പ്രളയത്തില്‍ മുങ്ങിപ്പോയ അവര്‍ ദുപ്പട്ടയില്‍ പിടിച്ച് കരകയറുന്നു: കുര്യാപ്പിള്ളിയിലെ സ്ത്രീകളുടെ അതിജീവനകഥ

“പ്രളയത്തില്‍ ഞങ്ങള്‍ക്കും എല്ലാം നഷ്ടമായിരുന്നു. തറികളും നൂലും പാവും തുണികളുമൊക്കെയും പ്രളയത്തില്‍ നശിച്ചു പോയി.”

സാരിയും മുണ്ടും മാത്രമല്ല ഇനി ഈ സ്ത്രീകള്‍ നല്ല ദുപ്പട്ടയും നെയ്തെടുക്കും. നല്ല തൂവെള്ള നിറത്തില്‍ നീലയും പച്ചയും ചുവപ്പുമൊക്കെ വരകള്‍ ചേര്‍ത്തുണ്ടാക്കുന്ന ദുപ്പട്ടകള്‍. ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയ്ന്‍ നിറത്തിലുള്ള ഒരു ചുരിദാറിനൊപ്പം ഈ ദുപ്പട്ട കൂടിയിട്ടാല്‍ കിടിലനായിരിക്കും… അത്രയ്ക്ക് ഭംഗിയുണ്ട്.

ഈ ദുപ്പട്ടയുടെ കഥയറിഞ്ഞാല്‍ നിങ്ങളത് കാണും മുന്‍പേ ഒരുപക്ഷേ വാങ്ങിയേക്കും.


പ്രകൃതി സൗഹൃദ വസ്ത്രങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


എല്ലാം നഷ്ടമായ ഒരു കൂട്ടം പെണ്ണുങ്ങളുടെ അതിജീവനത്തിന്‍റെ കഥ കൂടിയാണിത്.

കുര്യാപ്പിള്ളി നെയ്ത്തുശാലയില്‍ സിനിമാ താരം മഞ്ജു വാര്യര്‍

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന പറവൂരുകാരെ ആരും മറന്നിട്ടുണ്ടാകില്ല. വീടും ജീവിതവും വരുമാനമാര്‍ഗങ്ങളുമെല്ലാം ഇവര്‍ക്ക് നഷ്ടമായി. നഷ്ടപ്പെട്ടതൊക്കെയും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നാട്ടുകാര്‍.


സ്ത്രീകള്‍ മാത്രമുള്ള പറവൂരിലെ ഏക കൈത്തറി സഹകരണസംഘമായ കുര്യാപ്പിള്ളി സൊസൈറ്റിക്കാരാണ് ദുപ്പട്ടയുടെ അണിയറക്കാര്‍.


പറവൂര്‍ മേഖലയിലെ നെയ്ത്തുകാരെ പ്രളയം പാടെ തകര്‍ത്തപ്പോള്‍ അക്കൂട്ടത്തില്‍ ഇവരുമുണ്ടായിരുന്നു, പെണ്ണുങ്ങള്‍ മാത്രമുള്ള കൈത്തറി നെയ്ത്തു സഹകരണ സംഘമായ കുര്യാപ്പിള്ളിക്കാര്‍.

കുര്യാപ്പിള്ളി സൊസൈറ്റി സന്ദര്‍ശിക്കുന്ന മഞ്ജു വാര്യര്‍

തോല്‍ക്കാന്‍ മനസില്ലാത്ത ഒരു കൂട്ടം പെണ്ണുങ്ങള്‍ ചേര്‍ന്ന് നഷ്ടപ്പെട്ടതൊക്കെയും തിരികെ പിടിക്കുകയാണ്. പുതുജീവിതം നെയ്തെടുക്കുകയാണ്. ഇവര്‍ക്ക് കൂട്ടായി ഒരുപാട് നല്ല മനുഷ്യര്‍ ചേര്‍ന്നു.

ഒന്നു രണ്ടു മാസമേ ആയിട്ടുള്ളൂ. ദുപ്പട്ട വിപണിയില്ലെത്തിച്ചിട്ടെന്നു പറഞ്ഞു തുടങ്ങുന്നു കുര്യാപ്പിള്ളി സൊസൈറ്റിയുടെ സെക്രട്ടറി സരിത പ്രദീപ്. “പ്രളയത്തില്‍ ഞങ്ങള്‍ക്കും എല്ലാം നഷ്ടമായിരുന്നു. തറികളും നൂലും പാവും തുണികളുമൊക്കെയും പ്രളയത്തില്‍ നശിച്ചു പോയി.”

തിരികെ വീണ്ടും നെയ്ത്തിലേക്ക് വരാനാകാത്ത സാഹചര്യമായിരുന്നു. തറി നന്നാക്കിയെടുക്കാന്‍ ഉള്ള അവസ്ഥയായിരുന്നില്ല അവരില്‍ പലര്‍ക്കും.

അങ്ങനെ പരമ്പരാഗതമായി ചെയ്തുവന്നിരുന്ന നെയ്ത്ത് അവസാനിപ്പിച്ചു എല്ലാവരും.

“ആയിടയ്ക്ക് കുറേ സഹായങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടി. സര്‍ക്കാരിന്‍റെ മാത്രമല്ല വിവിധ സംഘടനകളും സഹായിച്ചിരുന്നു. അക്കൂട്ടത്തിലാണ് ഗോപാല്‍ജി ഫൗണ്ടേഷനിലെ രാജേഷ് രവി പുതിയ ഒരു പ്രൊഡക്റ്റ് ഇറക്കാമെന്നു പറയുന്നത്,” സരിത പറയുന്നു.

“വിജയിക്കുമോ ഇല്ലയോ എന്നറിയില്ല.. വിജയിച്ചാല്‍ മുന്നോട്ട് തുടരാം എന്നൊക്കെ പറഞ്ഞാണ് പദ്ധതിയിലേക്ക് വരുന്നത്. ചെയ്തുനോക്കാം.. അശ്വതിയോടു കൂടി സംസാരിച്ചു തീരുമാനിക്കാമെന്നൊക്കെയാണ് ഞങ്ങളും (കുര്യാപ്പിള്ളി സൊസൈറ്റിക്കാര്‍) പറഞ്ഞത്.”


ഇതുകൂടി വായിക്കാം: മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും


കുര്യാപ്പിള്ളിക്കാരെക്കൊണ്ടു ദുപ്പട്ട തുന്നിച്ചതിനെക്കുറിച്ച് അശ്വതി സോമന്‍ പറയുന്നു.”പ്രളയമുണ്ടാകുന്നതിന് മുന്‍പാണ് ഞാന്‍ പറവൂരിലെത്തുന്നത്.”

ദുപ്പട്ട ഡിസൈനര്‍ അശ്വതി സോമന്‍

” സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഹാന്‍ഡ്ലൂം ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍റെ മൂന്നുവര്‍ഷത്തെ കോണ്‍ട്രാക്റ്റ് പ്രൊജക്റ്റിലൂടെയാണ് ഞാനിവിടെ വരുന്നത്. പ്രളയത്തില്‍ നിന്നു കര കയറാന്‍ പുതിയ അവസരങ്ങളാണ് അവര്‍ക്ക് കിട്ടിയത്. ജീവിതം തിരികെ പിടിക്കാന്‍ അതൊക്കെയും പരീക്ഷിച്ചു നോക്കാന്‍ അവരും തയാറായി. അങ്ങനെ എന്തെങ്കിലും പുതിയ പ്രൊഡക്റ്റ് ഇറക്കിയാലോ എന്ന ചിന്ത വരുന്നത്,” അശ്വതി തുടരുന്നു.

ഗോപാല്‍ജി ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ് പുതിയ പദ്ധതികളൊക്കെയും ആവിഷ്ക്കരിക്കുന്നത്. സാമ്പത്തികമായും അല്ലാതെയും വലിയ പിന്തുണയാണ് ഫൗണ്ടേഷന്‍ കുര്യാപ്പിള്ളിക്കാര്‍ക്ക് നല്‍കിയത്.

“ദുപ്പട്ട ചെയ്താലോയെന്നു തോന്നി. അതവരെക്കൊണ്ടു ചെയ്യാനാകുമെന്നും വിശ്വാസമുണ്ടായിരുന്നു. പിന്നെ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലും നമ്മുടെ നാട്ടുകാരൊക്കെ തന്നെയാണ്.

സൊസൈറ്റിയിലെ മുതിര്‍ന്ന അംഗം ഗീത

“ചേന്ദമംഗലത്തുകാര്‍ക്ക് കട്ടിയില്ലാതെ നെയ്തെടുക്കാന്‍ അറിയാം. കണ്ണൂരിലൊക്കെയുള്ളവരുടെ നെയ്ത്തിനെക്കാള്‍ നന്നായി ലോലമായി ഇവര് നെയ്യും. ദുപ്പട്ടയ്ക്ക് ഇത് നല്ലതാകും. അതുതന്നെ പ്രയോജനപ്പെടുത്താം. ഇവര്‍ക്ക് കട്ടിയില്ലാതെ നെയ്യാന്‍ പഠിപ്പിക്കണ്ട. അവരത് ചെയ്തോളും. ദുപ്പട്ടയാകുമ്പോള്‍ ആഗോള വിപണയില്‍ തന്നെ ഇടം കിട്ടാനും സാധ്യതയുണ്ട്,” എന്നായിരുന്നു അശ്വതിയുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍.

“ദുപ്പട്ട നെയ്തെടുക്കാമെന്നു തീരുമാനിച്ചു. തുടക്കമായിട്ട് പോലും വലിയ പ്രശ്നങ്ങളില്ലാതെ അവരെല്ലാം ദുപ്പട്ട നെയ്തു. വല്യ കോംപ്ലിക്കേറ്റഡായ ഡിസൈനൊന്നുമല്ല കൊടുത്തത്.”


പക്ഷേ ദുപ്പട്ടയൊക്കെ ആരെങ്കിലും വാങ്ങുമോ ലാഭം കിട്ടുമോ മെച്ചം ഉണ്ടാകോ എന്നൊക്കെയായിരുന്നു നെയ്യുന്ന ചേച്ചിമാരുടെ സംശയങ്ങള്‍.


ആദ്യം തന്നെ ഇവര്‍ക്കിടയില്‍ ഒരു ആത്മവിശ്വാസമുണ്ടാക്കുകയാണ് ചെയ്തത്. അവര്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നുവെന്നു അശ്വതി കൂട്ടിച്ചേര്‍ത്തു.

കുര്യാപ്പിള്ളിയുടെ ഉപഹാരം സൊസൈറ്റി സെക്രട്ടറി സരിത മഞ്ജുവിന് സമ്മാനിക്കുന്നു

ഒരു സൊസൈറ്റിയെ മാത്രമല്ല അഞ്ചാറ് സൊസൈറ്റികളെ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ സഹായിച്ചിട്ടുണ്ടെന്നു പറയുന്നു ഗോപാല്‍ജി ഫൗണ്ടേഷനിലെ രാജേഷ് രവി.

മൂത്തകുന്നം ഭാഗത്താണ് കുര്യാപ്പിള്ളി സൊസൈറ്റിക്കാരുള്ളത്. കുറച്ചകത്തേക്ക് മാറി കിടക്കുന്ന സ്ഥലമാണിത്. പറവൂരില്‍ നിന്നു ഗുരുവായൂര്‍ക്ക് പോകുന്ന റൂട്ടിലാണ് കുര്യാപ്പിള്ളി.


പ്രളയത്തില്‍ പൂര്‍ണമായും നശിച്ച ഇടങ്ങളിലൊന്നായിരുന്നു മൂത്തകുന്നം.


കുര്യാപ്പിള്ളിയുടെ പ്രസിഡന്‍റും സെക്രട്ടറിയും അംഗങ്ങളുമൊക്കെ സ്ത്രീകളാണ്. ഐഷ നാണപ്പനാണ് പ്രസിഡന്‍റ്. അങ്ങനെ പൂര്‍ണമായും സ്ത്രീകളുള്ള കൈത്തറി സംഘം ഇതേയുള്ളൂ.

സാരി നെയ്യുന്ന സരിത

ഇവര്‍ക്ക് നെയ്ത്തില്‍ നിന്നു വലിയ വരുമാനം ഒന്നുമില്ല.. സീസണില്‍ മാത്രമേയുള്ളൂ. വരുമാനവും കുറവാണ്. ഓണത്തിനും വിഷവിനും മാത്രമല്ലാതെ വര്‍ഷം മുഴുവന്‍ വില്‍ക്കാന്‍ സാധിക്കുന്ന എന്തെങ്കിലും തുന്നണം.. എന്നാലെ വരുമാനവും ഇവര്‍ക്ക് കിട്ടു.

അങ്ങനെയാണ് ദുപ്പട്ടയിലേക്കെത്തുന്നത്. അശ്വതിയുടെ സഹായത്തോടെയാണ് ദുപ്പട്ട ഇറങ്ങുന്നത്. ദുപ്പട്ടയുടെ ഡിസൈനര്‍ അശ്വതിയാണെന്നും രാജേഷ് രവി.


ഇതുകൂടി വായിക്കാം: കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്


“വെള്ള തുണിയില്‍ നിറങ്ങള്‍‍ ചേര്‍ത്താണ് ദുപ്പട്ടയുടെ ഡിസൈന്‍ ഒരുക്കിയത്.” ദുപ്പട്ടയെക്കുറിച്ച് അശ്വതി പറയുന്നു. ” വളരെ സിംപിളിലാണ് ഈ ദുപ്പട്ടകള്‍. നല്ല എലഗൻ്റ് ലുക്കുമുണ്ട്. യൂത്തിന് മാത്രമല്ല പ്രായമുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്.

“ഇപ്പോ വരകള്‍ മാത്രമേ ഡിസൈനായിട്ടുള്ളൂ. ഹാന്‍റ്ലൂമില്‍ തന്നെ കൈ കൊണ്ട് ഡിസൈന്‍ ചെയ്യാവുന്നതൊക്കെയുണ്ട്. അതൊക്കെ അടുത്ത ഘട്ടത്തില്‍ ചെയ്യാല്ലോ.

“നാട്ടില്‍ തന്നെ നല്ല ഡിമാന്‍റുണ്ട് കുര്യാപ്പിള്ളി ദുപ്പട്ടയ്ക്ക്. ഉണ്ടാക്കുന്ന എണ്ണത്തെക്കാള്‍ കൂടുതല്‍ ആവശ്യക്കാരാണിപ്പോള്‍ വരുന്നത്. ദുപ്പട്ടയുടെ നിര്‍മ്മാണം കൂട്ടാനുള്ള ശ്രമത്തിലാണ്. പ്രൊഡക്ഷന്‍ കൂടുകയാണെങ്കില്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാലോ,” എന്നാണ് അശ്വതിയുടെയും കൂട്ടരുടെയും ചിന്ത.

കേരളത്തിന് പുറത്തുള്ളവരും വാങ്ങുമെന്നാണ് അവരുടെ പ്രതീക്ഷ. ദുപ്പട്ടയായിട്ട് മാത്രമല്ല വേണമെങ്കില്‍ സ്റ്റോളായിട്ടും ഉപയോഗിക്കാം. നടി മഞ്ജു വാര്യരാണ് ദുപ്പട്ടയുടെ ആദ്യ വില്‍പന നടത്തിയത്.

കുര്യാപ്പിള്ളി സൊസൈറ്റിയിലെ സരള

190 സെന്‍റീമീറ്റര്‍ നീളവും 75സെന്‍റീമീറ്റര്‍ വീതിയുമുണ്ട് ദുപ്പട്ടയ്ക്ക്. കുര്യാപ്പിള്ളി സൊസൈറ്റിയില്‍ നിന്നു നേരിട്ടും ദുപ്പട്ട വാങ്ങാം. 250 രൂപ മുതല്‍ ദുപ്പട്ടകള്‍ കിട്ടും.


കുര്യാപ്പിള്ളി ചെറിയൊരു സൊസൈറ്റിയാണ്. സ്ഥലപരിമിതിയൊക്കെയുണ്ട്. ഒരുപാട് ബാധ്യതകളൊക്കെയുള്ള സൊസൈറ്റിയായിരുന്നു.


അതൊക്കെ പരിഹരിച്ചുവരുന്നു. കുറേ അംഗങ്ങളുണ്ട്. പക്ഷേ സജീവമായി നില്‍ക്കുന്നവര്‍ കുറവാണ്. പലരും നെയ്ത്ത് ഇടയ്ക്ക് അവസാനിപ്പിച്ചതാണ്. പ്രളയശേഷം പുതിയ പ്രൊജക്റ്റുകള്‍ വന്നപ്പോള്‍ പലരും തിരികെ വരാന്‍ താത്പ്പര്യം കാണിക്കുന്നുണ്ട്.

“ദുപ്പട്ടകള്‍ നെയ്യുന്നതിന് മാത്രം രണ്ട് സ്ത്രീകളുണ്ട്,” അശ്വതി പറയുന്നു. ” ദുപ്പട്ട പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരാളേയുണ്ടായിരുന്നുള്ളൂ. സരിത ചേച്ചിയായിരുന്നു ദുപ്പട്ട നെയ്തു തുടങ്ങിയത്.

ദുപ്പട്ട നെയ്യുന്ന ബിജി

പിന്നീട് ചേച്ചിയെ സാരിയിലേക്ക് മാറ്റിയപ്പോള്‍ വിജി വന്നു. ഇപ്പോ വിജിയും ജിനിയുമാണ് നെയ്യുന്നത്. ഇവര്‍ രണ്ടുപേരും സൊസൈറ്റിയില്‍ വരും. ഇവിടുത്തെ തറികളിലാണ് നെയ്യുന്നത്.

“സാധാരണ നെയ്ത്ത് പോലെ തന്നെയാണിതും. ഇതിനു ഡിസൈനുണ്ടെന്നു മാത്രം. ഡിസൈനും കളര്‍ കോമ്പിനേഷനുമൊക്ക പറഞ്ഞു കൊടുത്താല്‍ മതി. അവരത് കൃത്യമായിട്ട് ചെയ്തോളും. ഡിസൈനിങ്ങൊക്കെ ആദ്യം പഠിപ്പിച്ചു കൊടുത്തതു അശ്വതിയായിരുന്നു,” സരിത പറയുന്നു.

“അശ്വതിയുടെ പ്രൊജക്റ്റ് തീര്‍ന്നതോടെ ഇപ്പോ ഡിസൈനൊക്കെ പറഞ്ഞുകൊടുക്കുന്നത് ഞാനാണ്. ഓണ്‍ലൈനിലൊക്കെ നോക്കി പുതിയ ഡിസൈനൊക്കെ പഠിക്കാനൊക്കെ ശ്രമിക്കുന്നുണ്ട്.”

രാജി നെയ്ത്തുശാലയില്‍

21 സ്ത്രീകളടങ്ങുന്നതാണ് കുര്യാപ്പിള്ളി സൊസൈറ്റി. വീട്ടിലിരുന്നു നെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. പ്രായം കുറഞ്ഞവരാണ് സൊസൈറ്റിയില്‍ വന്നു നെയ്യുന്നത്. ഇവിടെ എട്ട് തറികളുണ്ട്. വീട്ടിലിരുന്ന് നെയ്യുന്ന 13 പേരിലേറെയും പെന്‍ഷനായവരാണ്. പെന്‍ഷനായവരുടെ കൂട്ടത്തിലാണ് ഗീത ചേച്ചിയും.

പക്ഷേ ഗീത ചേച്ചി സൊസൈറ്റിയില്‍ വന്നാണ് നെയ്യുന്നത്. 63-65 വയസൊക്കെയുള്ളവരാണ് കൂടുതലും.30-35 വയസുള്ളവരാണ് ബാക്കിയുള്ളവര്‍. ഇവരില്‍ പ്രായമായവര്‍ പാരമ്പര്യമായി നെയ്യുന്നവരാണ്. പ്രളയത്തിന്‍റെ സമയത്ത് 19 പേരെ സംഘത്തിലുണ്ടായിരുന്നുള്ളൂ. ഇപ്പോ 21 പേരുണ്ട്.

കുര്യാപ്പിള്ളി സൊസൈറ്റിലെ സ്ത്രീകള്‍ നെയ്തെടുത്ത സാരി

ദുപ്പട്ട മാത്രമല്ല ഇവിടെ നെയ്യുന്നതെന്നു പറയുന്നു സരിത. “ഷര്‍ട്ട് പീസും സാരിയും തോര്‍ത്തും കാവിമുണ്ടും ബെഡ് ഷീറ്റും സര്‍ക്കാര്‍ യൂനിഫോമുകളും ഇവിടെ നെയ്യുന്നുണ്ട്. പക്ഷേ അതൊക്കെയും എല്ലായ്പ്പോഴും വരുമാനം തന്നിരുന്നതല്ല. ദുപ്പട്ടയിലൂടെ ഞങ്ങളുടെയൊക്കെ ജീവിതത്തിലും മാറ്റം വരുമെന്നാണ് കരുതുന്നത്.”

നെയ്ത്തുകാര്‍ക്ക് ആഴ്ചയില്‍ 900 രൂപ കിട്ടും. സര്‍ക്കാര്‍ പദ്ധതിയായ പ്രൊഡക്ഷന്‍ ഇന്‍സെന്‍റീവ് അനുസരിച്ചാണ് ആ തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. ഒരാഴ്ചയില്‍ ഇത്രയും എണ്ണം വര്‍ക് തീര്‍ക്കണമെന്നുണ്ട്.

അതിപ്പോ ദുപ്പട്ടയാണെങ്കില്‍ ഒരാഴ്ചയുടെ അവസാനം 26 ദുപ്പട്ട ചെയ്തിരിക്കണം. സാരിയ്ക്കും മുണ്ടിനുമൊക്കെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്രം. ഇതിനൊപ്പം കൂലി 1,300രൂപയാണ്.

“പക്ഷേ ഈ തുകയൊക്കെ കൈയില്‍ കിട്ടണമെങ്കില്‍ കുറച്ചുപാടാണ്. സര്‍ക്കാര്‍ ഫണ്ടല്ലേ ഒരു സമയത്തിനേ വരൂ,” സരിത പറഞ്ഞു.


എല്ലാ ബില്ലും തയ്യാറാക്കി മൂന്നു മാസം കൂടുമ്പോള്‍ സര്‍ക്കാരിലേക്ക് അയച്ചു കൊടുക്കും. പക്ഷേ ഫണ്ട് അനുവദിച്ച് കൈയില്‍ കിട്ടാന്‍ സമയമെടുക്കും.


കൃത്യം ഓരോ ആഴ്ച കഴിയുമ്പോഴും കിട്ടില്ലാല്ലോ.. പിന്നെ കിട്ടുമ്പോള്‍ ഒരുമിച്ച നല്ലൊരു തുക കിട്ടുമെന്നു മാത്രമെന്നു സരിത കൂട്ടിച്ചേര്‍ക്കുന്നു.

“സീസണ്‍ അനുസരിച്ചേ മിക്കവാറും വര്‍ക്കുണ്ടാകൂ. വരുമാനവും കുറവായിരിക്കും.” അതുകൊണ്ടാണ് എപ്പോഴും വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്യണമെന്നു ഇവരോട് പറയുന്നതെന്നു രാജേഷ് രവി.

നെയ്യാനുള്ള പാവ് സൊസൈറ്റി കൊടുക്കും. വീട്ടില്‍ പോയി നെയ്ത് മുണ്ടാക്കി സൊസൈറ്റിയില്‍ കൊടുത്താല്‍ മതി. ലോണിനാണ് ഈ പാവ് കൊടുക്കുന്നത്. മുണ്ടും സാരിയുമൊക്കെ നെയ്തു കൊടുക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ നിന്നു ഈ ലോണ്‍ അടച്ചു തീര്‍ക്കേണ്ടി വരും.

മെച്ചപ്പെട്ട വരുമാനം ഇവര്‍ക്ക് കിട്ടുന്നില്ല. ദുപ്പട്ട പദ്ധതിയിലൂടെ ഈ പ്രശ്നം പരിഹരിക്കാനായേക്കും. ദുപ്പട്ട തയാറാക്കാന്‍ രണ്ട് തറികളാണുള്ളത്. ഇതിനുള്ള ഫണ്ടാണ് ഗോപാല്‍ജി ഫൗണ്ടേഷന്‍ നല്‍കിയത്.


ഇതുകൂടി വായിക്കാം: ക്വട്ടേഷനെടുത്ത ഗുണ്ട പോലും സുനിതയെ ആക്രമിക്കാതെ പിന്‍മാറി: ‘ക്രിമിനല്‍ ഗോത്ര’ങ്ങളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കുവേണ്ടി ഉയര്‍ന്ന സ്ത്രീശബ്ദം


ദുപ്പട്ട നല്ല വരുമാനം തന്നെ നല്‍കുന്നുണ്ടെന്നു സരിത പറയുന്നു. “ദുപ്പട്ടയെക്കുറിച്ച് അറിഞ്ഞ് പലരും സൊസൈറ്റിയിലേക്ക് നേരിട്ട് വന്നു. ചിലരൊക്കെ കൊറിയര്‍ അയക്കാന്‍ പറഞ്ഞു. ദുപ്പട്ടയുടെ വിപണനം ഒരു പ്രശ്നമല്ല. റിബേറ്റ് ഇട്ട് വില്‍ക്കേണ്ടി വരുന്നില്ല. ആവശ്യക്കാര്‍ കൂടുതലുണ്ടല്ലോ. ഇതു പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്.

കൂടുതല്‍ ആളുകള്‍ക്ക് ട്രെയ്നിങ് കൊടുക്കണമെന്നുണ്ട്. ഇതിന് ട്രെയ്നിങ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷയൊക്കെ കൊടുത്തിട്ടുണ്ട്. കൂടുതലാളുകള്‍ ദുപ്പട്ട നെയ്യുന്നത് പഠിക്കണമെന്നു പറഞ്ഞു വരുന്നുണ്ട്. ട്രെയ്നിങ്ങിന് വരുന്നവര്‍ക്ക് ഒരു സ്റ്റൈപന്‍റ് കൊടുക്കുകയാണെങ്കില്‍ നല്ലതല്ലേ.. കൂടുതലാളുകളും വന്നേക്കുമെന്നും സരിത പ്രതീക്ഷയോടെ പറയുന്നു.

കുര്യാപ്പിള്ളി സംഘത്തിനൊപ്പം മഞ്ജു വാര്യര്‍

ഗോപാല്‍ജി ഫൗണ്ടേഷനെക്കുറിച്ച്

പത്ത് വര്‍ഷം മുന്‍പാണ് ഗോപാല്‍ജി ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എറണാകുളം മഹാരാജാസ് കോളെജില്‍ 1986-1995 കാലഘട്ടത്തില്‍ പഠിച്ച കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഫൗണ്ടേഷനുണ്ടാക്കിയത്.


ഇതുകൂടി വായിക്കാം: ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി


“ഞങ്ങളൊക്കെ ഗോപാല്‍ജി എന്നു വിളിക്കുന്ന  ഒരു കൂട്ടുകാരനുണ്ടായിരുന്നു. വി.ബി. ഗോപാലകൃഷ്ണന്‍. 2010ല്‍ ക്യാന്‍സര്‍ ബാധിച്ചാണ് ഗോപാല്‍ജി മരിക്കുന്നത്,” രാജേഷ് രവി പറയുന്നു.

“അങ്ങനെ അവന്‍റെ ഓര്‍മയ്ക്ക് ആരംഭിച്ചതാണ് ഫൗണ്ടേഷന്‍. ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്ന സംഘടനയാണ്. പ്രളയം വന്നപ്പോള്‍ ഇങ്ങനെയൊരു കാര്യം കൂടി ചെയ്തു,” അദ്ദേഹം കൂട്ടിചേര്‍ത്തു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം