10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന്‍ ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്

പുറമെ നിന്ന് നോക്കുമ്പോള്‍, അശോക് കുമാര്‍ ‘സെറ്റില്‍ഡ്’ ആയിരുന്നു. പക്ഷേ, ഉള്ളിലെവിടെയോ തൊട്ടറിയാന്‍ കഴിയാത്ത തരം അര്‍ത്ഥമില്ലായ്മ അയാള്‍ക്ക് തോന്നിയിരുന്നു.

 റെ അര്‍മാദിച്ചായിരുന്നു ജീവിതം. കൂട്ടുകാരും കൂട്ടുകെട്ടുകളുമൊക്കെയായി ഇങ്ങനെ അടിച്ചുപൊളിയായി ആഘോഷജീവിതം. എങ്കിലും  ജീവിതത്തില്‍ എന്തൊക്കെയോ കുറവുകളുണ്ടെന്ന് അശോക് കുമാറിന് പലപ്പോഴും തോന്നിയിരുന്നു.

കോഴിക്കോട് വടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ ടൂള്‍ ആന്‍റ് ഡൈ വര്‍ക്‌സായിരുന്നു അശോക് കുമാറിന്. ഇപ്പോഴും അതുണ്ട്.

അച്ഛന്‍ കുമാരന്‍ നായര്‍ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


“ജീവിതത്തിലും കര്‍മ്മത്തിലും ഉറച്ച കമ്യൂണിസ്റ്റായി ബോംബേയില്‍ ജീവിച്ച അച്ഛന് എ.കെ.ജി യും, ഇ എം എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു,” അശോക് കുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

അശോക് കുമാര്‍

“നായര്‍ ഭായി എന്നറിയപ്പെട്ട അച്ഛന്‍ കുമാരന്‍ നായര്‍ അസംഘടിത തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ അച്ഛന്‍ പാര്‍ട്ടി കമ്യൂണിസ്റ്റ് വിട്ടു. എങ്കിലും മരിക്കും വരെ കമ്യൂണിസ്റ്റായി തന്നെ തുടര്‍ന്നു. ടൂള്‍ ആന്‍റെ ഡൈ വിദഗ്ദനായിരുന്ന അച്ഛന്‍ ബോംബേയില്‍ നിന്ന് നാട്ടിലെത്തി. നാട്ടില്‍ വന്ന് ഒരു മിനി ഇന്‍ഡസ്ട്രിയല്‍ ടൂള്‍റൂം സ്ഥാപിച്ചു,” അശോക് കുമാര്‍ അച്ഛനില്‍ നിന്ന് തന്‍റെ ജീവിത കഥ തുടങ്ങുന്നു.

“സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഞാന്‍ വളരെ പിന്നിലായിരുന്നു. SSLC മൂന്ന് തവണ എഴുതിയിട്ടും ജയിച്ചില്ല.” എന്ന് അശോക് കുമാര്‍.


ഞാന്‍ ഈ പറമ്പിലെ വീട്ടില്‍ വെറുതെയിരിക്കുമ്പോ പലരും അടക്കം പറഞ്ഞു, ‘ഇവനെന്തോ ഭ്രാന്താ’ണെന്ന്.


ജയിക്കാതിരുന്നതിന് കാരണം വളരെ ലളിതമായിരുന്നു: “അവര്‍ ചോദിക്കുന്നതൊന്നും എനിക്കറിയില്ല, എനിക്കറിയുന്നതൊന്നും അവര്‍ ചോദിക്കില്ല…” എന്ന് അശോകന്‍.

“(അതിന് ശേഷം) അച്ഛനോടൊപ്പം ഞാനും കൂടി… ഒരു പാട് പ്രതിസന്ധികളും, സാധ്യതകളും, കടങ്ങള്‍ക്കുമിടയില്‍ പെങ്ങളുടെ വിവാഹവും നടന്നു.

അശോക് കുമാറും അജിതയും. ഒരു പഴയ ചിത്രം

“1990-ല്‍ അച്ഛന്‍റെ പെട്ടെന്നുള്ള വിയോഗം… പണമില്ലാത്തതിന്‍റെ ദുരിതത്തില്‍ നിന്ന് അന്ന് പഠിച്ചത് ആര്‍ത്തിയോടെ വെട്ടിപിടിച്ച് ജീവിക്കാന്‍… ഞാനുമിറങ്ങി…
അമ്മയുടെ ആഗ്രഹപ്രകാരം അജിതയെ വിവാഹം കഴിച്ചു… 1994-ഓടെ ബാധ്യതകള്‍ എല്ലാം ഓരോന്നായി തീര്‍ത്തു. ഞങ്ങള്‍ക്ക് രണ്ട് പെണ്മക്കള്‍ ഉണ്ടായി മിലേനയും ഹിതയും.”

പുറമെ നിന്ന് നോക്കുമ്പോള്‍, അശോക് കുമാര്‍ ‘സെറ്റില്‍ഡ്’ ആയി. പക്ഷേ, ഉള്ളിലെവിടെയോ തൊട്ടറിയാന്‍ കഴിയാത്ത തരം അര്‍ത്ഥമില്ലായ്മ അയാള്‍ക്ക് തോന്നിയിരുന്നു.


ഇതുകൂടി വായിക്കാം: ‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്‍വീര്‍


“ജീവിതത്തില്‍ ഒരു തിരുത്ത് വേണമെന്നുറപ്പിച്ചു. ഇതല്ലല്ലോ ജീവിതം എന്ന് ബോധ്യപ്പെട്ടു. അത്രക്കും മോശമായി ജീവിതത്തിന്‍റെ ആര്‍ത്തികളില്‍ പെട്ട് ഇഴയുകയായിരുന്നു ഞാന്‍… അച്ഛന്‍റെ പെട്ടെന്നുള്ള വിയോഗം സൃഷ്ടിച്ച ശൂന്യതയും
വല്ലാതെ അലട്ടി,” അശോക് കുമാര്‍ പറയുന്നു. “ഏറെ അര്‍മാദിച്ച് നടന്ന ഞാന്‍ ജീവിതത്തില്‍ ഒരര്‍ത്ഥവും ഇല്ലാതെ ഒഴുകുകയായിരുന്നു.”

അങ്ങിനെയിരിക്കെയാണ് 2000-ല്‍ പേരാമ്പ്രയില്‍ മില്ലെനിയം കൂട്ടായ്മ നടന്നത്. ഞങ്ങള്‍ ചങ്ങാതിമാരും ഞങ്ങളുടെ ചങ്ങാതിമാരും കൂടി ചേര്‍ന്നപ്പോള്‍ വികാരപരവും വൈകാരികവുമായ ഏറെ സംഭവങ്ങള്‍ നടന്നു. അര്‍മാദിപ്പ് വെളുക്കും വരെ തുടര്‍ന്നു. ആഘോഷം സംഘര്‍ഷമായി മാറി. ഇതെന്നെ ഏറെ ചിന്തിപ്പിച്ചു. ജീവിതത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ ഇതൊന്നുമല്ല എന്ന വിചാരക്കടല്‍ മനസ്സില്‍ തിരയിട്ടു, അശോക് പറയുന്നു.

കലങ്ങിമറിയുന്ന മനസ്സുമായി അശോക് കുമാര്‍ വീട്ടിലേക്ക് തിരിച്ചു. “പിന്നെ വീട്ടിലേക്ക് 3 കിലോമീറ്ററോളം ഞാന്‍ നടന്നുപോയി, ആ പോക്ക് ഒരു തീരുമാനത്തിലേക്ക് എത്തുന്നതായിരുന്നു… അര്‍മ്മാദ ജിവിതത്തിന് അതോടെ ബ്രേക്കിട്ടു.”

“ഈ അര്‍ത്ഥമില്ലാത്ത ജീവിതത്തിനില്ല എന്ന് ഉറപ്പിച്ചു.” പക്ഷേ, എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.

“മൂന്ന്, നാല് വര്‍ഷം പിന്നെ വീട്ടില്‍ തന്നെ മൗനത്തിലും വിചാര ധ്യാനങ്ങളിലുമായിരുന്നു,” അശോക് കുമാര്‍ പറയുന്നു. “ഞാന്‍ ഈ പറമ്പിലെ വീട്ടില്‍ വെറുതെയിരിക്കുമ്പോ പലരും അടക്കം പറഞ്ഞു, ‘ഇവനെന്തോ ഭ്രാന്താ’ണെന്ന്. ഞാന്‍ അപ്പോള്‍ ചില പണികള്‍ ചെയ്യാന്‍ തുടങ്ങി വീട് പണി, കൃഷിപ്പണി അങ്ങിനെയങ്ങിനെ.”

അങ്ങനെയിരിക്കെയാണ് ‘സമം’ എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തുന്നത്. “ആരോഗ്യവും സമാധാനവും നഷ്‌പ്പെടുന്ന ഈ ജീവിതത്തിലെ കഥയില്ലായ്മകള്‍ മുന്‍ അലമ്പ് ജീവിതം കൊണ്ട് ശരിക്കും ബോധ്യപ്പെട്ടിരുന്നു.”

സമത്തിലേക്കുള്ള വഴി അശോക് കുമാര്‍ വിശദീകരിക്കുന്നു: അനാവശ്യം, ആവശ്യം, അത്യാവശ്യം എന്ന ബോധ്യത്തിലേക്ക് ഞാന്‍ എത്തുകയായിരുന്നു. ഇതിന് വീട്ടിലിരുന്ന സമയത്തെ ചിന്തകള്‍, വന്ന ആളുകളുമായി ഉള്ള സംവാദങ്ങള്‍ എല്ലാം സഹായകരമായി. ജീവിതത്തില്‍ നാം 90 ശതമാനം ചിലവിടുന്നതും പാഴായിട്ടാണ്, 10 ശതമാനം മാത്രമേ എനിക്കും കുടുംബത്തിനും ജീവിക്കാന്‍ അത്യാവശ്യത്തിന് വേണ്ടതുള്ളു എന്നെനിക്ക് ബോധ്യമായി…

“90% ധനം ഉണ്ടാക്കാനും, അത് നശിപ്പിക്കാനും എന്‍റെ സമയവും, അരോഗ്യവും വേണം. ഇത് മനസ്സിലായാല്‍ 10 ശതമാനത്തിനെ അത്യാവശ്യകതയില്‍ കുറഞ്ഞ അധ്വാനം കൊണ്ട് സമൃദ്ധമായി ജീവിക്കാം…,” എന്നാണ് അശോകന്‍ പറയുന്നത്.
അത് പ്രകൃതിയോടൊത്തുള്ള ഒരു ജീവിതവഴിയായിരുന്നു.

“ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളായിരുന്നു പിന്നീടെല്ലാം. പ്രപഞ്ചത്തിലെ എല്ലാ പാരസ്പര്യങ്ങള്‍ക്കൊപ്പമുള്ള നൃത്തമാണ് ജീവിതമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.

“പ്രകൃതിയില്‍ നിന്നും അത്യാവശ്യത്തിനു മാത്രം എടുത്ത്, അതിലേറേ കൊടുത്ത് ഉള്ള ജൈവ പാഠങ്ങള്‍ ഞാന്‍ ഈ കാലത്ത് ഓരോന്നായി അറിഞ്ഞ് ആവുന്നത്ര പ്രാവര്‍ത്തികമാക്കി. സമത്തില്‍ വന്ന പലരുമായുള്ള ആശയസംവാദങ്ങളും എന്നെ അടിമുടി മാറ്റിയെടുക്കാനും രൂപപ്പെടുത്താനും സഹായിച്ചു.”

അശോക് കുമാര്‍ ആഷോ സമം എന്ന പേര് സ്വീകരിച്ചു. വീടിന്‍റെ വാതിലുകള്‍ തുറന്നുവെച്ചു. സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചു. കേരളത്തിന്‍റെ പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സമത്തിലേക്ക് എത്താന്‍ തുടങ്ങി.

“സമത്തിലെ വാതിലുകള്‍ ഞങ്ങള്‍ അടക്കാറില്ല, മനസ്സിന്‍റെ അതിരുകള്‍ക്ക് താക്കോല്‍ വേണ്ട, സമമെന്ന സമഭാവനയുടെ ആശയമാണ്. പക്ഷേ ഈ ആശയവുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കായി ഞങ്ങള്‍ എവിടെപ്പോയാലും താക്കോല്‍ ഇവിടെ കാണും.

“ആത്മീയവും, ഭൗതീകവും രണ്ടല്ലെന്ന ജൈവീക അനുഭൂതികളെപ്പറ്റി പറയാനും, പങ്കുവെക്കാനും അനുഭവിപ്പിക്കാനും ഉള്ള കൂട്ടായ്മകള്‍ വീട്ടില്‍ സജീവമായി… 2004-ല്‍ UAE യില്‍ നിന്നും ഇന്ത്യയിലെ മറ്റു പലയിടങ്ങളിലുമുള്ള മലയാളി സുഹൃത്തുക്കളുടെ സത്‌സംങ് യാത്രകള്‍ നടത്തി.”

അശോക് കുമാറും അജിതയും

പ്രകൃതിയെ നോവിക്കാതെ, ആവശ്യത്തിന് മാത്രം എടുത്ത് ജീവിക്കാനുള്ള പരിശീലനകേന്ദ്രം കൂടിയായി സമം പന്തലിച്ചു.
സ്‌നേഹാക്ഷരങ്ങള്‍ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഏകദിന ക്യാമ്പുകള്‍ ഇവിടെ നടത്തുന്നുണ്ട്. ഭൂമിയുമായി ഉള്ള പാരസ്പര്യത്തിന്‍റെ
പ്രാധാന്യം പഠിപ്പിക്കുന്നതിനൊപ്പം ആവശ്യങ്ങളും അത്യാവശ്യങ്ങളും പുനരുപയോഗങ്ങളും കുട്ടികളേയും രക്ഷിതാക്കളേയും പ്രാപ്തമാക്കുക എന്നതാണീ ക്യാമ്പുകളുടെ ലക്ഷ്യം.


ഇതുകൂടി വായിക്കാം: ‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്


കുട്ടികളെ പല ഭാഗത്ത് നിന്ന് തിരഞ്ഞെടുക്കും ആവശ്യങ്ങളുടെ പട്ടിക വാങ്ങും. എന്നിട്ടാണ് ക്യാമ്പ് തുടങ്ങുകയെന്ന് അശോകന്‍ പറഞ്ഞു.. ഉദാഹരണത്തിന് സ്‌കൂള്‍ തുറക്കുമ്പോള്‍ എന്തൊക്കെ വേണം എന്ന ഒരു ലിസ്റ്റ് ഉണ്ടാക്കും.. ബാഗ്, കുട, പെന്‍സില്‍, നോട്ട്ബുക്ക്, ചോറ്റുപാത്രം, വെള്ളക്കുപ്പി.. അങ്ങനെ നീളുന്ന പട്ടിക. ഇതില്‍ നിന്ന് ബാഗ്, പുസ്തകം, കുട എങ്ങിനെ നന്നാക്കി വീണ്ടും ഉപയോഗിക്കാവുന്നത് ഏതൊക്കെ, എന്നവരെ പഠിപ്പിക്കുമ്പോള്‍ അവരുടെ ആവശ്യങ്ങളുടെ പട്ടിക കുറഞ്ഞുകുറഞ്ഞുവരും. കുട്ടികള്‍ തനിയെ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെ നോവിക്കാതെ ജീവിക്കുന്നതിനെക്കുറിച്ചും അറിഞ്ഞുതുടങ്ങും. അനാവശ്യങ്ങള്‍ കുറയ്ക്കാനും ആവശ്യങ്ങള്‍ പരിമിതപ്പെടുത്താനും അവര്‍ സ്വയം അറിവുനേടും.

കുരുത്തോലക്കൈവേലയില്‍ കുട്ടികള്‍ക്ക് പരിശീലനം

ഇതിനൊപ്പം തന്നെ സമത്തില്‍ രസകരമായ ക്യാമ്പുകള്‍ വേറെയും നടത്തുന്നുണ്ട്. കുരുത്തോല അലങ്കാരങ്ങള്‍, കൈവേല കളരികള്‍, സംരംഭകത്വ കളരികള്‍… എല്ലാം പ്രകൃതി സൗഹൃദ വസ്തുക്കളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ളവ. ഈ ക്യാമ്പുകളെല്ലാം ഏറെ ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

മക്കളുടെ വിവാഹം

സ്‌കൂളില്‍ പോയെങ്കിലും മക്കള്‍ ഏറെ പഠിച്ചത് സമത്തിലെ ജീവിതത്തില്‍ നിന്നും, ക്യാമ്പുകളില്‍ നിന്നും വരുന്നവരുമായി ഉള്ള ആശയ സംവാദങ്ങളില്‍ നിന്നും ആണ്. സര്‍ട്ടിഫിക്കറ്റിനു് വേണ്ടി മാത്രം അവര്‍ ആയുര്‍വേദവും നാച്ചുറോപ്പതിയും പഠിച്ചു. (ഡോ: മിലേന BNYS ഉം ഡോ: ഹിത BAMS ഉം പാസ്സായി) പിന്നെ എല്ലാം അവര്‍ സ്വായത്തമാക്കിയത് വിവിധ പ്രകൃതി പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ നിന്നും ആണ്. ഇവരുടെ മുന്‍കൈയില്‍ ഇനി ആരോഗ്യ മേഖലയിലും സമം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും, അശോകന്‍ പറഞ്ഞു.

അശോക് കുമാറും കുടുംബവും
സുനീഷ് അശോക് കുമാറിനും കുടുംബത്തിനുമൊപ്പം സമത്തില്‍

രണ്ട് പെണ്‍കുട്ടികളോടും ഞാന്‍ പറയുമായിരുന്നു ,നിങ്ങളുടെ ഇണകളെ നിങ്ങള്‍ തന്നെ കണ്ടെത്തണം, ലോകത്ത് മറ്റൊരു ജീവിയും, മക്കള്‍ക്ക് ഇണയെ തേടിക്കൊടുക്കുന്നില്ല…അതിനെങ്കിലുമുള്ള കഴിവ്, കനിവ്, ആര്‍ജിക്കണം എന്ന്.


ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും, അഭിമാനിച്ചതും അന്നാണ്


ജാതിയോ, മതമോ, വര്‍ണ്ണമോ പ്രശ്‌നമല്ല. ഈ സാഹചര്യത്തില്‍ വളര്‍ന്നതിനാല്‍ അവര്‍ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തരായി. മുത്തമകള്‍ മിലേന തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഡോ പ്രഭുവിനേയും, (ഇപ്പോള്‍ ദേവക്കോട്ടയില്‍ ജോലി ചെയ്യുന്നു) ഇളയവള്‍ ഹിത കാസര്‍ഗോഡ് ഐറിഷ് വത്സമ്മയേയും (ഇപ്പോള്‍ തെന്‍ന്മലയിലെ അഡ്വന്‍ഞ്ചര്‍ ടൂറിസം പ്രൊജക്റ്റില്‍ ജോലി ചെയ്യുന്നു) കണ്ടെത്തി.

അങ്ങിനെ എവിടെ വെച്ച് എങ്ങിനെ വിവാഹം എന്ന് അവരോട് ചോദിച്ചു. നിങ്ങളുടെ ഇഷ്ടത്തിന് ഏത് മതത്തിലും, ഏത് ആചാരത്തിലും, എവിടെ വെച്ചുംനടത്താം കാരണം അവരെ ഒരു മതത്തിലും പെടുത്താതെ, പ്രായപൂര്‍ത്തി ആയാല്‍ അവര്‍ തീരുമാനിക്കണ്ടതാണ് അവരവരുടെ മതമെന്ന ചിന്തയില്‍ സ്വതന്ത്രരായാണ് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ ചേര്‍ത്തത്…

അശോക് കുമാറും കുടുംബവും സമത്തില്‍

അവരും, അവരെ വിവാഹം ചെയുന്നവരും ഒരേ സ്വരത്തില്‍ പറഞ്ഞു, മതത്തിന്‍റെയോ, ജാതിയുടെയോ വിശ്വാസങ്ങളോ, ആചാരങ്ങളോ, ആര്‍ഭാടങ്ങളോ, ധൂര്‍ത്തോ ഇല്ലാതെ ലളിതമായും, ആഘോഷമായും അച്ഛന്‍റെ ആശയങ്ങള്‍ പോലെ സമത്തില്‍ വെച്ച് നടത്താം എന്ന്

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും, അഭിമാനിച്ചതും അന്നാണ്, അശോകന്‍ പറയുന്നു.

ആ വിവാഹവിശേഷങ്ങള്‍ അശോകന്‍ പങ്കുവെയ്ക്കുന്നതിങ്ങനെ:

അടുത്ത ചങ്ങാതിമാരും ബന്ധുക്കളുമായി സൗകര്യമുള്ള ഒരു ദിവസം കണ്ടെത്താന്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ചര്‍ച്ച ചെയ്തു. മൂന്ന് നാള്‍ കൊണ്ട് എല്ലാവര്‍ക്കും യോജിച്ച ദിവസം കണ്ടെത്തി 2017 ഫെബ്രവരി 19 ഞായര്‍ ഉച്ചതിരിഞ്ഞ് മൂന്നിന് വിവാഹങ്ങള്‍ നടന്നു.

ആലപ്പുഴയിലെ ജോണ്‍ ബേബിയുടെ നേതൃത്വത്തില്‍ ഓല കൊണ്ട് തൊപ്പിയും അലങ്കാരങ്ങളും ഒരുക്കി

അവരുടെ സ്വകാര്യതക്ക് വേണ്ടി മണ്ണുകൊണ്ടും, മുള്ള കൊണ്ടും രണ്ട് കിടപ്പു മുറികള്‍ ഉണ്ടാക്കി. പറമ്പില്‍ ഒരു നിലപാട് തറ… ഒരു കളം. കല്യാണത്തിന് 10 ദിവസം മുമ്പ് ഭാവി മരുമക്കളടക്കം ഇവിടെ വന്ന് കൂടി.

കല്യാണ വിവരം ഫേസ്ബുക്കിലും വാട്ട്‌സപ്പിലും ഇട്ടു. പല സംഘങ്ങളും വ്യക്തികളും പല സഹായങ്ങളുമായി എത്തി. ആലപ്പുഴയിലെ ജോണ്‍ ബേബിയുടെ നേതൃത്വത്തില്‍ ഓല കൊണ്ട് തൊപ്പിയും അലങ്കാരങ്ങളും ഒരുക്കി…പാലക്കാട് നിന്ന് വന്ന ആര്‍ കെ യും സംഘവും ജൈവ ഭക്ഷണമൊരുക്കി… എല്ലാവര്‍ക്കും നല്‍കാനായി മരത്തൈകളുമായി സിംവിദാനന്ത് സ്വാമി… ആട്ടവും പാട്ടും കൊട്ടുമായി കരിന്തലക്കൂട്ടം രമേശേട്ടനും സംഘവും… പിന്നെ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം സുഹൃത്തുക്കള്‍ എന്തും ചെയ്യാന്‍ തയ്യാറായി ദിവസങ്ങള്‍ക്ക് മുന്‍പേ എത്തി…

കര്‍ഷകരായ വെള്ളേട്ടനും, പാറോയി ഏടത്തിക്കും പുത്തനുടുപ്പും ദക്ഷിണയും വെച്ച് കാല്‍ക്കല്‍ നമസ്‌കരിച്ച് അവരെ കാര്‍മ്മികത്വത്തിന് ക്ഷണിച്ചു… പല ദിക്കില്‍ നിന്നും കൊണ്ടുവന്ന വൃക്ഷത്തൈകളില്‍ രണ്ട് എണ്ണം കൊണ്ടു വന്നവര്‍ എല്ലാവരും കൂടി വെളേട്ടന്നും പറയിയേടത്തിക്കും ആരവത്തോടെ കൈമാറി… അവരത് രക്ഷിതാക്കള്‍ക്ക് കൈമാറി… രക്ഷിതാക്കള്‍ വധു വരന്മാര്‍ക്കും. അവരത് തറയില്‍ നട്ടു.. കണ്ടു നിന്നവരുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങുന്നുണ്ടായിരുന്നു. എല്ലാരിലും നന്മയുണ്ട്… നമുക്ക് ഈ നനവ് വറ്റാതെ സൂക്ഷിക്കണം…

പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ മാഷ് ഓലത്തൊപ്പികള്‍ അണിയിച്ചു. ജൈവ അടുക്കളയില്‍ ഭക്ഷണം വൈവിധ്യത്തോടെ ഒരുങ്ങി. പാട്ടും കളികളും നടന്നു. വിവാഹ ശേഷവും മക്കളും ചങ്ങാതിമാരും ഇവിടെ തന്നെ കുറച്ച് നാള്‍ കൂടി . സ്ത്രീകള്‍ വീടിനകത്തും മറ്റുള്ളവര്‍ പുറത്ത് ഒരുക്കിയ ടെന്‍റുകളിലും താമസിച്ചു.

അപ്പോള്‍ ചിലരുടെ ചോദ്യം വന്നു, വിവാഹ ശേഷം മക്കള്‍ എവിടെ പോകുമെന്ന്? ഒരടുക്കളയിലേക്ക് കൊല്ലാന്‍ അവരെ വിടുന്നില്ല, അവര്‍ സ്വതന്ത്രരായി എവിടേയും ജീവിക്കട്ടെ…

ഒരു ജീവന്‍ ഒരാത്മാവ് ഒരു ശരീരം എന്ന ദര്‍ശനമാണ് സമത്തിനുള്ളത്. ഭൗതീകതയും ആന്മീയതയും ഒന്നാണ്. അത് വേര്‍തിരിക്കാനുള്ളതല്ല. ജീവിക്കുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതിയാണ് യഥാര്‍ത്ഥ ജൈവീക ജീവിതം. ആ അനുഭൂതിയില്‍ സംഗീതം, നൃത്തം, ആനന്ദം, ആരോഗ്യം. എല്ലാ പാരസ്പര്യങ്ങളും ഉണ്ട്. ഇതില്‍ നിന്നും നാം ഇഴ പിരിയുമ്പോഴാണ് എല്ലാ അസ്വസ്ഥതകളും അനാരോഗ്യവും ഉണ്ടാകുന്നത്. … ജെവീക മനുഷ്യനാകുക എന്നതാണ് പ്രകൃതി എന്ന സമഗ്രതയുടെ ലക്ഷ്യം, അശോക് കുമാര്‍ സമത്തിന്‍റെ ദര്‍ശനം വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കാം:ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്‍റെ ‘ജിപ്‌സി ജീവിതം’: കുട്ടിക്കളിപ്പാട്ടങ്ങളുമായി നാടുചുറ്റുന്ന സുബിദ് അഹിംസ


പ്രകൃതിയില്‍ നിന്നും അന്യമായതൊന്നും ഇല്ല. ഈ വെള്ളവും വായുവും മണ്ണും വരുംതലമുറക്ക് ഉത്തരവാദിത്തത്തോട് കൂടി നമുക്ക് കൈമാറാനുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അശോകന്‍ എന്ന ആഷോ സമം ആ തുറന്ന വീടിന്‍റെ ഇറയത്തിരുന്ന് ജീവിതം ആസ്വദിക്കുന്നു, ആ സംതൃപ്തി അറിയാന്‍ മറ്റുള്ളവരെ സഹായിക്കുന്നു.

***

സമത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍: 9495400909

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം