്ള വിഷ ജന്തുക്കളായിരുന്ന മറ്റൊരു പ്രശ്നം. വിഷ ജന്തുക്കളെ പായിക്കാന്‍ മണ്ണെണ്ണയേയാണ് ആശ്രയിച്ചത്. ഓരോ ദിവസവും ശുചിയാക്കാന്‍ ഉദ്ദേശിക്കുന്ന പുഴയുടെ ഭാഗങ്ങളില്‍ ആദ്യം മണ്ണെണ്ണ തളിയ്ക്കും. അങ്ങനെ ഒരു പരിധിവരെ ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കും. പിന്നെ ആ സ്ഥലത്തെ പണി പൂര്‍ണമായും തീര്‍ത്ത ശേഷമേ അവര്‍ വിശ്രമിക്കാറുള്ളു. അത്രയും കരുത്തോടെയാണ് ആ സ്ത്രീകള്‍ ഈ പുഴ യജ്ഞത്തില്‍ പങ്കാളികളായത്,” യജ്ഞത്തിന് മേല്‍നോട്ടം വഹിച്ചവരുടെ വാക്കുകളാണിത്.

ആദ്യഘട്ടത്തില്‍ ജെ സി ബി ഉപയോഗിച്ചിരുന്നില്ല. രണ്ടാംഘട്ടത്തില്‍ യന്ത്രങ്ങള്‍ കൂടി ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍

”വെല്ലുവിളികള്‍ നേരിടാന്‍ സ്ത്രീകള്‍ കാണിച്ച മനക്കരുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന്,”പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പുഷ്പലതാ മധു പറയുന്നു.

”എല്ലാ പ്രതിസന്ധിയെയും അവഗണിച്ച് ആ സ്ത്രീ തൊഴിലാളികള്‍ നടത്തിയ പോരാട്ടം തന്നെയായിരുന്നു അത്. അത്തരമൊരു തീവ്രയത്നമില്ലായിരുന്നെങ്കില്‍ ഈ പുഴ ഇതിനകം ഇല്ലാതായേനെ,” വിശ്വംഭര പണിക്കര്‍ ഇതു പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. “അതു പോട്ടെ, ഒരുകാലത്ത് നാടിന്‍റെ ജലസ്രോതസ്സായിരുന്ന ആറ്റിലിറങ്ങി ഒന്ന് കാലു കഴുകാന്‍ പോലും കുറച്ചു കാലങ്ങളായി ആളുകള്‍ മടിച്ചിരുന്നു. അവിടെയാണ് ആറ്റില്‍ നീരൊഴുക്കാന്‍ കരുത്തോടെ സ്ത്രീകള്‍ ഇറങ്ങിത്തിരിച്ചത്,” പണിക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം:കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്


പുഴ പൂര്‍ണമായും മരിക്കാതിരുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി പുഴയ്ക്ക് ജീവനൊരുക്കിയിരുന്നത് ആണ്ടിലൊരിക്കല്‍ ആറന്‍മുള വള്ളംകളിയ്ക്ക് ഈ വഴി കടന്നു പോകുന്ന ചെന്നിത്തല പള്ളിയോടമായിരുന്നു. ഒരിക്കലല്ല പല തവണ പള്ളിയോടം ആറ്റില്‍ പുതഞ്ഞുപോയി. ഒഴുക്കില്ലാത്ത പുഴയിലൂടെ ജലസേചന വകുപ്പിന്‍റെയും പൊതുമരാമത്തു വകുപ്പിന്‍റെയുമൊക്കെ സഹായത്തോടെ ഊരു ചുറ്റു വള്ളം കെട്ടിവലിച്ചു കൊണ്ടു പോകുമായിരുന്നു. ഒരു പക്ഷെ പുഴ ജീവനോടെയിരിക്കാന്‍ നാടിന്‍റെ ഈ സംസ്‌ക്കാരം ഒരു പരിധിവരെയെങ്കിലും സഹായിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.

മീനുകള്‍ തിരിച്ചുവരുന്നു

ആറ് വീണ്ടും ഒഴുകാന്‍ തുടങ്ങിയതോടെ കൃഷിക്ക് ജീവന്‍ വെച്ചു തുടങ്ങിയിട്ടുണ്ട്.

വീണ്ടും പുഴയൊഴുക്കാന്‍ ചെലവായത് ഏതാണ്ട് ഒരുകോടിയോളം രൂപ. ഏതാണ്ട് അറുപതു ദിവസം കൊണ്ട് പുഴയുടെ ആദ്യഘട്ട ശുചീകരണയത്നം പൂര്‍ത്തിയായി. പുഴ വീണ്ടും ഒഴുകി തുടങ്ങിയതോടെ മീനുകള്‍ തിരിച്ചുവരാന്‍ തുടങ്ങി.
ഇതോടെ കുട്ടംപേരൂരാറില്‍ മീന്‍ പിടിച്ച് ജീവിച്ചിരുന്ന ബുധനൂരിലെയും അടുത്തുള്ള പഞ്ചായത്തുകളിലെയും അറുനൂറോളം മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ പലരും വീണ്ടും മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
ആറിന്‍റെ ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയായതോടെ ഇരുകരകളിലും നെല്‍കൃഷിയും പച്ചക്കറി കൃഷിയുമൊക്കെ വീണ്ടും സജീവമായി.

മാത്രമല്ല ആറിന്‍റെ പൂര്‍ണ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്താനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ബോട്ടിംഗ്, വഞ്ചിവീട്, റിസോര്‍ട്ട്, ആറിന്‍റെ കരകളില്‍ ചെറുവിനോദങ്ങള്‍ക്കുള്ള പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുമൊക്കെയാണ് പരിപാടി.

വീണ്ടെടുത്ത പുഴയിലൂടെ ഒരു വഞ്ചിയാത്ര… മന്ത്രി ജി സുധാകരനും ജനപ്രതിനിധികളും

രണ്ടാം ഘട്ട നവീകരണങ്ങളുടെ ഭാഗമായി ഇരുകരകളിലും കയര്‍ ഭൂവസ്ത്രം വിരിച്ച് മണ്ണിടിയാതെ നോക്കാനും, തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ചെളികോരി നിറച്ച പുഴയുടെ ഇരുകരകളിലുമായി കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ അയ്യായിരം വൃക്ഷത്തൈകളാണ് വെച്ചുപിടിപ്പിച്ചത്. തീരം ജൈവസങ്കേതമാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് കരകളില്‍ ഔഷധച്ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കാം: ‘മൂന്ന് പശുക്കളുണ്ട്, കറക്കുന്നത് ഞാന്‍ തന്നെ’: എന്‍ഡോസള്‍ഫാന്‍ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഡോക്ടറുടെ ജീവിതം


ആദ്യ ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളില്‍ ജെ സി ബി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ തീരം വികസിപ്പിക്കാനൊക്കെ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചിരുന്നു. കുട്ടംപേരൂര്‍ ആറിന് ഇപ്പോഴും പഴയ പ്രതാപം അവകാശപ്പെടാനാവില്ല. എങ്കിലും സ്ത്രീ കൂട്ടായ്മയുടെ കരുത്തില്‍ ആറ് തടസ്സങ്ങളില്ലാതെ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു.

ഒഴുക്കവസാനിപ്പിച്ച കിള്ളിയാറും വരട്ടാറും ഉത്തരപ്പള്ളിയാറുമുള്‍പ്പടെയുള്ള പല നദികളും വീണ്ടെടുത്ത് ഭാവിയുടെ സമൃദ്ധിയിലേക്കൊഴുക്കാന്‍ കുട്ടംപേരൂര്‍ മാതൃകയില്‍ അണിയറയില്‍ പദ്ധതികള്‍ ഒരുങ്ങുകയാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം