കോ ഴിക്കോട്ടെ പയ്യാനക്കല്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ജാബിര്‍ ഈ വര്‍ഷത്തില്‍ അധ്യാപകരെ ശരിക്കും ഞെട്ടിച്ചു.
കഴിഞ്ഞ വര്‍ഷം വരെ പഠനത്തില്‍ ജാബിര്‍ പിന്നാക്കമായിരുന്നു. അധ്യാപകര്‍ പാഠഭാഗങ്ങള്‍ ക്ലാസ്സില്‍ വായിക്കാന്‍ പറഞ്ഞാല്‍ വായിക്കാതെ ഒഴിഞ്ഞുമാറുമായിരുന്നു. അവന്‍റെ മൂത്ത സഹോദരങ്ങള്‍ നന്നായി പഠിക്കുന്ന കൂട്ടത്തിലാണ് എന്ന് സ്‌കൂളിലെ ടീച്ചര്‍മാര്‍ പറയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം കഥ മാറി. ആ ഒമ്പതാംക്ലാസ്സുകാരന്‍ ഇപ്പോള്‍ ക്ലാസില്‍ വളരെ സജീവമാണ്. നന്നായി പഠിക്കുന്നുമുണ്ട്. അവന്‍ ക്ലാസില്‍ മുന്‍കൈയെടുത്ത് കാര്യങ്ങള്‍ ചെയ്യുകയും പഠനത്തില്‍ മുന്നിലെത്തുകയും ചെയ്തുവെന്ന് അധ്യാപകര്‍ പറയുന്നു. ഈ വര്‍ഷത്തെ പിടിഎ മീറ്റിങ്ങിന് സ്‌കൂളിലെത്തിയ ഉമ്മയോട് വളരെ സന്തോഷത്തോടെയാണ് അധ്യാപകര്‍ ഇക്കാര്യം പറഞ്ഞത്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
പഠനത്തില്‍ ജാബിര്‍ പിന്നാക്കം നില്‍ക്കുന്നതും ടീച്ചര്‍മാരുടെ പരാതിയുമെല്ലാം അവന്‍റെ ഉമ്മയെ വളരെ വിഷമിപ്പിച്ചിരുന്നു. ഉമ്മ ആ സങ്കടം ഒരിക്കല്‍ നസ്മിന നസീറിനോട് പറഞ്ഞു.
നസ്മിനയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞ വേനലവധിക്കാലത്ത് പയ്യാനക്കലില്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു, എന്‍റെ മലയാളം എന്ന പേരില്‍. ആ ക്യാമ്പിലേക്ക് ജാബിറിനെയും അയച്ചു. അതായിരുന്നു ടേണിങ് പോയിന്‍റ്.
ചെറിയ വീടുകളില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനോ പുസ്തകം വായിക്കാനോ ഉള്ള സാഹചര്യമോ അന്തരീക്ഷമോ ഇല്ല
“മലയാളം നന്നായി വായിക്കാനോ അക്ഷരങ്ങള്‍ എഴുതാനോ അവന് അറിയില്ലായിരുന്നു…ഈ ക്യാമ്പില്‍ ഞങ്ങള്‍ കുട്ടികളെ മലയാളം പഠിപ്പിക്കുകയായിരുന്നു,” ഐ ലാബ് എന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ സ്ഥാപക കൂടിയായ നസ്മിന നസീര്‍ (23) പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷന്‍റെ പരിധിയില്‍പ്പെട്ട പയ്യാനക്കല്‍ തീരദേശ മേഖലയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവിടത്തെ ചെറിയ ചെറിയ വീടുകളില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനോ പുസ്തകം വായിക്കാനോ ഉള്ള സാഹചര്യമോ അന്തരീക്ഷമോ ഇല്ല. പല വീടുകളിലും ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കൂടാതെ കുട്ടികള്‍ക്ക് പഠിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു കൊടുക്കാനോ പ്രചോദനം നല്‍കാനോ പല വീട്ടുകാരും ശ്രദ്ധിക്കാറില്ല, നസ്മിന വിശദീകരിക്കുന്നു.
“ഈ കുട്ടികളൊന്നും പഠന വൈകല്യമുള്ളവരല്ല. പക്ഷേ, അവര്‍ക്ക് വായിക്കാനും എഴുതാനും അറിയില്ല,” നസ്മിന തുടരുന്നു. “സ്വാഭാവികമായും പത്താം ക്ലാസിലെത്തുന്ന ഒരു കുട്ടിക്ക് ക്ലാസ് ഫോളോ ചെയ്യാന്‍ പറ്റില്ല. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കില്ല. ക്ലാസ്സില്‍ ടീച്ചര്‍ക്കൊരു ശല്ല്യമായി മാറും. ഒടുവില്‍ റിസല്‍ട്ട് വരുമ്പോള്‍ തോല്‍ക്കും. ക്ലാസ്സില്‍ പഠിപ്പിക്കുന്ന ചരിത്രവും സയന്‍സും മനസ്സിലായാല്‍ പോലും ഭാഷയിലെ പരിമിതികള്‍ കൊണ്ട് കുട്ടിക്ക് അത് പരീക്ഷയ്ക്ക് എഴുതാന്‍ കഴിയാതെ പോകുന്നു. ഇതാണ് കാലങ്ങളായി പയ്യാനക്കല്‍ സ്‌കൂളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.”
ഇത് മനസ്സിലാക്കാന്‍ നസ്മിനയ്ക്ക് വലിയ ബുദ്ധിമൊട്ടൊന്നും ഉണ്ടായിരുന്നില്ല. “ഏഴാം ക്ലാസുവരെ ഞാനും പഠനത്തിലൊക്കെ പിന്നാക്കമായിരുന്നു,” എന്ന് മുക്കം സ്വദേശിയായ ആ ചെറുപ്പക്കാരി ചിരിക്കുന്നു. ടീച്ചര്‍മാരുടെ ഇടപെടലാണ് വഴി മാറ്റിവിട്ടത് എന്ന് നസ്മിന ഓര്‍ക്കുന്നു. .
ഇതുകൂടി വായിക്കാം:‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്
നസ്മിന മലയാളം എം എയ്ക്ക് പഠിക്കുമ്പോള്‍ ഗവേഷണ പ്രബന്ധത്തിനായി തെരഞ്ഞെടുത്ത വിഷയം തീരദേശ മേഖലയിലേയും പുറത്തുള്ള സ്‌കൂളുകളിലേയും കുട്ടികളുടെ മലയാള ഭാഷാപ്രാവീണ്യത്തിന്‍റെ താരതമ്യമായിരുന്നു. പയ്യാനക്കലിലേയും ബേപ്പൂരിലേയും കുന്ദമംഗലത്തേയും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആയിരുന്നു പഠന വിധേയമാക്കിയത്. തീരപ്രദേശത്തെ കുട്ടികള്‍ ഭാഷ എഴുതാനും വായിക്കാനും ഉപയോഗിക്കുന്നതിലെ കഴിവുകള്‍ കുറഞ്ഞവരാണെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍.
പഠനകാലത്ത് തന്നെ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം നസ്മിനയുടെ മനസ്സിലുണ്ടായിരുന്നു. പിജി ആദ്യ വര്‍ഷം മുതല്‍ തന്നേ പയ്യാനക്കല്‍ പ്രദേശത്ത് നസ്മിന സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ പഠന പദ്ധതികള്‍ കുട്ടികള്‍ക്കായി ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ടെക്നിക്കല്‍ സ്‌കില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിപാടികളാണ് നടത്തിയിരുന്നത്.
എന്നാല്‍ ഡെസര്‍ട്ടേഷനുവേണ്ടിയുള്ള പഠനം യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന തിരിച്ചറിവ് നല്‍കുന്നതായിരുന്നു. “പഠനത്തിലെ കണ്ടെത്തലുകള്‍ എന്നെ ഞെട്ടിച്ചു. മോശം, ശരാശരിയില്‍ താഴെ എന്നീ വിഭാഗങ്ങളിലായിരുന്നു കുട്ടികള്‍ ഭൂരിപക്ഷവും ഉള്‍പ്പെട്ടത്. മലയാളത്തോട് എത്ര ഇഷ്ടമുണ്ട്, മലയാളം തെറ്റില്ലാതെ എഴുതാനും വായിക്കാനും അറിയാമോ തുടങ്ങിയ ചോദ്യങ്ങളാണ് കുട്ടികളോട് ചോദിച്ചത്. മലയാളം തെറ്റില്ലാതെ വായിക്കാനും എഴുതാനും ഉറപ്പില്ലെന്ന മറുപടിയാണ് ഹൈസ്‌കൂളിലെ കുട്ടികള്‍ പോലും നല്‍കിയത്. മികച്ചത് എന്ന് പറയാന്‍ വളരെ കുറച്ചു കുട്ടികളേയുള്ളൂ.”
കപ്പക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി കെ സീനത്തിനെ പരിചയപ്പെട്ടതാണ് നസ്മിനയെ പയ്യാനക്കലില്‍ എത്തിച്ചത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഐ ലാബ് തുടങ്ങുന്നത്. അപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നു.
പിന്നീട് പയ്യാനക്കലിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി വന്നപ്പോഴാണ് തീരദേശത്തെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കാം എന്ന് തീരുമാനം എടുത്തത്.
ആ ഒരു തീരുമാനത്തിലെത്തുന്നതിന് സീനത്തിനൊപ്പം പയ്യാനക്കല്‍ സ്‌കൂളിലെ അജി ടീച്ചറും സ്വാധീനിച്ചിട്ടുണ്ട്. ഇവരാണ് പ്രദേശത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവ് നല്‍കിയത്, നസ്മിന പറഞ്ഞു. അതിന് മുമ്പ് യെസ് ഇന്ത്യ തീരദേശത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിരുന്നു നസ്മിന.
20 വോളന്‍റിയേഴ്സിനെയാണ് ഭാഷ പഠിപ്പിക്കുന്നതിനായി നിയോഗിച്ചത്. അവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിരുന്നു.
ആ കുട്ടികള്‍ക്ക് പഠിക്കാനായി ഐ ലാബ് ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ കോര്‍പറേഷന്‍റെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്. അവിടെ കംപ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഐ ലാബ് ഓണ്‍ലൈന്‍ ക്യാംപെയിനിലൂടെ ശേഖരിച്ച അഞ്ഞൂറോളം പുസ്തകങ്ങളും ഇവിടെയുണ്ട്.
“ബാലരമയ്ക്കും കളിക്കുടുക്കയ്ക്കുമൊക്കെയാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്… വായനയിലേക്കുള്ള വാതിലാണല്ലോ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങള്‍,” നസ്മിന പറയുന്നു.
ഐ-ലാബ് കുട്ടികളില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് വൊളന്‍റിയറായ മിന ഫര്‍സാന:
കുട്ടികള്‍ സ്‌കൂളില്‍ ക്ലാസ്സില്ലാത്ത സമയത്ത് ഇവിടെയെത്തും. അവരെ സഹായിക്കുന്നതിനായി രണ്ട് വോളന്‍റിയര്‍മാരുമുണ്ട്. ഐ ലാബ് തുടങ്ങിയത് 2016-ലാണ്. എങ്കിലും തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പാണ് ഈ സെന്‍റര്‍ തുറക്കുന്നത്. തുടക്കത്തില്‍ കുട്ടികളുടെ സ്‌കില്‍സ് വളര്‍ത്തുന്ന പദ്ധതികളാണ് നടത്തിയിരുന്നത്. കുട്ടികളുടെ ജന്മനാ ഉള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന പദ്ധതികളായിരുന്നു അത്. ഏതൊരു സ്‌കില്ലും പരിപോഷിപ്പിക്കുന്നതിന് ഭാഷയിലെ അറിവും താഴ്ന്ന തലത്തില്‍ കുട്ടിക്ക് മികച്ച വിദ്യാഭ്യാസവും അത്യാവശ്യമാണ്, നസ്മിന അനുഭവത്തില്‍ നിന്ന് പറയുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ അമ്മമാര്‍ ഐ ലാബിന്‍റെ പ്രവര്‍ത്തകരെ സമീപിപ്പിച്ചു. കുട്ടികളെ ഇംഗ്ലീഷും മലയാളവും പഠിപ്പിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 20 വോളന്‍റിയേഴ്സിനെയാണ് ഭാഷ പഠിപ്പിക്കുന്നതിനായി നിയോഗിച്ചത്. അവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിരുന്നു.
ഇതുകൂടി വായിക്കാം: ‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്
ഇവിടെ കുട്ടികള്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷവും പഠിക്കാനുള്ള സൗകര്യങ്ങളും കിട്ടുന്നുണ്ട്. അത് അവരുടെ പഠനത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. ജാബിര്‍ ഈ സെന്‍ററില്‍ സ്ഥിരമായി വന്നു തുടങ്ങിയതിലെ മാറ്റമാണ് ഈ വര്‍ഷം അവന്‍റെ പഠനത്തില്‍ തെളിഞ്ഞത്. ഇപ്പോള്‍ തനിക്കൊരു ആത്മവിശ്വാസം വരുന്നുണ്ടെന്ന് നസ്മിന പറയുന്നു.
പഠനത്തിലെ പിന്നാക്കാവസ്ഥയുടെ കൂടെ വീട്ടിലെ സാമ്പത്തിക സാഹചര്യം കൂടെയാകുമ്പോള്‍ കുട്ടികള്‍ പഠനം നിര്‍ത്തി പണി തേടിപ്പോകുന്ന അവസ്ഥയും ഇവിടെയുണ്ട്. കൂലിപ്പണിയും മത്സ്യബന്ധ മേഖലയിലെ തൊഴിലുകളും ചുമടെടുപ്പുമൊക്കെയാണ് ഈ പ്രദേശത്തെ ആളുകളെ പണി.
എന്‍റെ മലയാളം പദ്ധതി രൂപമാറ്റം വരുത്തി മൂന്ന് സെന്‍ററുകളില്‍ കൂടെ നടത്താന്‍ ആണ് നസ്മിന ഇപ്പോള്‍ പദ്ധതിയിടുന്നത്. കോസ്റ്റല്‍ എഡ്യൂക്കേഷന്‍ എന്‍ഹാന്‍സ്മെന്‍റ് മിഷന്‍ (സീം) എന്ന പേരില്‍ പദ്ധതി വിപുലപ്പെടുത്തുകയാണ്. മലയാളത്തിന്‍റെ കൂടെ കണക്കും ഇംഗ്ലീഷും കൂടെ ഈ പദ്ധതിയിന്‍ കീഴില്‍ 150 ഓളം കുട്ടികളെ പഠിപ്പിക്കും. അതിനായി 2.5 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
കപ്പയ്ക്കല്‍, കോയവളപ്പ്, പയ്യാനക്കല്‍ സ്‌കൂള്‍ എന്നീ സെന്‍ററുകളാണ് പുതുതായി തുടങ്ങാന്‍ പോകുന്നത്. ഇപ്പോള്‍ ഐ ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിക്കുന്നത് സുഹൃത്തുക്കളില്‍ നിന്നാണ്. ബംഗളുരുവിലെ ഐടി രംഗത്തെ ചിലര്‍ എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് നസ്മിന പറയുന്നു. കോര്‍പ്പറേഷന്‍റെ സഹായവും ഈ പ്രോജക്ടിനായി തേടിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഐ ലാബിന്‍റെ സഹായം ലഭിക്കുന്ന കുട്ടികളില്‍ എട്ടുപേര്‍ ഈ വര്‍ഷം പത്താം ക്ലാസില്‍ എത്തിയിട്ടുണ്ട്. അവരെ നല്ല വിജയം നേടാന്‍ സഹായിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടിപ്പോള്‍. അവര്‍ക്ക് പ്രത്യേക ട്യൂഷന്‍ നല്‍കി വരുന്നു.
ഐ ലാബിന്‍റെ മറ്റൊരു വരുമാന മാര്‍ഗം ഈ പ്രദേശത്തെ സ്ത്രീകള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകളാണ്. ഇതിന് മറ്റൊരു ലക്ഷ്യം കൂടെയുണ്ട്–സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. അതിനൊരു പരിഹാരം കൂടിയാണ് പേപ്പര്‍ പേന നിര്‍മ്മാണം.
രണ്ട് തരം പേനകള്‍ ഇവര്‍ ഉണ്ടാക്കുന്നുണ്ട്. പത്ത് രൂപ വിലയുള്ളതും അഞ്ച് രൂപ വിലയുള്ളതും. പേപ്പറിന്‍റെ ഗുണമാണ് പേനയുടെ വില നിശ്ചയിക്കുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുകയുടെ ഒരു ഭാഗം ഐ-ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കും.
പത്ത് വീടുകളില്‍ ഇപ്പോള്‍ പേന നിര്‍മ്മിക്കുന്നുണ്ട്. ഒരാള്‍ ദിവസത്തില്‍ 100 പേനവരെ ഉണ്ടാക്കും; അതുവഴിഏറ്റവും കുറഞ്ഞത് 300 രൂപയെങ്കിലും വരുമാനം കിട്ടും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വഴിയാണ് പേനയുടെ പ്രൊമോഷനും വില്‍പനയും നടക്കുന്നതെന്ന് നസ്മിന പറയുന്നു.
കുട്ടികളെ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമങ്ങളും ഐ ലാബ് നടത്തുന്നുണ്ട്. കുട്ടികള്‍ക്കായി റോബോട്ട് നിര്‍മ്മാണ ക്യാമ്പ് നടത്തിയിരുന്നു. നഗരത്തിലെ കുട്ടികള്‍ക്ക് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യം തീരദേശത്തെ കുട്ടികള്‍ക്ക് ലഭിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ലെന്ന് നസ്മിന പറയുന്നു. റോബോട്ടിനെ നിര്‍മ്മിക്കുന്നതിന്‍റെ വീഡിയോ കാണിച്ചു കൊടുത്തശേഷം കുട്ടികള്‍ക്ക് നിര്‍മ്മാണ സാമഗ്രികള്‍ നല്‍കുകയായിരുന്നു.
പയ്യാനക്കല്‍ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ ഒരു വിഷയം മാത്രം തോറ്റ കുട്ടികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ പരിശീലനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ ഐ ലാബിനെ സമീപിച്ചിരുന്നു. ഐ ലാബിന്‍റെ വോളന്‍റിയേഴ്സിന്‍റെ പരിശീലനത്തെ തുടര്‍ന്ന് കുട്ടികള്‍ പരീക്ഷ പാസാകുകയും ചെയ്തു.
മിഷന്‍ ടെന്‍, സീ സാ, പുളിക്കാത്ത മുന്തിരി, സീ ഷെല്‍, ക്രിസ്റ്റല്‍, പഞ്ഞിമുട്ടായി തുടങ്ങി പേരിലും ഉള്ളടക്കത്തിലും രസകരവും പ്രയോജകനകരവുമായ പരിപാടികള്‍ നടത്തി. നാട്ടുകാരെയും സജീവമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു മിക്ക പരിപാടികളും. 400 ഓളം കുട്ടികളുടെ ജീവിതത്തെയാണ് അവര്‍ സ്പര്‍ശിച്ചത്.
ജീവിതത്തില്‍ ലക്ഷ്യമാക്കാന്‍ പറ്റിയ വ്യക്തിത്വങ്ങള്‍ ഇല്ലാത്തതും എന്തെങ്കിലുമൊക്കെ ആകാന്‍ കഴിയുമെന്ന ധാരണയില്ലാത്തതുമാണ് ഇവിടത്തെ കുട്ടികളെ ലക്ഷ്യബോധമില്ലാത്തവരാക്കി മാറ്റിയിരുന്നതെന്നാണ് നസ്മിനയുടെ വിലയിരുത്തല്‍. സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്ക് കൂടുന്നതിന്‍റെ കാരണവും അതുതന്നെ.
പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്ന കുട്ടികള്‍ ഇപ്പോള്‍ മീന്‍പിടുത്തവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ കുറവായതിനാല്‍ നഗരത്തിലെ കടകളിലും മറ്റും ജോലിക്ക് പോകും. കിട്ടുന്ന കാശ് ഉപയോഗിച്ച് അടിച്ച് പൊളിച്ചു ജീവിക്കും ചെയ്യുന്നു. കൂടാതെ പലരും മദ്യത്തിന്‍റേയും ലഹരിയുടേയും വഴിക്കും പോകുന്നു, നസ്മിന സങ്കടപ്പെടുന്നു.
“കഴിഞ്ഞ ദിവസം ഞാന്‍ ഐ ലാബില്‍ വരുന്ന ഒരു കുട്ടിയോട് ചോദിച്ചു. നീയും ഈ ലഹരിയൊക്കെ ഉപയോഗിക്കുമോയെന്ന്. അവന്‍ പറഞ്ഞ മറുപടി ഇതാണ്. ‘ഇന്നത്തെ മാനസികാവസ്ഥ വച്ച് ഞാന്‍ അത് ഉപയോഗിക്കില്ല. നാളെയെന്താകുമെന്ന് അറിയില്ല’. ഈ കുട്ടികള്‍ ദിവസും കാണുന്നത് മയക്കുമരുന്നിന്‍റെ ഉപയോഗമാണ്…, അതാണ് പ്രശ്‌നം,” നസ്മിന കൂട്ടിച്ചേര്‍ത്തുന്നു.
ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ പൈലറ്റ് പ്രോജക്ടിന്‍റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് ഒരു കുട്ടി ഞങ്ങളെ വീട്ടില്‍ കൊണ്ടു പോകാന്‍ മടിച്ചിരുന്നു. വീട്ടിലേക്ക് വരണ്ട എന്ന് അവന്‍ നിര്‍ബന്ധം പിടിച്ചു. എങ്കിലും അവനെ പറഞ്ഞ് സമ്മതിപ്പിച്ച് വീട്ടില്‍ പോയപ്പോള്‍ അവന്‍റെ പിതാവ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുകയാണ്. നസ്മിന ഓര്‍ക്കുന്നു.
ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ മുന്‍ തലമുറയിലെ ചെറുപ്പക്കാരില്‍ നിന്നും ഉണ്ടായിയെങ്കിലും ഓരോ പരിപാടിയും നടക്കുമ്പോള്‍ അവരുടെ സഹകരണം ഉറപ്പു വരുത്തി എതിര്‍പ്പുകള്‍ ഇല്ലാതെയാക്കാന്‍ കഴിഞ്ഞു, നസ്മിന പറഞ്ഞു.
പ്രദേശത്തെ പിന്നാക്കാവസ്ഥയിലും പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയവരും ഈ മേഖലയിലുണ്ട്. അവരെ ഐ ലാബിന്‍റെ കമ്മ്യൂണിറ്റി വോളന്‍റിയേഴ്സായി മാറ്റുകയാണ് നസ്മിനയിപ്പോള്‍. 20 ഓളം പേരാണ് അങ്ങനെ ഐ ലാബിന്‍റെ വോളന്‍റിയേഴ്സായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരിശീലനം നേടിയത്. കൂടെ പഠിച്ചതില്‍ വലിയൊരു ശതമാനം പേരും മയക്കുമരുന്നും മറ്റും മൂലം വഴിതെറ്റിപ്പോയിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
പഠിച്ചിട്ടൊന്നും കാര്യമില്ലെന്ന ചിന്തയാണ് പല വീട്ടുകാരും കുട്ടികളുടെ മുന്നില്‍ വയ്ക്കുന്നത്. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടാണേല്‍ കുട്ടികളെ പണിക്ക് വിടും പെണ്‍കുട്ടികള്‍ ആണെങ്കില്‍ നേരത്തെ കല്ല്യാണം കഴിച്ച് വിടും. അങ്ങനെയല്ലാതെ ചെറുപ്പത്തിലേ മെന്‍റര്‍ ചെയ്ത് വളര്‍ത്തിക്കൊണ്ടു വന്നവരാണ് ഉന്നത വിദ്യാഭ്യാസം നേടിയതെന്ന് അവരുമായുള്ള സംഭാഷണത്തില്‍ നിന്നും നസ്മിന മനസ്സിലാക്കുന്നു.
അവരും സ്വന്തം നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. നിങ്ങള്‍ പറഞ്ഞു തന്നാല്‍ ഞങ്ങള്‍ ചെയ്തോളാം എന്നാണ് അവര്‍ ഞങ്ങളോട് പറയുന്നത്, എന്ന് നസ്മിന.
ഒരു വേദിക്ക് വേണ്ടി കാത്തിരുന്ന അവര്‍ ഐ ലാബിലൂടെ വരും തലമുറയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണിന്ന്…
***
നസ്നിയക്കും ഐ-ലാബിന്‍റെ പ്രവര്‍ത്തകര്‍ക്കും നല്ല മാറ്റത്തിന് തയ്യാറെടുക്കുന്ന പയ്യാനക്കല്‍ പ്രദേശത്തെ കുട്ടികള്‍ക്കും ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ വിജയാശംസകള്‍.
ഐ-ലാബിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കൂ. ഇ മെയില്‍: write@ilabindia.org
ഫോട്ടോകള്‍ക്ക് കടപ്പാട്: നസ്മിന നസീര്‍, I-Lab India Facebook page