550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു

പഞ്ചായത്തിലെ വലിയൊരു പ്രശ്നത്തിന് ഒരൊറ്റ നിമിഷം കൊണ്ടു പരിഹാരം കണ്ടെത്തിയതോടെ എല്ലാവര്‍ക്കും റൈനയോട് ഇഷ്ടവും ബഹുമാനവും തോന്നിത്തുടങ്ങി

“ആരും പ്ലാസ്റ്റിക് വേസ്റ്റുകളൊന്നും റോഡിലേക്ക് വലിച്ചെറിയരുത്, പ്ലീസ്… നിങ്ങളിതൊക്കെ ഒരു ചാക്കിലോ കവറിലോ ആക്കി സൂക്ഷിച്ചു വയ്ക്കൂ. ഞാന്‍ വന്നു അതെടുത്തോളാം,” പുക്കളത്തുകാരോട് റൈനയ്ക്ക് ഇതേ പറയാനുള്ളൂ.

മറ്റുപലരും മുഖംതിരിച്ചു നിന്ന ജോലിക്ക് ചിരിച്ച മുഖത്തോടെ ഇറങ്ങിച്ചെന്നവളാണ് റൈന.

കുടുംബശ്രീയിലും തൊഴിലുറപ്പു പദ്ധതിയിലുമൊക്കെ സജീവമായ ഒരു സാധാരണക്കാരി. അധികം വിദ്യാഭ്യാസമൊന്നും അവകാശപ്പെടാനില്ല. മൂന്ന് മക്കളുള്ള കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമക്കുന്ന ഒരു പോരാളി കൂടിയാണ് റൈന. ഒപ്പം നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ചുമതല കൂടി റൈന ഏറ്റെടുത്തു.

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പോകുന്ന റൈന

പഞ്ചായത്തിലെ വലിയൊരു പ്രശ്നത്തിന് ഒരൊറ്റ നിമിഷം കൊണ്ടു പരിഹാരം കണ്ടെത്തിയതോടെ എല്ലാവര്‍ക്കും റൈനയോട് ഇഷ്ടവും ബഹുമാനവും തോന്നിത്തുടങ്ങി. എല്ലാ ആഴ്ചയിലും പെരിയ ബസാറിലെ 550 വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റീസൈക്ലിങ്ങിനായി കൊണ്ടുപോകുന്ന റൈന ദ് ബൈറ്റര്‍ ഇന്‍ഡ്യയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

“കുടുംബശ്രീയിലുണ്ട് ഞാന്‍. കുടുംബശ്രീയുടെ ഒരു മീറ്റിങ്ങില്‍ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചൊക്കെ ചര്‍ച്ച വന്നു.


പ്ലാസ്റ്റിക് വലിയൊരു പ്രശ്നമാണല്ലോ. അതിനൊരു പരിഹാരമായി പഞ്ചായത്ത് ഒരു പദ്ധതി കൊണ്ടുവന്നു.


“ഹരിത കര്‍മ സേന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയില്‍ പറയുന്നത്, ഓരോ വാര്‍ഡിലും രണ്ടു ജീവനക്കാരെ നിയമിച്ച് പ്ലാസ്റ്റിക് വീടുകളില്‍ നിന്നു ശേഖരിക്കാമെന്നാണ്. നല്ലതല്ലേ.. പ്ലാസ്റ്റിക് ആരും വഴിയില്‍ വലിച്ചെറിയില്ലല്ലോ..

പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചെടുക്കുന്ന തിരക്കിലാണ്

“പദ്ധതിയൊക്കെ എല്ലാവരും കൈയടിച്ചു അംഗീകരിച്ചു. എന്നാല്‍ ആര് മാലിന്യം ശേഖരിക്കാന്‍ ഓരോ വീടുകളിലും പോകും? ഈ ചോദ്യത്തിന് ആരും ഒരു മറുപടിയും നല്‍കിയില്ല. മാലിന്യമെടുക്കാന്‍ പോകാനുള്ള മടികൊണ്ടാകും ആരും ഒന്നും മിണ്ടാതെയിരുന്നു.

“അന്നേരം ‍ഞാനെഴുന്നേറ്റ് പറഞ്ഞു, ഞാന്‍ റെഡിയാണ്. വീടുകളില്‍ പോയി ‍ഞാന്‍ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ ശേഖരിച്ചോളാം.”

പുല്ലൂര്‍- പെരിയ പഞ്ചായത്തിനകത്തെ പെരിയ ബസാര്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കണം. ആകെ 550 വീടുകളുണ്ട് വാര്‍ഡില്‍.

“കുറച്ച് കഷ്ടപ്പാടുകളുള്ള ജോലിയാണ്. ഇത്രയും വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകളെടുത്ത് മോയോലത്തെ സംഭരണകേന്ദ്രത്തിലെത്തിക്കണം. അവിടെ നിന്നു കൊണ്ടുപോകുന്നതൊക്കെ നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്,” റൈന പറഞ്ഞു.


 

ഇതുകൂടി വായിക്കാം: കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്


കഴിഞ്ഞ ഒരു വര്‍ഷമായി കൃത്യമായി വീടുകളില്‍ പോയി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റൈന ശേഖരിക്കുന്നുണ്ട്. സ്വന്തമായി ഒരു സ്കൂട്ടറുണ്ട്. അതിലാണ്  പോകുന്നത്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള പണികള്‍ക്കും റൈന പോകുന്നുണ്ട്. അതാണ് ഒരു പ്രധാന വരുമാനം. ആ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിയൊക്കെയാകുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ഇറങ്ങും.

മൂന്ന് മക്കളുള്ള കുടുംബം ഒറ്റയ്ക്ക് പോറ്റാനുള്ള ഒരു സ്ത്രീയുടെ പെടാപ്പാട് കൂടിയാണിത്.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ജോലികള്‍ ഇല്ലാത്ത ദിവസങ്ങളിലാണെങ്കില്‍ റൈന രാവിലെ പോകും. കുട്ടികളെയൊക്കെ സ്കൂളിലേക്ക് അയച്ചിട്ട്, ഒമ്പത് മണിയൊക്കെയാകുമ്പോള്‍ വണ്ടിയുമായിട്ട് ഇറങ്ങും.

“പ്ലാസ്റ്റിക് വേസ്റ്റുകളുണ്ടെങ്കില്‍ വീട്ടുകാര് എന്നെ വിളിച്ചു പറയും. ഓരോ വീട്ടിലും എന്‍റെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. വേസ്റ്റ് ആകുമ്പോള്‍ വിളിച്ചാല്‍ മതി ഞാന്‍ വന്നു കൊണ്ടുപോയ്ക്കോളാം… എന്നാണ് പറഞ്ഞേക്കുന്നത്.

“വീട്ടുകാര് വിളിച്ചു പറയും. അതനുസരിച്ച് ഞാന്‍ ചാക്കുമായി പോകും. ഓരോ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് ചാക്കുകളിലാക്കും.

“പലരും പ്ലാസ്റ്റിക്കൊക്കെ ചാക്കിലും കവറുകളിലുമൊക്കെയായി സൂക്ഷിച്ചിട്ടുണ്ടാകും. ആ വീട്ടില്‍ നിന്നു തന്നെ ആ ചാക്ക് ചൊരിഞ്ഞിട്ടു എല്ലാം നോക്കും.. പ്ലാസ്റ്റിക് മാലിന്യം മാത്രമല്ലേയുള്ളൂവെന്നു ഉറപ്പുവരുത്തണമല്ലോ.. എന്നിട്ട് അതൊക്കെയും പെറുക്കി ചാക്കിലാക്കി കൊണ്ടുവരും.

“ഒരു സമയം 20-25 ചാക്കുകളൊക്കെയുണ്ടാകും. ഇതൊക്കെ കൂടി സ്കൂട്ടറില്‍ കയറ്റിയാണ് കൊണ്ടുവരുന്നത്,” റൈന പറഞ്ഞു. സ്കൂട്ടറിന്‍റെ മുന്നിലും പുറകിലുമൊക്കെയായി വലിയ ചാക്കുകെട്ടുകള്‍ നിറയെ പ്ലാസ്റ്റിക്കുമായാണ് വീട്ടില്‍ തിരിച്ചെത്തുക. പിന്നീട് എല്ലാം കൂടി വലിയ ചാക്കുകളിലാക്കി റൈന മോയാലത്തെ സംഭരണ കേന്ദ്രത്തിലേക്ക് പോകും.

“എല്ലാ ഞായറാഴ്ചകളിലും വീട്ടില്‍ നിന്നു നാലു കിലോമീറ്റര്‍ ദൂരത്തിലുള്ള പെരിയനം മോയോലത്തെ സംഭരണകേന്ദ്രത്തിലെത്തിക്കും. ഇവിടെ എത്തിക്കുന്നത് വരെയാണ് എന്‍റെ ഡ്യൂട്ടി,” റൈന ചിരിക്കുന്നു.

“മക്കള്‍ പഠിക്കാന്‍ പോയിട്ടുണ്ടാകുമല്ലോ. ചിലപ്പോള്‍, അവധി ദിവസമെങ്ങാനുമാണെങ്കില്‍ മോനും കൂടെ വരും. ബാദുഷ എന്നാണ് മോന്‍റെ പേര്. ഏറ്റവും ഇളയവനാണ്. ആറാം ക്ലാസില്‍ പഠിക്കുന്നു.


ഉമ്മ ഒറ്റയ്ക്കാണെന്നു പറഞ്ഞാണ് അവന്‍ കൂടെ വരുന്നത്. എന്തെങ്കിലുമൊക്കെയായി അവനെന്നെ സഹായിക്കും.


“എന്‍റെ മക്കള്‍ക്ക് ഞാനീ പണി ചെയ്യുന്നതിനോട് അനിഷ്ടമൊന്നുമില്ല.

“മോശം കാര്യമാണ് ചെയ്യുന്നതെന്നും എനിക്കും തോന്നിയിട്ടില്ല. എന്നു മാത്രമല്ല പലരും പറ്റില്ലെന്നു പറഞ്ഞൊരു കാര്യം ചെയ്യാനെനിക്ക് പറ്റിയല്ലോ. വേസ്റ്റ് എടുക്കുന്നത് മോശം പണിയൊന്നുമല്ല.

“വീട് വൃത്തിയാക്കിയാല്‍ മാത്രം പോരല്ലോ നാടും വൃത്തിയാകണ്ടേ.

representational picture – pixabay.com

“റോഡിലും മറ്റും പ്ലാസ്റ്റിക്കും മാലിന്യവുമൊക്കെ നിറഞ്ഞു കിടക്കുകയല്ലേ. അത് വൃത്തിയാക്കിയെടുക്കണ്ടേ.. എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ നാട് വൃത്തിയായേനെ. പകര്‍ച്ചവ്യാധികളും ഇല്ലാതായേനെ,” റൈന പറയുന്നു. ഇതൊക്കെത്തന്നെ നാട്ടുകാരോടും പറഞ്ഞുകൊടുക്കും. കുറച്ചുപേരെങ്കിലും മാലിന്യം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്താല്‍ അത്രയും നല്ലതല്ലേ.

നമ്മുടെ വീട്ടിലൊക്കെയുണ്ടാകുന്ന മാലിന്യം ഉറവിടത്തില്‍ തന്നെ ഒഴിവാക്കാനായാല്‍ പോരേ പ്രശ്നങ്ങളൊക്കെ തീരും. റോഡിലേക്കും മറ്റും വലിച്ചെറിയാതിരുന്നാല്‍ മതി, എന്ന തോന്നലാണ് റൈനക്ക്.


ഇതുകൂടി വായിക്കാം: ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്‍പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്


ചെറുതാണെങ്കിലും ഒരു വരുമാനവും ഇതില്‍ നിന്ന് കിട്ടുന്നുണ്ട്. മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന് അതൊരു വലിയ കാര്യം തന്നെയാണെന്നു റൈന.

Representational Image. Photo: pixabay.com

“പ്ലാസ്റ്റിക് ശേഖരിക്കുന്ന വീടുകളില്‍ നിന്ന് അതിനുള്ള പൈസ തരും. ആ തുക വാങ്ങുന്നതും ഞാന്‍ തന്നെയാണ്. ഈ പണം ഹരിതകര്‍മസേനയില്‍ അടയ്ക്കും. അതിന് സെക്രട്ടറിയും പ്രസിഡന്‍റുമൊക്കെയുണ്ട്. ഹരിത കര്‍മ സേനയാണ് എനിക്കുള്ള കാശ് തരുന്നത്. അതൊരു കൃത്യമായി കിട്ടുന്ന മാസവരുമാനം ഒന്നുമല്ല.”

തയ്യല്‍ ജോലിയുണ്ട്. വീട്ടില്‍ തന്നെ. ഒരുപാട് വര്‍ഷമായി ഇതുതന്നെയാണ്. തയ്യലും തൊഴിലുറപ്പുമാണ് പ്രധാനവരുമാനം.


എട്ടാം ക്ലാസ് വരെ പഠിച്ചുള്ളൂ. വളരെ ചെറിയ പ്രായത്തില്‍ തന്നെ കല്യാണവും കഴിഞ്ഞു.


“ഭര്‍ത്താവ് വീണ്ടുമൊരു വിവാഹം കഴിച്ചു. അതോടെ വീട്ടിലെ കാര്യങ്ങളൊക്കെ ഞാനൊറ്റയ്ക്കാണ് നോക്കുന്നത്. മൂന്നു മക്കളുടെ പഠനവും വീട്ടുചെലവുമൊക്കെയായി കൊച്ചു കൊച്ചു കഷ്ടപ്പാടുകളൊക്കെയായി ജീവിക്കുന്നു.”

പെരിയ ബസാര്‍ പുക്കളത്താണ് റൈന താമസിക്കുന്നത്. പന്ത്രണ്ട് വര്‍ഷം മുന്‍പിവിടെ ഒരു രണ്ടു സെന്‍റ് സ്ഥലം വാങ്ങി. അവിടെയൊരു കൊച്ചു വീട് വെച്ചിട്ടുണ്ട്. ലോണെടുത്താണ് വീട് വച്ചത്. അതിന്‍റെ ബാധ്യതകളും റൈന സ്വന്തമായി ചുമലിലേറ്റുന്നു.

ബാദുഷയെ കൂടാതെ രണ്ടു പെണ്‍മക്കളുണ്ട് റൈനയ്ക്ക്. മൂത്തമകള്‍ ഫാത്തിമത്ത് അന്‍സീറ പ്ലസ് ടുവിന് പഠിക്കുന്നു. രണ്ടമത്തെ മകള്‍ ഫാത്തിമത്ത് അഫ്രീന ഒമ്പതാം ക്ലാസിലുമാണ്.


ഇതുകൂടി വായിക്കാം: തെരുവില്‍ കഴിയുന്നവര്‍ക്ക് 14 വര്‍ഷമായി ഭക്ഷണം, അവരെയും കൂട്ടി വിനോദയാത്രകള്‍; ഈ ഡോക്റ്റര്‍ സന്തോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്


സ്വന്തം വീട് പോലെ നാടും റോഡും വൃത്തിയാക്കണം.. വഴിയിലേക്ക് മാലിന്യം വലിച്ചെറിയരുത്.. മാലിന്യമെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുത്തുവിട്ടാല്‍ മതിയല്ലോ. പകര്‍ച്ചവ്യാധികളില്ലാതെ നാടിനെ രക്ഷിക്കാന്‍ ഇതേയുള്ളൂ വഴി, നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും, റൈന ഓര്‍മ്മിപ്പിക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം