‘അര്‍ച്ചനയ്‌ക്കൊരു കൂട്ട് വേണം.’ മൂന്ന് വര്‍ഷം മുമ്പൊരു ജൂണിലെ പത്രവാര്‍ത്തയാണിത്.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കരയില്‍ ചെങ്കല്ലു നിറഞ്ഞ കുന്നിന്‍ ചെരിവിലെ ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂള്‍. അന്നാട്ടിലെ അധികം പേരും കൂലിപ്പണിക്കാരും തൊഴിലുറപ്പുതൊഴിലാളികളുമൊക്കെയാണ്. ഇന്നും കേരളത്തില്‍ അവശേഷിക്കുന്ന ഗ്രാമങ്ങളിലൊന്ന്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
2016-ല്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ ഒന്നാംക്ലാസ്സില്‍ അര്‍ച്ചന ചന്ദ്രന്‍ എന്ന കുട്ടി മാത്രം. അവള്‍ക്ക് കൂട്ട് ക്ലാസ് ടീച്ചര്‍ മഞ്ജുള മാത്രം.
മൊത്തം സ്‌കൂളിന്‍റെ അവസ്ഥയും മെച്ചമൊന്നുമായിരുന്നില്ല. നാലാംക്ലാസ് വരെ ആകെ 15 കുട്ടികള്‍.
അന്നാണ് ആ വാര്‍ത്ത വന്നത്. രണ്ടാം ക്ലാസ്സിലെത്തിയപ്പോഴാണ് അര്‍ച്ചനയ്‌ക്കൊരു കൂട്ട് എത്തിയത്. വേറെ സ്‌കൂളില്‍ നിന്ന് ടി സി വാങ്ങി വന്ന ആദിത്യന്‍. അങ്ങനെ രണ്ടാം ക്ലാസ്സില്‍ രണ്ടുപേരായി.
ഇങ്ങനെ പോയാല്‍ സ്‌കൂള്‍ പിള്ളേരില്ലാതെ അടച്ചുപൂട്ടേണ്ടി വരുമെന്ന അവസ്ഥ.
എന്നിട്ടും ഈ വര്‍ഷം തുടക്കത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനായ പ്രദീപ് കുമാറും കെ സവിതയും മകന്‍ ഷയറി എസ് ദീപിനെ ഈ സ്‌കൂളിലേ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കൂ എന്ന് നിര്‍ബന്ധം പിടിച്ചു. ആറ് കിലോമീറ്റര്‍ ദൂരമുണ്ട് ഷയറിയുടെ വീടിരിക്കുന്ന മുഴക്കോത്തു നിന്നും സ്‌കൂളിലേക്ക്. അപ്പോഴാണ് ഒരു പ്രശ്‌നം. ഷയറിയെ കൊണ്ടുവരാന്‍ വേണ്ടി മാത്രം സ്‌കൂള്‍ ബസ് മൂന്ന് കിലോമീറ്ററിലധികം കൂടുതല്‍ സഞ്ചരിക്കണം.
ഷയറിയെ ചെറിയാക്കര സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആ ബുദ്ധിമുട്ട് സഹിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറായിരുന്നു.
അച്ഛനമ്മമാര്‍ അതിനും പരിഹാരം നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ ബസ് എത്തുന്ന കയ്യൂര്‍ ജങ്ഷനില്‍ (വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് കയ്യൂര്‍ ജംങ്ഷനിലേക്ക്.) മകനെ കൊണ്ടുവിടാന്‍ അവര്‍ തയ്യാറായി. ഷയറിയെ ചെറിയാക്കര സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആ ബുദ്ധിമുട്ട് സഹിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറായിരുന്നു. കാരണം മകന്‍ സന്തോഷത്തോടെ സ്‌കൂളില്‍ പോകണമെന്നും ചിരിച്ചുകൊണ്ടുതന്നെ തിരിച്ചുവരണമെന്നും അവര്‍ അതിയായി ആഗ്രഹിച്ചു.
ഒന്നാംക്ലാസ്സില്‍ കൂട്ടിനൊരു കുട്ടിപോലുമില്ലാതെ അര്‍ച്ചന ഒറ്റയ്ക്കിരുന്ന ആ സ്‌കൂളിനെ ഇന്ന് കേരളത്തിലെ ഏറ്റവും സന്തോഷമുള്ള സ്‌കൂള്‍ എന്നാണ് ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് വിശേഷിപ്പിച്ചത്. വെറും 75 ദിവസം കൊണ്ടായിരുന്നു ആ മാറ്റം!
ആ നല്ല മാറ്റത്തിന് പിന്നിലൊരു നാടിന്‍റെ മുഴുവന്‍ പിന്തുണയും അധ്വാനവുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീയിലെ അമ്മമാരും അവര്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് മനസ്സറിഞ്ഞ് കൊടുത്ത ചെറിയ വലിയ തുകയുടെ പിന്തുണയുണ്ട്, ഒപ്പം സ്‌കൂളിലെ അധ്യാപകരുടെ നല്ല മനസ്സും.
ഇതുകൂടി വായിക്കാം: വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു, അത് സംരക്ഷിക്കാന്‍ ഒരുമിച്ചു
ബ്ലോക്ക് റിസോഴ്‌സസ് സെന്‍ററില്‍ ജോലി ചെയ്തിരുന്ന എം.മഹേഷ് കുമാര്‍ എന്ന അധ്യാപകന്‍ ഈ സ്കൂളിലെ അധ്യാപകനായി ചുമതലയേറ്റതോടെയാണ് സ്‌കൂളിന്‍റെ മാറ്റത്തിന് തുടക്കമിട്ടതെന്ന് നാട്ടുകാരും പി ടി എ ഭാരവാഹികളും പറയുന്നു. ഉത്സവത്തിനും കല്യാണത്തിനും ബന്ധുവീടുകളിലുമൊക്കെ പോകുന്ന അതേ സന്തോഷത്തോടെ സ്‌കൂളില്‍ വരികയും പോവുകയും ചെയ്യണം എന്ന ആശയം നടപ്പിലാക്കാന്‍ 75 ഇന പരിപാടികള്‍ പി ടി എയുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്‌കൂള്‍ ചെയ്തത്.
2018 ഒക്‌ടോബര്‍ 28 ന് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും വലിയൊരു യോഗം വിളിച്ചു ചേര്‍ക്കുകയും നവംബര്‍ 1 മുതല്‍ അക്കാദമിക് നിലവാരവും സ്‌കൂള്‍ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ എഴുപത്തിയഞ്ച് ദിവസക്കാലാവധി നിശ്ചയിച്ച് കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. 21 ഏരിയകളായി തിരിക്കുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ ഏരിയക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്തു,ഫെബ്രുവരി മാസമായപ്പോഴേക്കും ഇതില്‍ 80 ശതമാനവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഈ ഗ്രാമീണ സ്കൂള്‍ നിലനില്‍ക്കേണ്ടത് ഗ്രാമത്തിന്‍റെ ആവശ്യമായി ജനങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടു, മഹേഷ് കുമാര്‍ പറയുന്നു.
സ്‌കൂളിനായി എന്തും ചെയ്യാന്‍ ഗ്രാമത്തിലെ മനുഷ്യര്‍ തയ്യാറായി. പക്ഷേ, അതുകൊണ്ടുമാത്രം ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടക്കില്ല. മഹേഷ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടി.
ഫേസ്ബുക്ക് കൂട്ടായ്മകള്‍ സാമ്പത്തികമായും സാങ്കേതികമായും സഹായങ്ങളുമായി മഹേഷ് മാഷിനൊപ്പം നിന്നു. ചെങ്കല്‍ പാറയാല്‍ പരന്നു കിടക്കുന്ന കയ്യൂര്‍ പ്രദേശത്തെ കുന്നിന്‍ ചെരുവിലാണ് ചെറിയാക്കര സ്കൂള്‍. സ്കൂളിന്‍റെ സൗകര്യം മെച്ചപ്പെടുത്താന്‍ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ പോലും അയ്യായിരം രൂപയില്‍ കുറയാത്ത തുക സംഭാവനയായി നല്‍കി. 59 പേരില്‍ നിന്ന് 6 ലക്ഷം രൂപയും 9 കുടുംബശ്രീകളില്‍ നിന്ന് 55,000 രൂപയും പിരിഞ്ഞുകിട്ടി.
അങ്ങനെ സ്‌കൂളിന്‍റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി 7.84 ലക്ഷം രൂപയാണ് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞു കിട്ടിയത്. ഇതില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേതാണ് 2.34 ലക്ഷം രൂപ. സ്‌കൂളിനടുത്ത് ചെറിയൊരു ചായക്കട നടത്തുന്ന ബാലചന്ദ്രന്‍റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു. അവരെല്ലാം ചേര്‍ന്ന് സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങാന്‍ പണം മുടക്കി.
ഇന്ന് സ്കൂളിന് മുന്‍പില്‍ ഒരു ചെറിയ പാര്‍ക്കുണ്ട്. അതില്‍ ഒരു കുഞ്ഞ് ജലാശയം, കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍.. കുന്നിന്‍ ചെരുവ് കുറച്ച് നിരപ്പാക്കിയെടുത്ത് കളിസ്ഥലവും ഒരുക്കി.
സ്കൂളിന് മുന്‍ഭാഗത്ത് നിര്‍മ്മിച്ച തുറന്ന ഓഡിറ്റോറിയത്തിനും പ്രത്യേകതയുണ്ട്. പാഷന്‍ ഫ്രൂട്ട് വള്ളികള്‍ കൊണ്ടുള്ള മേല്‍ക്കൂരയാണ് ഈ ഓഡിറ്റോറിയത്തിനുള്ളത്. ഇവിടെ 200 പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാനുള്ള സൗകര്യമുണ്ട്.
അവധി ദിവസങ്ങളിലും വെക്കേഷന്‍ കാലത്തും സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളുടെ മുഖത്ത് നിറഞ്ഞ ചിരി. അതുകാണുമ്പോള്‍ നാട്ടുകാര്‍ക്ക് വലിയ സന്തോഷം. സ്കൂള്‍ മുറ്റത്ത് പാര്‍ക്കിലേക്കുള്ള വഴിയില്‍ കുട്ടികളുടെ കളിവണ്ടി വരുമ്പോള്‍ പച്ചയും ചുവപ്പും സിഗ്നലുകള്‍ കാണിക്കും. ഇത് കുട്ടികള്‍ക്ക് ചെറുപ്പത്തിലേ ട്രാഫിക് അവബോധം ഉണ്ടാക്കാനാണ്.
‘ഈ പുത്തന്‍ സ്‌കൂള്‍ എനിക്ക വലിയ ഇഷ്ടമാണ്,’ ഇതുംപറഞ്ഞ് അര്‍ച്ചന കളിക്കാന്‍ പാര്‍ക്കിലേക്ക് ഓടിപ്പോയി. അന്ന് ഒന്നാംക്ലാസ്സില്‍ ഒറ്റയ്ക്കിരുന്ന് പഠിച്ച അര്‍ച്ചന ഇന്ന് നാലാംക്ലാസ്സിലെത്തി.
അര്‍ച്ചനയുടെ മാതാപിതാക്കള്‍ ഈ ഗ്രാമീണ വിദ്യാലയത്തിലും അവിടുത്തെ അധ്യാപകരിലും അര്‍പ്പിച്ച വലിയ വിശ്വാസം കൂടിയുണ്ട് ഈ സ്‌കൂളിന്‍റെ മാറ്റത്തിന് പിന്നില്‍, മഹേഷ് മാഷ് പറഞ്ഞു.
അന്ന് സ്കൂളില്‍ ആകെയുണ്ടായിരുന്നത് 15 കുട്ടികളാണ്. ഇപ്പോള്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസ്സില്‍ 33 കുട്ടികളുണ്ട്. പ്രീ-പ്രൈമറിയിലെ പതിനഞ്ച് കുട്ടികളടക്കം 48 വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്ക് കുടയും ബാഗും പുസ്തകങ്ങളുമെല്ലാം സൗജന്യമാണ്. സ്‌കൂള്‍ വാനും ഫീസ് നല്‍കേണ്ടതില്ല. കുട്ടികള്‍ക്കുള്ള കുടകള്‍ മദര്‍ പി ടി എ ആണ് നിര്‍മ്മിച്ച് നല്‍കുന്നത്. സ്കൂളില്‍ നടത്തിയ കുട നിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുത്ത് ഉണ്ടാക്കിയ കുടകള്‍ വിറ്റ് കിട്ടിയ പതിനായിരം രൂപ ഇവര്‍ സ്‌കൂള്‍ പിടിഎ ഫണ്ടിലേക്ക് നല്‍കുകയായിരുന്നു.
ചെറിയാക്കര സ്‌കൂളില്‍ നിന്ന് രണ്ട് ചെറുചിത്രങ്ങള്‍ ഒരുങ്ങുകയാണിപ്പോള്‍. മാലിന്യസംസ്‌കരണം സംബന്ധിച്ചാണത്. സിനിമ നിര്‍മ്മിക്കുന്ന വിവരം അറിഞ്ഞ് പാട്ടെഴുതാനും ആലപിക്കാനും സന്നദ്ധരായി പലരും മുന്നോട്ട് വന്നതായി മഹേഷ് മാഷ് പറഞ്ഞു. ഇതിന്‍റെ പാട്ടുകള്‍ റിലീസ് ചെയ്തു കഴിഞ്ഞു.
തിരുവനന്തപുരം വിതുര സ്വദേശിനി ആര്‍ ഇന്ദുലേഖയാണ് പാട്ടെഴുതിയത്. ശിവരാജന്‍, രതീഷ് റോയ്, എ ടി അബു എന്നിവര്‍ സംഗീതം നിര്‍വ്വഹിച്ചു. സി ഡിറ്റാണ് സിനിമ നിര്‍മ്മിക്കുന്നത്. സ്കൂളിലെ എല്ലാ കുട്ടികളും തെരഞ്ഞെടുത്ത ചില രക്ഷിതാക്കളുമാണ് അഭിനേതാക്കള്‍. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വിനോദാണ് സിനിമയ്ക്കായി ഇരുപതിനായിരം രൂപ അയച്ചുകൊടുത്തത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റ് ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ച വലിയ സഹായങ്ങളെക്കുറിച്ച് മഹേഷ് കുമാര്‍:
സാമൂഹ്യ മാധ്യമ കൂട്ടായ്മകളും തീവണ്ടി യാത്രയിലെ കൂട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നാട്ടുകാരും കേരളത്തിലെ ഏറ്റവും സന്തോഷകരമായ സ്കൂള്‍ എന്ന ആശയത്തിന് ഒപ്പം നില്‍ക്കുന്നുണ്ട്. ഇത് ഏറെ പ്രചോദനം നല്‍കുന്നുമുണ്ട്. 21 പേര്‍ ചേര്‍ന്ന് 1.8 ലക്ഷം രൂപ സമാഹരിച്ച് കൈത്താങ്ങ് എന്ന പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. ഈ പണം സ്‌കൂള്‍ വാനിന്‍റെ ചിലവിന് വിനിയോഗിക്കുന്നു. തൊടുപുഴയിലെ എന്‍ എസ് എസ് എല്‍ പി സ്കൂള്‍ കാപ്പു വികസിപ്പിച്ചെടുത്ത പുതിയ ആപ്പിന്‍റെ സാങ്കേതിക വിജ്ഞാനം കൈമാറാമെന്ന് ഹെഡ്മാസ്റ്റര്‍ വിധു പി നായര്‍ ഞങ്ങള്‍ക്ക് വാക്കുതന്നിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ രക്ഷിതാക്കളുടേയും ഫോണുകളില്‍ ആപ്പ് ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ ഓരോ ദിവസത്തെ പഠനപുരോഗതിയും മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയും. സ്കൂള്‍ വാന്‍ എവിടെയെത്തിയെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.
75 ദിവസം കൊണ്ട് ഈ സ്കൂളില്‍ സംഭവിച്ചത്: മഹേഷ് മാഷ് പറയുന്നു:
രാവിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തോടെയാണ് ക്ലാസ്സ് ആരംഭിക്കുക. തീയേറ്റര്‍ ക്ലാസ്സോടുകൂടി സമാപിക്കുന്നു. പരീക്ഷ കംപ്യൂട്ടറില്‍ എഴുതുന്ന രീതിയാണ് നടപ്പിലാക്കുക. സ്‌കൂളിന് സ്വന്തമായി വെബ്‌സൈറ്റും തുടങ്ങുന്നുണ്ട്, അദ്ദേഹം അറിയിച്ചു.
നന്മ വിദ്യാലയം, നല്ല പഠനം എന്ന ബോര്‍ഡ് ആണ് സ്കൂളിന് മുന്നിലുള്ള പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ കുട്ടിയുടേയും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും ഏറ്റവും സന്തോഷമുണ്ടാക്കുന്നതുമായ ബാല്യം സമ്മാനിക്കുകയാണ് സ്കൂളിന്‍റെ ലക്ഷ്യം എന്ന് മഹേഷ് മാഷ് പറയുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ അതിനൊപ്പം നില്‍ക്കുന്നു.
സ്‌കൂളിന്‍റെ മാറ്റം നാടിനു തന്നെ പുതിയ ആവേശമായിട്ടുണ്ടെന്ന് മദര്‍ പി ടി എ പ്രസിഡന്‍റ് ഓമന പറയുന്നു. വീട്ടമ്മമാര്‍ക്ക് കുടനിര്‍മ്മാണത്തിനും സോപ്പുനിര്‍മ്മാണത്തിനും പരിശീലനം നല്‍കി അമ്മമാരെ സ്‌കൂളുമായി കൂടുതല്‍ അടുപ്പിക്കുകയാണ്. വളരെ ദൂരെ ദൂരമായി മാത്രം വീടുകള്‍ ഉള്ള ഈ പ്രദേശത്ത് ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതുകൂടി വായിക്കാം: ‘എനിക്ക് മഴ നനയാന്‍ ഇഷ്ടാണല്ലോ, അതോണ്ട് ഞാന്‍ തന്നെ കുടയായി’: അക്കുവിന്‍റെയും ചക്കുവിന്‍റെയും വിശേഷങ്ങള്‍
മഹേഷ് മാഷുടെ ദീര്‍ഘവീക്ഷണമാണ് ചെറിയാക്കരയേയും ചെറിയാക്കര എ എല്‍ പി സ്കൂളിനേയും ഇന്നത്തെ സ്ഥിതിയിലേക്ക് ഉയര്‍ത്തിയതെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കമ്മറ്റിയുടെ കണ്‍വീനര്‍ പി.ബാലചന്ദ്രന്‍ പറഞ്ഞു.
‘മൂന്നു വര്‍ഷം മുമ്പ് ഒരു കുട്ടി മാത്രം ഒന്നാംക്ലാസ്സില്‍ പ്രവേശനം നേടിയ ചെറുവത്തൂര്‍ ഉപജില്ലയിലെ ഈ സ്കൂളിന് എന്നു താഴുവീഴും എന്ന കാര്യമാണ് ചര്‍ച്ച ചെയ്തിരുന്നത്. 15-ല്‍ നിന്നും 48 കുട്ടികളിലേക്കെത്തിയ സ്കൂളിന്‍റെ വിജയകഥയാണ് ഇന്ന് എല്ലാവര്‍ക്കും പറയാനുള്ളത്.
അവധി ദിവസങ്ങളിലും വെക്കേഷനിലും സ്കൂളില്‍ ഓടിയെത്തുന്ന കുട്ടികള്‍ ഇത് സന്തോഷത്തിന്‍റെ തിരുമുറ്റമായാണ് കാണുന്നത്. അവധി ദിവസങ്ങളില്‍ പോലും കര്‍മ്മനിരതരായി അധ്യാപകരുമുണ്ടാവും.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.