സു നിതയുടെ അച്ഛന്‍ ഏക്‌നാഥ് ചെറിയ പക്ഷികളെയും മൃഗങ്ങളേയും വേട്ടയായിക്കൊണ്ടുവരും. അമ്മ ശാന്താ ബായി ഭക്ഷണത്തിനായി ഭിക്ഷ യാചിക്കും. അങ്ങനെയായിരുന്നു അവരുടെ ജീവിതം.
ദാരിദ്ര്യത്തിലും അവഗണനയിലും കഴിയുന്ന ഫന്‍സെ പാര്‍ഥി എന്ന ആദിവാസി സമൂഹത്തിലൊരാളായാണ് സുനിത ബോസ്ലെ ജനിച്ചത്, പൂനെ ജില്ലയിലെ ആംബ്ലേ ഗ്രാമത്തില്‍. ഗ്രാമത്തിന് പുറത്ത് തകരഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൂരയിലായിരുന്നു അവര്‍ താമസം
ശാന്താ ബായി ഏക്‌നാഥിനെ കല്യാണം കഴിക്കുന്നത് പത്താം വയസ്സിലാണ്.
അച്ഛന്‍ അമ്മയുടെ കൈ അടിച്ചൊടിക്കുമ്പോള്‍ സുനിതയ്ക്ക് വെറും മൂന്ന് വയസ്സ് മാത്രം പ്രായം..
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
അന്ന് ആശുപത്രിയിലേക്കൊന്നും കൊണ്ടുപോയില്ല. ആരും ചികിത്സിച്ചില്ല. അങ്ങനെ ശാന്താ ബായുടെ ആ കൈക്ക് സ്വാധീനം ഇല്ലാതായി.
മാസങ്ങള്‍ കഴിഞ്ഞില്ല. ഏക്‌നാഥിന്‍റെ മൃതശരീരം ദൂരെ അഹമ്മദ് നഗര്‍ ജില്ലയിലൊരിടത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടതായി അറിയിപ്പുകിട്ടി.
അതൊരു കൊലപാതകമാണെന്ന് വീട്ടുകാര്‍ കരുതി. പക്ഷേ, വെറുമൊരു അപകടമാണെന്ന് എഴുതിത്തള്ളാനായിരുന്നു പൊലീസിന് തിടുക്കം. കൂടുതല്‍ അന്വേഷിക്കാന്‍ അവര്‍ തയ്യാറായില്ല.
പാര്‍ഥി സമൂഹം നേരിടുന്ന കടുത്ത വിവേചനത്തിന്‍റെ മറ്റൊരു മുഖം മാത്രമാണിതെന്നാണ് സുനിത ഇപ്പോള്‍ മനസ്സിലാക്കുന്നത്.
‘ജന്മനാ കുറ്റവാളികള്‍’
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 1871-ലെ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് പ്രകാരം പാര്‍ഥി ഗോത്രക്കാരെയും ക്രിമിനലുകളായി മുദ്രകുത്തി. പാവപ്പെട്ട ഈ സമൂഹങ്ങളെ മൊത്തമായി കുറ്റവാളികളായി പ്രഖ്യാപിക്കുന്നതും സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായിരുന്നു ആ നിയമം.
ഒപ്പം നാടോടികളായിക്കഴിഞ്ഞിരുന്ന അവരെ ഒരിടത്തുതന്നെ തളച്ചിടാനും ഈ നിയമം മൂലം ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു.
ഇന്‍ഡ്യ സ്വതന്ത്രയായതിന് ശേഷം 1952-ല്‍ ഈ നിയമം പിന്‍വലിച്ചു. എങ്കിലും പാര്‍ഥികള്‍ അടക്കം 120 ഗോത്രവിഭാഗങ്ങള്‍ ആ അപമാനവും പേറിയാണ് ഇപ്പോഴും ജീവിക്കുന്നത്. പാര്‍ഥികളില്‍ തന്നെ പല ഉപവിഭാഗങ്ങളുമുണ്ട്. ഫന്‍സെ പാര്‍ഥികള്‍, ബീല്‍ പാര്‍ഥികള്‍, പല്‍ പാര്‍ഥികള്‍ എന്നിങ്ങനെ. അവരെടുക്കുന്ന തൊഴിലുകള്‍, മറ്റ് പ്രത്യേകതകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വേര്‍തിരിവുകള്‍. പല ഗ്രാമങ്ങളിലും ഈ വിഭാഗക്കാരെ ഇന്നും കടത്താറില്ല.
ഇന്നും അവരെ സംശയത്തോടെയാണ് ആളുകള്‍ കാണുന്നത്, മുഖ്യധാരയില്‍ നിന്നും അവരെ ദൂരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു.
“ജന്മനാ കുറ്റവാളികളായാണ് ഈ ഗ്രോത്രവിഭാഗക്കാരെ കണക്കാക്കുന്നത്. പ്രദേശത്ത് ഏതെങ്കിലും കളവുണ്ടായാല്‍ ഉടനെ അത് ഈ മനുഷ്യരുടെ മേല്‍ കെട്ടിവെയ്ക്കും. ഏതെങ്കിലും തരത്തിലുളള തൊഴിലെടുക്കാനോ കച്ചവടം ചെയ്യാനോ ഒന്നും ഇവരെ അനുവദിക്കില്ല. ഇതവരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു,” പാര്‍ഥി സമൂഹവുമായും സുനിതയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബോംബെ ഹൈക്കോടതിയിലെ അഭിഭാഷക ഉമ ശ്രീറാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
ഉമ ശ്രീരാം തുടരുന്നു: “ഇന്നും അവരെ സംശയത്തോടെയാണ് ആളുകള്‍ കാണുന്നത്, മുഖ്യധാരയില്‍ നിന്നും അവരെ ദൂരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. മറ്റൊരു കാര്യം ഇവര്‍ നാടോടി ഗോത്രങ്ങളാണ് എന്നതാണ്. അവര്‍ക്ക് കൃത്യമായ വേരുകളില്ല. എവിടെയെങ്കിലും സ്ഥിരമായി താമസിക്കാനോ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനോ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.”
“ഞാനിപ്പോഴും ഓര്‍ക്കുന്നു…ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും പുതിയ ഉടുപ്പ് വാങ്ങിയാല്‍ അത് കുറേക്കാലത്തേക്ക് കഴുകില്ല…അങ്ങനെയൊരു കാലമുണ്ടായിരുന്നു,” സുനിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“കഴുകിയുപയോഗിച്ചാല്‍ ഉടുപ്പ് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് പൊലീസ് വീട്ടിലെത്തുമെന്ന് അവര്‍ ഭയപ്പെട്ടു. സ്ത്രീകള്‍ കാര്യമായി ആഭരണങ്ങള്‍ ഉപയോഗിക്കാറില്ല, വാങ്ങി സൂക്ഷിക്കാറുമില്ല; പൊലീസ് വന്ന് റെയ്ഡ് ചെയ്തുകൊണ്ടുപോകുമെന്ന ഭയം. ബില്ലു സൂക്ഷിച്ചുവെച്ചിട്ടും കാര്യമൊന്നുമില്ല.”
എവിടെയെങ്കിലും എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായെന്നിരിക്കട്ടെ. രോഷംപൂണ്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തും. വൈകാതെ തന്നെ കുറ്റവാളികളെ പിടിക്കുമെന്ന് ഉറപ്പുനല്‍കി പൊലീസ് അവരെ ശാന്തരാക്കും, സുനിത മറ്റൊരു സംഭവം പറയുന്നു.
യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം പൊലീസ് പര്‍ഥി സമുദായത്തിലെ ആരെയെങ്കിലും പിടിച്ച് അകത്തിടും. എന്നിട്ട് പറയും പ്രതികളെ പിടിച്ചെന്ന്. ദൈവത്തിനറിയാം…, ആരാണ് കുറ്റം ചെയ്തതെന്ന്.
ഇങ്ങനെ കള്ളക്കേസ് ചുമത്തി അകത്തിട്ട ഒരായിരം കേസിലെങ്കിലും ഞാന്‍ ഇടപെട്ടിട്ടുണ്ട്, സുനിത കൂട്ടിച്ചേര്‍ക്കുന്നു.
“പൊതുസമൂഹത്തോട് എന്‍റെ ചോദ്യം ഇതാണ്: ഞങ്ങള്‍ പാരമ്പര്യമായി കള്ളന്മാരാണെങ്കില്‍ ഞങ്ങളെന്തുകൊണ്ടാണ് മെച്ചപ്പെടാതിരുന്നത്? ചിലര്‍ പറയുന്ന പോലെ ഞങ്ങള്‍ മൂന്നും നാലും ലക്ഷം രൂപയ്ക്കുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നവരാണെങ്കില്‍ ഞങ്ങള്‍ക്കെന്താ ഇപ്പോഴും വീടില്ലാത്തേ…കാറോ എന്തിന് ഉടുക്കാന്‍ പുത്തനുടുപ്പുകളോ പോലും ഇല്ലാത്തേ..,” സുനിത ചോദിക്കുന്നു.
“എന്‍റെ അച്ഛന്‍ മരിച്ചുപോയി. അമ്മയ്ക്ക് കൈക്ക് സ്വാധീനമില്ല. എന്‍റെ മൂത്ത ചേച്ചി അനിതയും സഹോദരന്‍ അവിനാഷും സ്‌കൂളില്‍ പോകും. എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. വീട്ടില്‍ ഒരുപാട് ജോലിയുണ്ട്. അതെല്ലാം എന്‍റെ തലയില്‍ വന്നുവീണു,” സുനിത കുട്ടിക്കാലം ഓര്‍ക്കുന്നു.
അഞ്ചാംക്ലാസ്സ് കഴിഞ്ഞതിന് ശേഷം സുനിത സ്‌കൂളില്‍ പോയില്ല. മൂന്ന് നേരത്തെ ഭക്ഷണത്തിന് വേണ്ടി പിച്ചതെണ്ടലായിരുന്നു പിന്നെ.
പതിനൊന്ന് വയസ്സായപ്പോള്‍ സുനിത മാനവി ഹക്ക് അഭിയാന്‍ എന്ന സന്നദ്ധസംഘടനയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി . പ്രശസ്തനായ ദലിത് ആക്ടിവിസ്റ്റ് ഏകനാഥ് അവദിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അത്.
അവിടെ നിയമത്തിലും മനുഷ്യാവകാശത്തിലും ആഴത്തിലുള്ള പരിശീലനം സുനിതയ്ക്ക് ലഭിച്ചു.
“മഹാരാഷ്ട്രയിലെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പര്‍ഥി സമൂഹത്തിന് വേണ്ടി ഒരു സംഘടന തുടങ്ങാന്‍ സുനിതയോട് നിര്‍ദ്ദേശിച്ചത് അവദ് ആയിരുന്നു,” ഉമ ശ്രീരാം പറയുന്നു. “അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സുനിത ആദിവാസി പര്‍ഥി സമാജ് സംഘടന എന്ന പേരില്‍ ഒരു പ്രസ്ഥാനം ആരംഭിക്കുന്നു. 2005-ലാണത്.”
സുനിത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നാണ് തുടങ്ങിയത്, സ്വന്തം സമൂഹത്തില്‍ നിന്ന്.
വിദ്യാഭ്യാസം, ആരോഗ്യരക്ഷ, നിയമസഹായം…ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പര്‍ഥി സമൂഹം അജ്ഞരായിരുന്നു. അതുമല്ലെങ്കില്‍ ഇതെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ അനേകം അനാചാരങ്ങളും നിലനിന്നിരുന്നു. ബാലവിവാഹം, തൊട്ടുകൂടായ്മ, സ്ത്രീധനം, നാട്ടുകോടതികള്‍, ഭിക്ഷയെടുക്കല്‍… പ്രശ്‌നങ്ങള്‍ കുറേയുണ്ടായിരുന്നു.
ഇതിന്‍റെയെല്ലാം ബുദ്ധിമുട്ടുകള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചിരുന്നത് സമൂദായത്തിലെ സ്ത്രീകളായിരുന്നു.
“ഞങ്ങളുടെ സമൂഹത്തിലൊരു വിശ്വാസമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ പെ്ണ്‍കുട്ടികള്‍ ആദ്യ ആര്‍ത്തവകാലം കഴിയുന്നതോടെ ഗര്‍ഭിണികളാകണം എന്ന്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കുഞ്ഞുങ്ങളില്ലെങ്കില്‍ അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും അവരെ മോശം വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുകയുമൊക്കെ ചെയ്യും,” സുനിത പറയുന്നു. “ഇതുമാത്രമല്ല, ഇനി ഗര്‍ഭിണിയായാല്‍ തന്നെ, അവര്‍ക്ക് അമ്മമാരുടെ സംരക്ഷണമോ പരിചരണമോ ഒന്നും കിട്ടാറില്ല. ഒരു കുട്ടിയുടെ വിവാഹം നടക്കണമെങ്കില്‍ മാതാപിതാക്കള്‍ സ്ത്രീധനവും കൊടുക്കണം. ചിലപ്പോഴിത് ലക്ഷങ്ങള്‍ വരും.”
“ഞാന്‍ വീട്ടിലെ രണ്ടാമത്തെ പെണ്‍കുട്ടിയാണ്. ജനിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും എന്‍റെ അച്ഛനുമമ്മയും എന്നെ എടുത്തുപോലുമില്ല. ആര്‍ത്തവകാലത്ത് അവരെന്നെ വീട്ടില്‍ കയറ്റില്ല…ഇതും ഞങ്ങളുടെ ഇടയിലെ ഒരു ദുരാചാരമാണ്,” സുനിത പറയുന്നു.
സ്ത്രീകളെ സംബന്ധിച്ച് വിവാഹം കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളു.
“ഉദാഹരണത്തിന്, എന്‍റെ വിവാഹം കഴിഞ്ഞ് ഞാന്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ ചെന്നുവെന്നിരിക്കട്ടെ…,” സുനിത പര്‍ഥി ഗോത്രത്തിലെ സാമൂഹ്യജീവിതം വിശദീകരിക്കുന്നു. “അവരാരും എന്‍റെ വസ്ത്രം തൊടുക പോലുമില്ല. (ചെറിയ കുട്ടികളെയാണ് വിവാഹം ചെയ്ത് അയക്കുന്നതെന്ന് ഓര്‍ക്കുക.) അവിടെ ഒരു പാറയോ കല്ലോ പ്രത്യേകം വെച്ചിട്ടുണ്ടാവും.
“അത് അവള്‍ക്ക് തുണിയലക്കാനുള്ളതാണ്. ശരിക്കൊരു കുളിമുറിയൊന്നുമുണ്ടാവില്ല. എനിക്ക് സ്വന്തമായി ഒരു ബക്കറ്റും സോപ്പും തരും. എന്‍റെ വസ്ത്രങ്ങള്‍ പ്രത്യേകം മാറ്റിവെയ്ക്കണം. കുളിയും തുണികഴുകലും കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിന് മുമ്പ് ആ വിട്ടിലെ ആരെങ്കിലും എന്‍റെ കയ്യിലൂടെ വെള്ളം കോരിയൊഴിക്കും. അതുകഴിഞ്ഞാലേ വീട്ടില്‍ കയറാന്‍ കഴിയൂ.
“ഇതിനൊക്കെ പുറമെ, ഞാന്‍ സ്വന്തം ഭക്ഷണം തേടികണ്ടുപിടിക്കണം–ഭിക്ഷയെടുത്തോ പണിയെടുത്തോ എങ്ങനെയെങ്കിലും… ഞാന്‍ 10,000 രൂപയുടെ സാരി വാങ്ങിയാലും അത് വീട്ടിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല.
“ഞാന്‍ ഭക്ഷണം തയ്യാറാക്കിയാല്‍ എന്‍റെ അമ്മായിയമ്മയ്ക്കും അമ്മായിയപ്പനും കഴിക്കാന്‍ പാടില്ല. എന്‍റെ ഭര്‍ത്താവിന് മാത്രമേ എന്‍റെ കൈകൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ അവകാശമുള്ളൂ.”
ഗോത്രത്തിലെ മിക്ക പുരുഷന്മാരും ജയിലിലോ അല്ലെങ്കില്‍ മദ്യമത്തിന് അടിമകളോ ആയിരിക്കും. അതുകൊണ്ട് സ്ത്രീകള്‍ ഭിക്ഷ യാചിച്ച് അന്നം തേടും. അതാണ് പതിവ്.
തൊട്ടുകൂടായ്മയ്ക്ക് ഇപ്പോള്‍ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും സുനിത സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ നാളുകളില്‍ അത് വളരെ വ്യാപകമായിരുന്നു.
“ഭാര്യ കൈകൊണ്ട് തൊട്ട വെള്ളം ഭര്‍ത്താവല്ലാതെ മറ്റാരും കുടിക്കില്ല, അവള്‍ തൊട്ട ഭക്ഷണം വേറെ ആരും കഴിക്കില്ല. അവളിരുന്ന പായ മറ്റാരും ഉപയോഗിക്കില്ല… ഇതായിരുന്നു സ്ഥിതി.”
ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍
സ്വന്തം മനുഷ്യത്വത്തേയും അ്‌സ്തിത്വത്തേയും ഇങ്ങനെയൊരു പരീക്ഷണത്തിന് വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് സുനിത ഇത്രയും കാലം വിവാഹം ചെയ്യാന്‍ വിസമ്മതിച്ചു.
“എന്‍റെ ആശയങ്ങള്‍ അംഗീകരിക്കുന്ന ഒരാളെ മാത്രമേ ഞാന്‍ വിവാഹം ചെയ്യൂ,” സുനിത പറഞ്ഞു.
ഇതിന് പുറമെയാണ് ജാട് പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്ന ജാതിക്കോടതികള്‍. പുരുഷന്മാരാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ഈ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വലിയ പിഴയാണ് ഒടുക്കേണ്ടി വരുന്നത്. ചിലപ്പോഴത് ലക്ഷങ്ങള്‍ വരെയാകാം. ഇവിടെ സ്ത്രീകള്‍ക്ക് ഒരു ശബ്ദവുമില്ല. പഞ്ചായത്തിന്‍റെ വിധിയെ ചോദ്യം ചെയ്യുകയോ അനുസരിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ ചെയ്താല്‍ കൂട്ടംചേര്‍ന്ന് അപമാനിക്കും, നഗ്നരാക്കി നടത്തും…
ഇതൊക്കെയാണ് സുനിതയ്ക്ക് കടക്കാനുള്ള കടമ്പകള്‍…
ആദിവാസി പാര്‍ഥി സമാജ് സംഘടന 2005-ലും ക്രാന്തി ട്രസ്റ്റ് 2011-ലുമാണ് സുനിത തുടങ്ങുന്നത്. ഈ രണ്ട് പ്രസ്ഥാനങ്ങളിലൂടെ പൂനെയിലെയും അഹമ്മദ്‌നഗറിലെയും 220 ഗ്രാമങ്ങളിലാണ് സുനിതയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്. പാര്‍ഥി സമൂഹത്തില്‍ നിന്നുതന്നെയുള്ള 500-ലധികം സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. സമുദായാംഗങ്ങള്‍ക്ക് മേല്‍ കെട്ടിവെയ്ക്കപ്പെടുന്ന കള്ളക്കേസുകള്‍ അടക്കമുള്ളവ ആഴ്ചയില്‍ മൂന്ന് നാലെണ്ണമെങ്കിലും കൈകാര്യം ചെയ്യേണ്ടിവരും. ഇതിന് പുറമെയാണ് ബലാല്‍സംഗങ്ങള്‍, അക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ.
ഇരകളെ നേരിട്ടുകണ്ട് സംസാരിച്ച് അവരെക്കൊണ്ട് പൊലീസില്‍ കേസ് കൊടുപ്പിക്കുകയാണ് സുനിത ആദ്യമായി ചെയ്യുന്നത്. അവര്‍ക്ക് ഒരു വക്കീലിനെയും ഏര്‍പ്പെടുത്തിക്കൊടുക്കും. മാത്രമല്ല, അവസാനം വരെ നിയമപ്പോരാട്ടം നടത്താനുള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും.
വിട്ടുകൊടുക്കാതെ പിന്നാലെ നിന്ന് കേസുകള്‍ നടത്തിക്കൊടുക്കുകയാണ് സുനിതയും സംഘവും ചെയ്യുന്നത്. നീതിക്കുവേണ്ടിയുള്ള നിരന്തരമായ, വിട്ടുവീഴ്ചയില്ലാത്ത സമരം.
ഈയിടെ യൂനസ് ബോസ്ലെ എന്ന ഒരു ചെറുപ്പക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുകയായിരുന്ന അയാളെ മോഷണക്കുറ്റം ചുമത്തിയാണ് പിടിച്ചത്. ചോദ്യം ചെയ്യലിനിടയില്‍ കടുത്ത പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. ഞാന്‍ അവിടത്തെ എസ് പി യെ നേരിട്ട് വിളിച്ച് സംഭവം അന്വേഷിപ്പിക്കാനുള്ള നടപടികളെടുപ്പിച്ചു. ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ സി ആര്‍ പി സി സെക്ഷന്‍ 169 പ്രകാരം അയാളെ വിട്ടയച്ചു, സുനിത ഈയിടെ നടന്ന ഒരു സംഭവം പറഞ്ഞു.
“യൂനസിനെ പിടിക്കാനുള്ള കാരണമായിരുന്നു വിചിത്രം. മോഷണം നടന്ന സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്ത ചെരുപ്പ് അയാളുടെ കാലിന് ചേരുന്നതായിരുന്നു!”
പൊലീസില്‍ നിന്നും പാര്‍ഥി സമുദായാംഗങ്ങള്‍ക്ക് പീഡനം നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ വസ്തുതാന്വേഷണ സംഘങ്ങളുമായി സത്യം അന്വേഷിക്കാന്‍ സുനിത മുന്നിട്ടിറങ്ങും. ഇത്തരം അന്വേഷണങ്ങള്‍ വസ്തുത്തര്‍ക്കങ്ങള്‍, കാലിമേയ്ക്കുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ എന്നിവയുടെ കാര്യത്തിലും തുടര്‍ച്ചയായി ചെയ്യുന്നു. ഇതിനോടൊപ്പംതന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, കുട്ടിക്കല്യാണം, സ്ത്രീധനം, ജാതിവിവേചനം, അയിത്തം തുടങ്ങിയ അനാചാരങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം കാര്യമായിത്തന്നെ തുടരുകയും ചെയ്യുന്നു.
ഗ്രാമീണ തലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതുവരെ 90 കുട്ടിക്കല്യാണങ്ങളെങ്കിലും തടയാന്‍ സുനിതയ്ക്കും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പീഡനക്കേസുകളില്‍ പെട്ട 220 പേരിലധികം പേര്‍ക്ക് നിയമസഹായം നല്‍കി. പൊലീസ് പീഡനക്കേസുകളില്‍ സഹായം നല്‍കിയവരുടെ എണ്ണം അഞ്ഞൂറിലധികം വരും. ഗാര്‍ഹിക പീഡനക്കേസുകളില്‍ പെട്ട 150 സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞു.
അതിനിടെ സുനിത രണ്ട് അംഗന്‍വാടികള്‍ തുടങ്ങി. (സാമ്പത്തിക പരാധീനതകള്‍ മൂലം ഇത് രണ്ടും പലപ്പോഴും തുറക്കാന്‍ കഴിയാറില്ല.) ഇതിന് പുറമെ സമുദായത്തില്‍ പെട്ട നൂറ് കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങളും നല്‍കിവരുന്നുണ്ട്.
ഇത്രയൊക്കെ ചെയ്താല്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും കടുത്ത എതിര്‍പ്പുകളാണ് സുനിത നേരിടേണ്ടി വരുന്നത്.
“സുനിതയ്ക്ക് നിരന്തരം വധഭീഷണികള്‍ കിട്ടാറുണ്ട്,” ഉമ ശ്രീറാം വെളിപ്പെടുത്തുന്നു. “ഇതിന് പുറമെ അറസ്റ്റുചെയ്യുമെന്ന വിരട്ടലുകളും. ഇതൊക്കെ അവഗണിച്ചും നേരിട്ടും സുനിത ജോലി തുടരുന്നു.
“സര്‍ക്കാരും സമൂഹവും ഈ സമൂഹങ്ങളുടെ സുരക്ഷയ്ക്കായി ഫലപ്രദമായ നടപടികള്‍ എടുക്കുമെന്ന പ്രതീക്ഷയിലാണവര്‍.”
സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് സുനിത സ്വന്തം സമുദായത്തിലെ മുതിര്‍ന്നവരുടെ വെറുപ്പ് സമ്പാദിച്ചു. സുനിത ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ നിന്ദിക്കുക മാത്രമല്ല, അവള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
“പതിനൊന്നാം വയസ്സുമുതല്‍ ബാബാസാഹെബ് അംബേദ്കറുടെയും ജോതിറാവു, സാവിത്രിബായ് ബൂലെ എന്നിവരുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ആളാണ് ഞാന്‍. അംബേദ്കറെ പിന്തടുരുന്നതിന്‍റെ പേരില്‍ എന്‍റെ സമുദായത്തിലെ പലരും എന്നെ കുറ്റപ്പെടുത്തിയിരുന്നു. കാരണം, അദ്ദേഹം ഒരു ദലിതനാണല്ലോ. നമ്മളെന്തിനാ ഒരു ദലിതന്‍റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. പല വീട്ടിലേക്കും എന്നെ കയറ്റിയിരുന്നില്ല. പക്ഷേ, ഇതൊക്കെ പതിയെ മാറിവരുന്നുണ്ട്,” സനിത പറഞ്ഞു.
സുനിതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത് സമുദായക്കോടതിയെയായിരുന്നു. സമുദായത്തിലെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനായി സുനിത ചെയ്ത സേവനങ്ങളാണ് അവര്‍ക്ക് പ്രശ്‌നമായത്… ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കിയതും സ്ത്രീധനത്തിനും കുട്ടിക്കല്യാണങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളും അവരെ വല്ലാതെ വെറുപ്പിച്ചു. സുനിതയെ കൈകാര്യം ചെയ്യാന്‍ അവര്‍ പണം കൊടുത്ത് ഗുണ്ടകളെ വരുത്തി.
“ഭാഗ്യവശാല്‍ എന്‍റെ സഹപ്രവര്‍ത്തകരും കുടുംബത്തിലെ ചിലരും അവരില്‍ നിന്നും എനിക്ക് സംരക്ഷണം നല്‍കി.”
ഇക്കാലത്തിനിടയില്‍ സമൂഹത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു നിര തന്നെ ഉണ്ടാക്കിയെടുക്കാന്‍ സുനിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം പ്രാദേശിക പൊലീസിലെ പലരും ആക്ടിവിസ്റ്റുകളുമൊക്കെയടങ്ങുന്ന ഒരു നെറ്റ് വര്‍ക്ക് അവര്‍ക്കുണ്ട്. അതുകൊണ്ട് എവിടെ ബാല്യവിവാഹം നടക്കാന്‍ പോകുന്നുണ്ടെങ്കിലും അത് മുന്‍കൂട്ടി അറിയാനും തടയാനും സുനിതയ്ക്കും കൂട്ടുകാര്‍ക്കും കഴിയുന്നുണ്ട്.
“ചെറിയ പ്രായത്തിലുള്ള കുട്ടികളെ വിവാഹം ചെയ്തയക്കുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നു. അവര്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്നില്ലെന്നും ഉറപ്പാക്കുന്നു.
“ഒമ്പതാംക്ലാസ്സ് വരെ പോയി പഠനം നിര്‍ത്തിയവരെ വീണ്ടും സ്‌കൂളിലെത്തിക്കാനുള്ള ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. വീട്ടിലെ സ്ഥിതി കാരണം പഠനം ഉപേക്ഷിക്കുന്നവരുടേയും വിവാഹം കഴിപ്പിച്ചയക്കാന്‍ വേണ്ടി പഠിപ്പ് നിര്‍ത്തിയവരുടെയും വീട്ടുകാരെ പോയിക്കണ്ട് പഠനച്ചെലവെല്ലാം ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് ഉറപ്പുകൊടുക്കുന്നു,” സുനിത വിശദീകരിച്ചു. “ആ കുട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങള്‍ ഏറ്റെടുക്കുന്നു.”
ക്രാന്തി ട്രസ്റ്റ് 200 കുട്ടികള്‍ക്ക് ഒരു സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഉമാ ശ്രീരാമിന്‍റെ പേരിലുള്ള ഈ സ്‌കോളര്‍ഷിപ്പ് സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് തെരുവില്‍ യാചിക്കാനിറങ്ങിയ ഫന്‍സെ പാര്‍ഥി സമുദായത്തില്‍ പെട്ട കുട്ടികളെ വിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. സ്‌കോളര്‍ഷിപ്പ് അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവുകള്‍ മുഴുവന്‍ വഹിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇതിന് പുറമെ കോളെജില്‍ പഠിക്കുന്ന അഞ്ച് കുട്ടികള്‍ക്ക് പൊലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കുള്ള ട്രെയിനിങ്ങും നല്‍കുന്നു.
സമുദായത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനുള്ള ശ്രമമാണ് മറ്റൊന്ന്. സര്‍ക്കാര്‍ സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇതുമൂലം കഴിയുന്നു.
സുനിത മുന്‍കൈയ്യെടുത്ത് ആയിരത്തോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി വീടുനിര്‍മ്മിച്ചുനല്‍കി.
സുനിതയെത്തേടി നിരവധി പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളുമെത്തി. പുരസ്‌കാരത്തുകയെല്ലാം സമുദായത്തിന്‍റെ ആരോഗ്യ പരിരക്ഷയ്ക്കായും വിദ്യാഭ്യാസത്തിനായും നല്‍കി. സുനിതയുടെ സംഘടനയുടെ ചെലവുകള്‍ വ്യക്തികള്‍ നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് നടത്തിപ്പോരുന്നത്.
സുനിതയ്ക്കിപ്പോള്‍ ഒന്‍പതേക്കര്‍ സ്ഥലമുണ്ട്. അവിടെ ജോവര്‍, ബാജ്‌റ, ഹര്‍ബര തുടങ്ങിയ ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. 15-20 ക്വിന്‍റല്‍ ധാന്യം ഇവിടെ വിളയും.
സന്നദ്ധപ്രവര്‍ത്തകള്‍ക്ക് ശമ്പളമൊന്നും നല്‍കാന്‍ കഴിയാത്തതുകൊണ്ട് വിളവിന്‍റെ ഒരു പങ്ക് അവര്‍ക്ക് കൊടുക്കും. സുനിതയുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരിലധികം പേരും തൊഴിലില്ലാത്തവരോ കൃഷിപ്പണിക്കാരോ വിദ്യാര്‍ത്ഥികളോ ഒക്കെയാണ്.
സുനിതയുടെ ജീവിതം ഒറ്റ ദിവസം പോലും ഒഴിവില്ലാത്ത പോരാട്ടം തന്നെയായിരുന്നു. ഇന്ന് അംബാലെയില്‍ അമ്മയ്‌ക്കൊപ്പം രണ്ട് മുറിയുള്ള ഒരു കോണ്‍ക്രീറ്റ് വീട്ടിലാണ് അവര്‍ താമസിക്കുന്നത്. സഹോദരി വിവാഹിതയായി. സോഹദരന് പൂനെയിലെ നാഷണല്‍ ഡിഫെന്‍സ് അകാദമിയില്‍ തോട്ടക്കാരനായി ജോലിയായി.
ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
സുനിത ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവരുടെ സമൂഹത്തിലും സുനിതയുടെ ജീവിതത്തിലും വരുത്തിയ മാറ്റങ്ങളെ ചുരുക്കിപ്പറയുന്നതിനേക്കാള്‍ നല്ലത് ഈ സംഭവകഥ കേള്‍ക്കുന്നതായിരിക്കും.
“ഒരിക്കല്‍ പഞ്ചായത്ത് (ജാതിക്കോടതി) എന്നെ കൈകാര്യം ചെയ്യാനായി ഒരു ഗുണ്ടയെ പണം കൊടുത്ത് വരുത്തി,” സുനിത ഓര്‍ക്കുന്നു. “അയാള്‍ എന്നെ ഒന്നും ചെയ്തില്ല. കാരണം നിരന്തരം ആക്രമിക്കുമായിരുന്ന ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനക്കേസ് നടത്താന്‍ ഞാന്‍ അയാളുടെ പെങ്ങളെ സഹായിച്ചിരുന്നു. ആക്രമിക്കാന്‍ ക്വൊട്ടേഷനെടുക്കുമ്പോള്‍ അയാള്‍ക്കറിയില്ലായിരുന്നു, എന്നെയാണ് ലക്ഷ്യമിടുന്നതെന്ന്. ഞാനാരാണെന്ന് മനസ്സിലായപ്പോള്‍, ഞാന്‍ ചെയ്യുന്നതെന്താണെന്നറിഞ്ഞപ്പോള്‍, അയാള്‍ പിന്‍മാറുകയായിരുന്നു.”
ശത്രുക്കള്‍ പോലും നിങ്ങളുടെ നല്ല പ്രവൃത്തികളെ അംഗീകരിക്കുമ്പോള്‍ അത് ശരിക്കും പ്രകാശം പരത്തുന്ന ജീവിതമാവുന്നു.