ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്‍പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്

ചുമരുകള്‍ക്ക് മേല്‍ മഴവെള്ളം വീഴാതെ തടയാന്‍ കഴിയുന്ന തരത്തിലുള്ള മേല്‍ക്കൂരകള്‍ ഉണ്ടെങ്കില്‍ മണ്‍വീടുകള്‍ ആയിരക്കണക്കിന് വര്‍ഷം നിലനില്‍ക്കുമെന്നാണ് യൂജിന്‍ പണ്ടാല പറയുന്നത്.

ന്‍ഡ്യയില്‍ മണ്‍വീടുകള്‍ സര്‍വ്വസാധാരണമായിരുന്നു. പലതലമുറകള്‍ നിലനിന്നിരുന്ന ആ കെട്ടിടങ്ങള്‍ പ്രകൃതി സൗഹൃദങ്ങളും ചുറ്റുമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയുമായിരുന്നു.

ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, വീടുണ്ടാക്കാനുള്ള വസ്തുക്കള്‍ അഞ്ചുമൈല്‍ ചുറ്റളവില്‍ നിന്ന് ലഭിക്കുന്നതായിരിക്കണം എന്ന്. ആ വാക്കുകളുടെ അര്‍ത്ഥം നമ്മളിപ്പോള്‍ കൂടുതലായി മനസ്സിലാക്കുന്നുണ്ട്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


പ്രശസ്ത വാസ്തുശില്‍പി ലാറി ബേക്കറെ ഗാന്ധിജി പറഞ്ഞ ആശയം ആഴത്തില്‍ സ്വാധീനിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടിയായിരിക്കണം കെട്ടിടങ്ങള്‍ പണിയാന്‍ എന്നും അത് പ്രകൃതിക്ക് പോറലേല്‍പ്പിക്കാത്തതായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു.

ലാറി ബേക്കര്‍. ഫോട്ടോ: വിക്കിപീഡിയ

കാലവും കാലാവസ്ഥയും ഇന്ന് മണ്‍വീടുകളുടെ ഗുണങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങളുടെ ആവശ്യം ജനം കുറെയൊക്കെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

ഇത് വളരെ നേരത്തെ മനസ്സിലാക്കുകയും ഇന്‍ഡ്യയിലങ്ങോളമിങ്ങോളം മനോഹരമായ മണ്‍വീടുകളും പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളും പണിതുയര്‍ത്തുകയും ചെയ്ത ഒരു ആര്‍കിടെക്റ്റുണ്ട് കേരളത്തില്‍… കൊല്ലംകാരനായ യൂജിന്‍ പണ്ടാല.


1996-മുതല്‍ അദ്ദേഹം മണ്‍വീടുകള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.


ഇപ്പോള്‍ ആരെയും പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമില്ല. എല്ലാവര്‍ക്കുമറിയാം പരമ്പരാഗതമായി നമ്മള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടുകളുടെ ഗുണം, യൂജീന്‍ പണ്ടാല ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

യൂജിന്‍ പണ്ടാല

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥനുവേണ്ടി ഒരു മണ്‍വീട് നിര്‍മ്മിച്ചു. അതിന് ബോധി എന്ന് പേരിട്ടു. ഒരുപാട് പ്രസിദ്ധീകരണങ്ങളില്‍ ബോധിയെക്കുറിച്ച് ആളുകള്‍ എഴുതി. അതോടെ പരിസ്ഥിതി സൗഹൃദവീടുകളെക്കുറിച്ച് ആളുകള്‍ കൂടുതലായി സംസാരിക്കാനും ശ്രദ്ധിക്കാനും തുടങ്ങി, യുജീന്‍ പണ്ടാല അദ്ദേഹം നിര്‍മ്മിച്ച മണ്‍വീട് ജനശ്രദ്ധയില്‍ വന്നതിനെക്കുറിച്ച് പറുയുന്നു.

റിസോര്‍ട്ടുകള്‍, ഫിലിം അക്കാദമികള്‍, ഹോസ്പിറ്റലുകള്‍, പഴശ്ശി സ്മാരകം പോലുള്ള പൈതൃക മന്ദിരങ്ങള്‍ തുടങ്ങി ഒരുപാട് പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ അദ്ദേഹം 1996 മുതല്‍ നിര്‍മ്മിച്ചുവരുന്നു.


പ്രാദേശികമായി കിട്ടുന്ന വൈക്കോല്‍, മുള, മരങ്ങള്‍ എന്നിവയാണ് അദ്ദേഹം കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍  കൂടുതലായി ഉപയോഗിക്കുന്നത്.


പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങളോടുള്ള താല്‍പര്യം ചെറുപ്പത്തിലേ കിട്ടിയതാണ്. കൊല്ലത്താണ് പണ്ടാല ജനിച്ചതും വളര്‍ന്നതും.
“കടലിന്‍റെ മടിത്തട്ടില്‍, കായലുകളും മലകളും, വിശാലമായ വയലുകളുമുള്ള നാട്ടിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. കുമ്മായം പൂശിയ മണ്‍വീടായിരുന്നു എന്‍റേത്. അച്ഛന്‍ ആര്‍ട്ടിസ്റ്റായിരുന്നു. അതുകൊണ്ട് വീട്ടില്‍ കളിമണ്ണെപ്പോഴും സ്‌റ്റോക്കുണ്ടായിരുന്നു.

ബോധി എന്ന വീടിന്‍റെ ഉള്‍വശം

“ഞാന്‍ ആ കളിമണ്ണെടുത്ത് കളിവീടുകളുണ്ടാക്കുമായിരുന്നു. സ്വാഭാവികമായും പ്രകൃതിയോടിണങ്ങി ജീവിക്കണമെന്ന് അന്നേ മനസ്സിലുറപ്പിച്ചിരിക്കണം,” 65-കാരനായ ആര്‍കിടെക്റ്റ് പറയുന്നു.

പിന്നീട്, ആര്‍കിടെക്ചര്‍ ഒരു പഠനവിഷയമായെടുത്തതോടെ ഈ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം വന്നു. ന്യൂ ഡെല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ്ങ് ആന്‍റ് ആര്‍കിടെക്ചറില്‍ നിന്ന് ബിരുദാനന്തരബിരുദം. അതിന് ശേഷം പൈതൃക സംരക്ഷണത്തില്‍ ഫെല്ലോഷിപ്പിനായി യു.കെയിലെ യോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലും ഫോര്‍ട്ട് ബ്രോക്ഹഴ്‌സ്റ്റ് ഇംഗ്ലീഷ് ഹെറിറ്റേജ് ട്രെയ്‌നിങ്ങ് സെന്‍ററിലും.


ഇതുകൂടി വായിക്കാം: ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


ഈജിപ്ഷ്യന്‍ ആര്‍കിടെക്റ്റ് ഹസ്സന്‍ ഫാത്തി പണ്ടാലയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ആര്‍കിടെക്ചര്‍ ഫോര്‍ ദ് പുവര്‍: ഏന്‍ എക്‌സപെരിമെന്റ് ഇന്‍ റൂറല്‍ ഈജിപ്ത് എന്ന് പുസ്തകത്തില്‍ ഫാത്തി വിവരിച്ച സാങ്കേതികവിദ്യകള്‍ പ്രകൃതിയെ അലോസരപ്പെടുത്താതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി.

നിര്‍മ്മിക്കുന്നതിന് മുമ്പ് കെട്ടിടം ഉയരാന്‍ പോകുന്ന സ്ഥലത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനമാണ് പണ്ടാല ആദ്യം നടത്തുന്നത്.

പ്രകൃതിയില്‍ വളരെ ചെറിയ തോതിലുള്ള ഇടപെടല്‍ മാത്രമേ നടത്താവൂ. സ്ഥലത്തെ മരങ്ങളെയും ജലാശയങ്ങളേയും ബാധിക്കാതെ കെട്ടിടം നിര്‍മ്മിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. കാറ്റിന്‍റെ ഗതിയും സൂര്യപ്രകാശം കിട്ടുന്നതിനുള്ള സാധ്യതയുമെല്ലാം സൂക്ഷ്മമായി പഠിക്കും. ഇതനുസരിച്ച് വീടുണ്ടാക്കിയാല്‍ എ. സി, ഹീറ്റര്‍, ഫാന്‍, ബള്‍ബുകള്‍ എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കാന്‍ കഴിയും, അദ്ദേഹം പറയുന്നു.

പണ്ടാല പണ്ടത്തെ ഒരു രീതിയാണ് അധികവും പ്രയോഗിക്കുന്നത്. കളിമണ്ണും മണ്ണും വൈക്കോലും വെള്ളവുമൊക്കെ ചേര്‍ത്തുകുഴച്ച് ഭിത്തിയുണ്ടാക്കുന്ന കോബ് എന്ന സങ്കേതം. വീടിന് ഉറപ്പുകൂട്ടാന്‍ 20 ശതമാനത്തിലധികം കളിമണ്ണ് അദ്ദേഹം ചേര്‍ക്കാറുണ്ട്. ഈ മിശ്രിതം യന്ത്രമുപയോഗിച്ചോ അല്ലാതെയോ കുഴച്ചെടുക്കും.

ഇതിന് പുറമെ റാമ്മ്ഡ് ഏര്‍ത്ത് ടെക്‌നിക്കും പ്രയോജനപ്പെടുത്തുന്നു. ഇത് പ്രധാനമായും തറയുറപ്പിക്കാനും ചുമരുകള്‍ക്കുമാണ്. മണ്ണും കുമ്മായവും കല്ലും എല്ലാം ചേര്‍ത്ത് ഉറപ്പിച്ചെടുക്കുന്ന രീതിയാണിത്.

ഈ രണ്ട് രീതിയിലും വീടുണ്ടാക്കുന്നത് സ്ഥലത്ത് കിട്ടുന്ന മണ്ണും മറ്റ് അസംസ്‌കൃത വസ്തുക്കലും ഉപയോഗിച്ചാണ്. അതുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷനുമുള്ള ചെലവ് കുറയുന്നുവെന്ന് മാത്രമല്ല, ഊര്‍ജ്ജ ഉപയോഗവും കാര്‍ബണ്‍ ഫൂട്പ്രിന്റും കുറയ്ക്കാന്‍ കഴിയുന്നു.

കോബ് വിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന വീടുകളുടെ ചുമരുകള്‍ക്ക് വീതി കൂടുതലായിരിക്കും. ചൂടുകാലത്ത് ഈ വീടുകള്‍ക്കുള്ളില്‍ സ്വാഭാവികമായിത്തന്നെ ചൂടുകുറവായിരിക്കും. തണുപ്പ് കാലത്തും ഉള്ളില്‍ സുഖകരമായ അന്തരീക്ഷമായിരിക്കും.

മണ്ണുകൊണ്ടുള്ള കെട്ടിടങ്ങള്‍ റീസൈക്കിള്‍ ചെയ്യാവുന്നവയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മലിനീകരണവും കുറവായിരിക്കും. ചുമരുകള്‍ക്ക് മേല്‍ മഴവെള്ളം വീഴാതെ തടയാന്‍ കഴിയുന്ന തരത്തിലുള്ള മേല്‍ക്കൂരകള്‍ ഉണ്ടെങ്കില്‍ മണ്‍വീടുകള്‍ ആയിരക്കണക്കിന് വര്‍ഷം നിലനില്‍ക്കുമെന്നാണ് യൂജിന്‍ പണ്ടാല പറയുന്നത്.

“മേല്‍ക്കൂര ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ ചുമരുകള്‍ക്കു പുറത്തേക്ക് നന്നായി നീട്ടിയെടുക്കും, കുറഞ്ഞത് രണ്ട് അടിയെങ്കിലും. ഇങ്ങനെ ചെയ്താല്‍ മഴവെള്ളം ചുമരില്‍ പതിക്കില്ല,” അദ്ദേഹം പറഞ്ഞു.

മണ്‍വീടുകളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെയെല്ലാം സംശയം ഇതാണ്. അതിനൊക്കെ കോണ്‍ക്രീറ്റ് വീടുപോലെ ഉറപ്പുണ്ടാവുമോ? ഇടയ്ക്കിടെ അറ്റകുറ്റപപ്പണി വേണ്ടി വരുമോ?

ഒരുപാട് മണ്‍വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചതിന്‍റെ അനുഭവത്തില്‍ നിന്ന് ആദ്ദേഹം അതിന് മറുപടി പറയുന്നു. “ശരിയാണ്, മഴക്കാലത്ത് മണ്‍വീടുകള്‍ക്ക് ചില പ്രശ്‌നങ്ങളൊക്കെ നേരിടാനിടയുണ്ട്. ഇത് പക്ഷേ, നിര്‍മ്മാണവേളയില്‍ തന്നെ ചില മുന്‍കരുതലുകളെടുത്താല്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഉറപ്പുകൂട്ടുന്നതിന് ഗോതമ്പിന്‍റെ ഉമി, വൈക്കോല്‍, കുമ്മായം ചാണകം ഇതൊക്കെ ചേര്‍ത്തുനിര്‍മ്മിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.”

ചെലവിനെപ്പറ്റിയാണെങ്കില്‍, ഒരു ശരാശരി കോണ്‍ക്രീറ്റ് വീട് നിര്‍മ്മിക്കാന്‍ ചതുരശ്ര അടിക്ക് എറ്റവും കുറഞ്ഞത് ആയിരം രുപ ചെലവാകുമ്പോള്‍ പരിസ്ഥിതി സൗഹൃദമായ മണ്‍വീട് നിര്‍മ്മിക്കാന്‍ ചതുരശ്ര അടിക്ക് വെറും 600 രൂപ മാത്രമെ ചെലവാകുന്നുള്ളൂ, യൂജിന്‍ പണ്ടാല വിശദീകരിക്കുന്നു.

പരിസ്ഥിതി സൗഹൃദ വീടുകളുടെ ഈ ആര്‍കിടെക്റ്റിനെത്തേടി ലാറി ബെക്കര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.
കളിമണ്ണിനോടുള്ള ഒരു കുട്ടിയുടെ ഇഷ്ടം ഇന്ന് കാര്‍ബണ്‍ മാലിന്യം കുറയ്ക്കുന്ന പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണത്തിനായുള്ള പുതിയ പുതിയ പരീക്ഷണങ്ങളില്‍ എത്തി നില്‍ക്കുന്നു.

മധ്യപ്രദേശിലെ ടെന്‍ഡു ലീഫ് ജംഗിള്‍ റിസോര്‍ട്ട് അദ്ദേഹം നിര്‍മ്മിച്ചത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കൊണ്ടാണ്. ഉപേക്ഷിക്കപ്പെട്ട മരവും സ്റ്റീലും റിസോര്‍ട്ടിലെ മനോഹരമായ കെട്ടിടങ്ങളായി മാറി–ചെലവുകുറഞ്ഞതും മനോഹരവും പരിസ്ഥിതി സൗഹൃദവുമായ കെട്ടിടങ്ങള്‍!


ഇതുകൂടി വായിക്കാം:മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും


പരിസ്ഥിതി സൗഹൃദ വീടുകള്‍ നിര്‍മ്മിക്കുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. ആഗോളതാപനത്തിന് വഴിവെക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ നാല്‍പത് ശതമാനവും കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാവുന്നതാണ് (അസംസ്‌കൃതവസ്തുക്കളുടെ നിര്‍മ്മാണം മുതല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വരെ ഇതില്‍പ്പെടും). ഇതിന് പുറമെയാണ് വീടുകളിലെ അമിതമായ ഊര്‍ജ്ജ ഉപയോഗം. കുടിവെള്ള പ്രതിസന്ധി, പ്രളയം ഇതിനെയൊക്കെ അതിജീവിക്കാന്‍ ജീവിതരീതിയില്‍ നമ്മള്‍ തിരുത്തുകള്‍ വരുത്തിയേ മതിയാവൂ, അദ്ദേഹം പറയുന്നു.

***

യൂജിന്‍ പണ്ടാലയുമായി ബന്ധപ്പെടാം: ലിങ്ക്

ചിത്രങ്ങള്‍ക്ക് കടപ്പാട്: യൂജിന് പണ്ടാല

 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം