“കടല്‍ എന്‍റെ വീടാണ്. നിങ്ങടെ വീട്ടില്‍ എല്ലാവരും ചവറുകൊണ്ടിട്ട് ശ്വാസം മുട്ടിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും? അതുപോലെ തന്നെയല്ലേ കടലിലെ മീനുകള്‍ക്കും ജീവികള്‍ക്കുമൊക്കെ തോന്നുക,” 30-കാരനായ കെ വി പ്രിയേഷ് ചോദിക്കുന്നു.
“എല്ലാവരും വിചാരിക്കുന്നത് കടല്‍ത്തീരത്താണ് ഏറ്റവും കൂടുതല്‍ ചവറ് കൊണ്ടുതള്ളുന്നതെന്നാ. കടലിനുള്ളില്‍ പോകുമ്പോഴറിയാം അതിന്‍റെ ഭീകരത… മാലിന്യക്കൂമ്പാരമാണ് അടിത്തട്ടില്‍. ടൂറിസ്റ്റുകളും ക്രൂസ് ഷിപ്പുകളില്‍ യാത്ര ചെയ്യുന്നവരും മാത്രമൊന്നുമല്ല, ഞങ്ങള്‍ മീന്‍പിടുത്തക്കാരും വലിയൊരു പരിധിവരെ അതിന് കാരണക്കാരാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കടലില്‍ ഉപേക്ഷിച്ചാണ് കയറിപ്പോരുന്നത്,” എന്നൊരു സ്വയം കുറ്റപ്പെടുത്തലുമുണ്ട് ഒപ്പം.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
“ഞാനത്ര പഠിച്ചിട്ടൊന്നുമില്ല,” കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ പ്രിയേഷ് പറയുന്നു. “വീട്ടിലെ ബുദ്ധിമുട്ട് കാരണം പത്താംക്ലാസ്സിന് ശേഷം പഠിച്ചില്ല.”
പക്ഷേ, വായിച്ചറിഞ്ഞും, നേരിട്ട് കണ്ടും പ്ലാസ്റ്റികും മാലിന്യങ്ങള്‍ കരയിലും കടലിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കുറെ മനസ്സിലാക്കിയിരുന്നു, ആ ചെറുപ്പക്കാരന്‍.
പക്ഷേ, മീന്‍പിടിക്കാന്‍ പുറംകടലിലേക്ക് പോകുമ്പോഴാണ് കടലില്‍ത്തള്ളുന്ന മാലിന്യത്തിന്‍റെ ശരിക്കുമുള്ള കുഴപ്പം മനസ്സിലായത്. കടലിലെ മാലിന്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും കണ്ടു. കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ അകത്ത് കിലോക്കണക്കിന് പ്ലാസ്റ്റിക്…വേദനിപ്പിക്കുന്ന ആ കാഴ്ച നമ്മളില്‍ പലരും കണ്ടുകാണും. (കാണാത്തവര്‍ക്ക് ഈ ലിങ്ക് നോക്കാം.)
കടല്‍പ്പക്ഷികളില്‍ പകുതിയിലേറെയും (60%) ശരീരത്തില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പേറുന്നുണ്ട്. ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് കഴിക്കുന്നതുകൊണ്ട് മുഴുവന്‍ കടലാമകളുടെ ഉള്ളിലും പ്ലാസ്റ്റിക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കടല്‍മീനുകളിലും മറ്റ് ജീവജാലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത് പല ജീവികളേയും വംശനാശത്തിലേക്കെത്തിച്ചുകൊണ്ടിരിക്കുന്നു.
150 ദശലക്ഷം പ്ലാസ്റ്റിക് ഇപ്പോള്‍ത്തന്നെ കടലിലുണ്ട്…ഇതിന് പുറമെ, ഓരോ വര്‍ഷവും 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. (Source: Ocean Conservancy)
ഇതെല്ലാം കണ്ട് പ്രിയേഷ് മനസ്സിലുറപ്പിച്ചു, മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെങ്കിലും പരമാവധി തീരത്തെത്തിക്കണമെന്ന്.
കടലില്‍ ഓരോ ദിവസവും ചെന്നുചേരുന്ന പ്ലാസ്റ്റിക്കിന്‍റെ കണക്കെടുത്താല്‍ ഒരാളെക്കൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നത് എത്രമാത്രം ചെറിയ അളവായിരിക്കുമെന്ന് ആലോചിച്ചാലറിയാം. പക്ഷേ, പ്രിയേഷ് അതിനെപ്പറ്റിയൊന്നും വേവലാതിപ്പെട്ടില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്തല്ലേ പറ്റൂ. തന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.
“കടലില്‍ പോയി വരുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യവും കൊണ്ടുവരുന്നത് കണ്ട് പലരും കളിയാക്കാറുണ്ട്, ഭ്രാന്തനെന്ന് വിളിക്കാറുണ്ട്…,” പ്രിയേഷ് പറഞ്ഞു. എന്നാല്‍ ആ ‘ട്രോളു’കളൊന്നും ആ ചെറുപ്പക്കാരന്‍ കാര്യമാക്കിയില്ല. മാത്രമല്ല, ആവുന്നത്രയും മാലിന്യം കടലില്‍ നിന്നും പുറത്തെത്തിക്കുന്നത് സ്ഥിരമാക്കുകയും ചെയ്തു.
“ഞാന്‍ ചെയ്യുന്നത് കണ്ട് ഒരാളെങ്കിലും ഇതുപോലെ ചെയ്യാന്‍ തുടങ്ങിയാല്‍ അത്രയും നല്ലതല്ലേ,” എന്നാണ് പ്രിയേഷ് മനസ്സിലോര്‍ത്തത്.
ഈ വര്‍ഷം തുടക്കത്തില്‍ ഒരു മാസം തുടര്‍ച്ചയായി പ്രിയേഷ് കടലില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഒരാളെക്കൊണ്ടൊന്നും ഒന്നുമാവില്ലെന്ന്. കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് അത്രയും വലുതാണ്.
അങ്ങനെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിനെ സമീപിച്ചു.
“പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും വലിയ പിന്തുണ തന്നു. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ അവര്‍ അംഗീകരിക്കുകയും ഒരു പ്ലാസ്റ്റിക് വിരുദ്ധ മിഷന് തുടക്കമിടുകയും ചെയ്തു. അതിന്‍റെ എല്ലാ ചര്‍ച്ചകളിലും പഞ്ചായത്ത് എന്നെയും പങ്കെടുപ്പിച്ചു,” പ്രിയേഷ് പറയുന്നു.
“നേരത്തെ മീന്‍ പിടിക്കുന്നതിനിടയില്‍ ഒരു മണിക്കൂര്‍ ഇതിന് വേണ്ടി മാറ്റിവെയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ കൂട്ടായി തുടങ്ങിയതോടെ ഘട്ടം ഘട്ടമായി മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെ കടലില്‍ നിന്ന് മാലിന്യം മാറ്റാനായി മാത്രം നീക്കിവെച്ചു.”
ഇതുകൂടി വായിക്കാം: ‘എനിക്ക് മഴ നനയാന്‍ ഇഷ്ടാണല്ലോ, അതോണ്ട് ഞാന്‍ തന്നെ കുടയായി’: അക്കുവിന്‍റെയും ചക്കുവിന്‍റെയും വിശേഷങ്ങള്‍
ഈ യജ്ഞം തുടങ്ങുന്നതിന് മുമ്പായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്തിനെതിരെ ഗ്രാമപഞ്ചായത്ത് വലിയൊരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ചും ഉപയോഗശേഷം അത് കത്തിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ഓരോവീട്ടിലും ചെന്ന് പറഞ്ഞുമനസ്സിലാക്കി. മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനെപ്പറ്റിയും ആളുകളോട് പറഞ്ഞു.
പ്ലാസ്റ്റിക് കത്തിച്ചാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. പഞ്ചായത്തിലിപ്പോള്‍ ഒരു പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റ് (പ്ലാസ്റ്റിക് പൊടിച്ച് തരികളാക്കുന്ന കേന്ദ്രം) പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിത കര്‍മ്മസേന ഓരോ വീട്ടിലും ചെന്ന് പ്ലാസ്റ്റിക് ശേഖരിച്ച് ഈ കേന്ദ്രത്തിലെത്തിക്കുന്നു. കടലില്‍ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം ഞാനും ഇവിടെ കൊടുക്കും, പ്രിയേഷ് വിശദീകരിച്ചു.
“കടപ്പുറത്തെ പ്ലാസ്റ്റിക് വിരുദ്ധ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് റീന രയരോത്ത് ആണ് ഉദ്ഘാടനം ചെയ്തത്,”പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതന്നു.
പ്രിയേഷ് രണ്ട് കിലോമീറ്ററോളം കടലിലേക്ക് പോയി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ടുവന്നു
“പ്രിയേഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും യൂത്ത് കോഡിനേറ്റര്‍മാരും ഹരിതകര്‍മ്മസേന പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും ഒക്കെയുണ്ടായിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് റഷ്യ, റൊമാനിയ, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഇവിടെ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയിരുന്നവര്‍ക്കും ആവേശമായി…അവരും ഞങ്ങളോടൊപ്പം മാലിന്യം നീക്കാന്‍ കൂടി. ഞങ്ങള്‍ അഞ്ച് കിലോമീറ്റര്‍ കടപ്പുറം വൃത്തിയാക്കിയപ്പോള്‍ പ്രിയേഷ് രണ്ട് കിലോമീറ്ററോളം കടലിലേക്ക് പോയി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ടുവന്നു.”
അവര്‍ മൊത്തം ശേഖരിച്ചത് 13.5 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും പത്ത് ലോഡ് മദ്യക്കുപ്പികളുമാണ്, കടലില്‍ നിന്നും കരയില്‍ നിന്നുമായി!
“കടലില്‍ വലയെറിഞ്ഞ് അമ്പത് കിലോ മീന്‍ കിട്ടിയാല്‍ അതില്‍ കുറഞ്ഞത് 13 കിലോ പ്ലാസ്റ്റിക് ഉണ്ടാവും എന്നതാണ് സ്ഥിതി…അത്രയ്ക്കധികം പ്ലാസ്റ്റിക് വസ്തുക്കളാണ് കടലില്‍ ഒഴുകി നടക്കുന്നത്,” ഷാഹുല്‍ ഹമീദ് പറയുന്നു. തുടര്‍ച്ചയായ ഒരു വലിയ ദൗത്യത്തിന് മാത്രമേ കുറച്ച് പ്രദേശത്തെയെങ്കിലും കടലിലെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനാവൂ എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
ഇതുകൂടി വായിക്കാം:കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും
ഇതെഴുതുമ്പോള്‍ കുറെ ദിവസങ്ങളായി പ്രിയേഷ് കടലില്‍ പോയിട്ടില്ലായിരുന്നു. ട്രോളിങ് നിരോധനം വന്നതോടെയാണ് കടലില്‍ പോകുന്നത് നിലച്ചത്. നിരോധനകാലത്ത് തീരത്തോട് ചേര്‍ന്ന് മത്സ്യം പിടിക്കാന്‍ പോകുന്നവരുടെ രക്ഷയ്ക്കായി രൂപീകരിച്ച സംഘത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. 2017-ലെ ഓഖി ദുരന്തത്തിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തും രക്ഷാദൗത്യങ്ങളില്‍ സജീവമായിരുന്നു പ്രിയേഷ്.
ഓഖി ആഞ്ഞടിച്ചപ്പോള്‍ കടലില്‍ കാണാതായവരുടെ വിവരങ്ങള്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും ശേഖരിച്ച് പ്രിയേഷ് നേരെ കടലിലിറങ്ങി. ബോട്ടിറക്കാന്‍ പലരും ഭയന്നിരുന്ന സമയത്താണിത്. പല മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത് ഈ യുവാവാണ്. പ്രളയകാലത്ത് ചാലക്കുടിയും പരിസരപ്രദേശങ്ങളും മുങ്ങിയപ്പോള്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിന് പ്രിയേഷ് ഓടിച്ചെന്നു.
ട്രോളിങ് നിരോധനകാലത്തെ താല്‍ക്കാലിക ജോലി കഴിഞ്ഞാല്‍ വീണ്ടും പ്ലാസ്റ്റിക് പെറുക്കാന്‍ കടലിലിറങ്ങുമെന്ന് പ്രിയേഷ് ടി ബി ഐയോട് പറഞ്ഞു.
“എന്നെപ്പോലുള്ള സാധാരണക്കാരനായ ഒരാളുടെ ആശയം തുറന്നമനസ്സോടെയാണ് പഞ്ചായത്ത് സ്വീകരിച്ചത്. ഈ പ്ലാസ്റ്റിക വിരുദ്ധ പരിപാടി പരിസ്ഥിതി സംരക്ഷണത്തിനായുള്ള പഞ്ചായത്തിന്‍റെ പരിപാടികളില്‍ ഒന്നുമാത്രമാണ്.”
“കാര്യമായി പഠിക്കാന്‍ കഴിഞ്ഞില്ല… ഇനിയും പഠിക്കണമെന്നുണ്ട്…,” പ്രിയേഷ് ഒരു മോഹം പങ്കുവെച്ചു.
“അക്കാദമിക് ആയുള്ള ഒരു പഠനമല്ല ഉദ്ദേശിക്കുന്നത്. എനിക്ക് പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചും കൂടുതല്‍ പഠിക്കണമെന്നും അറിയണമെന്നുമുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചുകൂടി അറിഞ്ഞുകൊണ്ട് ചെയ്യാന്‍ പറ്റുമല്ലോ…”
അറിയപ്പെടാതെയും അര്‍ഹിക്കുന്ന ആംഗീകാരം ലഭിക്കപ്പെടാതെയും പോകുന്ന പ്രിയേഷിനെപ്പോലുള്ള ഒരുപാട് മനുഷ്യരുണ്ട്; നിശ്ശബ്ദമായി ജീവിക്കുന്നവര്‍, എന്നാല്‍ സമൂഹത്തിനും പ്രകൃതിക്കും വേണ്ടി ഒരുപാട് പ്രവര്‍ത്തിക്കുന്നവര്‍.
ഇതുകൂടി വായിക്കാം: ‘മൂന്ന് പശുക്കളുണ്ട്, കറക്കുന്നത് ഞാന്‍ തന്നെ’: എന്‍ഡോസള്‍ഫാന്‍ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഡോക്ടറുടെ ജീവിതം
ഭൂമിക്കും കടലിനും വേണ്ടി ഈ ദൗത്യം ഏറ്റെടുത്ത പ്രിയേഷിനും അഴിയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്കും പ്രദേശവാസികള്‍ക്കും ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ സ്‌നേഹവും നന്ദിയും അറിയിക്കട്ടെ.